Showing posts with label MuneerChoorappulakkal. Show all posts
Showing posts with label MuneerChoorappulakkal. Show all posts

#കൂടിക്കാഴ്ച.

ഉച്ചഭക്ഷണം കഴിക്കാനായിട്ട് ഹോട്ടൽ ലക്ഷ്യമാക്കി ഇറങ്ങിയതായിരുന്നു ഞാൻ, വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന റോഡിലെ എതിർ സൈഡിലേക്ക് വെറുതെയൊന്നു നോക്കിയതും ഞാനൊന്നു ഞെട്ടിയതും ഒരുമിച്ചായിരുന്നു,
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഈശ്വരാ..., ഞാനീ കാണുന്നത് സത്യമാണോ?, ഒരാളെപ്പോലെ ഏഴ് പേരുണ്ടെന്നൊക്കെ ആരൊക്കെയോ എവിടൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്, ഇതും അതുപോലെയൊരു അപരനാകമോ..? അതോ ഒറിജിനൽ തന്നെയാകുമോ? ഞാൻ റോഡിന്റെ ഇപ്പുറം നിന്നുകൊണ്ട് വീണ്ടും സൂക്ഷിച്ചു നോക്കി, അല്ല, ഇത് അപരനല്ല, ഒറിജിനൽ തന്നെയാ....,ഫോട്ടോയിൽ കണ്ടപ്പോഴും ഇതുപോലെ തന്നെയാ എനിക്ക് തോന്നിയിട്ടുള്ളത്, എന്തായാലും റോഡ് മുറിച്ചുകടന്ന് അടുത്തുചെന്ന് ഒന്നു പരിചയപ്പെടുക തന്നെ....,
റോഡ് മുറിച്ചുകടക്കാൻ വേണ്ടി റോഡിന്റെ ഒരു വശത്തു കയറിയതും വാഹനങ്ങൾക്ക് സ്പീഡ് കൂടിയതുപോലെ, തോന്നലല്ല, സത്യം തന്നെയാണ്, ആരെങ്കിലുമൊന്ന് റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് കണ്ടാൽ വാഹനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നവരാ ബഹുഭൂരിഭാഗം ഡ്രൈവർമാരും,
ഒരു രക്ഷയുമില്ല, വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുകയാണ്, അടുത്തെങ്ങും ഒരു സീബ്രാലൈനും കാണുന്നുമില്ല,
വയൽ വരമ്പിലിരുന്ന് തവളചാടുന്നപോലെ റോഡിലേക്ക് കയറിയും പുറകോട്ടുതന്നെ ചാടിയും കുറച്ചുസമയം കടന്നു പോയി..., ഇടക്ക് ഞാൻ റോഡിന്റെ മറുവശത്തേക്ക് നോക്കി അദ്ധേഹം അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി, ഒരു ബുക്ക്സ്റ്റാളിന് മുന്നിൽ നിന്ന് പുസ്തകങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അദ്ധേഹം.
അതിസാഹസികമായ പരിശ്രമത്തിനൊടുവിൽ ഞാൻ ഒരുവിധം റോഡിന്റെ മുവശത്തെത്തി.
പുറംതിരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തെ പതിയെ തൊട്ടുകൊണ്ട് ഞാൻ 'ഹലോ' പറഞ്ഞു,
ഞെട്ടിത്തിരിഞ്ഞുകൊണ്ടദ്ധേഹം എന്നെയൊന്നു സൂക്ഷിച്ചു നോക്കിയശേഷം ചൂണ്ടുവിരൽ തലയിൽ ചേർത്ത് പിടിച്ചുകൊണ്ട് മേലോട്ട് നോക്കി, അദ്ധേഹം നോക്കിയ അതേഭാഗത്തേക്കുതന്നെ ഞാനും നോക്കിയെങ്കിലും കുറച്ചു കാർമേഘങ്ങളെ മാത്രമെ എനിക്ക് കാണാൻ കഴിഞ്ഞതൊള്ളോ....,
അദ്ധേഹത്തിന്റെ നിൽപുകണ്ടപ്പോൾ ഞാൻ പറഞ്ഞു,
"ഞാൻ മുനീർ, മുനീർചൂരപ്പുലാക്കൽ,"
ഉടനെ അദ്ധേഹമെന്നോട്,
"ഓർമ കിട്ടുന്നില്ലല്ലോ അനിയാ...,"
ഞാൻ വീണ്ടും,
"ഉണ്ണി സാറല്ലേ, നല്ലെഴുത്തിൽ ഞങ്ങൾക്ക് മുന്നിൽനിന്ന് വഴികാട്ടുകയും, പുറകിൽ പോയിരിക്കുകയും ചെയ്യുന്ന ഉണ്ണിസാറല്ലേ?"
"അതെ...., നീ...?"
"ഞാൻ മുനീർ, ചില കഥകളൊക്കെ എഴുതാൻ ശ്രമിച്ചിരുന്നു... "
"കഥകളോ..? ഒന്നുരണ്ട് കഥകളുടെ പേര് പറഞ്ഞേ...,"
"അവസാനം എഴുതിയത് 'ചുരുളഴിയുന്ന രഹസ്യങ്ങൾ, മഴയിലും അണയാത്ത ദീപങ്ങൾ, അമ്മമനസ്സ്....... "
മുഴുവൻ പറഞ്ഞുതീരുന്നതിനു മുമ്പേ ഉണ്ണിസാറിടപെട്ടു,
"ഉം..,മതി മതി.., ആളെ മനസ്സിലായി.., ഞാനും തന്നെയൊന്നു കാണാനിരിക്കുയായിരുന്നു...,"
വർദ്ധിച്ച സന്തോഷത്തോടെ വിനീതനായി ഞ്യാൻ..,
"കണ്ടോളൂ സാർ..., ഞാനിതാ മുന്നിൽ..."
"എന്ത് എഴുത്താണടൊ നീ എഴുതുന്നത്..?, നിനക്ക് കഥകളെന്നാൽ എന്താണെന്നറിയോ?, വായനയുടെ കുറവ് നല്ലോണമുണ്ടെന്ന് നിന്റെ എഴുത്ത് കണ്ടാലറിയാം..."
ഉണ്ണിസാറിന്റെ വാക്കുകൾ കേട്ടതും മുഖത്ത് നവരസങ്ങൾ വോൾട്ടേജ് കുറഞ്ഞ റ്റ്യൂബ്ലൈറ്റ് പോലെ മിന്നി മറിയാൻ തുടങ്ങി, പണ്ട് സൈക്കിളിൽ നിന്നും വീണപ്പോൾ ചിരിച്ച അതേ ചിരിയുമായി ഞാൻ വേഗം പ്ലൈറ്റ് മാറ്റാനൊരു ശ്രമം നടത്തി,
"സാറ് ഒമാനിലാണെന്നല്ലേ പറഞ്ഞിരുന്നത്..? എന്നിട്ടെന്താ ഇവിടെ..?"
എന്നെ അടിമുടി ഒന്നു നോക്കിയ ശേഷമാണ് ഉണ്ണിസാറതിന് മറുപടി പറഞ്ഞത്,
"ആയിരുന്നു, പക്ഷേ, ഞാനവിടുന്ന്പോന്നു, ഇപ്പോൾ ദാ ഈ ബുക്ക്സ്റ്റാൾ നടത്തുന്നു.."
"ബുക്ക്സ്റ്റാളോ...?"
"എന്തെ...?"
"ഒന്നുമില്ല, ഇപ്പൊ ആരെങ്കിലും പുസ്തകമൊക്കെ വായിക്കോ? എല്ലാം ഓൺലൈന........."
ഇത്തവണയും പറഞ്ഞു മുഴുമിപ്പിക്കാൻ ഉണ്ണിസാറിന്റെ തീഷ്ണമായ കണ്ണുകളെന്നെ അനുവദിച്ചില്ല,
നാലഞ്ച് പുസ്തകം എന്റെ നേരെ നീട്ടിയിട്ടു ഉണ്ണിസാറ് പറഞ്ഞു,
"ഈ പുസ്തകങ്ങൾ വീട്ടിൽ പോയിരുന്നു വായിക്ക്, ഇതു തീർന്നാൽ വേറെ തരാം.., അതൊക്കെ വായിച്ചു തീർന്നതിനു ശേഷം മാത്രമെ നീയിനി എഴുതാവൂ...,"
"ഈ ബുക്ക്സ്റ്റാളിനു പകരം വല്ല കൂൾബാറോ, ഹോട്ടലോ ആയിരുന്നെങ്കിൽ....,"-ഞാൻ അടക്കിപിടിച്ച സ്വരത്തിൽ പറഞ്ഞു,
"എന്താ പറഞ്ഞത്?, ഞാൻ കേട്ടില്ല.., "
"ഹേയ് ഒന്നുമില്ല, ആ പുസ്തകങ്ങൾ വേഗംതരൂ.., ഞാൻ വായിച്ചു തീർക്കട്ടെ.., എനിക്ക് വായിക്കാൻ കൊതിയാകുന്നു എന്നു പറഞ്ഞതാ..,"
പുസ്തകങ്ങൾ വാങ്ങിക്കവാനായി ഞാൻ ഇരു കൈകളും നീട്ടിയതും കൈകളിൽ ആരോപിടുത്തമിട്ടു..., ശേഷം ഫ്രൈമിന് പുറത്തു നിന്നും ഒരശരീരിയും!
"നേരം വെളുത്തിട്ട് മണിക്കൂർ മൂന്നായി, ഇപ്പൊഴും എണീക്കാതെ കിടക്കയിൽ കിടന്ന് കൈകളുയർത്തി സർക്കസ് കളിക്കാ...,"
ഇരു കണ്ണുകളും തിരുമ്മിക്കൊണ്ട് കണ്ണ് തുറന്നപ്പോൾ മുന്നിൽ ബുർജ്ഖലീഫ പോലെ നിൽക്കുന്നു ഭാര്യ..!
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.

#ചുരുളഴിയുന്ന_രഹസ്യങ്ങൾ.

ടിവിയുടെ മോണിറ്ററിൽ വെണ്ടക്കാ അക്ഷരത്തിൽ ബ്രേക്കിംഗ് ന്യൂസ് മിന്നി മറിയുമ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ച് സോഫയിലിരിക്കുകയായിരുന്നു ആനന്ദ്,
പരിസരബോധം വീണ്ടെടുത്ത ആനന്ദ് മൊബൈലെടുത്ത് തന്റെ സുഹൃത്തായ ശർമ്മയെ വിളിച്ചു,
"ഹലോ...., ശർമ്മാജീ.....,നിങ്ങൾ അറിഞ്ഞോ.....?"
"അതേ ആനന്ദ്..., ഞാനറിഞ്ഞു, നമ്മുടെ പൊൻതൂലികയിലെ ദീപക്കിപ്പോൾ വിളിച്ചു വെച്ചതേയൊള്ളൂ...., അതിന്റെ ഷോക്കിലിരിക്കുമ്പോഴാണ് തന്റെ കോൾവന്നത്....,"
"എന്താ ശർമ്മാജീ ഇവരൊക്കെ നമ്മളെ ടാർജറ്റ് ചെയ്യുന്നത്..?"
"അതാണെനിക്കും മനസ്സിലാകാത്തത്...., നീ ഇപ്പോളെവിടെയാ....?"
"ഞാൻ വീട്ടിലുണ്ട്....,"
"എങ്കിൽ ഞാനങ്ങോട്ട് വരാം....,"
"ശരി ശർമ്മാജീ...."
പതിനഞ്ചു മിനുട്ടുകളുടെ ദൈർഘ്യത്തിനിടയിൽ ശർമ്മ ആനന്ദിന്റെ വീട്ടിലെത്തി.
"ശരിക്കും എന്താ സംഭവിച്ചതെന്നറിഞ്ഞോ?"
"ഇല്ല..., ഈ ന്യൂസ് ചാനലുകളിൽ നിന്നും കിട്ടുന്ന അറിവ് മാത്രമേയൊള്ളൂ..., പലരും ഇതേ കുറിച്ചന്വേഷിച്ച് വിളിക്കുണ്ട്..., വ്യക്തമായ വിവരം അറിയാത്തതിനാൽ ഞാൻ കോളുകളൊന്നുമെടുത്തിട്ടില്ല..."
"അത് നന്നായി...., എനിക്കും പല നമ്പറുകളിൽ നിന്നും കോളുകൾ വന്നിരുന്നു, എന്റെ ഫോൺ ബാറ്ററി തീർന്നു സ്വിച്ച്ഓഫായി..., നിന്റെ ചാർജറൊന്നു തന്നെ.... "
"നമ്മുടെ കവിയത്രി രാധികാമേനോൻ ദുരൂഹ സാഹചര്യത്തിൽ മിസ്സിങ്ങായിട്ട് ഒരു വർഷം തികയുന്നു..., ഇതുവരെ ഒരു തുമ്പും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അപ്പോഴാ ഇതും കൂടി....."
മൊബൈൽ ചാർജർ എടുത്തു കൊടുക്കുന്നതിനിടയിൽ ആനന്ദ് പറഞ്ഞു,
"അതെ ആനന്ദ്, ശരിയാണ് താൻ പറഞ്ഞത്, ഇവരുടെയൊക്കെ ടാർജറ്റ് സാഹിത്യലോകത്ത് പിച്ചവെച്ചു കയറുന്ന പാവം ഓൺലൈൻ എഴുത്തുകാരാണല്ലോ...."
"അതെയതെ...., രണ്ടു ദിവസംകൂടികഴിഞ്ഞാൽ മത്സരമാണ്, ഇനിയിപ്പൊ നമ്മളെന്തുചെയ്യും?"
"നോ ഐഡിയ....,"
"മത്സരം മാറ്റിവെക്കാൻ വല്ല........."
"നോ മിസ്റ്റർ ആനന്ദ്, നടക്കാത്ത കാര്യമാണത്, മറ്റു സ്റ്റേറ്റിൽ നിന്നുള്ളവരൊക്കെ എത്തിത്തുടങ്ങിയിട്ടുണ്ട്, മാത്രവുമല്ല..., മത്സരം മാറ്റിവെക്കാൻ റൂൾസുമില്ല..., ഏതെങ്കിലും സ്റ്റേറ്റിന്റെ മത്സരാർത്ഥിക്ക് അന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ വ്യക്തമായ കാരണം കാണിക്കുന്ന ഒരു ലെറ്റർ മത്സരം തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് സംഘാടക സമിതിയിൽ സമർപ്പിക്കണം, അത് വിശ്വസിനീയമാണെന്നു കണ്ടാൽ പകരം മറ്റൊരാൾക്ക് മത്സരിക്കാം അതാണ് റൂൾസ്..."
"മൈ ഗോഡ്..! ആദിത്യനില്ലെങ്കിൽ പകരം മത്സരിക്കാനുള്ളത് ശർമ്മാജിയല്ലെ....,"
"അതെ..., പക്ഷേ എനിക്കെന്തോ ഒരു ഉൾഭയം പോലെ..."
ഉടനെ ആനന്ദിന്റെ ഫോൺ റിംങ് ചെയ്യാൻ തുടങ്ങി,
"ഹലോ നജീബ്, പറ...,
ങെ...., എന്ത്...? മൈഗോഡ്..., ഇവിടെ ശർമ്മാജിയുമുണ്ട്.., ഞങ്ങളിതാ വരുന്നു"
ആനന്ദ് ഫോൺ ഡിസ്കണക്ട് ചെയ്തയുടനെ ശർമ്മ ചോദിച്ചു,
"ആരാ, ആരാ വിളിച്ചത്?"
"കാവ്യോദയം ഗ്രൂപ്പിന്റെ ആഡ്മിൻ നജീബ്,
ആദിത്യൻ കിഡ്നാപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സുഹൃത്ത് ജോണും ഉണ്ടായിരുന്നെന്ന്, ജോണിനെ ക്ലോറോഫോം ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയാണവർ ആദിത്യനെ കിഡ്നാപ്പ് ചെയ്തതെന്ന്..,"
"ജോൺ ആക്രമികളുടെ മുഖം കണ്ടോ എന്ന് ചോദിച്ചോ?"
"ചോദിച്ചു.., അവർ മുഖം മൂടി ധരിച്ചിരുന്നത്രെ...,"
"ഹോ... ഷിറ്റ്!"
ശർമ്മ വലതുകയ്യിന്റെ മുഷ്ടിചുരുട്ടി ഇടതു കൈവെള്ളയിൽ ശക്തിയായി ഇടിച്ചു,
"ശർമ്മാജീ..., ആദിത്യൻ മെമ്പറായിട്ടുള്ള എല്ലാ ഗ്രൂപ്പുകളുടേയും മുഴുവൻ ആഡ്മിനുകളും ഉടൻ സ്റ്റേഷനിൽ ഹാജറാകുവാൻ പോലീസ് നിർദ്ദേശമുണ്ടത്രെ..., നമുക്ക് ഇപ്പൊൾ തന്നെ പുറപ്പെടാം.."
ഉടൻ തന്നെ ഇരുവരും പോലീസ് സ്‌റ്റേഷനിലോട്ട് തിരിച്ചു..,
വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഓൺലൈൻ ഗ്രൂപ്പുകളിൽ കവിതകളിലൂടെ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത യുവ കവിയായിരുന്നു ആദിത്യനെന്ന ആദിത്യവർമ്മ,
വെറും മൂന്നുഗ്രൂപ്പിൽ മാത്രമെ ആദിത്യൻ കവിത എഴുതാറുണ്ടായിരുന്നൊള്ളൂ..., ആദിത്യനെഴുതുന്ന വരികൾക്ക് ദൈർഖ്യം കുറവാണെങ്കിൽ പോലും കവിത വായിച്ചു കഴിയുന്ന വായനക്കാർക്ക് ഒരായിരം ചോദ്യോത്തരങ്ങളും, ചിന്തകളും സമ്മാനിക്കാൻ മാത്രം ജീവത്തുടിപ്പുകളുണ്ടാകും ഓരോ വരിയിലും വാക്കിലും, അത് കൊണ്ടുതന്നെ പലരും ആദിത്യനെ സ്വന്തം ഗ്രൂപ്പുകളിൽ ആഡ് ചെയ്യുമായിരുന്നുവെങ്കിലും, ആദിത്യൻ അവയിൽനിന്നുമെല്ലാം ലെഫ്റ്റടിച്ചു പുറത്തു പോരും, ആദിത്യൻ മെമ്പറായിട്ടുള്ള ഗ്രൂപ്പുകളിൽ നടത്തുന്ന മത്സരങ്ങളിലെല്ലാം രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് മറ്റു മത്സരാർത്ഥികൾ മത്സരിച്ചിരുന്നത്, ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ പല പ്രസാധകരും, വൻകിട വീക്കിലി മാസികകളും ആദിത്യന്റെ കവിതക്കായി കാത്തു നിൽക്കാൻ തുടങ്ങിയിരൂന്നു, ഓൺലൈൻ എഴുത്തുകാരെ വെറും പുഛത്തോടെ കണ്ടിരുന്നവർപോലും ആശംസകളും അഭിനന്ദനങ്ങളുമായി ആദിത്യനെ കാണാൻ വരുന്നത് പതിവാക്കി.
അങ്ങിനെയിരിക്കെയാണ് കേരളത്തിലെ പ്രഗത്ഭ ഓൺലൈൻ കവിതാ ഗ്രൂപ്പുകളെല്ലാവരേയും ചേർത്ത് കൊണ്ട് ഒരു ഓൺലൈൻ കൂട്ടായ്മ ഒരു മത്സരം നടത്തുന്നത്., ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർക്കുവീതമേ മത്സരിക്കാവൂ..., ഒരാൾക്ക് വ്യത്യസ്ഥ വിഷയങ്ങിലുള്ള അഞ്ച് കവിതകൾ അയക്കാം, ഒരു മത്സരാർത്ഥിക്ക് ഒരു ഗ്രൂപ്പിൽ നിന്നു മാത്രമെ മത്സരിക്കാവൂ..., വിജയിക്കുന്ന കവിക്ക് കേരളത്തിന്റെ പ്രതിനിധിയായി സ്റ്റേറ്റ് ലെവലിൽ മത്സരിക്കാം,
ആദിത്യൻ മെമ്പറായിട്ടുള്ള 'കാവ്യോദയം, പൊൻതൂലിക, ഗന്ധർവ്വതൂലിക' എന്നീ ഗ്രൂപ്പുകൾ ആദിത്യനോട് തങ്ങൾക്കു വേണ്ടി മത്സരിക്കാനാവശ്യപ്പെട്ടുവെങ്കിലും ആദിത്യൻ മത്സരിക്കാൻ തയ്യാറായത് നജീബ് ആഡ്മിനായിട്ടുള്ള കാവ്യോദയം ഗ്രൂപ്പിന് വേണ്ടിയായിരുന്നു, അതിൽ ഗന്ധർവ്വതൂലിക അഡ്മിൻ ശർമ്മക്ക് നല്ല നിരാശയുണ്ടായിരുന്നു,
അന്നത്തെ മത്സരത്തിൽ കാവ്യോദയം ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗന്ധർവ്വതൂലിക രണ്ടാം സ്ഥാനവും നേടി, മത്സരത്തിൽ ഏറ്റവും മികച്ച കവിക്കുള്ള അവാർഡ് ആദിത്യവർമ്മക്കും രണ്ടാം സ്ഥാനം ശർമ്മക്കും ലഭിച്ചു.., കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ടുള്ള സ്റ്റേറ്റ്ലവൽ മത്സരം നടക്കാനിരിക്കെയാണ് ആദിത്യനെ അഞ്ജാതർ തട്ടിക്കൊണ്ടു പോകുന്നത്.
പോലീസിന്റെ വിശദമായ മൊഴിയെടുപ്പിനുശേഷം ആനന്ദും ശർമ്മയും ഹോസ്പിറ്റലിൽ പോയി ജോണിനെ കണ്ടശേഷം വീട്ടിലേക്ക് തിരിച്ചു,
പിറ്റേദിവസം കുളി കഴിഞ്ഞ് ആനന്ദ് റൂമിലേക്കെത്തുമ്പോൾ ബെഡ്ഡിൽ കിടക്കുന്ന ഫോൺ റിംങ്ങ് ചെയ്യുന്നുണ്ടായിരുന്നു, ഫോണെടുത്ത് കോൾ അറ്റന്റുചെയ്യാൻ ശ്രമിച്ചപ്പൊഴേക്കും കോൾ ഡിസ്ക്കണക്ടായി,
അപ്പോഴാണ് ആനന്ദ് തന്റെ മൊബൈലിൽ വന്നു കിടക്കുന്ന മിസ്സഡ് കോളുകൾ ശ്രദ്ധിച്ചത്, അഞ്ച് മിസ്സഡ് കോളുകൾ! എല്ലാം ശർമ്മയുടേതാണെന്നു മനസ്സിലാക്കി ശർമ്മയെ വിളിക്കാൻ ശ്രമിച്ചതും ശർമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു,
"ഹലോ ശർമ്മാജീ..., എന്തു പറ്റി? ഒരുപാടു തവണ വിളിച്ചതായി കാണുന്നു....?"
"സമയം എട്ടായി! താനിതുവരെ എഴുന്നേറ്റില്ലേ?"
"സോറി, ഞാൻ ബാത്ത്റൂമിലായിരുന്നു.., അല്ലാ......, എന്തു പറ്റി നാലഞ്ചു തവണ വിളിച്ചതായി കാണുന്നു...,
"ഉം., എപ്പൊഴാ ഒന്നു കാണാൻ പറ്റാ...? എനിക്ക് തന്നെ അത്യാവശ്യമായിട്ടൊന്നു കാണണമായിരുന്നു...."
"എന്തു പറ്റി ശർമ്മാജീ...?"
"സർക്കിൾ ഇൻസ്പെക്ടർ വിജയ്ശങ്കർ എന്നെവിളിച്ചിരുന്നു.., എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്താൻ പറഞ്ഞു...,
നീ കൂടി എന്റെ കൂടെ വരുമായിരുന്നെങ്കിൽ...."
"നോ പ്രോബ്ലം ശർമ്മാജീ.., ഞാനും വരാം, ശർമ്മാജി റെഡി ആയിക്കോളൂ..., ഞാനൊരു അര മണിക്കൂറിനുള്ളിലവിടെയെത്താം.."
"താങ്ക്യൂ ആനന്ദ്.."
അൽപസമയത്തിനകംതന്നെ ശർമ്മയും ആനന്ദും പോലീസ്റ്റേഷനിലെത്തി,
ഇരുവരും സബ്ഇൻസ്പെക്ടർ വിജയ്ശങ്കറിനഭിമുഖയായിട്ടിരുന്നു,
"മിസ്റ്റർ ശർമ്മ, ആതിത്യന്റെ മിസ്സിങ്ങുമായി ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ താങ്കളെ വിളിപ്പിച്ചത്..., ആദിത്യനെ കുറിച്ച് താങ്കൾക്കറിയാവുന്ന കാര്യങ്ങൾ വിശദമായിട്ടു തന്നെ പറയണം...,"
"ശരിസാർ..."
"ആദിത്യനും താങ്കളും അടുത്ത സുഹൃത്തുക്കളായിരുന്നോ...?, അടുത്ത സുഹൃത്തെന്ന് ഞാനുദ്ധേശിച്ചത് ക്ലോസ് ഫ്രണ്ടായിരുന്നോ എന്നാണ്.."
"സുഹൃത്തുക്കളായിരുന്നു, പക്ഷെ...., ക്ലോസ് ഫ്രണ്ട്സായിരുന്നില്ല..."
"ആദിത്യന്റെ സ്വന്തം നാട് ഇതു തന്നെയാണോ..?, അതോ....?, അതേ കുറിച്ച് ശർമ്മക്ക് വല്ലതും അറിയോ...?"
"എന്തു ചോദ്യമാണിത് സാർ..?, ആദിത്യന്റെ കിഡ്നാപ്കേസന്വേഷിക്കുന്ന സാറുതന്നെ ഇങ്ങിനെയൊരു ചോദ്യം ചോദിക്കുന്നത് എന്നെ പരിഹസിക്കുന്നതിനു തുല്ല്യമല്ലെ...?"
"ഞാൻ ചോദിച്ചതിനു മറുപടി പറയൂ ശർമ്മാ...,"
"നോ സാർ.., ആദിത്യന്റെ സ്വന്തം വീട് എറണാംകുളത്തെവിടെയൊ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.., "
"കേട്ടറിവ് മാത്രമേയൊള്ളൂ..., അതോ അദ്ധേഹത്തിന്റെ വീടും സ്ഥലവും കുറിച്ച് കൂടുതലായിട്ടു വല്ലതും താങ്കൾക്കറിയോ.?"
"ഇല്ല, എറണാംകുളത്ത് എവിടെയാണെന്നൊന്നും എനിക്കറിയില്ല,"
"ഇവിടെ എന്താണ് ആദിത്യന് ജോലി..?"
"ഏതോ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണെന്നു കേട്ടിട്ടുണ്ടെന്നല്ലാതെ വ്യക്തമായിട്ടൊന്നും എനിക്കറിയില്ല..,"
"ആദിത്യനെ കുറിച്ച് ശർമക്കറിയുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും കേട്ടറിവുകളാണല്ലോ...,"
സബ്ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെ അർത്ഥം വെച്ചുള്ള മറുപടി കേട്ടപ്പോൾ ശർമ്മയും ആനന്ദും മുഖത്തോടുമുഖം നോക്കി, രണ്ടു പേരുടെ കണ്ണുകളിലും ചോദ്യചിഹ്നങ്ങൾ മാത്രം!
വിജയ്ശങ്കർ തുടർന്നു,
"ശർമ്മാ..., താങ്കളുടെ വീടും ആദിത്യന്റെവീടും തമ്മിൽ ഏകദേശം എത്ര കിലോമീറ്റർ വ്യത്യാസമുണ്ട്?"
"അത് സാർ... ഏകദേശം ഒരു നാൽപ്പത്കിലോമീറ്ററുണ്ടാകും.."
"ലുക്ക് മിസ്റ്റർശർമ്മ.., മിസ്സിങ്ങായിട്ടുളളത് ഒരുകവിയും എഴുത്തുകാരനുമായതിനാൽ ഞങ്ങളുടെ അന്വേഷണം പ്രധാനമായും ഓൺലൈൻ എഴുത്തുകാരെ കേന്ദ്രീകരിച്ചായിരുന്നു..,
ഞങ്ങളുടെ സൈബർസെല്ല് ഡിപ്പാർട്ടുമെന്റ് കണ്ടെത്തിയ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാൻ താങ്കളെ വിളിപ്പിച്ചത്..,
ആദിത്യനെ ആക്രമികൾ തട്ടികൊണ്ടുപോകുന്നത് ഇന്നലെ രാവിലെ 7:30ന്!
അതും അയാളിപ്പോൾ താമസിക്കുന്ന ഇവിടുത്തെ വീട്ടിൽവെച്ച്‌, ആ സമയത്ത് അതേ ടവർലൊക്കേഷനിൽ ജോണിനെ കൂടാതെ നിങ്ങളും ഉണ്ടായിരുന്നു,
നാൽപ്പതോളം കിലോമീറ്റർ ദൂരവ്യത്യാസത്തിലുള്ള നിങ്ങൾ ആ സമയം ആദിത്യന്റെ വീടിനടുത്തുള്ള അതേ ടവർലൊക്കേഷനിൽ എന്തിനു പോയി..?"
"എന്താണ് സാർ പറഞ്ഞു വരുന്നത്..? ആദിത്യനെ കിഡ്നാപ്പ് ചെയ്തതിൽ എനിക്കു പങ്കുണ്ടെന്നാണോ..?"
"അങ്ങിനെ തീർത്തു പറയാൻ പറ്റില്ലെങ്കിലും കിട്ടിയ തെളിവുകളിൽ പലതും താങ്കൾക്കെതിരാണ്..."
"സാർ..., അന്ന് രാവിലെ മാത്രമല്ല, തലേ ദിവസം മുതൽ ഞാൻ ആ ടവർലൊക്കേഷനിൽ ഉണ്ട്, കാരണം അവിടെയാണ് എന്റെ വൈഫ്ഹൗസ്.., അന്ന് ഞാനെന്റെ വൈഫ്ഹൗസിലായതിനാൽ ടവർലൊക്കേഷൻ വെച്ച് സാറെന്നെ സംശയിക്കുകയാണോ..?"
"നോ മിസ്റ്റർശർമ്മ...., തെളിവുകൾ വേറേയുമുണ്ട്..."
എന്തു തെളിവെന്നു ചോദിച്ചുകൊണ്ട് ശർമ്മ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു...,
"മിസ്റ്റർശർമ്മ...., ശാന്തനായിട്ടിരിക്കൂ...,"
വിജയ് ശങ്കറിന്റെ ശബ്ദം കനത്തു,
ശർമ്മ വീണ്ടും കസേരയിൽ തന്നെയിരുന്നു..,
"ആദിത്യനെ തട്ടിക്കൊണ്ടു പോകുന്നതിനുമുമ്പ്, അതവാ... മിനിയാന്ന് രാത്രി നിങ്ങൾ ആദിത്യന്റെ ഫോണിലേക്ക് നാലുതവണ തുടരെത്തുടരെയായി ബന്ധപ്പെട്ടത് എന്തിനാണ്..?, വീട്ടിൽ ആദിത്യന്റെ സാനിധ്യം ഉണ്ടെന്നുറപ്പു വരുത്താനായിരുന്നെന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്കത് നിഷേധിക്കാൻ കഴിയുമോ?"
"കഴിയും...! ഞാൻ പറഞ്ഞല്ലോ മിനിയാന്ന് ഞാൻ എന്റെ വൈഫ്ഹൗസിലായിരുന്നെന്ന്, ആദിത്യന്റെ വീടിന്റെ ഏകദേശമടുത്തു തന്നെയാണ് എന്റെ ഭാര്യയുടെ വീടും, അപ്പൊ ആദിത്യൻ വീട്ടിലുണ്ടെങ്കിൽ ഒന്നു കാണാമല്ലോ എന്ന് കരുതി വിളിച്ചതായിരുന്നു..."
"നാലു തവണയോ?"
"ഒരു മണിക്കൂറിനുള്ളിലാണ് ഞാൻ നാലു തവണയും വിളിച്ചിട്ടുള്ളത്, അതിൽ നാലാം തവണശ്രമിച്ചപ്പോഴാണ് ആദിത്യൻ ഫോണെടുത്തത്..."
"ഈ ഒരു മണിക്കൂറിനിടയിൽ എന്നത് എങ്ങിനെയിത്ര കൃത്യമായിട്ട് പറയാൻ പറ്റും..?"
"ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെ അഭിനന്ദിച്ചു കൊണ്ട് ഒരു ചാനൽ നടത്തിയ പ്രോഗ്രാമിന്റെ ടെലികാസ്റ്റുണ്ടായിരുന്നു ഒമ്പത് മണിക്ക്, ഞാൻ വൈഫ് ഹൗസിൽ എത്തുന്നത് എട്ടുമണിക്കായിരുന്നു..,"
"വൈഫ് ഹൗസിൽ നിങ്ങൾ എട്ടുമണിക്കാണവിടെ എത്തിയതെന്ന് ഓർക്കാൻ കാരണം?"
"ഒരു ചാനൽ പ്രക്ഷേപണം ചെയ്യുന്ന എട്ടുമണി വാർത്ത എന്ന പ്രോഗ്രാം തുടങ്ങുകയായിരുന്നപ്പോൾ.., ആ പ്രോഗ്രാം സ്ഥിരമായി കാണാറുള്ള എന്റെ അമ്മാവൻ എട്ടുമണിവാർത്തക്കു സമയമായെന്നും പറഞ്ഞ് ടിവിക്കുമുന്നിലിരിക്കുകയായിരുന്നപ്പോൾ...,
അത് മാത്രവുമല്ല, സാറിന് വേണമെങ്കിൽ എന്റെ ഫോണിലെ കാൾഹിസ്റ്ററി പരിശോധിക്കാം.."
ശർമ്മ അൽപം നീരസത്തോടെ പറഞ്ഞു,
"അതിന് താങ്കളുടെ ഫോണെനിക്ക് തരണമെന്നില്ല, എല്ലാം ദാ..., ഈ പേപ്പറിൽ ഉണ്ട്..., കഴിഞ്ഞ ഒരു മാസക്കാലയളവിൽ താങ്കൾ വിളിച്ചതും, താങ്കളെ വിളിച്ചതുമെല്ലാം..."
വിയയ്ശങ്കർ പേപ്പറുയർത്തിക്കാണിച്ചുകൊണ്ടു പറഞ്ഞു,
"ശർമ്മ.., കഴിഞ്ഞ മാസം 25ന് ആദിത്യൻ സ്വന്തം നാട്ടിൽ എറണാംകുളത്തായിരുന്നു, അതേദിവസം താങ്കളും ആദിത്യന്റെ അതേ ടവർ പരിതിയിൽ ഉണ്ടായിരുന്നു, ഇതെങ്ങിനെ സംഭവിച്ചു..?"
"എന്റെ..., എന്റെ പെങ്ങളെ കല്യാണം കഴിച്ചയച്ചത് എറണാംകുളത്തേക്കാണ്.., ഞാനവളുടെ വീട്ടിൽ പോയിരുന്നു..,"
"പിറ്റേദിവസം എന്തിനായിരിക്കും ആദിത്യൻ ഒബ്രോമാളിൽ പോയത്?"
വിജയ്ശങ്കറിന്റെ ചോദ്യം കേട്ടപ്പോൾ ശർമ്മ ദേഷ്യത്തോടെ മറുചോദ്യം ചോദിച്ചു,
"അതെങ്ങിനെ എനിക്കറിയും..?"
"നിങ്ങളും ആ സമയം ഒബ്രോമാളിൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ...,"
"എന്തൊക്കെയാ സാറ് പറയുന്നത്...? ഞാൻ മാളിൽ പോയത് എന്റെ അളിയന്റേയും പെങ്ങളുടെയും കൂടെയാ..., ഞാൻ എറണാംകുളത്തെത്തിയതു മുതൽ തിരിച്ചു പോന്നതുവരെ എന്റേയും ആദിത്യന്റേയും ടവർ ലൊക്കേഷനും, ലൊക്കേഷൻ ഡിസ്റ്റൻസും സാറ് ചെക്ക് ചെയ്തു നോക്കൂ...., അല്ലാതെ വെറുതെ......"
-ശർമ്മ പിറുപിറുത്തു,
"സാർ, എനിക്കൊരു സംശയം, നാളെ മത്സരം നടക്കാനിരിക്കെയാണ് ആദിത്യൻ കിഡ്നാപ്പ് ചെയ്യപ്പെടുന്നത്, ഇതിന്റെ പുറകിൽ മറ്റു സംസ്ഥാനത്തിലെ മത്സരാർത്ഥികളായിക്കൂടെ...?"
അതുവരെ നിശബ്ദനായിട്ടിരിക്കുകയായിരുന്ന ആനന്ദിന്റേതായിരുന്ന ചോദ്യം,
"ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്, നിങ്ങൾ ഉന്നയിച്ച ഈ ചോദ്യത്തിൽ പോലും സംശയത്തിന്റെ ഒരു നിഴൽ ശർമ്മയിലേക്ക് നീളുന്നുണ്ട്, എങ്ങിനെയെന്നാൽ.....,
ആദിത്യന്റെ അഭാവത്തിൽ മത്സരിക്കാൻ പിന്നെ അവസരം ലഭിക്കുന്നത് ശർമ്മക്കാണ്, അപ്പോൾ ഇത് ശർമ്മ പ്ലാൻ ചെയ്ത ഒരു കിഡ്നാപ്പായും വ്യാഖ്യാനിക്കാം..., കിട്ടിയ തെളിവുകളാണെങ്കിൽ ശർമ്മക്ക് എതിരും!"
ഒന്നും മിണ്ടാതെ തല താഴ്ത്തിയിരിക്കുന്ന ശർമ്മയുടെ ചുമലിൽ കൈവെച്ചു കൊണ്ട് വീണ്ടും ആനന്ദ് പറഞ്ഞു,
"നോ സാർ, ശർമ്മാജിയെ എനിക്ക് നന്നായിട്ടറിയാം, ശർമ്മാജി ഇത്ര തരംതാഴ്ന്ന പ്രവർത്തിയൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്..."
"നിങ്ങളുടെ ഉറപ്പുമാത്രം പോരല്ലോ..., യെതാർത്ഥ പ്രതിയെ കണ്ടെത്തുംവരെ ശർമ്മ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെയായിരിക്കും,"
പെട്ടെന്ന് വിജയ്ശങ്കറിന് ഒരു ഫോൺ വന്നു, സംസാരിച്ചു കഴിഞ്ഞതിനു ശേഷം-
"എനിക്കത്യാവശ്യമായി ഹോസ്പിറ്റൽ വരെയൊന്നു പോകണം,
നിങ്ങൾക്കിപ്പോൾ പോകാം.., വിളിപ്പിക്കുമ്പോൾ വരണം, ജില്ലവിട്ടു പുറത്തു പോകുമ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്യണം."
എല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് ശർമ്മയും ആനന്ദും പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി, എന്തോഒരു ഭയം ശർമ്മയെ പിടികൂടിയിരുന്നു എന്നത് ആ മുഖത്ത് വ്യക്തമായിരുന്നു, സമൂഹത്തിനു മുന്നിൽ താനണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയമോ, ചെയ്യാത്ത തെറ്റിന്റെ പേരിൽ ബലിയാടാകുമെന്നുള്ള ആശങ്കയൊ, രണ്ടിലൊന്നു ശർമ്മയുടെ മനസ്സിൽ നീറിപ്പുകയുന്നു എന്നത് വ്യക്തം,
ഉച്ചഭക്ഷണം കഴിച്ച് ഒന്നു മയങ്ങാൻ കിടക്കും നേരമാണ് പോലീസ് സ്റ്റേഷനിൽ നിന്നും ആനന്ദിന് കോൾവരുന്നത്,
ശർമ്മയെ കൂട്ടി എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തുക എന്നതായിരുന്നു ഫോൺ സന്ദേശം, ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ സ്വന്തം മനസ്സിനോടു തന്നെ ചോദിച്ചു കൊണ്ട് ഇരുവരും സ്റ്റേഷനിലെത്തി, മാധ്യമ പ്രവർത്തകരെല്ലാം പോലീസ് സ്റ്റേഷൻ പരിസരത്തുതന്നെ തടിച്ചുകൂടിയിരുന്നു,
സ്റ്റേഷനകത്തു കയറിയ ശർമ്മയേയും ആനന്ദിനേയുംഇൻസ്പെക്ടർ വിജയ്ശങ്കർ സ്വീകരിച്ചിരുത്തി, അദ്ധേഹത്തിന്റെ മുഖം പ്രസന്നമായിരുന്നു, പുഞ്ചിരി കലർന്ന സ്വരത്തിൽ വിജയ്ശങ്കർ ശർമ്മയോടായി പറഞ്ഞു,
"സോറി മിസ്റ്റർശർമ്മാ..., കുറച്ചു നേരത്തേക്കാണെങ്കിലും താങ്കളെ ഞാൻ വല്ലാതെ സംശയിച്ചു, വേദനിപ്പിച്ചു.., എന്തു ചെയ്യാം...., അതെല്ലാം എന്റെ ജോലിയുടെ ഭാഗമായതിനാലാണ്, പിന്നെ.., ആദിത്യന്റെ കേസിന്റെ ചുരുളഴിയാൻ ഇനി നിമിഷങ്ങൾ മാത്രം...."
"ങെ.., ആരാണ് ആരാണ് സാർ ഇതിന്റെ പിന്നിൽ?, ആദിത്യന് കുഴപ്പമൊന്നുമില്ലല്ലോ....?"
ശർമ്മ അതിശയത്തോടെ ചോദിച്ചു, വിജയ്ശങ്കർ ഒന്നു പുഞ്ചിരിച്ച ശേഷം പറഞ്ഞു,
"കുറച്ചു സമയം കൂടി കാത്തിരിക്കൂ.., നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം ഉടൻ കിട്ടും..,"
അൽപസമയത്തിനകം തന്നെ രണ്ട് പോലീസ് ജീപ്പുകൾ സ്റ്റേഷൻ മുറ്റത്തേക്കു വന്നു, ആനന്ദും ശർമ്മയും നോക്കി നിൽക്കേ ജീപ്പിൽ നിന്നും ആദ്യം ആദിത്യവർമ്മയും തൊട്ടു പുറകിലായി ജോണും പുറത്തിറങ്ങി, ശർമ്മയും ആനന്ദും ആദിത്യനെ നോക്കി പുഞ്ചിരിച്ചെങ്കിലും തിരിച്ചു പ്രതികരിക്കാതെ ആദിത്യൻ കണ്ണുകളെ മാറ്റിക്കളഞ്ഞു, അതിനുശേഷം ജീപ്പിൽ നിന്നുമിറങ്ങിയ ആളെ കണ്ട് ശർമ്മയും ആനന്ദും ഒരുപോലെ ഞെട്ടി!
"രാധികാമേനോൻ...."
-ശർമ്മ അറിയാതെ പറഞ്ഞുപോയി,ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ രാധികാ മേനോനായിരുന്നു ജീപ്പിൽ നിന്നും പിന്നീടിറങ്ങിയത്,
നല്ല ഒത്തതടിയും സൗന്ദര്യവുമുണ്ടായിരുന്ന രാധിക മെലിഞ്ഞ് ആകെ ക്ഷീണിച്ചിരിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആനന്ദും ശർമ്മയും മുഖത്തോട് മുഖം നോക്കി.
മാധ്യമപ്രർത്തകരുടെ തിരക്കിനിടയിലൂടെ ആദിത്യനും ജോണും രാധികയും മറ്റു പോലീസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് കയറി വന്നു, അപ്പോഴാണ് ആദിത്യന്റെയും ജോണിന്റെയും കൈകളിലണിഞ്ഞ വിലങ്ങ് അവർ ശ്രദ്ധിച്ചത്,
"സാർ, ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല, എന്തൊക്കെയാണിവിടെ നടക്കുന്നത്?"
മാധ്യമ പ്രവർത്തകരെ കൂടി അകത്തേക്ക് വിളിപ്പിച്ച ശേഷം വിജയ് ശങ്കർ പറയുവാൻ തുടങ്ങി,
"നമ്മളെല്ലാവരും കരുതുന്നപോലെ ആദിത്യവർമ്മയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, എല്ലാം ആദിത്യൻ സ്വയം മെനെഞ്ഞെടുത്ത കെട്ടുകഥയായിരുന്നു..., കവിതപോയിട്ട് മലയാള വാക്കുകൾ പോലും അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയില്ല ആദിത്യന്...,"
അവിടെ കൂടിയവരെല്ലാം മുഖത്തോടുമുഖം നോക്കവെ വിജയ്ശങ്കർ തുടർന്നു,
"ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തിരുന്ന ജോണിനെ പലതവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്തപ്പോൾ ചില സൂചനകൾ ഞങ്ങൾക്കു വീണു കിട്ടി, ആ സംശയം ബലപ്പെടുത്താൻ വേണ്ടി മന:പൂർവ്വം പോലീസൊരുക്കിയ ഒരു കെണിയിൽ ജോൺ വീണതോടെ കാര്യങ്ങൾ എളുപ്പമായി...,"
"എന്തുകെണിയാണ് ജോണിനെതിരെ പോലീസ് പ്രയോഗിച്ചത്?" -ഒരു പത്രപ്രവർത്തകന്റെതായിരുന്നു ചോദ്യം,
"ഒരു സാഹിത്യ ഗ്രൂപ്പിലെ മെമ്പർ എന്ന വ്യാജേനെ ഞങ്ങളിൽ ഒരാൾ ജോണിനെകണ്ട് മടങ്ങുമ്പോൾ അബദ്ധത്തിലെന്നപോലെ മൊബൈൽ ഫോണവിടെ വെച്ചു പുറത്തുപോന്നു, തന്റെ ഫോൺ പോലീസ് നിരീക്ഷണത്തിലാകുമെന്നുറപ്പുള്ള ജോൺ ഞങ്ങൾ 'വെച്ചു നീട്ടിയ' ഫോണിൽ നിന്നും ആദിത്യന്റെ രഹസ്യ നമ്പറുമായി ബന്ധപ്പെട്ടു, ശേഷം കോൾ ഹിസ്റ്ററിയിൽ നിന്നും ആ നമ്പർ നീക്കംചെയ്ത് ഒന്നുമറിയാത്ത ഭാവത്തിലിരുന്നു, സൈബർ സെല്ലിന്റെ സഹായത്തോടെ ഞങ്ങൾ അന്വേഷിച്ചു ചെന്നത് കാടിനോട് ചേർന്നു കിടക്കുന്ന ജനവാസമില്ലാത്ത ഒരു ഉൾപ്രദേശത്തെ പഴയഒരു വീട്ടിൽ!, കാലിൽ ചങ്ങലകളിൽ ബന്ധിച്ച അവസ്ഥയിൽ അവിടെ രാധികാമേനോനെ കണ്ട ഞങ്ങൾ ശരിക്കും ഞെട്ടി, മറ്റൊരു റൂമിൽ വിശ്രമിക്കുകയായിരുന്ന ആദിത്യൻ ഞങ്ങളെ കണ്ടതും ഇറങ്ങി ഓടാൻ ഒരു വിഫലശ്രമവും നടത്തി..,"
"സാർ, ആദിത്യൻ എന്തിന് സ്വയം ഒരു കിഡ്നാപ്പ് കഥ മെനഞ്ഞുണ്ടാക്കി..? രാധികാ മേനോൻ എങ്ങിനെ അവിടെയെത്തി...?"
"താൻ എന്തു മാധ്യമപ്രവർത്തകനാടൊ..?, ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റെ മണ്ടയിലൊന്നും കയറിയില്ലേ..?"
മാധ്യമ പ്രവർത്തകൻ ഒന്നും മിണ്ടാതെയിരുന്നപ്പോൾ വിജയ്ശങ്കർ ആദിത്യനോടായി പറഞ്ഞു,
"ആദിത്യൻ! സംഭവിച്ചതെല്ലാം തുറന്നു പറയ്..."
ആദ്യം മിണ്ടാതെ നിന്നെങ്കിലും വിജയ്ശങ്കറിന്റെ മട്ടുംഭാവവും മാറിയപ്പോൾ ആദിത്യൻ പറഞ്ഞു തുടങ്ങി.
"ഞാൻ...ഞാൻപറയാം,
രാധികയും ഞാനും കോളേജിൽ ക്ലാസ്മേറ്റായിരുന്നു..., രാധികയോട് പല തവണ ഞാൻ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും രാധിക അവയെല്ലാം തള്ളിക്കളഞ്ഞു, കോളേജിൽനിന്നു പോന്നതിനുശേഷം രാധികയെ കുറിച്ച് ഒരു വിവരവും എനിക്കറിയില്ലായിരുന്നു, അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ FBയിൽ ഞാൻ രാധികയുടെ പേര് സർച്ചു ചെയതപ്പോൾ രാധികയുടെ ഐഡി കാണുകയും റിക്ക്വൊസ്റ്റയ്ക്കുകയും ചെയ്തു, പക്ഷെ രാധിക അക്സപ്റ്റ് ചെയ്തില്ല.
കഴിഞ്ഞതെല്ലാം മറക്കണമെന്നും നല്ലൊരു സുഹൃത്തായിട്ടെന്നെ കാണണമെന്നും ഞാൻ മെസേജയച്ചപ്പോൾ രാധിക റിക്ക്വൊസ്റ്റ് അക്സപ്റ്റ്ചെയ്തു,
പിന്നീട് പലപ്പോഴും ഞങ്ങൾ നേരിട്ടു കാണാറുണ്ടായിരുന്നു, ഒരു ദിവസം ടൗണിൽ നിന്നും നാട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്ന രാധികയെ വീട്ടിൽ വിട്ടുതരാമെന്നു പറഞ്ഞു ഞാൻ കാടിനടുത്തുള്ള വീട്ടിൽ കൊണ്ടു പോയി ചങ്ങലയിൽ ബന്ധിച്ചു, ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചാൽ സ്വതന്ത്രയാക്കാമെന്നു പറഞ്ഞങ്കിലും ഇവൾ സമ്മതിച്ചില്ല, രാധികക്കും എനിക്കും ആവശ്യമായ ഭക്ഷണം ടൗണിൽ വന്നു പാർസലായി വാങ്ങിക്കൊണ്ടു പോകും, ആയിടക്കാണ് രാധികയുടെ ബാഗിൽ ഒരു ഡയറി നിറയെ കവിതകൾ കാണാനിടയായത്, രാധികയുണ്ടായിരുന്ന ഗ്രൂപ്പിൽ ഞാനും മെമ്പറായ ശേഷം ആ കവിതകളെല്ലാം സ്വന്തം പേരിൽ പോസ്റ്റു ചെയ്തു,
എന്നെപ്പോലും ഞെട്ടിച്ചു കൊണ്ട് ഞാൻ അറിയപ്പെടുന്ന ഒരു കവിയായി മാറി, ഓൺലൈൻ മത്സരത്തിലെല്ലാം മത്സരിച്ചുവിജയിച്ച് സ്റ്റേറ്റ് ലവലിൽ എത്തിയപ്പോഴാണ് അപകടം പിണഞ്ഞത്, സ്റ്റേറ്റ് ലവലിൽ മത്സരിക്കുമ്പോൾ മുൻപത്തെപ്പോലെ മൊബൈലിലൂടെ മത്സരിക്കാൻ പറ്റില്ലെന്നും, നേരിട്ട് അവിടെയെത്തി അവർ തരുന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നറിഞ്ഞപ്പോൾ മറ്റുവഴികളില്ലാതെ എനിക്കിങ്ങിനെയൊരു നാടകം കളിക്കേണ്ടി വന്നു,"
ആദിത്യൻ പറഞ്ഞു നിറുത്തിയപ്പോൾ വിജയ്ശങ്കർ ചോദിച്ചു.
"അപ്പോൾ താൻ എറണാംകുളത്ത് സ്വന്തം വീട്ടിൽ താമസിക്കുമ്പോൾ രാധികക്കാവശ്യമായ ഭക്ഷണവും മറ്റും........?"
"അങ്ങിനെയുള്ള ദിവസങ്ങളിൽ ജോണിനെ രാധികക്ക് കൂട്ടിനയക്കും...,"
"സാർ, അദിത്യനെയിപ്പോൾ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ, ഇത്തരത്തിലുള്ള ഒരു അന്വേഷണം എന്തുകൊണ്ട് ഒരു വർഷം മുൻപ് രാധികയുടെ കാര്യത്തിൽ ഉണ്ടായില്ല..?"
"ആരു പറഞ്ഞു ഉണ്ടായില്ലെന്ന്...?, അന്ന് രാധിക സുഹൃത്തിന്റെഷോപ്പിൽ വെച്ച് സെൽഫോൺ മറന്നതുകൊണ്ട് ഇത്തരത്തിലുള്ള അന്വേഷണത്തിനുള്ള വഴിയടഞ്ഞു, മാത്രവുമല്ല, ആദിത്യനും ജോണും അന്ന് ഈ ഒളിത്താവളത്തിൽ പോകുമ്പോൾ മൊബൈൽഫോൺ തീരെ ഉപയോഗിക്കാതിരുന്നതും നമുക്ക് തിരിച്ചടിയായി,"
ശേഷം വിജയ്ശങ്കർ രാധികയോട്-,
"ഇക്കാലയളവിൽ ഇവർ ശാരീരികമായി വല്ല ഉപദ്രവവും....?"
"ഇല്ലസാർ, എന്നെ ചങ്ങലയിൽ ബന്ധിച്ചെന്നല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല,"
"താങ്ക്സ് ഗോഡ്, ആദിത്യനേയും ജോണിനേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയിൽ ഹാജറാക്കും, ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ രാധികയെ ഹോസ്പിറ്റലി ലേക്കു മാറ്റുകയാണ്.....,"
ഉടനെ ശർമ്മ എഴുന്നേറ്റു നിന്നു കൊണ്ട് വിജയ്ശങ്കറിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു,
"സാർ വളരെ നന്ദിയുണ്ട്, ഞങ്ങളുടെ പ്രിയ കവിയത്രിയെ കണ്ടെത്തി തിരിച്ചു തന്നതിലും, സത്യം തെളിയിച്ചതിലും, നാളയാണ് സ്റ്റേറ്റ്തലമത്സരം, ആദിത്യൻ മത്സരിക്കാനുപയോഗിച്ച കവിതകൾ രാധികയുടേതാണെന്നിരിക്കെ രാധികക്കു മത്സരിക്കാൻ നിയമപ്രശ്നങ്ങൾ ഉണ്ടാകാൻ വഴിയില്ല, അത് കൊണ്ട്......,"
"രാധികയുടെ മാനസികാവസ്ഥയും ആരോഗ്യസ്ഥിതിയും വെച്ചു നോക്കുമ്പോൾ അത് നമുക്ക് ഗുണം ചെയ്യില്ല എന്നാണെന്റെ അഭിപ്രായം...., അത് കൊണ്ട് ശർമ്മ തന്നെ മത്സരിക്കുന്നതാകും നല്ലത്,"
"സാറെന്താണീ പറയുന്നത്....?"
"അതേ ശർമ്മാജീ...., എനിക്കിപ്പോൾ വിശ്രമമാണ് ആവശ്യം...., നാളെ ശർമ്മാജി മത്സരിക്കണം, ദൈവം നമ്മുടെ കൂടെയുണ്ടെന്നതിനുള്ള തെളിവുകളല്ലേ ഇന്നിവിടെ സംഭവിച്ചതെല്ലാം....."
രാധികയുടെ പേനയുടെ ശക്തി നന്നായറിയാവുന്ന ശർമ്മ രാധികയുടെ വാക്കുകൾ ആത്മവിശ്വാസത്തോടെ എടുത്ത് നാളത്തെ മത്സരത്തിനുള്ള മാനസികമായ ഒരുക്കത്തിന്റെ ആദ്യപടി കയറുവാൻ തുടങ്ങി.....,
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
19-08-2017.

ധൈര്യശാലി_വാസു.

ഭാസ്ക്കരേട്ടൻ പീടികത്തിണ്ണയിൽ തലചുറ്റി വീണു, നാട്ടുകാർ ഭാസ്ക്കരേട്ടനെയുടൻ ആശുപത്രിയിലെത്തിച്ചു.., വിവരമറിഞ്ഞ് വാർഡ് മെമ്പർ 'ധൈര്യശാലിവാസു' ഓടിയെത്തി.., അത്യഹിതവിഭാഗത്തിനു മുന്നിൽ ഉലാത്തുന്നവരുടെ കൂട്ടത്തിൽ വാസുവും പങ്കുചേർന്നു..,
അൽപസമയത്തിനകം അത്യഹിതവിഭാഗത്തിന്റെ വാതിൽതുറന്ന് ഒരു തല പുറത്തേക്ക് നീണ്ടു,
"ഭാസ്ക്കരേട്ടന്റെ കൂടെ വന്നവർ......?"
വാസുവും നാട്ടുകാരും രണ്ടടി മുന്നോട്ട് വെച്ചു,
"കൂട്ടത്തിൽ ധൈര്യമുള്ള ഒരാൾ വരൂ.. "
നെഴ്സിന്റെ വാക്കുകേട്ട് ഭാസ്ക്കരേട്ടനെ കാണാൻ തുനിഞ്ഞ മകൻ മണിയെ തള്ളിമാറ്റി ധൈര്യശാലി വാസു തള്ളിക്കയറി, അതുകണ്ട നാട്ടുകാർ മൊത്തം തലയിൽ കൈവെച്ചു സ്തംഭിച്ചു നിന്നു..!
നിമിഷങ്ങൾക്കകം അത്യഹിതവിഭാഗത്തിൽ നിന്ന് വീൽചെയറിൽ വാസുവിനേയും തള്ളിക്കൊണ്ടൊരാൾ പുറത്തേക്ക് വന്നശേഷം മറ്റുള്ളവരോടായി.....,
"അൽപം ധൈര്യമുള്ള ഒരാളോടല്ലേ കയറാൻ പറഞ്ഞത്.., അയാളെ കണ്ടതും ഇങ്ങേരു തല കറങ്ങി വീണു..! ഇയാളെ പിടിച്ച് ആ കസേരയിലോട്ടിരുത്തൂ....,"
എല്ലാവരുംകൂടി താങ്ങിപ്പിടിച്ച് വാസുവിനെ കസേരയിലിരുത്തി,
സമയം വീണ്ടും കടന്നു പോയിക്കൊണ്ടിരുന്നു,
തലകറക്കവും പേടിയുമൊക്കെ മാറിയ വാസു മെല്ലെ എഴുന്നേറ്റ് വീണ്ടും ഉലാത്താൻ തുടങ്ങി..,
പെട്ടെന്നാണ് ഏതോ ആക്സിഡന്റ് കേസ് കൊണ്ടുവന്നത്.., എല്ലാവരുടെയും ശ്രദ്ധ ചോരയൊലിക്കുന്ന ആ ചെറുപ്പക്കാരിലേക്കായതും "ടപ്പേ..." എന്നൊരു ശബ്ദം.!!
തിരിഞ്ഞു നോക്കിയപ്പോൾ ദാ കിടക്കുന്നു വാസു!! ചോര കണ്ട് ബോധം കെട്ടു വീണതാണ്...!!
എല്ലാവരും കൂടി വാസുവിനെ താങ്ങിപ്പിടിച്ച് വീണ്ടും അത്യഹിത വിഭാഗത്തിലേക്കു തന്നേ...................,
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
18-07-2017.

മഴയിലും അണയാത്ത ദീപങ്ങൾ

Image may contain: 1 person, closeup

ളുഹർനമസ്ക്കാരത്തിനു ശേഷം എല്ലാവരും പള്ളിയിൽ നിന്നും പിരിഞ്ഞു പോയെങ്കിലും അയാൾ മാത്രം തൂണും ചാരിയവിടെത്തന്നെയിരുന്നു...,
ആരോ തൊട്ടു വിളിച്ചത് പോലെ അയാളുടെ നോട്ടം ചുമരിലെ ഘടികാരത്തിൽ വലയം വെക്കുന്ന സൂചിയിലേക്കായി..,
ഘടികാര സൂചിയുടെ നേർത്ത ശബ്ദം അയാളുടെ ഹൃദയതാളത്തിലലിയാൻ വെമ്പൽ കൊള്ളുന്നപോലെ ഒരു നേർത്ത തേങ്ങലായ് ആ നിശബ്ദതയെ വകഞ്ഞു മാറ്റി അയാളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഊർന്നിറങ്ങിക്കൊണ്ടിരുന്നു...,
പുറത്ത് ആ സമയം മഴ ശക്തി പ്രാപിക്കുകയായിരുന്നു...,
പുറത്തു പാർക്ക്ചെയ്ത കാറിൽ തന്നെയും കാത്ത് രണ്ട് ജീവനുകൾ ഇരിക്കുന്ന കാര്യമയാൾ മറന്നിരുന്നു..., ആ ഇരുത്തത്തിലയാൾ അറിയാതെ തന്റെ ഭൂതകാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
* * * * * * * * * * * * * * * * * * *
"എനിക്കെന്റെ ഉമ്മച്ചിയെ കാണണം..." - സാലു കരച്ചിലിനിടയിൽ പറഞ്ഞു കൊണ്ടേയിരുന്നു...,
മകന്റെ കരച്ചിൽ തന്നെ അയാൾക്ക് സഹിക്കാവുന്നതിനപ്പുറമാണെന്നിരിക്കെ, അതിനിടക്ക് ഉമ്മയെ കാണണമെന്ന ശാഠ്യംകൂടി ആയപ്പൊൾ അയാൾ നിയന്ത്രണംവിട്ടവനോട് ദേശ്യപ്പെട്ടു.
"സാലൂ..., ഞാൻ പല തവണ നിന്നോട് പറഞ്ഞു ഇപ്പൊ ഉമ്മച്ചിയെ കാണാൻ പറ്റില്ലെന്ന്...., നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവാത്തത്....?"
"അതെന്താ...? എന്താ ന്റെ ഉമ്മച്ചി ന്നെ കാണാൻ വരാത്തത്...? എന്താ ഉപ്പച്ചി ഉമ്മച്ചിനെ ഇങ്ങോട്ട് കൊണ്ടു വരാത്തത്..?"
സാലുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അയാൾ റൂമിൽ നിന്നും ഇറങ്ങിനടക്കവേ സാലു ഓടിച്ചെന്നയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..,
"ഉപ്പച്ചീ..., ഉപ്പച്ചി വിളിച്ചാൽ ഉമ്മച്ചി വരുമെന്ന് ഉമ്മച്ചി ഇന്നോട് പറഞ്ഞല്ലോ....., എന്നിട്ടും ഉപ്പച്ചിയെന്താ ഉമ്മച്ചിയെ വിളിക്കാത്തത്...?"
"ഉമ്മച്ചി നിന്നോട് പറയേ...?"
"ആ.... എന്നും ഞാനുറങ്ങുമ്പോൾ സ്വപ്നത്തിൽ ഉമ്മച്ചി വന്നെന്നോടു പറയും ഉപ്പച്ചി വിളിക്കാഞ്ഞിട്ടാണ് ഉമ്മച്ചി വരാത്തതെന്ന്....,"
ഷർട്ടിൽ പിടിച്ചിരുന്ന മകന്റെ കൈതട്ടിമറ്റിക്കൊണ്ട് അയാൾ റൂമിൽ നിന്നും വീണ്ടും പുറത്തിറങ്ങാൻ ശ്രമിക്കവേ സാലു വീണ്ടുമയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു,
"ന്റെ ക്ലാസിലെ സോനൂന്റെ ഉമ്മച്ചിയും പിണങ്ങിപ്പോയിരുന്നു..., സോനു കരഞ്ഞുപറഞ്ഞപ്പോൾ സോനൂന്റെ ഉപ്പച്ചി ഉമ്മച്ചിയെ തിരിച്ചു കൊണ്ടു വന്നല്ലോ.....,
എന്താ ഉപ്പച്ചിക്ക് എന്നേയും ഉമ്മച്ചിയേയും ഇഷ്ടമല്ലേ...?"
സാലുവിന്റെ ചോദ്യങ്ങളൊന്നും കേട്ടില്ലെന്ന മട്ടിൽ അയാളവന്റെ കൈ വീണ്ടും മാറ്റിക്കൊണ്ട് സിറ്റൗട്ട് ലക്ഷ്യമാക്കി നടന്നു.., പുറകെ സാലു ഓടിച്ചെന്നെങ്കിലും വല്ല്യുമ്മ സാലുവിനെ സ്നേഹത്തോടെ തടഞ്ഞു കൊണ്ട് മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി..,
"ഉപ്പച്ചിയിനി ഉമ്മച്ചിനെ ഒരിക്കലും കൊണ്ടു വരില്ലെന്നും, എന്നെയിനി ഉമ്മച്ചിയെ കാണിക്കില്ലെന്നും സാബുകാക്ക പറഞ്ഞല്ലോ..., നേരാണോ ബെല്ലിമ്മാ....?"
ചോദിക്കുമ്പോൾ സാലുവിന്റെ തൊണ്ട ഇടറിയിരുന്നു..,
കുറച്ചു നേരം മൗനമായിരുന്ന ശേഷം വല്ല്യുമ്മ പറഞ്ഞു..,
"ഇല്ല മോനെ..., ഇപ്പോ സമയം ഇരുട്ടിയില്ലെ..., നാളെ നേരം വെളുത്തിട്ട് ഉപ്പച്ചി സാലുമോനെ എന്തായാലും ഉമ്മച്ചിനെ കൊണ്ടുപോയി കാണിക്കുംട്ടൊ...."
"ഇല്ല.., ഉപ്പച്ചിയോട് ഉമ്മച്ചിയുടെ കാര്യം പറയുമ്പോഴേക്കും ഉപ്പച്ചി ഒന്നും മിണ്ടാതെ പോകുകയാണല്ലോ..?"
"അതൊക്കെ സാലുമോന്റെ തോന്നലുകളാണ്..., ഉമ്മച്ചി പോയതിൽ ഉപ്പച്ചിക്കുമുണ്ട് സങ്കടം..., നാളെ എന്തായാലും ഉമ്മച്ചിയുടെ അടുത്ത് മോനെ കൊണ്ടുപോവാൻ വല്ല്യുമ്മ ഉപ്പച്ചിയോട് പറയാം....., ഇപ്പോ മോനുറങ്ങ്..., നാളെ നേരത്തെ എണീക്കണം...,"
നാളെ ഉമ്മച്ചിയെ കാണാൻ പോകുമെന്നുള്ള സന്തോഷത്തിൽ അഞ്ചു വയസ്സു മാത്രം പ്രായമുള്ള സാലുമോൻ ഉറക്കമായി, കഴുത്തൊപ്പം പുതച്ചു കൊടുത്തുകൊണ്ട് വല്ല്യുമ്മ സാലുമോനേയും കെട്ടിപ്പിടിച്ചു കിടന്നു,
ആ സമയം പുറത്ത് കോരിച്ചൊരിഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന മഴയും തണുപ്പും വകവെക്കാതെ സിറ്റൗട്ടിൽ ചാരുകസേരയിൽ മലർന്ന് ക്കിടക്കുകയായിരുന്നു സാലുമോന്റെ ഉപ്പച്ചി..,
പാതിമയക്കത്തിൽ അയാളുടെ മനസ്സിൽ ചില ചിത്രങ്ങൾ തെളിയാൻ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * *
"ഇക്കാ..., സമയമൊരുപാടായി..., ഉറങ്ങണ്ടേ....?"
"എന്റെ നസീ...., ഈ ചാരുകസേരയിൽ ഇരുന്ന് കൊണ്ട് ഈ കോരിച്ചൊരിയുന്ന മഴ കാണാൻ എന്തുരസമാ...., മഴയുടെ താളവും സംഗീതവും....."
- അയാൾ പറഞ്ഞു മഴുവാനുക്കും മുമ്പ് ഭാര്യ നസീമ ഇടപെട്ടു.
"ഇക്കാ.... സമയം പതിനൊന്നര കഴിഞ്ഞു.., മഴയേ കുറിച്ചുള്ള വർണ്ണനയും കവിതകളും ഇനി ബെഡ് റൂമിൽ ചെന്നിട്ട് പറയാം..., എനിക്കുറക്കം വരുന്നു....,"
അയാളവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.., ശേഷം ഒരൽപം ഇടർച്ചയോടെ ചോദിച്ചു,
"മോളെ നസീ...., ഞാനൊരു കാര്യം ചോദിച്ചോട്ടെ..."
"മ്മ്... എന്താ ഇക്കാ..?"
"നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.., ഒരൽപം വൈകിയാണെങ്കിലും നമുക്കൊരു മകനേയും ദൈവം തന്നു..., ഈ പത്തു വർഷങ്ങൾക്കിടെ പലതവണ നമുക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായിട്ടുണ്ട്..., അധികവും എന്റെ മുൻ കോപംമൂലം വന്ന പിണക്കങ്ങളാണ്......"
പറഞ്ഞു തീരുംമുമ്പേ നസീമ അയാളുടെ 'വാ'പൊത്തിപ്പിടിച്ച് അയാളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
"ഇക്കാ...., അത് വിട്..., ഓരോ പിണക്കങ്ങളും തീർന്ന് ഇണങ്ങുമ്പോൾ സ്നേഹം വർദ്ധിക്കുമെന്നല്ലെ പറയാറ്..., വെറുതെയെന്തിനാ ഓരോന്ന് പറഞ്ഞ് മൂഡ് കളയുന്നത്....?"
ഭാര്യയുടെ വാക്കുകൾ കേട്ടയാൾ ചെറുപുഞ്ചിരിയോടെ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു...,
"എനിക്കിപ്പൊ ഒരാഗ്രഹം തോന്നുന്നു....?"
"മ്.. എന്താ?..."
"മുറ്റത്തിറങ്ങി മഴകൊണ്ട് പരസ്പരം വെളളം തെറിപ്പിച്ചു കളിച്ചാലൊ...?"
"ഹയ്യഡാ...,വട്ടൊരൽപം കൂടുന്നുണ്ട് ട്ടോ..."
-ഇതും പറഞ്ഞവൾ അയാളുടെ പുറകിലേക്ക് വെട്ടിത്തിരിഞ്ഞ് രണ്ടു കൈകളുംകൊണ്ട് അയാളെ പുറകിൽനിന്നും തള്ളിക്കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * *
"ഇന്നലെ ഇവിടെ ഈ തണുപ്പത്തു കിടന്നാണോടാ നീ ഉറങ്ങിയത്...?"
ഉമ്മയുടെ വാക്കുകൾ കേട്ടുകൊണ്ടാണയാൾ ഉണർന്നത്, നേരം പുലർന്നിരിക്കുന്നു.., അയാൾ പതിയെ എഴുന്നേറ്റു.., ചാരുകസേരയിൽ ഇരുന്നുറങ്ങിയതിനാൽ ശരീരമാസകലം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.., ബ്രഷിൽ പേസ്റ്റ് തേച്ചശേഷം ഒരു തോർത്തെടുത്ത് തോളത്തിട്ടയാൾ ബാത്ത് റൂമിലെക്ക് കയറിപ്പോകും നേരം സാലുവിനെയൊന്നു എത്തിനോക്കി, സാലു എഴുന്നേറ്റ ശേഷം ഉറക്കച്ചടപ്പോടെ ബെഡ്ഡിൽ തന്നെയിരിക്കാണ്...,
അയാൾ ബാത്ത്റൂമിലെക്ക് കയറി..,
പ്രഭാതകൃത്യങ്ങൾക്കു ശേഷം അയാൾ വീണ്ടും ചാരുകസേരയിൽ വന്നിരുന്നതും സാലുമോൻ പുതിയ പാന്റും ഷർട്ടുമിട്ട് സന്തോഷത്തോടെ ഓടി വന്നുകൊണ്ടു പറഞ്ഞു,
"ഉപ്പച്ചി വേഗം ഡ്രെസ്സ്മാറ്റ്..., നമുക്ക് പോവണ്ടേ...?"
"എങ്ങാട്ട്....?" - അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
സാലുവിന്റെ മുഖം വാടി..., സങ്കടത്തോടെയവൻ വല്ല്യുമ്മയെ നോക്കി...., വല്യുമ്മ അയാളെയുമൊന്നു നോക്കി.., ഉമ്മയുടെ ആ നോട്ടത്തിന്റെ പൊരുൾ വായിച്ചെടുത്തയാൾ റൂമിൽപോയി ഷർട്ടും മുണ്ടും മാറ്റിവന്ന് സാലുവിന്റെ കൈപിടിച്ച് പുറത്തിറങ്ങി..,
പുലർക്കാല മഞ്ഞു തുള്ളികൾക്ക് സ്വർണ്ണമൊട്ടുകണക്കെ തിളക്കം കൊടുത്തിരുന്ന പൊൻവെയിൽ പെട്ടെന്നാകാശത്തു നിന്നും മറഞ്ഞു.., കാർമേഘങ്ങളാകാശത്ത് വട്ടമിട്ടു കൂടിയതും അന്തരീക്ഷത്തിലിരുട്ട് പടരാൻ തുടങ്ങി.., കരിയിലകളെ വായുവിൽ നൃത്തം ചെയ്യിപ്പിച്ചു കൊണ്ട് കാറ്റടിച്ചു തുടങ്ങിയതും പ്രകൃതിക്ക് പെട്ടെന്നുവന്ന മാറ്റത്തിൽ അന്നം തേടിയിറങ്ങിയ പറവകൾ തിരിച്ചു കൂടണയാൻ തുടങ്ങി..., ഇടക്ക് മിന്നിത്തെളിഞ്ഞ മിന്നലുകൾക്ക് അകമ്പടിയെന്നോണം ശക്തമായൊരിടിയോടെ മഴ താണ്ഡവമാടിത്തുടങ്ങി..., അപ്പൊഴേക്കുമയാൾ മകനേയും കൊണ്ട് കാറിൽ കയറിയിരുന്നു..., ശക്തമായ കാറ്റിനേയും മഴയേയും ഭേദിച്ചു കൊണ്ടയാൾ കാറുമായ് മുന്നോട്ട് കുതിച്ചു..,
കാറുമായ് അയാൾ ഒരു മെന്റൽ ഹോസ്പിറ്റലിന്റെ മുന്നിലെത്തി..., മകന്റെ കൈപിടിച്ചു കൊണ്ടയാൾ ഹോസ്പിറ്റലിന്റെ പടവുകൾകയറി നേരെ ഡോക്‌ടറുടെ അടുത്തെത്തി.
"ഹലോ..., ഇന്ന് കുറച്ചു നേരത്തെയാണല്ലോ..., ഇതാണോ മകൻ..?"
"അതെ... ഇതാണെന്റെ മകൻ.., ഇവനെ കാണിക്കുന്നതിൽ വല്ല കുഴപ്പമുണ്ടോ..?"
"ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റില്ല.., ഇന്നലെ താങ്കൾ പോയതിനു ശേഷം വൈലന്റായി..., അതിന്റെ ഷോക്കിന്റേയും ഇഞ്ചക്ഷന്റെയും മയക്കം വിട്ടുമാറുന്നേയൊള്ളൂ...,
എന്തായാലും വരൂ... മകനെ അടുത്തേക്ക് വിടണ്ട..."
അയാൾ മകന്റെ കൈപിടിച്ചു കൊണ്ട് ഡോക്ടറെ അനുഗമിച്ചു.
* * * * * * * * * * * * * * * * * * * * * * *
പെട്ടെന്നൊരു കൈ തന്റെ ചുമലിൽ സ്പർശിച്ചപ്പോളയാൾ ചിന്തകളിൽ നിന്നും ഉണർന്നു.., മുന്നിൽ പള്ളിയിലെ ഉസ്താദ്.,
"അസ്സലാമു അലൈക്കും..."
"വലൈക്കും സലാം..."
സലാം മടക്കുമ്പോൾ അയാൾ പതിയെ എഴുന്നേറ്റു...,
"ഒരുപാട് സമയമായല്ലോ..., ഒരേയിരുത്തം തന്നെയാണല്ലോ...? മനസ്സിൽ എന്തോ വിഷമമുള്ളതുപോലെ...."
ഉസ്താദിന്റെ വാക്കുകൾ കേട്ടയാൾ ഒന്നുമില്ലെന്ന ഭാവത്തിൽ തലയാട്ടികൊണ്ട് മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തി പള്ളിയിൽ നിന്നും പുറത്തേക്കു നടന്നു...,
മഴയുടെ ശക്തിയൽപം കുറഞ്ഞിരുന്നു..,
പുറത്തു വെച്ചിരുന്ന കുടചൂടിക്കൊണ്ടയാൾ നേരെ പളളിക്കാട്ടിലേക്ക് കയറി...,
പുതുമൺചുവപ്പ് മാറാത്ത ഖബർ ലക്ഷ്യമാക്കി അയാൾ നടന്നു.., ഖബറിനടുത്തെത്തി അയാൾ മനമുരികി പ്രാർത്ഥിക്കാൻ തുടങ്ങിയതും, കവിൾ തടത്തിലൂടെ ചാലിട്ടൊഴുകി വരുന്ന കണ്ണീർ തുള്ളികൾ മഴത്തുള്ളികളിൽ ലയിച്ച്‌ മൈലാഞ്ചിച്ചെടിയിൽ മുത്തമിട്ട് ഖബറിലെ മണ്ണിൽ ആഴ്ന്നിറങ്ങി.
ആ നിൽപയാൾ ഒരുപാടു സമയം നിന്നു.
കാറിന്റെ നിറുത്താതെയുള്ള ഹോൺ കേട്ടപ്പോൾ പരിസരബോധം വീണ്ടെടുത്തയാൾ കാറിനടുത്തേക്ക് നടന്നു...,
സാലുവാണ് ഹോണടിക്കുന്നത്..,
അയാൾ കാറിൽ കയറി സ്റ്റാർട്ട് ചെയതു...,
കാർ മുന്നോട്ട് നീങ്ങി.
ടൗണിലെത്തിയപ്പോൾ അയാൾ ചോദിച്ചു.
"നസീ.., നല്ല മഴ..., നമുക്കൊരു ചായ കുടിച്ചാലോ...?"
"എനിക്ക് വേണ്ടയിക്കാ..., ഇക്കക്ക് വേണേൽ കൂടിച്ചോളൂ..., സമയം ഉച്ചയായില്ലേ..., നമ്മളിനി വീട്ടിലേക്കല്ലേ പോകുന്നത്..., വീട്ടിൽ പോയിട്ട് ഭക്ഷണം കഴിക്കാം..."
നസീമയുടെ വാക്കുകൾ കേട്ടയാൾ അതേയെന്ന മട്ടിൽ തലയാട്ടി കാറിന്റെ വേഗത കൂട്ടി..,
"ഇക്കാ..."
"മ്..," -ഡ്രൈവിങ്ങിലെ ശ്രദ്ധതെറ്റാതെ അയാൾ മൂളി.,
"ഉപ്പയുടെ മരണശേഷം ശരിക്കും എനിക്കെന്താ സംഭവിച്ചത്... ഞാനെത്ര ദിവസം അബോധാവസ്ഥയിൽ കിടന്നു..?
എങ്ങിനെയാ നമ്മുടെ ഖാദറിക്ക മരിച്ചത്.?"
കുറച്ചു നേരത്തെ മൗനത്തിനു ശേഷം...,
"നസീ...., എല്ലാം ഞാൻ വിശദമായിട്ട് പിന്നീടൊരിക്കൽ പറയാം..., ഇപ്പൊ എന്റെ മനസ്സ് വല്ലാതെ ഉലഞ്ഞിരിക്കുകയാ..."
ശരിയെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് നസീമ പുറത്തേ കാഴ്ച്ചകളിലെക്ക് ശ്രദ്ധ തിരിച്ചു, അന്നേരം സാലുമോൻ പുറകിലെ സീറ്റിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു...,
ഒരു മടക്കത്തിനെന്നോണം മഴക്ക് ശക്തികുറഞ്ഞു വരുന്നുണ്ടായിരുന്നു..,
വീട് ലക്ഷ്യമാക്കി അവരുടെ കാർ മുന്നോട്ട് കുതിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി,
ഒരു ലോങ്ങ് ലീവിന് ശേഷം അയാൾ അന്ന് ഓഫീസിൽ പോയിരുന്നു, സാലുമോൻ സ്കൂളിലും..., ഉമ്മ കുളിക്കയായിരുന്നു..,
വീട്ടിൽ ഒറ്റക്കിരുന്ന് ബോറടിച്ച നസീമ വായിക്കാൻ വല്ല പുസ്തകവും കിട്ടുമോയെന്ന അന്വേഷണത്തിൽ അലമാര തുറന്നതും ക്രമം തെറ്റിയിരിക്കുകയായിരുന്ന ഒരു ഡയറി നസീമയുടെ കാൽച്ചുവട്ടിലേക്കു വീണു..,
പണ്ട് ഞാനും ഇക്കയുംകൂടി ഒന്നിച്ചെഴുതിയിരുന്ന ഡയറിയാണതെന്ന് നസീമക്ക് മനസ്സിലായി..., അവൾ ഡയറിയുടെ താളുകളോരോന്നായി മറിക്കാൻ തുടങ്ങി..,
"ജൂലൈ- 16, ഇന്നാണെന്റെ ഡയറിയിൽ ആദ്യമായ് നസിയില്ലാതെ ഒറ്റെക്കെഴുതുന്നത്, ഇന്നു സംഭവിച്ച ദുരന്തം എനിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്..., സ്കൂളിൽ നിന്നും സാലുമോനെ കൊണ്ടുവരാൻ പോകുന്ന നസിയെ കണ്ട നസിയുടെ ഉപ്പ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗതയിൽ വന്ന ഒരു ലോറി ഇടിച്ചുതെറിപ്പിച്ചു.., തലക്ക് ഗുരുതരമായ് പരിക്കേറ്റ ഉപ്പയും, അപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിൽ ബോധരഹിതയായ നസിയേയും സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയതു."
"ജൂലൈ - l7,
നസിയുടെ ഉപ്പയുടെ സർജറി കഴിഞ്ഞു, ഉപ്പക്ക് ബോധം തിരിച്ചു കിട്ടിയിട്ടില്ല, നസിക്ക് ഉച്ചയോടെ ബോധം തിരിച്ചു കിട്ടിയെങ്കിലും അവളുടെ മാനസികനില തകരാറിലായിരുന്നു, അവൾ എന്നേയും ഉമ്മയേയും സാലുമോനേയും തിരിച്ചറിഞ്ഞില്ല, "
"ജൂലൈ - 18,
വേദനകളുടെമേൽ വേദന നൽകിക്കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ നസിയുടെ ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞു, നസിയുടെ നിലയിൽ ഒരു മാറ്റവുമില്ല..,"
"ജൂലൈ - 19,
നസിയുടെ ഉപ്പയുടെ മയ്യിത്ത് ഖബറടക്കിയ ശേഷം ഞാൻ സിറ്റി ഹോസ്പിറ്റലിലേക്കു തിരിച്ചു പോയി, നസിയുടെ നില കൂടുതൽ വശളായിത്തുടങ്ങിയിരുന്നു.., ഡോക്ടർമാർ ഒരു മെന്റൽ ഹോസ്പിറ്റലിലേക്കവളെ മാറ്റുവാൻ എന്നോട് പറഞ്ഞപ്പോൾ ഞാനറിയാതെ പൊട്ടിക്കരഞ്ഞു, എന്തൊക്കെയോ പറഞ്ഞ് ഉമ്മയെന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..,"
"ജൂലൈ - 20,
എന്റെ നസിയെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി..."
ഒരു ഞെട്ടലോടെ നസീമ ഡയറിയുടെ ഇരുപത്തിയൊന്നാം തിയ്യതിയിലെ പേജിലേക്ക് നോക്കി പക്ഷേ..., ഇരുപത്തിയൊന്നു മുതൽ തുടർന്നുള്ള ദിവസങ്ങളിൽ ഡയറിയിൽ ഒന്നും എഴുതിയിട്ടില്ല..! നസീമ പേജുകൾ വീണ്ടും വീണ്ടും മറിച്ചുക്കെണ്ടേയിരുന്നു, പിന്നീട് ഡയറി എഴുതിയിരിക്കുന്നത് ആഗസ്റ്റ് 23നാണ്, നസീമ വായിച്ചു തുടങ്ങി..,
"ആഗസ്റ്റ് - 23, ഇന്ന് സാലു മോൻ ഉമ്മച്ചിയെ കാണെണമെന്നു പറഞ്ഞ് ഒരുപാട് കരഞ്ഞു.., അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് കഴിയാത്തതിനാൽ ഞാൻ പുറത്തെ ചാരുകസേരയിൽ പോയിരുന്നു, പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു,
ആ മഴയിൽ നസിയുടെ പല ഓർമകളും മനസ്സിലേക്കോടിയെത്തി, പിന്നീടെപ്പൊഴോ ഞാനവിടെത്തന്നെ ഇരുന്ന് ഉറങ്ങി... "
"ആഗസ്റ്റ് - 24,
ഉമ്മയുടെ നിർദ്ധേശപ്രകാരം സാലു മോനേയും കൂട്ടി ഞാൻ നസിയുടെ അടുത്തേക്ക് പോയി, സാലുമോനെ കാണുമ്പോൾ നസി തിരിച്ചറിയുമെന്ന എന്റെ പ്രതീക്ഷ വെറുതെയായി, ഉമ്മാന്ന് വിളിച്ചവൻ കരഞ്ഞങ്കിലും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഡോക്ടറെന്നേ സമാധാനിപ്പിച്ചു..,"
തൊട്ടടുത്തുള്ള ദിവസങ്ങിലും അയാൾ ഡയറിയിൽ ഒന്നും എഴുതിയിരുന്നില്ല...,
നസീമ പേജുകൾ വീണ്ടും മറിച്ചുകൊണ്ടേയിരുന്നു..., പിന്നേ എഴുതിയിരിക്കുന്നത് സെപ്തംബർ ഇരുപത്തിയെട്ടിനാണ്...,
നസീമ വായന തുടർന്നു,
"സെപ്തംബർ - 28,
ഇന്ന് തിയ്യതി 28 ആണെങ്കിലും ഞാനെഴുതുന്നത് സെപ്തംബർ 22നെ കുറിച്ചാണ്...,
ഈ കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതിയിലാണ്
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തതായിട്ടുള്ള രണ്ടു കാര്യങ്ങൾ സംഭവിച്ചത്.., സാലു സ്കൂളിൽ പോയ ശേഷം ഞാൻ ഹോസ്പിറ്റലിലേക്കിറങ്ങിയപ്പോൾ അടുത്തവീട്ടിലെ ഖാദറിക്കയും കൂടെ വരുന്നെന്നു പറഞ്ഞു, ഖാദറിക്കയും
ഞാനും ഹോസ്പിറ്റലിൽ ഡോക്‌ടറുടെ സാന്നിദ്ധ്യത്തിൽ നസിയുടെ ഓർമകൾ തിരിച്ചു കൊണ്ടുവരാൻ പഴയ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ, പുറകിലൂടെ ഇരുമ്പ് ദണ്ഡുമായ് വന്ന ഒരു മനോരോഗി ഖാദറിക്കയെ തലക്കടിച്ചു വീഴ്‌ത്തി, അക്രമി വരുന്നതും ഖാദിറക്കയെ അടിക്കുന്നതും ഞങ്ങൾക്കഭിമുഖമായ് നിന്നിരുന്ന നസി വ്യക്തമായി കണ്ടതിനാൽ ഖാദറിക്കയോടൊപ്പം നസിയും ബോധംകെട്ടു വീണു,
സമയം കളയാതെ ഖാദറിക്കയെ ഞാൻ സിറ്റി ഹോസ്പിറ്റലിലെത്തിച്ചു.., പിന്നെ മണിക്കൂറുകളുടെ ആയുസ്സേ ഖാദറിക്കക്കുണ്ടായിരൊന്നാള്ളൂ...,
വൈകുന്നേരത്തോടെ തന്നെ ഖാദറിക്കയുടെ മയ്യിത്ത് ഖബറടക്കി,
രാത്രി 9 മണിക്ക് നസിയുടെ ഡോക്ടർ ഫോണിൽ വിളിച്ച് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലെത്താനാവശ്യപ്പെട്ടു,
ഞാൻ ചെന്നപ്പോൾ ഇക്കാ എന്നു വിളിച്ചു കരയുന്ന നസിയെയാണ് കണ്ടത്...,
ഞാൻ അതിശയത്തോടെ ഡോക്ടറെനോക്കിയപ്പോൾ "ഒരു ഷോക്കിലൂടെ നഷ്ടപ്പെട്ട മനോനില മറ്റൊരു ഷോക്കിലൂടെ തിരിച്ചു കിട്ടിയതാണെന്നും, ഇങ്ങിനെ അപൂർവ്വമായി സംഭവിക്കുമെന്നും" ഡോക്റ്റർ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ ഞാൻ അന്ധാളിച്ചു നിന്നു..,".
പെട്ടെന്ന് കോളിങ്ങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് നസീമ ഡയറി എടുത്തു വെച്ച് വാതിൽ തുറന്നു..,
"ഇക്കയൊ....? എന്തേ നേരത്തേ പൊന്നോ...?"
"മ്..., ഒഫീസിലിരിക്കാൻ ഒരു മൂഡ് കിട്ടിയില്ല..., ഉച്ചക്കു ശേഷം ലീവെഴുതിക്കൊടുത്തു ഞാനിങ്ങുപോന്നു..."
"അതേതായാലും നന്നായി..., ഞാനിവിടെ ഒറ്റക്കിരുന്നു മടുത്തു.. "
"ഉമ്മയെവിടെ...?"
"ഉമ്മ കുളിക്കാണ്..."
അയാൾ സോഫയിൽ വന്നിരുന്ന ശേഷം..,
"മ്..., നീ ചോദിക്കാറില്ലെ..., ഉപ്പയുടെ മരണശേഷം നിനക്കെന്താ സംഭവിച്ചതെന്ന്...., ഞാൻ പറയാം.... "
"വേണ്ടയിക്കാ...., എല്ലാം ഇക്കയുടെ ഡയറിയിൽ നിന്നും ഞാനറിഞ്ഞു..., കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇക്ക അനുഭവിച്ചിരുന്ന മാനസിക വിശമങ്ങളും പ്രയാസങ്ങളും....."
-പറഞ്ഞു തീരും മുന്നേ അയാളവളുടെ 'വാ' പൊത്തി..., ഒന്നു പറയേണ്ടെന്ന് തല കൊണ്ടാഗ്യം കാണിച്ചു...,
"നമ്മുടെ ഖാദറിക്ക.... "
അവൾ വിതുമ്പി...,
"എല്ലാം വിധിയാണെന്നു കരുതി സമാധാനിക്ക് നസീ..., എല്ലാം തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും പടച്ചവനല്ലേ..., അവന്റെ ദാനമല്ലേ നമ്മുടെയൊക്കെ ജീവിതം..."
അയാളുടെ വാക്കുകൾ കേട്ടപ്പോളവൾ
ഒരു കൊച്ചു കുട്ടിയെപ്പോൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..., ആ സമയം പുറത്ത് വീണ്ടും മഴപെയ്യാൻ തുടങ്ങിയിരുന്നു.....,
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
07-07-2017.

വർഷങ്ങൾക്കൊടുവിൽ....,

വർഷങ്ങൾക്കൊടുവിൽ....,
പുറത്ത് മഴ കോരിച്ചൊരിഞ്ഞു പെയ്യുന്നുണ്ടെങ്കിലും ഞങ്ങളുടെ മനസ്സുകളിൽ തീയായായിരുന്നു, ചിലരുടെ മുഖം കാർമേഘത്താൽ മൂടിക്കെട്ടിനിൽക്കുകയാണെങ്കിൽ മറ്റു ചിലരുടെ മുഖത്തെ കാർമേഘങ്ങൾ പുറത്തെ മഴയെ തോൽപ്പിക്കും വിധം പെയ്തിറങ്ങുന്നുണ്ടായിരുന്നു...., അടുത്തിരിക്കുന്നവന്റെ നുള്ളും പിച്ചും പിന്നെ മൂക്കിൽ നിന്നും ചാലിട്ടൊഴുകി വരുന്നതും മനസ്സിലെ സംഘർഷം വർദ്ദിപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വന്നു..., കൂടെ എന്റെ ഇത്താത്തയുടെ പ്രായം തോന്നിക്കുന്ന പെൺകുട്ടിയും!
വലിയ തിക്കും തിരക്കുമില്ലാത്ത ഒരു ബെഞ്ചിൽ ആ ചേച്ചി (പെൺകുട്ടി) ഇരുന്നു..., പിന്നെ ഞങ്ങളുടെയെല്ലാം ശ്രദ്ധ ആ ചേച്ചിയിലായി..., ഇത്രയും പ്രായമായിട്ടും ഈ ചേച്ചിപ്പൊഴും ഒന്നാം ക്ലാസിലെത്തിയിട്ടൊള്ളൂ..., അതോ ഇനി ടീച്ചറാകുമോ..? അതിനൊട്ട് പ്രായമായിട്ടില്ലതാനും...!
ഞങ്ങളോട്‌ ഓരോർത്തരോടായി പേരു പറഞ്ഞു പരിജയപ്പെടാൻ ടീച്ചർ പറഞ്ഞു, ചിലർ ബാപ്പുട്ടി എന്നും കുഞ്ഞോനെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു, അത് വീട്ടിൽ വിളിക്കുന്ന പേരാണ് യെതാർത്ഥ പേരു പറയൂ എന്ന്പറഞ്ഞ് ടീച്ചറവരെ തിരുത്തി, എല്ലാവരും പേരു പറഞ്ഞു കഴിഞ്ഞ ശേഷം ടീച്ചർ സ്വന്തം പേരു പറഞ്ഞു, "പങ്കജാക്ഷി",
അന്നേരം ആ പേര് എന്റെ നാവ് വഴങ്ങാത്തതിനാൽ പങ്കജ ടീച്ചറെന്ന് മനസ്സിൽ കുറിച്ചിട്ടു, പെട്ടെന്ന് ആ ചേച്ചി എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു എന്റെ പേര് സുസ്മിത...., പക്ഷേ ആ പേര് എത്ര ശ്രമിച്ചിട്ടും എന്റെ നാവ് വഴങ്ങിയില്ല....!
ഉടനെ ടീച്ചർ പറഞ്ഞു..,
"ഇത് എന്റെ മകളാണ്..., ഇവൾ വേറൊരു സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്..., ഇന്നിവൾക്ക് ലീവായതിനാൽ എന്റെ കൂടെ പോന്നതാണ്....,"
"ഈ ചേച്ചിക്കും ഈ സ്കൂളിൽ പഠിച്ചൂടെ..?"
ഫസ്റ്റ് ബെഞ്ചിലെ ഒരു വിരുതന്റെ ചോദ്യം കേട്ട ടീച്ചർ ഒന്നു ചിരിച്ചു.., ശേഷം പറഞ്ഞു,
"നമ്മുടെ ഈ സ്കൂൾ നാലുവരെയെ ഒള്ളൂ....,"
അത് കേട്ട എനിക്ക് സന്തോഷം അടക്കാനായില്ല..., നാലാം ക്ലാസ് കഴിഞ്ഞാൽ വീട്ടിലിരിക്കാലോ...., ആ സന്തോഷം മുളയിലെ നുള്ളി കൊണ്ട് ടീച്ചർ തുടർന്നു,
" ചേച്ചിയും നാലാം ക്ലാസ് വരെ ഇവിടെയായിരുന്നു പഠിച്ചിരുന്നത്..., നാലാം ക്ലാസ് കഴിഞ്ഞാൽ നിങ്ങളും ചേച്ചിയെപ്പോലെ മറ്റൊരു സ്കൂളിൽ ചേരും.., അവിടെ പഠിച്ചു പഠിച്ച് വലുതായി പത്തും കഴിഞ്ഞ് പിന്നെ കോളേജ്..... "
ബാക്കി കേൾക്കാതിരിക്കാൻ ഞാൻ ചെവി രണ്ടും വിരലിട്ടു അമർത്തി പിടിച്ചു.
ചേച്ചിക്ക് ക്ലാസില്ലാത്ത ദിവസങ്ങളിൽ ടീച്ചറുടെ കൂടെ വന്ന് ഞങ്ങളുടെ ക്ലാസിലിരിക്കുന്നത് ഞങ്ങൾക്കും ചേച്ചിക്കും വലിയ സന്തോഷമായിരുന്നു,
പല ദിവസങ്ങളിലും ടീച്ചർ വരുമ്പോൾ ആകാംഷയോടെ ഞങ്ങൾ നോക്കി നിൽക്കും ചേച്ചി കൂടെയുണ്ടോന്നറിയാൻ...!
ചേച്ചി വരുന്ന ദിവസങ്ങളിൽ ഇന്റർബെല്ല് സമയത്ത് ക്ലാസിൽ പാട്ടും ഡാൻസുമൊക്കെയായി നല്ല രസമായിരുന്നു,
ഒന്നാം ക്ലാസിൽ ഒരു കുട്ടിയെപ്പോലും പങ്കജടീച്ചർ അടിച്ചിരുന്നില്ല, ഒരിക്കൽ പോലും വടിയുമായി വരുന്ന പങ്കജ ടീച്ചർ എന്റെ ഓർമ്മയിലേയില്ല,
കളിയും ചിരിയും തമാശകളുമായി ഒരു വർഷം പിന്നിട്ടു...,
രണ്ടാം ക്ലാസിലെത്തിയതും ടീച്ചർ മാറി, രാധാമണി ടീച്ചറായിരുന്നവിടെ.., പങ്കജ ടീച്ചറെപ്പോലെ വടിയില്ലാത്ത ടീച്ചറായിരുന്നില്ല രാധാമണി ടീച്ചർ, വടി അധികം മേശയിയിലടിച്ചു ശബ്ദമുണ്ടാക്കാനായിരുന്നു ഉപയോഗിച്ചിരുന്നെങ്കിലും കുരുത്തക്കേട് കാട്ടിയാൽ അടി തരാനും ടീച്ചർ പിശുക്കൊന്നും കാണിക്കില്ലായിരുന്നു, എങ്കിലും പങ്കജ ടീച്ചറിനെപ്പോലെ രാധാമണി ടീച്ചറെയും എല്ലാവർക്കുമിഷ്ടമായിരുന്നു.
ഞങ്ങൾ രണ്ടാം ക്ലാസിലെത്തിയ ശേഷം സുസ്മിതച്ചേച്ചി സ്കൂളിൽ വരാതായി,
രണ്ടും മൂന്നും നാലും ക്ലാസുകൾ പിന്നിട്ട് മറ്റൊരു സ്കൂളിൽ ചേർന്ന ശേഷവും പങ്കജടീച്ചറും സുസ്മിത ചേച്ചിയും മനസ്സിൽ നിന്നും പോയിട്ടില്ലായിരുന്നു.
വർഷങ്ങൾ പലതും മാറി മറിഞ്ഞു,
കഴിഞ്ഞ വർഷം എന്റെ പെങ്ങളുടെ കുട്ടിയുടെ രക്ഷിതാവിന്റ റോളിൽ മീറ്റിങ്ങിനായ് അതേ സ്കൂളിന്റെ പടികൾ ഞാൻ കയറി..., മനസ്സ് അതിവേഗം പുറകോട്ടു പഞ്ചരിക്കുന്നതോടൊപ്പം ഓരോരോ ഓർമകൾ നൊമ്പരമായ് മനസ്സിലേക്കോടിയെത്താൻ തുടങ്ങി, മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ അന്നത്തെ എന്റെ മൂന്നാം ക്ലാസിലെ അദ്ധ്യാപകനും ഇപ്പോഴത്തെ ഹെഡ്മാസ്റ്ററുമായ അബ്ദു മാസ്റ്ററോട് പങ്കജാക്ഷി ടീച്ചറേയും മകളെയും കുറിച്ചന്വേഷിച്ചു..,
ടീച്ചർ റിട്ടയറായെന്നും, ഇവിടെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ഇപ്പോൾ ദൂരെ സ്വന്തം നാട്ടിൽ താമസമാക്കിയെന്നും അബ്ദുമാസ്റ്റർ പറഞ്ഞതു കേട്ടപ്പോൾ ഇനിയൊരിക്കലും എന്റെ പ്രിയപ്പെട്ട ആ ടീച്ചറമ്മയേയും മകളേയും കാണാൻ സാദിക്കില്ലല്ലോ എന്നോർത്ത് മനസ്സിൽ ഒരു വിങ്ങലനുഭവപ്പെട്ടു.
ഈ അടുത്ത ദിവസങ്ങളിലും ഞാൻ സ്നേഹനിധികളായ ആ ടീച്ചറേയും മകളെയും ആ പഴയ ഒന്നാം ക്ലാസും ചെറു നൊമ്പരത്തോടെ ഓർത്തെടുത്തു.., ടീച്ചറെ FB യിൽ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല,മകളുടെ പേര് ഞാൻ മറന്നുപോയിരുന്നു,
അതിനിടെ ഞാനെഴുതിയ ഒരു രചന നല്ലെഴുത്ത് പേജിൽ വന്നപ്പോൾ അതിലെ കമന്റുകൾ നോക്കുന്നതിനിടയിൽ ഒരു കമന്റ് എന്നേ പിടിച്ചു നിറുത്തി, എന്റെ വീട്ടുപേര് കണ്ട് വട്ടപ്പറമ്പ് സ്കൂളിലായിരുന്നോ പഠിച്ചെതെന്ന് ഒരു ചേച്ചികമന്റായി ചോദിച്ചിരിക്കുന്നു, അതേയെന്ന് ഞാൻ റിപ്ലെ കൊടുത്ത ശേഷം ചേച്ചിയുടെ പേര് നോക്കിയപ്പോൾ 'സുസ്മിത'..!
എന്റെ സ്കൂളിൽ പഠിച്ച ആരെങ്കിലുമായിരിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോൾ ഒരു മെസേജ് വന്നു,
"LP എവിടെയാ പഠിച്ചത്?"
"കീഴുമുറി സ്കൂളിൽ..., "- ഞാൻ റിപ്ലെ കൊടുത്തു.
"പങ്കജാക്ഷി ടീച്ചറെ ഓർമ്മയുണ്ടോ...?" - ഇതായിരുന്നു അടുത്ത മെസേജ്.
"പങ്കജ ടീച്ചറേയും അന്നു ടീച്ചറുടെ കൂടെ വന്നിരുന്ന ടീച്ചറുടെ മകളേയും ഓർമ്മയുണ്ടെന്ന് ഞാൻ റിപ്ലെ കൊടുത്തപ്പോൾ,
അന്നു ടീച്ചറുടെ കൂടെ വന്നിരുന്ന ആ ചേച്ചി സുസ്മിതയാണ് ഞാനെന്ന അടുത്ത സന്ദേശം അമ്പരപ്പോടെയാണ് ഞാൻ വായിച്ചത്...!
അതെ വർഷങ്ങൾക്കു ശേഷം ഞാൻ അറിയാനും കാണാനും ആഗ്രഹിച്ച എന്റെ ടീച്ചറേയും മകളേയും ഞാൻ ഒരു നിയോഗം പോലെ നല്ലെഴുത്ത് നല്ലെഴുത്ത് എന്ന സാഹിത്യ കൂട്ടായ്മയിലൂടെ കണ്ടെത്തിയിരിക്കുന്നു...,
മുനീർ ചൂരപ്പുലാക്കൽ.
രണ്ടത്താണി.
16-06-2017.

#എന്റെ_പ്രണയം....

#എന്റെ_പ്രണയം....
* * * * * * * * * * * * *
അന്ന് ഞാൻ പത്താം ക്ലാസിലെ പൊടിമീശക്കാരനായി വിലസുന്ന കാലം....,
നീണ്ട ഒമ്പതു വർഷത്തെ കലാലയ ജീവിതത്തിനിടെ ഒരു പെൺകുട്ടിയോടുപോലും പ്രണയം തോന്നാത്ത എനിക്ക് ആദ്യമായിട്ടവളെ കണ്ടപ്പോൾ മനസ്സിന്റെയുള്ളിൽ ഒരു സ്ഫോടനം നടന്നപോലെ..., പിന്നെയും പിന്നെയും അവളെ കാണാനും അവളെക്കുറിച്ചറിയാനും ഒരുതരം വെമ്പൽ.....,
ചുളിഞ്ഞു കീറിയഫാന്റും ബട്ടനു പകരം മൊട്ടുസൂചി കുത്തി കറപിടിച്ച ഷർട്ടും ചെളിയിൽ മുങ്ങിക്കുളിച്ച് ഇടക്കിടക്ക് അടർന്നു പോരുന്ന വാറുള്ള ഹവായ് ചെരുപ്പും അന്ന് മാറ്റി ഞാൻ.., ഇസ്തിരിയിട്ടിട്ടും ഇട്ടിട്ടും തികയാത്തതിനാൽ ചൂടുകൂടി ഒരു ഷർട്ടുരുകി തുള വന്നപ്പോൾ ഉമ്മയുടെ വക കണക്കിന് ചീത്ത കേട്ടതും ഹവായ് ചെരുപ്പിനു പകരം ഒരു വള്ളി ചെരുപ്പിന് വാശി പിടിച്ചതും അതിനേചൊല്ലി വഴക്കടിച്ച് അടി വാങ്ങിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ....,
വൈകി മാത്രം സ്കൂളിൽ ചെന്നിരുന്ന ഞാൻ നേരത്തേ സ്കൂളിലെത്തി റെഗറ്റിനടുത്ത് ചിരിയും ഫിറ്റ് ചെയ്ത് അവളേയും കാത്തിരിക്കുമ്പോൾ എന്റെ പ്രധാന ശത്രു കാറ്റായിരുന്നു...., നെറ്റി ചുളിക്കണ്ട.... കാറ്റും മഴയും പ്രണയത്തിന്റെ ഭാഗമാണെങ്കിലും എന്റെ കാര്യത്തിൽ ഇവർ രണ്ടുമെന്റെ ശത്രുക്കളിയിരുന്നു....,
കാരണം മഴ പെയ്യുന്ന പല ദിവസങ്ങളിലും അവൾ കുട കൊണ്ട് മുഖം മറച്ചുകൊണ്ടാണ് വരിക...., പിന്നെ കാറ്റ്...., മനോഹരമായി ചീകിയിട്ട മുടി പാറിപ്പറത്തി എന്നിലെ സുന്ദരനെ പലപ്പോഴും വിരൂപനാക്കിയിരുന്നത് ഈ കാറ്റാണ്..., (കുളിക്കാതെ ഉറക്കച്ചടപ്പോടെ പാറിപ്പറന്ന തലമുടിയുമായി നടക്കുന്നത് അന്ന് ഫാഷനല്ലല്ലോ.....,)
എങ്ങിനെ അവളെയൊന്നു വളക്കാമെന്നാലോജിച്ച് തലപ്പുണ്ണാക്കി ഒരുപാട് നാൾ ഞാനലഞ്ഞു.., അത്രയും കാലത്തെ എന്റെ ചിരിയെല്ലാം വെറും ഇളി മാത്രമായി.., അറിയാതെ പോലും അവളെന്നേ നോക്കുന്നില്ല.., അങ്ങനെയിരിക്കേയാണ് ആ മനോഹര സത്യം ഞാൻ മനസ്സിലാക്കുന്നത്....,
എന്റെ ബെഞ്ചിൽ എന്റെ തൊട്ടടുത്തിരിക്കുന്ന മഹ്റൂഫിന്റെ അയൽവാസിയാണത്രെ അവൾ....!
പിന്നേ താമസിച്ചില്ല...., മഹ്റൂഫൂറിനോട് കാര്യമവതരിപ്പിച്ചു...,
സംഗതി അവൻ ശരിയാക്കിത്തരാമെന്നു പറഞ്ഞു.... പക്ഷേ....കൂലിയായിട്ട് എന്റെ നാട്ടുകാരി റജുലയെ അവനു ഞാൻ ലൈൻ വലിച്ചു കൊടുക്കണമത്രെ....,
സമ്മതിക്കല്ലാതെ വേറെ വഴിയില്ലല്ലോ.....,
മഹ്റൂഫ് അവന്റെ ഒരു ബന്ധുവായ പെൺകുട്ടിയുടെ സഹായത്തോടെ അവളെ എനിക്ക് ലൈനാക്കി തന്നു....,
ഇന്നത്തെ പോലെ മൊബൈൽഫോണും ചാറ്റിങ്ങും ഒന്നുമില്ലല്ലോ...., ഞങ്ങൾക്കു പറയാനുള്ളത് കത്തുകളിലൂടെ ഞങ്ങൾ പങ്കുവെച്ചു..., ശിപായിയും മഹ്റൂഫ്തന്നെ....,
കത്തുകളൊരുപാട് കൈമാറിയെങ്കിലും നേരിട്ട് കാണാനും മിണ്ടാനുമൊന്നും ധൈര്യമില്ലായിരുന്നു...,
ഞങ്ങളുടെ പ്രണയമൊട്ടുകൾ പുഷ്പിക്കാൻ തുടങ്ങിയിട്ടും മഹറൂഫ് എന്നോട് പറഞ്ഞകാര്യം എന്റെ ധൈര്യക്കുറവ് കാരണം നീണ്ടു പോയി..,
അവസാനം മഹ്റൂഫ് അവൻ ലൈനാക്കുന്ന എന്റെ നാട്ടുകാരി റജുലക്ക് ഒരു കത്തെഴുതി എന്നോടു കൊടുക്കാൻ പറഞ്ഞേൽപ്പിച്ചു തന്നു...., ഞാനാ കത്തുമായി ഒരാഴ്ച ടെൻഷനടിച്ചു നടന്നു, കലികയറിയ മഹ്റൂഫ് ചൂടാകാൻ തുടങ്ങിയപ്പോൾ റജുലയുടെ ക്ലാസ്മേറ്റും എന്റെ കൂട്ടുകാരനുമായ സലാമിനോട്
ഞാൻ കാര്യങ്ങൾ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി എന്നു പറഞ്ഞ പോലെ സലാം റജുലയുടെ അടുത്തെത്തി ഇങ്ങിനെ പറഞ്ഞു.
"നിന്റെ നാട്ടുകാരനതാ നിനക്കൊരു ലൗലെറ്ററുമായി നിൽക്കുന്നു... ചെന്നു വാങ്ങിക്കൊ..."
ലൗ ലെറ്റർ എന്റെതാണെന്ന് തെറ്റിദ്ധരിച്ച് റജുല അപ്പോൾ തന്നേ അത് വാങ്ങി ഒന്നു നോക്കിയ ശേഷം നേരെ എന്റെ കാമുകിയുടെ അടുത്തെത്തിയിട്ടു പറഞ്ഞു...
"ന്നാ..... അന്റെ കാമുകൻ എനിക്കു വേണ്ടി തന്ന ലൗ ലെറ്ററാണിത്...., അവൻക്ക് നീ മാത്രം പോരാ..., ഞാനും കൂടി വേണമത്രെ.... "
റജുലയുടെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി അവൾ നിറകണ്ണുകളോടെ എന്നെ നോക്കി.... ശേഷം ആ ലെറ്റർ ഒന്നു നോക്കിയിട്ട് എന്റെ നേർക്ക് ചുരുട്ടി ഒറ്റയേറ്...! അങ്ങിനെ അവളുടെ കാര്യത്തിൽ ഒരു തീരുമാനമായി....,
പണ്ട് ലൗ ലെറ്ററിൽ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരം മാത്രമെ വെച്ചിരുന്നൊള്ളൂ.... അതാണെനിക്ക് പാരയായതും...,
എന്റേയും മഹ്റൂഫിന്റെയും പേര് 'M'ൽ ആണല്ലോ തുടങ്ങുന്നത്.... അതു പോലെ തന്നെ എന്റെ 'അവളുടെയും' പിന്നെനാട്ടുകാരി റജുലയുടെയും പേര് 'R'ലും...!
കത്തിൽ ഒരുപാട് ചക്കര ഉമ്മകളും പിന്നെ M+R എന്നൊക്കെ കണ്ടാൽ ഏതു ലവറിനാ അതൊക്കെ സഹിക്കാൻ കഴിയുക...?
കാര്യങ്ങൾ കൈവിട്ടു പേയെന്നു മനസ്സിലാക്കിയ സലാമും മഹ്റൂഫും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കാലങ്ങൾ കടന്നു പോയി.., സ്കൂളും പരിരസരവും അന്നത്തെ കുസൃതികളും കൂട്ടുകാരുമൊക്കെ മനസ്സിൽ ഒരു പിടി നൊമ്പരമുണർത്തുന്ന നഷ്ടസ്വപ്നങ്ങൾ മാത്രമായി...,
വർഷങ്ങൾക്കു ശേഷം പിന്നീടൊരിക്കൽ ഞാനവളെ കണ്ടു.., എന്റെ ബാല്ല്യകാല കാമുകിയെ...! എന്റെ മാരേജ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ പഞ്ചായത്തിൽ ചെന്നപ്പോൾ വാർഡ് മെമ്പറുടെ രൂപത്തിലാണ് ഞാനവളെ കാണുന്നത്...,
എന്നെ തിരിച്ചറിഞ്ഞയവൾ വന്നു കുശലാന്വേഷണങ്ങൾ നടത്തി..., അവസാനം തിരിച്ചു പോരുംനേരം അതാരാണെന്ന് ഭാര്യ ചോദിച്ചപ്പോൾ 'അതാണ് ഞാൻ പറഞ്ഞിരുന്ന സ്കൂൾ കഥയിലെ നായികയെന്ന്' പറഞ്ഞു കൊണ്ട് ഞാൻ ഭാര്യയുടെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു.......,
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo