നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കള്ളൻ

കള്ളൻ
,,,,,,,,,,,,,,,,
രചന: ഷംസീന സിദ്ധീഖ്
" സർ, ഞാൻ തെറ്റൊന്നും ചെയ്തില്ല. സാറെങ്കിലും എന്നെ വിശ്വസിക്കൂ.... ". ആൾക്കൂട്ടത്തിനിടയിൽ എന്നെ കണ്ട മാത്രയിൽ ദയനീയമായൊരു നോട്ടമയച്ച് പതിഞ്ഞ സ്വരത്തിലാണവൻ അത് പറഞ്ഞത്.ഹൈസ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകനായ സുകുമാരൻ നായർ എന്ന ഞാൻ അസ്വസ്ഥതയോടെ നെറ്റിയിൽ കുമിഞ്ഞ് കൂടിയ വിയർപ്പ് തുള്ളികൾ കർച്ചീഫാൽ ഒപ്പിയെടുത്ത് നിശ്ശബ്ദത പൂണ്ടു.തലയ്ക്ക് മുകളിൽ ഒരു തീഗോളമായി സൂര്യൻ കത്തിജ്വലിക്കുന്നുണ്ട്.
" ഇവൻ തന്നെയാ കട്ടത് ..." ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വിരൽ നീണ്ട് അവന് നേരെ ആക്രോശിച്ചു. "ഞാനല്ല... ഞാനല്ല.. " അവന്റെ ശബ്ദം ഉച്ചത്തിലായി.
പതിനാല് വയസ്സോളം പ്രായം ചെന്ന കൊച്ചു പയ്യനാണ് ജനാരവത്തിന് നടുക്ക് കണ്ണീര് കൊണ്ടും വിയർപ്പ് കൊണ്ടും നനഞ്ഞ് കുതിർന്ന് നിൽക്കുന്നത്. " കട്ടതാണെങ്കിൽ സമ്മതിച്ചേക്ക് ചെറുക്കാ... സമയം വൈകുന്നു..."സ്ത്രീ ശബ്ദമാണ്. ധൃതിയുണ്ടാകും ... ജോലിത്തിരക്കാവാം"ഞാനല്ല ഞാനല്ല കട്ടത്... " മുഷിഞ്ഞ ഷർട്ടിന്റെ പിഞ്ഞിയ കോളറ് കൊണ്ട് കണ്ണീർ തുടച്ച് അവൻ വിങ്ങി കരഞ്ഞു.
മലവെള്ളപ്പാച്ചിലുപോലെ ആളുകൾ ഒഴുകി എത്തുന്നുണ്ട്. നീട്ടിപ്പിടിച്ച ഫോണിൽ ദൃശ്യം പകർത്തുന്നതിനായുള്ള തിരക്ക്. വ്യക്ത്തക്കായി യുവാക്കളുടെ ഉന്തും തള്ളും രൂക്ഷമാകുന്നുണ്ട്. കൗതുകമുള്ള കാഴ്ച്ച കണക്കെ കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ. ഒരു വലിയ ജനസമക്ഷത്തിന് നടുക്ക് കണ്ണുകൾ കാൽപാദത്തിലൂന്നിയാണവന്റെ നിൽപ്പ്.കണ്ണീർ ധാരധാരയായി ഒഴുകി പാദം നനയ്ക്കുന്നുണ്ട്.
ദയയുള്ള ഒരു നോട്ടത്തിനെങ്കിലും ദാഹിച്ച് അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ പരതി. അവ എന്നിലുടയ്ക്കുകയും ദയനീയ ഭാവം സ്ഫുരിച്ച് എന്നോടെന്തോ യാചിക്കുകയും ചെയ്തു.
"മര്യാദക്കെന്റെ കാശെടുക്ക് ,കട്ടിട്ട് നിന്ന് മോങ്ങുന്നോ..". വേട്ടക്കിറങ്ങിയ മൃഗം കണക്കെ ഉശിരുള്ള ഒരു യുവാവ് എന്തിനോ തയ്യാറെടുത്തിട്ടെന്ന പോലെ മുന്നോട്ടാഞ്ഞു.
" ഞാനൊന്നും കട്ടില്ല.. എന്നെ വിശ്വസിക്കണം.. ". അപേക്ഷയാണ്. ചുമന്ന് വീർത്ത മുഖത്തിന്റെ ഭാവം നിശ് കളങ്കത തന്നെയാണ്.
" ഇവന്മാരെ പോലുള്ളതിനെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല. നാവെടുത്താൽ നുണയേ പറയൂ.. ". വാക്ക് ശരങ്ങൾ ഒന്നിനു പിറകെ ഒന്നായി അവന് നേരെ പാഞ്ഞടുക്കുന്നുണ്ട്. അവ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നുണ്ടെന്നും അവന്റെ കണ്ണീരിനപ്പോൾ സൂര്യനോളം പൊള്ളുന്ന ചൂടുണ്ടെന്നും ഞാനൂഹിച്ചു.
" പോലീസിൽ വിവരമറിയിക്കൂ. നിയമം വഴി കാര്യങ്ങൾ നീങ്ങട്ടെ."
"പോലീസൊന്നും വേണോന്നില്ല. കുനിച്ച് നിർത്തി മുതുകിന് നാല് കൊടുത്താൽ ഇവനൊക്കെ സത്യം പറയും."
"രാവും പകലുമില്ലാതെ ബസ്സായ ബസ്സൊക്കെ കയറിയിറങ്ങി നന്നായി അദ്ധ്വോനിക്കുന്നുണ്ടല്ലാ.. കിട്ടുന്നത് പോരേടാ.കക്കാനും നിക്കണോ." അഭിപ്രായങ്ങൾ പലതാണ്. അവ അട്ടഹാസങ്ങളായും അട്ടഹാസങ്ങൾ അസഭ്യങ്ങളായും വഴിമാറുന്നുണ്ട്.
ശരിയാണ്. അവനൊരു തികഞ്ഞ അദ്ധ്വോനി തന്നെയാണ്. പതിനാല് വയസ്സിന്റെ അപക്വതയിലും രാവിലെ വെല്ലി ബസ്സുകളിൽ നിന്നും ബസ്സുകളിലേക്കും ബസ് സ്റ്റാന്റിലെ തിരക്കുകളിലേക്കും ഒരു തീനാളം കണക്കെ ധ്രുതഗതിയിൽ അവൻ സഞ്ചരിക്കുന്നത് പലപ്പോഴും എന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്. കയ്യിൽ കരുതിയ പ്ലാസ്റ്റിക്‌ ചരുവത്തിലെ പേനയിലും ഇഞ്ചി മിഠായിയിലും ബാല പുസ്തകത്തിലുമാണ് അവൻ അന്നം തേടുന്നതെന്നത് എന്നെ സംബന്ധിച്ചിടത്തോളം അദ്ഭുതമുള്ള കാഴ്ച്ച തന്നെയായിരുന്നു.
ആവശ്യമില്ലെങ്കിൽ കൂടിയും അവനിൽ നിന്നും പേനയും മിഠായിയും വാങ്ങി ഏതാനും നാണയ തുട്ടുകൾ നീട്ടുമ്പോൾ എന്റെ ഉള്ളം സന്തോഷിച്ചിട്ടുണ്ട്. നിറഞ്ഞ സംതൃപ്തിയോട് കൂടി അത് വാങ്ങുമ്പോൾ ആയിരം പൂർണ്ണചന്ദ്രന്മാരുടെ തിളക്കം അവന്റെ മുഖത്ത് മിന്നി മറയുന്നത് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. പേന കൊണ്ട് പൊരുതി നേടേണ്ട പ്രായത്തിൽ അവൻ പേന വിറ്റ് അന്നം തേടുന്ന കാഴ്ച്ച കണ്ട് എന്റെ ഉള്ളം പിടച്ചിട്ടുണ്ട്. ഒരിക്കൽ ഉള്ളിൽ ഊറി കൂടിയ ചിന്തകളെ ഒരൊറ്റ ചോദ്യം കൊണ്ട് ഞാൻ പുറത്തേക്ക് തള്ളി.
"മോൻ സ്കൂളിൽ പോണില്ലേ..?!
മറുപടി പുച്ഛം കലർന്ന ഒരു ചിരിയായിരുന്നു." സ്കൂളിൽ പോയാൽ വീട് പട്ടിണിയാവും.പിന്നെ സ്കൂൾ ചെലവ് വേറെയും. വീട്ടിൽ അമ്മ മാത്രേ ഉള്ളൂ.. തളർവാതം വന്ന് കിടപ്പിലാ.. ". വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ച് ഒരോന്നായി നിവർത്തി തുടങ്ങിയപ്പോൾ എന്റെ മനസ്സിന്റെ കോണിലെവിടെയോ ഒരു വേദന മുള പൊട്ടി.
പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ ഞാനവനെ കൂടുതൽ അറിഞ്ഞു.ഒരിക്കൽ എന്റെ പോക്കറ്റിൽ നിന്നും ഞാനറിയാതെ ഉതിർന്ന് വീണ ഗാന്ധിയുടെ പുഞ്ചിരിയുള്ള അഞ്ഞൂറിന്റെ നോട്ട് എന്റെ കയ്യിൽ വെച്ച് അവൻ പറഞ്ഞു. " ഇല്ലായ്മയാണ് സർ ഏറ്റവും വലിയ വേദന, കാശിന്റെ കാര്യത്തിലാകുമ്പോൾ പ്രത്യേകിച്ചും ". പ്രായത്തേക്കാൾ കവിഞ്ഞ പക്വതയുള്ള അവന്റെ വാക്കുകൾ എന്ന ചിന്തിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു.
ആ അവനാണിന്ന് ആൾകൂട്ടത്തിന് നടുക്ക് നിന്ന് വിയർക്കുന്നത്, രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത് . എന്ത് ചെയ്യണമെന്നറിയാതെ ഞാനും കുഴങ്ങി. ഒരു വലിയ ജനകൂട്ടം മുഴുവനും കുറ്റവാളിയായി അവനെ മുദ്ര കുത്തിയിരിക്കുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എനിക്കവനെ രക്ഷിക്കാനാവുക. ചിന്തകൾ മുറുക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുന്നോട്ട് നീങ്ങി. അവന് അഭിമുഖമായി നിന്നു. എന്റെ സമീപനം അവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കം സൃഷ്ടിച്ചു."സർ, രക്ഷിക്കണം സർ.., ഞാനൊന്നും മോഷ്ടിച്ചില്ല.. എനിക്കതിന് കഴിയില്ല. സാറിന് എന്നെ അറിയില്ലേ ".ഗദ്ഗദം പൂണ്ട് വാക്കുകൾ വേച്ചു പോകുന്നുണ്ട്.
''കുഞ്ഞേ നിന്റെ നിരപരാധിത്വം എങ്ങനെയാണ് തെളിയിക്കേണ്ടതെന്നറിഞ്ഞുകൂടാ... ദൈവം നിന്നെ രക്ഷിക്കട്ടെ". അവന്റെ മുഷിഞ്ഞ തോളിൽ സ്പർശിച്ച് അത് പറയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. സമയം ഒമ്പതോടടുത്തിരിക്കുന്നു. എനിക്ക് പോകാനുള്ള ബസ്സ് ഉച്ചത്തിൽ ശബ്ദിച്ച് തയ്യാറെടുത്തിരിക്കുന്നു. ഇനിയും വൈകിയാലുള്ള ദൂഷ്യ ഫലങ്ങളോർത്ത് ഞാൻ ധൃതിയിൽ പിന്തിരിഞ്ഞ് നടന്നു. ബസ്സിൽ മുന്നിലെ സീറ്റിൽ അമർന്നിരുന്ന് പുറത്തേക്ക് നോക്കി. ആളുകൾ ശപിച്ചും,പുച്ഛിച്ചും, കളിയാക്കി ചിരിച്ചും, പിന്തിരിഞ്ഞ് പോകുന്നു. ഉച്ചവെയിലിന്റെ താപച്ചൂടോടൊപ്പം മനസ്സും ഉരുകി ഒലിച്ചുള്ള അവന്റെ നിൽപ്പ് എന്നിൽ അസ്വസ്ഥ സൃഷ്ടിച്ചു. ബസ്സ് നീങ്ങി കാഴ്ച്ച മറയുമ്പോഴും ഒരു പ്രതിമ കണക്കെ അവൻ ഒരേ നിൽപ്പായിരുന്നു.
ക്ലാസിൽ കുട്ടികൾക്ക് മുമ്പിൽ കെഎം മാത്യുവിന്റെ "പാപത്തിന്റെ ശമ്പളം " എന്ന ചെറുകഥയിലെ അനാഥ കുഞ്ഞിന്റെ ദയനീയാവസ്ഥ അവതരിപ്പിക്കുമ്പോഴും എന്റെ മനസ്സിനെ പതിനാല് വയസ്സ് കാരനും അവന്റെ യാചിക്കുന്ന കണ്ണുകളും വേട്ടയാടി. ക്ലാസിലെ ഓരോ കുട്ടിയിലും അവൻ പ്രത്യക്ഷപ്പെടുകയും രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്ന പോലെ.
വൈകീട്ട് മടങ്ങുമ്പോൾ അവനെ കാണണമെന്നും ആശ്വസിപ്പിക്കണമെന്നും സത്യത്തിന്റെ ചുരുളയിക്കണമെന്നും ഞാൻ ആഗ്രഹിക്കുകയും മനസ്സിലിട്ട് ഉറപ്പിക്കുകയും ചെയ്തു .സൂര്യൻ അസ്തമയത്തിനായി തിടുക്കം കൂട്ടുന്ന വൈകുന്നേര സമയത്ത് ബസ്സ് സ്റ്റാന്റിൽ എന്റെ കണ്ണുകൾ അവനെ പ രതി .സ്റ്റാന്റിലേക്ക് തിരിയുന്ന റോഡിനോട് ചേർന്ന ഒരു വലിയ ആൾ കൂട്ടം എന്നിൽ വീണ്ടും ഭീതിയുടെ വിറയലുണ്ടാക്കി. മൈാബൈൽ ക്യാമറകളെ വകഞ്ഞ് മാറ്റി ഊന്ന് വലിഞ്ഞ് മുന്നോട്ട് ചെന്നു. റോഡിന് നടുക്ക് ആരോ മരണത്തോട് മല്ലിടുന്നുണ്ട്. ചുറ്റും തളം കെട്ടിയ രക്തത്തിൽ ചിതറി കിടക്കുന്ന ഇഞ്ചി മിഠായികൾ, പേനകൾ, കഥാപുസ്തകങ്ങൾ .വീണ്ടും എന്നിൽ ഒരു ഉൾക്കിടിലമുണ്ടായി. കാൽപ്പാദങ്ങളിൽ നിന്നും ഒരു തരിപ്പ് നെറുകയിലേക്ക് അരിച്ചു കയറി.
"ജീവനുണ്ട്." .ആരോ പാഞ്ഞു. സഹായത്തിനായി നീളുന്ന കൈകളെ കണ്ടില്ല. അല്ലെങ്കിലും ഒരു തെരുവ് പയ്യന് വേണ്ടി ആര് ത്യാഗം ചെയ്യാനാണ്.പെട്ടെന്നുണ്ടായ സ്വബോധത്തിൽ എന്റെ പാദങ്ങൾ മുന്നോട്ട് ചലിച്ചു.തളം കെട്ടിയ രക്തത്തിൽ മുട്ട് കുത്തി അവന്റെ ശിരസ്സുയർത്തിയപ്പോൾ വിറങ്ങലിച്ച ചുണ്ടുകൾ ചലിച്ചു .എന്തോ മൊഴിയുവാൻ അവ തീക്ഷ്ണമായി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. തികട്ടി വന്ന ജിഞ്ജാസയോടെ ഞാനവനെ നോക്കി." സർ.., ഞാനൊന്നും കട്ടില്ല സർ.., ഞാൻ ..., ഞാൻ കള്ളനല്ല സർ... " വാക്കുകൾ മുഴുമിക്കുന്നതിനും മുമ്പേ കണ്ണ് തുറിച്ച് , രക്തം ഛർദിച്ച് അവൻ പിടഞ്ഞ് നിശ്ചലമായി.
'' രാവിലെ തുടങ്ങിയ ഏനക്കേടാ ചെക്കന് കട്ടില്ലെന്നും കള്ളനല്ലെന്നും പറഞ്ഞ് കരച്ചില് തന്ന്യാര്ന്നു. ശ്രദ്ധയില്ലാണ്ടെ റോഡ് മുറിഞ്ഞതാവും. ബസ്സ് തെറിച്ചിട്ടതാ. എന്തായാലും തീർന്നു." കൂടി നിന്നവരിൽ ആരോ പറഞ്ഞു.
ഇതൊരു സ്വപ്നമാകണമേ എന്നും സ്വപ്നത്തിൽ നിന്നും പെട്ടെന്ന് എന്നെ ഉണർത്തണമേ എന്നും വെറുതെ പ്രാർത്ഥിച്ചു.ഹൃദയത്തിൽ കുറ്റബോധത്തിന്റെ തിര ആഞ്ഞടിച്ചപ്പോൾ കണ്ണുകൾ ഇറുകെ അടച്ച് ആ ഇളം ശരീരം നെഞ്ചോട് ചേർത്ത് ഒന്ന് പൊട്ടി കരയാൻ പോലുമാകാതെ ഞാൻ തളർന്നിരുന്നു.
Shamseena Sidhi Shamsi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot