Slider

വൃശ്ചികക്കുളിര്..

0
Image may contain: Rethimol Jini, selfie and closeup

ഡീ...അവന്‍ മാലയിട്ടേക്കണ കണ്ടില്ലേ.അയ്യപ്പസ്വാമിയാ അവന്‍.അവനെ കുത്താനും ചാണ്ടാനും ചെല്ലല്ലേ.ഒരു താരപരിവേഷത്തോടെ എന്‍റെ അനുജനങ്ങനെ നടക്കുകയാണ്.രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍റെ കഴുത്തില്‍ തൂങ്ങുന്ന അയ്യപ്പസ്വാമിയുടെ ലോക്കറ്റുള്ള കറുത്ത മാലയിലേക്കു നോക്കിയപ്പോള്‍ ആവശ്യമില്ലാതെ ഇനി അവനെ ഉപദ്രവിക്കരുതെന്ന് ഞാനും തീരുമാനിച്ചു .കതകിനു പിന്നില്‍ ചോക്കുകൊണ്ട് അവനെഴുതിവച്ച എന്‍റെ ഇരട്ടപ്പേര് ഞാന്‍ തന്നെ മായ്ച്ച് കളഞ്ഞ് സ്വാമിയെ ഞാന്‍ ബഹുമാനിച്ചു.
അവന്‍ മാലയിട്ടപ്പോള്‍ ഞാനാദ്യം ചിന്തിച്ചത് എന്‍റെ ഭക്ഷണത്തെ കുറിച്ചും രണ്ടുനേരം കുളിക്കുന്നതിനെക്കുറിച്ചുമാണ്.എല്ലാരും വ്രതമായതിനാല്‍ ഒരു മുട്ടപോലും കഴിക്കാന്‍ തരില്ല.എന്നാലും എന്‍റെ അയ്യപ്പസ്വാമീ..എന്നോടിതുവേണമായിരുന്നോ എന്ന് ആരുമറിയാതെ സ്വാമിയുടെ ഫോട്ടോയിലേക്കുനോക്കി ഞാന്‍ പിറുപിറുത്തു.അതിനേക്കാള്‍ വിഷമം അവനെ ഇനി നുള്ളാനും പിച്ചാനുമൊന്നും പാടില്ലല്ലോന്നോര്‍ക്കുമ്പോഴാ.രാവിലെ കുളിച്ച് സ്വാമിയേ ..ശരണമയ്യപ്പാന്നു അവനേക്കാള്‍ ഉച്ചത്തില്‍ വിളിച്ച് അമ്മയുടെ ഇഷ്ടം ഞാന്‍ നേടിയെടുത്തു.അതുകൊണ്ട് നെയ്യൊഴിച്ച ചോറ് അവനു കൊടുക്കുമ്പോള്‍ അമ്മ എനിക്കും തന്നു.
വൈകുന്നേരം കുളിച്ചിട്ടേ വീട്ടില്‍ കയറാവൂന്നു പറഞ്ഞതുകൊണ്ട് ഞാന്‍ നേരെ സ്കൂള്‍ വിട്ട് പാറയ്ക്കല്‍ കുളത്തിലേക്കു ചെന്ന് ഒരു കാക്കക്കുളി കുളിച്ച് പുസ്തകവും നെഞ്ചോടുചേര്‍ത്ത് വീട്ടിലേക്കു ചെന്നപ്പോള്‍ നനഞ്ഞൊട്ടിയ എന്‍റെ പുസ്തകങ്ങള്‍ കണ്ട് അമ്മ കലിതുള്ളിയെങ്കിലും ഞാന്‍ സന്തോഷിച്ചു.ഇതുണങ്ങുന്നതുവരെ ഇനി സ്കൂളില്‍ പോകണ്ടല്ലോ.എന്‍റെ ആഗ്രഹം അമ്മ മുളയിലേ നുള്ളിക്കളഞ്ഞു.
പിറ്റേന്നുമുതല്‍ വീട്ടില്‍ ചെന്ന് തോര്‍ത്തെടുത്താണ് കുളത്തില്‍ പോയത്.എന്‍റെ കൂട്ടുകാരില്‍ പലരും കുളിക്കാനെത്തിയിട്ടുണ്ട്.അവരുടെ വീട്ടിലും അയ്യപ്പസ്വാമിമാരുണ്ട്.മുങ്ങാംകുഴിയിട്ടു കുളിക്കുന്ന രാധയുടെയും ദേവിയുടെയും അരികിലൂടെ നീര്‍ക്കോലിപാമ്പും മുങ്ങാംകുഴിയിടുന്നതു കണ്ടപ്പോള്‍ ഞാന്‍ മുകളിലുള്ള തോട്ടിലേക്കു വച്ചുപിടിച്ചു.ഇതിനു മറ്റൊരു കാരണവുമുണ്ട്.അവിടാകുമ്പോള്‍ ഞാന്‍ കുളിച്ചില്ലേലും ആരും വീട്ടില്‍ ചെന്ന് പറയില്ല.ഞാന്‍ മിക്കവാറും ചെയ്യാറുള്ളതുപോലെ എന്‍റെ തലമാത്രം നനച്ച് തോര്‍ത്തി വീട്ടിലേക്കുപോയി.എനിക്കുതന്നെ എന്‍റെ നാറ്റം പിടിക്കാഞ്ഞിട്ട് ചിലദിവസങ്ങളില്‍ ഉടുപ്പൂരാതെ തോര്‍ത്ത് നനച്ച് പെറ്റിക്കോട്ടിനടിയിലൂടെ ഞാനെന്‍റെ ദേഹം തുടച്ചു.കുളികഴിഞ്ഞ് ഞാനെന്‍റെ കഴുത്തില്‍ നിന്നും കൈയില്‍ നിന്നും ചെളി ഉരുട്ടിയെടുത്തുകളഞ്ഞു.നാലാം ദിവസം കിണറ്റുകരയില്‍ കുളിച്ചാല്‍ മതിയെന്ന് അമ്മയുടെ കല്പന.ആരോ എന്നെ ഒറ്റി എന്നു ഞാന്‍ മനസ്സിലാക്കി.രണ്ടു ശരണം വിളി കൂടുതല്‍ വിളിച്ചേക്കാമെന്ന് പറഞ്ഞ് അയ്യപ്പനെ സോപ്പിട്ടു.ഏതായാലും അടിയൊന്നും കിട്ടിയില്ല.
വ്രതമായതിനാല്‍ കൂട്ടുകാരുടെ ഭക്ഷണമൊന്നും കയ്യിട്ടുവാരി തിന്നേക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.മീരയുടെ ചോറ്റുപൊതിക്കകത്തിരിക്കുന്ന വലിയ ചാളപൊരിച്ചതുകണ്ട് എന്‍റെ കണ്ണുതള്ളി.അവളത് പയറുതോരനും തൈരുമൊക്കെ ചേര്‍ത്ത് വിഴുങ്ങിയപ്പോള്‍ ഞാന്‍ വെള്ളമിറക്കി.പയറുതോരന്‍ ഇച്ചിരി താടീന്നു പറഞ്ഞ് ഞാനെടുത്തു.ആ തോരനില്‍ മീന്‍ പൊരിച്ചതിന്‍റെ രുചി കാണുമെന്നെനിക്കറിയാമായിരുന്നു.
വൈകുന്നേരം വീടെത്തിയപ്പോള്‍ അനുജന്‍റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍റെ കണ്ണു നനഞ്ഞാല്‍ എനിക്കു സഹിക്കൂല.അച്ഛമ്മ പറഞ്ഞു അമ്മ `പുറത്തായി'.നാലുദിവസം കഴിഞ്ഞേ വരൂ.അപ്പുറത്തെ പേരപ്പന്‍റെ വീട്ടിലുണ്ടത്രെ.എനിക്കു സങ്കടം സഹിക്കാന്‍ വയ്യാതായി.എന്‍റെ തെറ്റുകൊണ്ടാണ് അമ്മ `പുറത്തായ'തെന്നു ഞാന്‍ വിചാരിച്ചു. പിറ്റേന്ന് പേരപ്പന്‍റെ വീട്ടുമുറ്റത്തുനിന്ന് അമ്മ ഞങ്ങളെയും ഞങ്ങള്‍ അമ്മയെയും നോക്കി നെടുവീര്‍പ്പിട്ടു.ആ നാലു ദിവസവും ഞങ്ങള്‍ ചിറകൊടിഞ്ഞ പക് ഷികളെപ്പോലെ ജീവിച്ചു.
വൈകുന്നേരം അമ്പലത്തില്‍ തൊണ്ടകീറി ഞങ്ങള്‍ ഭജനപ്പാട്ടുപാടിയത് അവസാനം കിട്ടുന്ന കടുംപായസത്തിന്‍റെ രുചിയോര്‍ത്തിട്ടായിരുന്നു.കരോട്ടെ വീട്ടിലെ മീനചേച്ചിയുടെ കൂടെ മനയ്ക്കലെ പറമ്പിലെ കാവിനരികിലൂടെയാണ് ഞങ്ങള്‍ അമ്പലത്തില്‍ പോകുന്നത്‌.പടര്‍ന്നു പന്തലിച്ച വലിയ മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാവ്.ആ കാവില്‍ യക്ഷിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.ശബ്ദം കേട്ടാല്‍ യക്ഷി ഇറങ്ങി വരുമത്രെ.കാവെത്തുന്നതിനു കുറേ മുന്‍പ് മീനചേച്ചീ ഞങ്ങളെ ഒരു നോട്ടം നോക്കും.അതു കാണുമ്പോള്‍ തന്നെ മുട്ടുകൂട്ടിയിടിക്കും.പേടിച്ചു വിറയ്ക്കും.പിന്നെ കരിയിലപോലും അനങ്ങാതെ,ശ്വാസം പിടിച്ച് കാവു കഴിയുന്നതുവരെ നടക്കും.പിന്നെ ഒറ്റ ഓട്ടമാണ്.അമ്പലത്തില്‍ എത്തിയാല്‍ തിരിഞ്ഞുനോക്കും.യക്ഷിയെങ്ങാനും പിന്നിലുണ്ടോന്ന്.പക്ഷേ ,മുതിര്‍ന്നവരും കാവെത്തുമ്പോള്‍ നിശ്ശബ്ദരായിരുന്നു.അവരും വിശ്വസിച്ചിരുന്നോ അവിടെ യക്ഷിയുണ്ടെന്ന്.കാവു തീണ്ടിയാല്‍ ദേവി കോപിക്കുമെന്ന് അന്ന് അച്ഛമ്മ പറഞ്ഞത് സത്യമായിരുന്നു.അമ്പലത്തിലേക്കു റോഡു വെട്ടിയപ്പോള്‍ കാവിലെ മരങ്ങളോടൊപ്പം വവ്വാലുകളും പരുന്തുകളും കാക്കകളും നാട്ടാരെ പ്രാകി.
മലയ്ക്കു പോകുന്നതിന്‍റെ തലേദിവസം അയ്യപ്പകഞ്ഞി കുടിക്കാന്‍ അയല്‍പക്കക്കാരെല്ലാം വന്നു.പിറ്റേന്ന് പെരിയസ്വാമിയുടെ സ്വാമിയെ.....ശരണമയ്യപ്പാന്നുള്ള ഓരോ വിളിയും ഏറ്റുവിളിക്കുമ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞൊഴുകി.ഹൃദയം വിങ്ങി.വീടുകളില്‍ നിന്ന് വീടുകളിലേക്ക് ആ വിളികള്‍ മുഴങ്ങി.
ഓര്‍മ്മകളുടെ കയത്തില്‍നിന്ന് അങ്ങനെയൊരു വൃശ്ചികക്കാലം പൊന്തിവന്ന് മനസ്സിന്‍റെ തീരത്തടിഞ്ഞു.അതിന്‍റെ നിറം കെട്ടുപോകാതെ തണലത്തിട്ടൊന്ന് ഉണക്കിയെടുക്കാന്‍ മക്കളുടെ സഹായത്തിനായി ചെന്നപ്പോള്‍ അവര്‍ രണ്ടുപേരും പുതിയ ഐ ഫോണിലേക്ക് ഊളിയിട്ട് അയ്യപ്പകഥകള്‍ മുങ്ങിയെടുത്ത് ഒന്നു വായിക്കാന്‍പോലും മെനക്കെടാതെ എല്ലാര്‍ക്കും അയച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു.
എല്ലാം എന്‍റെ തെറ്റ്.ഒരു വയല്‍ തുണ്ടോ,എന്തിന് ഒരു കുളം പോലും അവര്‍ക്കായി ഞാന്‍ അവശേഷിപ്പിച്ചില്ലല്ലോ.തിരുത്താനാവാത്ത തെറ്റ്.തിരിച്ചുപിടിക്കാനാവാത്ത തെറ്റ്...
രതിമോള്‍ ജിനി .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo