നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനിയത്തി

Image may contain: 1 person, beard and closeup

By: റെനീഷ് ലിയോ ചാത്തോത്ത്
1989 ആഗസ്റ്റ് മാസം തലശ്ശേരിയിലെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയറ്റേറിലേക്ക് പ്രസവവേദനയോടെ അമ്മയെ കൊണ്ടുപോവുമ്പോൾ അച്ഛന്റെ നെഞ്ചിടിപ്പും ആകാംഷയും കൂടിയിരുന്നു. കാരണം മുന്നാമത്തെ കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്നൊന്നുമല്ല. അമ്മയുടെ വയറു കണ്ടിട്ട് നാട്ടിലെ ചില മുതുമുത്തശ്ശിമാർ പറഞ്ഞുവത്രേ ഇരട്ടക്കുട്ടികളാവാനാണ് സാധ്യത എന്നു. ബാക്കി 2 പേരും പെണ്ണാണ് അടുത്തത് ഇരട്ടക്കുട്ടികൾ ആണെങ്കിൽ അതും പെൺകുട്ടികളാവുമോ എന്ന് അമ്മാവനു ഒരു സംശയവും ഒരു നെഞ്ചിടിപ്പും ഉണ്ടായിരുന്നുവത്രേ. അച്ഛനു അമ്മാവനും കൂടെ ഹോസ്പിറ്റൽ വരാന്തയിൽ മുഖത്തോട് മുഖം നോക്കിയിരുന്നു. രണ്ടും ,വരുന്ന രണ്ടും കൂടെ നാലു പെൺകുട്ടികളായാൽ അമ്മാവനു പണിയാവുമല്ലോ കെട്ടിച്ചയക്കുമ്പോൾ കൊടുത്ത് കൊടുത്ത് അമ്മാവൻ പാപ്പരാസിയാവുമോ എന്ന പേടി പുള്ളിക്കാരനു ഉണ്ടായിക്കാണും.
ഹോസ്പിറ്റൽ ഞങ്ങളുടെ കുടുംബക്കാരെ കൊണ്ട് നിറഞ്ഞു. സമയമടുത്തു അങ്ങനെയതാ വാതിൽ തുറന്നു രണ്ടു മാലാഖമാർ വരുന്നു. ഊഹിച്ചപ്പോലെ ഇരട്ട കുട്ടികൾ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് പുറത്ത് വന്നു.
അവർ അച്ഛനെ വിളിച്ചു. എല്ലാരും ഓടി അടുത്തെത്തി. ഒരു മാലാഖയുടെ കൈയ്യിൽ വെളുത്തു ഒത്ത തടിയുള്ള ഒരു പെൺകുഞ്ഞ്.അമ്മാവന്റെ കണ്ണൊന്നു തള്ളി.അപ്പോൾ പിന്നെയുള്ള മാലാഖയുടെ മുത്തു പൊഴിയുന്ന വാക്കുകൾ എല്ലാരുടെയും കാതുകളിൽ ഇമ്പമുണർത്തി
" ദേ ഇത് , ആൺകുട്ടിയാ "
അതെ ആൺകുട്ടി ഞാൻ. ഞാനായിരുന്നു ഇരട്ടക്കുട്ടികളിൽ ഒരാൾ. അച്ഛൻ വന്നെനെ എടുത്തു എല്ലാരുടെയും മുഖത്ത് നൂറിന്റെ ബൾബ് കത്തിയ പോലുള്ള പുഞ്ചിരി. മാലാഖമാർക്കും ഇഷ്ടമായി ഹോസ്പിറ്റൽ കുടുംബക്കാരെ കൊണ്ട് ആഹ്ളാദമായി.
ഇനി കഥ പറയാം പക്ഷെ ഇത് എന്റെ കഥയല്ല എന്നെപ്പോലെ ഒരാൾ കൂടെ ഇല്ലേ എന്റെ കൂടെപിറപ്പ് അവളുടെ കഥയാണിത്.
ഇന്നും ചേച്ചിയും എല്ലാരും പറയാറുണ്ട് ഒരുമിച്ചു അമ്മയുടെ അരികത്ത് കിടന്ന ഞാൻ ഒരിക്കൽ പോലും തിരിഞ്ഞു അവളെ നോക്കി കിടന്നിട്ടില്ല. അവൾ എന്നെ കൈ കൊണ്ട് തട്ടി വിളിച്ചാൽ പോലും ഞാൻ തിരിഞ്ഞു നോക്കാറെ ഇല്ല. എന്തോ വെറുപ്പ് പോലെയായിരുന്നു എനിക്ക് .സമയ വ്യത്യാസവും കൂടെ നല്ല മാറ്റവും ഉണ്ടായിരുന്നു നമ്മൾ. ഞാൻ നല്ല തടി ഉണ്ടായിരുന്നുവത്രേ.
വലുതായപ്പോൾ റിൻഷ പറയാറുണ്ട്.
റിൻഷ , റെനീഷ് അതായിരുന്നു ഞങ്ങളുടെ പേര്.
ഒരു ദിവസം അവൾ പറഞ്ഞിരുന്നു
"ദുഷ്ടാ നിനക്കെന്നോട് സ്നേഹമില്ലാത്തത് കൊണ്ടല്ലെടാ ഞാൻ വിളിച്ചപ്പോൾ നീ തിരിഞ്ഞു നോക്കാതെ കിടന്നിരുന്നത്. " എന്ന്
''എടീ തിരിഞ്ഞു നോക്കിയാലും എന്റെ മുഖം തന്നെയല്ലേ കാണേണ്ടത്. ആ മടുപ്പ് ഒഴിവാക്കാൻ വേണ്ടിയാ നോക്കാതിരുന്നത്. അന്നും നിനക്കും എനിക്കും ഒരേ മുഖച്ഛായ ആയിരുന്നു ". ഞാൻ തമാശ പോലെ പറഞ്ഞു.
അമ്മയ്ക്കു അത്ഭുതവും സന്തോഷവും ഏറെ തോന്നിയത് മുട്ടിലിഴഞ്ഞും കരഞ്ഞും പിച്ചവെച്ചും നടന്ന കാലത്ത് ഇടത്തും വലത്തും കിടന്ന് "അമ്മ" എന്ന് ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാണു വിളിച്ചത് എന്നാണ്.
വളർന്നുകൊണ്ടിരിക്കുമ്പോൾ തല്ലും വഴക്കും കൂടുതലായിരുന്നു ഞങ്ങൾ.അവൾക്കും എനിക്കും ഒരേ നിറമുള്ള ഉടുപ്പുകൾ എടുക്കുന്നതൊന്നും എനിക്കിഷ്ടമില്ലായിരുന്നു. ഒരേ നിറമുള്ള ഉടുപ്പുകൾ ഇട്ടു സ്കൂളിലോ കല്യാണത്തിനൊക്കെ പോയാൽ കൂട്ടുകാർ കളിയാക്കും. എനിക്കെന്തോ അവളെ ഇഷ്ടമല്ലാത്ത പോലെയായിരുന്നു. അച്ഛൻ കൊണ്ടുവരുന്ന പരിപ്പുവടയും ബിസ്ക്കറ്റും ചോക്ലേറ്റിനുമൊക്കെ എന്നും തല്ലുകൂടും.
പക്ഷെ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് വിട്ടുമാറാത്ത വലിയൊരു പനി വന്നു. ഹോസ്പിറ്റലും മരുന്നുമായി കഴിഞ്ഞിരുന്ന ദിവസങ്ങളിൽ സ്കൂളിൽ പോവാതെ എന്റെ അടുത്ത് ഇരുന്നും ഉറക്കമൊഴിച്ചു എന്റെ കൂടെ കിടന്ന അവളുടെ സ്നേഹം ഞാൻ അന്നാണു മനസ്സിലാക്കുന്നത്. പിന്നിട് അങ്ങോട്ട് എന്റെ ജീവന്റെ പാതി തന്നെ അവളായിരുന്നു.
അതിനിടയിൽ മറ്റൊരു അതിഥി കൂടെ ജീവിതത്തിൽ വന്നെത്തി ഒരു കുഞ്ഞനിയത്തിക്കൂടെ അങ്ങനെ രണ്ടു ചേച്ചിമാർ ഞാനും റിൻഷയും പിന്നെ കുഞ്ഞനിയത്തിയുമായി അഞ്ചു മക്കൾ.
അച്ഛന്റെ സ്ഥാപനങ്ങളൊക്കെ പൊളിഞ്ഞു സാമ്പത്തിക പരമായി ദയനീയമായ അവസ്ഥയിലായിരുന്ന സമയത്താണ് ഞങ്ങൾ രണ്ടു പേരുടെയും SSLC പഠിത്തം. സ്കൂളിൽ നിന്നു ടൂർ പോവുമ്പോൾ ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി അവളെ യാത്രയാക്കും കാരണം ഒരാൾക്ക് പോവേണ്ട കാശ് മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല മാർക്കോടെ രണ്ടു പേരും ജയിച്ചു. അവൾ നൃത്തവും പാട്ടുമൊക്കെയായി മുന്നോട്ട് പോയി.കലാപരമായ കാര്യങ്ങളിൽ അവളുടെ പങ്കാളിത്തം നാട്ടിലും എല്ലാവർക്കു വലിയ കാര്യമായിരുന്നു.
മുട്ടോളം മുടിയും കരിമഷി കണ്ണുകളും എന്നും ചുണ്ടിലൊരു പുഞ്ചിരിയും എല്ലാരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും നിന്ന അവൾ വീട്ടുകാർക്കും കുടുംബക്കാർക്കും നാട്ടുകാർക്കും അയൽപക്കത്തുള്ളവർക്കൊക്കെ പ്രിയങ്കരിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മിക്ക ദിവസങ്ങളിലും കുളിച്ചൊരുങ്ങി കാവിലെ തിരുനടയിൽ ദേവിയുടെ മുന്നിൽ ചെന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നു അവൾ.പക്ഷെ എല്ലാ പുഷ്പാഞ്ജലികളും എന്റെ പേരിലാണെന്ന് മാത്രം.
പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ചേർന്ന സമയം ചേച്ചിയുടെ കല്യാണമായി അന്ന് സമ്മർദ്ദത്തിലായി. അച്ഛനും അമ്മയും ഞാൻ പോലും കേൾക്കാതെ ഒരു കാര്യം അവർ തമ്മിൽ പറഞ്ഞു " അവൻ കൂടെ ഈ സമയത്ത് പഠിച്ചാൽ എന്താ ചെയ്യുക എന്ന് "
നിസ്സഹായവസ്ഥ അവരുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു കൂടുതൽ വാശി പിടിക്കാനോ ഒന്നും നിന്നില്ല. പിന്നെയുള്ള ദിവസങ്ങളിൽ ഉഴപ്പി നടന്നു, ക്ലാസിൽ കയറാതെ ആയി. നല്ലത് പറയിപ്പിച്ച ടീച്ചർമാരെ കൊണ്ട് മോശം പറയിപ്പിച്ച് ഞാൻ ആ പടിയിറങ്ങി. ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു പഠിക്കാൻ പറ്റാത്തവന്റെ നെഞ്ചിലെ പൊള്ളുന്ന വേദന ഞാൻ 17മാത്തെ വയസ്സിൽ അറിഞ്ഞു. പക്ഷെ ഇങ്ങനെ നിന്നാൽ ശരിയാവില്ല ജോലിക്ക് പോവണം ചേച്ചിയുടെ കല്യാണം നടത്തണം.റിൻഷയെ പഠിപ്പിക്കണം ഉത്തരവാധിത്തം ആ പ്രായത്തിൽ തലയിൽ കയറ്റി നാട്ടിൽ എന്തൊക്കെയോ ജോലി ചെയ്ത് ചേച്ചിയുടെ കല്യാണം മംഗളമായി കഴിഞ്ഞു.
ഉത്തരവാദിത്തം ഒന്നു കുറഞ്ഞങ്കിലും ബാധ്യതകൾ ഉണ്ട് ഒരു പാട്. കല്യാണം നടത്തിയ കടങ്ങൾ തീർക്കാൻ, റിൻഷയെ പഠിപ്പിക്കാൻ 19 മത്തെ വയസ്സിൽ മൈസൂരിലേക്ക് യാത്ര പോവാൻ നിന്നു. അവളെ കൂടാതെ ഒരു കുഞ്ഞനിയത്തി കൂടെയുണ്ട് അവളുടെ കാര്യവും നോക്കണം. പക്ഷെ അവൾ അമ്മയുടെ വീട്ടിലായിരുന്നു കുട്ടിക്കാലം മുതൽക്കേ അവിടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കുട്ടികളില്ലാത്ത അമ്മാവന്റ കൂടെയും അമ്മായിയുടെ കൂടെയായിരുന്നു അവൾ വളർന്നത്.വീട്ടിൽ വല്ലപ്പോഴുമേ വരാറുള്ളു അവൾക്ക് അവിടായിരുന്നു പ്രിയങ്കരം. പക്ഷെ റിൻഷ നിഴൽ പോലെ എന്നെ പിരിഞ്ഞിരിക്കാതെ കൂടെയുണ്ട്.
20 വർഷമായിട്ട് ഇതുവരെ ഞാൻ അവളെ പിരിഞ്ഞു നിന്നിട്ടില്ല. ഒരു മുറിയിൽ ഒരുമിച്ചാണ് കിടക്കാറുള്ളത്. ഇന്ന് യാത്രയാവുകയാണ്. ഡ്രസ്സ് എടുത്ത് ബേഗിൽ വെയ്ക്കുമ്പോൾ അവൾ വാതിൽക്കൽ വന്നു ചോദിച്ചു.
" നീ എവിടെയ്ക്കാ പോവുന്നത്. എന്നെ പഠിപ്പിക്കാനായിട്ട് നീ അന്യനാട്ടിൽ പോയി കഷ്ടപ്പെടെണ്ട. എന്നെക്കാൾ ഏറെ മാർക്ക് വാങ്ങിച്ചു പഠിച്ച നീ, പഠിത്തം നിർത്തിയപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല നിന്റെ തീരുമാനമല്ലേ എന്ന് കരുതി ക്ഷമിച്ചു, ജോലിക്ക് പോയപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല ചേച്ചിയുടെ കല്യാണം കഴിയട്ടേ എന്ന് കരുതി.ഇതിപ്പോൾ എല്ലാം കഴിഞ്ഞു ഇനി നീ എന്തിനാ വേറെ നാട്ടിൽ പോവുന്നത്. നീ തുടർന്നു പഠിക്കണം." രോഷവും സങ്കടവും കൊണ്ട് അവൾ പറഞ്ഞു.
" നീ എന്താ പറയുന്നേ ഇനി പഠിക്കാൻ പോയാൽ കുറെ കടങ്ങളുണ്ട്, നിന്റെ പഠിത്തം ,പിന്നെ പഠിച്ചു കൊണ്ട് ജോലി ചെയ്യാനും പറ്റില്ല. പോവണം മുത്തേ പോയെ പറ്റു, "
അതും പറഞ്ഞു ഞാൻ പുറത്തേക്ക് പോവാൻ ഒരുങ്ങിയപ്പോൾ എന്റെ കൈകളിൽ പിടിച്ചവൾ തേങ്ങലോടെ പറഞ്ഞു " ഏട്ടാ നിന്നെ പിരിഞ്ഞു ഈ വീട്ടിൽ ഒറ്റയ്ക്കിക്കിരിക്കാൻ എന്നെ കൊണ്ട് പറ്റില്ല." കണ്ണു നിറഞ്ഞവൾ പറഞ്ഞത് അനുസരിക്കാൻ എനിക്ക് നിവൃത്തിയില്ലായിരുന്നു അന്ന്.
അങ്ങനെ മൈസൂരിൽ നിന്നു ബാംഗ്ലൂരിലേക്ക് ചേക്കേറി ഏകദേശം 1 വർഷം നാട്ടിൽ പോവാതെ നിന്നപ്പോഴേക്കും അച്ഛന്റെ ബാധ്യതയൊക്കെ തീർന്നു പ്രതിസന്ധി തരണം ചെയ്ത് അച്ഛൻ വീണ്ടും പഴയ നല്ല നിലയിലായി അതുപോലെ ഞാനും അത്യാവശ്യം ഒരു സ്ഥാനം കണ്ടെത്തി. ആദ്യമായിട്ട് നാട്ടിൽ പോവുന്നത് ഇന്നും ഓർമ്മയുണ്ട് ഏറെ നാളുകൾക്ക് ശേഷം നാട്ടിലേക്കുള്ള യാത്ര രാത്രി ബസ്സ് കയറാൻ ഇരിക്കുമ്പോഴാണ് ഞാൻ റിൻഷയെ വിളിച്ചു പറഞ്ഞത് വൈകി വരുന്ന കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് രോഷവും അമർഷവും അവളുടെ സംസരത്തിൽ ഉണ്ടായിരുന്നു.കൂടെ കൊണ്ടുവരാനായിട്ട് കുറെ സാധനങ്ങളുടെ ലിസ്റ്റും.
" നീ കയറിയോ, ബസ്സ് പുറപ്പെട്ടോ ,കാലത്ത് എത്ര മണിക്ക് എത്തും? "അവൾ ഓരോ പത്ത് മിനിറ്റ് ഇടവേളകളിൽ വിളിച്ചു ചോദിച്ചോണ്ടിരുന്നു.
" പുറപ്പെട്ടു, കാലത്ത് ഒരു അഞ്ചു മണിക്ക് എത്തുമായിരിക്കും നീ ചെന്നു കിടക്കാൻ നോക്ക്." ഞാൻ പറഞ്ഞു.
ഉറക്കമില്ലാതെ അവൾ എഴുന്നേറ്റിരിക്കുകയും കിടക്കുകയും ചെയ്തു കൊണ്ടേയിരുന്നു. അകത്ത് വെളിച്ചം കണ്ടപ്പോൾ അമ്മ പറഞ്ഞു.
"നിനക്ക് ഉറക്കമില്ലേ.., ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നുറങ്ങാൻ നോക്കെടി.. അവൻ ഇവിടെ തന്നെയല്ലേ വരണത് " ഉറക്കം ശരിയായില്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യം വരും.
വഴക്ക് കേട്ടപ്പോൾ കിടന്നുറങ്ങിയ അവൾ കാലത്ത് 5 മണിക്ക് മുൻപായി എഴുന്നേറ്റു ഡ്രസ്സ് മാറ്റി പുറത്ത് വന്നപ്പോൾ അമ്മ ചോദിച്ചു.
"നീ എവിടേയ്ക്കാ "
"ഏട്ടനെ കൂട്ടികൊണ്ടു വരാൻ വണ്ടിയെടുത്തു ഞാൻ പോയ്ക്കോളാം ."
(അമ്മാവൻ അവൾക്ക് ഒരു ആക്ടീവ വാങ്ങി കൊടുത്തിരുന്നു.)
''നീ ഒരു പെൺകുട്ടിയാണെന്നുള്ള ബോധമുണ്ടാവണം അതിരാവിലെ ഈ സമയത്ത് റോഡിലൊന്നും ആരും ഉണ്ടാവില്ല ". അമ്മയുടെ നിർത്താതെയുള്ള വഴക്കൊന്നും അവൾ ചെവിക്കൊണ്ടില്ല.
ബസ്സ് ഇറങ്ങിയ എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഏറെ നേരം നോക്കി അവൾ പറഞ്ഞു.
" നീ വല്ലാതെ മാറിയല്ലോ തടിവെച്ചു മീശയും താടിയും ആരോ ആയിപ്പോയി.
" നീ കയറു ഞാൻ എടുക്കാം വണ്ടി ബാക്കിയൊക്കെ വീട്ടിലെത്തിയിട്ട്" എന്ന് ഞാൻ പറഞ്ഞു
വണ്ടിയുടെ പിന്നിലിരുന്ന് കെട്ടിപിടിച്ചു ഒരു വർഷത്തെ മുഴുവൻ കഥകൾ വാ തോരാതെ അവൾ പറഞ്ഞോണ്ടിരുന്നു.
തെരുവോത്ത് പുഴയുടെ കരയ്ക്കലുള്ള കുഞ്ഞനന്തൻ ഞങ്ങളുടെ കുഞ്ഞേട്ടന്റെ കുഞ്ഞു ചായകടയിൽ വണ്ടി നിർത്തി.
"കുഞ്ഞപ്പേട്ടാ രണ്ട് സ്ട്രാങ്ങ് ചായ "
"ആരാണപ്പ ഈ വെളുപ്പാൻ കാലത്ത് ഹാ.. അപ്പുവേ എത്ര നാളായി കണ്ടിട്ട് വരണവഴിയാണോ ,ആഹാ മോളുണ്ടോ കൂടെ."
"എടീ റിൻഷേ ആ ഗ്ലാസ് കഴുകി കൊടുക്കെടി."
"അയ്യോ മക്കൾ അവിടുരുന്നേ ,ഇത് ഞാൻ ചെയ്തോളാം "
" ഞാൻ ചെയ്തോളാം കുഞ്ഞപ്പേട്ടാ, എനിക്ക് ചായ അടിക്കണത് പഠിപ്പിച്ച് തരോ."
റിൻഷ കുഞ്ഞപ്പേട്ടനോട് എന്തൊക്കെയോ കുശലം പറഞ്ഞോണ്ടിരുന്നു.
"എടീ റിൻഷേ ചായ അടിക്കുന്നത് പഠിച്ചോളു ഒരു തൊഴിൽ അറിഞ്ഞിരിക്കുന്നത് നല്ലതാ."
" നീ പോടാ ചൂട് വെള്ളമെടുത്ത് മുഖത്ത് ഒഴിച്ചു തരും ഞാൻ."
"കുഞ്ഞപ്പേട്ടാ വൈകിട്ട് കാണാം, ഒരു മനോരമ തന്നേരെ. പുഴയിലെ വെള്ളമൊക്കെ കുറഞ്ഞല്ലോ കുഞ്ഞപ്പേട്ടാ ."
''എല്ലാം മണൽവാരലല്ലേ അപ്പുവേ.. ആരോട് പറയാനാണ്. "
"എട്ടാ വാ പോവാം "
" കാശ് കൊടുക്കെടി നൂറ് രൂപയെടുത്ത് കൊടുക്ക്, കുഞ്ഞപ്പേട്ടാ ബാക്കി അവിടെ വെച്ചോളു വൈകിട്ട് എടുക്കാം."
അത് പറഞ്ഞപ്പോൾ ഞാൻ കുട്ടിക്കാലം ഓർത്തു അന്ന് അമ്മയുടെ കൈ പിടിച്ച് ഞങ്ങൾ 'റേഷൻ കടയിലേക്ക് പോവുമ്പോൾ കുഞ്ഞപ്പേട്ടന്റെ ചായക്കടയിലെ ചില്ലു പാത്രത്തിൽ ഞങ്ങളെ നോക്കി ചിരിക്കുന്ന പഴംപൊരിയെയും, ഉള്ളിവടയെയും, പരിപ്പുവടയെയും നോക്കി വെള്ളമിറക്കിയിട്ടുണ്ട് കൊതിച്ചിട്ടുണ്ട് ഒരു പാട്.ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ കുഞ്ഞപ്പേട്ടന്റെ കടയുടെ മുന്നിലെത്തി കാശ് തിട്ടപ്പെടുത്തി പക്ഷെ കാശ് എത്തില്ല എന്നറിഞ്ഞു നിരാശയോടെ മടങ്ങാൻ നിന്ന ഞങ്ങളെ വിളിച്ച് വയറു നിറയെ പലഹാരങ്ങൾ തന്ന കുഞ്ഞപ്പേട്ടന്റെ കൈയ്യിൽ ഇന്ന് നൂറു രൂപ കൊടുത്ത് ബാക്കി പിന്നെ എടുക്കാം എന്ന് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.കാലം മനുഷ്യനെ മാറ്റിക്കൊണ്ടിരിവാണല്ലോ ഓരോ നിമിഷവും എന്നോർത്തു ഞാൻ വണ്ടി എടുത്തു.
"ഏട്ടാ വൈകുന്നേരം സിനിമയ്ക്ക് പോയാലോ പേപ്പറിൽ നോക്കട്ടെ തിയറ്ററിൽ ഏതാ സിനിമ ഉള്ളതെന്ന്..
നമ്മൾ തമ്മിൽ സിനിമ ഉണ്ട് അത് കാണാൻ പോയാലോ നല്ല പാട്ടുണ്ട് അതിൽ ജൂണിലെ നിലാമഴയിൽ.... പോവാം? ."
"എന്റെ റിൻഷ രാവിലെ പാടിയിട്ട് വെറുപ്പിക്കല്ലേ വീട്ടിൽ എത്തിക്കോട്ടേ.. "
കാവിലെ ദേവി ക്ഷേത്രത്തിനു മുന്നിലെ അരയാലിനു മുന്നിൽ കൂടെ പോവുമ്പോൾ ദേവിയെ നോക്കി കൈകുപ്പി പ്രാർത്ഥിച്ചു ഞങ്ങൾ വീട്ടിലേയ്ക്ക് വെച്ചുപിടിച്ചു. വഴി നീളെ കുറെ പേരുടെ കുശലം ചോദിക്കൽ ഏറെയുണ്ടായിരുന്നു. എല്ലാറ്റിനെയും പുഞ്ചിരിയിൽ ഒതുക്കി വീടെത്തി .അമ്മയും അച്ഛനും ഉമ്മറത്ത് ഉണ്ടായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് അകത്തേക്ക് കയറി. യാത്രയൊക്കെ സുഖമായിരുന്നോ എന്ന് അച്ഛന്റെ ചോദ്യവും ഉണ്ടായിരുന്നു.
അകത്ത് കയറിയ ഞാൻ റിൻഷയോട് ചോദിച്ചു
" എന്തോന്നാടി ഇത് ചുവരുനിറയെ കുഞ്ചാക്കോ ബോബൻ, ഷാരൂഖ്, മോഹൻലാൽ, പ്രിത്വിരാജും ഉണ്ടോ. എടീ കുറച്ചു സ്ഥലം ബാക്കി വെച്ചേക്കുട്ടോ ഭാവിയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മക്കൾ സിനിമയിൽ വരുവായിരിക്കും.
" ദുഷ്ടാ നീ എനിക്ക് ടെഡി ബെയർ കൊണ്ടുവന്നിട്ടില്ല വലുത് അല്ലേ.
വലിയ ടെഡി ബെയറിനു അവൾ എന്നും വാശി പിടിച്ചിരുന്നു പക്ഷെ ഞാൻ കൊണ്ടു കൊടുത്തിട്ടില്ല അവളുടെ വഴക്ക് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു.
അങ്ങനെ പോയി വരുന്നത് പതിവായി നാട്ടിലുണ്ടാവുന്ന സമയത്ത് ഞാൻ സുഹൃത്തുക്കളോട് കൂടി അല്പം കഴിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.അത് അവൾക്ക് ഇഷ്ടമില്ലായിരുന്നു. രാത്രി 11വരെയാണ് അവളുടെ സമയം അത് കഴിഞ്ഞു വന്നാൽ ഉമ്മറത്ത് ബോർഡ് തൂക്കിയിടും അവൾ.
1'-സമയം കഴിഞ്ഞു ഇനി പുറത്ത് കിടന്നോണം വിളിക്കണ്ട, തുറക്കില്ല.'
ഇനി 11 നു മുൻപായിട്ട് കേറിയാൽ ഞാൻ കുടിച്ചിട്ടുണ്ടേൽ നമ്മുടെ മുറിക്ക് മുന്നിൽ മറ്റൊരു ബോർഡ് തൂക്കിയിടും.
2'- കുടിച്ചിട്ടുണ്ടേൽ കുളിച്ചിട്ട് കേറിയാ മതി ,പിന്നെ ഇന്ന് നീ തറയിൽ, നോ തലയണ'
ഇതൊക്കെ അവളുടെ കുഞ്ഞുകുഞ്ഞു വാശികളായിരുന്നു. ഒരിക്കൽ ഇതുപോലെ വളരെ വൈകി വീട്ടിലെത്തേണ്ട അവസ്ഥ ഉണ്ടായി സമയം രാത്രി 1 മണിയായിക്കാണും നല്ല മഴയും അവളെ വിളിച്ചിട്ട് കതക് തുറന്നില്ല ജനാലകൾ തുറന്നു.
"എന്റെ പുന്നാര പെങ്ങളല്ലേ തുറക്ക് മുത്തേ ഏട്ടൻ ഇന്ന് കുടിച്ചിട്ടില്ല നീ സത്യം സിനിമയ്ക്ക് പോയതാണ്."
"നീ ഒന്നും പറയണ്ടതുറക്കില്ല. ഇങ്ങനെ തുറന്നു തരണേൽ നീ ഒരുത്തിയെ കെട്ടി കൊണ്ട് വാ അവൾ തുറക്കും."
അവസാനം അവൾ തുറന്നു തരാൻ വലിയ നിബന്ധന വെച്ചു ടൗണിൽ ഷോപ്പിൽ കണ്ട ഒരു ഡ്രസ്സ്.
"എടീ അതോ മൂവായിരം രൂപയെങ്ങാനമുണ്ട് കണ്ണിൽ ചോരയില്ലാതെ പെരുമാറല്ലെടി, ശരി തുറക്ക് വാങ്ങിതരാം."
" മോനേ കൂടെപ്പിറപ്പിനെയും വിശ്വസിക്കാൻ പറ്റില്ല കൂടെ ഒരുമിച്ച് പിറന്നവനെയും വിശ്വസിക്കാൻ പറ്റില്ല ഈ കാര്യത്തിൽ എനിക്ക് നിന്നെ തീരെ വിശ്വാസമില്ല. അതു കൊണ്ട് കാശ് എട്, കാശ് എടുക്ക് മോനേ.
ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ കുടിക്കാതിരിക്കാനും വൈകി വീട്ടിലേക്ക് വരാതിരിക്കാനാണുമെന്ന് എനിക്കറിയായിരുന്നു. അവൾ ഇങ്ങനെയുള്ള ഘട്ടങ്ങളിൽ എന്റെ ചേച്ചിയാവാറുണ്ട്.
അങ്ങനെയിരിക്കെ ഒരു നാൾ വീട്ടിൽ വലിയ പ്രശ്നമുണ്ടായി ചേച്ചിമാരൊക്കെ വന്നിട്ടുണ്ട്. റിൻഷ എന്നെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്ക് വാ എന്ന് പറഞ്ഞു. അവിടെത്തിയപ്പോൾ രേഷ്മേച്ചി മൂത്ത ചേച്ചി വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുകയാണ് മുറ്റം നിറയെ റിൻഷ യുടെ ഗിഫ്റ്റുകളും മറ്റും വലിച്ചെറിഞ്ഞിരിക്കുന്നു. അച്ഛനുമമ്മയും മിണ്ടാതിരിക്കുന്നു.റിൻഷ ഉമ്മറത്ത് കണ്ണ് നിറഞ്ഞിരിക്കുന്നു.
ഞാൻ രേഷ് മേച്ചിക്ക് നേരെ ചെന്നു ചോദിച്ചു.
"എന്തോന്നാടി ഇത് ആ റോഡ് മുഴുവൻ കേൾക്കാലോ നിന്റെ ശബ്ദം. ഇങ്ങനെ തൊള്ള തുറക്കാൻ മാത്രം ഇവിടെന്തുണ്ടായി. "
"ഓ വന്നല്ലോ പുന്നാര ഏട്ടൻ., നീ ചങ്ങായിമാരുടെ കൂടെ ഇങ്ങനെ കറങ്ങി നടന്നോ. ഇവൾ മാത്രമല്ല രണ്ടെണ്ണം നിനക്ക് താഴെയുണ്ട് ഓർമ്മ വേണം." ചേച്ചി പറഞ്ഞു
" എനിക്കറിയാം എന്റെ കാര്യങ്ങൾ ,നിന്നു നാടകം കളിക്കാതെ കാര്യം പറയെടി "
" വിളിക്ക് നിന്നെക്കാൾ അഞ്ച് വയസ്സ് മൂത്ത എന്നെ എടീ, പോടീന്നു തന്നെ വിളിക്ക് എന്റെ ചേട്ടനാണല്ലോ നീ."
"ചില സമയങ്ങളിൽ നിന്റെയും കൂടെ ചേട്ടനാവും ഞാൻ. നീ ആരോട് ചോദിച്ചിട്ടാ ഇതൊക്കെ വലിച്ചെറിഞ്ഞത്. ഇതൊക്കെ പെറുക്കിയെടുത്ത് സ്നേഹതീരം ഞങ്ങളുടെ മുറിയാണത് അവിടെത്തിക്കണം ഈ പൊട്ടിയതും ചളുങ്ങിയതൊക്കെ ഇവിടെ ഇട്ടേക്ക് പകരം പുതിയത് വേണം റൂമിലെത്താൻ അതിപ്പോൾ അവൾ തലയിൽ വെക്കുന്ന ഹെയർ ബാൻഡ് ആയാലും ശരി കേട്ടോ മേളെ ദിനേശാ.. "
"നിനക്ക് തമാശ നീ ഒന്നും അറിയുന്നില്ലല്ലോ നല്ലൊരു ആലോചന ഞാൻ കൊണ്ടുവന്നതാ അവൾക്ക് ഏട്ടന്റെ കുടുംബത്തിലെ വിനയൻ നിനക്കറിയാവുന്നതാ പക്ഷെ അവൾക്ക് വേണ്ട അവൾക്കൊരുത്തനെ ഇഷ്ടമാണെന്ന്. നല്ല കാശും വലിയ ജോലിയുമുള്ള ഒരാളെ വേണ്ടാന്ന് വെച്ചിട്ട് വേലയും കൂലിയും ഇല്ലാത്തവനെ പ്രേമിക്കാൻ നടക്കുന്നു അവൾ " ചേച്ചിയുടെ ശബ്ദം ഉച്ചത്തിലായി.
" നീ ഈ കൊണ്ടുവന്ന ആലോചന നിന്റെ കുടുംബത്തിൽ നിന്നല്ലേ. കുറെ കാശുണ്ടെന്നെ ഉള്ളു ജാഡയാണ്. കഴിഞ്ഞ ദിവസം നിന്റെ കുടുംബത്തിൽ കല്യാണത്തിനു വന്നപ്പോൾ ഞാൻ കണ്ടതാണ് നിന്റെ ഈ പറഞ്ഞ നല്ലവരെ. ഇവന്റെ പെങ്ങളുണ്ടല്ലോ അവൾ എന്നോട് പറയാണ് 'റനീഷ് ഇപ്പോൾ ബാംഗ്ലൂർ ആണോ എന്തേ പുറത്തേക്കൊന്നും പോവുന്നില്ലേ, ചേട്ടാ ആ കാറിന്റെ a /c ഒന്നു ഓൺ ചെയ്തേക്കുട്ടോ ഞങ്ങൾ ഇറങ്ങാറായി ചൂട് തീരെ സഹിക്കാൻ പറ്റത്തില്ലേ 'എന്ന്. പിന്നെ നീ കൊണ്ടുവന്ന ഈ ചെറുക്കൻ വിനയൻ അവൻ ഭക്ഷണം കഴിക്കാൻ ഇരുന്ന സമയം തൊട്ടപ്പുറത്ത് രണ്ട് ചേട്ടന്മാർ പപ്പടവും സാമ്പാറും തോരനൊക്കെ കൂട്ടിക്കുഴച്ച് സദ്യ ഉണ്ണുമ്പോൾ ഇവൻ അവരെ തൊട്ടു പോവും എന്ന പേടി പോലെ ഒരു വശത്ത് ഒതുങ്ങിയിരുന്നു കഴിക്കുന്നു. അറിയാതെ വിളമ്പുന്ന ചേട്ടന്റെ കൈയ്യിൽ നിന്നു സാമ്പാർ കുറച്ച് അവന്റെ പാന്റിൽ ആയി പിന്നെ ഉണ്ണുന്നതിനിടയിൽ അവൻ എഴുന്നേറ്റു പോയി ഒരു ബക്കറ്റ് നിറയെ വെള്ളം കൊണ്ട് കഴുകുന്ന കണ്ടു. ഇവനെയൊക്കെയാണോ ഇവൾ കെട്ടേണ്ടത് .റിൻഷ ഇവനെയൊക്കെ കെട്ടുന്നതിലും നല്ലത് ട്രെയിനിനു തല വെയ്ക്കുന്നതാണ്.
എടീ കാശ് അല്ല വലുത് സന്തോവും മനസാമാധാനവുമാണ് റിൻഷയോട് തന്നെ ഒരുതവണ കണ്ടപ്പോൾ അവൻ പറഞ്ഞതാണത്രേ പെണക്കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുത്. ഫോൺ ഉപയോഗിക്കരുത് എന്നൊക്കെ തളത്തിൽ ദിനേശൻ അവനൊന്നും പെണ്ണ് കെട്ടാത്തതാ നല്ലത്. സംശയ രോഗി ആയിരിക്കും എനിക്കുറപ്പാണ്. ഇവൾക്കൊന്നും പറ്റിയതല്ല അവൻ.
പിന്നെ ഇവൾ എന്നോട് പറയാത്തതായി ഒന്നും തന്നെയില്ല ഞാൻ അന്വേഷിച്ചു നല്ല ചെക്കനാണ് നമ്മുടെ ഇഷ്ടത്തിനു കഴിപ്പിച്ചിട്ട് എന്തിനാണ് എന്തേലും സംഭവിച്ചാൽ ജീവിതകാലം മുഴുവൻ അവൾ അനുഭവിക്കേണ്ടി വരും അതുകൊണ്ട് അവളുടെ ഇഷ്ടം എന്താണോ അത് നടക്കും."
"ഓഹോ അപ്പോൾ എനിക്ക് ഇവളുടെ കാര്യത്തിൽ യാതൊരു വിധ തീരുമാനമെടുക്കാനും അവകാശമില്ല അല്ലേടാ."
" ചേച്ചി നിന്റെ കല്യാണം കഴിഞ്ഞു ഇവൾക്ക് അടക്കാൻ ഫീസ് ഇല്ലാതെ വന്നപ്പോൾ ഞാൻ ബാംഗ്ലൂരിൽ പനിച്ചു കിടക്കുകയായിരുന്നു.എന്നോട് ഒന്നും പറയാതെ ക്ലാസിനു പോവാതെ ഇവൾ വീട്ടിലിരുന്നപ്പോൾ നിനക്ക് സഹായിക്കാൻ തോന്നിയില്ലല്ലോ. കൂടുതൽ ഒന്നും പറയാപ്പിക്കണ്ട നീ നിർത്ത്. അവളുടെ ഇഷ്ടം എന്താണോ അത് നടക്കും."
കാലങ്ങൾ അങ്ങനെ കഴിഞ്ഞു പഠിപ്പ് കഴിഞ്ഞിട്ട് അവന്റെ വീട്ടുകാരുമായി സംസാരിക്കാന്നു വെച്ചു.അങ്ങനെ കുറെ മാസങ്ങൾ ഞാൻ നാട്ടിൽ പോവാതെ ബാംഗ്ലൂരിൽ തന്നെ നിന്നു.ഈയിടെ ആയിട്ട് റിൻഷ വിളിക്കുന്നതൊക്കെ കുറച്ചു. വിളിച്ച് അന്വേഷിക്കുമ്പോൾ പഠിക്കാനുണ്ട് സുഖമില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. ഒരു ദിവസം ഞാൻ അമ്മയെ വിളിച്ചപ്പോൾ അവൾ സന്ധ്യയ്ക്ക് തന്നെ ഉറങ്ങി എന്നു അമ്മ പറഞ്ഞു. കൂടെ നാളെ തന്നെ കുറച്ച് കാശ് വേണം എന്ന് അമ്മ പറഞ്ഞു.
എന്തേലും പ്രശ്നമുണ്ടാവുമോ ഏയ് അവൾ എല്ലാം എന്നോട് തുറന്നു പറയുന്നതല്ലേ. എന്ന് സമാധാനിച്ച് ഞാൻ ഫോൺ വെച്ചിട്ട് ഉറങ്ങി.
ജാനകിയേടത്തി (അപ്പുറത്തെ വീട്ടിലെ ചേച്ചി ) ആ സമയം അമ്മയോട് പറഞ്ഞു.
" ചേച്ചി മോനാണോ വിളിച്ചത് ,അവനെ അറിയിക്കാതിരിക്കുന്നത് മോശമല്ലേ എന്നായാലും അറിയേണ്ടതല്ലേ."
"എന്റെ ജാനകിയേടത്തി ഇതറിഞ്ഞാൽ അവനു സഹിക്കാൻ പറ്റുമോ .വിധി നമ്മളെ ഇങ്ങനെ പിടികൂടി കളഞ്ഞുവല്ലോ ചേച്ചി. പറയാനാണേൽ അവളു സമ്മതിക്കുന്നും ഇല്ല." അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
" ചേച്ചി ഇങ്ങനെ കരയല്ലേ ഇതൊക്കെ ഇന്ന് എല്ലാവർക്കുമിടയിൽ ഉണ്ടാവാറില്ലേ.ചികിത്സിച്ചാൽ മാറാത്തതായിട്ട് ഒന്നുല്ല. ഇതെപ്പോഴാ ചേച്ചി അവൾക്ക് വന്നത്?"
" 6 മാസം മുൻപാണ് ഏടത്തി മൂക്കിൽ നിന്നു ഇടയ്ക്കിടെ രക്തം വന്നോണ്ടിരുന്നു. തലവേദനയും അങ്ങനെ കുറെ ലക്ഷണങ്ങൾ ഹോസ്പിറ്റലിലൊക്കെ പോയി ടെസ്റ്റൊക്കെ നടത്തി അപ്പോഴാണ് അതാണെന്ന് പറഞ്ഞത്. അവനെ അറിയിക്കാൻ സമ്മതിക്കുന്നില്ല. എവിടേയും പോവാതെ രണ്ട് ദിവസമായി ഇങ്ങനെ മുറിയിൽ ഇരിക്കുന്നു."
"അമ്മേ ഒന്നു നിർത്തുമോ ഏട്ടനെ അറിയിക്കണ്ട ഇതറിഞ്ഞാൽ ജോലി വരെ ഉപേക്ഷിച്ച് അവൻ ഇവിടെ വന്നിരിക്കും. ഇതു വരെ എനിക്ക് വേണ്ടി കഷ്ടടപ്പെട്ടു. ഇനിയും അവനെ... " അതും പറഞ്ഞ് റിൻഷ അകത്ത് പോയി കിടന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നെ ഒരു ദിവസം വിളിച്ചു
" എട്ടാ ഒന്നു നാട്ടിലേക്ക് വരുമോ എനിക്കൊന്നു കാണണം."
നിസഹായവസ്ഥ ആയിരുന്നു അവളുടെ സംസാരത്തിൽ പക്ഷെ ഞാൻ അത് ശ്രദ്ധിച്ചില്ല.
" നീ എന്താ പറയുന്നേ ഇപ്പോൾ വരാനൊന്നും പറ്റില്ല. ചുമ്മ ഓരോ ഭ്രാന്ത് വല്ലോം കണ്ട് പേടിച്ചോ നീ..."
കുറെ സമയം അവൾ എന്നോട് കെഞ്ചി. കാണണം എന്ന് പറഞ്ഞിട്ട് പക്ഷെ ഞാൻ ഫോൺ കട്ട് ചെയ്തു.
പിറ്റേ ദിവസം ജോലി ചെയ്യാൻ മനസ്സ് വന്നില്ല നാട്ടിൽ പോവണം. അവൾക്കിഷ്ടപ്പെട്ട വലിയ ടെഡി ബെയർ വാങ്ങിച്ച് ഞാൻ എല്ലാം ഡ്രസ്സൊക്കെ എടുത്ത് പുറപ്പെടാൻ ഒരുങ്ങിയപ്പോൾ കുറെ ഫോൺ കോളുകൾ നാട്ടിൽ നിന്ന്. തിരിച്ച് വിളിച്ചിട്ട് ആരും എടുക്കുന്നും ഇല്ല. പതിവില്ലാതെ ബാംഗ്ലൂരിലെ സുഹൃത്തുക്കൾ എല്ലാരും ബസ്സ് കയറ്റി വിടാൻ എത്തിയിരുന്നു. അവരും ആരെയൊക്കെയോ വിളിക്കുന്നു. ഞാൻ ഒന്നും ശ്രദ്ധിക്കാതെ ബസ്സിൽ കയറി കാലത്ത് 6 മണിക്ക് നാട്ടിൽ എത്തി.
കുഞ്ഞപ്പേട്ടന്റെ കടയടച്ചിരിക്കുന്നു. കാവിലൊന്നും ആരുമില്ല. വായനശാലയ്ക്കടുത്ത് എത്തിയപ്പോൾ കുറെ പേർ എന്നെ നോക്കി എന്റെ കൂട്ടുകാർ എന്റെ അടുത്തേക്ക് വന്നു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ നടന്നു പെട്ടെന്ന് വായനാശാലയുടെ മുന്നിലുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ ഒരു ഫോട്ടോ കണ്ടു കൂടെ ആദരാഞ്ജലികൾ എന്നും പേര് റിൻഷ. അത് ഞാൻ കണ്ടതറിഞ്ഞു കുറെ പേർ എന്റെ അടുത്തേക്ക് വന്നു.പക്ഷെ ഏറെ നേരം ഞാൻ ഒന്നും മിണ്ടാതെ അതിൽ നോക്കി. എന്നിട്ട് മുന്നോട്ട് നടന്നു. വീട്ടിലേക്കുള്ള വഴിയിൽ ചുറ്റും ദുഃഖത്തിലാറാടിയ കുറെ മുഖങ്ങൾ സ്ത്രീകൾ കുട്ടികൾ പുരുഷൻമാർ എല്ലാവരും ഒരു നെടുവീർപ്പോടെ എന്നെ നോക്കി നില്ക്കുന്നു. നിസഹായത തോന്നുന്ന മുഖങ്ങളും. വീടിന്റെ ഇടവഴിയിൽ നിറയെ ആൾക്കാർ മുന്നിൽ പന്തലിട്ടിട്ടുണ്ട്. കുറെ പേർ നടന്നു വരുന്നു. കുറെ പേർ അകത്ത് കയറുന്നു.അമ്മയുടെയും ചേച്ചിയുടെയും നിലവിളി കേൾക്കാം. മുറ്റത്ത് നിന്നും ഉമ്മറത്തേക്ക് ഞാൻ കയറുമ്പോൾ ആരൊക്കെയോ എന്നെ പിടിച്ചു.
ഉമ്മറത്ത് വെള്ളപുതച്ച് കിടക്കുന്നു എന്റെ പെങ്ങൾ, എന്റെ ജീവൻ, എന്റെ ശ്വാസം.
നിലവിളികളോ കണ്ണുനീരോ അല്ല പിന്നെ ഞാൻ കണ്ടത്.ഏറെ നേരം നോക്കി നിന്നു എന്റെ കണ്ണു നിറയുന്നില്ല പക്ഷെ അമ്മയെ ഞാൻ വിളിച്ചു.
"അമ്മേ..... അമ്മേ..... ഇവൾ എന്താ ഇങ്ങനെ കിടക്കുന്നത്. ഇത്രയധികം നാട്ടുകാരൊക്കെ ഇവിടെ വന്നിട്ട് ഇവളോട് തമാശകളഞ്ഞ് എഴുന്നേൽക്കാൻ പറയ്. എടാ ഉണ്ണി, ശങ്കരേട്ടാ, മാനസ അവൾ എല്ലാരേം പറ്റിക്കാൻ കിടക്കയാണ്."
എന്റെ മനസ് എന്നിൽ നിന്നും മാറി സഞ്ചരിച്ചു. പക്ഷെ അതു പറഞ്ഞപ്പേഴേക്കും അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ അമ്മയെ വിളിച്ച് ഏറെ നേരം കരഞ്ഞു.
ഈച്ചയെ എന്നും അറപ്പോടെ നോക്കി കണ്ട അവളുടെ നെറ്റിയിലും മുഖത്തും ഈച്ച വന്നിരിക്കുന്നു. കരഞ്ഞ് തളർന്ന എന്നെ കൂട്ടുകാരൊക്കെ പിടിച്ച് ഉമ്മറത്ത് കൊണ്ടുവന്നു ഇരുത്തി.
സമയമായി അവളെ എടുക്കാൻ പോവാണു എന്ന് ആരോ വന്നു എന്നോട് പറഞ്ഞു. പോവുകയാണ് അവൾ അവസാനമായി ഒന്നു കാണണം എന്ന് പറഞ്ഞിട്ട് ഒരു ദിവസം കാത്തു നില്ക്കാതെ പോയവൾ എന്റെ പ്രാണൻ.
തെക്കേപ്പറത്ത് എടുക്കാൻ നേരം ഞാൻ അവസാനമായി അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾക്കായി കൊണ്ടുവന്ന വലിയ ടെഡി ബെയർ അവളുടെ കൈകളിൽ വെച്ചു കൊടുക്കുമ്പോൾ എല്ലാവരും കരഞ്ഞു. എല്ലാരുടെയും കണ്ണ് നിറഞ്ഞിരിക്കുന്നു.
എല്ലാം കഴിഞ്ഞ് പോവുമ്പോൾ ചില സ്ത്രീകൾ പറഞ്ഞു.
" എന്നാലും കൊച്ചിനെങ്ങനെ ആത്മഹത്യ ചെയ്യാൻ തോന്നി.അസുഖം വന്നത് അതിനു സഹിച്ചില്ല.ഇനി പഴയ പോലെ ഡാൻസ് കളിക്കാനും തുള്ളിച്ചാടാനൊന്നും പറ്റില്ല എന്നറിഞ്ഞപ്പോൾ പാവത്തിനു തോന്നിക്കാണും."
ചിലർ വേറെയും പറയുന്ന കേട്ടു.
അവർ പ്രണയിച്ചവൻ വേണ്ട എന്നു പറഞ്ഞിരുന്നു.
പക്ഷെ അവൾ ഞങ്ങൾക്ക് ഒരു എഴുത്ത് എഴുതി വെച്ചിട്ടായിരുന്നു പോയത്. അതും വായിച്ച് ആ മുറിക്കുള്ളിൽ പുറത്തിറങ്ങാതെ ഞാൻ നിന്നിട്ടുണ്ട്.
പ്രിയപ്പെട്ട ഏട്ടന്, ഏട്ടന്റെ പഴയ റിൻഷ അല്ല ഇന്ന്. ഇനി എനിക്ക് പഴയ റിൻഷ ആവാനും എനിക്ക് പറ്റില്ലായിരിക്കും. ഓരോ ദിവസം കഴിയുന്തോറും എനിക്ക് വയ്യാതാവുന്നു ഏട്ടാ. എനിക്ക് സുഖമില്ല ചികിത്സിച്ചാൽ മാറുമോന്നും അറിയില്ല. അതു കൊണ്ടാവും ഇതറിഞ്ഞ് പലരും വേണ്ടാ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് പക്ഷെ ആരുപോയാലും എന്റെ ഏട്ടൻ കൂടെയുണ്ടാവും എന്നറിയാം പക്ഷെ ഇനി ഇങ്ങനെ കിടന്നിട്ട് ആരെയും കഷ്ടപ്പെടുത്താൻ എനിക്ക് വയ്യ ഏട്ടാ...
ഏട്ടനെന്നോട് പൊറുക്കണം മാപ്പ്. "
വർഷം കുറെ കഴിഞ്ഞു അവൾക്കിഷ്ടമില്ലാത്ത ദുശീലങ്ങളൊക്കെ പാടെ മാറ്റി ഞാൻ ഒരു നാൾ നട്ടിൽ വെച്ച് അവനെ കണ്ടു. പാവം എന്റെ കൈ പിടിച്ച് കുറെ കരഞ്ഞു ഞാൻ വേണ്ട എന്നൊന്നും പറഞ്ഞിട്ടില്ല എന്നും പറഞ്ഞു കരഞ്ഞു.
"എനിക്കറിയാം പക്ഷെ ഒരു പാട് ലാളിച്ചു വളർത്തിയ കൊണ്ടാവാം ഒന്നു സഹിക്കാൻ പറ്റിയില്ല അവൾക്ക് ,വിധി സാരമില്ല." എന്ന് ഞാൻ പറഞ്ഞു.
ഇന്ന് 2018ൽ 5 വർഷമായി അവൾ പോയിട്ട്. അവളുടെ കൂട്ടുകാരികളെ ഈ കഴിഞ്ഞ ഏപ്രിലിൽ കണ്ടു.
" റെനീഷേട്ടൻ എപ്പോൾ വന്നു."
"ഇന്നലെ വന്നു. കല്യാണം കഴിഞ്ഞു നിങ്ങളുടെയൊക്കെ അല്ലേ. മോളാണോ ഇത്. എന്താ പേര് കുഞ്ഞിന്റെ
"മോളാണ് റെനീഷ് ഏട്ടാ ദേവനന്ദ
" ഇന്ന് റിൻഷ കൂടെയുണ്ടായിരുന്നേൽ ഇതുപോലെ ഒരു കുഞ്ഞു അവൾക്കുമുണ്ടായിരുന്നേനെ അല്ലേ.യോഗമില്ല വിധി അനുവദിച്ചില്ല. വിഢ്ഡിഡിത്തം കാണിച്ചു .പാവം....
അതും പറഞ്ഞ് ഞാൻ നടന്നു. ഇന്ന് എന്റെ സ്വപ്നങ്ങളിൽ വന്നു എന്നോട് വഴക്കിടുന്ന എന്റെ കൂടെ പിറപ്പിന്റെ ഓർമ്മകളുമായി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot