നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിറഭേദങ്ങൾ

Image may contain: Surya Manu, closeup

അവൾ അവന്റെ മടിയിലേയ്ക്ക് തല വെച്ച് മലർന്നു കിടന്നു.
നിലാവൊഴുകി വന്ന് അവളുടെ തുടുത്ത കവിളുകളെ തഴുകുന്നുണ്ടായിരുന്നു. മെല്ലെ വീശിയ കാറ്റിൽ സ്വർണച്ചുരുൾമുടിയൊരൽപം മുഖത്തേയ്ക്കു പാറി വീണു. പൊൻതരിചിതറിയ വാനിന്റെ ചാരുത ആവോളം ആവാഹിച്ചെടുത്തെന്ന പോലെ അവളുടെ കരിനീലക്കണ്ണുകൾ തിളങ്ങി.
നീയെത്ര സുന്ദരിയാണ്. അവൻ സ്വയമറിയാതെ മന്ത്രിച്ചു.
ആണോ? വിശ്വാസമാകാത്ത മട്ടിൽ അവളന്വേഷിച്ചു.
ഈ കുടമുല്ലപ്പൂക്കൾ തല താഴ്ത്തി നിൽക്കുന്നതു നോക്കൂ... അവൻ പറഞ്ഞു, നിന്റെ സൗന്ദര്യത്തിനു മുന്നിൽ അവരെല്ലാം തോറ്റു പോയിരിക്കുന്നു.
അവൾ നാണിച്ചു ചുവന്നു പോയി. കണ്ണടച്ച് എന്തോ ചിന്തയിലാണ്ടു.
പക്ഷേ, എനിക്കു തീരെ ബുദ്ധിയില്ലെന്നു തോന്നുന്നു. അൽപ നേരം കഴിഞ്ഞ് അവൾ പതുക്കെ പറഞ്ഞു.
അതിൽ സംശയമില്ല. അവനുറക്കെ ചിരിച്ചു.പാലു പോലെ വെളുത്ത നീ ഈ എണ്ണക്കറുമ്പനൊപ്പം പോന്നത് അതുകൊണ്ടല്ലേ...
ഞാൻ തമാശ പറഞ്ഞതല്ല, അവൾ ഗൗരവത്തിലായി.
നീ പറയുന്നു, നീ കറുപ്പാണെന്ന്. അവൾ തന്റെ കൈ അവന്റേതിനോടു ചേർത്തു വെച്ചു. എനിക്ക് ഈ രണ്ടു നിറവും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വളരെ നേരിയ എന്തോ ഒരു ഏറ്റക്കുറച്ചിൽ എന്നല്ലാതെ... അതും ഏതു കുറവ് ഏതു കൂടുതലെന്നും വ്യക്തമാകുന്നില്ല.
അവൻ അവളുടെ മുടിയിഴകൾ തഴുകി, അവളെ സാകൂതം കേട്ടുകൊണ്ടിരുന്നു.
ആളുകൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വർണങ്ങൾ തിരിച്ചറിയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.ചില നിറങ്ങളെ ഏറെയിഷ്ടമെന്നും മറ്റു ചിലതിനെ ഇഷ്ടമല്ലെന്നും പറയുന്നു. എനിക്കാണെങ്കിലോ എല്ലാ നിറങ്ങളും ഒരുപോലെ... അവളുടെ കണ്ണിൽ വിഷാദം തിങ്ങി.
ഇത് ബുദ്ധിഹീനതയല്ലല്ലോ, കാഴ്ചയുടെ വൈകല്യമല്ലേ. എന്തുകൊണ്ട് നീ മുന്നേയിത് ആരോടും പറഞ്ഞില്ല? അവൻ കാരുണ്യത്തോടെ ചോദിച്ചു.
എനിക്കറിയില്ലായിരുന്നു. എല്ലാവരും കാണുന്നത് ഇങ്ങനെ തന്നെയെന്നു ഞാൻ കരുതി. ചെറുപ്പത്തിൽ നിറങ്ങൾ കെട്ടുപിണഞ്ഞ് എനിക്ക് മാറിപ്പോകുമ്പോൾ എല്ലാവരും എന്നെ മണ്ടിയെന്നു വിളിച്ചു കളിയാക്കി.
ഞാൻ കാണുന്ന നിറത്തിന് മറ്റുള്ളവർ എന്തു പേരാണ് വിളിക്കുന്നതെന്നറിയില്ല... അതിന്റെ നേരിയ വ്യത്യാസങ്ങൾ കണ്ടെത്തി വളരെ പണിപ്പെട്ടാണ് ഞാൻ മഞ്ഞയും ചുവപ്പും നീലയും മനസ്സിലാക്കുന്നത്. ആളുകൾ ചില നിറങ്ങളെ ആഹാ എന്നും മറ്റു ചിലതിനെ അയ്യേ എന്നും പറയുമ്പോൾ ഞാനും അതനുകരിച്ചു എന്നു മാത്രം.
മണ്ടിയെന്നു വിളിച്ചു കേൾക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ട് ഞാൻ നിറങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചു. പലപ്പോഴും മിണ്ടാതിരുന്നു.
അപ്പോൾ നീ ശരിക്കും ബുദ്ധിമതിയല്ലേ? അവൻ ചോദിച്ചു.
ആയിരിക്കണം. അവൾ ചിരിച്ചു. നിന്നെ എനിക്കു വിശ്വാസമാണ്.
എന്നോടു പറയൂ. കറുപ്പും വെളുപ്പും തമ്മിൽ എന്തുമാത്രം വ്യത്യാസമുണ്ട്?
അവൻ കുഴങ്ങി. നിറങ്ങളറിയാത്ത ഇവളെ എങ്ങനെ കറുപ്പും വെളുപ്പും ബോധ്യപ്പെടുത്തും.
അവൻ ആകാശത്തേയ്ക്കു നോക്കി. ദൂരെ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ കണ്ടു.
താഴെ അവളുടെ പാദം തൊട്ട് മേലേയ്ക്കു കണ്ണുനട്ടു നിൽക്കുന്ന ഒരു പുൽക്കൊടി യെ ചൂണ്ടിക്കാണിച്ച് അവൻ അവളോടു പറഞ്ഞു, നോക്കൂ... ഈ പുൽക്കൊടി.ഇതാണു കറുപ്പെങ്കിൽ അങ്ങു ദൂരെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളാണ് വെളുപ്പ്.
ആ അകലം കണക്കാക്കാനാവാതെ കുഴങ്ങി അവൾ അവന്റെ കണ്ണിൽ തന്റെ മുഖം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ, ജീവിതത്തിലാദ്യമായി.. ഒരു മഴവില്ല് വർണം വിതറുന്നതായി അവൾക്കു തോന്നി.
ഇടതുകണ്ണിനു മേലെ അടുത്ത ചുംബനം,.. വീണ്ടും വീണ്ടും..
ഓരോ ചുംബനത്തിനുമൊപ്പം ഒരായിരം വർണപുഷ്പങ്ങൾ മഴയായി പെയ്തിറങ്ങുന്നതവൾ കണ്ടു.
ഈ സമയം അകലെ ആകാശത്ത് അവരെ കണ്ടു കൊണ്ടിരുന്ന നക്ഷത്രങ്ങൾ തീപ്പന്തങ്ങളായി മാറിയതും, പുൽക്കൊടിയെ ലക്ഷ്യമിട്ടു മണ്ണിലേക്കിറങ്ങിയതും അവരറിഞ്ഞില്ല.
.... Surya Manu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot