നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ചുതണ്ടിന്റെ കാവൽക്കാരൻ


അച്ചുതണ്ടിന്റെ കാവൽക്കാരൻ
ചോരപ്പറ്റി പിടിച്ച് ഉണങ്ങി ഒട്ടിപ്പിടിച്ച കുഞ്ഞു മിഴികളെ ഉണർത്തുവാനായി ചെറുചൂടോടെയാ കിരണങ്ങൾ കൺപോളകളിൽ സ്പർശിച്ചു വിളിക്കുകയായിരിന്നു
ഉണങ്ങി വരണ്ട ആ ചുണ്ടുകൾ ഒരിറ്റ് ഈർപ്പത്തിനായ് ചെറുതായനങ്ങി.
ആ മിഴികളെ ഉണർത്തുവാനായി കിരണങ്ങൾ തന്റെ സ്പർശനം കൂട്ടിക്കൊണ്ട് വന്നപ്പോൾ ചോര ഉണങ്ങി പീലികൾ ഒട്ടിപ്പോയ മിഴികൾ ഒന്നനങ്ങി തുറക്കുവാനായുള്ള ശ്രമം സാധിക്കുന്നുണ്ടായിരുന്നില്ല.
തന്റെ ഭൂമിയിലേക്കുള്ള ആദ്യത്തെ കാഴ്ചയുടെ ഉദയം അമ്മിഞ്ഞപാലിനായി വിടരുന്ന ചുണ്ടുകൾ അതിനുടമായമവളുടെ മുഖം കാണുവാനായാ മിഴികൾ തുറക്കുവാനനുവദിക്കാതെയാ കണ്ണുകൾ ചോരയുണങ്ങി ഒട്ടിച്ചേർന്നിരിക്കുന്നു. ഉണങ്ങി വരണ്ടയാ ചുണ്ടുകൾ പിളർന്ന് തന്റെ ആദ്യ ശബ്ദം ഭൂമിയിലേക്ക് വന്നു.
ചപ്പുചവറുകൾക്കിടയിൽ വിശപ്പിന് മറുപടി അന്വേഷിക്കുന്ന കുറെ ചാവാലി പട്ടികളും മെലിഞ്ഞുണങ്ങി മുഷിഞ്ഞ ഒരു തുണി ഭാണ്ഡവും കൈയ്യിലൊരു വടിയും പാറിപ്പറന്ന തലമുടിയുമായൊരു സ്ത്രീരൂപവും.
നായകൾ തിരച്ചിൽ നിർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് കാതുകൂർപ്പിച്ചു.
കറ പുരണ്ട് വൃകൃതമായ പല്ലുകൾ കാട്ടി അവർ ആ നായകളെ നോക്കി ചിരിച്ചു കാട്ടിയപ്പോൾ അവ പരിചയഭാവത്തോടെ വാലാട്ടി കാണിച്ചു.
വീണ്ടും ചപ്പുചവറുകൾക്കിടയിലേക്ക് അവരുടെ ശ്രദ്ധ തിരിയവെ ആ ശബ്ദം പിന്നെയും കേട്ടപ്പോൾ ആ ഭാഗത്തേക്ക് ആ നായകൾ കുരച്ചു കൊണ്ട് ഓടിപ്പോയി അതിന് പിന്നാലെ വടിയും കുത്തിപ്പിടിച്ച് പ്രാഞ്ചി പ്രാഞ്ചി കൂനിപ്പിടിച്ച് ആ സ്ത്രീയും ചെന്നപ്പോൾ കണ്ടു ചവറുകൾക്കിടയിൽ ശരീരം ചോരപ്പറ്റി ഉണങ്ങി നീണ്ട പൊക്കിൾകൊടിയുമായി കിടക്കുന്ന ചുണ്ടു പിളർത്തി കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നൊരാ കുഞ്ഞു ശരീരം.
തറയിലിരിക്കുന്ന അവരുടെ കാലുകളിലൊക്കെ മണപ്പിച്ചു വാലുമാട്ടി നിൽക്കുന്നുണ്ട് ആ നായ്ക്കൾ.
ഒരിറ്റ്ജലത്തിനായ് പിളർന്ന ആ ചുണ്ടുകൾക്കിടയിലേക്കായി മുഷിഞ്ഞ് നാറിയ വസ്ത്രം അൽപ്പം മാറ്റി തൊലി മാത്രം വലിഞ്ഞ്കൂടി ഉണ്ടായ മുലയിലെ ഞെട്ട് വച്ചു കൊടുക്കാൻ അവൾ ശ്രമിക്കുമ്പോൾ ഒന്ന് രണ്ട് പ്രാവശ്യം വിസമ്മതിച്ചിട്ടവൻ പിന്നെ പതിയെ പതിയെ ആ ചുണ്ടുകൾ കൂട്ടിപ്പിടിച്ചാ കറുത്ത് ഉണക്കമുന്തിരി പോലുള്ളയാ ഞെട്ടുകളിൽ നുണയാൻ തുടങ്ങി.
ഇരുകാതുകളിലും ശംഖ് ചേർത്ത് വച്ചാൽ കേൾക്കാം കടലിരമ്പുന്ന ശബ്ദം പക്ഷേ മൂന്ന്‌ മഹാസമുദ്രങ്ങൾ ഒന്നു ചേരുന്നയിടത്ത ശബ്ദ മോ...ഓരോന്നിന്റെയും തിരകൾക്ക് ഓരോ ശബ്ദമാകുമോ...
ഒന്നു കഴിഞ്ഞ് ഒന്ന് പിന്നെ അതിനെ തോൽപ്പിക്കാൻ അടുത്തത് തൊട്ടിലിലാട്ടുന്ന താളത്തിൽ ഒരു താരാട്ടു പോലെ.
ഇനിയും ഭൂമി കണ്ടിട്ടില്ലാത്ത മിഴികൾക്ക് മുൻപെ ആ കാതുകൾ മൂന്ന് സമുദ്രങ്ങൾ ഒന്നുചേർന്നാശ്വസിപ്പിക്കുന്നൊരാ താരാട്ട് ആസ്വദിച്ചു.
ശരീരത്തിലെ തൊലി മാത്രം വലിഞ്ഞു കൂടി ഉണ്ടായ ആ മുലകളിൽ നിന്ന് ഒരു മധുരവും ലഭിച്ചില്ലെങ്കിലും എന്തോ ഒരു ഊർജ്ജത്താൽ ആ കുഞ്ഞു കണ്ണുകൾ തുറക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവൾ തന്റെ ഭാണ്ഡത്തിലേക്ക് കൈകൾ ഇട്ടപ്പോൾ നാലു ചുറ്റുമുള്ള നായ്ക്കൾ സ്നേഹത്തോടെയുള്ള മുരളലോട് കൂടെ വാലാട്ടി നിന്നു ഭാണ്ഡത്തിൽ നിന്ന് പുറത്തെടുത്തതെന്തോ നായ്ക്കൾക്കായി ഇട്ടു കൊടുത്തപ്പോൾ അവ തമ്മിൽ തമ്മിൽ മുരണ്ട് കൊണ്ട് അത് കഴിച്ച് തുടങ്ങി.
പിന്നെയവൾ എടുത്ത പാത്രത്തിലെ വെള്ളത്തിൽ വിരലുകൾ തൊട്ട് ആ കുഞ്ഞു കണ്ണുകൾ നനച്ച് കൊടുത്തപ്പോൾ ചോരയുണങ്ങി ഒട്ടിപ്പോയാ മിഴികൾ പതിയെ തുറന്നു.
കൺപ്പീലികളിൽ ചോര നൂലുപോലുകൾ പോലെ വലിഞ്ഞ് ഒരു വല രൂപം ഉണ്ടായതിനിടയിലൂടെ ചുണ്ടുകളിലാ അമ്മിഞ്ഞ മധുരവും കാതുകളിലാ മൂന്ന് കടലുകൾ ഇരമ്പുന്ന താരാട്ടുമായി ഈ ഭൂമിയിലെ ആദ്യത്തെ കാഴ്ചയാ കണ്ണുകളിലുദിച്ചു.
ചുവന്ന് കത്തിജ്വലിച്ചൊരാ വൃത്തഗോളം നീല നിറമാർന്ന ജലത്തിൽ നിന്ന് പതിയെ പതിയെ ഉദിച്ച് ഉയർന്നു വരുന്നു.
തൻ അമ്മിഞ്ഞപ്പാൽതൻ ഉടമയുടെ രൂപമെന്ന് നിനച്ച് ആ താരാട്ടിൻ ശബ്ദവും ചുണ്ടിലെ മധുരവുമായി ആ ചിത്രം അവനിൽ അലിഞ്ഞു ചേർന്നു ഉദയമായ് ഉയർന്നുയർന്ന് വന്നു.....
"ആ ഭ്രാന്തിത്തള്ള ചത്തു ഇന്നലെ കോർപ്പറേഷൻ വണ്ടി വന്നു കൊണ്ട് പോയി "
എന്നൊക്കെ ഉള്ള സംസാരം നടക്കുമ്പോൾ തലയ്ക്ക് മുകളിൽ കത്തിജ്വലിച്ച് നിൽക്കുകയാണാ കർമ്മസാക്ഷി താഴെ മൂന്ന് സമുദ്രങ്ങളും ഒന്നൊന്നായി തന്നെ തിരകൾ കരയിലേക്ക് തല്ലി മത്സരിക്കുവായിരുന്നു.
"അവരുടെ കൂടെ ഒരു ചെറുക്കൻ ഉണ്ടായിരുന്നല്ലോ അവനെവിടെ "
കേട്ടു നിന്ന ആരോ ചോദിച്ചതാകണം
അതിന് മറുപടി ആയി വന്നത്
''അവൻ പത്തിരുപത് വർഷമായി അവരുടെ കൂടെ ഉള്ളതല്ലേ ആ ഭ്രാന്തി കിളവിയുടെ ഭാണ്ഡവും വടിയുമായി കടപ്പുറത്ത് എവിടെയെങ്കിലും കാണും ഭ്രാന്തു പിടിച്ചവൻ " എന്നായിരുന്നു.
പിറന്ന് വീണിട്ട് ഇന്നുവരെ മുടിയോ താടിയോ മുറിച്ചിട്ടില്ലാത്തവന്റെ മുഖത്തെ ആ കണ്ണുകൾ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തിളങ്ങുന്ന ആ കൃഷ്ണമണികളിൽ കാണാം
കത്തി ജ്വലിച്ച് ശാന്തമായി അസ്തമനത്തിലേക്കായ് നീല ജലത്തിലേക്ക് പതിയെ പതിയെ താഴ്ന്ന് പോകുന്ന അർദ്ധവൃത്തമാമൊരു അഗ്നിഗോളം
ആ കണ്ണുകളിലെ ഇമകൾ പോലും ചലിക്കുന്നുണ്ടായിരുന്നില്ല ആദ്യമായി തന്റെ കണ്ണുകളെ വിളിച്ചുണർത്തിയതല്ലേ ചോര തീർത്ത വലകൾ ഇന്നീ മിഴികളിലില്ല. പൂർണ്ണമായത് ആഴത്തിലേക്ക് മുങ്ങിയപ്പോൾ മാതാവിനെ യാത്രയാക്കിയ തൃപ്തിയോടയവൻ മുട്ടുകാലിൽ നിന്ന് എഴുന്നേറ്റ് ഒരു ഭാണ്ഡവും തോളിലേറ്റി കൈയ്യിൽ വടിയുമെടുത്തു നടന്നു.
മൂന്ന് സമുദ്രങ്ങളിലെയും തിരകൾ അപ്പോൾ ശാന്തമായ് ഒന്നു ചേർന്ന് നഗ്നമാം ശരീരങ്ങൾ കെട്ടി പുണർന്ന് പ്രണയം കൈമാറും പോലെ കരയെ തഴുകി കൊണ്ടിരിന്നു.
ആ ജലത്തിലൂടെ കാലുകൾ നനച്ചു കൊണ്ടവൻ നടന്നു അകലെ ചുറ്റും ജലത്താൽ മൂടപ്പെട്ട ആ വലിയ പാറയിലെ മന്ദിരത്തിലേക്കായിരുന്നു അവന്റെ കണ്ണുകൾ
"ഭ്രാന്തൻ...ഭ്രാന്തൻ...."എന്നു പറഞ്ഞവിടെ തിരകളിൽ ഉല്ലസിച്ച് കൊണ്ട് നിന്നവർ ഓടി മാറി
വികൃതമായ പല്ലുകാട്ടിയവൻ ചിരിച്ചു
ഒരു ഗജത്തോളം പൊക്കമുള്ള ആ വടിയും കുത്തി പിടിച്ചുള്ള അവന്റെ നടത്തത്തിൽ അവനെക്കാൾ ഒരുപാട് വലുതായിരുന്നില്ല ആ വടിയുടെ ഉയരവും
തോളിലെ മാറാപ്പ് ഒരു ഭാരമായും ആ ശരീരം അറിയുന്നുണ്ടായിരുന്നില്ല അവന്റെ പാദങ്ങൾ താഴ്ന്ന കാൽപ്പാടുകൾ മായ്ക്കാൻ മൂന്നു സമുദ്രങ്ങളും കരയോട് കിന്നാരം പറയുന്ന ചലനങ്ങൾക്കപ്പോൾ ശക്തിയുണ്ടായിരുന്നില്ല.
കൈകൾ കൊണ്ട് കാടുകയറിയ തലമുടിയിൽ മാന്തിപ്പറിച്ചു കൊണ്ടവൻ പിറുപിറുത്തു
"ഭ്രാന്താലയത്തിലെ താമസക്കാരനായ ഞാൻ ഭ്രാന്തനല്ലാതെ മറ്റാരാണ് നിങ്ങളൊക്കെ പിന്നെ ആരാണ്......
ആരാണ്......"
ദൂരെ പാറയിലേക്ക് നേരെ നോക്കി ചോദിച്ചവൻ പൊട്ടിച്ചിരിച്ച് കൊണ്ട് വേഗത്തിലാ തിരകളിലെ വെള്ളം ചവിട്ടി തെറിപ്പിച്ച് കൊണ്ട് ഓടി.
നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നതും നോക്കി കിടക്കുന്നയവൻ ചിന്തിച്ചു ഇതിലേതായിരിക്കും ഈ ഭ്രാന്താലയത്തിൽ നിന്നും പോയ ആ ഭ്രാന്തി ഒരു കൈ കൊണ്ട് ആ ഭാണ്ഡകെട്ട് മുറുകെ പിടിച്ചിട്ടുണ്ട് വടിയും
ഈ ഭൂമിയുടെ അച്ചുതണ്ടിന്റെ കാവൽക്കാരനാണ് പോലും ഈ ഞാൻ എന്നിലാണ് ഈ ഭൂമിയുടെ ചലനമെന്ന്.....
ദുരാഗ്രഹങ്ങൾക്കും ദുഷ്ചിന്തകൾക്കും മനസ്സിനടിപ്പെട്ട് നിന്റെ പാദങ്ങൾക്ക് ബലക്ഷയം സംഭവിച്ചാൽ ഭൂമി നിലം പതിക്കും അതിനാൽ ഈ ഭ്രാന്താലയത്തിലെ ഭ്രാന്തില്ലെന്ന് നടിക്കുന്നവരുടെ ഇടയിൽ ഭ്രാന്തരായി നമുക്ക് ജീവിക്കാം ചോരയാം നൂലിഴകൾക്കുള്ളിലൂടെ നീ ആദ്യം കണ്ട കാഴ്ച ജ്വലിച്ചുയർന്നു ഉദിച്ചു വന്ന അഗ്നിഗോളം അതാട്ടെ നിന്റെ മാതാവ്
താരാട്ട് പാട്ടുമായ് കാതുകളിലേക്ക് വന്ന ഈ ജലാശയം ആകട്ടെ നിന്റെ പിതാവ് ഭൂമിപുത്രനായ് നീ വളര് അമ്മ ഉണരുന്നതും അച്ഛനിൽ ലയിക്കുന്നതും ഉദയാസ്തമനങ്ങളായി ഇവിടെ നിന്നു തന്നെ നിനക്ക് കാണാം ഭൂമി നിന്റെ കൈയ്യിൽ ആണ് അത് വീഴാതെ നീ കാത്തുകൊൾക.
ഭ്രാന്തി തളളയുടെ വാക്കുകൾ അവന്റെ ചെവികളിൽ തിരകളോടൊപ്പം അലയടിച്ചു.
ഭൂമിയ്ക്ക് കാവൽക്കാരനായവൻ എല്ലോർക്കും ഭ്രാന്തനായി....
ഈ ഭ്രാന്താലയത്താൽ വസിക്കുന്നവൻ ഭ്രാന്തനല്ലാതെ പിന്നെന്താണ് പിറുപിറുത്തു കൊണ്ടവൻ ഭാണ്ഡവും വടിയുമായ് കടലിലേക്ക് എടുത്തു ചാടി നീന്തി ആ പാറ ലക്ഷ്യമാക്കി
പാറയ്ക്കു മുകളിലെ തിരക്കുകളൊഴിഞ്ഞ് അടച്ചിട്ട മന്ദിരത്തിന്റെ മുന്നിൽ ഭാണ്ഡത്തിനുള്ളിലെ ചിത്രത്തിലെ രൂപവും മനസ്സിലോർത്ത് വെളളം ഇറ്റുവീഴുന്ന ശരീരത്തോടെയവൻ തപസ്സിരിക്കും പോലെ കണ്ണുകൾ അടച്ചവനിരുന്നു.
അകലെ നിന്നും ജ്വലിക്കുന്ന ഒരു ഗോളം പതിയെ പതിയെ വലയം ചെയ്ത് കണ്ണുകൾക്കരികിലേക്കായെത്തി അവൻ ആ ജ്വാലയ്ക്കകത്ത് കയറി ഉയർന്ന് ചുറ്റി പതിയെ നീലജലാശയത്തിലേക്ക് താഴ്ന്ന് താഴ്ന്ന് പോകുന്നതവൻ സ്വപ്നം കണ്ടു.
കണ്ണുകളിൽ മൃദുസ്പർശനമാം ചെറു ചൂട് കിരണങ്ങൾ ഏറ്റപ്പോൾ മാതാവിന്റെ വിളി കേട്ട പോലെ ആ മിഴികൾ തുറന്ന് ഉയർന്ന് വരുന്ന ആ സ്വർണ്ണ ഗോളത്തെ നമസ്കരിച്ചെഴുന്നേറ്റ് പുഞ്ചിരിയോടെ ഭൂമിയുടെ കാവലാൾ അവൻ കടലിലേക്ക് ചാടി നീന്തി വീണ്ടും കരയിലേക്ക്...
ഈ രാത്രിയാത്ര കണ്ട് അവനിലെന്തോ ദിവ്യത്വം കൽപ്പിച്ചു നൽകി ഭ്രാന്തില്ലെന്ന് കരുതുന്നവർ ചിലർ അവനെ അവരിലേക്കടുപ്പിക്കുവാൻ തീരുമാനിച്ചു.
താടിയും മുടിയും നീണ്ടു വളർന്ന ദീർഘമാം അവന്റെ മുഖം ഞങ്ങൾക്കുള്ള പുണ്യമുഖമാണെന്ന് ചിലർ.
സന്ധ്യകളിൽ മാതാവിനെ യാത്രയാക്കാൻ മുട്ടുകുത്തിനിൽക്കുന്നവൻ തങ്ങൾക്കവകാശപ്പെട്ടതാണെന്ന് വേറെ ചിലർ.
ഭ്രാന്തനല്ലവൻ അവതാരമെന്നും പുണ്യാളനെന്നും പ്രവാചകനെന്നുമവർ ആർത്തുവിളിച്ചു
മത്സരിച്ചവനിൽ തങ്ങളുടെ അടയാളചിഹ്നങ്ങൾ അടിച്ചേൽപ്പിച്ചു.
നിഷ്കളങ്കനായിരുന്ന അവൻ ഭൂമിയുടെ കാവൽക്കാരനാണ് താനെന്നും തന്റെ കാഴ്ചയിലെ ഉദയത്തിൽ കണ്ടതൊക്കെയാണ് തന്റെ മാതാപിതാക്കൾ എന്ന് നിനച്ചു ജീവിച്ച അവന്റെ മനസ്സിലും വിഷവിത്തുകൾ പാകി അവൻ തന്റെ പിറവിയെയും കുലത്തെയും കുറിച്ച് ചിന്തിച്ച് ആ വിത്തുകൾ മുള പൊട്ടി
കൈയിലെ ഭൂമിയിലെ നിയന്ത്രണം നഷ്ടമായി കാലുകൾ ബലം ക്ഷയിച്ചു..
ഭൂമി നിന്നു വിറച്ചു
ഭ്രാന്തില്ലാത്തവർ അവന് വേണ്ടി പോരടിച്ചു തങ്ങളിൽ ഓടുന്ന രക്തം പല നിറങ്ങൾ എന്ന് പറഞ്ഞ് പോരാടിയവർ നെഞ്ചു പിളർന്നും തലച്ചോർ ചിതറിയും ആ നിണം പുറത്തേക്കൊഴുകി ഒരേ നിറത്തിൽ ഭൂമിയിലേക്കവ വീണു ആ മണ്ണ് കുതിർന്നു ആ വിത്തുകൾ അവിടെ മുളപ്പൊട്ടി ഭൂമി മുഴുവൻ വ്യാപിച്ച് രക്തദാഹിയായ ഫലങ്ങൾ അടർന്ന് കൈയ്യിൽ ആയുധങ്ങളുമായി പോരടിച്ചു പച്ചമാംസം കരിയുന്നതിന്റെയും ചുടുചോരയുടെയും ഗന്ധം എവിടെയും നിറഞ്ഞു നിന്നു.
തിളയ്ക്കുന്ന ഗോളം പതിയെ ആഴങ്ങളിലേക്ക് അസ്തമിക്കുന്നത് നോക്കി നിന്ന അവന്റെ മനസ്സ് മന്ത്രിച്ചു
അമ്മേ ഈ അസ്തമനത്തോടൊപ്പം എന്നെയും കൊണ്ട് പോകുക എന്റെ മനസ്സും കളങ്കമായി എന്റെ ചോരയുടെ നിറവും ഞാനന്വേഷിച്ചു പോയി അമ്മ തന്ന ഭൂമിയുടെ കാവൽക്കാരൻ ഞാനല്ല ഈ അസ്തമനത്തോടൊപ്പം എന്നെയും ഭൂമിയേയും സ്വീകരിക്കുക ഇനി ഒരു ഉദയത്തിൽ പുതിയൊരു ഭൂമി ഇവിടെ ഉയിർത്തെഴുന്നേൽക്കട്ടെ..
അതിൽ ഭ്രാന്തില്ലാത്ത ജന്മങ്ങൾ അമ്മയുടെ ഉദയം കൺകളിൽ കണ്ട് പിറവിയെടുക്കട്ടെ.... ജലത്തിലേക്കാ പ്രകാശം പൂർണ്ണമായും കൺമറഞ്ഞ് കഴിഞ്ഞു.
മൂന്നു സമുദ്രങ്ങളിൽ നിന്നും വന്നൊരാ ഒറ്റയാം തിര അവന്റെ കൈയ്യിലെ ഭാണ്ഡവും വടിയും തട്ടിയെടുത്ത് ആഴങ്ങളിലേക്ക് പോയി.
അവനിൽ അടിച്ചേൽപ്പിച്ചിരുന്ന അടയാളചിഹ്നങ്ങൾ തൻ നിറം കലർന്ന
ഉടുത്തിരുന്ന വസ്ത്രങ്ങളും കൈയ്യിലെ ചരടും കഴുത്തിലെ മാലയും തലയിലെ തൊപ്പിയും ഊരിയെറിഞ്ഞവൻ നഗ്നനായി കടലിലേക്കെടുത്ത് ചാടി ആ പാറ ലക്ഷ്യമാക്കി നീന്തി പാറയ്ക്കരുകിലെത്തിയിട്ടും നിൽക്കാതെ അതും കഴിഞ്ഞവൻ മുന്നോട്ട്....മുന്നോട്ട്....
തന്റെ കൈകാലുകൾ കുഴഞ്ഞ് ആഴ്ന്ന് പോകാനെന്നവണ്ണം നീന്തി കൊണ്ടിരുന്നു....
സമുന്ദ്രത്തിനടിയിൽ അപ്പോൾ ഒരു അഗാധഗർത്തം രൂപപ്പെട്ടു അവനെ സ്വീകരിക്കുവാനായ്
ആ ആഴങ്ങളിലേക്കവൻ ജലവുമായ് തളർന്ന് താഴ്ന്ന് ആ ഗർത്തം ശക്തിയായ് ഒന്നാകവെ...
പുലരിയിൽ
ഉദിച്ചു വരുന്നയവൻ മാതാവാം ജ്വലിക്കുന്ന അഗ്നിഗോളത്തിനു കൺ തുറക്കുമ്പോൾ കാണുവാൻ ആദ്യത്തെ കാഴ്ചയുടെ ഉദയത്തിനായി പുതിയൊരു ഭൂമി നൽകുവാനായി മൂന്നു സമുദ്രങ്ങളുമൊന്നായ് ചേർന്ന് ഭൂമിയെ പുണരുവാനായി ഒരൊറ്റ തിരയായി ആകാശത്തോളം ഉയർന്നു കഴിഞ്ഞിരുന്നു....
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot