നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടരയുടെ ട്രെയിൻ

രണ്ടരയുടെ ട്രെയിൻ
ബസിറങ്ങി നടന്ന് വളവു തിരിയുമ്പോഴേ കണ്ടിരുന്നു റെയിൽവേ ട്രാക്കിനരികിലെ ആൾക്കൂട്ടം.ട്രെയിനിൻ്റെ മുഴക്കവും കിതപ്പും പാച്ചിലും കണ്ടു വളർന്ന എനിക്ക് ആ ആൾക്കൂട്ടത്തിൻ്റെ അർത്ഥമറിയാൻ അവിടവരെ എത്തേണ്ടകാര്യമില്ല,എങ്കിലും ആരാ ഇന്നത്തെയാൾ എന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ നടത്തത്തിൻ്റെ വേഗതകൂട്ടി.
ഓർമ്മവച്ച നാൾമുതൽ കാണുന്നതാ ഈ കാഴ്ചകൾ.പ്രണയം തകർന്നവർ,കടം കേറി മുടിഞ്ഞവർ,പരീക്ഷയിൽ തോറ്റവർ....എന്നുവേണ്ട മരിക്കണമെന്ന് വെറുതേ ഒന്നുചിന്തിക്കുന്നവർക്കുപോലുമുള്ള ഉത്തരമായി നീണ്ടു നിവർന്നു കിടക്കയല്ലേ നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ ട്രാക്ക്. മരിക്കാനായി സൂയിസെെഡ് പോയിൻ്റു തേടിപോകുന്നവരെക്കുറിച്ച് കേട്ടിട്ടേയുള്ളൂ ഞങ്ങടെ നാട്ടുകാർ.ഇവിടത്തുകാർക്ക് അതിൻ്റെയൊന്നും ആവശ്യമില്ല.സർക്കാർ സ്പോൺസർഷിപ്പിൽ സംഗതി നടന്നുകിട്ടും,യാതൊരു ചിലവുമില്ലാതെ.
ഓർമ്മവച്ച ശേഷം ഞാനാദ്യമായി കണ്ട അത്തരം മരണം സെെനുത്താത്തയുടേതാ.റെയിൽവേ പുറമ്പോക്കിൽ കുടിൽ കെട്ടിത്താമസിക്കുന്ന സെെനുത്താത്തയും ബഷീർക്കയും ഓരൊ വയസിൻ്റെ വ്യത്യാസത്തിൽ അഞ്ചു പിള്ളേരും(വീട്ടുകാര്യങ്ങളൊന്നും നോക്കിയില്ലേലും അക്കാര്യത്തിൽ ബഷീറിക്ക യാതൊരു പിശുക്കും കാണിച്ചിട്ടില്ല).പകലുമുഴുവൻ ആക്രിപെറുക്കി വിറ്റിട്ട് രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയേം മക്കളേം തല്ലുന്നത് ബഷീർക്കായുടെ ഒരു ശീലമാ.അങ്ങനെയൊരു ദിവസം രാത്രി ബഷീർക്കാടെ തല്ലുപേടിച്ച് റെയിൽട്രാക്കിലേക്ക് ഓടിക്കയറിയതാരുന്നു സെെനുത്ത.ചരക്കുകേറ്റിവന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചു തെറിപ്പിക്കയായിരുന്നു.പിറ്റേന്ന് റെയിൽവേ ജീവനക്കാർ വന്നപ്പോഴേക്കും ബഷീറിക്ക കുഞ്ഞുങ്ങളേയും കൊണ്ടു നാടുവിട്ടിരുന്നു.ഏറ്റെടുക്കാനാളില്ലാത്ത ബോഡികൾ അക്കാലത്ത് റെയിൽവേ പുറമ്പോക്കിൽ തന്നെ കുഴിച്ചിടാറാണു പതിവ്.അങ്ങനെ സെനുത്തയും ആ ഇടിഞ്ഞുപൊളിയാറായ കുടിലിനരികിൽ ഉറങ്ങാൻ തുടങ്ങി.പിന്നെ കുറേ നാൾ റെയിൽ ട്രാക്കിനരികിലൂടെപ്പോലും പോകാൻ പേടിയായിരുന്നു.സ്കൂളിൽ പോകാൻ ട്രാക്കിനരികിലൂടെ പൊയ്ക്കൊണ്ടിരുന്ന ഞങ്ങൾ കുട്ടികൾ ദൂരം കൂടുതലാണെങ്കിലും റോഡുവഴി സ്കൂളിൽ പോകാൻ തുടങ്ങി.എങ്കിലും റെയിൽ ട്രാക്കിനു നടുവിൽ നിന്ന് കരയുന്ന സെനുത്തയെ കണ്ടെന്ന പ്രേതകഥ ഞങ്ങൾ കുട്ടികൾക്കിടയിൽ സജീവമായിരുന്നു കുറേക്കാലം.
ആൾക്കൂട്ടത്തിനരികിൽ എത്തുംമുൻപേ കണ്ടിരുന്നു ട്രാക്കിനപ്പുറത്തേ കുറ്റിക്കാട്ടിൽ മനുഷ്യമാംസം കൊത്തിത്തിന്നാൻ കലപിലകൂട്ടുന്ന കാക്കകളെ.കാക്കകളുടെ ബഹളത്തിൽ നിന്നു മനസിലായി സംഭവം നടന്നിട്ട് കുറച്ചു നേരമായി.ജീവൻ്റെ ചൂടുപോയാലേ കാക്കകൾ മനുഷ്യമാംസം തിന്നത്തുള്ളൂ.ഇപ്പോൾ സമയം നാലുമണി.മിക്കവാറും രണ്ടരയുടെ ട്രെയിനാവും.
ചിന്നിതെറിക്കുന്ന ശരീരഭാഗങ്ങൾ!അതിലും വികൃതമായ കാഴ്ച വേറെയില്ല.കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്താ മനയ്ക്കലെ അമ്മൂട്ടി ചാടിയത്.സ്വർണ്ണ വർണ്ണത്തിൽ ഇത്രയും ശ്രീത്വമുള്ളൊരു കുട്ടി ഈ നാട്ടിൽ വേറേയില്ലായിരുന്നു.അത്രയും സൗന്ദര്യമുണ്ടെങ്കിലും ഓളുടെ ഒരുക്കത്തിനും ചമയത്തിനും ഒട്ടും കുറവില്ലായിരുന്നു.കണ്ണെഴുതി പൊട്ടുതൊട്ട് കെെനിറയേ ധരിക്കണ പാവാടയ്ക്കും ബ്ളൗസിനും യോജിക്കുന്ന കുപ്പിവളകളണിഞ്ഞ് അമ്മൂട്ടി കോളേജിൽ പോണതു കാണാനേ ഒരു ചന്തമായിരുന്നു. നാട്ടിലെ ചെക്കന്മാരെല്ലാം ഓൾടെ പിന്നാലെയായിരുന്നു.കോളേജിലെ ഏതോ പയ്യനുമായി സ്നേഹത്തിലായിരുന്നത്രേ.സ്റ്റഡിടൂർപോയപ്പോൾ പറ്റിയ കെെയബദ്ധം മാസക്കുളി തെറ്റിച്ചപ്പോൾ കുടുംബത്തിൻ്റെ അഭിമാനമല്ലാതെ വേറൊന്നും ചിന്തിച്ചില്ല,ക്ളാസുകഴിഞ്ഞു വരുന്ന വഴിക്ക് നാലുപത്തിൻ്റെ ട്രെയിനിനങ്ങുചാടി.കുടുംബത്തിൻ്റെ അഭിമാനത്തെക്കരുതിയാ അമ്മൂട്ടി മരിച്ചതെങ്കിലും ആ മരണത്തോടെ മനയാകെ തകർന്നു.കുളിതെറ്റിയ കഥ കോളേജിലെ കൂട്ടുകാരി പറഞ്ഞ് നാടുമുഴുവൻ പാട്ടായി.അതോടെ തിരുമേനി ക്ഷേത്രത്തിൽ പൂജയ്ക്കുപോക്കും നിർത്തി മനയടച്ച് അതിനുള്ളിലിരിപ്പായി.കുറച്ചു നാളിനു ശേഷം തിരുമേനിയും ഭാര്യയും മന വിറ്റ് വേറേതോ നാട്ടിലേക്കുപോയി.അന്ന് അമ്മൂട്ടിയുടെ ചിന്നിച്ചിതറിയ ശരീരം കണ്ട് ആദ്യം ഛർദ്ദിച്ചത് തലേന്നും കൂടി അവളുടെ പുറകേ ചുറ്റിപ്പറ്റി നടന്ന ശേഖരെട്ടൻ്റെ മോൻ മനോജായിരുന്നു.
"ആരാ കുഞ്ഞിക്കാ ഇന്ന്!" കൂട്ടത്തിൽ പിറകിൽ നിന്ന കുഞ്ഞിക്കണ്ണെന്ന കുഞ്ഞിക്കയോടു ചോദിച്ചു.കുഞ്ഞിക്കയ്ക്ക് ട്രാക്കിനോടു ചേർന്ന് ചായക്കടയാ.പുള്ളിക്കാരനിതൊക്കെ സ്ഥിരം കാഴ്ചയാ.കുറച്ചീസം മുൻപാ കുഞ്ഞിക്കാൻ്റെ കടേന്ന് ചായകുടിച്ചു തിരിഞ്ഞ നമ്മടെ തെങ്ങുകേറണ ബാബുചേട്ടൻ്റെ ലൂണാർ ചെരിപ്പ് പാളത്തിനുള്ളിലായത്.തിരിഞ്ഞു കാലുകേറ്റി അതെടുത്ത സെക്കൻ്റിലാണ് ട്രെയിൻ പാഞ്ഞുവന്നത്.ബാബുച്ചേട്ടൻ പിടഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കാൽ പാളത്തിൽ കുടുങ്ങിപ്പോയി.മുട്ടിനുതാഴെമുറിച്ചുമാറ്റിയ ഇടതുകാലുമായി ആളിപ്പഴും മെഡിക്കൽകോളേജിലാ.
"ഇന്ന് നമ്മടെ പണയിലെ ശാന്തേട മോൻ മണിക്കുട്ടനാ.പിള്ളേരുടെ കൂടെ ഒളിച്ചു കളിച്ചോണ്ടുനിന്ന ചെക്കനാ രണ്ടരേട ട്രെയിൻ വന്നതും എടുത്തൊരൊറ്റച്ചാട്ടം." പതിവു കാഴ്ചയുടെ നിസംഗതയോടെ കുഞ്ഞിക്ക പറഞ്ഞു നിർത്തി.
റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ പെറുക്കിക്കൂട്ടി തുണികൊണ്ടു മൂടിയ ആ മാംസക്കൂമ്പാരത്തിലേക്കു നോക്കിയപ്പോൾ മാള്വേച്ചീ എന്നൊരു വിളിയെൻ്റെ കാതിൽ മുഴങ്ങി.
ഇടറുന്ന കാലടികളോടെ റെയിൽപാളം മുറിച്ചുകടന്ന് വീട്ടിലേക്ക് നടക്കുമ്പോൾ എൻ്റെയുള്ളിൽ ഇന്നലെയും ഹോംവർക്ക് ചെയ്യാത്തേന് തല്ലുവാങ്ങാൻ കെെനീട്ടിനിൽക്കുന്ന മണിക്കുട്ടൻ്റെ മുഖമായിരുന്നു.എട്ടിൻ്റെ പട്ടിക കാണാതെ ചൊല്ലിക്കാൻ തുടങ്ങിയപ്പോൾ പാഞ്ഞുപോകാൻ തുടങ്ങിയ ട്രെയിനിൻ്റെ ശബ്ദത്തിൽ അവൻ്റെ ശബ്ദം മുറിഞ്ഞു. നിർത്താൻ അവനോട്
ആംഗ്യം കാട്ടിയപ്പോൾ അവൻ സന്തോഷത്തോടെ ട്രെയിനിനെ നോക്കി ചിരിച്ചു.ആ ശബ്ദം നിലച്ചപ്പോൾ അവൻ കുസൃതിയൊടെ പറഞ്ഞു ,"ഞാൻ പട്ടിക പഠിക്കാത്തതറിഞ്ഞ് എൻ്റമ്മ പറഞ്ഞയച്ചതാ ഈ ട്രെയിനിനേ,മാള്വേച്ചീ ഇനിചൊല്ലാൻ പറയല്ലേ സത്യായിട്ടും എനിക്കറിയില്ല."അവൻ്റെയാ നിഷ്കളങ്കത കണ്ട് എനിക്ക് അലിവു തോന്നി.
"മണിക്കുട്ടാ..."ട്യൂഷൻ കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം പോകാനൊരുങ്ങിയ അവനെ ഞാൻ തിരികേ വിളിച്ചു.
"എനിക്കറിയാരുന്നു മാള്വേച്ചി തിരിച്ചു വിളിക്കുമെന്ന്."
"അതെങ്ങനെ നിനക്കറിയാം ഞാൻ വിളിക്കുമെന്ന്?" ഞാൻ കൗതുകത്തോടെ അവൻ്റെ മുഖത്തുനോക്കി.
"ഉച്ചയ്ക്ക് വിശക്കുന്നെന്ന് അമ്മയോടു പരാതി പറഞ്ഞപ്പോൾ അമ്മ പറഞ്ഞാരുന്നു സാരമില്ലെടാ ഇന്ന് നിനക്കുനിൻ്റെ മാള്വേച്ചി ചോറുതരുമെന്ന്."
അവൻ്റെ വാക്കുകൾ ഹൃദയത്തിലൊരു നീറ്റലു പടർത്തിയെങ്കിലും അതു പുറത്തുകാണിക്കാതെ അവനു ഞാൻ ചോറു വിളമ്പി നല്കി.
"രാവിലെ എന്തേലും കഴിച്ചാരുന്നോടാ നീ?പ്ളേറ്റിലേക്ക് പൊരിച്ച മത്തി വിളമ്പിക്കൊണ്ടു ഞാൻ ചോദിച്ചു.
"പശൂനേം കുളിപ്പിച്ച് കാടീം കൊടുത്ത് പുല്ലും പറിച്ചിട്ടു വന്നപ്പോൾ അമ്മായി പറഞ്ഞു വിറകു കൂടി കീറിയാൽ പഴങ്കഞ്ഞി തരാമെന്ന്.വിറകു കീറിക്കൊടുത്തപ്പോൾ ഒരു പാത്രം പഴങ്കഞ്ഞി തന്നു,അതു മുഴുവനും കുടിച്ചു മാള്വേച്ചീ."
"അമ്പട കള്ളാ ഇത്തിരിപ്പോന്ന നീ ഒരു പാത്രം പഴങ്കഞ്ഞി ഒറ്റയിരിപ്പിന് കുടിക്കാറായൊടാ?"
ഉള്ളിൽ കഠാരകുത്തിക്കയറ്റുംപോലൊരു വേദന തോന്നിയെങ്കിലും അതവൻ അറിയാതിരിക്കാൻ ഞാൻ കളിപറഞ്ഞു.
"ആ പാത്രം നിറയെ വെറും വെള്ളമായിരുന്നു പിന്നെ കണ്ണുകിട്ടാണ്ടിരിക്കാൻ രണ്ടുവറ്റും,അതു കഴിക്കാൻ ഈ കുഞ്ഞിവയറൊക്കെ മതി മാള്വേച്ചീ." അതും പറഞ്ഞ് അവൻ ഉറക്കെചിരിച്ചു.
"മാള്വേച്ചീ ഞാനൊരുകൂട്ടം ചോദിച്ചാൽ പറഞ്ഞുതര്വോ?"അവൻ ചോറു വാരി തിന്നുന്നതിനിടയിൽ ചോദിച്ചു.
"ആഹാ മണ്ടൻ കുഞ്ചുവായ നിനക്കും സംശയമോ ചോദിക്കെടാ ചെക്കാ"
"ഒന്നുപോ മാള്വേച്ചീ കളിയാക്കാതെ ഞാൻ കാര്യായിട്ട് ചോദിച്ചതാ " അവൻ കൊഞ്ചലോടെ പറഞ്ഞു.
"നീ ചോദിക്ക് അറിയാവുന്നതാണേൽ പറഞ്ഞു തരാം"
"നമ്മടെ രണ്ടരേട ട്രെയിൻ എങ്ങടാ പോണത്,അറിയോ?"
"ആഹാ അതാണോ ഇത്ര വലിയ സംശയം അത് ഡെൽഹിക്ക് പോണ ട്രെയിനാടാ ചെക്കാ.എന്താ നീ അതിൽ കേറി പോകാൻ പോവാണോ?" അവൻ കഴിച്ച പാത്രവുമെടുത്ത് അകത്തേക്കു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"ങാ...എൻ്റെ അമ്മേം അച്ഛനേം കൊണ്ടുപോയ ട്രെയിനല്ലേ ഒരീസം എനിക്കും പോണം അതിൽ"അതും പറഞ്ഞവൻ നനഞ്ഞ കെെയും നിക്കറിൽ തുടച്ച് നടന്നകന്നു.
പ്ളേറ്റുകൊണ്ട് അകത്തുവെച്ചപ്പോൾ ഒക്കെയും കേട്ടുനിന്ന അമ്മ എൻ്റെ കെെയിൽ കടന്നുപിടിച്ചു പറഞ്ഞു "നീ ആ ചെക്കനെയൊന്ന് ശ്രദ്ധിക്കണംട്ടോ,അവനാ പറഞ്ഞതിലെന്തോ പന്തികേടുണ്ട്!"
"അവൻ കുഞ്ഞല്ലേ അമ്മേ,അവൻ വെറുതേ ഓരോന്നു പറയണകേട്ട് അമ്മ എഴുതാപ്പുറം വായിക്കണ്ട വെറുതേ.പറ്റിയാൽ അവനിത്തിരി ആഹാരം കൊടുക്കണേ അമ്മേ. ആ രാധേച്ചി പട്ടിണിക്കിട്ടേക്കുവാ ആ പാവത്തിനെ.സ്കൂളില്ലാത്ത ദിവസം ഒന്നും കൊടുക്കില്ല."
"അവളൊരു മൂധേവിയാ കെട്ടിയോൻ ചത്തപ്പോൾ ആകെയുള്ളൊരു ആങ്ങളേട ഭാര്യയും കുഞ്ഞുങ്ങളുമല്ലേന്നുകരുതിയാ ആ പാവം ശാന്ത കൂടെ പിടിച്ചു നിർത്തിയത്.അവസാനം അവൾ ട്രെയിൻ തട്ടി മരിച്ചപ്പോൾ അവൾടെ കെട്ടിയോനേം നാടുകടത്തി വീടും സ്വന്തമാക്കി ഇപ്പോൾ ആ കുഞ്ഞിനെയുമിട്ട് കഷ്ടപ്പെടുത്തുന്നു,അശ്രീകരം!"അമ്മ കലിയോടെ പറഞ്ഞു നിർത്തി.
"ആഹാ...അമ്മ ആളുകൊള്ളാമല്ലോ അപ്പുറത്തെ മാധവിയേടത്തീടെകൂടെ കൂടി സകല പരദൂഷണവും അറിഞ്ഞു വച്ചേക്കുവാണല്ലേ!"
"ഒന്നുപോടീ പെണ്ണേ...എനിക്കുപിന്നെ പരദൂഷണം പറച്ചിലല്ലേ തൊഴിൽ.ആ ശാന്ത മരിച്ചതിൽപ്പിന്ന് ആ മൂധേവി പാവം പിടിച്ച സുധാകരനെ വശീകരിക്കാൻ കുറേ നോക്കിയതാ.അത് നടക്കില്ലെന്നു കണ്ടപ്പഴല്ലേ ഓനെക്കുറിച്ച് ഇല്ലാ കഥയുണ്ടാക്കി നാടുനീളെ പറഞ്ഞു നടന്നത്.ആ നാണക്കേടിലല്ലേ ഓൻ രണ്ടരേട ട്രെയിനിൽ കേറി നാടു വിട്ടത്.അതീ നാട്ടിൽ ആർക്കാ അറിയാത്തത്".എൻ്റെ കളിയാക്കൽ കേട്ട് ദേഷ്യം പിടിച്ച അമ്മ കഴുകാനുള്ള പാത്രങ്ങളുമായി പുറത്തേക്കുനടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു.
"അതെന്തേലുമൊക്കെ ആയിക്കോട്ടേ ,അമ്മ ഇതൊന്നും ആരോടും പറഞ്ഞു നടക്കണ്ട.ആ രാധേച്ചിയാണേൽ നാക്കിനെല്ലില്ലാത്ത സ്ത്രീയാ" ഞാനതും പറഞ്ഞ് റൂമിലേക്കു നടന്നു.

ഇടറുന്ന കാലുകളുമായി വീട്ടിലെത്തുമ്പോൾ എന്നെ കാത്തെന്നപോലെ നിറമിഴികളുമായി അമ്മ ഉമ്മറപ്പടിയിലുണ്ടായിരുന്നു.
"നീ കണ്ടോടീ നമ്മടെ മണിക്കുട്ടനെ ,ഞാനിന്നലയേ പറഞ്ഞതല്ലേ മോളേ അവനാ പറഞ്ഞതു പന്തിയല്ലെന്ന്..." അതും പറഞ്ഞ് അമ്മ ഏങ്ങലടിക്കാൻ തുടങ്ങി.
അമ്മയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറയാതെ ഉമ്മറത്തിണ്ണയിലിരിക്കുമ്പോളാണ് മാധവിയേടത്തിയുടെ വരവ്.
"നിങ്ങളറിഞ്ഞോ ആ മൂധേവി രാധ ആ ചെക്കനെ അവിടെ അടക്കാൻ സമ്മതിക്കില്ലെന്ന്.നാട്ടുകാരു കൊറേ പറഞ്ഞുനോക്കി.അവളടുക്കണില്ല.അവസാനം ശ്മശാനത്തിൽ കൊണ്ടുപോകാൻ പോകുവാ.
അതുകേട്ടതും അമ്മയുടെ ഏങ്ങലടികൾ കൂടി.
"മോളേ മാളൂ എന്തേലുമൊന്നു ചെയ്യെടീ ഒന്നുമല്ലേൽ നീ അവനു കുറേ വിളമ്പികൊടുത്തതല്ലേ,മാള്വേച്ചീന്നുവിളിച്ചു പുറകേ നടന്നതല്ലേടീ അവൻ,അനാഥനെപ്പോലെ എവിടേലും കൊണ്ടുകളയാതെ നമ്മടെ പറമ്പിൻ്റെ ഒരറ്റത്തേലും കൊണ്ടുവന്ന് അടക്കാൻ പറയടീ അവരോട്..." അതും പറഞ്ഞ് അമ്മ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.
അമ്മ ഒരിക്കൽ പോലും മണിക്കുട്ടനോടു മിണ്ടി ഞാൻ കണ്ടിട്ടില്ല.എന്നിട്ടും അമ്മയ്ക്ക് അവനോട് ഇത്ര സ്നേഹമുണ്ടായിരുന്നോ എന്നു മനസിലോർത്തുപോയി ഞാൻ.ഒരുപക്ഷേ അവൻ്റെ പ്രായത്തിൽ നഷ്ടപ്പെട്ടുപോയ മനുവേട്ടനെ ഓർത്തുപോയിക്കാണും അമ്മ ചിലപ്പോൾ.ബാഗുമെടുത്ത് വേഗത്തിൽ പുറത്തേക്കുപോകുമ്പോൾ കണ്ടു തെക്കേപറമ്പിൽ മനുവേട്ടനെ അടക്കിയ സ്ഥലത്തെ മാവ് നിറയേ കായ്ചു നിൽക്കുന്നത്.കണ്ണുകളിലൂറിവന്ന കണ്ണുനീർതുള്ളിൾ സാരിത്തുമ്പിൽ തുടച്ചു കൊണ്ടു മുൻപോട്ടു നടക്കുമ്പോൾ മനസിൽ ചില തീരുമാനങ്ങളെടുത്തുകഴിഞ്ഞിരുന്നു.
മണിക്കുട്ടനെ അവൻ്റെ അമ്മയുടെ അടുത്തുതന്നെ അടക്കി കൂടെപ്പിറപ്പിൻ്റെ സ്ഥാനത്തുനിന്ന് കർമ്മങ്ങളും ചെയ്ത് തിരികെ നടക്കുമ്പോൾ കുഞ്ഞിക്ക ആരോടോ പറയുന്നതു കേട്ടു,"ഈ മാളൂട്ടിയാ എല്ലാം മുൻകെെയെടുത്ത് ചെയ്തത്.പോലീസ് സ്റ്റേഷനിൽ പോയതും കളക്ടറേം തഹൽസീദാരേം വിളിച്ചു വരുത്തിയതും ആ മൂധേവിയെ ബാലപീഡനത്തിന് അറസ്റ്റുചെയ്യിച്ചതും ശവദാഹത്തിനു വേണ്ട ഏർപ്പാടെല്ലാം ചെയ്തതും ഒക്കെയും ഈ മിടുക്കിയാ".
തന്നെ പുകഴ്ത്തിയുള്ള ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അഭിമാനമല്ല മറിച്ച് കുറ്റബോധമാണു തോന്നിയത്.താനിതൊക്കെ നേരത്തേ ചെയ്തിരുന്നെങ്കിലൊരുപക്ഷേ മണിക്കുട്ടനിപ്പോൾ കൂടെയുണ്ടാകുമായിരുന്നേനേ എന്ന തോന്നൽ എൻ്റെയുള്ളിലൊരു നീറ്റലായ് അവശേഷിച്ചു.
വിജിത വിജയകുമാർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot