നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇല

Image may contain: Ajoy Kumar, beard and sunglasses

വിഭവങ്ങൾ വിളമ്പിയ ഒരു ഇലയുടെ മുന്നിലിരുന്നു നിങ്ങൾ വിതുമ്പിയിട്ടുണ്ടോ .ഗദ്ഗദത്തോടെ,ഒന്നും വേണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? ഞാൻ പറഞ്ഞിട്ടുണ്ട്.
എന്റെ സഹപ്രവർത്തകൻ ആയിരുന്നു സാമുവൽ മാഷ്,ദാസം പട്ടി സ്റ്റേഷനിൽ എന്റെ ജൂനിയർ ആയി വന്ന പയ്യൻ.തനി കാട്ടാക്കട ഭാഷയും നാടൻ രീതികളുമായി ഒരാൾ. പരമശുദ്ധൻ. മതിലിനപ്പുറത്തു കൂടി വരുന്ന മാഷിന്റെ മുടി കണ്ടാൽ ഒരു മുള്ളൻ പന്നി കുളിച്ച ശേഷം തോർത്താൻ പോകുന്ന പോലെ തോന്നും.ആ മുടി ചീകാൻ എടുത്ത എന്റെ ഒരു പുതിയ ചീപ്പ് നാമാവശേഷമായിപ്പോയി.
ജോയിൻ ചെയ്തതിനു ശേഷം പിന്നീട് കുറേക്കാലം അടുക്കളപ്പണി മുഴുവൻ മാഷായിരുന്നു ചെയ്തിരുന്നത്. പപ്പടം വെച്ച് തോരൻ ഉണ്ടാക്കാം എന്നൊക്കെ മാഷ് എനിക്ക് കാണിച്ചു തന്നു. അതെങ്ങനെ ഒരു മിനിറ്റ് കൊണ്ട് തിന്നു തീർക്കാം എന്ന് ഞാനും മാഷിനെ കാണിച്ചു കൊടുത്തു
മാഷിന് ഒരേ ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളു.അത് കുഴപ്പമാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല മാഷ് അസുഖം വന്നാൽ മരുന്ന് കഴിക്കില്ല.പകരം പ്രാർഥനയാണ്.കൂട്ടിനായി വേറെ ഒരു സഹപ്രവർത്തകനും വരും ഇവരുടെ പ്രാർഥനയും ബഹളവും കയ്യടിയും കഴിയുമ്പോൾ അടുത്ത കട്ടിലിൽ ഞാൻ അസുഖം ബാധിച്ചു കിടപ്പാവും
മാഷ് മാത്രമല്ല, സ്‌കൂൾ അധ്യാപകൻ ആയിരുന്ന,മാഷിന്റെ അച്ഛനും ,അമ്മയും സഹോദരിയും എല്ലാം ഇതേ പോലെ ആയിരുന്നു, വീട്ടിൽ ഉള്ള പശുവിന് അസുഖം വന്നാൽ പോലും മരുന്ന് കൊടുക്കില്ല.പകരം അടുത്ത് പോയിരുന്നു പ്രാർഥനയാണ്,ഒരു തവണ നാട്ടിൽ നിന്നും വന്ന കത്തിൽ ഉണ്ടായിരുന്നു,
ലൗലിപ്പശുവിന് അത്തവണ അസുഖം വന്നപ്പോൾ അടുത്ത് പോയിരുന്നു പ്രാർഥിച്ച മാഷിന്റെ അച്ഛനെ ആ പശു ഓടിച്ചിട്ട് ചവിട്ടുകയും കുത്തുകയും കടിക്കുകയും പച്ച മലയാളത്തിൽ തെറി പറയുകയും ചെയ്തു പോലും .അതിനു ശേഷം സാത്താന്റെ സന്തതി ആയ ആ പശുവിന് മാത്രം അവർ മരുന്ന് കൊടുക്കാൻ തുടങ്ങി
മാഷിന്റെ സഹോദരിക്ക് കല്യാണാലോചനകൾ നടക്കുന്ന സമയം. ആലോചനയുമായി ആര് വന്നാലും ശുദ്ധരിൽ ശുദ്ധനായ മാഷിന്റെ അച്ഛൻ പറയും. അവൾക്കിപ്പോൾ ഇരുപത്തഞ്ചു നടക്കുന്നു.
സാമുവൽ മാഷ് ചോദിച്ചു, അമ്മയും ചോദിച്ചു, എന്താണീ "നടക്കുന്നത്"? വയസ്സ് നടക്കുമോ ?
എന്ന് വച്ചാൽ ഇരുപത്തിനാലാം പിറന്നാൾ കഴിഞ്ഞാൽ പിന്നെ ഇരുപത്തഞ്ചു നടപ്പാണ് പോലും, അങ്ങനെയേ പറയാവു
ഒടുവിൽ അത് കാരണം ഒന്ന് രണ്ടു കല്യാണം മുടങ്ങിയപ്പോൾ സാമുവൽ പറഞ്ഞു പപ്പാ ,ഇരുപത്തഞ്ച് നടക്കുകയാണോ ചാടുകയാണോ എന്നൊന്നും പറയണ്ട, ഇരുപത്തിനാല്‌ എന്നങ്ങു പറഞ്ഞേച്ചാൽ മതി,
സഹോദരിയും പറഞ്ഞു, ഇനി ഇരുപത്തഞ്ചു "നടപ്പാണ്" എന്ന് പറഞ്ഞത് കാരണം കല്യാണം മുടങ്ങിയാൽ ഞാൻ വല്ലവരുടെയും കൂടെ ഇറങ്ങി "ഓടും" നോക്കിക്കോ
ഏതായാലും ഒടുവിൽ നല്ലൊരു പയ്യനെ കിട്ടി,പെണ്ണിനെ പോലെ തന്നെ സർക്കാർ ഉദ്യോഗസ്ഥൻ.കല്യാണം ആയപ്പോൾ മാഷ് ലീവ് എടുത്തു നാട്ടിൽ പോയി.അതിനേക്കാൾ ബഹളം ഉണ്ടാക്കി ഞാനും പുറകെ പോയി. കാരണം കാട്ടാക്കട ബിരിയാണി മിസ് ചെയ്യാൻ പറ്റുമോ.
ലീവ് ചോദിച്ചപ്പോൾ ,സീനിയർ ആയ മുരളി മാഷ് ചോദിച്ചു.
സാമുവേൽ അയാളുടെ ചേച്ചീടെ കല്യാണത്തിന് പോണു, നിങ്ങൾ എങ്ങോട്ടാ ഈ പോണേ? നിങ്ങൾക്കെന്താ ആ വീട്ടിൽ കാര്യം
സാമുവലിന്റെ ചേച്ചി എന്ന് പറഞ്ഞാൽ ആരാ? ....ആരാ മാഷെ ? പറ മാഷെ, പറയാൻ ...ഞാൻ വിതുമ്പി
അത് കണ്ട സാത്വികൻ ആയ മുരളി മാഷ് വേഗം ലീവ് ലെറ്റർ ഒപ്പിട്ടു തന്നു.പിന്നെ ചോദിച്ചു.
സത്യത്തിൽ സാമുവലിന്റെ ചേച്ചി എന്ന് പറഞ്ഞാൽ ആരാ മാഷെ?
സാമുവലിന്റെ ചേച്ചി എന്ന് പറഞ്ഞാൽ സാമുവലിന്റെ ചേച്ചി ,അല്ലാതാരാ , ഞാൻ ലീവ് ലെറ്റർ എടുത്തു കൊണ്ട് പുറത്തേക്കോടി
അങ്ങനെ കല്യാണ ദിവസം ആയി. അന്ന് കൃത്യം ഒരു നിക്കാഹ്, കൊല്ലത്താണ്, അച്ഛന്റെ അടുത്ത സുഹൃത്തായ ഇബ്രാഹിം കുട്ടി മാമന്റെ മകൾ. പോയാൽ സൂപ്പർ ബിരിയാണി, വീ ഐ പി ട്രീറ്റ്മെന്റ് എല്ലാം ഉറപ്പാണ്.
അന്ന് അച്ചു മാത്രമേ ഉള്ളു, കിച്ചു ഇല്ല, തീരെ ചെറുതാണെങ്കിലും ആഹാരത്തിനോടുള്ള ആർത്തി അവന് ഇന്നത്തെ പോലെ തന്നെയുണ്ട് . ഞാൻ പറഞ്ഞു
നീ പറ, കൊല്ലത്തെ ബിരിയാണി വേണോ? കാട്ടാക്കട സ്‌പെഷ്യൽ ബിരിയാണി വേണോ?
ഏതാ നല്ലത് .
എടാ കാട്ടാക്കട ബിരിയാണി അല്ലെ ബിരിയാണി.
കൊല്ലം വരെ പോകാൻ മടിച്ചാണ് അങ്ങനെ പറഞ്ഞത്. ഏതായാലും ശ്യാമ ഇല്ല , മധുരയിൽ ആണ്. അച്ഛനും അമ്മയും എല്ലാം അനിയത്തിക്കൊപ്പം കൊല്ലത്താണ് പോകുന്നത്.ഞാനും അച്ചുവും നേരെ സാമുവലിന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന പള്ളിയിലേക്ക് തന്നെ പോയി.
പതിവില്ലാതെ സാമുവേൽ ഒരു സ്റ്റൈൽ ഡ്രസ്സ് ഒക്കെ ഇട്ടു നിൽപ്പുണ്ട് .ഷൂസും ടൈയ്യും.ആകെ ഗെറ്റ് അപ്പ് തന്നെ.അന്ന് വരെ കല്യാണം കാണാത്തതു പോലെ ആ ഭാഗത്തുള്ള ആബാല വൃദ്ധം ജനങ്ങളും പള്ളിയിൽ ഉണ്ട് .ഞാനും അച്ചുവും ആഹാരം വിളമ്പുന്ന പാരിഷ് ഹാളിനടുത്തു ചുറ്റിപ്പറ്റി നിന്നു.എന്നേക്കാൾ ബുദ്ധിമാന്മാർ ആയ കുറേപ്പേർ നേരത്തെ തന്നെ അവിടെയുണ്ട്
കെട്ടു കഴിഞ്ഞതും തള്ള് തുടങ്ങി. അതിശയോക്തി അല്ല. തള്ളെന്നു പറഞ്ഞാൽ ഇതാണ് തള്ള് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓരോ അമ്മാവന്മാർ തള്ളുന്ന തള്ള്. ശ്വാസം വിടാൻ പോലും പറ്റാതെ ,വാരിയെല്ലുകൾ ഒടിഞ്ഞു തകർന്ന ഞാൻ അച്ചുവിനെ തലയ്ക്കു മുകളിൽ പിടിച്ചു കൊണ്ട് അലറി....
രക്ഷിക്കണേ....സാമുവലേ...രക്ഷിക്കണേ...
അപ്പോൾ തൊട്ടു മുന്നിലുള്ള പ്രതിയോഗിയെ ചവിട്ടി ഞെരിച്ച് അയാളുടെ നെഞ്ചിലെ രോമങ്ങൾ പറിച്ചെടുത്തു പറത്തിക്കൊണ്ടിരുന്ന ഒരു ഫയൽവാൻ അമ്മാവൻ എന്നോട് ചോദിച്ചു.
ലോണ്ടെ ആ ചവിട്ടും ഇടിയും കൊള്ളുന്നവൻ തന്നെയല്ലേ ഇയാൾ വിളിച്ച സാമുവൽ
ഞാൻ നോക്കി.ടൈ കെട്ടിയ ,പെണ്ണിന്റെ ആങ്ങള ആയ സാമുവേലിനെ യാതൊരു ബഹുമാനവും കൊടുക്കാതെ ജനം തള്ളി ഞെരുക്കുന്നു. കഴുത്തിൽ പിടിച്ചു ഞെക്കുന്നു, തല കുലുങ്ങുമ്പോൾ സാമുവലിന്റെ മുള്ളൻ മുടി അവിടമാകെ പൊഴിഞ്ഞു വീഴുന്നു. അത് പലരുടെയും കാലിൽ കുത്തിക്കയറുന്നു, ആകെ ബഹളം അതിനിടയിൽ ചില കാർട്ടൂൺ ചിത്രങ്ങളിലെ പോലെ കണ്ണ് തള്ളി സാമുവേൽ അലറുന്നു,
യെന്റെ ഖർത്താവേ, യഹോവായെ...ഈശോ മശിഹായെ ... പറ്റുവാന്നേൽ ,ഈ സാത്താന്മാരിൽ നിന്നും ഹെന്നെ മാത്രം രക്ഷിക്കണേ
ഞാൻ ചുറ്റും നോക്കി ഇനി കർത്താവിനെയും വല്ലവന്മാരും ചവിട്ടി ഞെരിക്കുന്നുണ്ടാവുമോ
ഒടുവിൽ വല്ല വിധവും രണ്ടു മൂന്നു അമ്മാവന്മാരെ കാലപുരിക്കും ആയുർവേദ ആശുപത്രിക്കും അയച്ച ശേഷം ഞങ്ങൾ അകത്തു കയറി ഇരുന്നു ശ്വാസം നേരെ വിട്ടു, അച്ചു ഷർട്ടും നിക്കറും ഒന്നും ഇല്ലാതെ അടുത്തിരിപ്പുണ്ട്. എനിക്ക് പാന്റില്ലെങ്കിലും ഷർട്ടുണ്ട്
ഡാ, കഷ്ട്ടപ്പെട്ടാൽ എന്താ ,കാട്ടാക്കട ബിരിയാണി അല്ലേ ബിരിയാണി.
ഇലയിൽ ആണ് വിളമ്പുന്നത്, മുന്നിൽ ഇരുന്ന ഇലയിൽ നോക്കി ഞാൻ വെള്ളമിറക്കി
അങ്ങനെ ഇരുന്നപ്പോൾ അതാ വിളമ്പുകാർ വരുന്നു, ഞാൻ അവരെ സ്നേഹത്തോടെ നോക്കി ഇരുന്നു, അതിനിടയിൽ സാമുവലിന്റെ പപ്പ വന്നു എല്ലാരേയും തൊഴുതിട്ടു പോയി
ഇലയിൽ വിളമ്പിയത്.ആദ്യം അച്ചാർ...ആഹഹാ
അടുത്ത ആൾ ഉപ്പേരി....
പിന്നെയങ്ങോട്ട് കിച്ചടി..പച്ചടി...അവിയൽ....തോരൻ...
സമനില തെറ്റിയ ഞാൻ അലറി വിളിച്ചു.....സ്ഥലം മാറിക്കേറി ...പള്ളി നിറുത്തണേ ആളിറങ്ങണം
അപ്പോൾ കീറിയ ടൈയ്യും കെട്ടി എന്റെ അടുത്തിരുന്ന സാമുവലിന്റെ അവശിഷ്ടം എന്നോട് ചോദിച്ചു.എന്ത് പറ്റി മാഷെ? പള്ളി നിറുത്താനോ
മാഷേ , ബിരിയാണി അല്ല, സദ്യ ആണ് വിളമ്പുന്നത് ,ഞാൻ സ്ഥലം മാറിക്കേറി
അല്ല മാഷെ ,ബിരിയാണി ഒന്നുമില്ല, നിങ്ങളെ പോലെ നല്ല ഒന്നാംതരം സദ്യ മതി എന്നും ഞാനും പപ്പയും തീരുമാനിച്ചു, സന്തോഷമായില്ലേ മാഷേ ?
ഡാ...!@#$%^&* മോനെ....
ങേ ...
.എന്റെ ലീവ്.....കൊല്ലത്തെ നിക്കാഹ്......@#$%$#@
മാഷേ
മാഷല്ല...മാ ..മാ അല്ലെങ്കിൽ വേണ്ട .. മാങ്ങയണ്ടിത്തലയാ ,നീ സ്റേഷനിലോട്ടു വാ...ഞാൻ ആരെന്നു കാണിച്ചു തരാം.കേട്ടാ ...@#%^$#@
എന്റെ മുഖഭാവം കണ്ട സാമുവലിന്റെ അവശിഷ്ടം ഇലയും വെള്ളവും എടുത്തു കൊണ്ട് പുറത്തേക്കോടി
കൊല്ലത്തിരുന്നു മട്ടൻ ബിരിയാണി തട്ടി വിടുന്ന അനിയത്തിയേയും അളിയനെയും ഞാൻ ഓർത്തു ,പിന്നെ തല തിരിച്ച്, പരിപ്പും ചോറും നോക്കിയിരിക്കുന്ന അച്ചുവിനെ നോക്കി
പിന്നെ വിതുമ്പി, ഗദ്ഗദത്തോടെ പറഞ്ഞു.... വേണ്ടായിരുന്നു.... ഒന്നും വേണ്ടായിരുന്നു ...വരണ്ടായിരുന്നു...കൊല്ലത്തു പോയാ മതിയായിരുന്നു

By: ajoykumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot