നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

LEENA.

Image may contain: 1 person, smiling, selfie and closeup

ആരാ ആ കാലുകൾ പിടിച്ച് കരയുന്നത് മാറാൻ പറയൂ."
ചുറ്റിനും കൂടി നിൽക്കുന്ന ആൾക്കാർ പിറുപിറുത്തു തുടങ്ങി.
''അയ്യേ ആരെങ്കിലും മരിച്ചയാളിന്റെ വിരലുകൾ ഉണ്ണുമോ.. " ?
വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്ന തൊലിയും മാംസവുമെല്ലാം എല്ലിനോടൊട്ടി ചുളിഞ്ഞ് വൃദ്ധയുടേതായിരുന്നെങ്കിലും
പാദങ്ങളിലെയാ വിരലുകൾ അപ്പൊഴും കൗമാരക്കാരിയുടേത് പോലെ തോന്നിച്ചിരുന്നു. ഓരോ വിരലുകളിലും മാറി മാറി ഉമ്മ വയ്ക്കുകയും കുഞ്ഞിനെ പോലെ ആ വിരലുണ്ണുകയും ചെയ്യുകയായിരുന്ന ആ വൃദ്ധനെ ആരൊക്കെയോ ചേർന്ന് പിടിച്ച് മാറ്റി.
"ഇവരുടെ ഭർത്താവെന്താ എല്ലാം കണ്ടു കൊണ്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത്. ആരാണിയാൾ ?" ആൾക്കാർ സംശയം പരസ്പരം പങ്കുവയ്ക്കുമ്പോഴും,
അവരുടെ തലയ്ക്കൽ ഈ കാഴ്ച്ചയ്ക്ക് യാതൊരു എതിർപ്പുമില്ലാതെ കണ്ടു നിന്ന് നിറഞ്ഞ രണ്ടു കണ്ണുകൾ അയാളുടേതുമായി ചേർന്ന് നാലു മിഴികൾ നിറഞ്ഞൊഴുകി. "പോകണം. എത്രയും പെട്ടെന്ന് ഇവിടെന്ന്. അവളുടെ ശ്വാസനിശ്വാസങ്ങൾ നിലച്ചയീ ശരീരം കത്തിയമർന്ന പുകയും ചാരവുമേറ്റി വാങ്ങി വരുന്ന കാറ്റ് എന്നെ സ്പർശിക്കാത്ത അത്ര അകലേക്ക് ഓടിയൊളിക്കണം. ഭീരുവിനെപ്പോലെ."
മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. പൂക്കളുടെയും സാമ്പ്രാണിയുടേയും ഗന്ധവും പേറി വന്നൊരു കാറ്റ് ആ വൃദ്ധന്റ നെഞ്ചിലെ വെള്ള ജുബ്ബ ഒന്നനിക്കയപ്പോൾ അയാൾ കണ്ടു.
നരകയറിയ രോമങ്ങൾക്കിടയിൽ അപ്പൊഴും മായാതെ ആ ആറക്ഷരങ്ങൾ.
കണ്ണെത്താ ദൂരത്തോളം വളർന്നു നിന്നിരുന്ന നെൽപ്പാടം.
അങ്ങനെ ഒന്നുണ്ടായിരുന്നു ഈ ഫ്ലാറ്റിന് താഴെയായി ഒരിക്കൽ.
ഇന്നിവിടെ ഈ പതിനെട്ടാം നിലയിലെ മുറികളിലൊന്നിലെ ജനാല വഴി നോക്കുമ്പോൾ
ദൂരെ കാണുന്ന സ്ക്കൂളും, അതിന് മുന്നിലെ പുളിമരവും, അവിടേക്കുള്ള ചെമ്മൺ പാതയും, അതിനരുകിലെ
ശാരദേടത്തിയുടെ വീടിന് മുന്നിലെ വെട്ടുകല്ലുകൾ കൊണ്ട് കെട്ടിമറച്ച കിണറും,
അതിൽ നിന്ന്
തൊട്ടിയിൽ കോരിയെടുത്ത വെള്ളം
ട്രൗസറിട്ട ചെറുക്കൻ പാവാടക്കാരി പെൺകുട്ടിയുടെ കൈകളിലേക്ക് ഒഴിക്കുന്നതും,
അവൾ പിന്നെയത് തിരിച്ചൊഴിച്ച് മാറി മാറി കുടിക്കുന്നതും കാണാം.
വക്കുകൾ ചളുങ്ങിയ പകുതിയോളം തുരുമ്പിന്റെ നിറമാർന്ന തൊട്ടിയിലെ വെള്ളം തിരികെ അവന്റെ കൈക്കുമ്പിളിലേക്കൊഴിക്കുമ്പോൾ
അതിന്റെ താഴ്വശത്തെ ദ്വാരങ്ങൾ വഴി നൂല് പോലെ വെള്ളം അവളുടെ ഭംഗിയാർന്ന കാൽപാദങ്ങളും വിരലുകളും നനച്ചു കൊണ്ടിരിന്നു.
കുനിഞ്ഞ് ഒരു ശബ്ദത്തോടെ വെള്ളം കുടിച്ചിറക്കുമ്പോഴവനത് ശ്രദ്ധിച്ചു.
അന്നു മുതലായിരുന്നോ അവന് അവളുടെ പാദങ്ങളോടും അതിലെ പെരുവിരലിനോടും അത്രയും പ്രണയം തോന്നി തുടങ്ങിയത്.
രണ്ടു പേരും വഴിയിലേക്കിറങ്ങി മുന്നോട്ട് നടന്നു.
"എന്താ ചെക്കാ ഇന്ന് മാങ്ങയും പുളിയും ഒന്നും കിട്ടീല്ലേ..."
ആ ചോദ്യം കാത്തിരുന്നത് പോലെ കീശയിൽ നിന്നവൻ കൈയെടുത്ത് നിവർത്തി.
കാവി നിറത്തിൽ പഴുത്ത പുളി തോട് പൊട്ടി മുറുകെ പിടിച്ചിരുന്ന വിരലുകളിൽ വിയർപ്പുമായി ഒട്ടിപ്പിടിച്ചിരുന്നതൊന്നും ശ്രദ്ധിക്കാതെ തന്നെ
അവൾ അതെടുത്ത് തോട് കളഞ്ഞ് വായിലേക്ക് വച്ചു.
അവളുടെ രണ്ടു കണ്ണുകളും അടഞ്ഞ്
കവിളിലേക്ക് വളർന്നു നിൽക്കുന്ന ചെറു രോമങ്ങൾക്കിടയിലെ നുണക്കുഴികൾ തെളിഞ്ഞു വന്നപ്പോൾ അവന്റെ വായിലും വെള്ളമൂറുന്നുണ്ടായിരുന്നു.
നാവ് മുകളിൽ തൊടുന്ന ഒരു ശബ്ദത്തോടെയാണവൾ കണ്ണ് തുറന്നത്.
ചുണ്ടിലൂറുന്ന വെള്ളവുമായുള്ള അവന്റെ നിൽപ്പുകണ്ടവളുടെ ചിരി എത്ര മനോഹരമായിരുന്നു.
"നീ വലിയ പെണ്ണായി ഇനി ആ .........ചെറുക്കന്റെ കൂടെ നടക്കരുത് കേട്ടോ.
നിനക്ക് സ്ക്കൂളിൽ പോകാൻ മേലെത്തലയ്ക്കൽ തറവാട്ടിലെ ഉണ്ണിയുണ്ടല്ലോ
അവന്റെ കൂടെ പോയാൽ മതി."
വേലിക്ക് കുറുകെ ആയി പട്ടിയും മറ്റും കയറാതിരിക്കുവാൻ വച്ചിരുന്ന കമ്പിന് മുകളിലൂടെ കാലെടുത്ത് അകത്തേക്ക് വച്ചപ്പോഴാണ് ലീനയുടെ അമ്മയുടെ സംസാരം കേട്ടത്.
"അമ്മേ ലച്ചു ഇറങ്ങിയില്ലേ..."
ലീനയുടെ അമ്മയേയും അമ്മ എന്നു വിളിക്കാൻ തുടങ്ങിയെതെന്നാണ് ?ഓർമ്മയില്ല.
കണ്ടനാൾ മുതൽ ലച്ചു വിളിക്കുന്നത് കേട്ട് ജീവിതത്തിൽ വിളിക്കാനാഗ്രഹിച്ചിരുന്നൊരു വാക്ക്
വിളിച്ചു ശീലിച്ചതാണത്.
"അവൾ ഇനി കുറച്ചീസം സ്ക്കൂളിൽ വരില്ല നീയ് പൊക്കോ ചെക്കാ..."
അതു പറയുമ്പോൾ അമ്മയുടെ ശബ്ദത്തിനും മുഖത്തും അന്നാദ്യമായൊരു ഇഷ്ടക്കേട് കണ്ടു.
"എന്താടാ നീ ഇരുട്ടത്തു നിൽക്കുന്നത്..." ഫ്ലാറ്റിനകത്തേക്ക് കയറി ഞാൻ ലൈറ്റിട്ടപ്പോൾ ജനാല വഴി പുറത്തെ കാഴ്ച്ച കണ്ടു നിന്ന നന്ദൻ തിരിഞ്ഞു നോക്കുന്നതിന് മുൻപെ കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു.
"ടിക്കറ്റ് ശരിയായിട്ടുണ്ട് ഇപ്പൊ തന്നെ എയർപോർട്ടിലേക്ക് പുറപ്പെടണം.... "
എന്നു പറഞ്ഞ് കൊണ്ട് ഞാൻ ചെന്ന് അവന്റെ തോളിലേക്ക് കൈയ്യിട്ട് പുറത്തെ കാഴ്ച്ചയ്ക്ക് കൂട്ടായി.
സമയം ഇരുട്ടി തുടങ്ങിയിരുന്നു.
ദൂരെ കാണുന്ന സ്കൂൾ കെട്ടിടത്തിനു മുന്നിലെ പുളിമരത്തിന്റെ ഇലകൾക്കിടയിൽ നക്ഷത്രമുദിച്ച് നിൽക്കുന്നത് പോലെ ടാറിട്ട റോഡിന് ഇരുവശവുള്ള ഇരുനില വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ട്.
ചെമ്മൺ പാതയുമവിടില്ല.
ശാരദേടത്തിയുടെ വീടും, കിണറും എല്ലാം അപ്രത്യക്ഷമായിരുന്നു.
"ദാ അവിടായിരുന്നു അല്ലേ റോബി ശാരദേടത്തിയുടെ വീട്..?
അവൻ ദൂരേയ്ക്ക് വിരൽ ചൂണ്ടി എന്നോട് ചോദിച്ചു.
അതെ ശരിയായിരുന്നു ഇന്നൊരു കൊട്ടാരം പോലെ കാണുന്നയാ വീടിരിക്കുന്ന സ്ഥലത്തായിരുന്നു പണ്ട് ശാരദേടത്തിയുടെ ചെമ്മൺ കട്ടയിൽ കെട്ടി ചുവരുകൾ തേയ്ക്കാത്ത ഓല പാകിയ വീട്.
"ആരായിരുന്നു ശാരദ. " ?
സായിദിക്കായ്ക്ക് മാത്രമെ അതിന് മറുപടി ഉണ്ടായിരുന്നുള്ളു.
എന്നാൽ സായിദിക്ക ആരാണ്. ?
അതിനൊരു മറുപടി ആർക്കും ഉണ്ടായിരുന്നില്ല.
ശാരദേടത്തിയും കമ്മാരനും ഈ നാട്ടിലെത്തി ആ വീട്ടിൽ താമസമായി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സായിദിക്കായും ഇന്നാട്ടിലെത്തിയത്.
ശാരദേടത്തിയുടെ വീടിന് മുന്നിലെ ചെമ്മൺപാത വന്ന് ചേരുന്ന റോഡിനരുകിലായി സായിദിക്ക ചെറിയൊരു ചായ പീടികയും തുടങ്ങി.
പീടികയുടെ മുന്നിലെ കണ്ണാടിപ്പെട്ടിയിൽ മഞ്ഞനിറത്തിലെ പൂ പോലെ വിരിഞ്ഞിരിക്കുന്ന കേക്കും, പരിപ്പുവടയും മഞ്ഞയും ചുവപ്പും വെള്ളയും കലർന്ന വെട്ടു മുട്ടായിയും അതിനരികിലായി ചായ ഉയർത്തി അടിക്കുന്ന സായിദിക്ക എപ്പൊഴും ശാരദേടത്തിയുടെ കഥകൾ മുന്നിലിരിക്കുന്നവരോട് പറയുന്നുണ്ടാകും. ഞാനും ലച്ചുവും ഉണ്ണിയും നന്ദുവും കൊതിയോടെ ആ പലഹാരപ്പെട്ടിയും നോക്കി നിൽക്കുമ്പോൾ എത്രയോ ദിവസങ്ങളിൽ അത് കേട്ടിരിക്കണു.
വടക്ക് എവിടെയോ ഒരു നാട്ടിലെ ഒരിക്കൽ ജൻമിത്തം വാണിരുന്ന തറവാട്ടിലെ ഒടുവിലെല്ലാം ക്ഷയിച്ചു പോയൊരു സവർണ്ണപുത്രിയായിരുന്നു ശാരദേടത്തി.
പഴയ ജൻമിത്തത്തിന്റെ ഓർമ്മയിൽ പൂർവ്വികർ കാലങ്ങൾ കഴിച്ചുകൂട്ടാൻ തുടങ്ങിയപ്പോഴും സവർണ്ണ ചിന്തയുടെ ഉയരത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല. ശാരദയ്ക്ക് നിറത്തിൽ കുറഞ്ഞവനെങ്കിലും കമ്മാരൻ എന്ന കറുത്തവനോട് തോന്നിയത് പ്രണയമായിരുന്നോ ?
അതൊ വിശപ്പിനൊരു പരിഹാരവും, സംരക്ഷണവും, രക്ഷപ്പെടലുമായിരുന്നോ ? എന്തായാലും നിറത്തിൽ കുറഞ്ഞവനെങ്കിലും സമ്പന്നനായിരുന്നു.
അവനും അവന്റെ ആൾക്കാരും. അതുകൊണ്ടല്ലേ സവർണ്ണരെന്ന് പറയുമെങ്കിലും ദാരിദ്യത്തിലിടിഞ്ഞ് നിലംപൊത്താറായവർക്ക് അവനെ നൽകാൻ തയ്യാറാകാതെ അവനെ എവിടേക്കോ നാടുകടത്തിയത്.
വർഷങ്ങൾക്കിപ്പുറം
ഇടിഞ്ഞ് പൊളിഞ്ഞ വീഴാറായ തറവാട്ടിനുള്ളിൽ ഒറ്റപ്പെട്ടു പോയ ശാരദേടത്തിയെ തിരക്കി ഒരു രാത്രി കമ്മാരൻ ചെന്നിരുന്നു.
അന്ന് അവിടം വിട്ട അവർ
പിറ്റേന്ന് മുതൽ ഇവിടെ ഈ നാട്ടിൽ കണ്ടു തുടങ്ങിയെന്നാ വർത്തമാനം.
പക്ഷേ അവരെ പിന്തുടർന്നെത്തിയ ജാതിക്കോമരങ്ങൾ ശാരദേടത്തിയെ വിധവയാക്കിയപ്പോൾ പിറക്കാനിരുന്ന അവരുടെ മകൾക്കും അച്ഛനില്ലാതായി. വർഷങ്ങൾക്ക് ശേഷം ആ മകളും അമ്മചെയ്തത് തന്നെ ആവർത്തിക്കേണ്ടി വന്നു.
പക്ഷേ ഒരു മാറ്റമുണ്ടായിരുന്നു.
ഒരു സവർണ്ണനുമായിട്ടായിരുന്നു അവൾ നാടുവിട്ടത്.
അന്നു രാത്രി കത്തിയമർന്ന ശാരദേടത്തിയുടെ ഓലപ്പുരയിലെ തീനാളവും പുകയും അങ്ങ് വീട്ടിൽ നിന്നപ്പോഴും നന്ദുവും ലച്ചുവും കണ്ടിട്ടുണ്ട്.
അന്ന് രാത്രി മുതൽ കാണാതായതായിരുന്നു ശാരദേടത്തിയെ.
പിന്നെ ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ സായിദിക്കായും എവിടേയ്ക്കോ പോയിരുന്നു. എവിടെ നിന്നോ എന്തിനോ വേണ്ടി വന്നു. എവിടേയ്ക്കോ പോയി.
അപ്പൊഴേക്കും നമ്മളെല്ലാം സ്ക്കൂൾ കാലമെല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോഴും സായിദിക്കാന്റെ ചായക്കട മഴയിലും, വെയിലിലും, നായകയറിയും നാശമായി നിലംപൊത്താറായി കിടക്കുന്നത് കാണുമ്പോൾ ശരിക്കും ഉള്ളിൽ എന്നും ഒരു സങ്കടമുണ്ടായിരുന്നു.
ശരിക്കും ആരായിരിക്കും ഈ സായിദിക്ക.? ഇനി ശാരദേടത്തിയുടെ ആരെങ്കിലും ആയിരുന്നുവോ ?
കാറിലെ യാത്രയിൽ മൗനം അസഹ്യമായപ്പോഴാണ് ഞാൻ സംസാരിച്ച് തുടങ്ങിയത്.
"എന്താ നന്ദാ നീയിങ്ങനെ...
നിനക്കവളെ ഇത്രയും ഇഷ്ടമായിരുന്നെങ്കിൽ വിട്ടുകൊടുക്കണമായിരുന്നോ ?
എന്തിനാ നീയവളെ നഷ്ടപ്പെടുത്തിയത് ?"
മുന്നിലെ റോഡിലേക്ക് നോക്കി ഇരിക്കുന്നതല്ലാതെ അവൻ ഒന്നും മിണ്ടിയില്ല.
"നിന്റെയൊരു വിചിത്ര പ്രണയം തന്നെ നന്ദാ പണ്ടെങ്ങോ അവളുടെ അമ്മ എന്തോ പറഞ്ഞുവെന്ന് കരുതി
ഇഷ്ടം വേണ്ടാന്ന് വച്ചു നാടുവിട്ടു.
ഇപ്പൊ വർഷങ്ങൾക്ക് ശേഷം
നാട്ടിലെത്തി
അവൾ പോലും അറിയാതെ അവളുടെ കല്ല്യാണം ഒളിഞ്ഞ് നിന്ന് കണ്ടിട്ട്
അന്നു തന്നെ ഓടിയൊളിക്കുന്ന നീ ഒരു ഭീരുവല്ലേ...
നീ എന്തിനാ അവളെ ഇത്രയും ഇഷ്ടപ്പെടുന്നത്.
അവൾക്കെന്നും ഇഷ്ടം ഉണ്ണിയോടായിരുന്നു എന്നാണ് എന്റെ തോന്നൽ..."
വാക്കുകളിൽ കുറച്ചു രോഷം കലർന്നുവരുന്നല്ലോ എന്നു തോന്നി ഞാൻ സംസാരം നിർത്തി.
"വിചിത്രമല്ല റോബി.
ഇതാണ് പ്രണയം.
അന്ന് അമ്മ പറഞ്ഞതെന്താണെന്ന് അറിയാമോ നിനക്ക് ? "
അവന്റെ ചോദ്യം കേട്ട് ഞാനാ മുഖത്തേയ്ക്ക് നോക്കുമ്പോൾ
അവന്റെ മനസ്സ് ഓർമ്മകളിലേക്ക് എവിടെയോ
പോയി കഴിഞ്ഞിരുന്നു.
പഠനത്തിന്റെ ലോകത്തിൽ നിന്നിറങ്ങി ഇഷ്ടങ്ങളിൽ യവ്വനത്തിന്റെ നിറങ്ങൾ പടർന്ന് തുടങ്ങിയ കാലം.
എന്നും ലച്ചുവിനെ കാണാനായി ചെന്നിരിക്കാറുള്ള അമ്പലത്തിലെ ആൽത്തറയിൽ അന്ന് കിടക്കുമ്പോൾ
അവളുടെ വിരലിലെ കുളിരുള്ള ചന്ദനത്തിന്റെ സ്പർശനമേറ്റാണ് കണ്ണു തുറക്കാറുള്ളത്.
പതിവിന് വിപരീതമായി അടുത്താരോ എത്തിയിട്ടുണ്ട്.
പക്ഷേ നെറ്റിയിൽ പതിവായുള്ള തണുപ്പു തട്ടിയില്ല.
കൺതുറന്ന് നോക്കുമ്പോൾ ലച്ചുവിന്റെ
അമ്മയുണ്ട് മുന്നിൽ.
കണ്ണുകൾ നിറഞ്ഞിട്ടുമുണ്ട്.
പെട്ടെന്ന് എഴുന്നേറ്റപ്പോൾ അമ്മയുടെ നോട്ടം ഷർട്ടിലെ തുറന്ന ബട്ടൺസിലുളളിലേക്കായി. നെഞ്ചിൽ പഴുത്ത് ഉണങ്ങിയ മുറിവിന്റെ അടയാളമായി ശേഷിച്ച അക്ഷരങ്ങൾ.
LEENA.
അമ്മ കാണാതിരിക്കാനായി ധൃതിയിൽ ഷർട്ടിലെ ബട്ടൺസുകൾ ചേർത്ത് മറച്ചു പിടിച്ചു.
"മോനെ നിനക്കവളെ ഇഷ്ടമാണെന്നറിയാം
പക്ഷേ ഇതൊരിക്കലും നടക്കുന്നതല്ല.
നമ്മുടെ സമുദായത്തിലുള്ളവർ ഒരിക്കലും അനുവദിക്കില്ല നിങ്ങളോട് ചേരുവാൻ.
ലച്ചു നന്നായി പഠിക്കുന്ന കുട്ടിയാണ്.
അവൾക്കൊരു ഭാവിയുണ്ട്.
ദയവ് ചെയ്ത് മോൻ അവളെ വെറുതെ വിട്ടേക്ക്.
ഞാനെന്നും ദൈവത്തിനോട് കൈകൂപ്പുന്നുണ്ട്.
നിനക്കൊരു നല്ല ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകണേയെന്ന്.
അവൾ നല്ലൊരിടത്ത് ചെന്ന് എത്തട്ടെ.
മോൻ ഉപദ്രവിക്കരുത്."
അമ്മ നടന്നകന്നെങ്കിലും കാതുകളിൽ ആ വാക്കുകൾ തന്നെയായിരുന്നു.
"അമ്മ എന്ന് വിളിച്ചത് ഹൃദയത്തിൽ നിന്ന് തന്നെയായിരുന്നു.
വിശപ്പിന് പരിഹാരമായി എത്രയോ കഴിച്ചിരിക്കുന്നു.
ആ അമ്മയുടെ കൈകളിൽ നിന്ന്.
നന്ദി കാട്ടാനായ് അന്നൊരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളു.
ഒരു സങ്കടം മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒരു രീതിയിൽ ശാരദേടത്തിയുടെ ഒരു പ്രതീകമായിരുന്നു ആ അമ്മയും.
എന്നിട്ടും.
പ്രണയത്തിന്റെ വിലയറിഞ്ഞവൾ.
പക്ഷേ അവർ നാടുവിട്ടില്ല.
ആ കഥയിൽ ഒരു സായിദിക്കയും ഉണ്ടായിരുന്നുമില്ല.
തന്റെ മകൾ തന്നെപ്പോലെയായി എന്ന് മറ്റുള്ളവർ പറയരുതെന്ന് അവരും ആഗ്രഹിച്ച് കാണും. "
"പക്ഷേ ലച്ചു അവൾ എന്താ പിന്നെ നിന്നെ തിരിച്ചറിയാതെ പോയി നന്ദാ.. "
നന്ദന്റെ സംസാരത്തിടയ്ക്ക് തന്നെ ഞാൻ ധൃതി കാട്ടി.
"നീ ഇത് കണ്ടോ....."
ഷർട്ട് മാറ്റിയവൻ കാണിച്ചപ്പോൾ
നെഞ്ചിൽ മുൻപ് കണ്ടിട്ടുള്ളത് പോലെ അല്ലാതെ
ലീന എന്ന പേര് ഒരക്ഷരം കൂടി മറ്റൊരു പേരായി മുറിവുണങ്ങിയൊരു അടയാളം ഇനിയും മായാതെ കിടക്കുന്നത് ഞാൻ കണ്ടു.
"വേദന എനിക്കൊരു ഹരമായിരുന്നുവന്ന്. പ്രായവും അതായിരുന്നുവല്ലോ
സ്വയം വേദനിപ്പിച്ച് ശരീരം കീറി മുറിച്ച് ലച്ചുവിനെ എഴുതി വയ്ക്കുവാൻ.
അവളെയെന്നും ഓർക്കുവാൻ വേണ്ടി.
പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ചെയ്തതാണ്.
പഴുപ്പിച്ച കമ്പി കൊണ്ട് ഈ നെഞ്ചിൽ ആ പേര് എഴുതി വയ്ക്കുമ്പോൾ എനിക്കൊട്ടും വേദനയെ ഇല്ലായിരുന്നു.
പകരം ഒരു ആനന്ദമായിരുന്നു.
മറ്റൊര് പെണ്ണും ഒരിക്കലും ഈ നെഞ്ചിൽ ചേരാതിരിക്കാനായ്,
അവളുടെ ചുംബനങ്ങൾ മാത്രമേറ്റുവാങ്ങാൻ കൊതിച്ച മുറിവും അക്ഷരങ്ങളും.
നോക്ക് ഇന്നും മാഞ്ഞിട്ടില്ലത്.
മായുകയുമില്ല.
"എന്നാലും ഈ പേര് ഇതെന്തിന് മാറ്റി ?"
സംശയത്തോടെ ഞാൻ ചോദിച്ചു.
"അവളുടെ മനസ്സ് മാറ്റാൻ. അവളെ വരച്ച് വച്ചിടത്ത് അവൾ കാണുമ്പോൾ ചെറിയൊരു മാറ്റം വരുത്തിയിരുന്നു.
അതിൽ പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല.
ആ നാടും കണ്ടിട്ടില്ല.
ഒരിക്കൽ വർഷങ്ങൾക്കിപ്പുറം ഒരു കത്ത് വന്നിരിന്നു.
കാതങ്ങൾ താണ്ടി. അങ്ങ് കടലിനക്കരെ. അഡ്രസ്സൊന്നും ഇല്ലാതെ.
നന്ദൻ എന്ന പേര് മാത്രമെഴുതി.
'' ഞാൻ തെറ്റിദ്ധരിച്ചതാണ് തിരിച്ചറിയാതെ പോയി ആ സ്നേഹം ക്ഷമിക്കണം"
എന്നൊക്കെ പറഞ്ഞ്.
മനസ്സിൽ ഞാൻ അന്നേ
''പോട്ടെ സാരമില്ല..."എന്നു പറഞ്ഞിരുന്നു.
ഇപ്പൊ നീ വഴി കല്ല്യാണം ആയെന്ന് അറിഞ്ഞു
വന്നു. കണ്ടു.
ഉണ്ണി തന്നെയാണ് അവളെ സ്വന്തമാക്കിയെന്ന് അറിഞ്ഞത് കൊണ്ട് വിട്ടുകൊടുത്തു.
ഒളിഞ്ഞ് നിന്ന് ആ കാഴ്ചയും കണ്ടു.
ഇനി അവൾ പൂർണ്ണമായും മറ്റൊരാളുടേത് ആകുന്ന നിമിഷങ്ങളിൽ
ആ നിശ്വാസങ്ങളുമേറി വരുന്ന കാറ്റ് പോലും എന്നെ സ്പർശിക്കാത്ത അത്രയും അകലേയ്ക്ക് എനിക്ക് ഇവിടെ നിന്ന് എത്രയും പെട്ടെന്ന് ഓടിയൊളിക്കണം
നീ പറഞ്ഞ ഭീരുവിനെ പോലെ.
ഇനി അവർ ഒരിക്കലും എന്നെ കാണാനേ പാടില്ല.
പിന്നെ എനിക്കൊന്നുറപ്പുണ്ട്.
ഞാൻ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ ഉണ്ണി അവളെ സ്നേഹിക്കും.
പിന്നെ അവൾ ആർക്ക് സ്വന്തമായാലും, കളങ്കിതയായാലും, അവളുടെ പാദങ്ങളും ആ വിരലുകളും ഒരു കളങ്കവുമില്ലാതെ എനിക്ക് മാത്രം സ്വന്തമായിരിക്കും എന്നും. അതിനെങ്കിലും ആരും അവകാശമുന്നയിക്കില്ലലോ അല്ലേ ?
എന്റെ പ്രണയം ആ പാദങ്ങളോട്.
ആ വിരലുകളോട്.
എനിക്കതിൽ ഉമ്മ വയ്ക്കാം.
ഒരു കുഞ്ഞിനെ പോലെ ആ വിരലുകൾ വായിൽ വച്ച് കുടിക്കണം"
അവന്റെ ശബ്ദം ഇടറി ഒന്നു പൊട്ടിക്കരയാൻ അവൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
നെഞ്ച് പൊള്ളും പോലെയാണ് അവന്റെ വാക്കുകൾ കാതിലേക്ക് വീണുകൊണ്ടിരുന്നത്.
''ഇല്ല നന്ദാ നീ അവളെ വിട്ടുകൊടുക്കരുതായിരുന്നു.
നീയവളെ സ്വന്തമാക്കണമായിരുന്നു.
അവളൊരു മുറിവായ് നെഞ്ചിലേറ്റ് പൊള്ളി ഉണങ്ങിയ ഈ അടയാളത്തിലേക്ക് നീയവളെ ചേർത്ത് നിർത്തണമായിരുന്നു നന്ദാ.
ആ പ്രണയം സഫലമാകണമായിരുന്നു.
നീ പണ്ടത്തെ നന്ദൻ അല്ല ഇപ്പോൾ
നിന്നെ ലച്ചുവും അമ്മയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന് എനിക്കുറപ്പാണ് നന്ദാ. "
എന്റെ ശബ്ദത്തിൽ കുറ്റപ്പെടുത്തലിന്റെ സ്വരമുണ്ടായിരുന്നിരിക്കണം.
അതല്ലേ അവൻ ചുണ്ടുകൾ കോട്ടിയൊന്ന് ചിരിച്ചത്.
"ആരു പറഞ്ഞു എന്റെ പ്രണയം സഫലമാകണമെങ്കിൽ അവളെ സ്വന്തമാക്കണമെന്ന് നിന്നോട്.
എന്റെ പ്രണയം സഫലമാണ് റോബി.
മരണം വരെ ഒരു ദിവസം ഒരു നിമിഷമെങ്കിലും അവൾ എന്നെ ഓർമ്മിക്കുമെന്ന് എനിക്കറിയാം.
അതു പോരെ ?എന്റെ പ്രണയം സഫലമാണെന്ന് അറിയാൻ.
പിന്നെ, ഭാര്യയാക്കി, അമ്മയാക്കി
അവളുടെ കുറവുകൾ അറിഞ്ഞ് വഴക്കുണ്ടാക്കി, വെറുത്ത് അതിലുമൊക്കെ എത്രയോ നല്ലതാണ് ഇത്.
വരും ജൻമങ്ങൾ ഉണ്ടെങ്കിലും എനിക്ക് അവളെ പ്രണയിക്കണം.
പിന്നെ എനിക്കതൊരു നഷ്ടപ്രണയം ആകുകയും വേണം.
അതാണ് എന്റെ പ്രണയസാഫല്ല്യം"
"വിചിത്രം തന്നെ " ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടു കാണില്ല.
ബാഗുകൾ എല്ലാമെടുത്ത് ട്രോളിയിലേക്ക് വച്ച് അവൻ എന്നെ കെട്ടിപ്പിടിച്ചു.
"ഇനി എന്നാടാ ഒന്നു കാണുക... " ഞാനവനോട് ചോദിച്ചു.
"അതിനെന്താ എന്നെ കാണണമെന്ന് തോന്നുമ്പോൾ പതിവ് പോലെ പേര് മാത്രം എഴുതി ഒരു കത്തയച്ചോ എവിടെയായിരുന്നാലും എനിക്കത് കിട്ടുമല്ലോ..."
എന്ന് പറഞ്ഞവൻ നടന്നകലുമ്പോൾ ഞാനോർത്തു.
"ശരിയാണ് ഇന്ന് ലോകമറിയുന്ന ഒരാളായി മാറിയ ഇവനെ പിടിക്കാൻ ഒരു മേൽവിലാസത്തിന്റെ ആവശ്യമെന്തിനാ.. "
നടന്ന് അകത്തേയ്ക്ക് കയറുന്നതിന് തൊട്ടു മുൻപ് തിരിഞ്ഞു നിന്ന അവൻ കൈകാട്ടി വിളിച്ചു ഞാൻ അടുത്തേയ്ക്ക് ചെന്നു.
"റോബി നീ ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച ചോദിക്കാത്തൊരു കാര്യമുണ്ട്."
മറുപടി ചോദ്യഭാവത്തോടെ ഞാനവനെ തന്നെ നോക്കുവായിരുന്നു.
"ഒരാൾക്ക് സ്വയം നെഞ്ചിലിങ്ങനെ ഒരു മുറിവുണ്ടാക്കി ഭംഗിയായി ഒരു പേര് എഴുതി വയ്ക്കുവാനോ
പിന്നെയത് തിരുത്തുവാനോ കഴിയില്ല.
അത് ഒരാൾ എഴുതി തന്നതാകണം.
എനിക്കത് അന്ന് എഴുതി തന്നതും തിരുത്തിയതുമെല്ലാം ഉണ്ണിയായിരുന്നു. "
പെട്ടെന്നുള്ള ചിന്തയിൽ നിന്ന് ഞാനുണർന്നപ്പോൾ
ഒരു ഗ്ലാസ് ഡോറിനപ്പുറത്തേയ്ക്ക് അവൻ നടന്ന് മറഞ്ഞിരുന്നു.
ജെ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot