നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയില്ലാത്തവൾ അഥവ കഥ ഇല്ലാത്തവൾ

കഥയില്ലാത്തവൾ അഥവ കഥ ഇല്ലാത്തവൾ
സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളേയും മനസ്സാൽ ശപിച്ചു കൊണ്ട് പതിവുപോലെ പുലർച്ചെ 5 മണിക്ക് തുടങ്ങിയ ഒരു വെറും സാധാരണ ദിവസം.
ഉറക്കം മിഴിയാത്ത കണ്ണുകൾ ലോകത്തിനു നേരെ തുറന്നു പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ.... ഒരു സംശയം...
ആരെങ്കിലും പിറകിലുണ്ടോ?
പ്രേതങ്ങളുടെ പ്രൈം ടൈം അല്ലാതിരുന്നത് കൊണ്ട് അതിന് സാധ്യത ഇല്ല..
പിന്നെ വല്ല കള്ളൻമാരും ആയിരിക്കുമോ?
മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന വീരസഖാവിന്റെ ധീരവചനം നൽകിയ ആവേശത്തിൽ
തിരിഞ്ഞു നോക്കുമ്പോൾ ...
അതാ നിൽക്കുന്നു സുന്ദരിയായ ഒരു സ്ത്രീ .... (കലാ സാഹിത്യ മേഖലയിൽ സ്ത്രീക്ക് സൗന്ദര്യം വേണ്ടത് അത്യന്താപേക്ഷികമായ ഒരു നാട്ടുനടപ്പായത് കൊണ്ട് മാത്രം)
അവളെ എവിടെയൊക്കെയോ വച്ച് കണ്ടിട്ടുളളത് പോലെ....
ആരാണെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ അവൾ സ്വയം പരിചയപ്പെടുത്തി.
"ഞാനൊരു കഥാപാത്രമാണ്. നിങ്ങൾക്കെന്നെ അറിയാം.നിങ്ങൾ വായിച്ചിട്ടുള്ള പല കഥകളിലേയും നായികയാണ് ഞാൻ.."
''ഞാൻ ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട്. അതിൽ ഏത് കഥയിലെ നായിക ആയിട്ട് വരും ഭവതി" ?
"ഒരു കഥയല്ല.... ഒരു പാട് കഥകൾ .... പറഞ്ഞും
കേട്ടും മടുത്ത ഒരേ തരം കഥകൾ. കുറേ ആയപ്പോൾ
മനസ്സു മടുത്ത് ഇറങ്ങി പോന്നു. ഇപ്പോൾ എന്തു ചെയ്യണം എങ്ങോട്ടു പോകണം എന്നറിയുന്നില്ല. ഒരാവേശത്തിന്റെ പുറത്ത് ഇറങ്ങി പോരുകയും ചെയ്തു."
"കാര്യമൊക്കെ ശരി... മനസ്സിലാവുന്നുണ്ട്. പക്ഷെ ഭവതി എന്റെ പിറകെ വരുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
എനിക്ക് അടുക്കളയിൽ ഒരു പാട് ജോലിയുണ്ട്. വിരോധമില്ലെങ്കിൽ നമുക്കവിടെ നിന്നും സംസാരിക്കാം.
അടുപ്പത്ത് ചായക്കുള്ള വെള്ളം വെക്കട്ടെ ... "
" അത് ... നിങ്ങൾ കുറച്ചൊക്കെ വായിക്കുന്ന ആളല്ലേ ... അപ്പോൾ എനിക്ക് പറ്റിയ ഒരു കഥ താങ്കൾക്ക് എഴുതി കൂടെ.. അൽപം വ്യത്യസ്തമായി
എന്തെങ്കിലും ...."
"ഈശ്വരാ.... ഭവതി എന്താണീ പറയുന്നത്. അസാധാരണമാം വിധം തല കുത്തി നിന്നിട്ടാണ് സാധാരണ വല്ലതും കുത്തി കുറിക്കുന്നത്.
ആ എന്നോടാണോ ഭവതിയെ കുറിച്ച് വ്യത്യസ്തമായി എഴുതാൻ പറയുന്നത്. ഇതൽപ്പം കടന്നു പോയി "
"ഇതെനിക്ക് വേണ്ടി നിങ്ങൾ ചെയ്തേ പറ്റൂ.... എന്റെ നല്ല കാലത്ത് നിങ്ങളും എന്നെ നെഞ്ചിലേറ്റി നടന്നിട്ടുണ്ടല്ലോ ഒരുപാട് .അതുകൊണ്ട് തന്നെ എനിക്കൊരു മോശസമയം വരുമ്പോൾ കൈവിടാതെ ഒപ്പം നിൽക്കേണ്ട ഉത്തരവാദിത്ത്വം നിങ്ങൾക്കുണ്ട്.
ഒന്നുമല്ലെങ്കിൽ നിങ്ങളും ഒരു സ്ത്രീ അല്ലേ....?"
''ശ്ശെടാ ... ഇതു വലിയ തലവേദന ആയല്ലോ...
മനുഷ്യരുടെ കൂട്ട് കഥാപാത്രങ്ങളും ഭീഷണിപ്പെടുത്താനും ആവലാതി പറയാനുമൊക്കെ തുടങ്ങിയോ....
അല്ലയോ ഭവതി...
നിന്റെ വേദന എനിക്ക് മനസ്സിലാകും. പക്ഷെ നിന്നെ പ്രതിഷ്ഠിക്കാൻ തക്ക ഒരു കഥയെഴുതാനുള്ള ഭാവനയോ കഴിവോ എനിക്കില്ല എന്ന് നീ മനസ്സിലാക്കാത്തതെന്ത്?"
"ശരിയാണ്... നിങ്ങൾ എഴുത്തുകാരി അല്ല എന്നെനിക്കറിയാം.എന്നാലും നിങ്ങൾ ഒന്നു ശ്രമിച്ചു നോക്കൂ. ഒരു പക്ഷെ നാളെ എന്നിലൂടെ മറ്റുള്ളവർ നിങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയാലോ?"
''എന്റെ പൊന്നോ..... കൊതിപ്പിക്കല്ലേ....
ഭവതി ഇത്രയും പറഞ്ഞ സ്ഥിതിക്ക് .... ഒരു കൈ നോക്കിയാലോ എന്നൊരാലോചന ഇല്ലാതില്ല.
പക്ഷെ എന്തിനെ കുറിച്ചെഴുതും... എങ്ങനെ എഴുതും...
ഒരെത്തും പിടിയും കിട്ടുന്നില്ല ....
വിവരമുള്ളവർ തലക്കകത്തെ കട്ടി കൂടുന്ന ശൂന്യത എന്നൊക്കെ പറയുന്നത് എന്താണെന്ന് ഇപ്പോഴാണ്
മനസ്സിലാകുന്നത്.
ആട്ടെ....ഭവതിക്ക് ഏത് തരം കഥയാണ് താത്പര്യം?"
"അങ്ങനെയൊന്നുമില്ല..... അൽപം പുതുമ വേണം... പിന്നെ ന്യൂ ജനറേഷൻ ആയാൽ കൊള്ളാം എന്നുണ്ട്. "
"അയ്യോ ടാ ...എത്ര ലളിത സുന്ദര മോഹന സങ്കൽപം.
എന്നെക്കൊണ്ടിതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.
തത്ക്കാലം ഈ ചായ കുടിച്ചു കൊണ്ട് എഴുതാനൊരു വിഷയം കണ്ടെത്തൂ.
എന്നിട്ട് നമുക്ക് രണ്ടു പേർക്കും കൂടി ആലോചിക്കാം.
കുറച്ചു നേരത്തിന് മിണ്ടരുത്.ഞാനീ മിക്സിയൊന്ന് ഓണാക്കട്ടെ...
അരച്ചു കഴിഞ്ഞു ... ഇനി പറയൂ... വല്ലതും കിട്ടിയോ?"
''അങ്ങനെ പ്രത്യേകിച്ചൊന്നും കിട്ടിയില്ല. നമുക്ക് പ്രണയത്തെ കുറിച്ചെഴുതിയാലോ ....
എഴുത്തുകാരുടെ എന്നത്തേയും പ്രിയപ്പെട്ട വിഷയമാണല്ലോ പ്രണയം..."
"ഇതാണോ .....ഭവതിയുടെ പുതുമയുള്ള ന്യൂജൻ വിഷയം !!!
എന്റെ പൊന്നു കഥാനായികേ.... ന്യൂ ജൻ പ്രണയം
ചർച്ച ചെയ്യുന്നത് പ്രണയത്തേയല്ല ....
തേപ്പെന്ന പ്രതിഭാസത്തെയാണ്..... ഈ തേപ്പെന്ന നാമത്തിന്റെ ക്രിയാപദത്തിനാണെങ്കിൽ സ്ത്രീലിംഗം മാത്രമാണ് സാഹിത്യകാരൻമാർ കൂടുതലായും ഉപയോഗിച്ചു വരുന്നത്.
അങ്ങനെ വെറും ഒരു തേപ്പ് കാരി ആകാനാണോ .... നീ ഇക്കണ്ട സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചിറങ്ങി
പോന്നത്. "
"എന്നാൽ ന്യൂജൻ കഥ വേണ്ട. സ്ത്രീ പുരുഷ ബന്ധത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചും
ലൈംഗികതയെക്കുറിച്ചും എഴുതിയാലോ?
വായനക്കാരെ ഒരു പാട് കിട്ടും.
നിങ്ങൾക്ക് പെട്ടെന്ന് പ്രശസ്തയാകുകയും ചെയ്യാം.
"അല്ലയോ കഥാനായികേ.... അറിയാഞ്ഞിട്ടു ചോദിക്കുകയാണ്.
ശരിക്കും നീ വന്നതെന്തിനാണ്?
മുകളിലെ മുറിയിൽ സമാധാനമായി കിടന്നുറങ്ങുന്ന എന്റെ ഭർത്താവിനേയും എന്നേയും രണ്ടു വഴിക്കാക്കാനാണോ?
നിന്റെ ചോദ്യം ഞാനങ്ങോട്ട് ചോദിക്കട്ടെ .....നീയും ഒരു സ്ത്രീ അല്ലേ.... ?
പ്രണയത്തെക്കുറിച്ചും രതിയെ കുറിച്ചുമൊക്കെ തുറന്നെഴുതുന്ന സ്ത്രീകളെ ഈ സമൂഹത്തിന്റെ
കപട സദാചാരക്കണ്ണുകൾ കാണുന്നതെങ്ങനെയാണെന്ന് നിനക്കറിയില്ലേ?
ഇവിടെ എഴുത്തിനേയും വ്യക്തി ജീവിതത്തേയും രണ്ടായി കാണാൻ തക്ക സാമാന്യ ബോധം പോലുമില്ലാത്ത കുറച്ച് വായനക്കാരുണ്ട്.
അവർക്ക് പിച്ചിക്കീറാൻ എന്നെ ഇട്ടു കൊടുത്താലേ നിനക്ക് സമാധാനമാകൂ അല്ലേ.... ദുഷ്ടേ..."
" നിങ്ങളെ ദ്രോഹിക്കണം എന്നുള്ള ഉദ്ദേശമൊന്നും എനിക്കില്ല.
നിങ്ങളുടെ സംസാരവും ജാടയുമൊക്കെ കണ്ടപ്പോൾ കുറച്ച് ധൈര്യവും തന്റേടവും ഉള്ള കൂട്ടത്തിലാണ് എന്നു കരുതി. "
" നീ എനിക്കിട്ട് ഒന്നു താങ്ങിയതാണെന്ന് മനസ്സിലായി.പക്ഷെ തത്ക്കാലം നിവൃത്തിയില്ല.
ഞാൻ ക്ഷമിച്ചിരിക്കുന്നു.
കഥാപാത്രമാണെങ്കിലും നിനക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ..
എന്നെപ്പോലുള്ള കുലീനയായ സ്ത്രീകൾ ഉള്ളിൽ തോന്നുന്നതല്ലൊം അങ്ങനെ വിളിച്ചു പറയാൻ പാടില്ല -
അടക്കവും ഒതുക്കവും ഉള്ള പെണ്ണ് എന്ന ലേബൽ കൈ വിട്ടു പോകാതെ ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടതാണ്.
ഇതൊന്നും നിനക്കറിയേണ്ട കാര്യമില്ലല്ലോ... കഥയും കൊണ്ട് നീ നിന്റെ പാട്ടിന് പോകും...
എനിക്ക് പിന്നേയും ജീവിക്കണം. അല്ല പിന്നെ "
"നീ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?
സ്ത്രീകളായ എഴുത്തുകാർക്ക് സ്വതന്ത്യമായി തുറന്നെഴുതണമെങ്കിൽ പേരെടുക്കണമെങ്കിൽ കുടുംബ ജീവിതം അടിയറ വെക്കേണ്ടി വരും എന്നൊരു അന്തരാർത്ഥം നിങ്ങളുടെ വാക്കുകളിലുണ്ട്"
"ഉണ്ടല്ലോ... എന്താ സംശയം... പലരും അവരുടെ ജീവിതം കൊണ്ട് തെളിയിച്ച കാര്യമല്ലേ കഥാനായികേ
അത്. "
"എന്നാൽ പിന്നെ അത് വിടൂ...
സിനിമയിലൊക്കെ കാണുന്ന പോലെ
മദ്യപിക്കുന്ന.... അടിയുണ്ടാക്കുന്ന... . ആൺവേശ്യകളെ പ്രാപിക്കുന്ന .... മുട്ടിന് മുട്ടിന് പുരുഷ വിരുദ്ധതയും അശ്ലീലവും പറയുന്ന ഒരു അമാനുഷിക ആക്ഷൻ കഥാപാത്രമാക്കി നല്ല കട്ട ഹീറോയിസത്തിൽ എന്നെ കുറിച്ചെഴുതിക്കൂടെ?"
"കഥയില്ലാതെ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയല്ലേ എന്റെ നായികേ...
സഹനത്തിന്റെയും ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമാണ് സ്ത്രീ ....
അവളിങ്ങനെയൊന്നും കഥയിൽ പോലും പെരുമാറാൻ പാടില്ല ...
അവൾ കുടിക്കേണ്ടത് കള്ളല്ല... കണ്ണീരാണ്...
അവൾ അടി കൊടുക്കേണ്ടവളല്ല...കൊള്ളേണ്ടവളാണ്....
അവൾ ഭോഗിക്കേണ്ടവളല്ല.... ഭോഗിക്കപ്പെടേണ്ടവളാണ്....
ലജ്ജയാണ് സ്ത്രീയുടെ അലങ്കാരം അല്ലാതെ ആത്മാഭിമാനവും മണ്ണാങ്കട്ടയുമൊന്നുമല്ല.
പിന്നെ നിന്റെ ആൺവേശ്യ എന്ന പ്രയോഗം തന്നെ തീരെ ശരിയല്ല.
വേശ്യ എന്നു പറഞ്ഞാൽ സ്ത്രീയാണ്.
വേശ്യ എന്ന നാമത്തിന് പുല്ലിംഗമില്ല.... പല കാഴ്ച്ചപ്പാടുകൾക്കും സ്ത്രീലിംഗവുമില്ലാത്തതു പോലെ
നമ്മൾ ഈ പറയുന്നതൊന്നും നീ പുറത്താരോടും പറയണ്ട. വേറൊന്നും കൊണ്ടല്ല.
ഇവിടെ കുറച്ച് സ്ത്രീകളുണ്ട്. അഞ്ചോ പത്തോ ശതമാനം വരുന്നവർ... നമ്മുടെ മാനം കളയാനായിട്ട്
വെളിപാടിന്റെ പുസ്തകവും തുറന്നു വച്ച് നടക്കുന്ന ചില വ്യവസായ സംരഭകർ ...
സംഘം ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ച കുറച്ച് സ്ത്രീകൾ ...
ഇരുപത് വയസ്സുകാരന്റെ കൂടെ ഒളിച്ചോടിയ നാല്പതുകാരി ...
മാംസക്കച്ചവടത്തിന് ഇടനിലക്കാരായ ചില നികൃഷ്ടജൻമങ്ങൾ ....
നമ്മൾ സംസാരിച്ച കാര്യങ്ങൾ പുറത്തറിഞ്ഞാൽ... ഈ പറഞ്ഞ പത്തു ശതമാനത്തിന്റെ കണക്കും പൊക്കി പിടിച്ചു കൊണ്ടുവരും ഈ നാട്ടിലെ സ്ത്രീ വിരുദ്ധരായ ചില പുരുഷ കേസരികൾ...
ഓരോ സെക്കന്റിലും സ്ത്രീകൾക്കു നേരെ അതിക്രമങ്ങൾ നടക്കുമ്പോൾ .... അതാരെങ്കിലും വിളിച്ചു പറയുമ്പോൾ...നമ്മുടെ നെഞ്ചത്തോട്ട് കയറാൻ അവർക്കും എന്തെങ്കിലും വേണ്ടെ...
അവരെ പറഞ്ഞിട്ടും കാര്യമില്ല...
എന്ന് വെച്ച് എല്ലാ പുരുഷൻമാരും അങ്ങനെയൊന്നുമല്ല കേട്ടോ......
സ്ത്രീയെ വില മതിക്കുന്ന അംഗീകരിക്കുന്ന എത്രയോ നല്ല പുരുഷൻമാരുണ്ട്."
"ചുരുക്കി പറഞ്ഞാൽ നിങ്ങളെ കൊണ്ട് ഇതും സാധിക്കില്ല"
" നീ ദേഷ്യപ്പെടല്ലേ നായികേ "
"എന്തേ എനിക്ക് ദേഷ്യപ്പെടാനും പാടില്ലേ.. വെറുമൊരു കഥാപാത്രമാണെങ്കിലും എനിക്കും എന്റേതായ നിലപാടുകളുണ്ട്.
ഈ അടുക്കളപ്പണിയുടേയും കണ്ണീരിന്റേയും കദന കഥകളല്ലാതെ...
വേരോടാൻ എനിക്കൊരു നല്ല കഥ തരൂ....
നിങ്ങളെന്നെ ഒരു റിബൽ ആക്കി എഴുതൂ....
മാറാൻ ഒരുപാട് വൈകിപ്പോയ ഈ വ്യവസ്ഥിതികളോട് കലഹിച്ചും പ്രതിഷേധിച്ചും തോളിലൊരു സഞ്ചിയും തൂക്കി കട്ടി ക്കണ്ണടയും വച്ച് ആത്മാവിൽ അഗ്നിയുമായി നടക്കുന്ന ഒരു പുരോഗമന വാദിയായി എന്നെ സൃഷ്ടിക്കൂ....
സ്വാതന്ത്യത്തോടെ ചലിക്കുന്ന ഉറക്കെ ചിന്തിക്കുന്ന
അന്തസ്സുള്ള കരുത്തുറ്റ കഥാപാത്രമായി എന്നെ ചിത്രീകരിക്കൂ.
ഇവിടെ ജൻമം കൊണ്ട വിരലിലെണ്ണിയെടുക്കാവുന്ന അത്തരം കഥാപാത്രങ്ങളുടെ ഇടയിൽ എനിക്കും തല ഉയർത്തി പിടിച്ചു നിൽക്കണം."
"ഓ... യൂ മീൻ ഫെമിനിസ്റ്റ് .... ആക്ടിവിസ്റ്റ് .... എക്സ ട്രാ ...''
"അതെ.... അങ്ങനെയും പറയാം."
" അത് തെറ്റില്ലാത്തൊരു ആശയമാണ്. മേമ്പൊടിക്ക് ഒരു ചുംബന സമരം കൂടെ ആയാലോ..."
''നിങ്ങളെന്നെ കളിയാക്കുകയാണല്ലേ...
ഒരു സ്ത്രീയായി ജനിച്ചു പോയതിന്റെ പേരിൽ ..
തരം താഴ്ത്തപ്പെടുന്നതിന്റേയും
മാറ്റി നിർത്തപ്പെടുന്നതിന്റേയും വേദന
നിങ്ങളും അനുഭവിച്ചിട്ടില്ലേ ഒരിക്കലെങ്കിലും?
പ്രതികരിക്കാനാകാത്ത വിധം നിങ്ങളും അടിച്ചമർത്തപ്പെട്ടിട്ടില്ലേ ഒരിക്കലെങ്കിലും?
സ്ത്രീയായി പോയത് കൊണ്ട് മാത്രം സ്വന്തം അന്ത:സത്ത പണയപ്പെടുത്തേണ്ടി വന്നിട്ടില്ലേ ഒരിക്കലെങ്കിലും?
സ്വന്തമായി തീരുമാനങ്ങളില്ലാതെ അനുവാദത്തിനായി കാത്തു നിന്നിട്ടില്ലേ ഒരിക്കലെങ്കിലും?
" നായികേ... നിന്നെ പ്രകോപിപ്പിക്കണം എന്നൊരുദ്ദേശം എനിക്കുണ്ടായിരുന്നില്ല.
വെറുമൊരു കഥാപാത്രമാണ് നീ... അത് മറന്ന് കൊണ്ട് പരിധികൾ ലംഘിക്കുകയാണ് നീ..
നിന്റെ രോഷം നിന്റെ ന്യായമാണ് .
പക്ഷെ ....നീ പറയുന്നത് പോലെ വ്യവസ്ഥിതികളോട് പട പൊരുതാൻ ഒരുങ്ങിയാൽ എനിക്കൊരു പേര് ചാർത്തി കിട്ടും...
മലയാള ഭാഷാ താരാവലിയിലെ അച്ചടക്കമില്ലാത്ത പേജിൽ ഈയിടെ എഴുതി ചേർക്കപ്പെട്ട ഒരു ന്യൂ ജൻ പദം:
ഫെമിനിച്ചി ....
അതൊന്നും താങ്ങാനുള്ള ചങ്കുറപ്പ് എനിക്കില്ല.
ഞാൻ നേരത്തെ തന്നെ നിന്നോട് പറഞ്ഞില്ലേ .... വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ എനിക്ക് താത്പര്യമില്ല എന്ന്.
നീ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ എനിക്ക് സാധിക്കില്ല.
എന്നെ സംബന്ധിച്ച് രാവിലെ 8 മണി ആകുമ്പോഴേക്കും നാലു പേർക്ക് രണ്ടു നേരത്തെ ഭക്ഷണം ഉണ്ടാക്കി.... വീട് വൃത്തിയാക്കി ... ഭർത്താവിനെ ജോലിക്കയച്ച് ... മക്കളെ സ്ക്കൂളിലയച്ച് ഓഫീസ് പിടിക്കുന്നതാണ് വലിയ കാര്യം.
മക്കളുടെ ഉത്തരപേപ്പറുകളിലെയും ബാങ്കിലെ ലോൺ റസീറ്റുകളിലേയും കണക്കുകൾ കൃത്യമാണെങ്കിൽ ഞാൻ സമാധാനമായുറങ്ങും.
അങ്ങനെയുള്ള എന്നോട് നീ ഇങ്ങനെയൊക്കെ പറയുകയും പെരുമാറുകയും ചെയ്താൽ ഞാനെന്ത് ചെയ്യും.
ഒരു കഥാപാത്രം മാത്രമായ നിനക്ക് എന്നോട് ചോദ്യങ്ങൾ ഉന്നയിക്കാൻ എന്തവകാശമാണുള്ളത്?
അടുക്കളയിൽ ഓടി നടന്നു ജോലി ചെയ്യുന്ന നായികയെ പിറകിലൂടെ ചെന്ന് ചുംബിക്കുന്ന നായകനെയാണ് നമ്മുടെ സാഹിത്യം ആഘോഷിക്കുന്നത്.
ചാരുകസേലയിൽ പുസ്തകവും മടിയിൽ വെച്ച് കണ്ണുമടച്ചു കിടക്കുന്ന നായികയുടെ നെറ്റിയിൽ തലോടുന്ന ഏതെങ്കിലും ഒരു നായകനെ നിനക്കറിയാമോ?
നിന്നെ കുറിച്ച് ഞാൻ കഥയെഴുതാം...
അമ്മിഞ്ഞപ്പാലിന്റെ മണമുള്ള താരാട്ടിന്റെ ഈണമുള്ള കഥകൾ ....
പ്രണയത്തിന്റെ കുറുകലുള്ള കഥകൾ
കണ്ണീരിന്റെ ഉപ്പും ത്യാഗത്തിന്റെ വിയർപ്പും നിറഞ്ഞ
ജീവിതത്തിന്റെ ഊഷ്മളതയുള്ള കഥകൾ ....
ഇനി ഇതൊന്നുമല്ലെങ്കിൽ നിന്റെ സ്വച്ഛന്ദമായ മരണത്തെ കുറിച്ചെഴുതാം...
അല്ലാതെ നീ പറയുന്നത് പോലെ ...
അടിച്ചമർത്തലിന്റെ നെടുവീർപ്പുകളെക്കുറിച്ചും
പ്രതിഷേധത്തിന്റെ യുദ്ധ നീതിയെക്കുറിച്ചും
പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെ അകം നീറ്റലുകളെക്കുറിച്ചുമൊന്നും എഴുതാൻ എനിക്കാകില്ല.''
"നിങ്ങൾ ഇത്ര ഭീരുവാണെന്ന് ഞാനറിഞ്ഞില്ല. ഇത്തരം കഥകളിൽ നിന്നും മനം മടുത്ത് ഇറങ്ങി പോന്നവളാണ് ഞാൻ.... എന്നിട്ട് പിന്നേയും ....
ഞാൻ വല്ല മെഗാസീരിയലിലേക്കും പോകും. എന്നാലും ഇനി നിങ്ങളുടെ കഥയിൽ കഥാപാത്രമായി ഞാൻ ജീവിക്കില്ല.
ഞാൻ പോകുന്നു."
''നീ എന്നോട് പിണങ്ങി പോകുകയാണ് എന്നറിയാം.. നിന്നെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള ചങ്കൂറ്റമുള്ള ഒരു നല്ല കഥ എവിടേയോ നിന്നെ കാത്തിരിക്കുന്നുണ്ട്.
ഇവിടേക്ക് നീ വഴി തെറ്റി വന്നതാണ്.
പ്രിയ നായികേ .... നീ എന്നോട് ക്ഷമിക്കൂ....
നിന്നെപ്പോലൊരു നായിക എന്റെ ഉള്ളിലും ഉണ്ട്.
അവളെ കാണാതിരിക്കാനും കേൾക്കാതിരിക്കാനും കണ്ണും ചെവിയും നേരത്തെ കൊട്ടിയടച്ചതാണ്.
എന്റെ മാത്രമല്ല .... എന്നെ പോലെ പലരുടേയും ഉള്ളിൽ .... നീ ഉണ്ട് .....
പുറത്തു ചാടാനാകാത്ത ഒരു കൂട്ടിനകത്ത് ....
ഈശ്വരാ കുക്കർ വിസിലടിച്ചത് ഏറിയല്ലോ...ചോറ് വെന്ത് പായസമായിട്ടുണ്ടാകും.
മക്കളേ .... ഏഴടിച്ചു
എണീറ്റ് വേഗം ഒരുങ്ങാൻ നോക്കിയേ....
.........
അഞ്ജു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot