****സിമ്പിൾ ആയി എഴുതുന്നത് ഇഷ്ടമല്ലേ --ഡോണ്ട് ദേ ലൈക് ****
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഉള്ള ആഗ്രഹമാണ്. എന്തെങ്കിലും ഒക്കെ എഴുതണം എന്നുള്ളത്. ആരാകണം എന്ന് ആര് ചോദിച്ചാലും പറയും എഴുത്തുകാരി ആകണം എന്ന് . കുഞ്ഞു ക്ലാസ്സുകളിൽ മലയാളം പഠിച്ചിട്ടില്ലായിരുന്നത് കൊണ്ട് എഴുത്തു കൂടുതലും ഇംഗ്ലീഷ്ൽ ആയിരുന്നു.
തൊണ്ണൂറുകളിൽ അതൊരു ഫാഷൻ ആയിരുന്നു. മക്കൾ ഇംഗ്ലീഷ് മീഡിയം ആണ്, പല പല സിലബസ്ലാണ് എന്നൊക്കെ തട്ടി വിടുമ്പോൾ അമ്മമാർക്കും അപ്പന്മാർക്കും ഒരു ഇത്. ഏതു ?...അതെന്നെ അത് തന്നെ .
പക്ഷെ പിന്നീട് ഇംഗ്ലീഷ്നു പിന്നാലെ ഉള്ള എന്റെ മാതാപിതാക്കളുടെ മത്സരയോട്ടം നിന്നു.ആദ്യ കാലഘട്ടങ്ങളിൽ ആംഗലേയ ഭാഷയ്ക്ക് അപ്പയും അമ്മയും കൊടുത്തിരുന്ന പ്രാധന്യം പരുമല തിരുമേനിക്ക് പോലും കിട്ടികാണില്ല. മലയാളം എഴുത്താനും വായിക്കാനും അറിയില്ല എന്ന് പറയണത് ഫാഷൻ ആയി കണ്ട അമ്മക്ക്. വെളിപാടുണ്ടായപോലെ പെട്ടെന്ന് ഒരേ നിർബന്ധം മലയാളം പഠിക്കണം എന്ന് അങ്ങനെ ഞാൻ ഫ്രഞ്ച് ഉപേക്ഷിച്ചു .
പക്ഷെ എനിക്ക് എഴുത്തുകാരി ആകണം അതിനു മാത്രം മാറ്റം വന്നില്ല. ആ പൂതി മനസ്സിൽ മൊട്ടിട്ടത്തിൽ പിന്നെ ബോറിങ് കണക്ക്, കെമിസ്ട്രി എന്നീവക ക്ലാസിനോക്കെ ഒരു നോട്ട്ബുക്കും പേനയും ആയി ഞാൻ മനോലോകത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
ചപ്പിയ മൂക്കും ഒരു അവിഞ്ഞ കളർ കോട്ടൺ സാരിയും വാരിചുറ്റി, മുഖത്ത് കുട്ടികുറയിൽ ഒരു ചമയം തീർത്ത രാധിക ടീച്ചർടെ ക്ലാസ്സ്. അശോക ചക്രവർത്തി നിറഞ്ഞു നിന്ന ആ ക്ലാസ്സിൽ ഞാൻ ഉപവിഷ്ടയായിരുന്നെങ്കിലും എന്റെ മനസ്സ് സഞ്ചിരിച്ചു കൊണ്ടേ ഇരുന്നു . ചുവന്ന പൂക്കളും, നിറയെ കിളികളും അങ്ങനെ എനിക്ക് ഇഷ്ടം ഉള്ള ഒരു ദുനിയാവിൽ എനിക്ക് ഇഷ്ടം ഉള്ളപോലെ ആടി തിമിർക്കുക അതായിരുന്നു അന്നത്തെ നേരം പോക്ക്.
ഒരിക്കൽ കുഞ്ചാക്കോ ബോബൻ എന്നോട് ഇഷ്ടാണ് എന്ന് പറഞ്ഞു.അനിയത്തി പ്രാവിന്റെ വരവിനു ശേഷം കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ മനസ്സ് ഫുൾ ആ ചിക്കൻ ബിരിയാണിയിൽ ആയിരുന്നല്ലോ, അതു പോലെ എന്റെയും . ചുറ്റും മഞ്ഞു മലകൾ ഉള്ള ഒരു താഴ്‌വരയിൽ വച്ചായിരുന്നു അത്. അന്ന്, ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി.
ആ കഥ പകർത്തി കൊണ്ടിരുന്നപ്പോൾ ആണ് എന്റെ സാഹിത്യ സ്വപ്നങ്ങൾക്ക് ആദ്യ പാരയും ആയി കണക്കു ടീച്ചർ വന്നത്. നീതു മിസ്സ് എറിഞ്ഞ ഒരു ചോക് മിസൈൽ പോലെ എന്റെ തലയിൽ വീണു, അങ്ങനെ ഞാൻ സ്വപ്നലോകത്തിൽ നിന്നു ലസാഗു ലേക്കും ഉസാഗുലേക്കും വലിച്ചെറിയപ്പെട്ടു.
ആ കാലഘട്ടങ്ങളിൽ തന്നെ എന്റെ കൂട്ടുകാരി മിനിയും രവി സർന്റെ ട്യൂഷൻ ക്ലാസ്സ്‌ല്ലേ രാഹുലും ലൈൻ ആയി.നിമിത്തം എന്ന് പറയട്ടെ, മിനിയെ ലവ് ലെറ്റർ എഴുത്തിൽ സഹായിച്ചിരുന്നത് ഞാൻ ആണ് അങ്ങനെ മിനിയുടെ പ്രണയവും എന്റെ എഴുത്തും പുരോഗമിച്ചു.
എന്നോ ഒരിക്കൽ എഴുതി തീർക്കാത്ത ഒരു പ്രണയ കഥയും ആയി സ്കൂളിൽ നിന്നു ഞാൻ വീട്ടിലേക്കു വന്നു. അന്നും നീതു ടീച്ചർ ആയിരുന്നു പാര, കഥ മുഴുവിപ്പിക്കാൻ പറ്റാതെ ഞാൻ വീർപ്പു മുട്ടി നിൽക്കുന്ന സമയം .
ചൂടുള്ള ഏത്തക്ക അപ്പം ചായക്കൊപ്പം പാത്രത്തിൽ ഇരുന്നു മുന്നിൽ വന്നിട്ടും എനിക്ക് ഒരു ഭാവമാറ്റവുമില്ല എന്ന് കണ്ടു അമ്മ ഞെട്ടി. എന്റെ കൈയ്യിൽ ഇരുന്ന കടലാസ് കഷ്ണം അമ്മയുടെ കണ്ണിൽപ്പെട്ടു. അത് വാങ്ങി വായിച്ചപ്പോൾ അമ്മയുടെ മുഖത്ത് പലവർണ ഭാവങ്ങൾ അല്ല വിരിഞ്ഞത് മറിച്ചു ഒരു ചെറിയ ചിരി ആയിരുന്നു (പുച്ഛം ആയിരുന്നോ എന്ന് ഇപ്പോഴും സംശയം ഉണ്ട്).
നീതു മിസ്സ്‌ന്റെ സ്ഥാനം തട്ടി എടുത്തു കൊണ്ട് അമ്മ അന്ന് പറഞ്ഞു "എഴുതാൻ ഉള്ള കഴിവൊന്നും നിനക്കില്ല. നീ എഴുതുന്ന ശൈലി പക്വത ഇല്ലാത്തതാണ്. ഇതും കൊണ്ട് മോള് ചുമ്മാ നേരം കളയണ്ട...ഇതൊന്നും മലയാളസാഹിത്യമല്ല ".
ഈ ഡയലോഗ് കേട്ടു ഞെട്ടി തരിച്ച ഞാൻ അമ്മയെ നോക്കി. നോട്ട് പിൻവലിച്ച സമയത്തു കല്യാണം ഉറപ്പിച്ച പെൺകുട്ടിയുടെ പിതാവിന്റേത് പോലെ എന്റെഹൃദയം വിങ്ങി പൊട്ടി .പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ കെമിസ്ട്രി പരീക്ഷക്ക് ഹിസ്റ്ററി ബിറ്റ് വച്ചു പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ ആയിരുന്നു.
സ്കൂൾ മാഗസിൻനു വേണ്ടി എല്ലാരും ഇംഗ്ലീഷ് ലേഖനങ്ങൾ എഴുതിയപ്പോൾ ഞാൻ എഴുതിയത് ഒരു മലയാളം ചെറു കഥ ആയിരുന്നു.
അവരുടെതൊക്കെ മിക്കതും തിരഞ്ഞെടുക്കപ്പെട്ടു പക്ഷെ എന്റെ കുഞ്ഞി കഥ മുങ്ങിപ്പോയി എന്ന് ഞാൻ അറിഞ്ഞു. കടിച്ചാൽ പൊട്ടാത്ത അവുലോസ് ഉണ്ടപോലത്തെ സീനിയർസ് ന്റെ കഥ ഒക്കെ എല്ലാർക്കും ഇഷ്ടായി. പാവം ഞാൻ എന്റെ പിഞ്ചു മനസ്സ് വേദനിച്ചു.
സ്കൂളിലെ മലയാളം പഠിപ്പിക്കുന്ന ഗീത ടീച്ചർ എന്നെ വിളിച്ചു ഒരു ക്രോസ്സ് വിസ്താരം നടത്തി. ഒടുവിൽ പറഞ്ഞു നന്നായി എഴുതുന്നുണ്ടല്ലോ കുട്ടി. കുറച്ചൂടെ നിലവാരത്തിലേക്ക് വരാൻ ഉണ്ട് ഒരുപാട് വായിക്കണം.
വായിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ ആർക്കും മനസിലാവാത്ത രീതിയിൽ അല്ലെങ്കിൽ പെട്ടെന്നു മനസിലാവാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ മാത്രമേ നന്നാവുകയുള്ളു എന്ന തോന്നൽ എന്താ മലയാളത്തിന്റെ കാര്യത്തിൽ എല്ലാവർക്കും.
വെറുതെ അല്ല ന്യൂ ജനറേഷൻ കുട്ടികൾ മുഴുവൻ ഇംഗ്ലീഷ് സാഹിത്യത്തിൽ സജീവം ആയതു .ചേതൻ ഭഗത് നെ പോലുള്ളവർക്ക് നല്ല അംഗീകാരം ലഭിക്കുന്നത് അതിനാലാവണം. മലയാളത്തിൽ പിന്നെ, ലളിതമയതിനെ നിലവാരം കുറഞ്ഞതായാണല്ലോ കാണുന്നത്.
പണ്ട് കവിതകൾക്കായിരുന്നു ചട്ട കൂടുകൾ. പുതുപെണ്ണിനെ പോലെ നാല് ചുറ്റും നോക്കി സൂക്ഷിച്ചു വൃത്തവും, ഉൽപ്രേക്ഷ ഒക്കെ സെറ്റ് ആക്കിയാലേ കവിത, കവിത ആവുകയുള്ളൂ എന്ന് നമ്മൾ ഒക്കെ അടിഉറച്ചു വിശ്വസിച്ചു.പിന്നീട് അത് പൊളിഞ്ഞു. മനുഷ്യനു.. അതായതു രമണാ സാധാരണകർക്ക് മനസിലാകുന്ന കവിതകൾ രംഗത്ത് വന്നു അവ വൻ ഹിറ്റ് ആകുകയും ചെയ്തു.
സാഹിത്യത്തിനു എന്തിനാണാവോ ഈ വാശി. മലയാളം സിനിമ മാറിയല്ലോ.. പുതു തലമുറയ്ക്ക് വഴി കൊടുത്തുവല്ലോ.. എന്തു കൊണ്ടാണ് സാഹിത്യം ലോകത്തു അങ്ങനെ ഒരു വിപ്ലവം നടക്കാത്തത്. നടക്കുമായിരിക്കും അല്ലേ.പഴയതു പ്രൗഡി ഉള്ളതു എല്ലാം കളയണം എന്നല്ല മറിച്ചു ലളിതവും സുന്ദരവും ആയതിനെ കൂടി ഉൾക്കൊളിക്കണം എന്നാണ് ഉദ്ദേശിച്ചത്... കാത്തിരുന്നു കാണാം.....എന്താകുമെന്ന്.
****ജിയ ജോർജ് ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക