നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുടജാദ്രിയിലെ വെൺമേഘങ്ങൾ

Image may contain: 1 person, closeup

••••••••••••••
"ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ.....ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ...എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്...."
പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു നേരത്തെ കിടക്കാൻ വന്നതാണ് ഞാനും എന്റെ ഭാര്യ കാർത്തികയും...
വിവാഹത്തിന് മുൻപേ തന്നെ പതിവുള്ള മൂകാംബിക യാത്ര കല്യാണം കഴിഞ്ഞു ഒന്നരകൊല്ലമായിട്ടും തുടർന്നപ്പോഴുള്ള ചിന്തകളായിരിക്കാം അവളിങ്ങനെ ചിരിയോടെ അവതരിപ്പിച്ചത് എന്ന് ഞാനോർത്തു...
ആദ്യമൊക്കെ ഉത്സാഹത്തോടെ കൂടെ വന്നിരുന്നതാണവൾ....പക്ഷേ കൊല്ലൂരും കുടജാദ്രിയുമല്ലാതെ വേറൊരിടത്തും പോകാതെ മടങ്ങി വരുമ്പോൾ അവൾക്കും മടുപ്പായി ...പിന്നെയെന്റെ യാത്രകളെല്ലാം തനിച്ചായിരുന്നു....
പലപ്പോഴും അവൾ ചോദിച്ച ചോദ്യങ്ങളാണ് ഇതെല്ലാം...
അപ്പോഴെല്ലാം കൊടുത്ത മറുപടി തന്നെ ഞാനാവർത്തിച്ചു...
" അമ്മയെ കാണാൻ ...."
"ഈ ഉത്തരം എനിക്കറിയുന്നതല്ലേ ദേവേട്ടാ...ഇനി അടുത്ത തവണത്തേക്ക് വേറൊരുത്തരം കണ്ടെത്തിക്കോളൂ....."
കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു...
എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ...
" എനിക്കറിയാം ഏട്ടനങ്ങനെ ചെയ്യില്ലെന്ന് എന്നാലും ഒരു ഭയം....ആരുമില്ലാത്തവരാ നമ്മൾ രണ്ടുപേരും ...പകുത്തു നൽകാതെ സൂക്ഷിച്ച സ്നേഹം മുഴുവൻ പകർന്ന് നൽകിയത് കൊണ്ടാവാം ചിലപ്പോഴെങ്കിലും ഞാൻ സ്വാർത്ഥയായി ചിന്തിക്കുന്നു...ഒരുപാട് ആരാധകരുള്ള എഴുത്തുകാരനല്ലേ..."
" ന്റെ കുട്ടിക്കല്ലാതെ ഈ എഴുത്തുകാരന്റെ മനസ്സിലേക്ക് ചേക്കേറാൻ ആർക്കും ഈ ജന്മത്തിൽ കഴിയില്ല അതെന്റെ വാക്കല്ല ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യമാണത് കാർത്തു...."
"അതുമതിയെനിക്ക് ...ആരുമില്ലാത്ത എന്നെ ഏട്ടൻ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ ഈ കാൽച്ചുവട്ടിൽ സമർപ്പിച്ചതാണെന്റെ ജീവിതം...പക്ഷേ കാൽചുവട്ടിലല്ല ഒപ്പത്തിനൊപ്പം രാഞ്ജിയെപോലെ കൂടെ നിർത്തിയെന്നെ ...
പഠിപ്പും അറിവുമില്ലാത്ത എനിക്ക് ഏട്ടനെ പോലെയൊരാളെ സ്വപ്നം കാണാൻ കൂടി
യോഗ്യതയില്ല ..."
ഞാനൊന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തണച്ച്
മൂർദ്ധാവിൽ ചുംബിക്കുമ്പോൾ മനസ്സ്‌ മന്ത്രിക്കുന്നുണ്ടായിരുന്നു....
ഈ യോഗ്യതയൊന്നും നിനക്ക് വേണ്ട പെണ്ണേ...സ്നേഹിക്കാനുള്ള നിന്റെ മനസ്സ്‌ ...അത് മാത്രം മതിയെനിക്ക്...
അമ്മയായും പെങ്ങളായും കാമുകിയായും മകളായും ഭാര്യയായും വേഷപ്പകർച്ചയാടിയുള്ള സ്നേഹം നൽകാൻ ഭാര്യക്ക് മാത്രേ കഴിയുകയുള്ളു , ആ അറിവ് നിന്നിൽ ധാരാളമുണ്ട് അത് മതി..
നാല് ദിവസത്തേക്കുള്ള സ്നേഹം മുഴുവൻ മുൻകൂറായി പകർന്ന് നൽകിയ എന്റെ തോളിലേക്ക് തലചായ്ച്ചു സംതൃപ്തിയോടെ തളർന്നുറങ്ങുമ്പോഴും മനസ്സ് വായിച്ചറിഞ്ഞ പോലെ കാർത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു....
യാത്ര പുറപ്പെടാൻ നേരം , ചെറിയ വിരഹങ്ങൾ പരിചയമുള്ളതെങ്കിൽ പോലും പെയ്യാൻ വിതുമ്പുന്ന മിഴിനീർത്തുള്ളികളെ തടയാൻ അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു...
" ഇത്തവണത്തെ യാത്രക്കൊരു പ്രത്യകതയുണ്ട് കുട്ടിക്കറിയാല്ലോ അത്...ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിൽ പോലും എന്നെ തേടിവന്ന മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങും മുൻപേ എനിക്കെന്റെ അമ്മയെ കാണണം..."
ആ ഒരു ചടങ്ങുള്ളത് കൊണ്ടാണ് ഇക്കുറി യാത്ര നേരത്തെയാക്കിയത്....അല്ലെങ്കിലും നമുക്ക് തോന്നുമ്പോഴല്ല അമ്മക്ക് തോന്നുമ്പോഴല്ലേ നമ്മളെയാ മുൻപിൽ എത്തിക്കുന്നത്...
തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോഴും ഞാൻ ബസിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയില്ല....ഇതാണ് സുഖം...തടസ്സമില്ലാതെ വരുന്ന കാറ്റുപോലെ ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തട്ടെ...
ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിൽ നിന്നും കിട്ടിയ അനാഥക്കുഞ്ഞിനെ ആരോ കണ്ടെടുക്കുമ്പോൾ അവനെ പൊതിഞ്ഞ തുണിയിൽ നിറയെ കൊല്ലൂരമ്മ എന്നെഴുതിയിരുന്നത് അനാഥാലയത്തിലെ ശങ്കരേട്ടനാണ് പറഞ്ഞു തന്നത്...
അന്ന് മുതൽ അതാണെന്റെ അമ്മയെന്ന ചിന്തയാണോ അതോ അവിടുന്നെന്റെ അമ്മയെ കണ്ടെത്താൻ കഴിയുമെന്ന ചിന്തയാണോ ഇന്നുമറിയില്ല മുടങ്ങാതെ ഞാൻ മൂകാംബികയിലെത്താനുള്ള കാരണം....പക്ഷേ ഒന്നുറപ്പ് ...
ജനിക്കുമ്പോൾ ജനിപ്പിക്കുന്നവർ തീരുമാനിക്കുന്ന മതമെന്ന ചട്ടക്കൂടല്ല ദേവനെന്ന പേരും കൊല്ലൂരമ്മയോടുള്ള ഇഷ്ടവും...
അവിടെത്തി റൂമെടുത്തു ഒന്നു കുളിച്ചുവൃത്തിയായി നടയടക്കും മുൻപേ ഞാനോടി , ആ മഹാമായയെ കാണാൻ.......ആ ദർശനത്തിനു മുൻപിൽ കൈകൾ കൂപ്പി നിൽക്കുമ്പോളറിയാം സിരകളിലൂടെ പായുന്ന വിദ്യുത്പ്രവാഹം....
പുലർച്ചെ എഴുന്നേറ്റ് നിർമാല്യം തൊഴുത് ഉച്ചക്ക് അന്നദാനചോറും കഴിച്ചു വൈകുന്നേരം വരെ ക്ഷേത്രത്തിനുള്ളിൽ തന്നെയിരിക്കുമ്പോൾ ഇന്ന് വരെ തന്ന അനുഗ്രഹങ്ങൾക്കെല്ലാം അമ്മയോട് നന്ദി പറയുന്നുണ്ടായിരുന്നു മനസ്സ്‌....
പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ മനസ്സറിയാതെ ഞാനെന്റെ പെറ്റമ്മയെ തേടുകയായിരുന്നു....മനസ്സിലുള്ളത് പറയാതെ തന്നെ ദേവിക്കറിയാമെന്ന വിശ്വാസത്തിൽ...
ദേവിയോട് സങ്കടങ്ങളും വിശേഷങ്ങളും പറഞ് തീർന്ന് കുടജാദ്രിയിലേക്ക് യാത്ര തിരിക്കുമ്പോഴേക്കും മനസ്സ്‌ പരാതിയെല്ലാം മറന്ന് പുത്തനുണർവോടെ ഉയിർത്തെഴുന്നേറ്റിരുന്നു...
കുടജാദ്രി മലമുകളിലെത്തുമ്പോഴേക്കും തണുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു...കോടമഞ്ഞു പുതച്ചു കിടക്കുന്ന സർവജ്ഞപീഠത്തിനരികിലെത്തി ചുറ്റുമൊന്ന് നോക്കി...
കൽമണ്ഡപത്തിനരികിൽ ഇരിക്കുമ്പോൾ കാണാം തിരക്ക് പിടിച്ച ജീവിതത്തിലും സാഹസികത കൂട്ട് പിടിച്ചവർ ഇറങ്ങാൻ ദുഷ്കരമായ പടിഞ്ഞാറ് ഭാഗത്തുകൂടി ആചാര്യർ തപസ്സിരുന്ന ചിത്രമൂല ലക്‌ഷ്യം വച്ചു നീങ്ങുന്നത്...
തപസിനിരുന്ന ശങ്കരാചാര്യരുടെ മനസ്സോടെ കുറെ നേരം കൽമണ്ഡപത്തിനരികിലെ കല്ലിലിരുന്ന് ഒടുവിൽ സർവജ്ഞപീഠത്തിനു പുറകിലെ മലനിരകളിലേക്ക് ചുവന്നു തുടങ്ങിയ സൂര്യൻ ചായാൻ തുടങ്ങിയതും ഞാനെഴുന്നേറ്റു.....
" നോക്കൂ ...മോനേ ന്റെ കൂടെ വന്നവരെ ആരെയും കാണാനില്ല...ഒന്നെന്റെ കൂടെ വരുമോ ....
മുറിയെടുത്തിരിക്കുന്നത് മൂലക്ഷേത്രത്തിനരികിലെ ഗസ്റ്റ് ഹൗസിലാണ്...ഇനിയെനിക്ക് അവരെ തിരഞ്ഞു സമയം കളയാൻ വയ്യ...."
ശബ്ദം കേട്ടിടത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി ശീതക്കാറ്റിൽ തണുത്തു വിറച്ചു അല്പം പ്രായം ചെന്നൊരാൾ....
" അതിനെന്താ വരൂ....ഞാനും ഇറങ്ങാൻ നോക്കായിരുന്നു..."
ഗസ്റ്റ് ഹൗസിനു മുന്നിലെത്തും വരെ അയാൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു നിർത്താതെ ...
കൂടെ ഭാര്യയുണ്ടെന്നും ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന അവരുടെ ആഗ്രഹപ്രകാരം മാസത്തിലൊരിക്കൽ മൂകാംബിക ദേവിയെ തൊഴാൻ വരുന്നതുമെല്ലാം...
മക്കളില്ലാത്ത അവരെ പറ്റി കേട്ടപ്പോൾ അച്ഛനുമമ്മയുമില്ലാത്ത എനിക്ക് തോന്നിയ സ്നേഹം ആ അമ്മയെ ഞാൻ കാണാൻ തീരുമാനിച്ചു....
മുടി മുഴുവൻ നരച്ച , നെറ്റി നിറയെ ചന്ദനവും കുങ്കുമവും വാരിപ്പൂശിയ കഴുത്തിൽ സ്വർണം കെട്ടിച്ച രുദ്രക്ഷമാലയുമണിഞ്ഞു നീലകസവുള്ള സെറ്റുമുണ്ടുമുടുത്തു തലയിണയിൽ ചാരിയിരിക്കുന്ന ആ അമ്മയെ കണ്ടതും എന്റെ മനസ്സ്‌ അറിയാതെ തേങ്ങിപ്പോയി....
രാത്രി വൈകും വരെയും ഒരപരിചിതനായ എന്നോട് ചിരപരിചിതരെപോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു...
കല്യാണം കഴിച്ചതും കുഞ്ഞുണ്ടായതും പറഞ്ഞു പറഞ് കാറപകടത്തിൽ കുഞ്ഞു മരിച്ചത് പറയുമ്പോഴേക്കും അമ്മയുടെ തേങ്ങൽ ഉച്ചത്തിലായി....
അവരുടെ നിർബന്ധത്തിൽ അന്നവിടെ തങ്ങി പിറ്റേന്ന് ഇറങ്ങാൻ നേരം അമ്മക്കരികിലിരുന്ന് കുറച്ചു ദിവസങ്ങൾക്കപ്പുറം നടക്കുന്ന പുരസ്കാരച്ചടങ്ങിലേക്ക് ഞാനവരെ ക്ഷണിച്ചു...
ആരുമില്ലാത്ത എനിക്കും എന്റെ ഭാര്യക്കും ആരെങ്കിലുമായി വരാമോ എന്ന് നിറകണ്ണോടെ ചോദിച്ചപ്പോഴേക്കും ആ അമ്മയെന്നെ കെട്ടിപിടിച്ചിരുന്നു...
അഡ്രസ്സും ഫോൺനമ്പറുമെല്ലാം എഴുതി കൊടുത്തു പുറത്തേക്ക് നടക്കുമ്പോൾ എന്റെ കയ്യുകൾ ചേർത്ത് പിടിച്ചു കൂടെ വന്ന ആ അച്ഛന്റെ കയ്യുകൾ വിറകൊള്ളുന്നുണ്ടായിരുന്നോ...
ഗസ്റ്റ് ഹൗസിനു പുറത്തെ മഹാഗണിമരത്തിനു കീഴെ നിന്ന് ഇനിയും പറഞ്ഞു തീരാത്ത പോലെ അദ്ദേഹമെന്റെ കണ്ണുകളിലേക്ക് നോക്കി....
"ഞാൻ ചെയ്ത തെറ്റാണ് ഞങ്ങൾടെ കുഞ്ഞിനെ ഇല്ലാതാക്കിയത് ...ഇന്നെന്റെ ഭാര്യയുടെ ഈ കിടപ്പിനു കാരണവും ആ തെറ്റ് തന്നെ...ഞാനത് തന്നോട് ഒരിക്കൽ പറയും...ദേവനെന്റെ ആരോ ആണെന്നാ എനിക്കിപ്പോൾ മനസ്സിൽ...ഞങ്ങൾ വരും ആ ചടങ്ങിന് .....വലിയ വീട്ടിൽ ആരുമില്ലാതെ തനിച്ചു കഴിയുന്ന രണ്ട് പാഴ്ജന്മങ്ങളാണ് ഞങ്ങളിന്ന്....വരും ദേവന്റെ കാർത്തികയേ കാണാൻ..."
മടക്കയാത്രയിൽ മുഴുവൻ അവരായിരുന്നു എന്റെ മനസ്സിൽ....ആരുമില്ലാത്തവർക്ക് ആരെല്ലാമോ എവിടുന്നോ വന്നു ചേരുന്നതിനെകുറിച്ച്....
കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന കാർത്തുവിന്റെ കണ്ണുകളിലെ സന്തോഷം എന്നെകണ്ടതോടെ ഇരട്ടിയായി..കഥകളെല്ലാം പറഞ്ഞു തീർന്നപ്പോൾ സന്തോഷക്കണ്ണീർ പൊഴിയുന്ന കവിളുകൾ തുടച്ചു അവൾ പറഞ്ഞു...
" അവർ വരും ന്റെ മനസ്സ്‌ പറയുന്നുണ്ട്...വന്നാൽ നമുക്കവരെ മടക്കി വിടണ്ട....നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും കൂടെ നിൽക്കാമോയെന്ന് ഞാൻ കാല് പിടിച്ചു ചോദിക്കും...."
ഒന്നും പറയാതെ അവളുടെ മുടിയിൽ പതിയെ തലോടുമ്പോൾ എന്റെ മനസ്സും എന്തെന്നറിയാതെ ഉറപ്പോടെ പറയുന്നുണ്ടായിരുന്നു ...അവർ വരും....
പുരസ്‌ക്കാരചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് എനിക്കാ ഫോൺ വന്നത് ...
അന്ന് കണ്ട അച്ഛനുമമ്മയും വരുന്നു...വഴി ചോദിച്ചുള്ള വിളിയാണ്....
വീൽച്ചെയറിലിരുന്ന അമ്മയോട് നിലത്തു മുട്ടുകുത്തിയിരുന്നു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാർത്തികയേ നോക്കി അച്ഛനെന്നെ പുറത്തേക്ക് വിളിച്ചു...
"നിങ്ങടെ കൂടെ രണ്ടു ദിവസം നിൽക്കണമെന്ന് പറഞ് വാശി പിടിച്ചാ അവൾ വന്നേക്കുന്നത്...നോക്ക് ആ മുഖത്തെ സന്തോഷം ...ഒരുപാട് വർഷങ്ങളായി ഞാനാ മുഖത്തു ഇങ്ങനൊരു ചിരി കണ്ടിട്ട്...എനിക്കറിയാം നിങ്ങൾക്ക് ഞങ്ങളൊരു ബുദ്ധിമുട്ടാകുമെന്ന്...."
പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഞാനദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചു....
" അമ്മയുടെ മുഖം മാത്രമല്ല ...എന്റെ പെണ്ണും മതിമറന്നുള്ള സന്തോഷത്തിലാണ്....രണ്ട് ദിവസമല്ല ഇനിയെന്റെ കൂടെ ഞങ്ങളുടെ അച്ഛനുമമ്മയുമായി ഇവിടെ നിന്നൂടെ..."
എന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ഒരു മാത്ര നിശബ്ദനായി....
" ഈ സ്നേഹത്തിന് ഞാൻ അർഹനല്ല...അത്രയ്ക്കും വലിയൊരു തെറ്റാണു ഞാൻ ചെയ്തത് ....അവളുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്...."
പിന്നെയയാൾ പറഞ്ഞ കഥകൾ ദേവൻ നിർന്നിമേഷനായി കേട്ടുനിന്നു....
ഇരട്ടകുട്ടികളിലൊരാൾ മുച്ചുണ്ടോടെ പിറന്നതും...ഒന്ന് ചാപിള്ളയായിരുന്നു എന്ന് ഭാര്യയെ അറിയിച്ച അയാൾ അഭംഗിയുള്ള കുഞ്ഞിനെ കളയാൻ ആസ്പത്രിജോലിക്കാരനെ ഏല്പിച്ചതുമൊക്കെ...
അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ എതിരെ വന്ന ബസ് തട്ടിത്തെറിപ്പിച്ച അപകടത്തിൽ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവനൊപ്പം ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ഗർഭപാത്രം കൂടി എടുത്തുകളയേണ്ടി വന്ന നിർഭാഗ്യമെല്ലാം പറഞ്ഞു തീർന്നതും കുടജാദ്രിയിലേക്ക് നടന്നുകയറിയവനെ പോലെ അദ്ദേഹം കിതച്ചു...
ഒരിക്കലും ഈ കഥ അമ്മയറിയരുതെന്ന് പറഞ് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുമ്പോൾ ഇന്ന് വരെ ആരോടും പറയാതെ കൊണ്ട് നടന്ന രഹസ്യങ്ങളടക്കം ഉള്ളിലേറ്റി സ്വയം നീറി മരിക്കുന്ന ആ മനുഷ്യനോട് എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കും മനസിലായില്ല...
ആളുകൾ തിങ്ങിനിറഞ്ഞ പുരസ്കാരച്ചടങ്ങിൽ ആദരവും പ്രശസ്തിപത്രവും ഏറ്റു വാങ്ങി പ്രസംഗിക്കാനായി നിൽക്കുമ്പോൾ എനിക്ക് മുൻപിലെ നിരയിൽ തന്നെ കാർത്തികയോടൊപ്പം അവരും ഉണ്ടായിരുന്നു....
പൊഴിഞ്ഞു വീഴുന്ന ഇലയായിട്ടല്ല പടർന്നു കയറുന്ന ഒരു വള്ളിയായി എഴുത്തിന്റെ ലോകത്തിലേക്ക് നടന്നു കയറാൻ അനുഗ്രഹിച്ച കൊല്ലൂരമ്മക്കും...ജീവനായെന്നെ സ്നേഹിക്കുന്ന കാർത്തികക്കുമൊപ്പം കുടജാദ്രിയിൽ നിന്ന് കിട്ടിയ അച്ഛനുമമ്മക്കും ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞു നോക്കിയ ഞാൻ കണ്ടു മൂന്ന് പേരുടെയും കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരിക്കുന്നു....
മുച്ചുണ്ടോടെ ജനിച്ച കുഞ്ഞിനെ ആരോ ട്രെയിനിൽ ഉപേക്ഷിച്ചതും....പേരറിയിക്കാൻ ഇഷ്ടമില്ലാത്ത ഒരു നന്മയുള്ള മനസ്സ്‌ അവനെ ശങ്കരേട്ടൻ നടത്തുന്ന അനാഥാലയത്തിലെത്തിച്ചതും...
കാശുമുടക്കി അവനെ വിടർന്ന ചുണ്ടുകളുടെ ചിരിയുടെ ലോകത്തിലെത്തിച്ചതും പഠിപ്പിച്ചതുമെല്ലാം നിഴൽചിത്രങ്ങളായി എന്റെ മനസ്സിലേക്കോടിയെത്തി...
ഞാനത് പറഞ്ഞാൽ എന്റമ്മക്ക് ഒരു മകനെ കിട്ടും പക്ഷേ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ ജന്മം മുഴുവൻ വേദനയുള്ളിലൊതുക്കി തളർന്നു കിടക്കുന്ന ഭാര്യയെ സ്നേഹിച്ചു ശുശ്രുഷിച്ചു പ്രായശ്ചിത്തതോടെ ഇതുവരെയും ജീവിതം നയിച്ച ആ മനുഷ്യന് ചിലപ്പോൾ ആരുമില്ലാതാകും....
നല്ലൊരമ്മയും പൊറുക്കാത്ത തെറ്റാണു അച്ഛനെന്നോട് ചെയ്തത്....പക്ഷേ ആരോടും വൈരാഗ്യവും വാശിയുമൊന്നും വേണ്ട ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നതറിയാതെ ജീവിക്കട്ടെ...
ഒരിക്കലും പറയില്ലെന്നുറപ്പിച്ചു മനസ്സിലാ രഹസ്യങ്ങൾ താഴിട്ടു പൂട്ടുമ്പോൾ എന്റെ വിരലുകൾ കട്ടിമീശക്കിടയിലെ മുച്ചുണ്ടിന്റെ ഇനിയും മായാത്ത പാടുകളിൽ തഴുകുന്നുണ്ടായിരുന്നു....
അങ്ങകലെ ചിത്രമൂലയിൽ ശങ്കരാചാര്യർക്കു മുൻപിൽ പ്രത്യക്ഷപെട്ട് മൂകാംബികയിൽ സ്വയംഭൂവായി വിലയം പ്രാപിച്ച കൊല്ലൂരമ്മയോട് മാനസപുത്രന്റെ വിശേഷങ്ങളറിയിച്ച വെൺമേഘങ്ങൾ കുടജാദ്രിയിലേക്ക് ഒഴുകിനീങ്ങുന്നുണ്ടായിരുന്നു അപ്പോൾ....
•••••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot