നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലാവണ്യ ശങ്കറിന്റെ ഒരു ദിവസം.... അപർണ്ണയുടേതും

Image may contain: 1 person, sunglasses and beard

------------------------
‍‍‍
‍‍‍‍‍‍‍‍‍‍‍‍
‍‍‍‍‍‍‍‍‍‍ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളിലായാണ് ഞാൻ ലാവണ്യ ശങ്കറിനെ കണ്ടുമുട്ടിയത്..
സെപ്റ്റംബർ മാസത്തിലെ മഴ തോരാത്തൊരു ദിവസം നഗരത്തിലെ ഉപയോഗിക്കാതെ കിടന്നിരുന്ന പഴയ ബസ്‌സ്റ്റാൻഡിനരുകിൽ കൂടി നടന്നുപോകുന്ന അവളെക്കാണുന്നതാണ് രണ്ടാം ഘട്ടം. കയ്യിലൊരു വലിയ പാക്കെറ്റുണ്ടായിടുന്നു. ഉടുത്തിരുന്ന സാരി നനഞ്ഞു ദേഹത്തൊട്ടിയിരുന്നു.
എട്ടു വർഷങ്ങൾക്കു ശേഷമാണ് അവളെ കാണുന്നത്. സാമാന്യം തടിയുള്ള ശരീരം നനയാതിരിക്കാൻ അവൾ ചൂടിയ കുട താഴ്ത്തിയും ചെരിച്ചും നന്നായി പരിശ്രമിക്കുന്നുണ്ട് .
.. എന്റെയീ തടി ജെനെറ്റിക് ആണ് അമ്മക്ക് നല്ല തടിയാണ് ..
അവൾ ഡിഗ്രി ക്‌ളാസ്സിലിരുന്നു പറഞ്ഞത് എനിക്കോർമ്മ വന്നു.
തടിച്ചുരുണ്ട ഒരു പെണ്ണിന്റെ പടം വരച്ചു അവളെക്കാണിച്ചതായിരുന്നു അപ്പോൾ.
അവളുടെ മത്തങ്ങാകവിളുകൾ തൊട്ടാൽ അലകളുണ്ടാവുമായിരുന്നു.
ഡിഗ്രി കെമിസ്ട്രി ക്ലാസ്‌മേറ്റ്സ് ആയിരുന്നു ഞങ്ങൾ. അതായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടലിന്റെ ഒന്നാം ഘട്ടം.
അവിടെവെച്ചാണ് അപർണ്ണ സ്വാമിനാഥനെ ഞങ്ങൾ പരിചയപ്പെടുന്നത്.
ദൂരെയേതോ കോളേജിൽ നിന്നും ട്രാൻസ്ഫർ വാങ്ങി വന്ന മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്ണ് . അവളായിരുന്നു ക്ലാസ്സിലെ അവസാനത്തെ അഡ്മിഷൻ..
ഞാനും അപർണ്ണയും ലാവണ്യയും ഒരേ ബെഞ്ചിലിരുന്ന്‌ പുറത്തെ പൂത്തുനിൽക്കുന്ന വാകമരത്തിനപ്പുറത്തു നീലവാനം നോക്കി വെറുതെ സൊറ പറഞ്ഞു.
നീലനിറം അവരുടെ രണ്ടുപേരുടെയും ഇഷ്ടനിറമായിരുന്നു.
നീലനിറം മാത്രമല്ല.. അവരുടെ അഭിരുചികളെല്ലാം അത്ഭുതകരമാം വണ്ണം ഒന്നായിരുന്നു...!
പക്ഷെ സ്വഭാവത്തിലും രൂപത്തിലുമുള്ള അവരുടെ അന്തരം വളരെ പ്രകടമായിരുന്നു താനും.
ലാവണ്യാ ശങ്കർ ഒരു മലവെള്ളപ്പാച്ചിൽ പോലെയാണെങ്കിൽ ശാന്തമായി ഒഴുകുന്ന ഒരരുവിയായിരുന്നു അപർണ്ണ സ്വാമിനാഥൻ.
ഇഷ്ടങ്ങൾ സ്വന്തമാക്കാൻ അവർ തമ്മിൽ അദൃശ്യമായ ഒരു മത്സരമുണ്ടായിരുന്നു.
ഒഴിവുവേളകളിൽ ഒരുമിച്ചു ഷോപ്പിംഗിനു പോയ ഒരു ദിവസം നീലനിറത്തിലുള്ളൊരു വസ്ത്രം രണ്ടാളും ഇഷ്ടപ്പെടുകയും , അപർണ്ണ സ്വന്തമാക്കാതിരിക്കാൻ ലാവണ്യ അതെടുത്തു വലിച്ചു കീറുകയും ചെയ്തിട്ടുണ്ട്.
ഞാൻ മാത്രമേ അത് കണ്ടുള്ളു.
..ഞാനിഷ്ടപ്പെട്ട ഒന്ന് അവൾ സ്വന്തമാക്കുന്നത് എന്റെ മരണത്തിനു തുല്യമാണ് .. എനിക്കത് സഹിക്കാൻ പറ്റില്ല...
അങ്ങനെയാണ് അതിനെപ്പറ്റി ലാവണ്യ എന്നോട് പറഞ്ഞത്.
മഴവെള്ളം കുതിച്ചൊഴുകുന്ന റോഡിന്റെ ഓരം പറ്റി നടന്നുപോകുന്ന അവൾക്ക് കാലം ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്.
വണ്ടി ഒരരുകിൽ നിർത്തി ഞാൻ പുറത്തിറങ്ങി ഒച്ചയെടുത്തു.
.. ലാവണ്യ ശങ്കർ... !
അവൾ നടത്തം നിർത്തി പുറകിലേക്ക് നോക്കി . മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. കവിളുകൾ തുടിച്ചു.
.. ഹായ് സാം ...! എത്ര നാളായെടോ കണ്ടിട്ട്.. !
ചിരിച്ചപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി..
..ഫുഡ്‌ കൺട്രോൾ ഒന്നുമില്ല അല്ലേ..?
വലിച്ചുവാരി കഴിപ്പാണെന്നു തോന്നുന്നു..
..മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതം..
നീയിങ്ങിനെ ഉണങ്ങിയിരിക്കുന്നത് ഡയറ്റിങ് ആയിരിക്കും.. അല്ലേ..?
അവളുടെ വാക്കുകളിൽ പരിഹാസമുണ്ടായിരുന്നു..
..മഴ നനയണ്ട.. ഇങ്ങോട്ടു വാ..
ഓടിച്ചെന്ന്‌ അവളുടെ ചെറിയ കുടക്കീഴിൽ കയറിനിന്നു. പകുതിയും പുറത്തായ അവളുടെ ശരീരം കൂടുതൽ നനയാൻ തുടങ്ങി..
വരണ്ട സ്വപ്‌നങ്ങൾ കൊണ്ടു നെയ്ത ഒരു പച്ചക്കളർ സാരിയായിരുന്നു അവൾ ചുറ്റിയിരുന്നത്.. അതിൽ വെള്ളിനിറത്തിൽ തിളങ്ങുന്ന വള്ളികളും പൂക്കളും പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു
..എന്നെ നീയൊരിടത്തു വിടാമോ..?
ലിഫ്റ്റ് ഓഫർ ചെയ്യുന്നതിന് മുൻപേ അവളുടെ ചോദ്യം വന്നു.
എങ്ങോട്ടാണെന്ന് പറയാതെ അവൾ കാറിന്റെ ഫ്രോണ്ട്ഡോർ തുറന്ന് അകത്തേക്ക് കയറി.
..എന്തൊരു മഴ... !കയ്യിലെ കുട ശ്രദ്ധിച്ചു മടക്കുന്നതിടയിൽ
അവൾ ഒച്ചയെടുത്തു.
..ആഹാ.. നീയല്ലേ പണ്ട് മഴയൊരു കാമുകനെന്നും പറഞ്ഞു കവിതയെഴുതിയത്..?
കാർ മുന്നോട്ടെടുക്കുന്നതിനിടെ ഞാൻ പറഞ്ഞു. കോളേജ് മാഗസിനിലായിരുന്നു അവളുടെ ആ പൊട്ടക്കവിത പിറന്നത്.
..അത് പണ്ടല്ലേ.. ആ പ്രായം.. സ്വൈരജീവിതത്തിനു വിഘാതമുണ്ടാക്കുന്നവനെന്തു കാമുകൻ..? ശല്യം..
അത് പറയുമ്പോൾ അവളുടെ ചുണ്ട് കോടിയിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ അവൾ പറഞ്ഞു.. അവളിപ്പോൾ ലാവണ്യ ഹരീന്ദ്രൻ ആണ്.
അഡ്വക്കറ്റ് ഹരീന്ദ്രൻ ആണ് അവളെക്കെട്ടിയത് ..
പൊടുന്നനെ എന്റെ ഓർമ്മയിൽ ആ മുഖം തെളിഞ്ഞു..
..നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ.. അഡ്വക്കേറ്റ് ഹരീന്ദ്രൻ..
എന്റെ മുഖഭാവം കണ്ട് അവൾ പറഞ്ഞു.
....സംശയിക്കേണ്ട.. അതുതന്നെ എന്റെ ഭർത്താവ്.
..ഓ റിയലി..!ഞാനറിയില്ലായിരുന്നു അത് നിന്റെ ഭർത്താവാണെന്ന് ..
അപ്പൊ നീ വെല്യ പുള്ളിയാണല്ലോ.. !
..നീയെങ്ങനെയറിയാൻ.. ഞാൻ നിന്നെ കല്യാണം പോലും വിളിച്ചില്ലല്ലോ..
ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ വിലയുള്ള ധനികനായ ഹരീന്ദ്രൻ വക്കീലിന്റെ ഭാര്യ ഈ കൊടും മഴ നനഞ്ഞുകൊണ്ട് എങ്ങോട്ടാണ്..?
കുറുകെയോടിയ ഒരു ചാവാലിപ്പട്ടിയെ വെട്ടിച്ചുമാറ്റുന്നതിനിടയിൽ ഞാൻ ചിന്തിച്ചു.
അവൾ മാറത്തടുക്കിപ്പിടിച്ചിരിക്കുന്ന , മഴത്തുള്ളികൾ പറ്റിപ്പിടിച്ച ഇളം മഞ്ഞ കവറിലേക്ക് എന്റെ നോട്ടം പാളിവീണു.
അപ്പോഴാണ് ശ്രദ്ധിച്ചത്..
കൈവിരലുകളിൽ പൊള്ളിയതുപോലെ പാടുകൾ.. !
..ഇടയ്ക്ക് പാചകത്തിൽ ചില പരീക്ഷണങ്ങൾ ഉണ്ട്‌.. പൊള്ളിയതാണ്..
എന്റെ ചിന്തകൾ ശരിവെച്ചുകൊണ്ട് അവൾ പറഞ്ഞു
ഞങ്ങൾ നഗരം കഴിഞ്ഞ് ഒരു ചെറിയ മൺറോഡിലേക്ക് പ്രവേശിച്ചു. പോകേണ്ട വഴി പറയുന്നതല്ലാതെ യാത്ര
എങ്ങോട്ടാണെന്ന് അവൾ ഇതുവരെ പറഞ്ഞില്ല.
ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന് മുൻപിലൂടെ ഞങ്ങൾ കടന്നുപോയി..
..ചില ജീവിതങ്ങളും ഇതുപോലെയല്ലേ.. മനോഹരമായി തലയുയർത്തിനിന്നതുപോലും ഒരുനാൾ നിലംപൊത്തിയേക്കാം...
ഒരുപാട് മാറിയിരിക്കുന്നു.. വിഷമസന്ധികളെയൊക്കെ തലയുയർത്തി നേരിട്ടിരുന്ന ലാവണ്യ ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളോട് പൊരുതാനാകാതെ മനസ്സു തളർന്നിരിക്കുന്നു.
ഇരുട്ട് വീണ ചെമ്മൺപാതയിലൂടെ കെട്ടിനിന്ന മഴവെള്ളം തെറിപ്പിച്ചുകൊണ്ട് കാർ മുന്നോട്ടു പാഞ്ഞു. ഞാൻ ഹെഡ്‍ലൈറ് തെളിച്ചു.. കാറിന്റെ ഫ്രണ്ട്ഗ്ലാസിൽ മഴത്തുള്ളികളും വെളിച്ചവും ചേർന്ന് അവ്യക്തരൂപങ്ങൾ വരച്ചുകൊണ്ടിരുന്നു.
ലാവണ്യ കയ്യിലുള്ള മൊബൈലിൽ ഗൂഗിൾ മാപ്പ് നോക്കി വഴി പറഞ്ഞുകൊണ്ടിരുന്നു...ഏറെനാൾകഴിഞ്ഞ് അവളെക്കണ്ട കൗതുകം മാറി ഒരുതരം വിരസത എന്നെ പൊതിയാൻ തുടങ്ങി. കാറിനുള്ളിലെ അന്തരീക്ഷം തീർത്തും അസുഖകരമായി എനിക്ക് തോന്നി.
അടുത്ത മാസം എന്റെ കല്യാണമാണെന്നും അപർണ്ണയെയാണ്‌ ഞാൻ കെട്ടാൻ പോകുന്നതെന്നും എന്തുകൊണ്ടോ അവളോട് പറയാൻ തോന്നിയില്ല.
അപർണ്ണയുടെ ബർത്ഡേ ആണ് ഇന്ന്.
രാവിലെ ഗ്രീറ്റ് ചെയ്തതാണ് എങ്കിലും രാത്രി ഉറങ്ങുന്നതിനുമുന്പ് ഒരു കാൾ പതിവാണ്..
ലാവണ്യയെ ഡ്രോപ്പ് ചെയ്ത് എത്രയും പെട്ടെന്ന് തിരിച്ചുപോകണം. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
യാത്ര ഒരുമണിക്കൂർ പിന്നിട്ടിരിക്കുന്നു.
ഒരു കുറുക്കുവഴിയിൽ നിന്നും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് പരിചയമുള്ള റോഡിലേക്കാണെന്നത് എന്നിൽ ആശ്ചര്യമുളവാക്കി..
...നമ്മളിപ്പോൾ പോകുന്നത് അപർണ്ണയുടെ അടുത്തേക്കാണ്...
കയ്യിലെ മൊബൈൽ ഫോണിലെ ഗൂഗിൾ മാപ്പിൽനിന്നു കണ്ണുമാറ്റാതെ അവൾ പറഞ്ഞു.
എന്റെ കാൽ അറിയാതെ ബ്രേക്കിലമർന്നു. കാറൊന്നു പാളി.. ഞാൻ വണ്ടി റോഡ് സൈഡിലേക്ക് ഒതുക്കിനിർത്തി അവളെ വിശ്വാസം വരാതെ നോക്കി.
..ഞെട്ടിയോ..?
ഒരു ചെറുചിരിയോടെ നിർവചിക്കാനാകാത്തൊരു ഭാവം മുഖത്ത് വരുത്തി അവൾ ചോദിച്ചു..
പണ്ടേ ഒരു നിഗൂഢത കാത്തുസൂക്ഷിക്കാറുണ്ട് അവൾ .. ഒരു മൂടൽമഞ്ഞുപോലെ അവ്യക്തമാണ് ചിലപ്പോൾ ലാവണ്യയുടെ മനോവ്യാപാരങ്ങൾ.
കല്യാണക്കാര്യം അവളറിഞ്ഞിരിക്കുമോ..?
അജ്ഞാതമായൊരു ആശങ്ക എന്നെ പൊതിയാൻ തുടങ്ങി.
ഈ കൂടിക്കാഴ്ച... ഈ യാത്ര... ഇങ്ങനെയൊരു സാഹചര്യം ചിന്തകൾക്കും അപ്പുറമായിരുന്നു..
... എനിക്കിഷ്ടപ്പെട്ടതൊന്നും അവൾ സ്വന്തമാക്കുന്നതെനിക്കിഷ്ടമല്ല..
അവളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങുന്നു.. ക്രൗര്യം നിറഞ്ഞ അവളുടെ മുഖം തെളിച്ചം മങ്ങാതെ മനസ്സിൽ തെളിയുന്നു .
ഞാൻ കാറിനു വേഗം കൂട്ടി.. സംഭവിക്കാൻ പോകുന്നത് എന്താണെന്ന് വ്യക്തതയില്ലാതെ...
അപർണ്ണ താമസിക്കുന്ന ക്വാർട്ടേഴ്സിനു മുന്നിൽ കാർ നിന്നു. വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ആണ്. നഗരത്തിലെ സ്കൂളിൽ ടീച്ചർ ആണവൾ..
കഴിഞ്ഞ വർഷമാണവളെ ഒരുപാട് കാലത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്.. ഞാൻ ജോലി ചെയ്യുന്ന ബാങ്കിനടുത്തുള്ള സ്‌കൂളിലേക്കാണവൾ ട്രാൻസ്‌ഫർ ആയി വന്നത്. ദിനേനയുള്ള കൂടിക്കാഴ്ചകൾ കൊണ്ട് ബന്ധം ദൃഢമായി ..
ഒരു വൈകുന്നേരം ബീച്ചിലെ ഇരിപ്പിടത്തിൽ ഇരുന്ന് ചുമലിൽ തല ചാരി അപർണ്ണ മന്ത്രിച്ചു..
....നിന്നെ എനിക്കിഷ്ടമായിരുന്നു വളരെ മുൻപേ..
അവൾക്കങ്ങനെയൊരിഷ്ടമുണ്ടെന്നു എനിക്കറിയില്ലായിരുന്നു.പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു.
... ഞാൻ അകത്തു പോയി വരാം.. നീ വരുന്നുണ്ടോ..?
ലാവണ്യയുടെ ശബ്ദം എന്നെയുണർത്തി.
..ഞാനിവിടെ ഇരിക്കാം.. ക്ഷീണമുണ്ട്.. ഞാനുള്ളത് അവളോട്‌ പറയേണ്ട..
പിന്നൊരിക്കലാവട്ടെ..
പോക്കെറ്റിൽ നിന്നും ഒരു സ്ട്രെപ്സിൽസ് എടുത്തു നുണഞ്ഞുകൊണ്ടു ഞാൻപറഞ്ഞു.
മാറോടടുക്കിപ്പിടിച്ച ആ പാക്കെറ്റുമായി അപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന മഴയിലിറങ്ങി അവൾ കെട്ടിടത്തിനകത്തേക്കു കയറിപ്പോയി.
കോളേജ് ദിനങ്ങൾക്ക് ശേഷം ലാവണ്യയെ കണ്ടതായും ഇങ്ങനെയൊരു കൂടിക്കാഴ്ച്ചയെപ്പറ്റിയും അപർണ്ണ തന്നോട് പറഞ്ഞിട്ടില്ല.
ഫോണെടുത്തു നോക്കി.
അപർണ്ണ ഓഫ്‌ലൈൻ ആണ്..
കാറിലെ മ്യൂസിക് ഓണാക്കി ഞാൻ കണ്ണടച്ചിരുന്നു.
പുറത്ത് മഴ ചാറുന്ന ശബ്ദം.
ഓർമ്മകൾ ലാവണ്യയോടൊത്തുള്ള പഴയൊരു ദിവസത്തിലേക്ക് ചേക്കേറി.
വിരഹം ഖനീഭവിച്ചുനിൽക്കുന്ന മാർച്ചുമാസത്തിലെ അവസാനദിവസങ്ങളിൽ ഒന്ന്..
വൈകുന്നേരം നഗരത്തിലെ കോഫിഷോപ്പിലിരുന്നു ചില്ലുവാതിലിനപ്പുറത്തു പെയ്യുന്ന നേർത്ത മഴനൂലുകളെനോക്കി ലാവണ്യ എനിക്കഭിമുഖമായിരുന്നു .. കണ്ണുകളിൽ അതുവരെ കാണാത്തൊരു തിളക്കം..
.. സാം .. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..
. നീ പറ.. എന്തിനാണൊരു മുഖവുര..?
..സാം .. ഇതെങ്ങനെയുള്ളൊരു കാര്യമല്ല..
എപ്പോ നോക്കിയാലും അപർണ്ണ നമ്മുടെ കൂടെയുണ്ട്.. അതൊകൊണ്ടെനിക്ക് പറയാൻ പറ്റിയില്ല..
..ഇവളെന്തിനുള്ള പുറപ്പാടാണ്..?
എന്താണിവളുടെ മനസ്സിൽ..
മനസ്സിൽ സംശയങ്ങൾ മുള പൊട്ടുമ്പോളേക്കും ഫോൺ ബെല്ലടിച്ചു.
നാട്ടിൽ നിന്നും അമ്മയുടെ അസുഖം മൂർച്ഛിച്ചിരിക്കുന്നു . പെട്ടെന്ന് യാത്ര പറഞ്ഞു പോകാനൊരുമ്പെട്ട തന്റെ കയ്യിലെ ഓട്ടോഗ്രാഫ് വാങ്ങി അവസാനത്തെ പേജിൽ അവളെന്തോ എഴുതി. വീട്ടിലെത്തുമ്പോഴേക്കും അമ്മ മരണത്തിനു കീഴടങ്ങിയിരുന്നു
ഏറെ നാളുകൾ കഴിഞ്ഞാണ് തുറന്നു നോക്കിയത് .
....എന്റെ ഇഷ്ടങ്ങളിൽ നീലനിറത്തിനൊപ്പം നീയുമുണ്ട്..
കൗമാരത്തിന്റെ ചാപല്യങ്ങൾ.. അത്രയുമേ ലാവണ്യയുടെ എഴുത്തിനെ കരുതിയുള്ളൂ..
ഒന്നുരണ്ടു വട്ടം ഹോസ്റ്റലിലേക്ക് വിളിച്ചിരുന്നെങ്കിലും അവളോട്‌ സംസാരിക്കാൻ പറ്റിയില്ല .
..ഹമാരി അധൂരി കഹാനി....
അരിജിത് സിംഗിന്റെ വിഷാദച്ചുവയുള്ള ഗാനത്തിന്റെ ഈരടികൾ കാറിനുള്ളിൽ അലയൊലി തീർത്തു.
പുറത്ത് മഴച്ചാറലിനു വീണ്ടും ശക്തി കൂടിയിരിക്കുന്നു.
മുറിയിൽ ലാവണ്യശങ്കറും അപർണ്ണ സ്വാമിനാഥനും തമ്മിൽ സംസാരിക്കുന്നതെന്തായിരിക്കും..?
.. പോകാം..?
ഡോർ വലിച്ചു തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയെണീറ്റു. ലാവണ്യ എന്റെ തൊട്ടടുത്തുണ്ട്.. കയ്യിലെ ഇളം മഞ്ഞ പാക്കറ്റ് അപ്രത്യക്ഷമായിരിക്കുന്നു... !
മുഖം നിറയെ ചിരിയുമായി അവൾ മൊഴിഞ്ഞു.
.. മാറിയിരിക്ക്.. ഇനി ഞാൻ ഡ്രൈവ് ചെയ്യാം...
യാന്തികമായി ഞാൻ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു. ഡ്രൈവിംഗ് സീറ്റിലമർന്നിരുന്ന്‌ ഹെഡ് ലൈറ്റ് തെളിയിച്ച് അവൾ കാർ മുന്നോട്ടെടുത്തു.
മ്യൂസിക് ഓഫാക്കി. എഫ് എം റേഡിയോ ഓൺ ചെയ്തു.
കാറിൽ റേഡിയോ ജോക്കിയുടെ കൊഞ്ചൽ..
മഞ്ഞവെളിച്ചത്തിൽ ലംബമായ വെളുത്ത രേഖകൾ പോലെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ കീറിമുറിച്ചുകൊണ്ട് അവൾ കാർ മുന്നോട്ടു പായിച്ചു...
ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ.. .
.. ഹാപ്പി ബർത്ത് ഡേ ടു യു അപർണ്ണ സ്വാമിനാഥൻ...!ഇന്ന് അപർണ്ണയുടെ പിറന്നാളാണ്..
.. നീയറിയോ..സാം.. ഞാനെന്താണ് അപർണ്ണക്ക് കൊടുത്തതെന്ന്....?
ലാവണ്യയുടെ ചോദ്യം പൊള്ളുന്നൊരു തീക്കനലായി എന്റെ നേർക്ക് പാറിവീണു.
അനാവശ്യചിന്തകൾ എന്നെ വേട്ടയാടാൻ തുടങ്ങി.
.... മൈ ഡിയർ.. നീയെന്താണ് മിണ്ടാത്തത്...?
സമനില നഷ്ട്ടപ്പെട്ടതുപോലെ അവൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
.. .. ഞാനവൾക്കൊരു നീലസാരിയാണ് കൊടുത്തത്.. ആഴക്കടലിന്റെ നീലയിൽ സ്വർണ്ണനിറത്തിൽ എംബ്രോയിഡറി ചെയ്ത മനോഹരമായൊരു സാരി....
ഞങ്ങളപ്പോൾ നിറഞ്ഞുകവിഞ്ഞൊഴുകുന്നൊരു അരുവിയുടെ ഓരത്തുള്ള റോഡിൽക്കൂടി സാമാന്യം വേഗതയിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ്. മറുവശത്തു ഇരുൾ വീണുകിടക്കുന്ന റബ്ബർക്കാടായിരുന്നു.
..ജന്മദിനസമ്മാനം.. സെലക്ഷൻ എന്റെയല്ല കേട്ടോ.. എന്റെ ഭർത്താവിന്റെയാണ്.. !
ക്രിമിനൽ ലോയർ ഹരീന്ദ്രന്റെ.. !
പറഞ്ഞുതീർന്നതും അവളുടെ മുഖത്തെ ചിരി മാഞ്ഞു. കാൽ ഒന്നുകൂടി ആക്സിലറേറ്ററിൽ അമർന്നതുപോലെ..
കാറിന്റെ വേഗം വർധിച്ചു. മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു രണ്ടു വശത്തും റബ്ബർക്കാടുകളുള്ള റോഡിലൂടെ കാർ കുതിച്ചുപാഞ്ഞു.
...ഇതുതന്നെയായിരുന്നോ യഥാർത്ഥ വഴി..?
..ഒരു വൈകുന്നേരം ഹരിയുടെ ഫോണിലാണ് ഒരു മെമ്മോ സേവ് ചെയ്തത് കണ്ടത്.. ബി. ഡി എന്ന ചുരുക്കെഴുത്തിൽ...സെപ്റ്റംബർ ഇരുപത്തിയെട്ടിന്.. ബി. ഡി.. അഥവാ ബർത്ഡേ .
ആരുടെ ജന്മദിനമാണെന്നറിയാനുള്ള ആകാംഷ ഭൂമിയിലെ സകല ജീവജാലങ്ങളുമുറങ്ങുന്ന പുലർച്ചെ രണ്ടുമണി സമയം അയാളുടെ ഫോൺ പരിശോധന എന്ന കൃത്യത്തിലേക്കെത്തിച്ചു.. എന്റെ ഉറക്കം നഷ്ടമായി..
..അകത്തളത്തിലൊരു ഫോൾഡറിൽ ചിരിക്കുന്ന മുഖത്തോടെ ഇവൾ.. അപർണ്ണ സ്വാമിനാഥൻ ഉണ്ടായിരുന്നു.. ഒരേ ഇഷ്ടങ്ങളുമായി.. എന്നും എനിക്കൊരെതിരാളിയായി..
അവളെന്നും എന്റെ ഇഷ്ടങ്ങൾ തട്ടിപ്പറിച്ചിട്ടേയുള്ളു....
ലാവണ്യയുടെ ശബ്ദം നേർത്തു.
...ഇനി നീയറിയാത്ത ഒരുകാര്യം കൂടി.. നമ്മുടെ ക്‌ളാസ്സ്‌മേറ്റുകളുടെ ഇടയിൽ നിന്നും എന്റെ കല്യാണത്തിന് പങ്കെടുത്തത് അപർണ്ണ മാത്രമാണ്.
അന്നുതന്നെ ഹരിയുടെ പേർസണൽ നമ്പർ അവൾ കൈക്കലാക്കിയിരുന്നു.
ഒരു ലോ പോയിന്റ് ചർച്ച ചെയ്യാനായിരുന്നത്രെ.. പക്ഷെ....
അവളുടെ വാക്കുകൾ മുറിഞ്ഞു.
അതെനിക്കൊരു പുതിയ അറിവായിരുന്നു.. കോളേജ് കാലത്തിനുശേഷം ലാവണ്യയെക്കണ്ടിട്ടില്ല എന്നാണ് അപർണ്ണ എന്നോട് പറഞ്ഞത്.
...അപർണ്ണക്കു കൊടുക്കാൻ ഹരി വാങ്ങിവെച്ച ആ നീലസാരി കൈമാറാൻ എനിക്കാണ് യോഗം...
അത് പറഞ്ഞുകൊണ്ട് അവൾ ഉന്മാദിനിയെപ്പോലെ തലകുലുക്കുകയും ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു.
ആശങ്കയോടെ ഞാൻ ഫോൺ കയ്യിലെടുത്തു. ..
..ഇവിടെ റേഞ്ച് ഇല്ല.. കുറച്ചപ്പുറമെത്തട്ടെ..
ലാവണ്യയുടെ ശബ്ദം മഴയിൽ അലിഞ്ഞുചേർന്നു.
റബ്ബർക്കാടുകൾ കടന്ന് ഇടുങ്ങിയൊരു റോഡിലൂടെ കാർ ഇറക്കത്തിലേക്കു പ്രവേശിച്ചു. മൊബൈൽ ഫോണിൽ റേഞ്ച് തെളിഞ്ഞു.
ഫോണിൽ അപർണ്ണയുടെ മെസ്സേജ് വന്നുവീണു.
ഡിയർ .. ഞാൻ നിന്നെ വിളിക്കാൻ കുറേ നേരമായി ശ്രമിക്കുന്നു.. കിട്ടുന്നില്ല.. ഇന്നൊരു സർപ്രൈസ് ഉണ്ടായിരുന്നു. കുറച്ചു മുന്നേ എനിക്കൊരു ബർത്ഡേ ഗിഫ്റ്റ് കിട്ടി.. ഒരു സാരി.. ആരാണെന്നറിയില്ല. വാർഡനെ ഏല്പിച്ചിട്ട് പോയി. തിരക്കുണ്ടെന്നു പറഞ്ഞത്രെ.
നാളെ വിശദമായി സംസാരിക്കാം.. സ്റ്റേ സേഫ്.. ഗുഡ് നൈറ്റ്‌..
അപർണ്ണയുടെ മെസ്സേജ് വായിച്ച് ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു. വിന്ഡോ താഴ്ത്തി.. ചെറുകാറ്റിനോടൊപ്പം തണുത്ത വെള്ളത്തുള്ളികൾ മുഖത്തേക്കടിച്ചു.
എഫ് എം റേഡിയോയിൽ ഇടയ്ക്ക് മുറിയുന്ന ശബ്ദവുമായി റേഡിയോജോക്കി വിവാഹേതര ബന്ധവും , അമ്പലത്തിൽ സ്ത്രീപ്രവേശനവും അനുവദിച്ച കോടതിവിധിയിലേക്ക് ശ്രോതാക്കളുടെ അഭിപ്രായങ്ങൾ ക്ഷണിച്ചു.
..അന്ന് നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ ഞാൻ ഓട്ടോഗ്രാഫിൽ ഒരു കാര്യം എഴുതിയിരുന്നു.. കണ്ടിരുന്നോ..?
കഴുത്തു തിരിച്ചു അവളെന്നെ നോക്കി ചോദിച്ചു. കണ്ണുകളിൽ കോഫിഷോപ്പിൽ ഇരുന്നപ്പോഴുള്ള അതേ ഭാവം.
..നീ കണ്ടിട്ടുണ്ട്.. എനിക്കറിയാം.. അല്ലെങ്കിൽ നീയെന്നെ ഹോസ്റ്റലിലേക്ക് വിളിക്കില്ലല്ലോ..?
പക്ഷെ നീ രണ്ടു പ്രാവശ്യം വിളിച്ചപ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് അത് ഒഴിവാക്കിയത് അപർണ്ണയാണെന്നു നിനക്കറിയാമോ..?
.. നിന്നെ എന്നിൽനിന്നകറ്റുകയായിരുന്നു അവൾ...
ലാവണ്യയുടെ മുഖം ഇരുട്ടിലും ചുവന്നു.
മരവിച്ച മുഖഭാവത്തോടെ ഞാനിരുന്നു. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഇരുണ്ട ആകാശത്തിലെ മേഘങ്ങൾ പോലെ കനം വെക്കുന്നു.. ആരെ വിശ്വസിക്കണം...? ഒളിക്കാൻ ശ്രമിക്കുന്നത് ആര്.. ലാവണ്യയോ.. അതോ അപർണ്ണയോ..?
നിഷ്കളങ്കതയുടെ മുഖം മൂടി ധരിച്ചതാരാണ്..?
ഫോണിൽ വീണ്ടും അപർണ്ണയുടെ മെസ്സേജ്.
..ഹണി.. ഇത്രയും സമയം ഞാൻ ചിന്തിക്കുകയായിരുന്നു. ആരായിരിക്കും അതെന്ന്..ചെക്ക് ചെയ്തപ്പോൾ ജന്മദിനാശംസകൾ എന്നെഴുതിയ ഒരു സ്ലിപ് കിട്ടി.. എഫ് ബി ഫ്രണ്ട് ബ്ലൂ ലഗൂൺ എന്നെഴുതിയിട്ടുണ്ട്.. ആരാണത്..?
ലാവണ്യ മുൻപിലേക്ക് തന്നെ ദൃഷ്ടിയർപ്പിച്ചു കാറോടിക്കുകയാണ്. ഒരുവശത്തു താഴ്ചയുള്ള കൊക്കയാണ്.. മറുവശത്തു കരിവീരന്മാരെപ്പോലെ ഉയർന്നുനിൽക്കുന്ന കരിമ്പാറക്കെട്ടുകൾ.
ബ്ലൂ ലഗൂൺ... !
എഫ് ബിയിൽ എന്റെയും അപര്ണയുടെയും കോമൺ ഫ്രണ്ട്..
അൺഫ്രണ്ട്‌ ചെയ്യാൻ മറന്നുപോയ ഒരു ഫേക്ക് ഐഡി..!
...നിന്റെ എഫ് ബി ഫ്രണ്ട് ബ്ലൂ ലഗൂൺ ആരാണെന്നറിയാമോ..?
ലാവണ്യ ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി. എന്റെ മനസ്സ് വായിച്ചപോലെ
..അത് ഞാൻ തന്നെയാ.. ! അവൾ ചൂണ്ടുവിരൽ എന്റെ മുഖത്തിന്‌ നേരെ ചൂണ്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ..അതിന്റെ അലയൊലികൾ മഴയുടെ ആരവത്തെയും തോൽപ്പിച്ചു താഴ്വാരങ്ങളിൽ പ്രതിധ്വനിച്ചു.
ഞാൻ കഴിഞ്ഞാഴ്ച പോസ്റ്റ്‌ ചെയ്ത എഫ് ബി സ്റ്റാറ്റസ് ഓർത്തു..
..ഗോട്ട് എൻഗേജ്ഡ് ടു അപർണ്ണ സ്വാമിനാഥൻ....കൂടെ അപർണ്ണയുടെ റൂമിനടുത്തുള്ള പാർക്കിൽ നിന്നെടുത്ത ലൊക്കേഷൻ ടാഗ് ചെയ്ത ഒരു ഫോട്ടോയും.
താഴെ ബ്ലൂ ലഗൂണിന്റെ കമന്റുമുണ്ടായിരുന്നു.
...ഓൾ ദി ബെസ്റ്റ്.. !
താഴെ അഗാധമായ താഴ്ച. മുന്നിൽ മൂടൽമഞ്ഞു മൂടിയ കൊടും വളവുകൾ. വഴി തെറ്റിയിരിക്കുന്നു. അസാമാന്യ വഴക്കത്തോടെ ഡ്രൈവ് ചെയ്യുന്ന ലാവണ്യയെ ഞാൻ നോക്കി.
അവൾ കാറിലെ എഫ് എം റേഡിയോ ട്യൂൺ ചെയ്ത് ഓരോ സ്റ്റേഷനും മാറ്റി എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം ഏതോ ഒരു സ്റ്റേഷനിൽ ഒരു റേഡിയോ ജോക്കിയുടെ ശബ്ദം വ്യക്തമായി. ഇന്നത്തെ നഗരവാർത്തകളായിരുന്നു അവന്റെ ഇടയ്ക്കിടെ മുറിയുന്ന ശബ്ദത്തിൽ വന്നത്.
നിർത്താതെ പെയ്യുന്ന മഴയെപ്പറ്റിയും , പ്രമുഖ പാർട്ടിയുടെ നാളത്തെ ധർണ്ണയെക്കുറിച്ചും തുടങ്ങിയ വാർത്ത , നഗരത്തിലെ പഴയ ബസ്‌സ്റ്റാന്റിനടുത്തുള്ള കുറ്റിക്കാട്ടിൽ ആസിഡൊഴിച്ചു മുഖം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ അജ്ഞാതജഡത്തെപ്പറ്റി വിവരിക്കാൻ തുടങ്ങി .മധ്യവയസ്സുള്ള ഒരു പുരുഷനാണ്. പക്ഷെ ആളെ തിരിച്ചറിഞ്ഞിട്ടില്ലത്രെ.
എന്തോ ചിന്തിച്ചിരുന്ന ഞാൻ പൊടുന്നനെ ജാഗരൂകനായി. ലാവണ്യ അത് കേട്ടില്ലെന്നു തോന്നി.
ഒരു ഭാവമാറ്റവുമില്ലാതെ കാറോടിക്കുകയാണ് അവൾ.
അവളുടെ മുഖത്ത് ഇരുട്ടിലും ഗൂഢമായ ഒരു പുഞ്ചിരി തെളിയുന്നുണ്ടോ..?
അവളുടെ പൊള്ളിയ വിരലുകൾ ഞാനോർത്തു.
എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ ചോദ്യങ്ങൾ തൊണ്ടയിൽ തടയുന്നു . ചിന്തകളുടെ മഴക്കാറുകൾ ഇരുട്ടിനെ കൂടുതൽ ഭീതിദമാക്കുന്നു.
കാർ അനിയന്ത്രിതമായ വേഗതയിൽ കുതിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത് മങ്ങിയ വെളിച്ചത്തിൽ ഡെഡ് എൻഡ് എന്ന മുന്നറിയിപ്പ് ബോർഡ്‌ മിന്നിമറഞ്ഞതുപോലെ എനിക്ക് തോന്നി.
ദൂരെ അനന്തതയിലെവിടെയോ നോട്ടം തറപ്പിച്ചു സ്റ്റിയറിങ് വീൽ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ലാവണ്യയുടെ അടുത്ത് നിസ്സഹായനായി കൈകാലുകൾ മരവിച്ച് ഞാനിരുന്നു.
എന്റെ സാന്നിധ്യം പോലും അവൾ മറന്നിരിക്കുന്നതുപോലെ തോന്നി ...
കാർ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു. മുൻപിൽ മൂടൽ മഞ്ഞിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്നത് എന്താണെന്നു നിശ്ചയമില്ലാതെ....
ഞാൻ ലാവണ്യയുടെ വാക്കുകൾ ഓർത്തെടുക്കുകയായിരുന്നു.
.. ഞാനിഷ്ടപ്പെട്ടതു അപർണ്ണ സ്വന്തമാക്കുന്നതെനിക്കിഷ്ടമല്ല.. അതിന് മുൻപേ ഞാനത് നശിപ്പിക്കും....
ശ്രീ
28/09/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot