---------------------------------------------------------
"അമ്മയിപ്പോൾ വരും.. ടീച്ചറിരിക്കൂ "ഊർമ്മിള ബെല്ലടിച്ചു മാറി നിന്നു. അവൾക്ക് ചെറുതായി നാണം വന്നു. തന്നെ കണ്ടാൽ അമ്മ കളിയാക്കുമോ? പത്തു ദിവസത്തെ എൻ.സി.സി ക്യാംപിനായി, വീട്ടിൽനിന്ന് ഇന്നലെ പോയതായിരുന്നു അവൾ! ഒരു ദിവസം പോലും അമ്മയെ കാണാതിരുന്നിട്ടില്ല .. ഈ സ്വഭാവമറിയാമായിരുന്ന കൂട്ടുകാരുടെ, കളിയാക്കൽ സഹിക്കവയ്യാതെയാണ് ക്യാംപിനു പങ്കെടുക്കാൻ അവളും പേരു നൽകിയത്.
വാതിലിന്റെ ഇടർച്ചയോടൊപ്പം ദേവകി പുറത്തേക്കിറങ്ങി വന്നു... "അമ്മേ" ഊർമ്മിള കരച്ചിലോടെ അവരെ കെട്ടിപ്പിടിച്ചു.. അവൾക്കപ്പോൾ നാണമല്ല.. ഒരു രാത്രി മുഴുവൻ അമ്മയെ കാണാതിരുന്ന സങ്കടമായിരുന്നു കരച്ചിലോടെ പുറത്തുവന്നത്. രാത്രി വെളുക്കുവോളം ഉറങ്ങാതിരുന്ന അവളെ തിരിച്ചു കൊണ്ടുവന്ന് ഏൽപ്പിക്കാനാണ് ടീച്ചറെത്തിയത്.
"ഊർമ്മീ" ഓർമ്മകൾക്കിടിയിൽ എവിടെയോ പതിഞ്ഞ വിളി കേട്ടുവോ?ചന്ദനത്തിരിയുടെ ഗന്ധം മുറിയിലെവിടെയോ തങ്ങി നിൽക്കുന്നുണ്ടെന്നു തോന്നി. " ഓ...'' വിളി കേട്ടുകൊണ്ട് എണീക്കാനാഞ്ഞതാണ്. മനസ്സിൽ വേദനയോടെ ഓർമ്മകൾ ഒന്നുകൊളുത്തി വലിച്ചു.41 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയാസ്വരം തന്നെ തേടിവരില്ല. അവളുടെ മിഴി തുളുമ്പിവന്നു.
വീട്ടിൽ നിന്നു പോന്നിട്ടും 41 ദിവസങ്ങൾ ആയെന്ന് അവളോർത്തു....മകനെ കാണാതെ ഒരു ദിവസംപോലും നിൽക്കാത്തതാണ്. താനില്ലാതെ ചലിക്കില്ലെന്നു കരുതിയ ജീവിത ചക്രങ്ങളാണ് ഇത്രയും ദിവസം തനിയെ ഉരുണ്ടത്.. അല്ലെങ്കിലും അതങ്ങനെയല്ലാതെ പറ്റില്ലായിരുന്നുവെന്ന് അവൾ ഉള്ളിലോർമ്മിച്ചു. കുറച്ചു ദിവസം മുൻപിതുപോലെ , ഒരുദിവസമെങ്കിലും ഇവിടെ നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ...! പൊട്ടിയൊഴുകിയ കണ്ണുനീരിൽ ഹൃദയം അവളെ ഓർമ്മയിലേക്കൊഴുക്കി .
" നീയിന്നു വരുമോടീ" ഓടി വന്നു ഫോണെടുത്തപ്പോൾ അമ്മയാണ്. "എങ്ങനെയാ അമ്മേ .. മോന് നാളെ ട്യൂഷനുണ്ടല്ലോ." "എത്ര നാളായി നിന്നെ കണ്ടിട്ട്? ഏട്ടനും പറയണുണ്ട്." " ഉം... അടുത്തയാഴ്ചയാവട്ടെയമ്മേ.." രണ്ടു മൂന്നാഴ്ചയായി ആഴ്ചാവസാനം അമ്മ നിർബന്ധിച്ചു വിളിക്കുന്നു.
"നിന്റെ ചെമ്പകം പൂവിട്ടു.. നീയെങ്ങനെ നോക്കീര്ന്നതാ അതിനെ.. ഓർക്കണുണ്ടോ നീയ്യ് " അമ്മ ഫോൺ വയ്ക്കാനുള്ള ഭാവമില്ല.. വിശേഷങ്ങളുടെ ഒഴുക്കാവും ഇനി. " ഏലോത്ത് അമ്പലത്തിന്റെ പണിയൊക്കെ കഴിഞ്ഞു.. നീ വന്നിരുന്നെങ്കി പോവാര്ന്നു നമ്മക്ക് " ..അമ്മ ഇടയ്ക്കു പോവണുണ്ടാവും. എന്നാലും അമ്മയിങ്ങനെയാണ് പറഞ്ഞു കൊണ്ടേയിരിക്കും.കുട്ടിയായിരുന്നപ്പോൾ പറഞ്ഞു മയക്കി ഓരോ കാര്യങ്ങളും ചെയ്യിച്ചിരുന്ന പോലെത്തന്നെ ! കാണാനുള്ള കൊതികൊണ്ടാണ് .അറിയാഞ്ഞല്ല.
നഗരത്തിലെ തിരക്കിൽ ,സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യരുടെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ, താനില്ലാതെ വരുമ്പോൾ ഏട്ടനും മകനും ബുദ്ധിമുട്ടുമെന്ന ചിന്ത മാത്രമായിരുന്നു അവളുടെ യാത്രകൾ നീളാനുള്ള ഒരു കാരണം.. ഇടയ്ക്കൊന്നിച്ചു പോയി വരുമെന്നല്ലാതെ വീട്ടിൽ അന്തിയുറങ്ങിയിട്ട് ഒരുപാട്നാളായിരിക്കുന്നു.
പണ്ട് അമ്മയായിരുന്നു വലിയ ചങ്ങാതി.അമ്മയുടെ കൈപിടിച്ച് തൊടി മുഴുവൻ കറങ്ങുമായിരുന്നു .ഓരോന്നിനോടും കുശലം പറഞ്ഞ്. ഉറക്കത്തിൽ ,ഏതെങ്കിലും രാക്ഷസനോ മന്ത്രവാദിയോ വന്നു കഴുത്തിനു പിടിക്കുമ്പോഴാവും, അമ്മ അതറിഞ്ഞിട്ടെന്നപോലെ ഉറക്കത്തിനിടയിൽ കൈകൊണ്ട് ചേർത്തു പിടിക്കുക .പിന്നെ ഭയമില്ല. അമ്മയെ പുലരി വന്നു വിളിക്കുന്നവരെ ആ നെഞ്ചോടു ചേർന്നുറങ്ങും.
വിവാഹം കഴിഞ്ഞ് അമ്മയെ പിരിഞ്ഞു നിൽക്കാനാവാതെ എത്രയോ സങ്കടപ്പെട്ടിട്ടുണ്ട്.രഘുവേട്ടന്റെ ഗ്രാമത്തിൽ കുറച്ചു കാലമേ താമസിക്കാനായുള്ളൂ.മകനുണ്ടായപ്പോഴേക്കും ഏട്ടനു നഗരത്തിലേയ്ക്കു സ്ഥലം മാറ്റം.പിന്നെ വീട്ടിലേക്കു പോവുന്നതു ചുരുങ്ങി. തനിച്ചായ പകലിന്റെ വിരസതയൊഴിവാക്കാൻ നിരവധി സംഘടനകളിൽ അംഗമായി.. പിന്നെ അതിന്റെ തിരക്കു കാരണമായി വീട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു ഫോൺ വിളിയിലൊതുങ്ങിത്തുടങ്ങി. എങ്കിലും ജീവിതത്തിലുടനീളം ഓരോ കാര്യം ചെയ്യുമ്പോഴും അമ്മയുടെ സ്പർശമുണ്ടായിരുന്നു.
ആ ദിവസം ഉച്ചയ്ക്ക് ചോറുണ്ട് ഒന്നിരുന്നതേയുള്ളൂ.. മൊബൈൽ ശബ്ദിച്ചു. റൂമിലായിരുന്നു ഫോൺ .എഴുന്നേൽക്കാൻ മടി തോന്നി. ആവശ്യക്കാരാണെങ്കിൽ ഒന്നുകൂടി വിളിയ്ക്കുമല്ലോ എന്നോർത്ത് അവൾ മെല്ലെ സോഫയിലേക്ക് ചാരിക്കിടന്നു. കൂടുതൽ കരയാതെ ഫോണും നിശബ്ദമായി. രഘുവിന്റെ ബൈക്കിന്റെ ശബ്ദമാണ് അവളെ ഉണർവ്വിലേക്കു തിരിച്ചുകൊണ്ടു വന്നത്.
ആ ഫോണിന്റെ അങ്ങേത്തലയ്ക്കൽ മകളുടെ സ്വരത്തിനായ് കൊതിച്ച ഒരു മാതൃഹൃദയം നിശ്ചലമായിപ്പോയിരുന്നു അപ്പോഴേക്കും . .
പൂമുഖത്ത് കത്തിച്ചു വച്ചിരുന്ന തിരിയ്ക്കു മുൻപിൽ കിടക്കുന്ന അമ്മയുടെ കണ്ണുകൾ പാതിതുറന്നപോലെ.. ആ ചെവിയും അടഞ്ഞിട്ടുണ്ടാവില്ല.. അമ്മേയെന്നൊരു വിളിയ്ക്കായി കൊതിച്ചിട്ടുണ്ടാവില്ലേ... അണ പൊട്ടിയൊഴുകിയ കരച്ചിലോടെ, അവൾ നിലത്തേക്കൂർന്നിരുന്നു.കുഞ്ഞു ബാലികയെപ്പോലെ.. അമ്മസ്നേഹത്തിന്റെ ചൂടുതേടി ശരീരത്തോടു ചേർന്നുകിടന്നു.
ഓർമ്മകളുടെ ഇടമുറിച്ചിലിൽ അവൾ മെല്ലെ എഴുന്നേറ്റ് ചെമ്പകച്ചോട്ടിലേക്കു ചെന്നു.. ഹൃദ്യമായ ഒരു സുഗന്ധം വായുവിനെ ചൂഴ്ന്നുനിൽക്കുന്നുണ്ടായിരുന്നു.. പൂത്തുനിൽക്കുന്ന ചെമ്പകത്തിന്റടുത്ത് തന്റെ അമ്മയുണ്ടെന്നു സങ്കൽപ്പിച്ചു നിൽക്കവെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ഓർമ്മകൾ വീണ്ടും മേച്ചിൽപ്പുറം തേടിയിറങ്ങിയപ്പോൾ ചെമ്പകത്തിനരികെയുള്ള മുറ്റവരമ്പിലേക്ക് അവൾ മെല്ലെചെന്നിരുന്നു.
"നീയെന്താ ഊർമ്മീ.. ഇവിടെ തനിച്ചിരിക്കണെ.. ഏട്ടനും രഘുവും കഴിക്കാനിരുന്നു. നിന്നെ വിളിക്കിണു "ഏടത്തിയമ്മയാണ്. " വേഗം വാ'' അവരകത്തേയ്ക്കു കയറിപ്പോയി. ഓർമ്മയുടെ ഒഴുക്കിൽ നിന്ന് കരകയറാനാവാതെ ഊർമ്മിള അവിടെത്തന്നെ പതറിനിന്നു.
"ഇന്നു പോണോ രഘൂ.. നാളെ പോവ്വാം നിങ്ങൾക്ക്" കഴിക്കുന്നതു നിർത്തി അയാൾ തലയുയർത്തി.ഊർമ്മിളയും കഴിക്കാനിരുന്നു."മോന് നാളെ ക്ലാസുണ്ടല്ലോ.. പോവാതെ പറ്റില്ല ഏട്ടാ " രഘു കഴിക്കുന്നതിനിടയിൽ പറഞ്ഞു. "ഇപ്പോ തന്നെ ഒരുപാടു ലീവു വന്നു.''. ഊർമ്മിള പ്ലേറ്റെടുത്ത് അതിലേക്കു ചോറുവിളമ്പി. " ആ കറിയൊഴിയ്ക്കണ്ട ഊർമ്മീ .. അതു തൈരു ചേർത്തതാ.. " അടുത്തിരുന്ന കറി ഊർമ്മിള പ്ലേറ്റിലേക്ക് ഒഴിക്കാൻ ഭാവിക്കവെ ഏടത്തിയമ്മ പറഞ്ഞു. "തൈരു കറി കഴിക്കുമ്പോ അമ്മ എപ്പഴും പറയാരുന്നു നിന്നെ ''അവളുടെ കണ്ണുകൾ തുളുമ്പി ..അരികിലെങ്കിലും ആ സ്പർശങ്ങൾ.. കരുതലുകൾ എല്ലാം അമ്മ തനിക്കായ് മറ്റുള്ളവരിൽ ബാക്കി വച്ചത് അവളറിയുന്നുണ്ടായിരുന്നു.!'
വീടിന്റെ പടിയിറങ്ങവെ അവൾ മെല്ലെയൊന്ന് തിരിഞ്ഞു നോക്കി.ഏട്ടനും ഏട്ത്തിയമ്മയും അവിടെ നോക്കിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.അമ്മയുണ്ടായിരുന്നെങ്കിൽ തിരികെപ്പോരുമ്പോൾ മൂർദ്ധാവിൽ തരാറുള്ള ഒരുമ്മ ഇനിയില്ലെന്ന ഓർമ്മയിൽ പൊടുന്നനെ അവൾക്കനാഥത്വം അനുഭവപ്പെട്ടു. അവിടെ ചുറ്റിയടിച്ചു കൊണ്ടിരുന്ന ചെമ്പകമണമുള്ള ഒരു കാറ്റ്, അവളെ സാന്ത്വനിപ്പിക്കാനെന്നോണം.. അവളുടെ മൂർദ്ധാവിലൊന്നമർത്തി ചുംബിച്ച് അകന്നു പോയി!!
ജിഷ അനിൽ
മോങ്ങം
മോങ്ങം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക