നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിന്നു മോളുടെ മമ്മി ....................................

മിന്നു മോളുടെ മമ്മി
....................................
സന്ധ്യയാവുകയാണെന്നു തോന്നുന്നു. എങ്ങും സ്വർണ്ണ മേഘങ്ങൾ. എവിടെ നിന്നോ ഒഴുകി വരുന്ന നേർത്ത സംഗീതം. അമ്മമ്മ ആരോടോ സംസാരിക്കുന്നതു കേൾക്കാം. ഞാൻ താഴേക്കെത്തി നോക്കി. അമ്മമ്മ അടുത്ത വീട്ടിലെ ജെയ്‌നി ആന്റിയുമായി എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കു കണ്ണ് തുടയ്ക്കുന്നും മൂക്കു പിഴിയുന്നുമൊക്കെയുണ്ട്. ജെയ്‌നി ആന്റിയുടെ മുഖത്തുമുണ്ട് നല്ല വിഷമം. ഇവരിതെന്താ ഇത്ര കാര്യമായി സംസാരിക്കുന്നത്‌ ? ഇത്ര വിഷമം വരാൻ എന്താ കാരണം? ഞാൻ കാതോർത്തു. അമ്മമ്മ പറയുകയാണ് . 'ഇനിയെന്തൊക്കെ കാണണം എന്റെ ദൈവമേ. ഇതൊന്നും കാണാനുള്ള ശക്തിയില്ല എനിക്ക്. അന്നേരേ മരുന്ന് വാങ്ങിച്ചാൽ അതങ്ങു മാറിയേനെ. ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം. സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ ?എന്നാലും എന്റെ കുഞ്ഞ് .'
എനിക്കും സങ്കടം വന്നു. എന്റെ നാലാം പിറന്നാളിന്റെ അന്നാണ് മമ്മിക്ക് അപ്പിടി വയറു വേദന വന്നതും ആശുപത്രിയിൽ കൊണ്ടുപോയതും. അത് കൊണ്ട് കേക്ക് പോലും മുറിച്ചില്ല. എനിക്കൊരു അനിയത്തി വാവ ഉണ്ടായീന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം! ഇനി കൂടെ കളിയ്ക്കാൻ ഒരാളായല്ലോ. ബേബിയെ കാണാൻ ഞാൻ ഡാഡിയുടെ കൂടെ പോയി. എന്ത് ചെറുതാരുന്നെന്നോ. കണ്ണടച്ച് എപ്പോഴും ഉറക്കം. ചിലപ്പോൾ വെറുതെ കരയും. എനിക്കാണെങ്കിൽ ദേഷ്യം കൂടി വന്നു. ഈ ബേബീടെ കൂടെയെങ്ങനെയാ കളിക്കുന്നത്?
ബേബിയേയും കൊണ്ട് മമ്മിയും ഞാനും കൂടി അമ്മമ്മയുടെ വീട്ടിലേക്കാണ് പോയത്. ഡാഡി വന്നില്ല. ഒത്തിരി ജോലി തിരക്കുണ്ടത്രെ . പാവം ഡാഡി. എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഒരുപാട് രാത്രിയാകും. ഡാഡി വരുമ്പോഴേയ്ക്കും ഞാൻ ഉറങ്ങിപ്പോകും. മമ്മി , ഡാഡി വന്നിട്ട് ചോറ് കൊടുത്തിട്ടേ ഉറങ്ങാറുള്ളു. എന്നിട്ടു വെളുപ്പിനെ എഴുന്നേൽക്കും . ഡാഡി ലേറ്റ് ആവുന്നത് മമ്മിക്ക് സങ്കടമാണ് . ചിലപ്പോൾ പെണങ്ങിയിരിക്കും . വല്ലപ്പോഴും ഡാഡി നേരത്തെ വരും. എല്ലാരും കൂടി സിനിമയ്ക്കു പോകും. അന്ന് മമ്മിക്കു വലിയ സന്തോഷമാണ് .
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോന്നു. അമ്മമ്മ വന്നില്ല . മുത്തച്ഛനു ഷുഗർ ഉള്ളോണ്ട് ശ്രദ്ധിക്കണമത്രേ. ഇടയ്ക്കു വരാന്നു പറഞ്ഞു . മമ്മിക്ക് എന്തോ അപ്പിടി വിഷമമാരുന്നു . മിക്കപ്പോഴും വെറുതെയിരുന്ന് കരയും, ചിലപ്പോൾ വെറുതെ വഴക്കുണ്ടാക്കും . ഡാഡിയോട് കുറച്ചു ദിവസം ലീവ് എടുക്കാൻ മമ്മി പലതവണ പറഞ്ഞു . അപ്പോൾ ഡാഡി അമ്മമ്മയെ വരുത്തി. മമ്മിയെ ഒരു ഡോക്ടറെ കാണിക്കണമെന്ന് അമ്മമ്മ ഡാഡിയോടു പറയുന്നുണ്ടായിരുന്നു. പക്ഷെ ഡാഡി കേട്ടില്ല. ഡാഡി തിരക്കായിരുന്നു.
ഒരു ദിവസം ഞാൻ സ്കൂളീന്ന് വന്നപ്പോൾ ബേബിക്ക് അപ്പിടി പനി . ഡോക്ടറിന്റെ അടുത്ത് കൊണ്ട് പോയി. കുറെ മരുന്ന് കൊടുത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബേബിക്ക് ന്യൂമോണിയ ആയി. ട്യൂബ് ഒക്കെയിട്ട് ഐ സി യു വിൽ കിടത്തി . ആരേം കാണാൻ സമ്മതിക്കില്ല. എങ്കിലും മമ്മി മിക്കവാറും ഹോസ്പിറ്റലിൽ തന്നെയായിരുന്നു .ഐ സി യു വിന്റെ വാതിൽക്കൽ , ഉണ്ണാതെയും ഉറങ്ങാതെയും .
അന്ന് മമ്മി കുളിക്കാനും തുണി കഴുകാനുമൊക്കെയായി വന്നു . അമ്മമ്മ ഹോസ്പിറ്റലിൽ പോയി. മമ്മി എനിക്ക് ചോറൊക്കെ തന്നു. ഹോം വർക്സ് ചെയ്യിച്ചു. മമ്മിക്ക് ഒരുപാടു വ്യത്യാസം പോലെ. മാത്‍സ് ശരിയാക്കാഞ്ഞതിനു കുറെ ദേഷ്യപ്പെട്ടു. പിന്നെ കെട്ടിപിടിച്ചു കരഞ്ഞു . എപ്പോഴും ചുറ്റും നോക്കി കൊണ്ടിരിക്കും. ആരാണ്ടൊക്കെ സംസാരിക്കുന്നതു മമ്മിക്ക് കേൾക്കാത്രേ . ഞാനൊന്നും കേൾക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ നിന്റെ ചെവിയെന്നാ അടഞ്ഞിരിക്കുവാണോ എന്ന് ചോദിച്ചു . അപ്പോഴാണ് ആരോ കോളിങ് ബെൽ അടിച്ചത്. മമ്മിയുടെ ഭാവം മാറി. നിന്നെ ഞാനാർക്കും കൊടുക്കില്ല എന്ന് പറഞ്ഞ് എന്നേം കൊണ്ട് ബെഡ്‌റൂമിലേക്കോടി. ഒരു അലമാരക്കുള്ളിൽ കയറ്റി നിർത്തി വാതിൽ പൂട്ടി. അതിനുള്ളിൽ ആകെ ഇരുട്ടായിരുന്നു. പേടിയാകുന്നെന്നു പറഞ്ഞു ഞാൻ ഒത്തിരി കരഞ്ഞു . മമ്മി തുറന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നി. ശബ്ദം വെളിയിലേക്കു വരുന്നില്ല . ആരോ തൊണ്ടക്കു ഞെക്കി പിടിച്ച പോലെ.
'മമ്മീ ............'
ഞാൻ ഉറക്കെ കരഞ്ഞു . വെള്ളയുടുപ്പിട്ട ആരോ ഓടി വന്ന് എന്നെ കോരിയെടുത്തു. തോളിൽ കിടത്തി താരാട്ടു പാടി ആശ്വസിപ്പിച്ചു. പിന്നെ ഞങ്ങൾ മേഘങ്ങളിലൂടെ ഓടി കളിച്ചു.
ലിൻസി വർക്കി
25/06/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot