തിരുവില്വാമലയിലേക്ക് ടാക്സിയിലുള്ള യാത്രയിൽ വഴിയിലൂടെ കണ്ണോടിച്ചപ്പോൾ കൂടുതൽ വ്യത്യാസമൊന്നും മിഥുൻ കണ്ടില്ല.
പതിവ് പോലെ തന്നെ വാഹനങ്ങൾ , ആളുകൾ കുട്ടികൾ. പൊട്ടിപ്പൊളിഞ്ഞ വഴിയൊക്കെ ടാറിട്ടിരിക്കുന്നു. ചിലയിടത്ത് പുതിയ കെട്ടിടങ്ങൾ. ചപ്പും ചവറും വഴിയരികിൽ കൂടി വരുന്നതല്ലാതെ സാംസ്‌കാരിക വിദ്യഭ്യാസ ആളുകൾക്ക് മാലിന്യ സംസ്ക്കരണ വിവരത്തിലൊരു മാറ്റവും ഇല്ല.
കഷ്ടം താനടക്കമുള്ള വിദ്യാസമ്പന്നർ, മിഥുൻ സ്വയം പ്രാകി.
സർ തിരുവില്ല്യമാലയിൽ എവിടെത്തെയാ ? ടാക്സി ഡ്രൈവർ ചോദിച്ചു ?
നിങ്ങൾ തിരുവില്വാമല ആണോ വീട് ? മിഥുൻ തിരിച്ച് ചോദിച്ചു.
അതെ, കാട്ടുകുളത്താ വീട്, അവിടെ താമസിക്കുന്നു.
ഉം, മിഥുനൊന്ന് മൂളി എന്നിട്ട് പറഞ്ഞു
ഞാൻ, മുല്ലിശ്ശേരി പത്മനാഭൻ നമ്പൂതിരിയുടെ കൊച്ചു മോനാണ്, മിഥുൻ നമ്പൂതിരി.
പെട്ടെന്ന് ഡ്രൈവർ എന്തോ ആലോചിക്കുന്ന പോലെ മൗനം പാലിച്ചു. എന്തൊക്കെയോ ഓർത്തെടുക്കുന്ന പോലെ. എന്നിട്ടൊന്നും ഭാവിക്കാത്ത പോലെ ചോദിച്ചു.
"അയ്യോ സാർ അവിടത്തെ ആണോ, എനിക്കങ്ങ് മനസ്സിലായില്ല കേട്ടോ"
എന്നാൽ മിഥുൻ അയ്യാളെ മിററിലൂടെ കാണുന്നുണ്ടായിരുന്നു.
അറിയാമോ ഇല്ലവും മുത്തശ്ശനേയും മുത്തശ്ശിയേയുമൊക്കെ?
"അറിയുമോന്നോ , അവരെ അറിയാത്തതാര് ആരാ ഈ നാട്ടിൽ"
"ഞാൻ കുഞ്ഞിലേ കണ്ടതാ മോനെയൊക്കെ, ഞാനിവിടെ ടാക്സിയോടിക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. ആദ്യം അംബാസിഡറായിരുന്നു. ഈയിടക്കാ ഈ ഇന്നോവ വാങ്ങിയത്. അംബാസിഡറിന് ക്ഷയം വന്ന് തീരെ അവശയായപ്പോൾ തൃശ്ശൂർ പട്ടാളം ചന്തയിൽ പൊളിക്കാൻ കൊടുത്തു.
പിന്നെ മുന്നേ കുറച്ച് നാൾ ടിപ്പർ ലോറി ഓടിച്ചിരിന്നു. മണൽ വേട്ടക്കിടെ അകത്തായി. രണ്ട് ദിവസം സ്റ്റേഷനിൽ കിടന്നു. മുതലാളിമാർ വന്നിറക്കി. അവർക്കെന്താ കുഴപ്പം കഷ്ടപ്പാട് നമ്മളെപ്പോലുള്ളവർക്കല്ലേ. അതോടെ ആ പണി നിർത്തി വീണ്ടും ടാക്‌സിയിലേക്ക് വന്നു.
പിന്നെ മുന്നേ കുറച്ച് നാൾ ടിപ്പർ ലോറി ഓടിച്ചിരിന്നു. മണൽ വേട്ടക്കിടെ അകത്തായി. രണ്ട് ദിവസം സ്റ്റേഷനിൽ കിടന്നു. മുതലാളിമാർ വന്നിറക്കി. അവർക്കെന്താ കുഴപ്പം കഷ്ടപ്പാട് നമ്മളെപ്പോലുള്ളവർക്കല്ലേ. അതോടെ ആ പണി നിർത്തി വീണ്ടും ടാക്‌സിയിലേക്ക് വന്നു.
തിരുവില്വാമല പുനർജനി ഗുഹ കാണാൻ വന്ന ചിലരെ ഷൊറണൂർ കൊണ്ടുവിടാൻ പോയതാ, തിരിച്ചു പോരാൻ തുടങ്ങുമ്പോഴാ സാർ ഓട്ടം പോകുമോ എന്ന് ചോദിച്ചത്.
ഇല്ലത്തെ പല ഓട്ടങ്ങൾക്കും വന്നിട്ടുണ്ട്. ഈ കഴിഞ്ഞ ആഴ്ച്ച കൂടി മുത്തശ്ശനെ വരിക്കാശ്ശേരി മനയുടെ അടുത്ത് ഏതോ പഴയ ചങ്ങാതിയെ കാണാൻ കൊണ്ടോയിരുന്നു. വയസ്സായെങ്കിലും നല്ല ഓർമ്മയാ പഴയ ചങ്ങാതിമാരെ. എന്നാലും പഴയ പോലെ ഒന്നും നടക്കാൻ വയ്യ മൂപ്പർക്ക്.
"മുത്തശ്ശനെ വിളിക്കുമ്പോൾ പറയാറുണ്ട് വിശേഷങ്ങളൊക്കെ. ചേട്ടന്റെ വണ്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്" മിഥുൻ അയാളുടെ സംസാരം രസിച്ച് പറഞ്ഞു
ചേട്ടന്റെ പേരെന്താണ് ?
"മനോജ് "
മനോജിന്റെ കുടുംബം ?
"എന്റെ ഭാര്യ സൂസൻ. ഒരു പാലാക്കാരൻ അച്ചായന്റെ മോളാ . ഒരു ഒളിച്ചോട്ടം. ഇത് വരെ കുഴപ്പമില്ല , ആദ്യമൊക്കെ ഒത്തിരി പ്രശ്നമായിരുന്നു. ഒരു മോളുണ്ടായപ്പോൾ വഴക്കൊക്കെ മാറി. ഇപ്പോൾ നല്ല സ്നേഹമാ എനിക്ക് രണ്ട് കുട്ടികൾ . മൂത്തവൾ അന്ന സൂസൻ മനോജ്, മലയാളം സാഹിത്യം പഠിക്കുന്നു. മോൻ അഭിജിത് മനോജ്, ഡിഗ്രി ഇംഗ്ലീഷ് സാഹിത്യം ഒന്നാം വർഷം"
ഉം, വിദ്യാഭാസം കൊടുത്ത് വളർത്തുന്ന കുട്ടികൾ ആണെന്ന താല്പര്യത്തോടെ മിഥുൻ മൂളി.
"അല്ല, സർനു എന്താ ജോലി ഞാനിതു വരെ ചോദിച്ചിട്ടില്ല മുത്തശ്ശനോട്"
ഞാനൊരു സർക്കാരുദ്ദ്യോഗസ്ഥാനാണ്, മുംബൈയിലാണ്.
"എത്ര നാളുണ്ടാവും സാറേ നാട്ടിൽ?"
കുറച്ച് ദിവസം അവധിയെടുത്ത് പോന്നു. മുത്തശ്ശിടെം മുത്തശ്ശൻറേം അടുത്ത് കുറച്ച് നാൾ.
സാറിന്റെ കുടുംബം ?
"വിവാഹം കഴിച്ചിട്ടില്ല"
അപ്പൊ സാർ സന്യസിക്കുവാണോ?
"ഹാ ഒരു തരം സന്യാസമെന്ന് വേണേൽ പറയാം , വിവാഹം കഴിക്കാൻ തോന്നിയില്ല"
അതെന്താ സാറേ? മനോജ് ചോദിച്ച് കൊണ്ടിരുന്നു.
മിഥുൻ സാധാരണ നാട്ടിൻപ്പുറത്ത്കാരനെപ്പോലെ മറുപടി പറഞ്ഞ് കുശലം പറഞ്ഞു കൊണ്ടിരുന്നു. ആരും അറിയാൻ പാടില്ല. ഓപ്പോളിന്റെ മരണ കാരണം അന്യോഷിക്കാനും കണ്ടെത്താനുമാണ് തന്റെ വരവെന്ന്. മുത്തശ്ശനും മുത്തശ്ശി പോലും.
അപ്പോഴേക്കും ഇല്ലം എത്തി. ഒരു പ്രത്യേക അന്തരീക്ഷവും വായുവും. വണ്ടിയിൽ നിന്നിറങ്ങി മിഥുൻ ഒരു ദീർഘ ശ്വാസമെടുത്തു വിട്ടു. മുംബയിലെ മലിനമായ വായു പുറന്തള്ളുന്ന പോലെ.
ഇല്ലവും പരിസരവും നല്ല വൃത്തിയായി കിടക്കുന്നു. മുറ്റത്ത് നിൽക്കുന്ന ചക്കരമാവിന്റെ ചുവട്ടിലേക്ക് നോക്കി. ഒരു നിമിഷം മിഥുന്റെ ചിന്തകൾ പുറകിലേക്ക് പോയി.
"ഉണ്ണ്യേ, മോനെ ഉണ്ണ്യേ"
എന്താ ഓപ്പോളേ ?
"എവിടാടാ കണ്ണാ നീയ്"
ഞാനിവിടുണ്ട് ഓപ്പോളേ, പിന്നാമ്പുറത്തുണ്ട് .
"വേഗം വന്നേ നീയ് മുറ്റത്തെ മാവിൻ ചുവട്ടിൽ മാമ്പഴം വീണിട്ടുണ്ട്. കുറെ ഉണ്ട് ഉണ്ണ്യേ"
"ദാ വരണ്"
എന്തോരും മാമ്പഴാ ഓപ്പോളേ
"എന്റെ ഉണ്ണിക്ക് ഇഷ്ടല്ല്യേ ചക്കരമാമ്പഴം. തിന്നോളൂട്ടോ വയർ നിറച്ച് തിന്നോളൂ"
ഓപ്പോളിനു വേണ്ടേ?
"ഓപ്പോൾ തിന്നോളാം. ഇപ്പൊ വിശക്കണില്ല്യ. കുറച്ച് മുന്ന്യേ മുത്തശ്ശി പൂളി തന്നൂട്ടോ. ഉണ്ണി സ്‌കൂളിൽ പോയേക്കാരുന്നില്ല്യേ"
എനിക്ക് ഓപ്പോൾ പൂളി തരണം.
"കടിച്ച് തിന്നുകയാ രുചി ഉണ്ണ്യേ"
പറ്റില്ല്യ, എനിക്കെന്റെ ഓപ്പോൾ പൂളി തരണം. ഓപ്പോളിൻറ്റെജ് മടിയിലിരുന്ന് എനിക്ക് തിന്നണം. ഉണ്ണി കൊഞ്ചിക്കൊണ്ടു പറഞ്ഞു.
"ഈ ഉണ്ണീടെ ഒരു കാര്യേ. വാ ഓപ്പോൾ എന്റെ ഉണ്ണിക്ക് പൂളി തരാലോ"
ഓപ്പോളിന്റെ മടിയിലിരുന്ന് ഉണ്ണി പറഞ്ഞു; "ഓപ്പോൾ തന്നോണ്ടാവും ചക്കരമാമ്പഴത്തിനു തേനിന്റെ രുചി"
അമ്പടാ കള്ളാ കണ്ണാ , നിന്നെ ആരാ ഇങ്ങനൊക്കെ പറയാൻ പഠിപ്പിച്ചെ?
ആരാ അത് , ആരാ വണ്ടിയിൽ വന്നേക്കണത്? ഉമ്മറത്ത് നിന്നുള്ള ശബ്ദം മിഥുന്റെ ചിന്തയെ മുറിച്ച് കളഞ്ഞു.
മുത്തശ്ശൻ, കവിഞ്ചിയിലിരുന്നു മുത്തശ്ശൻ വണ്ടി കണ്ടപ്പോൾ പറഞ്ഞതാണ്. മിഥുൻ ഇല്ലത്ത് വരുന്ന കാര്യം പറഞ്ഞിരുന്നില്ല. മുത്തശ്ശനും മുത്തശ്ശിക്കും ഒരാശ്ചര്യമാകട്ടെന്നു കരുതി.
മിഥുന്റെ കണ്ണിൽ നനവ് പടർന്നിരുന്നു, അത് തുടച്ച് കളഞ്ഞ് മിഥുൻ കാലുകൾ കഴുകി ഉമ്മറത്തേക്ക് കേറി.
മൂത്തശ്ശാ....മിഥുൻ വിളിച്ചു.
ഈശ്വരാ ആരാത്, ഉണ്ണിയോ. ദേവിയെ ഞാനെന്താ ഈ കാണണത്. എന്താ ഉണ്ണ്യേ പറയാതെ വന്നേ?
മിഥുൻ മുത്തശ്ശന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി.
മുത്തശ്ശൻ അവന്റെ തലയിൽ തലോടി അനുഗ്രഹിച്ചു.
മുത്തശ്ശി എന്ത്യേ മൂത്തശ്ശാ?
ആ അത് പറയാൻ മറന്നു. അങ്ങ് ലക്കിടിയിൽ മേമന തറവാട്ടിൽ ഇന്ന് കുടുംബ ക്ഷേത്ര ഉത്സവവും ആറാട്ടുമാണ്. അങ്ങട് പോയേക്കുവാ. ഞാൻ പോയില്യ ...വയ്യെന്ന് തോന്നി. കുറച്ച് കഴിയുമ്പോ വരും. ഉണ്ണി പോയി കുളിച്ച് വാ. അടുക്കളേൽ ഭവാനിയമ്മ ഉണ്ടാവും , എന്തേലും വാങ്ങി കഴിക്ക്യാ.
ശരി മുത്തശ്ശാ..!
മിഥുൻ അകത്തേക്ക് പോകാൻ നേരം. മുറ്റത്ത് നിൽക്കുവാരുന്ന മനോജ് ലഗ്ഗേജ് എടുത്ത് വരാൻ നേരം,
അയ്യോ ഞാനതങ്ട് മറന്നു.
ലഗേജ് ഞാനെടുത്തോളാം മനോജ് ഏട്ടൻ ബുദ്ധിമുട്ടണ്ടാട്ടോ.
"ഇതിലൊന്നും ഒരു ബുദ്ധിമുട്ടും ഇല്ല സാറേ. ഇത് എന്റെ കുടുംബം പോലെ തന്നെയാ"
സാരല്യ , ഞാനെടുത്തോളാം . കാശ് എത്രയായി?
"അത് ഞാൻ പിന്നെ വാങ്ങിക്കോളാം"
ശരി.
മിഥുൻ അകത്തേക്ക് കയറി.
മിഥുന്റെ മുറിയുടെ ഭാഗത്തേക്ക് നടക്കുമ്പോൾ അടച്ചിട്ടിരിക്കുന്ന ആ മുറിയുടെ ഭാഗത്തേക്ക് നോക്കി. പിന്നെ തിരിഞ്ഞ് സ്വന്തം മുറിയിലേക്ക് നടക്കുമ്പോൾ.
"ഉണ്ണ്യേ, കളി കഴിഞ്ഞ് വരാൻ വൈകിയല്ലേ. ആരും കണ്ടില്ലെന്നാ വിചാരം കള്ളൻ. വേറാരും കണ്ടിട്ടിട്ടില്ലാട്ടോ , വേഗം കുളിച്ചിട്ട് നാമം ജപിക്കാൻ വാ. മുത്തശ്ശി കാണണ്ട"
"പിന്നെ ഓപ്പോൾ മുറിയിൽ മധുരം വെച്ചിട്ടുണ്ട് , കോളേജിന് കിട്ടീതാ , ഉണ്ണിക്ക് ഇഷ്ടല്ല്യേ എന്നോർത്തപ്പോൾ കൊണ്ടോന്നു. അതും കഴിച്ചോട്ടോ എന്റെ ഉണ്ണി"
ഓപ്പോൾ ..!
അവൻ തിരിഞ്ഞ് നോക്കി ആരെയും കണ്ടില്ല
പണ്ട് വീട്ടിലെ ജോലിക്കാരുടെ പിള്ളേരുമായി ഓടിക്കളിക്കാൻ പോകുമായിരുന്നു മിഥുൻ. ചിലപ്പോൾ വൈകി വരുമ്പോൾ ഒളിച്ചാണ് മുറിയിലേക്കു പോവ്യാ. എങ്ങനെ ഒളിച്ച് പോയാലും ഓപ്പോൾ കണ്ടു പിടിക്കും. പാവം ഒന്നും പറയില്ല്യ. ന്തേലും തിന്നാൻ കിട്ടിയാൽ ഓപ്പോൾ തിന്നില്യാ കൊണ്ടോന്നു തരും.
മിഥുൻ വിതുമ്പി പോയി.
ഓപ്പോളിന്റെ സ്വരവും സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന ഇല്ലം.
ഓപ്പോളേ...... മിഥുൻ നീട്ടി വിളിച്ചു.
എന്താ ഉണ്ണ്യേ , വിളിച്ചാരുന്നോ , ആരോടാ സംസാരിക്കണേ നീയ്. മുത്തശ്ശൻ വിളിച്ച് ചോദിച്ചു.
ഒന്നൂല്യ മുത്തശ്ശാ, മൊബൈലിന്നാ.
മിഥുൻ, മുറിയിൽ കയറി വാതിലടച്ചു. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ മൊബൈലെടുത്ത് ആരെയോ വിളിച്ചു.
തുടരും....
BY: Jijo Puthanpurayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക