നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#പുതുനിറം

കൺമഷിക്ക് പകരം എന്നെ തൊട്ട് കണ്ണെഴുതിയാൽ മതിയെന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കിയിട്ടുണ്ട് എന്നിട്ടും ഞാൻ അവരെ നോക്കി പുഞ്ചിരി തൂകിയിട്ടേയുള്ളു....!
വെളുത്ത സോപ്പ് കൊണ്ട് കുളിക്കരുത് സോപ്പ് കറുത്തു പോവുമെന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കിയിട്ടുണ്ട് എന്നിട്ടും ഞാൻ അവരുടെ മുന്നിൽ നിന്ന് ചിരിച്ചിട്ടേയുള്ളു....!
വെയിലേൽക്കരുത് വെയിലും മങ്ങുമെന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട് എന്നിട്ടും ഞാൻ കുലുങ്ങാതെ നിന്നിട്ടേയുള്ളു...!
കറുപ്പിനേഴഴകാണെന്ന് പറഞ്ഞു ഞാനും പിടിച്ചു നിന്നിട്ടുണ്ട്
ബാക്കി തൊണ്ണൂറ്റിമൂന്നും വെളുത്തവർ തന്നെ കയ്യടക്കിയിട്ടുണ്ട് എന്നിട്ടും ഞാൻ പരാതി പറഞ്ഞില്ല..
പെണ്ണു കാണാൻ പോയപ്പോഴാണ് ഞാനാദ്യമായി ചിരിക്കാനും പിടിച്ചു നിൽക്കാനും പാടു പെട്ടത്..
പെണ്ണ് ചായ കൊണ്ടു വന്നെന്റെ മുന്നിലേക്ക് വെച്ച് തരുമ്പോൾ പെണ്ണിന്റെ മുഖം ചുളിയുന്നത് ഞാൻ കണ്ടിട്ടുണ്ട് അന്നാണ് എന്റെ ചിരി മങ്ങിയത്...
'' അയ്യേ കറുത്തൊരു ചെറുക്കൻ'' എന്നൊരു സംസാരം പെണ്ണു വീടിന്റെ അടുക്കളയിൽ നിന്നെന്റെ ചെവിയിലേക്കെത്തുമ്പോൾ ഞാൻ സങ്കടമെല്ലാം മറച്ചു വെച്ച് ചിരി വരുത്തിയിരുന്നു..
വീട്ടിലിരിക്കും നേരം തോന്നി ഈ തള്ളക്ക് വെളുക്കാനായി പാലിൽ ഇത്തിരി കുങ്കുമ പൂവ്വെങ്കിലും ചേർത്തു തന്നു കൂടായിരുന്നോ എന്ന്...
അധികം വെളുത്ത പെണ്ണാണേൽ ആ വഴിക്ക് പോകേണ്ട എന്ന് ബ്രോക്കർ നാരായണനോട് ഞാൻ പറഞ്ഞിരുന്നു..
എന്നിട്ടും ബ്രോക്കർ നാരായണൻ പല വീട്ടിൽ നിന്നും എന്നെ കൊണ്ട് ചായ കുടിപ്പിച്ചു....
അടുക്കള ഭരണം ഒരുവളെ ഏൽപ്പിക്കാനായി അമ്മ കണ്ടു കൂട്ടിയ കനവുകൾ വീണ്ടുമേറെ നീണ്ടു പോയി കൊണ്ടിരുന്നു..
എന്റെ പെണ്ണുമായി വഴക്ക് കൂടാൻ അമ്മക്ക് തത്കാലം സമയമായിട്ടില്ല..
എന്തായെടാ പോയ കാര്യം എന്നമ്മ ചോദിക്കുമ്പോൾ
ഞാൻ പറയാറുണ്ട് '' സമയം തെളിഞ്ഞിട്ടില്ലമ്മേ ഇനിയും അമ്മ തന്നെ എന്നെ മൂന്ന് നേരവും ഊട്ടേണ്ടി വരുമെന്ന്..
എല്ലാം ശരിയാകും ഇനിയും സമയമുണ്ട് എന്നച്ഛൻ പറയുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് നടന്നു ചെരുപ്പ് തേഞ്ഞത്..
എന്റെ പോക്കും വരവും കണ്ണു നട്ട് നോക്കി കാത്തിരിക്കുന്ന അമ്മക്കെന്തോ ഇപ്പൊ പ്രാർത്ഥന അധികമാണ് നേർച്ചകൾ കൂടുതലാണ്...
ഒരു ദിവസം അമ്മയേയും കൂട്ടി അമ്മ വീടു വരെ ഒന്ന് പോയപ്പോൾ
അമ്മായി അമ്മയോട് തിരക്കുന്നത് ഞാൻ കേട്ടു '' എന്തായി മോന്റെ കല്യാണക്കാര്യം എന്ന്..
ആ നേരം അമ്മ ജാതകം ഒന്നും അങ്ങോട്ട് ചേരണില്ല എന്ന് തട്ടി വിട്ട് പിടിച്ചു നിന്നു...
ഉമ്മറത്തെ കസേരയിൽ ഇരിന്നു കട്ടൻ അടിക്കുമ്പോൾ അമ്മാവന്റെ മോളിലേക്ക് ഒരു നോട്ടം പോവാതിരുന്നില്ല..
വേണ്ട അല്ലെങ്കിലേ ഒരെല്ല് കൂടുതലാണവൾക്ക് പണ്ടു ഞാനൊന്നു സൈറ്റ് അടിച്ചു എന്നും പറഞ്ഞ് ഉണ്ടാക്കിയ പുകിലെല്ലാം ഓർമ്മയിൽ വന്നിടിച്ചു
ഞാൻ മുഖം മുറ്റത്ത് നില്‍ക്കുന്ന മൂവാണ്ടൻ മാവിലേക്ക് തിരിച്ചു...
ഒരു ദിവസം വീട്ടിലിരിക്കും നേരം കോളേജിൽ പോയ അനിയൻ കൂട്ടുകാരുമൊത്ത് വീട്ടിലെത്തി എന്നെ കണ്ട അനിയന് അവരോട് '' ഇതെന്റെ ചേട്ടനാണ്, എന്ന് പറയാൻ മടിക്കുന്നത് ഞാൻ കണ്ടിരുന്നു...
ആ നിമിഷമാണ് എന്റെ പുറത്തെ ചിരി ഉള്ളിലേക്ക് വലിഞ്ഞത് , എന്റെ നിറമൊരു ശാപമായി തോന്നിയത്
ഉള്ളിലൊരു വിങ്ങൽ എന്നെ പിടികൂടിയത്..
ഞാൻ കുറച്ചു നേരം പുറത്ത് പോയി ഒറ്റക്കിരുന്നു..
അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ഞാൻ മുറിയിലേക്ക് നടന്നു
മുറിയിൽ കയറി വാതിലടച്ചു..
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എടുത്തു നോക്കി കുറച്ചു നേരമിരുന്നു....
അന്നേരം ഓരോ കളിയാക്കലും എന്റെ മനസ്സിലേക്ക് ഓടി വന്നു...
പിറ്റേ ദിവസം ബ്രോക്കർ വന്നു വിളിച്ചപ്പോൾ ഞാൻ മനസ്സില്ലാ മനസ്സോടെ പെണ്ണു കാണാൻ പോയി..
പെണ്ണു വന്നു മുന്നിൽ നിന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു
വെളുത്തൊരു സുന്ദരി..
എന്നെ കണ്ടിട്ടും അവളുടെ മുഖത്ത് ചുളിവു വീഴുന്നില്ല...
അടുക്കള ഭാഗത്ത് നിന്ന് ചിരിയും അടക്കം പറച്ചിലും കേൾക്കുന്നില്ല..
പക്ഷേ ഇനി അവൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാതാണെങ്കിലോ?
ഏതെങ്കിലും ഒരു കാലമാടനെ കെട്ടി ആ വാശി തീർക്കാൻ വേണ്ടിയാണെങ്കിലോ?
ഗത്യന്തരമില്ലാതെ എന്റെ മുന്നിൽ തല കുനിക്കുന്നതാണേലോ?
എന്റെ മനസ്സിലേക്ക് അവളുടെ മുഖവും ചോദ്യങ്ങളും വരി വരിയായ് വന്നു തുടങ്ങിയപ്പോൾ
ബ്രോക്കർ നാരായണേട്ടനോട് ഞാൻ പറഞ്ഞു ഇത് ശരിയാകുമെന്ന് തോന്നുന്നില്ല എന്ന്
ബ്രോക്കർ മിണ്ടാതിരി എന്ന് ചെവിയിൽ പറഞ്ഞു...
ഇനി രണ്ടു പേർക്കും സംസാരിക്കാനുണ്ടേൽ ആയിക്കോട്ടെ എന്നും പറഞ്ഞ് ബ്രോക്കറും അവളുടെ അച്ഛനും അരങ്ങിൽ നിന്ന് മാറി..
ഞാനും അവളും മാത്രം അരങ്ങിൽ നിന്നപ്പോൾ ഞാൻ എന്തു പറയണമെന്ന് ചിന്തിച്ചു
പിന്നെ ഒന്നും ശങ്കിച്ചില്ല പതിവ് ചോദ്യം തന്നെ ചോദിച്ചു എന്നെ ഇഷ്ടമാണോ എന്ന് അവൾ തലയാട്ടി ഉത്തരം തന്നു..!
ഞാൻ പറഞ്ഞു
നല്ലോണം ആലോചിച്ചിട്ടു മതി എന്ന്...
ഞാൻ പുറത്തേക്കു നടക്കാൻ നേരം അവൾ പറഞ്ഞു ആലോചിക്കാനൊന്നുമില്ല ഇഷ്ടമാണ് എന്ന്...
എന്റെ മനസ്സിൽ വീണ്ടും ഒരു പിടി ചോദ്യങ്ങൾ വന്നു
ഇനി ഇവൾ ശരിക്കും എന്നെ ഇഷ്ടപ്പെട്ടു പറഞ്ഞതാണോ ?
അതോ ഇനി ഡിമാന്റ് ഒന്നും ഇല്ല എന്ന് കേട്ടപ്പോൾ സമ്മതിച്ചതാണോ ? ...
വീടെത്തും വരെ വീണ്ടും ഒരു പാട് ചോദ്യങ്ങൾ എന്നിൽ വന്നു കൊണ്ടിരുന്നു..
ഒന്നിനും എനിക്ക് ഉത്തരം കണ്ടെത്താനായില്ല..
കല്യാണത്തിന് കസവു ചുറ്റി ഞാനും അവളും നിൽക്കുമ്പോൾ എല്ലാവരും അത്ഭുതത്തോടെ എന്നെയും അവളെയും മാറി മാറി നോക്കുന്നത് ഞാൻ കണ്ടു...
അമ്മാവന്റെ മോൾ കണ്ണുകൾ തള്ളി നോക്കുന്നത് ഞാൻ കണ്ടിരുന്നു..
കറുത്ത അവനു വെളുത്ത പെണ്ണോ'' എന്നൊരു കുശ് കുശുക്കൽ ഞാൻ കേട്ടിരുന്നു..
ഞാൻ അവളുടെ കരം പിടിക്കുമ്പോൾ എന്നെ കളിയാക്കിവരുടെ മുഖം ചൂളുന്നത് ഞാൻ കണ്ടിരുന്നു...
ഇതെന്റെ ഭർത്താവാണ് എന്നറിഞ്ഞവൾ എന്റെ ചാരേക്ക് വന്നു നിൽക്കുമ്പോൾ അവൾക്കൊട്ടും കുറച്ചിലുണ്ടായിരുന്നില്ല..
ഞാൻ അപ്പോൾ ഒന്നു ഉള്ളു തുറന്നു സന്തോഷിക്കുകയായിരിന്നു...
എന്റെ ജന്മ പുണ്യമായിരിക്കാം....
എന്റെ കറുത്ത നിറത്തെ പറ്റി ഒരിക്കലും അവൾ സംസാരിച്ചതില്ല
എനിക്കവളോട് ഒത്തിരി സ്നേഹം തോന്നി...
എന്റെ അമ്മയുടെ പ്രാർത്ഥനയായിരിക്കാം....
ഒരു വാക്ക് കൊണ്ട് പോലും അവളെന്റെ നിറത്തെ കുത്തിയിളക്കിയിട്ടില്ല
എനിക്കവളോട് ഒത്തിരി ബഹുമാനം തോന്നി..
ഞാൻ എന്റെ നിറം തന്നെ മറന്നു തുടങ്ങുകയായിരുന്നു പകരം പുതിയൊരു നിറത്തിൽ ഞാനുമവളെ ചേര്‍ത്തു പിടിക്കുകയായിരുന്നു...
പുതു നിറം....
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot