മറക്കില്ലൊരിക്കലും -
ഭാഗം 2
വാസുദേവ കൈമൾ എന്ന, നിറഞ്ഞ സ്വരമാധുരി ഉണ്ടായിട്ടും അറിയപ്പെടാതെ പോയ ആ വലിയ കലാകാരന് മുൻപിൽ ദക്ഷിണ വയ്ക്കുമ്പോൾ, ഒരു ലക്ഷ്യമേ ഹരി ഗോവിന്ദനുണ്ടായിരുന്നുള്ളൂ... എത്രയും പെട്ടന്ന് ചലച്ചിത്ര ലോകത്തെ പിന്നണി ഗായകനാവുക.
ഭ്രമിപ്പിക്കുന്ന സിനിമ ലോകത്തിന്റെ മാസ്മരികത.... ചുറ്റും കൂടി നിന്ന് ആർപ്പു വിളിക്കുന്ന ആരാധക സമുദ്രം.. ഇതൊക്കെയായിരുന്നു ഹരിയുടെ സ്വപ്നം. സംഗീതം ഇതൊന്നുമല്ലെന്നും അതൊരു തികഞ്ഞ ജീവിത സപര്യയാണെന്നും പറഞ്ഞു കൊടുത്തത് കൈമൾ മാഷാണ്. മാഷിന്റെ മൂത്ത മകളായിരുന്നു മീനാക്ഷി. അവളെ എന്നു മുതലാണ് താൻ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല. സംഗീത ക്ലാസ്സുകളിൽ ഒന്നിൽ, അച്ഛനൊപ്പമിരുന്ന് തംബുരു മീട്ടുന്ന അവളുടെ കണ്ണുകൾ, തന്റെ കണ്ണുകളെ വലിച്ചടുപ്പിച്ചതാവാം.
അവർ പ്രണയിച്ചു.... സംഗീത ക്ലാസ്സുകളിൽ... വീടിന്റെ ഇടനാഴിയിൽ... അങ്ങനെ അങ്ങനെ...
ഇളയവൾ മാളവികയല്ലാതെ ആരും ആ രഹസ്യം അറിഞ്ഞിരുന്നില്ല....
ഇളയവൾ മാളവികയല്ലാതെ ആരും ആ രഹസ്യം അറിഞ്ഞിരുന്നില്ല....
നാല് വർഷത്തെ പഠനത്തിന് ശേഷമാണ്, സംഗീത കോളേജിൽ പോയി പഠിക്കണമെന്ന മോഹവുമായി ഹരി കൈമൾ മാഷിനോട് യാത്ര പറയുന്നത്. അന്ന്, ആമ്പൽ പൂക്കൾ നീന്തി തുടിക്കുന്ന ആ കടവിൽ, ഒരു സന്ധ്യാ നേരത്ത അവളോട് അവസാനമായി യാത്ര പറയുമ്പോഴും, ഹരിയുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു. കരിമഷിയിട്ട വലിയ കണ്ണുകൾ നിറഞ്ഞ് നിന്ന് അവൾ ചോദിച്ചു, " മറക്കുവോ.... എന്നെ.... " അതിന് മറുപടി എന്നവണ്ണം അവൻ അവളെ വാരി പുണർന്നു. നെറുകയിൽ അമർത്തി ചുംബിച്ചു..... " മരിച്ചാലും മറക്കില്ല..... ".
ആ സംഗീത കോളേജിൽ വച്ചാണ് ഹരി, വേണിയെ പരിചയപ്പെടുന്നത്. ആദ്യാമാദ്യം അവളൊരു സുഹൃത്ത് മാത്രമായിരുന്നു. പിന്നീടെപ്പോഴോ ഒരു സ്വാർത്ഥമായ ആഗ്രഹം ഹരിയിൽ കടന്ന് കൂടി. കാരണം, സിനിമാ ലോകത്തെ പ്രശസ്ത സംഗീത സംവിധായകൻ ജയകാന്തന്റെ മകളായിരുന്നു വേണി. വേണിയുടെ ആലോചന ഹരിയുടെ വീട്ടിലെത്തിയപ്പോൾ തന്നെ അവൻ മൗനാനുവാദം നൽകിയതും അതുകൊണ്ടായിരുന്നു..
മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം കൈമൾ മാഷിന്റെ വീടിന്റെ പടികൾ കയറുമ്പോൾ, ഹരി അറിഞ്ഞു, ആ പഴയ പാദസര കിലുക്കം, അങ്ങകലെ എവിടെ നിന്നോ ഓടിയടുക്കുന്നുവെന്ന്... ഓടി കിതച്ചു്, മീനാക്ഷി ഹരിക്കരികിൽ വന്ന നിന്നു. അവൻ പുഞ്ചിരിക്കാൻ പ്രയാസപ്പെട്ടു.... " എന്നേലും വരുമെന്നറിയാമായിരുന്നു..... " പരിഭവമുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്. "വരൂ... അച്ഛനും... കാത്തിരിക്യാ.... "
മാഷിന്റെ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങിച്ചു്, ഹരി അദ്ദേഹത്തിന്റെ അരികിലിരുന്നു. വിശേഷങ്ങൾ പങ്കുവച്ചു. ഒടുവിൽ മടിച്ചു മടിച്ചു്, അവൻ ഒരു കല്യാണക്കുറി മാഷിന്റെ കൈകളിൽ ഏൽപ്പിച്ചു. "എന്റെ വിവാഹമാണ്..... " പെട്ടെന്ന് പിറകിൽ ഗ്ലാസ് വീണുടയുന്ന ശബ്ദം കേട്ട് ഹരി തിരിഞ്ഞു നോക്കി.. വാതില്പടിക്കരികിൽ മീനാക്ഷി തരിച്ചു നിൽക്കുന്നു... ചായഗ്ലാസ്സ് താഴെ വീണുടഞ്ഞു കിടക്കുന്നു.
" എന്തെ.. കുട്ട്യേ... " മാഷ് വിളിച്ചു ചോദിച്ചു. " അത്... ഞാൻ... വാതിൽപടി ശ്രദ്ധിച്ചില്ലച്ഛാ... " മീനാക്ഷി ഉത്തരത്തിനായി തപ്പി തടഞ്ഞു. അവൾ ഗ്ലാസ്സ് ചില്ലുകൾ പെറുക്കിയെടുക്കുന്നതായി ഭാവിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവ മറയ്ക്കാൻ അവൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ചില്ലുകൊണ്ട് അവളുടെ കൈ മുറിയുകയും ചെയ്തു.
" സാരല്യ.. നീയതിനി എടുക്കാൻ നിൽക്കണ്ട " അച്ഛന്റെ ശാസന കേൾക്കാൻ കാത്തിരുന്ന വണ്ണം മീനാക്ഷി അകത്തേക്കോടി.
മാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ഹരി ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഉമ്മറ തിണ്ണയിലോ പടിപ്പുരയിലോ വച്ച് ആ മുഖം വീണ്ടും കാണാൻ അവൻ ആഗ്രഹിച്ചു.
മാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ഹരി ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഉമ്മറ തിണ്ണയിലോ പടിപ്പുരയിലോ വച്ച് ആ മുഖം വീണ്ടും കാണാൻ അവൻ ആഗ്രഹിച്ചു.
തുടരും
ജ്യോതി ലക്ഷ്മി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക