Showing posts with label RathimolJini. Show all posts
Showing posts with label RathimolJini. Show all posts

വൃശ്ചികക്കുളിര്..

Image may contain: Rethimol Jini, selfie and closeup

ഡീ...അവന്‍ മാലയിട്ടേക്കണ കണ്ടില്ലേ.അയ്യപ്പസ്വാമിയാ അവന്‍.അവനെ കുത്താനും ചാണ്ടാനും ചെല്ലല്ലേ.ഒരു താരപരിവേഷത്തോടെ എന്‍റെ അനുജനങ്ങനെ നടക്കുകയാണ്.രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍റെ കഴുത്തില്‍ തൂങ്ങുന്ന അയ്യപ്പസ്വാമിയുടെ ലോക്കറ്റുള്ള കറുത്ത മാലയിലേക്കു നോക്കിയപ്പോള്‍ ആവശ്യമില്ലാതെ ഇനി അവനെ ഉപദ്രവിക്കരുതെന്ന് ഞാനും തീരുമാനിച്ചു .കതകിനു പിന്നില്‍ ചോക്കുകൊണ്ട് അവനെഴുതിവച്ച എന്‍റെ ഇരട്ടപ്പേര് ഞാന്‍ തന്നെ മായ്ച്ച് കളഞ്ഞ് സ്വാമിയെ ഞാന്‍ ബഹുമാനിച്ചു.
അവന്‍ മാലയിട്ടപ്പോള്‍ ഞാനാദ്യം ചിന്തിച്ചത് എന്‍റെ ഭക്ഷണത്തെ കുറിച്ചും രണ്ടുനേരം കുളിക്കുന്നതിനെക്കുറിച്ചുമാണ്.എല്ലാരും വ്രതമായതിനാല്‍ ഒരു മുട്ടപോലും കഴിക്കാന്‍ തരില്ല.എന്നാലും എന്‍റെ അയ്യപ്പസ്വാമീ..എന്നോടിതുവേണമായിരുന്നോ എന്ന് ആരുമറിയാതെ സ്വാമിയുടെ ഫോട്ടോയിലേക്കുനോക്കി ഞാന്‍ പിറുപിറുത്തു.അതിനേക്കാള്‍ വിഷമം അവനെ ഇനി നുള്ളാനും പിച്ചാനുമൊന്നും പാടില്ലല്ലോന്നോര്‍ക്കുമ്പോഴാ.രാവിലെ കുളിച്ച് സ്വാമിയേ ..ശരണമയ്യപ്പാന്നു അവനേക്കാള്‍ ഉച്ചത്തില്‍ വിളിച്ച് അമ്മയുടെ ഇഷ്ടം ഞാന്‍ നേടിയെടുത്തു.അതുകൊണ്ട് നെയ്യൊഴിച്ച ചോറ് അവനു കൊടുക്കുമ്പോള്‍ അമ്മ എനിക്കും തന്നു.
വൈകുന്നേരം കുളിച്ചിട്ടേ വീട്ടില്‍ കയറാവൂന്നു പറഞ്ഞതുകൊണ്ട് ഞാന്‍ നേരെ സ്കൂള്‍ വിട്ട് പാറയ്ക്കല്‍ കുളത്തിലേക്കു ചെന്ന് ഒരു കാക്കക്കുളി കുളിച്ച് പുസ്തകവും നെഞ്ചോടുചേര്‍ത്ത് വീട്ടിലേക്കു ചെന്നപ്പോള്‍ നനഞ്ഞൊട്ടിയ എന്‍റെ പുസ്തകങ്ങള്‍ കണ്ട് അമ്മ കലിതുള്ളിയെങ്കിലും ഞാന്‍ സന്തോഷിച്ചു.ഇതുണങ്ങുന്നതുവരെ ഇനി സ്കൂളില്‍ പോകണ്ടല്ലോ.എന്‍റെ ആഗ്രഹം അമ്മ മുളയിലേ നുള്ളിക്കളഞ്ഞു.
പിറ്റേന്നുമുതല്‍ വീട്ടില്‍ ചെന്ന് തോര്‍ത്തെടുത്താണ് കുളത്തില്‍ പോയത്.എന്‍റെ കൂട്ടുകാരില്‍ പലരും കുളിക്കാനെത്തിയിട്ടുണ്ട്.അവരുടെ വീട്ടിലും അയ്യപ്പസ്വാമിമാരുണ്ട്.മുങ്ങാംകുഴിയിട്ടു കുളിക്കുന്ന രാധയുടെയും ദേവിയുടെയും അരികിലൂടെ നീര്‍ക്കോലിപാമ്പും മുങ്ങാംകുഴിയിടുന്നതു കണ്ടപ്പോള്‍ ഞാന്‍ മുകളിലുള്ള തോട്ടിലേക്കു വച്ചുപിടിച്ചു.ഇതിനു മറ്റൊരു കാരണവുമുണ്ട്.അവിടാകുമ്പോള്‍ ഞാന്‍ കുളിച്ചില്ലേലും ആരും വീട്ടില്‍ ചെന്ന് പറയില്ല.ഞാന്‍ മിക്കവാറും ചെയ്യാറുള്ളതുപോലെ എന്‍റെ തലമാത്രം നനച്ച് തോര്‍ത്തി വീട്ടിലേക്കുപോയി.എനിക്കുതന്നെ എന്‍റെ നാറ്റം പിടിക്കാഞ്ഞിട്ട് ചിലദിവസങ്ങളില്‍ ഉടുപ്പൂരാതെ തോര്‍ത്ത് നനച്ച് പെറ്റിക്കോട്ടിനടിയിലൂടെ ഞാനെന്‍റെ ദേഹം തുടച്ചു.കുളികഴിഞ്ഞ് ഞാനെന്‍റെ കഴുത്തില്‍ നിന്നും കൈയില്‍ നിന്നും ചെളി ഉരുട്ടിയെടുത്തുകളഞ്ഞു.നാലാം ദിവസം കിണറ്റുകരയില്‍ കുളിച്ചാല്‍ മതിയെന്ന് അമ്മയുടെ കല്പന.ആരോ എന്നെ ഒറ്റി എന്നു ഞാന്‍ മനസ്സിലാക്കി.രണ്ടു ശരണം വിളി കൂടുതല്‍ വിളിച്ചേക്കാമെന്ന് പറഞ്ഞ് അയ്യപ്പനെ സോപ്പിട്ടു.ഏതായാലും അടിയൊന്നും കിട്ടിയില്ല.
വ്രതമായതിനാല്‍ കൂട്ടുകാരുടെ ഭക്ഷണമൊന്നും കയ്യിട്ടുവാരി തിന്നേക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.മീരയുടെ ചോറ്റുപൊതിക്കകത്തിരിക്കുന്ന വലിയ ചാളപൊരിച്ചതുകണ്ട് എന്‍റെ കണ്ണുതള്ളി.അവളത് പയറുതോരനും തൈരുമൊക്കെ ചേര്‍ത്ത് വിഴുങ്ങിയപ്പോള്‍ ഞാന്‍ വെള്ളമിറക്കി.പയറുതോരന്‍ ഇച്ചിരി താടീന്നു പറഞ്ഞ് ഞാനെടുത്തു.ആ തോരനില്‍ മീന്‍ പൊരിച്ചതിന്‍റെ രുചി കാണുമെന്നെനിക്കറിയാമായിരുന്നു.
വൈകുന്നേരം വീടെത്തിയപ്പോള്‍ അനുജന്‍റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍റെ കണ്ണു നനഞ്ഞാല്‍ എനിക്കു സഹിക്കൂല.അച്ഛമ്മ പറഞ്ഞു അമ്മ `പുറത്തായി'.നാലുദിവസം കഴിഞ്ഞേ വരൂ.അപ്പുറത്തെ പേരപ്പന്‍റെ വീട്ടിലുണ്ടത്രെ.എനിക്കു സങ്കടം സഹിക്കാന്‍ വയ്യാതായി.എന്‍റെ തെറ്റുകൊണ്ടാണ് അമ്മ `പുറത്തായ'തെന്നു ഞാന്‍ വിചാരിച്ചു. പിറ്റേന്ന് പേരപ്പന്‍റെ വീട്ടുമുറ്റത്തുനിന്ന് അമ്മ ഞങ്ങളെയും ഞങ്ങള്‍ അമ്മയെയും നോക്കി നെടുവീര്‍പ്പിട്ടു.ആ നാലു ദിവസവും ഞങ്ങള്‍ ചിറകൊടിഞ്ഞ പക് ഷികളെപ്പോലെ ജീവിച്ചു.
വൈകുന്നേരം അമ്പലത്തില്‍ തൊണ്ടകീറി ഞങ്ങള്‍ ഭജനപ്പാട്ടുപാടിയത് അവസാനം കിട്ടുന്ന കടുംപായസത്തിന്‍റെ രുചിയോര്‍ത്തിട്ടായിരുന്നു.കരോട്ടെ വീട്ടിലെ മീനചേച്ചിയുടെ കൂടെ മനയ്ക്കലെ പറമ്പിലെ കാവിനരികിലൂടെയാണ് ഞങ്ങള്‍ അമ്പലത്തില്‍ പോകുന്നത്‌.പടര്‍ന്നു പന്തലിച്ച വലിയ മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാവ്.ആ കാവില്‍ യക്ഷിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.ശബ്ദം കേട്ടാല്‍ യക്ഷി ഇറങ്ങി വരുമത്രെ.കാവെത്തുന്നതിനു കുറേ മുന്‍പ് മീനചേച്ചീ ഞങ്ങളെ ഒരു നോട്ടം നോക്കും.അതു കാണുമ്പോള്‍ തന്നെ മുട്ടുകൂട്ടിയിടിക്കും.പേടിച്ചു വിറയ്ക്കും.പിന്നെ കരിയിലപോലും അനങ്ങാതെ,ശ്വാസം പിടിച്ച് കാവു കഴിയുന്നതുവരെ നടക്കും.പിന്നെ ഒറ്റ ഓട്ടമാണ്.അമ്പലത്തില്‍ എത്തിയാല്‍ തിരിഞ്ഞുനോക്കും.യക്ഷിയെങ്ങാനും പിന്നിലുണ്ടോന്ന്.പക്ഷേ ,മുതിര്‍ന്നവരും കാവെത്തുമ്പോള്‍ നിശ്ശബ്ദരായിരുന്നു.അവരും വിശ്വസിച്ചിരുന്നോ അവിടെ യക്ഷിയുണ്ടെന്ന്.കാവു തീണ്ടിയാല്‍ ദേവി കോപിക്കുമെന്ന് അന്ന് അച്ഛമ്മ പറഞ്ഞത് സത്യമായിരുന്നു.അമ്പലത്തിലേക്കു റോഡു വെട്ടിയപ്പോള്‍ കാവിലെ മരങ്ങളോടൊപ്പം വവ്വാലുകളും പരുന്തുകളും കാക്കകളും നാട്ടാരെ പ്രാകി.
മലയ്ക്കു പോകുന്നതിന്‍റെ തലേദിവസം അയ്യപ്പകഞ്ഞി കുടിക്കാന്‍ അയല്‍പക്കക്കാരെല്ലാം വന്നു.പിറ്റേന്ന് പെരിയസ്വാമിയുടെ സ്വാമിയെ.....ശരണമയ്യപ്പാന്നുള്ള ഓരോ വിളിയും ഏറ്റുവിളിക്കുമ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞൊഴുകി.ഹൃദയം വിങ്ങി.വീടുകളില്‍ നിന്ന് വീടുകളിലേക്ക് ആ വിളികള്‍ മുഴങ്ങി.
ഓര്‍മ്മകളുടെ കയത്തില്‍നിന്ന് അങ്ങനെയൊരു വൃശ്ചികക്കാലം പൊന്തിവന്ന് മനസ്സിന്‍റെ തീരത്തടിഞ്ഞു.അതിന്‍റെ നിറം കെട്ടുപോകാതെ തണലത്തിട്ടൊന്ന് ഉണക്കിയെടുക്കാന്‍ മക്കളുടെ സഹായത്തിനായി ചെന്നപ്പോള്‍ അവര്‍ രണ്ടുപേരും പുതിയ ഐ ഫോണിലേക്ക് ഊളിയിട്ട് അയ്യപ്പകഥകള്‍ മുങ്ങിയെടുത്ത് ഒന്നു വായിക്കാന്‍പോലും മെനക്കെടാതെ എല്ലാര്‍ക്കും അയച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു.
എല്ലാം എന്‍റെ തെറ്റ്.ഒരു വയല്‍ തുണ്ടോ,എന്തിന് ഒരു കുളം പോലും അവര്‍ക്കായി ഞാന്‍ അവശേഷിപ്പിച്ചില്ലല്ലോ.തിരുത്താനാവാത്ത തെറ്റ്.തിരിച്ചുപിടിക്കാനാവാത്ത തെറ്റ്...
രതിമോള്‍ ജിനി .

വീടാക്കടങ്ങള്‍

Image may contain: Rethimol Jini, selfie and closeup

എന്തൊരു മഴയാ എന്‍റീശോയേ. .രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുവല്ലേ.ആ ജാനൂനെ ഇത്രനേരായിട്ടും കണ്ടതുമില്ല.അല്ലാ ഇനി നേരം വെളുത്തില്ലേ?.കാക്കക്കരച്ചിലുപോലും കേള്‍ക്കുന്നില്ലല്ലോ.ത്രേസ്യാക്കൊച്ചേ നിനക്കു കാലുവേദന കുറവുണ്ടേല്‍ എണീച്ചുചെന്ന് ഇത്തിരി കട്ടന്‍കാപ്പി അനത്തിത്താടീ.അപ്പോഴേക്കും ജാനു ഇങ്ങെത്തുവായിരിക്കും..നീ ആ കാലുറ എടുത്തിടണേ.ഗ്രാനൈറ്റിന്‍റെ തറയിലപ്പിടി തണുപ്പാ.
പൗലോച്ചേട്ടന് രണ്ടാണ്‍മക്കളാ.രണ്ടുപേരും അമേരിക്കേല് വല്യ നെലേലാ.ആണ്ടിലൊരിക്കല്‍ വരും.ഇത്തവണത്തെ ഓണത്തിന് കൊച്ചുമക്കളേം കൊണ്ടുവരാന്നാ പറഞ്ഞേക്കുന്നത്.ഏക്കറുകണക്കിനു പുരയിടത്തിനു നടുവില്‍ വലിയ ഇരുനില മാളികയാ അപ്പനുമമ്മയ്ക്കും താമസിക്കാന്‍ കെട്ടിയിട്ടേക്കുന്നത്.കൂട്ടിന് വേലക്കാരി ജാനുവും.
പൗലോചേട്ടന് വയസ്സ് എണ്‍പത്തിയാറു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം കുളിമുറിയിലൊന്നു തെന്നിവീണു.അതില്‍പിന്നെ തീരെ വയ്യ.വടിയുടെ സഹായത്താല്‍ പ്രാഞ്ചിപ്രാഞ്ചി നടക്കും.ത്രേസ്യാച്ചേടത്തിക്കാണേല്‍ വാതത്തിന്‍റെ അസുഖാ.രണ്ടുപേരും പഴങ്കഥകളൊക്കെ പറഞ്ഞ് വീട്ടില്‍ തന്നെ ഇരിപ്പാ.
എന്‍റെ കര്‍ത്താവേ....അടുക്കളേന്ന് ത്രേസ്യാച്ചേടത്തീടെ അലറിക്കരച്ചില്‍.എന്നതാടീ ത്രേസ്യാക്കൊച്ചേ...എന്നാപറ്റീ..പൗലോച്ചേട്ടന് പാഞ്ഞെത്തണമെന്നുണ്ട്.മനസ്സു പായുന്നപോലെ ശരീരം അനങ്ങൂല്ലല്ലോ.എന്നതാടീന്നും ചോദിച്ച് പതുക്കെ വടിയും കുത്തി ചെന്നപ്പോള്‍ അടുക്കളേടെ ജനലിലേക്ക് കൈ ചൂണ്ടി ശ്വാസം കിട്ടാതെ നില്‍ക്കുന്നു ത്രേസ്യാക്കൊച്ച്.ജനലിന്‍റെ കര്‍ട്ടന്‍ മാറ്റി നോക്കിയ പൗലോച്ചേട്ടനും കര്‍ത്താവിനെ വിളിച്ചുപോയി.കണ്ണെത്തും ദൂരത്തെങ്ങും വെള്ളം.എല്ലാം തീര്‍ന്നല്ലോ അച്ചായാ,വെള്ളം പൊങ്ങിക്കൊണ്ടിരിക്കുവാ.പൗലോച്ചായന്‍ ത്രേസ്യാക്കൊച്ചിന്‍റെ കൈയുംപിടിച്ച് ഹാളിലേക്കു നടന്നു .വാതിലിന്‍റെ വിടവിലൂടെ വെള്ളം കുറേശ്ശെ കയറിത്തുടങ്ങി.നീ മുകളിലത്തെ നിലയിലേക്കു കയറി രക്ഷപ്പെടടീ ത്രേസ്യാക്കൊച്ചേ.എനിക്കാണെങ്കില്‍ പടി കയറാന്‍ വയ്യല്ലോടീ.ത്രേസ്യാക്കൊച്ചേ ..വേഗം മുകളിലേക്കു കയറിപ്പോടീ.
പതിനാലാമത്തെ വയസ്സില്‍ അച്ചായന്‍റെ മണവാട്ടിയായതാ.രണ്ടു മക്കളെ പെറ്റുകിടന്നപ്പോഴല്ലാതെ ഒരുദിവസംപോലും പിരിഞ്ഞിരുന്നിട്ടില്ല.ആ കൈക്കരുത്തിന്‍റെ തണലിലാ ഇത്രം നാള്‍ ജീവിച്ചത്.എന്നിട്ടിപ്പോള്‍ എന്നോടു മാത്രമായി രക്ഷപ്പെടാന്‍.അച്ചായാ ,അച്ചായനോര്‍മ്മിക്കുന്നോ എന്നെ പെണ്ണു ചോദിച്ചുവന്നതും നമ്മുടെ മനസ്സമ്മതോമൊക്കെ .അച്ചായാ വെള്ളം ദേഹത്തു മുട്ടുന്നു.കര്‍ത്താവിനെ പ്രാര്‍ഥിച്ച് കണ്ണടച്ചു എന്‍റെ കൈത്തലത്തിലേക്കു ചേര്‍ന്നു കിടന്നോടീ .
ഇതാരൊക്കെയാ എടുത്തു പൊക്കുന്നെ.എല്ലാവര്‍ക്കും കര്‍ത്താവിന്‍റെ മുഖം.ത്രേസ്യാക്കൊച്ചെന്തിയേ.നനഞ്ഞ ഉടുപ്പൊക്കെ ആരോ മാറ്റിയിരിക്കുന്നു.ഇതെവിടാണാവോ.
അപ്പൂപ്പന്‍ കണ്ണുതുറന്നല്ലോ.അമ്മച്ചി ഇവിടുണ്ട് കേട്ടോ .പൗലോച്ചായാ,ദാ ഈ പിള്ളേരാ നമ്മളെ രക്ഷപ്പെടുത്തിയതു കേട്ടോ .അപ്പുറത്തെ പറമ്പില്‍ പന്തുകളിക്കാനെത്തുന്ന ഇവരെ ചീത്ത പറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.തലതെറിച്ച പിള്ളേര്,വകതിരിവില്ലാത്തവര്‍ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചിരുന്ന ഈ പിള്ളേരില്ലായിരുന്നെങ്കില്‍........ഓണത്തിനും വിഷുവിനുമൊക്കെ പിരിവിനുവരുമ്പോള്‍ ഗേറ്റു കുറ്റിയിട്ടും പന്തെറിഞ്ഞ് ചില്ലുപൊട്ടിച്ചപ്പോള്‍ കണക്കുപറഞ്ഞ് കാശു മേടിച്ചതും ഇവരോടായിരുന്നല്ലോ കര്‍ത്താവേ.ഈ കടമെല്ലാം എങ്ങനെ വീട്ടും കര്‍ത്താവേ..വീട്ടാന്‍ പറ്റാത്ത ചില കടങ്ങള്‍ കര്‍ത്താവിന്‍റെ ഓര്‍മ്മപ്പെടുത്തലാ ഇച്ചായാ.
ഡീ...ത്രേസ്യാക്കൊച്ചേ ,നമുക്കെന്നാത്തിനാടീ ഇത്രം പുരയിടം.മക്കള്‍ക്കുള്ളത് അവര് സമ്പാദിക്കെട്ടടീ.നീ പറഞ്ഞതു നേരാ.നമുക്ക് നമ്മുടെ നാട്ടുകാരേ കാണൂ.അവരില്‍ പലര്‍ക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും.കുറച്ചുപേര്‍ക്കെങ്കിലും നമ്മുടെ പുരയിടത്തില്‍ വീടുവച്ചു കൊടുക്കണം .മതിലുകളില്ലാത്ത വീട്.ആരോ കൊടുത്ത ബ്രഡിനു വീട്ടിലെ പോത്തിറച്ചി ഉലത്തിയതിനേക്കാള്‍ രുചി.സ്നേഹത്തിന്‍റെ രുചി.സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും രുചി.
രതിമോള്‍ ജിനി.

തിരിച്ചറിവ്

Image may contain: 1 person, selfie and closeup
ഈ യാത്ര തീരുന്നതിനുമുന്‍പ്
നിന്നെ ഒരു നോക്കുകാണണമെന്ന അടങ്ങാത്ത മോഹം..
എന്‍റെ നൊമ്പരങ്ങള്‍ വിങ്ങലുകള്‍
മറ്റാരോടും പങ്കുവയ്ക്കാനാവാതെ
കാലങ്ങളോളം...
നഷ്ടബോധത്തിന്‍റെ തീച്ചൂളയില്‍
ഉഴറി ഉരുകുമ്പോഴും നിന്നെ തിരയാത്ത
വാതിലുകളില്ല..
മുഖപുസ്തകത്തിലെവിടെയോ
നിന്‍റെ മുഖം വീണ്ടും കണ്ടപ്പോള്‍
വെള്ളിവീണ മുടിയിഴകളിലും
കാഴ്ചമങ്ങിയ മിഴികളിലും
വസന്തത്തിന്‍റെ തുടിപ്പ്
കാതങ്ങള്‍ക്കപ്പുറത്തിരുന്ന്
നീയൊരു ലഹരിയായ് വീണ്ടും ...
പക്ഷേ ,ശ്രീത്വം തുളുമ്പുന്ന നിന്‍റെ നല്ലപാതിയുടെ വദനം
എന്‍റെ മോഹങ്ങള്‍ക്കു ചിതയൊരുക്കി
എന്നോടൊപ്പം മണ്ണിലടിയട്ടെ നീപോലുമറിയാതെ..
തിരിച്ചറിവിന്‍റെ നൊമ്പരം
ഒന്നെനിക്കറിയാം,അവസാന നിമിഷങ്ങളില്‍
ബോധാബോധത്തിന്‍െറ പിടച്ചിലില്‍
എന്‍റെ നാവില്‍ നിന്‍നാമം മാത്രമായിരിക്കും
എന്‍റെ ചിന്തയില്‍ നീ മാത്രമായിരിക്കും
അത്രമാത്രം നീ എന്നിലലിഞ്ഞുപോയി..
രതിമോള്‍ ജിനി .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo