നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുങ്കുമക്കാവ്..

Image may contain: 1 person, selfie and closeup 

.....................
എന്റെ വീട്.... ഇലഞ്ഞിയും, ചെമ്പകവും, പാരിജാതവും, വാകമരങ്ങളും, കുങ്കുമ മരങ്ങളും ഇടതിങ്ങി വളരുന്ന പറമ്പിലെ ആ പഴയ വീട്.... ആ വീടിനോട് എനിക്കു വല്ലാത്ത ഭ്രമമാണ്... ഭസ്മത്തിന്റെ മണമുള്ള എന്റെ വീട്.... മുകളിലെ എന്റെ മുറിയിലെ ജനലഴികളിലൂടെ ഒഴുകി എത്തുന്ന കാറ്റിന് ഓരോ സുഗന്ധമായിരുന്നു... ഇലഞ്ഞിപൂക്കളുടെ, ചെമ്പകപൂവിന്റെ,.... ആ സുഗന്ധത്തിൽ മയങ്ങി ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു... അമ്മ കാച്ചി തന്നിരുന്ന കരിമ്പനയുടെ പൂവിട്ടു കാച്ചിയ എണ്ണയുടെ സുഗന്ധം... വാകതോൽ ഉണക്കിയ പൊടി എണ്ണയിൽ ചാലിച്ചു
ദേഹത്ത് തേച്ചു തരുമായിരുന്നു അമ്മ.... അത് ഒരു പക്ഷേ എന്റെ മാത്രം ഒരു ഗന്ധം ആയിരിക്കാം... തല കുളുർക്കെ എണ്ണ തേച്ചിട്ടു അമ്മ പറയും.. ഉമകുട്ടി പനയുടെ ചുവട്ടിൽ പോവല്ലേന്ന്... എന്തേ ചോദിച്ചാൽ അമ്മ ചിരിക്കും... ദൂരെ നിന്നു ആ പനയെ നോക്കി നില്കും....മുകളിൽ അഴിഞ്ഞുലഞ്ഞ പനകുല......യക്ഷിയമ്മേടെ മുടി... അങ്ങനെ തോന്നും...നേരിയ ഭയം.... അരയും കവിഞ്ഞു കിടക്കുന്ന എന്റെ മുടിയെടുത്തു തലോടും.... എണ്ണയുടെ ഗന്ധം തലയിൽ അങ്ങനെ പറ്റിയിരിക്കും... ആ സുഗന്ധത്തിനു വല്ലാത്ത ഒരു വശ്യത ഉണ്ടായിരുന്നു... ഉമക്ക്‌ എന്തോ ഒരു പ്രത്യേക സുഗന്ധം... പഠിക്കുന്ന കാലത്തു കുട്ടികൾ കളിയാക്കിയിരുന്നു...
ഇരുപതു വയസ്സ് വരെ തന്റെ ശ്വാസം തങ്ങി നിന്ന വീട്... തന്റെ ഓരോ സ്വപ്നങ്ങൾക്കും കൂട്ട് നിന്ന വീട്...അമ്മയുടെ ചിരിച്ച മുഖം... കഞ്ഞി മുക്കിയ മുണ്ടിന്റെ മണം... അത് അമ്മയുടെ ഗന്ധമാണ്.. അമ്മ അടുത്ത് വരുന്നു... എന്റെ കൈയിൽ മുറുകെ പിടിച്ചു... അമ്മയുടെ മുഖത്ത് ഇതു വരെ കാണാത്ത ചൈതന്യം..." ഉമകുട്ട്യേ നമുക്ക് ഒരിടത്തു പോവാം... "അമ്മ എന്റെ കൈപിടിച്ച് നടന്നു... പിന്നെ ഓടി.. ധൃതിയിൽ.. എനിക്കു ഭയം തോന്നി... പറമ്പിലെ നീണ്ട ഇടവഴിയിലൂടെ... കുങ്കുമകാവിലെത്തി... നിലാവിൽ പൂത്തു നിൽക്കുന്ന കുങ്കുമ മരങ്ങൾ... വെള്ളയും, ചുവപ്പും ഇട കലർന്ന പൂക്കൾ... മൂക്കിലേക്ക് ആ ഗന്ധം പടരുകയാണ്.... അമ്മ വല്ലാതെ കിതക്കുന്നു.... "കുട്ട്യേ... വെളിച്ചം വേണം... ഇവിടെ കല്ലിൽ ഒരു തിരി തെളിക്കോ... "അമ്മ കാട്ടി തന്ന കുങ്കുമ തറയിൽ താഴെ എണ്ണയും തിരിയും തീപ്പെട്ടിയും കണ്ടു... താഴെ കല്ലിലെ ചിരാതിൽ തിരി കൊളുത്തി വച്ചു... അമ്മ ആശ്വാസത്തോടെ താഴെ ഇരുന്നു... പൂത്ത ഇലഞ്ഞി പൂവിന്റെ മണം... ചെമ്പകപൂവിന്റെ ഗന്ധം... ഞാൻ എവിടെയാണ്... ഈ രാത്രിയിൽ... കരിപന ചുവട്ടിൽ നിന്നും ഒരു പിടി പൂ വാരി അമ്മ എന്റെ തലയിൽ ഇട്ടു... "വെളിച്ചെണ്ണയിൽ ഈ പൂവിട്ടു കാച്ചി തലയിൽ തേക്കണം.. എന്റെ കുട്ടീടെ മുടിയൊക്കെ പോയിരിക്കണൂ... "
എനിക്കു അമ്മയെ ഒന്ന് കെട്ടിപിടിക്കണം... ഞാൻ അമ്മയെ തൊടാൻ നോക്കി... കൈ എത്തും മുൻപേ അമ്മ മാഞ്ഞു പോയി.... ഞാൻ വല്ലാതെ ഭയന്നു... തിരിയുടെ വെട്ടത്തിൽ ആരുടെയോ അദൃശ്യമായ രൂപം .. പരിചിതമായ നിഴൽ... രവി... രവിയല്ലേ അത്... ഞാൻ ഉറക്കെ നിലവിളിച്ചു കൊണ്ടു ആ രൂപത്തിനു നേരെ ഓടി...
ഞാൻ ഉണർന്നു നോക്കുമ്പോൾ എനിക്കു ചുറ്റും ഇരുട്ട്‌ മാത്രം... സ്വപ്നം ആയിരുന്നു.... പക്ഷേ ആ സുഗന്ധം... പരിചിതമായ തലോടൽ... അതിവിടെ എവിടെയോ ഉണ്ട്.... അമ്മ വിട്ടു പോയിട്ട് എത്ര കാലമായി...ഇടയ്ക്കു തന്നെ തേടിയെത്തുന്ന പരിചിതമായ അമ്മയുടെ സ്നേഹത്തിന്റെ ഗന്ധം.... വർഷങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ ഉറങ്ങി കിടക്കുന്ന സ്വപ്‌നങ്ങൾ...ഈ ഫ്ളാറ്റിലെ മുറിയിൽ കട്ടിലിൽ കണ്ണടച്ചിരുന്നു ഞാൻ സ്വപ്നം കാണും... എന്റെ വീടിന്റെ ഇടനാഴിയിലൂടെ വെറുതെ നടക്കുന്നതായി.... മുറ്റത്തെ മധുരപുളികൾ പെറുക്കിയെടുക്കും..... മെല്ലെ തോല് കളഞ്ഞു ഉള്ളിലെ പച്ചനിറമുള്ള കാമ്പ് കുരു കളഞ്ഞ് നുണഞ്ഞിറക്കും.... വെറുതെ പറമ്പിലൂടെ നടക്കും. ....നഗ്നമായ കാൽപാദങ്ങൾ മണ്ണിൽ തൊടുമ്പോൾ വല്ലാത്ത സുഖം തോന്നും. സ്വപ്നമാണ്.... കണ്ണു തുറക്കുമ്പോൾ അറിയും.... ആരുമില്ല...... ചുവരുകളുടെ വെളുത്ത നിറം.... ഇവിടെ ഞാൻ തനിച്ചാണ്... ആരൊക്കെയോ തനിച്ചാക്കി പോയതാണ്... പത്തു വർഷങ്ങൾ... ഭർത്താവില്ലാതെ വിധവയായി ജീവിച്ചു....ഒരു ദിവസം ഉമേയെന്നു ള്ള വിളി നിന്നു.... ആ വിളി കേൾക്കാതെ നെഞ്ചു പിടഞ്ഞു... പ്രാണൻ പാതിയായി...... പ്രണയവും, സ്വപ്നങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചു നേടിയ ജീവിതമാണ്.... ആ ജീവിതവും തന്നെ കൈവിട്ടു. വൈധവ്യം സ്ത്രീയുടെ മരണമാണ്.... സമൂഹത്തിൽ നോക്കുകുത്തി ആയി മാറുകയാണ്....മംഗളകർമങ്ങളെല്ലാം നിഷിദ്ധം... താലി... പൊട്ടു.. പൂവ്... നിറങ്ങൾ.... മായുന്ന കാഴ്ച്ചകൾ...കൈ പിടിച്ചിരുന്ന ആളില്ല.... ശരീരം മാത്രമേ നഷ്ടപ്പെട്ടുള്ളു... ആത്മാവിടെ ഭദ്രമാണ്... ഇവിടെ എന്റെ മനസ്സിൽ... ആര് കേൾക്കാൻ.. ഒറ്റപ്പെടൽ... ഏകാന്തത.... അൻപതു വയസ്സ് അത്ര വലിയ പ്രായമാണോ?.... മോളു കൂടെ പോയാൽ ഉമ ഒറ്റയ്ക്ക്.... പലരും ചോദിച്ചു.... ഇനി ഒരു വിവാഹം എന്നാരും പറഞ്ഞില്ല... ഒരു കൂട്ട്... വാർദ്ധക്യം ബാധിച്ച ഒറ്റപ്പെട്ട ആരൊക്കെയോ വന്നു... എനിക്കു ഒരു തുണ..... വന്നവർ അങ്ങനെയാണ് പറഞ്ഞത്... നിനക്ക് തുണയാവാം... എന്നാരും പറഞ്ഞില്ല... അപമാനിക്കപ്പെട്ടത് ഞാനാണ് .... സഹായിക്കാൻ വന്നവരോട് തീർത്തു പറഞ്ഞു... വേണ്ട... ഉമക്ക് വാർദ്ധക്യം ബാധിച്ചിട്ടില്ല... എന്റെ ജീവിതം വാർദ്ധക്യതിനു തുണയാവണ്ട... എനിക്കു തോന്നണം... എല്ലാം കഴിഞ്ഞുവെന്ന്... അന്നേ എന്റെ ജീവിതം അവസാനിക്കുന്നുള്ളൂ....ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു... എന്നിട്ടും ജീവിച്ചു... മോൾക്ക് വേണ്ടി... അവളെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചു.... പോകുമ്പോൾ അവൾ പറഞ്ഞു.... നിറഞ്ഞ കണ്ണുകളോടെ....അമ്മക്കു കാണണമെന്ന് തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ മതി.... ഞാൻ ഓടി വരാം.... എന്റെ അമ്മയോട് ഞാൻ പറയാറുള്ള വാക്കുകൾ..... അമ്മ വിളിക്കാറില്ല... ഉമക്ക് ബുദ്ധിമുട്ടാവും..... ഞാനും അങ്ങനെ ഒരു അമ്മയാവണം... അവൾ ഇനി വിരുന്നുകാരിയാണ്.... അമ്മയുടെ.... എല്ലാ പെൺകുട്ടികളും അങ്ങനെ തന്നെയാവാം.... ഇനി ബാധ്യതകളില്ല... ബന്ധനങ്ങൾ ഇല്ല... ഇനി എനിക്കു മടങ്ങിപോണം.... ഈ നഗരത്തിന്റെ ഏകാന്തതയിൽ നിന്നും....
ഞാൻ യാത്ര തിരിച്ചു എന്റെ പാലക്കാട്ടെ ഗ്രാമത്തിലേക്ക്......
ഞാനിപ്പോൾ വീട്ടിലാണ്... എന്റെ പ്രിയപ്പെട്ട മുറിയിൽ... മരത്തിന്റെ അഴികളിലൂടെ കടന്നു വരുന്ന കാറ്റിന് ഇപ്പോഴും അതേ സുഗന്ധം... ഇലഞ്ഞി പൂത്തിരിക്കുന്നു... പാരിജാതത്തിൽ പടർന്നു കയറിയ മുല്ല വള്ളികളിൽ നിറയെ പൂക്കളാണ്.. എന്റെ മനസ്സിപ്പോൾ പറക്കുകയാണ്... സന്തോഷം കൊണ്ട്...
ഒന്നിനും മാറ്റമില്ല...വീടിനു ഭസ്മത്തിന്റെ അതേ മണം.... സഹായത്തിനു ആളുണ്ട്.. പേരമ്മു..... അമ്മുക്കുട്ടി എനിക്കു പേരമ്മു ആണ്... മടിക്കുത്ത്‌ നിറയെ പേരക്കയു മായി വരാറുള്ള അമ്മുക്കുട്ടി എനിക്കു പേരമ്മു ആയി.. അമ്മയുടെ കൂടെ നിന്നിരുന്നു കുട്ടിയമ്മയുടെ മകൾ.... തെല്ലു മുൻപോട്ടു ഉന്തിയ പല്ലുമായി വെളുക്കെ ചിരിക്കുന്ന അവളെ എനിക്കിഷ്ടമായിരുന്നു..... അന്നും ഇന്നും....അവളാണ് ഈ വീടിന്റെ, പറമ്പിന്റെ കാവൽക്കാരി...അന്ന് അവളുടെ അമ്മയായിരുന്നു... ഇന്നു അവൾ...
ചില ജീവിതങ്ങൾ അങ്ങനെയാണ്.... ഒരു മാറ്റവുമില്ലാതെ തുടരും.....
അമ്മയുടെ പഴയ പെട്ടി തുറന്നു നോക്കി... അടുക്കി വച്ചിരിക്കുന്ന സെറ്റുമുണ്ടുകൾ.. അമ്മയുടെ മണം... ഉണങ്ങിയ ഒരു കൈതപൂവ്... അതിന്റെ മണം ഇപ്പോഴും പെട്ടിയിൽ ഉണ്ടെന്നു തോന്നി.. തോട്ടിൻ വക്കത്തു കൈത പൂ വിരിഞ്ഞു നിന്നാൽ അമ്മ പൊട്ടിച്ചെടുത്തു പെട്ടിയിൽ മുണ്ടിനിടയിൽ വയ്ക്കും... ആ സുഗന്ധം വർഷങ്ങൾ കഴിഞ്ഞാലും അങ്ങിനെ തന്നെ ഉണ്ടാവും...അമ്മക്ക് എന്തോ കൈതപൂവിന്റെ മണം വല്യ ഇഷ്ടമായിരുന്നു....
എന്റെ മരത്തിന്റെ ആ പഴയ അലമാരയുടെ ഒരു ഭാഗത്തു കോറിയിട്ട പേര്...
അവ്യക്തമായ പേര്.... ഉമരവി.....
ഞാൻ അവ്യക്തമായ ആ മുഖത്തെ ഓർത്തു നോക്കി.... രവിയാണ്... ഉമാരവിയെന്നു എപ്പോഴോ ചേർത്ത് എഴുതിയിരുന്നു.... ഇലചീന്തിൽ, ചേമ്പിൻതാളിൽ, ചുമരിൽ..... എഴുതാത്ത ഇടമില്ല... ചേരാത്തതു ചേർക്കണ്ട..അച്ഛൻ വാശി പിടിച്ചു... എല്ലാം മാഞ്ഞു.... മനസ്സിൽ എഴുതിയതു മാത്രം മാഞ്ഞില്ല.... അതവിടെ കിടന്നു.... നൊമ്പരപെടുത്തുന്ന ഒരു ഓർമയായി.... ഒരിക്കൽ രവിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.രവി എന്തേ വേറെ കല്യാണം കഴിക്കാഞ്ഞേ... രവിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കനൽ പ്രകടമായിരുന്നു.... ഉമയെ പോലെ ആരെയും കണ്ടില്ല...ആരും ഉമക്ക് പകരവും ആവില്ല.... വിവാഹം വേണ്ടെന്നു വച്ചു... മനസ്സു ഒരുപാടു വേദനിച്ചു... തന്റെ സ്ഥാനം..... അതെന്നെ സന്തോഷിപ്പിക്കുകയും ചെയ്തു... വെറുതെ...
ഞാനിന്നു കുങ്കുമ തറയിൽ വിളക്കു വച്ചു.. അന്നത്തെ ആ സ്വപ്നം .... അതു തന്നെ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ.. അമ്മ അടുത്തുണ്ട്... വിളക്കു കണ്ട ആശ്വാസം...എത്ര നാളായി ഇരുട്ടിലിരിക്കുന്നു... തറവാട്ടിലെ സ്ത്രീകൾ മാത്രമേ അവിടെ വിളക്കു തെളിയിക്കാറുള്ളു.... അമ്മ മരിച്ച ശേഷം ആരും അതിനു താല്പര്യം കാണിച്ചിരുന്നില്ല.... കാർന്നോമ്മാര് കുടിയിരിക്കണ കല്ലാണ്... മരിച്ചാൽ എനിക്കും ഇവിടെ വന്നിരിക്കണം... അമ്മ പറയാറുണ്ട്.... ഇലഞ്ഞിപൂക്കൾ കറങ്ങി കറങ്ങി താഴെ വീണു കൊണ്ടിരിക്കുന്നു... ഇലഞ്ഞി പൂക്കൾ പെറുക്കിയെടുത്തു കുപ്പിയിൽ അടച്ചു മണ്ണിൽ കുഴിച്ചിടാറുണ്ട്... വെറുതെ... പൊൻചെമ്പകം പൂക്കുന്ന രാവുകളിൽ ഞാൻ വെറുതെ സ്വപ്നം കാണാറുണ്ട്... ആരെയോ..... ഞാൻ തനിച്ചാണ്... തനിയെ നടക്കണോ.... ആരെങ്കിലും കൈ പിടിച്ചിരുന്നെങ്കിൽ..... കരിമ്പനയിൽ എന്റെ മുടി ചുറ്റി വച്ചു... അമ്മയാണെന്ന തോന്നൽ... താഴെ വീണ പൂക്കൾ വാരിയെടുത്തു... ഞാൻ പറഞ്ഞു... എനിക്കു തിരിയെ നടക്കണം... എന്റെ കാൽപാദങ്ങൾ പതിഞ്ഞ വഴികളിലൂടെ.... എന്റെ സ്വപ്നങ്ങളിലൂടെ.... എന്നെ മറന്ന, ഞാൻ മറന്ന മുഖങ്ങൾ ഓർത്തെടുക്കണം.കരിമ്പന പൂവിട്ടു കാച്ചി എണ്ണ തേക്കണം....... പിന്നെ ഞാൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോയ ആ പ്രണയത്തെ നെഞ്ചോട്‌ ചേർക്കണം....അമ്മ മടിയിൽ തല ചായ്ക്കണം..... അമ്മ മണ്ണിൽ ഉറങ്ങണം.....പിന്നെ പിന്നെ ഒരു തിരി വെട്ടം കാത്ത് ഈ കല്ലിൽ കുടിയിരിക്കണം. വെറുതെ...എന്റെ മോഹമാണ്..... എനിക്കു തോന്നി.ആരോ വരുന്നു.... അവ്യക്തമായ ആ മുഖം വ്യക്തമാകുന്നു.... തന്റെ അടുത്തേക്ക് ആരോ നടന്നു വരുന്നു.......
Preetha sudhir

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot