നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവല്‍ : അഘോര - 1

നോവല്‍ : അഘോര
രചന : അജ്മല്‍ സികെ
മഴ ശക്തിയായ് തലയ്ക്ക് മുകളില്‍ വീശിയടിച്ചപ്പോഴാണ് സ്വപ്‌നത്തില്‍ നിന്ന് അവന്‍ ഉണര്‍ന്നത്... എവിടെയാണ് താനിപ്പോള്‍ മഹി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. മുറിയില്‍ ഉറങ്ങി കിടന്ന താനെങ്ങനെ ഈ കരിയിലക്കാട്ടിലെത്തി....ആ നശിച്ച സ്വപ്നം വീണ്ടും തന്നെ തേടിയെത്തിയിരിക്കുന്നു. കുഞ്ഞുനാളില്‍ ഇതുപോലെ ഉറക്കത്തില്‍ ഇറങ്ങിനടക്കാറുണ്ടായിരുന്നു... പതിവായ് കാണുന്ന സ്വപ്‌നത്തിന്റെ അകമ്പടിയെന്നോണം... ചുമ്മാ ഇങ്ങനെ നടക്കും.... ചിലപ്പോള്‍ കിലോമീറ്ററുകളോളം... ഉറക്കം തെളിയും വരെ... പക്ഷെ മനയില്‍ നിന്ന് വടക്ക് ഭഗത്തേക്കായിരുന്നു.. എന്നും ഈ സ്വപ്‌നാടനം...
മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന കറുത്ത ചുണ്ടുകളും ജടപിടിച്ച താടിയും ഭസ്മം വാരി പൂശിയ ശരീരവും ഉള്ള ആജാനുബാഹു ... ആജ്ജാനുവര്‍ത്തികളെന്നോണം മന്ത്രക്കളത്തിന് പുറത്ത് അക്ഷമരായി കാത്തിരിക്കുന്ന ചെന്നായകള്‍.... ഇണ ചേര്‍ന്നൊടുവില്‍ ബലിക്കല്ലില്‍ തല തല്ലി ചാവുന്ന കരിനാഗങ്ങള്‍... ആളിക്കത്തുന്ന തീനാളങ്ങള്‍ക്കൊപ്പം പൂര്‍ണ്ണ നഗ്നരായി ബലിക്കല്ലിന്റെ മുകളില്‍ നൃത്തം വെച്ച് ധമനികളിലൂടെ ചോരവാര്‍ന്ന് മരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍... അങ്ങനെയെന്തൊക്കെ സ്വപ്‌നങ്ങളാണ് കുഞ്ഞുനാളില്‍ പതിവായ് തന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.... അവയൊക്കെ വീണ്ടും കാണാന്‍ തുടങ്ങിയിരിക്കുന്നു... തന്റെ അമ്മാവന്‍ ദത്തന്‍ തിരുമേനി ജപിച്ച് തന്ന മന്ത്ര തകിട് ധരിച്ചതില്‍ പിന്നെ ഈ സ്വപ്‌നങ്ങള്‍ തന്നെ തേടി വരാറില്ലായിരുന്നു...
മഹി ചുറ്റിലും നോക്കി... താനിതെവിടെയാണ്... മൂടിക്കിടക്കുന്ന കരിയിലക്കാടുകള്‍.. നാഗങ്ങളെ പോലെ തൂങ്ങിയാടുന്ന കാട്ടുവള്ളികള്‍ ... നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് പെയ്‌തൊഴിയുന്ന മഴത്തുള്ളികള്‍.... ഭീതിപ്പെടുത്തുന്ന ഓരിയിടലുകള്‍... തിരിഞ്ഞു നടക്കാന്‍ വഴി തിരയുമ്പോഴാണ് മഹി ആ കാഴ്ച്ച കണ്ടത്.... വീശിയടിച്ച കാറ്റില്‍... കരിയിലകള്‍ വകഞ്ഞുമാറ്റി തെളിഞ്ഞുവന്ന ബലിക്കല്ല്...... പൊടുന്നനെ മിന്നല്‍ വെളിച്ചത്തില്‍ മിന്നായം പോലെ അവന്‍ കണ്ടു ബലിക്കല്ലിന് മുകളില്‍ ഇണ ചേരുന്ന കരിനാഗങ്ങളെ... ഭയചകിതനായ് ലക്ഷ്യമില്ലാതെ തിരിഞ്ഞോടി... എത്രദൂരം ഓടിയെന്നറിയില്ല.... തളര്‍ന്ന് തലയടിച്ച് വീണതും... തലപൊട്ടി ചോരയൊഴുകിയതും ബോധം മറഞ്ഞതും ഒന്നും അവന്‍ അറിയുന്നുണ്ടായിരുന്നില്ല.....
ഉച്ചവെയില്‍ മുഖത്തടിച്ചപ്പോള്‍ പതിയെ കണ്ണുകള്‍ തുറന്ന് ഇന്നലെ നടന്ന ഓരോന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു മഹി... എല്ലാം ഒരു ദുസ്സ്വപ്‌നമായിരുന്നെങ്കില്‍... പക്ഷെ താനിതെവിടെയാണ്... എഴുന്നേറ്റ അവന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി... താന്‍ തലവെച്ച് കിടന്നുറങ്ങിയത് ഇന്നലെ നാഗങ്ങളെ കണ്ട ആ ബലിക്കല്ലില്‍...
നാഗങ്ങളെ കണ്ട് ഭയന്നോടിയ താനെങ്ങനെ വീണ്ടും ഇവിടെ തിരികെയെത്തി?
എത്ര ആലോചിച്ചിട്ടും മഹിക്ക് ഉത്തരം കിട്ടിയില്ല... തലയ്ക്ക് വല്ലാത്ത കനം പോലെ... ബലിക്കല്ലിന് താഴെ തന്റെ തലപൊട്ടി ഒഴുകിയ ചോര തളം കെട്ടി നില്‍ക്കുന്നു... വേച്ച് വേച്ച് മഹി കരിയിലക്കാടിന്റെ പുറത്തേക്ക് നടന്നു...
താന്‍ സ്വപ്‌നങ്ങളില്‍ മാത്രം കണ്ടിരുന്ന ആ ബലിക്കല്ലും നാഗങ്ങളും പച്ചയായ് താന്‍ മുന്നില്‍ കണ്ടിരിക്കുന്നു... അപ്പോള്‍ ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം?
ശരീരമാസകലം നീര് വന്ന് തിണര്‍ത്തിരിക്കുന്നു. വിശപ്പും ദാഹവും കൊണ്ട് അവശനായിരിക്കുന്നു. കുറച്ച് മുമ്പോട്ട് നടന്ന മഹി എത്തിച്ചേര്‍ന്നത് ഒരു പുഴക്കടവില്‍.. പുഴയില്‍ നിന്ന് ദാഹം തീരുവോളം വെള്ളം മുക്കിക്കുടിച്ച് കടത്തുകാരനോട് ഇല്ലത്തേക്കുള്ള വഴിചോദിച്ച മഹിക്ക് വീണ്ടും തല ചുറ്റുന്നത് പോലെ തോന്നി..
' കടവ് കടന്ന്... 12 നാഴിക കാള വണ്ടിയില്‍ പോകാനുള്ള ദൂരമുണ്ട് അവിടേക്ക്.... '
അപ്പോള്‍ അത്രയും ദൂരം താനിന്നലെ രാത്രി സ്വപ്‌ന സഞ്ചാരം നടത്തിയിരിക്കുന്നു... എങ്കിലും ഈ പാതിരാത്രി താനെങ്ങനെ ഈ പുഴ കടന്നിരിക്കും... കടത്ത് വഞ്ചി 7 മണി ആവുമ്പോഴേക്ക് തുഴ നിര്‍ത്താറുണ്ടെന്ന് കടത്തുകാരന്‍ പയ്യന്‍ പറഞ്ഞ സ്ഥിതിക്ക്്.
തിരികെ വീട്ടിലെത്തിയപ്പോള്‍ പാതിരാവായിരിക്കുന്നു.. ദത്തന്‍ തിരുമേനിയും നങ്ങേലി അമ്മൂമയും പൂമുഖത്ത് അക്ഷമരായി ഉലാത്തുന്നുണ്ട്... കാളവണ്ടിയില്‍ മഹി ഇറങ്ങിവരുന്നത് കണ്ട്.... നെടുവീര്‍പ്പോടെ ദത്തന്‍ തിരുമേനി നടുമുറ്റത്തേക്കിറങ്ങിവന്നു...
'എവിടെയായിരുന്നു കുട്ട്യേ.... ഞങ്ങളെ തീ തീറ്റിച്ചു കളഞ്ഞല്ലോ നീ... പാതിരാത്രി ഉറങ്ങാന്‍ കിടന്ന ആളെ രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കാണാതാവ.... ശിവ ശിവ എന്തായിത് മറിമായം...'
അങ്ങനെ നിരവധി അനവധി ചോദ്യങ്ങള്‍.. ഒന്നിനും മറുപടി കൊടുക്കാതെ ആര്‍ക്കും മുഖം കൊടുക്കാതെ മഹി തന്റെ റൂമിലേക്ക് നടന്നു... അല്ലെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്ന പതിവില്ല തനിക്ക് പണ്ട് മുതലെ... മൗനമാണ് തന്റെ പതിവു ശൈലി.. ഉത്തരങ്ങളില്ലാതെ ചോദ്യങ്ങള്‍ ഒരുപാടുണ്ടായപ്പോള്‍ ജീവിതം തന്നെ നിഗൂഢതയുടെ പര്യായമായപ്പോള്‍ അറിഞ്ഞു കൊണ്ട് സ്വീകരിച്ച മാര്‍ഗമായിരുന്നു അത്..
റൂമിലെത്തിയതും.. കട്ടിലിലേക്ക് വീണു മഹി.. ക്ഷീണം വിശപ്പ് ഇവ രണ്ടും കൂടെ ഒരു ഉന്മാദാവസ്ഥയിലെത്തിച്ചിരിക്കുന്നു അവനെ.... വീണ്ടും ഉറക്കം തന്റെ കണ്ണുകളില്‍ നിറയുന്നു... ആ സ്വപ്‌നം വീണ്ടും തന്നെ തേടിവരല്ലേയെന്നോര്‍ത്ത് മഹി കണ്ണുകള്‍ ഇറുകെയടച്ചു..
തുടരും....
(NB: ഹൊറര്‍ നോവല്‍ എഴുതി പരിചയമില്ല... കുറച്ച് നാളുകളായി മനസ്സില്‍ രൂപം കൊണ്ട് ഒരു കഥ ചുമ്മാ എഴുതി നോക്കുകയാണ്... തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക)

Ajmal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot