Showing posts with label SivadasanThampuran. Show all posts
Showing posts with label SivadasanThampuran. Show all posts

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍
ഏകദേശം മുപ്പത്തിഅഞ്ചു വര്‍ഷം മുനപുള്ള എറണാകുളം എം.ജി. റോഡ്‌. അന്ന് ഞാന്‍ മഹാരാജാസ് കോളേജ് ഗ്രൌണ്ടിനടുത്തുള്ള ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. വാഹനങ്ങള്‍ ഇത്രയധികം ഇല്ലായിരുന്നെങ്കിലും സാമാന്യം നല്ല തിരക്കുണ്ട്. ജങ്ക്ഷന്റെ ഒരു മൂലയില്‍ ഒരു തമിഴനും അയാളുടെ ഭാര്യയും ഒരു കുട്ടിയും രാവിലെയായാല്‍ വരും. ചെരുപ്പ്, കുട മുതലായവ നന്നാക്കുകയാണ് ജോലി.
തമിഴന്‍ കുറച്ചുകഴിഞ്ഞാല്‍ വേറെ ഏതെങ്കിലും പണിക്കായി പോകും. തമിഴത്തിയും നാല് വയസ്സായ ആണ്കുുട്ടിയും മാത്രമേ ഉണ്ടാകൂ. കുട്ടി ഓടിപ്പോകാതിരിക്കാന്‍ നീളമുള്ള ചരടുകൊണ്ട് ഒരു ബാറില്‍ കെട്ടിയിടും – വഴിയിലേക്കൊടിപ്പോയി വല്ല വണ്ടിക്കടിയിലും പെടാതിരിക്കാന്‍ വേണ്ടിയാണത്.
ആ സ്ത്രീക്ക് എപ്പോഴും എന്തെങ്കിലും പണി കിട്ടിക്കൊണ്ടിരിക്കും. അതിനോടൊപ്പം തന്നെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയും ചെയ്യും – വഴിയില്‍ പോകുന്ന മിക്ക ആളുകളെയും അവര്‍ക്ക് പരിചയമാണ്. അവരോടെല്ലാം എന്തെങ്കിലും കുശലം പറയാതെ വിടില്ല – പണിക്കിടയില്‍ തന്നെ.
എന്റെ കൂടെ തമിഴ് അറിയുന്ന ഒരു സ്ത്രീ –ബീന- ഉണ്ടായിരുന്നു. അവര്‍ ഈ സ്ത്രീയുമായി അടുപ്പത്തിലായി. അവരുടെ നാട് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണെന്നും ഏറണാകുളത്തു വന്നിട്ട് അഞ്ചു വര്‍ഷത്തോളമായെന്നും മനസ്സിലാക്കി. ഇടയ്ക്ക് അവര്‍ നാട്ടില്‍ പോകും. പിന്നെ രണ്ടുമൂന്നു മാസം കഴിഞ്ഞേ വരൂ. ബന്ധുക്കളൊക്കെയുണ്ട് അവിടെ
ആ വര്‍ഷവും പതിവുപോലെ അവര്‍ മഴക്കാലത്ത് നാട്ടില്‍ പോയി. തിരിച്ചുവന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു മൂന്നു മാസമുള്ള കുട്ടി കൂടി! അവരവിടെ തുണി കൊണ്ട് തൊട്ടില്‍ ഉണ്ടാക്കി മരത്തില്‍ കെട്ടി കിടത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അത്ഭുതമായി പോകുമ്പോള്‍ അവരേ കണ്ടാല്‍ ലക്ഷണമൊന്നും തോന്നിയിരിന്നില്ല. പിന്നെങ്ങിനെ പെട്ടെന്നൊരു കുട്ടിയുണ്ടായി?
ഒരു ദിവസം ബീന അവരോടെ കാര്യം തിരക്കി. അവര്‍ പറഞ്ഞുവത്രേ: തീവണ്ടിയില്‍ വച്ച് അവര്‍ വേറൊരു നാടോടിയെ കണ്ടുമുട്ടി. കയ്യില്‍ ഈ കുട്ടിയുമുണ്ട്. പതിവുപോലെ അവളുമായി സംസാരം തുടങ്ങി. ഏതോ ഒരാള്‍ അവളെ പ്രേമം നടിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞുവത്രേ. വീട്ടുകാരും നാട്ടുകാരും അവളെ നേരത്തേതന്നെഉപേക്ഷിച്ചിരുന്നു. എങ്കിലും അവളുടെ അവസ്ഥ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ തിരിച്ചെടുക്കാന്‍ തയ്യാറായി. ഒരു കാര്യം മാത്രം വയറ്റില്‍ വളരുന്ന കുട്ടിയെ ഇല്ലാതാക്കണം. പക്ഷെ അതിനവള്‍ക്ക് മനസ്സ് വന്നില്ല.
അങ്ങിനെ ആരോരുമില്ലാതെ അവള്‍ ആ കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ പ്രസവിച്ചുകഴിഞ്ഞപ്പോളാണ് വളര്‍ത്താനുള്ള ബുദ്ധിമുട്ട് മനസ്സിലായത്. അത്കൊണ്ട് അവളെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവത്രേ.’
തമിഴത്തിക്ക് ഇതുകേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ പറഞ്ഞു ‘മോളവളെ അങ്ങിനെ ഉപേക്ഷിക്കല്ലേ. വേണ്ടെന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്‌. ഞാനവളെ മകളായി വളര്‍ത്തിക്കൊള്ളാം’ എന്ന്. അവള്‍ ഒരു മടിയും കൂടാതെ ആ കുട്ടിയെ കൊടുത്തു. അവരതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ആ കുട്ടിയാണ് തൊട്ടിലില്‍ കിടക്കുന്നത്
ശിവദാസ് കെ വി

അന്ത്യാഭിലാഷം

അന്ത്യാഭിലാഷം
തങ്ങള്‍ വൃദ്ധസദനത്തിലാക്കിയ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്നറിഞ്ഞു വളരെ ഉയര്‍ന്ന ജോലിയിലിരിക്കുന്ന മകനും മകളും അവരെ കാണാന്‍ എത്തി. ജോലിത്തിരക്ക് കാരണം വളരെ ചുരുക്കമായേ അവര്‍ക്ക് കാണാന്‍ വരാന്‍ സാധിക്കാറുള്ളൂ. പക്ഷെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കാറുണ്ട്. പെട്ടെന്നുള്ള ഈ വരവ് സാധിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടി. വരേണ്ട അത്ര ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് വൃദ്ധസദനത്തിള്‍നീന്നും ലഭിച്ച മറുപടി “ഇപ്പോള്‍ വന്നിലെങ്കില്‍ ഇനിയൊരിക്കലും അമ്മയെ കാണാന്‍ പറ്റി എന്ന് വരില്ല” എന്നായിരുന്നു. അതുകൊണ്ടാണ് രണ്ടാളും ഒരാഴ്ച അവധി ഒപ്പിച്ചു വന്നത്, അല്പം ആശ്വാസവുമുണ്ട് – ‘ഇനി വരേണ്ടിവരില്ലല്ലോ’
രണ്ടാളും അമ്മയുടെ ഇരുവശവും ചേര്‍ന്നിരുന്നു. അവര്‍ക്ക് നേരിയ ബോധമുണ്ട്. കഷ്ടിച്ച് സംസാരിക്കാനും സാധിക്കും. രണ്ടാളെയും അവര്‍ക്ക് മനസ്സിലായി. കൈകള്‍ കൊണ്ട് രണ്ടാളേയും പിടിച്ചിരുന്നു കുറെ നേരം. മക്കള്‍ രണ്ടു പേരും അവരുടെ കവിളിലും നെറ്റിയിലും തലോടി. മകന്‍ ചോദിച്ചു ‘വേദനയുണ്ടോ അമ്മേ? അവര്‍ അതുകേട്ടു മറുപടി ഒന്നും പറഞ്ഞില്ല. അടുത്തു നിള്‍ക്കുന്ന സ്ത്രീയോട് മകള്‍ അമ്മ കേള്‍ക്കാതെ ചോദിച്ചു “ഡോക്ടര്‍ എന്താണ് പറഞ്ഞത്?"
ആ സ്ത്രീ വ്യസനത്തോടെ പറഞ്ഞു “ഇനി രണ്ടോ മൂന്നോ ദിവസം മാത്രമേ ജീവനുണ്ടാകൂ അത്രേ. ഓരോ ദിവസവും ചെല്ലുന്തോറും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളെ രണ്ടുപേരെയും കാണണമെന്ന് പറഞ്ഞതുകൊണ്ടാണ് വിളിപ്പിച്ചത്.” ഇക്കാര്യം അമ്മക്കറിയാമോ? മകള്‍ ചോദിച്ചു. ‘ഉവ്വ്. അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അവര്‍ അതിനു തെയ്യാറെടുത്തു കഴിഞ്ഞു. അതുകൊണ്ടാണവര്‍ നിങ്ങളെ കാണണമെന്ന് പറഞ്ഞത്.'
മകള്‍ അമ്മയോട ചോദിച്ചു “അമ്മേ അമ്മക്ക് എന്താഗ്രഹമാണ് ഉള്ളത്? എന്തായാലും ഞങ്ങള്‍ സാധിച്ചു തരാം, ഞങ്ങള്‍ക്കതിനുള്ള കഴിവുണ്ട്.”
‘ഓ ഇനി എനിക്കെന്താഗ്രഹം’ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. 'എങ്കിലും എന്തെങ്കിലും?' മകള്‍ വീണ്ടും ചോദിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞു. ‘മോളെ ഞാനീ താമസിക്കുന്ന വീട് വളരെ പഴക്കം ചെന്നതാണ്. ഇവിടെയുള്ളവര്‍ക്ക് കിടക്കാന്‍ നല്ല കട്ടിലുകളില്ല, കിടക്കയില്ല, കിടക്കുന്ന സ്ഥലത്ത് നല്ല ഫാനുകള്‍ പോലുമില്ല. അവര്‍ക്ക് കാണാന്‍ TV യില്ല, ഭക്ഷണം സൂക്ഷിക്കാന്‍ നല്ല ഫ്രിഡ്ജും ഇല്ല. അതൊന്നും ഇനി ഇവിടെയുള്ളവര്‍ക്ക് മേടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മക്കള്‍ രണ്ടുപേരും കൂടി അവയൊക്കെ ഒന്ന് മേടിച്ചുകൊടുത്താല്‍ നന്നായിരുന്നു.’
“ഇനിയിപ്പോ എന്തിനാ അമ്മേ അവര്‍ക്കിതൊക്കെ മേടിച്ചുകൊടുക്കുന്നത്?" അല്പം നീരസത്തോടെ മകള്‍ ചോദിച്ചു
“ഇല്ല എനിക്കിതുകൊണ്ടോന്നും ഒരാവശ്യവുമില്ല കുട്ടീ. പക്ഷെ എന്റെ കാലം കഴിഞ്ഞാലും ഇവിടെയുള്ളവര്‍ കഷ്ടപ്പെടരുതല്ലോ? മാത്രമല്ല കുറച്ചുകാലം കഴിഞ്ഞാല്‍ നിങ്ങള്ക്കും ഇതുപോലെ സ്ഥലത്ത്, ചിലപ്പോള്‍ ഇവിടെത്തന്നെ, കഴിയെണ്ടിവരില്ലേ? അപ്പോള്‍ കഷ്ടപ്പെടെണ്ടല്ലോ?”
ശിവദാസ് കേ വി

അച്ഛന്‍

Image may contain: 1 person, beard

രാജീവ് വളരെ തിരക്കുള്ള ഉദ്യോഗസ്ഥനാണ്.. ഒരു വിദേശകമ്പനിയില്‍ ഉയര്‍ന്ന പദവിയിലാണ്. പലപ്പോഴും യാത്രയിലായിരിക്കും ഭാര്യ ദീപ സര്ക്കാര്‍ ഉദ്യോഗസ്ഥ. വീട്ടിനടുത്തു തന്നെയാണെങ്കിലും ജോലിഭാരം ഉള്ളത് കാരണം വൈകിയേ വീടിലെത്താന്‍ പറ്റുകയുള്ളൂ. സ്വന്തം അച്ഛനമ്മമാരുടെ കൂടെയാണ് ദീപയുടെ താമസം
ഒരു മകനുണ്ട് അവര്‍ക്ക് . പേര് ഗോവിന്ദ്. മൂന്നു വയസ്സായി. അവന്‍ ജനിച്ചു മൂന്നു മാസമേ ദീപക്ക് അവനെ പരിപാലിക്കാന്‍ അവസരം കിട്ടിയുള്ളൂ. അപ്പോഴേക്കും ഓഫീസില്‍ നിന്ന് വിളി വന്നു. രാജീവ് ആണെങ്കില്‍ ദീപയുടെ പ്രസവസമയത്ത് ഒരാഴ്ച വന്നു നിന്നിരുന്നു. അത്രയും ദിവസമെങ്കിലും കിട്ടിയത് ഭാഗ്യം.
കുട്ടിക്കാലം മുതലെ ഗോവിന്ദിന്‍റെ എല്ലാ കാര്യങ്ങളും ദീപയുടെ അച്ഛനമ്മമാര്‍ ആണ് നോക്കിയിരുന്നത്. രാവിലെ എട്ടു മണിക്ക് തന്നെ അവള്‍ ഓഫീസില്‍ പോകും. വൈകീട്ട് വരുന്നതും ഏഴു മണിക്ക് ശേഷം. അപ്പോഴേക്കും അവന്‍ കിടക്കാനുള്ള ഒരുക്കതിലായിരിക്കും. രാവിലെ പോകുമ്പോഴോ അവനുണര്‍ന്നു വരുന്നതേ ഉണ്ടാകുകയുള്ളൂ. അത്കൊണ്ട് അവര്‍ തമ്മില്‍ കാണുന്നത് മുടക്കദിവസങ്ങളില്‍ മാത്രം.
ദീപയുടെ അനുജന്‍ ദിനേശാനാണ് ഗോവിന്ദിന്‍റെകൂട്ട്. കോളേജില്‍ പഠിക്കുകയാണ് . രാവിലെയും വൈകീട്ടുമെല്ലാം അവന്‍റെ പിന്നാലെ നടക്കും ഗോവിന്ദ്. അവന്‍ വിളിക്കുന്ന പോലെ അവന്‍റെ അച്ഛനെ ഗോവിന്ദും അച്ഛനെന്നാണ് വിളിച്ചിരുന്നത്. അമ്മയെ അമ്മയെന്നും. ദീപ മമ്മിയാണ് – അങ്ങിനെ വിളിക്കാനാണ് ദീപക്കും ഇഷ്ടം.
അങ്ങിനെയിരിക്കെ അവിചാരിതമായി രാജീവിന് രണ്ടാഴ്ചത്തെ ഒഴിവു കിട്ടി. വീട്ടുകാരോടൊപ്പം കഴിയാന്‍ അവന്‍ തീരുമാനിച്ച് വീട്ടില്‍ വിവരം അറിയിച്ചു. ഗോവിന്ദിനോട്‌ പ്രത്യേകം പറയണമെന്നും പറഞ്ഞു. കുറേക്കാലം കൂടി കിട്ടുന്ന അവസരമല്ലേ അവനെ ലാളിക്കാന്‍!
ദിനേശ് ഗോവിന്ദിനോദ് പറഞ്ഞു. “എടാ നിന്റെ അച്ഛന്‍ നാളെ വരുന്നുണ്ട്. കുറച്ചു കാലം നിനക്കടിച്ചുപോളിക്കാം.”
ഉടനെ ഗോവിന്ദിന്റെ നിഷ്കളങ്കമായ ചോദ്യം “ഏതച്ഛന്‍”?
ശിവദാസ് കെ വി

സേവനം


സേവനം
മാളവികാമേനോന്‍ - പൂക്കോട്ടു തറവാട്ടിലെ ഗോപാലമേനോന്റെയും ദാക്ഷായണിഅമ്മയുടെയും ഏകമകള്‍. ലോകം മുഴുവന്‍ അറിയുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക. വിദ്യാഭ്യാസം കഴിഞ്ഞു വിവാഹം കഴിച്ച് ഒരു നല്ല കുടുംബിനിയായി ജീവിക്കുന്നത് കാണണമെന്നായിരുന്നു അച്ഛനമ്മമാരുടെ മോഹം. പക്ഷെ മാളവികക്ക് ഒരു സാമൂഹ്യപ്രവര്‍ത്തക ആകാനായിരുന്നു താല്‍പ്പര്യം. അതറിഞ്ഞപ്പോള്‍ മേനോനും ഭാര്യയും എതിരൊന്നും പറഞ്ഞില്ല. മോള് നല്ല നിലയില്‍ വരണം എന്നെ അവര്‍ ആഗ്രഹിച്ചുള്ളൂ.
ഡിഗ്രി എടുത്തശേഷം മാളവിക സ്വയം കണ്ടുപിടിച്ച ഒരു കോഴ്സ് ചെയ്യുവാന്‍ ബോംബയ്ക്ക് വണ്ടി കയറി. മേനോനും ദാക്ഷായണിഅമ്മയും സന്തോഷത്തോടെ അവളെ യാത്രയാക്കി. എല്ലാ വര്‍ഷവും വന്നുകൊള്ളാം എന്ന് ഉറപ്പു കൊടുത്താണ് അവള്‍ പോയത്. വിവാഹത്തെപ്പറ്റി സൂചിപ്പിക്കുമ്പോഴെല്ലാം അവള്‍ ഒഴിഞ്ഞുമാറുന്നത് കണ്ട് പിന്നീടവര്‍ നിര്ബ്ന്ധിക്കാതായി.
ബോംബയിലെ പഠനം നല്ല നിലയില്‍ പൂര്‍ത്തിയാക്കി മാളവിക സാമൂഹ്യപ്രവര്‍ത്തനത്തില്‍ മുഴുകി. ജീവിതം തന്നെ അതിനു ഉഴിഞ്ഞുവച്ചുവെന്നു പറയാം. പല നാടുകളിലും അവള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവിടത്തെ ദുഖങ്ങളും ദുരിതങ്ങളും കണ്ടു മനസ്സിലാക്കി പല തരത്തില്‍ അവരെയൊക്കെ സഹായിച്ചു. അങ്ങിനെ നല്ലൊരു പേരും ലഭിച്ചു. പല പല അവാര്‍ഡുകളും കിട്ടി. ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണില്‍ വിളിക്കാറുണ്ടെങ്കിലും തിരക്ക് പിടിച്ച പ്രവര്‍ത്തനത്തിനിടയില്‍ അതെപ്പോഴോ മുറിഞ്ഞുപോയി. അതിനിടയില്‍ അമ്മക്ക് അസുഖമായതും മരിച്ചുപൊയതൊന്നും അവരറിഞ്ഞില്ല.
അനാഥരും നിരാലംബരുമായ ധാരാളം പേരെ സഹായിക്കാന്‍ അവര്‍ ധാരാളം വീടുകളും സദനങ്ങളും ലോകത്തിന്റെ പല ഭാഗത്തും തുടങ്ങി. ധാരാളം പേര്‍ക്ക് അതെല്ലാം വളരെ സഹായമായി. എല്ലാവരും മാളുവിനെ ജീവിച്ചിരിക്കുന്ന മാലാഖയായി കരുതാന്‍ തുടങ്ങി. അവരെ ഒരു നോക്ക് കാണാനായി ധാരാളം ആളുകള്‍, ലോകനേതാക്കന്മാര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയായി.
അതിനിടയില്‍ നാട്ടിലുള്ള ചില ആളുകള്‍ കൂടി പട്ടണത്തില്‍ ഒരു അനാഥാലയം തുടങ്ങാന്‍ വേണ്ടി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരു സ്ഥലമൊക്കെ കണ്ടുവച്ചു ഉല്‍ഘാടനത്തിനായി മാളവികയെ ക്ഷണിച്ചു. സമയമില്ലെങ്കിലും സ്വന്തം നാടായതുകൊണ്ട്‌ അല്പ‍സമയം ചിലവഴിക്കാന്‍ അവര്‍ വരാമെന്നേറ്റു.
പറഞ്ഞപോലെ കൃത്യസമയം തന്നെ അവര്‍ വന്നെത്തി. വരുമ്പോള്‍ തന്നെ സമയക്കുറവിനെപ്പറ്റി അവര്‍ പറഞ്ഞു മനസ്സിലാകി. ഉല്‍ഘാടനം കഴിഞ്ഞുഅന്തേവാസികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു, വെറുമൊരു ചടങ്ങ് പോലെ
ആദ്യത്തെ ആളുടെ പേര് കണ്ടപ്പോള്‍ മാളവിക ഒന്ന് ഞെട്ടി. തല കറങ്ങുന്ന പോലെ. കുറെ നേരം മിണ്ടാതെ മൂകമായി ഇരുന്നു, ഒന്നും ചെയ്യാന്‍ വയ്യാതെ. സമയം പോകുന്നത് കൂടെയുള്ളവര്‍ സൂചിപ്പിച്ചെങ്കിലും അവര്ക്ക് അനങ്ങാന്‍ കഴിഞ്ഞില്ല
ആദ്യത്തെ ആളുടെ പേര്: "ശ്രീ ഗോപാലമേനോന്‍, പൂക്കോട്ടുവീട്"
ശിവദാസ് കെ വി

വിനോദയാത്ര


വിനോദയാത്ര
അമ്മേ, ഇപ്രാവശ്യം സ്കൂള്‍ അടക്കുമ്പോള്‍ നമുക്കെവിടെയെങ്കിലും ടൂര്‍ പോകാം? പത്തു വയസ്സുള്ള മകന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ ചെയ്യുകയാണ്. സ്കൂള്‍ അടക്കാന്‍ ഇനിയും രണ്ടു മാസത്തോളമുണ്ട്.
“എന്തെങ്കിലും പറയൂ അമ്മെ – ക്ലാസിലെ എല്ലാ കുട്ടികളും അവരുടെ അച്ഛന്റെയും അമ്മയുടെയും കൂടെ എവിടെയെങ്കിലും പോകാറുണ്ട്. തിരിച്ചു വരുമ്പോള്‍ അവര്‍ പറയുന്നത് കേട്ടാല്‍ കൊതിയാകും. നമ്മള്‍ മാത്രമെന്താ അമ്മെ പോകാത്തത്?”
രശ്മി ആലോചിച്ചു – അവന്‍ പറയുന്നതിലും കാര്യമുണ്ട്. ബാക്കിയെല്ലാവരും രണ്ടു മാസം ഒഴിവു ആഘോഷിക്കുമ്പോള്‍ അവര്‍ മാത്രം വീട്ടില്‍ തന്നെയാണ്. ഭര്‍ത്താവ് അജയന്‍ ഗള്‍ഫി ലാണ്. രണ്ടു വര്‍ഷം കൂടി ലീവില്‍ വരുമ്പോള്‍ ഒരു ദിവസത്തേ ടൂറിനു പോകും – അതും എല്ലായ്പോഴും അടുത്തുള്ള സ്ഥലത്ത് തന്നെ. മകന്‍ രാഹുലിന് ബോറടിച്ചു.
“അതെങ്ങിനെയാ മോനെ, നമ്മള്‍ രണ്ടു പേരും മാത്രമായി പോകുന്നതെങ്ങിനെ? സ്ഥലം പരിചയമുണ്ടോ? നമ്മളെ ആരെങ്കിലും പറ്റിച്ചാലോ?” രശ്മി ചോദിച്ചു. “അതൊന്നും ഇപ്പോള്‍ പ്രശ്നമല്ല അമ്മെ – ധാരാളം ടൂര്‍ പ്രോഗ്രാം ഏര്പ്പപടാക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. ടൂറിനുള്ള പൈസ അടച്ചാല്‍ മതി. അവര്‍ പോകുന്ന സ്ഥലത്തൊക്കെ പോകാം. എവിടെയോക്കെ ആണെന്നോ, ഗോവ, മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി, കൊടൈക്കനാല്‍ പിന്നെ കേരളത്തില്‍ പല സ്ഥലത്തും.” രാഹുല്‍ എല്ലാം നേരത്തെ തന്നെ അറിഞ്ഞുവെച്ചിട്ടുണ്ട്.
രശ്മിയും ഇങ്ങിനെയുള്ള പ്രോഗ്രാമിനെ പറ്റി കേട്ടിട്ടുണ്ട്. പോകണമെന്ന് മോഹവും ഉണ്ട്. പക്ഷെ എങ്ങിനെ പോകാന്‍? അമ്മയുണ്ട്‌ കൂടെ. (ഭര്ത്താവിന്‍റെ അമ്മയാണെങ്കിലും രശ്മിയും അമ്മയെന്ന് തന്നെയാണ് വിളിക്കുന്നത്). അവരെ എങ്ങിനെ ഒറ്റയ്ക്കാക്കിയിട്ട് പോകും? ഒറ്റ മകനാണ്. അതുകൊണ്ട് വേറെ മക്കളുടെ അടുത്തൊന്നും കൊണ്ടുവിടാന്‍ ഇല്ല. വേറെ ബന്ധുക്കളുടെ അടുത്തൊന്നും ആക്കാന്‍ ഭര്ത്താവിനു താല്പര്യമില്ല. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമേ ഉള്ളു അവര്ക്ക്.
“പക്ഷേ നമ്മള്‍ പോയാല്‍ അമ്മ ഒറ്റക്കാകില്ലേ?” രശ്മി ചോദിച്ചു. രാഹുലിന്റെ മുഖം വാടി. സ്കൂളില്‍ നിന്ന് വന്നാല്‍ മുത്തശ്ശിയാണ് അവന്‍റെ അടുത്ത സുഹൃത്ത്. എല്ലാ കാര്യങ്ങളും അവരോടാണ് പറയുന്നത്. പഠിക്കുന്നതും അവരോട് ഒട്ടിയിരുന്നാണ്. ഇത്രാ വലുതായിട്ടും അമ്മ കാലു നീട്ടിയിരുന്ന് മടിയില്‍ തല വച്ച് കിടതുന്നതും കാണാം. അമ്മയ്ക്ക് വയ്യാതാകും എന്ന് പറഞ്ഞാലും രണ്ടാളും അനങ്ങില്ല.
അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാഹുല്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചു. രശ്മി ഒന്നും പറഞ്ഞില്ല. വെറുതെ അമ്മയെ നോക്കി അമ്മയും ഒന്നും മിണ്ടിയില്ല.
തുടര്‍ന്നുള്ള രണ്ടു ദിവസവും ഇതേ സംഭവം ആവര്‍ത്തി ച്ചു. രശ്മിക്ക്‌ എന്ത് പറയാന്‍ പറ്റും? രാഹുലിന്റെ കെഞ്ചല്‍ കൂടിവന്നു. ഒരു മറുപടിയും കിട്ടാത്ത കാരണം സങ്കടവും ദ്വേഷ്യവും ഒക്കെ വന്ന് തുടങ്ങി.
ഒരു ദിവസം കിടക്കുന്നതിനു മുന്പ് അമ്മ രശ്മിയെ വിളിച്ചു പറഞ്ഞു “മോളെ, ഏതായാലും അവന്‍റെ മോഹമല്ലേ? കൂടിവന്നാല്‍ ഒരു മാസമല്ലേ ഉണ്ടാകൂ? നിങ്ങള് പോയിട്ട് വാ. ഞാന്‍ രാത്രിയില്‍ ആരെയെങ്കിലും കൂട്ടിനു വിളിച്ചോളാം”
രശ്മിക്ക്‌ അതത്ര സമ്മതമായില്ല. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു “ഏതായാലും ഏട്ടനെ വിളിച്ചു ചോദിക്കട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായം പൊലെ ചെയ്യാം.”
അന്ന് രാത്രി തന്നെ രശ്മി അജയനെ വിളിച്ചു കാര്യം അവതരിപ്പിച്ചു. അയാള്‍ ആദ്യം സമ്മതം മൂളിയില്ലെങ്കിലും പിന്നീട് പറഞ്ഞു “ഏതായാലും അവന്‍റെ ആഗ്രഹമല്ലേ? ഒന്ന് പോയി വന്നോ. പക്ഷേ അധികം ദിവസം നീളരുത്. ദിവസവും അമ്മയെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും വേണം.
അജയന്‍ ആലോചിച്ചു “നാളിതു വരെ ഒരിക്കല്‍ പോലും ഭാര്യയെയും മകനെയും ഒരു ഉല്ലാസയാത്രക്ക്‌ കൊണ്ടുപോകാന്‍ പറ്റിയിട്ടില്ല. മോഹമില്ലാത്തതുകൊണ്ടാല്ല വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ആഴ്ചയിലെ ലീവിനിടയില്‍ ഒന്നും സാധിക്കാറില്ല. നാട്ടില്‍ വന്നാല്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടാകും. പിന്നെ അമ്മയെയും കൊണ്ട് പുണ്യസ്ഥലങ്ങളില്‍ പോകും – ആവുന്ന കാലത്ത് അമ്മ ഒറ്റയ്ക്ക് പോയിരുന്നതാണ്. അവിടെയൊക്കെ പോകാന്‍ മോഹമുള്ള ആളാണ്‌. അപ്പോള്‍ താനല്ലേ അതൊക്കെ സാധിച്ചു കൊടുക്കെണ്ടത്? അത് പോലെ രശ്മിയുടെ വീട്ടിലും ഒരു ദിവസം പോയി വരും. മുടക്കദിവസമൊക്കെ അങ്ങിനെ തീരും.
എവിടെയെങ്കിലും ടൂര്‍ പോകണമെങ്കില്‍ രാഹുലിന്റെ ക്ലാസ് മുടക്കേണ്ടിവരും. അതിനു സ്കൂളില്‍ നിന്നും സമ്മതം കിട്ടില്ല. അതുകൊണ്ട് ആ കാര്യം നടക്കാറില്ല. ഇപ്പോള്‍ അവന്‍റെ മോഹമല്ലേ, അങ്ങിനെയെങ്കിലും പോയി വരട്ടെ.”
അജയന്‍റെ സമ്മതം കിട്ടിയെന്നറിഞ്ഞപ്പോള്‍ രാഹുലിന് വളരെ സന്തോഷമായി. അവന്‍ ഉടനെ തന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു പറഞ്ഞു. രണ്ടാഴ്ചത്തെ ടൂറിനുള്ള ഏര്‍പ്പാടുകളും ചെയ്തു. ഇവനിതൊക്കെ എങ്ങിനേ മനസ്സിലാക്കി എന്ന് രശ്മി അദ്ഭുതപ്പെട്ടു. അജയനോട്‌ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു – ഇപ്പോഴത്തെ പിള്ളേരല്ലേ, നമ്മളൊക്കെ വിചാരിക്കുന്നതിനേക്കാള്‍ അറിവുള്ളവരാണ്. വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ ഉപദേശിച്ചാല്‍ മാത്രം മതി.”
പോകാനുള്ള ദിവസം അടുത്ത് വന്നതോടെ രാഹുലിന്റെ ഉത്സാഹം കൂടികൂടി വന്നു. എല്ലാം അവന്‍ തന്നെയാണ് ഒരുക്കിവെച്ചത്. അജയന്‍റെ അമ്മയുടെ കൂടെ രാത്രിയില്‍ സഹായത്തിനു അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയെ രശ്മി ഏര്‍പ്പാടാക്കി. മുത്തശ്ശിയോട് രാഹുല്‍ എല്ലാ വിവരവും പറഞ്ഞു മനസ്സിലാക്കിയിരുന്നു. അവര്‍ക്ക് അറിയാമായിരുന്നെങ്കിലും ഒന്നുമറിയാത്ത പോലെ എല്ലാം തല കുലുക്കി കേട്ടിരുന്നു.
ബസ്സില്‍ അമ്പതോളം പേരുണ്ടായിരുന്നു. പകുതിയോളം രാഹുലിന്‍റെ പ്രായത്തിലുള്ള കുട്ടികളായിരുന്നു. അവരുമായി അവന്‍ വേഗം തന്നെ കൂട്ടുകാരായി. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത യാത്രയായിരുന്നത് കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.
അങ്ങിനെ വളരെ ഉത്സാഹത്തോടെ ആദ്യത്തെ ആഴ്ച കഴിഞ്ഞു. ദിവസവും രശ്മി അമ്മയെ വൈകീട്ട് വിളിക്കും. കാര്യങ്ങള്‍ അന്വേഷിക്കും. രാഹുലും ദിവസവും മുത്തശ്ശിയുമായി സംസാരിക്കും. അന്ന് കണ്ട കാഴ്ചകളെ പറ്റിയെല്ലാം അവരോടു വിവരിക്കും, അത്യന്തം ഉത്സാഹത്തോടെ.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാഹുലിന്‍റെ, ഉത്സാഹത്തിനല്‍പ്പം കുറവ് വന്നത് പോലെ രശ്മിക്ക്‌ തോന്നി. ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. മറ്റു കുട്ടികളുടെ കൂടെ യാത്ര ആസ്വദിക്കുന്നുമുണ്ട്. എങ്കിലും ഇടക്ക് അവന്‍ എന്തോ ആലോചനയില്‍ മുഴുകും. കുറച്ചു നേരത്തേക്ക് മാത്രം. പക്ഷെ അത് പതിവില്ലാത്തതാണ്. രാത്രിയിലും അധികം സംസാരിക്കാറില്ല. ആദ്യമൊക്കെ കൂട്ടുകാരുടെ വീരകഥകള്‍ പറഞ്ഞു കേള്പ്പിക്കുമായിരുന്നു. അതും കുറഞ്ഞു വന്നു. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം പറയും. എന്നാല്‍ അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി.
അങ്ങിനെ രണ്ടാഴ്ച കഴിഞ്ഞു. തിരിച്ചുള്ള യാത്ര പുറപ്പെട്ടു. അപ്പോഴും രാഹുല്‍ പഴയ മട്ട് തന്നെ . രശ്മിക്കൊരു പിടിയും കിട്ടിയില്ല. വീട്ടില്‍ ചെന്നിട്ടു ഉടനെ തന്നെ വല്ല ഡോക്ടര്‍മാരെയും കാണിക്കണം അവര്‍ തീരുമാനിച്ചു.
നാട്ടിലെത്തി ഉടനെ തന്നെ ഒരു വണ്ടി വിളിച്ചു വീട്ടിലെത്തി. അവിടെ എത്താറായപ്പോഴേക്കും രാഹുലിന്‍റെ ഉന്മേഷം തിരിച്ചുകിട്ടിയ പോലെ തോന്നി. എത്തിയ ഉടനെ തന്നെ വണ്ടിയില്‍ നിന്നും ഇറങ്ങി അവന്‍ ഒറ്റ ഓട്ടം – വണ്ടിയിലുള്ള സാധനങ്ങള്‍ ഇറക്കാന്‍ പോലും കാത്തുനിന്നില്ല. രശ്മി അദ്ഭുതപ്പെട്ടു. സാധനങ്ങളെല്ലാം എടുത്തു വച്ച് അകത്തു നോക്കിയപ്പോള്‍ അവര്‍ കണ്ടത് – രാഹുല്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കിടക്കുന്നു!
“അത് ശരി – അപ്പോള്‍ ഇതാണല്ലേ നേരത്തെയുണ്ടായ ആലസ്യത്തിന്റെ കാരണം?” രശ്മി ചോദിച്ചു “യാത്രയൊക്കെ എനിക്കിഷ്ടമായി” അവര്‍ പറഞ്ഞു ഇനി എന്നാ അടുത്തത് പോകേണ്ടത്? രാഹുലിനോട് ചോദിച്ചു.
“ഇനി ടൂര്‍ ഒന്നും വേണ്ടമ്മേ; മുത്തശ്ശിയെക്കൂടാതെ ഇനി ഒരു സ്ഥലത്തേക്കും പോകേണ്ട.” അവന്‍ പറഞ്ഞു
ശിവദാസ്‌ കെ വി

മാപ്പ്

Image may contain: 1 person, beard

എന്‍റെ പേര് വനജ വയസ്സ് 16. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ഏട്ടനും ഞാനും അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു. അമ്മ അതിരാവിലെതന്നെ എഴുന്നേറ്റ് ഞങ്ങള്ക്കും അച്ഛനുമുള്ള ഭക്ഷണമെല്ലാം തെയ്യാറാക്കി ഞങ്ങളെ സ്കൂളില്‍ പറഞ്ഞുവിട്ട് അടുത്തുള്ള വീടുകളില്‍ പണിക്കു പോകും. വൈകീട്ട് അതുപോലെ തന്നെ ഞങ്ങളെ രണ്ടുപേരെയും ഭക്ഷണം കഴിപ്പിച്ചു അച്ഛനുള്ളത് തയ്യാറാക്കി വച്ച് ബാക്കി ഉള്ളത്, ഉണ്ടെങ്കില്‍, കഴിച്ചു കിടക്കും. ഏതാണ്ട് അര്‍ദ്ധരാത്രിയോടെയാണ് അച്ഛന്റെ വരവ്, അതും നല്ല പോലെ മദ്യപിച്ച്. അമ്മയെ ചീത്ത വിളിക്കുന്നതും തല്ലുന്നതും ഒക്കെ ഉറക്കത്തില്‍ അറിയാറുണ്ട് ഞങ്ങള്‍.
ഈ പ്രവൃത്തി അതിരുകടന്നപ്പോള്‍ ഒരു ദിവസം അച്ഛനും ചേട്ടനും തമ്മില്‍ വലിയ വഴക്കുണ്ടാക്കി. ഒടുവില്‍ സഹിക്കാന്‍ വയ്യാതെ ചേട്ടന്‍ നാട് വിട്ടൂ. അതിനു ശേഷം കുറച്ചു ദിവസത്തേക്ക് അച്ഛന്റെ കുടി അല്പം കുറഞ്ഞുവെങ്കിലും വീണ്ടും തുടര്‍ന്നു. ഇതൊക്കെ കാരണം ഞാന്‍ അച്ഛനെ വല്ലാതെ വെറുത്തു. അയാള്‍ മരിച്ചുവെങ്കില്‍ എന്ന് പോലും ഞാന്‍ ആഗ്രഹിച്ചു. അങ്ങിനെയെങ്കിലും അമ്മക്ക് സ്വൈരം കിട്ടുമല്ലോ?
ആഗ്രഹിച്ച പോലെ ഒരു ദിവസം ഒരു വണ്ടി ഇടിച്ച് അയാള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിക്കുകയാനുണ്ടായത്. അമ്മയും അങ്ങിനെ തന്നെ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷെ നേരെ മറിച്ചാണ്ഉണ്ടായത്. ഇത്രയും ദ്രോഹിച്ചിട്ടും അച്ഛനോടെ അമ്മക്ക് അത്ര സ്നേഹമായിരുന്നെന്ന് അന്നാണ് മനസ്സിലായത്.
അതിനു ശേഷം ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായി. അച്ഛന്‍ മരിച്ചുവെന്നറിഞ്ഞാലെങ്കിലം ചേട്ടന്‍ തിരിച്ചുവരുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല. അമ്മയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്മയുടെ മനസ്സില്‍ അച്ഛന്‍ മരിച്ചപ്പോഴുള്ള എന്‍റെ സന്തോഷഭാവം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് ഞാനുമായി ഒരകലം എപ്പോഴും അവര്‍ കാണിച്ചിരുന്നു. എന്തോ ഒരിഷ്ടക്കേട്‌ പോലെയാണ് എനിക്ക് തോന്നിയത്.
ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ വഴിയിലുള്ള ഓട്ടോസ്റ്റാന്റിലുള്ള ഒരു ചെറുപ്പക്കാരന്‍ ഡ്രൈവെറുമായി പരിചയത്തിലായി. അത് കൂടിക്കൂടി ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായി. ഇത് മനസ്സിലാക്കിയ അമ്മയും മറ്റു ഡ്രൈവര്‍ചേട്ടന്മാരും എന്നെ വിലക്കിയെങ്കിലും ഞാന്‍ ചെവിക്കൊണ്ടില്ല. അയാള്‍ എനിക്കൊരു വിലകൂടിയ മൊബൈല്‍ സമ്മാനമായി തന്നു. അതിനുശേഷം അതിലൂടെയായി വര്‍ത്തമാനം. പക്ഷെ ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. വണ്ടി ഓടിക്കുന്നതിന്‍റെ മറവില്‍ കുട്ടികള്ക്കും നാടുകാര്‍ക്കും കഞ്ചാവ് വിതരണം ചെയ്യലായിരുന്നു അയാളുടെ പ്രധാന തൊഴില്‍. ഒരു ദിവസം അയാളെ തൊണ്ടിയോടെ പിടിച്ചപ്പോള്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു എനിക്ക്.
അച്ഛന്റെ മരണശേഷം ഞാനും അമ്മയും തമ്മിലുള്ള അടുപ്പം കുറഞ്ഞുതന്നെ ഇരുന്നു. ഈ സംഭവവും അവരുമായി കൂടുതല്‍ അകലാന്‍ കാരണമാക്കി. അമ്മ കുറച്ചുകഴിഞ്ഞപ്പോള്‍ അല്പം അയയാന്‍ ശ്രമിച്ചുവെങ്കിലും ഞ്ഞാന്‍ ഇളകിയില്ല.
ഒരു ദിവസം പണി കഴിഞ്ഞ് വീട്ടില്‍ അമ്മ അവശയായി ആണ് വന്നത്. വന്ന പാടെ പറഞ്ഞു ‘മോളെ എന്റെ കാലില്‍ എന്തോ കടിച്ചുവെന്നു തോന്നുന്നു” ഞാന്‍ കാര്യമാക്കിയില്ല, അവര്‍ ഞാനുമായി അടുക്കുവാനുള്ള എന്തോ അടവാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഒന്നും മിണ്ടാതായപ്പോള്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പോയി. അല്പപനേരം കഴിഞ്ഞു വീണ്ടും പറഞ്ഞു "മോളെ ഞാന്‍ ആകെ വിയര്‍ക്കുന്നുണ്ടല്ലോ, എന്നെ ഏതെങ്കിലം ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോ."
ഇപ്പ്രാവശ്യം എന്തോ അപകടം മണത്തപോലെ അടുക്കളയിലേക്കു ചെന്ന്. പക്ഷെ അവിടെ എത്തുന്നതിനു മുന്പ് എന്തോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട്. അവിടെ ചെന്നപ്പോള്‍ അവര്‍ പാത്രങ്ങളുടെ മുകളില്‍ കിടക്കുന്നതാണ് കണ്ടത്. അവരെ എഴുന്നേല്പ്പി്ക്കാന്‍ ശ്രമിച്ചുവെങ്കിലും ബോധമില്ലാതിരുന്നത്കൊണ്ട് ഒറ്റയ്ക്ക് സാധിച്ചില്ല. ഞാന്‍ ഉറക്കെ കരഞ്ഞു. അത് കേട്ട് അയല്‍ക്കാരെല്ലാം ഓടി വന്നു അമ്മയെ താങ്ങിയെടുത്ത് അടുത്തുള്ള ആസ്പത്രിയില്‍ കൊണ്ടുപോയി. പക്ഷെ അവിടെ എത്തുമ്പോഴെമ്മും മരണം സംഭവിച്ചിരുന്നു.
അവിടുത്തെ ഡോക്ടര്‍ പറഞ്ഞു – “അവരുടെ കാലില്‍ ഒരു പാമ്പ് കടിച്ചതാണ്. മൂന്നു മണിക്കൂര്‍ എങ്കിലും ആയിക്കാണും. ഒരു അര മണിക്കൂര്‍ മുന്‍പു കൊണ്ടുവന്നിരുന്നെങ്കില്‍ നോക്കാമായിരുന്നു.”
 ഞാന്‍ അലറിക്കരഞ്ഞുപോയി. അവര്‍ പറഞ്ഞപ്പോള്‍ തന്നെ കൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ എന്‍റെ ദുരഭിമാനം അനുവദിച്ചില്ല. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം?
ആ സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായി. നോക്കാനാരുമില്ലാതെ വന്നപ്പോള്‍ അകന്ന ബന്ധുക്കള്‍ എന്നെ ഒരു അനാഥാലയത്തിലാക്കി. ഇവിടെ ധാരാളം കുട്ടികളുണ്ട്, എന്നെ പോലെ അമ്മയില്ലത്തവര്‍. അവരും അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല. എനിക്കവരുടെ ദു:ഖം മനസ്സിലാകും. ഒരമ്മയില്ലാതെ ആകുമ്പോള്‍ മാത്രമേ അവരുടെ അഭാവം നമ്മള്‍ മനസ്സിലാക്കൂ.
അവര്‍ക്കമ്മയില്ലാതായത് വേറെ പല കാരണങ്ങള്‍ കൊണ്ടാണ്. പക്ഷെ ഞാന്‍ ഒരിക്കലും പൊറുക്കാന്‍ വയ്യാത്ത തെറ്റാണ് ചെയ്തത്. അതില്‍ നിന്നും എന്നെങ്കിലും മോചനം കിട്ടുമോ?.
ശിവദാസ് കെ വി

അനുഭവം


അനുഭവം
വീട്ടില്‍ വന്ന ഒരു ക്ഷണക്കത്ത് കണ്ടപ്പോള്‍ പ്രത്യേക താല്‍പര്യമൊന്നും കാണിക്കാതെ ജയദേവന്‍ അതിന്‍റെ ഉള്ളടക്കം വായിച്ചു. താന്‍ കൂടി അംഗമായ കുടുംബത്തിന്‍റെ സംഗമമാണ്. തൊട്ടടുത്ത ഒരു ഹാളില്‍ വെച്ചാണ് നടക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആയി ഇരുനൂറു അംഗങ്ങള്‍ എങ്കിലും ഉണ്ടാകും. ഏഴു തലമുറയോളം പഴക്കമുള്ള ബന്ധമാണ്. അധികമാരെയും അങ്ങോട്ടിമിങ്ങോട്ടും അറിയില്ല. പ്രായമായവര്‍ക്ക് ഒരു പക്ഷെ ബന്ധങ്ങള്‍ അറിയുമായിരിക്കാം.
ഇതിനുമുന്‍പും ചെറിയ ചെറിയ സംഗമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അതിലൊന്നിലും ജയദേവന് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വേണ്ടെന്നു വെച്ചിട്ടല്ല, ഞായറാഴ്ചയും ഓഫീസില്‍ എന്തെങ്കിലും പണി കാണും. ഇപ്പോള്‍ റിട്ടയര്‍ ചെയ്തപ്പോള്‍ പ്രശ്നമൊന്നുമില്ലല്ലോ. ഇപ്രാവശ്യം മുതല്‍ എല്ലാ സംഗമങ്ങളിലും പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
പക്ഷെ ജയദേവനെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം വേറൊന്നാണ്‌. അന്നേ ദിവസം രാവിലെ തന്നെ പഠിപ്പിച്ച ഒരു സാറിന്‍റെ പ്രസംഗം ഉണ്ട്. കോളേജില്‍ മലയാളം പ്രൊഫസ്സര്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പഠിപ്പിക്കുന്ന രീതി വളരെ പ്രസിദ്ധമായിരുന്നു. പുറത്തുള്ള കോളേജിലെ വിദ്യാര്‍ഥികള്‍ പോലും അദ്ദേഹമറിയാതെ ക്ലാസ്സില്‍ വന്നിരിക്കുമായിരുന്നു. എടുക്കുന്ന വിഷയം ‘അരച്ചുകലക്കി’ പഠിച്ചിട്ടേ അദ്ദേഹം ക്ലാസ്സില്‍ വരുകയുള്ളൂ. അത്ര പ്രതിബദ്ധത ഉള്ള ആളായിരുന്നു. ഇപ്പോഴും അതിനു വ്യത്യാസമൊന്നും വരാന്‍ സാധ്യതയില്ല, ജയദേവന്‍ ഉറപ്പിച്ചു.
രാവിലെ നേരത്തേ തന്നെ സ്ഥലത്തെത്തി ധാരാളം പേര്‍ വന്നിട്ടുണ്ട്. പ്രധാനസ്റ്റേജില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടക്കുകയാണ്. മീറ്റിംഗ് കഴിഞ്ഞിട്ടുപോരെ ഇതെല്ലാം, ആരോടെന്നില്ലാതെ ജയദേവന്‍ പറഞ്ഞു. പ്രഭാതഭക്ഷണം കഴിച്ചു തിരിച്ചു ഹാളില്‍ വന്നിരുന്നു – ഇടയ്ക്കു പലരെയും കണ്ടു പരിചയപ്പെട്ടു, ചിലരുമായി പരിചയം പുതുക്കി. സംഗമത്തിന്റെ പ്രധാന ഉദ്ദേശം അതാണല്ലോ.
കുട്ടികളുടെ പാട്ടും ഡാന്‍സുമെല്ലാം കഴിഞ്ഞപ്പോള്‍ പതിനൊന്നു മണിയായി. മീറ്റിംഗ് തുടങ്ങാല്‍ അല്പുനേരം വൈകി. സാറിന്‍റെ പ്രസംഗം തുടങ്ങിയപ്പോള്‍ പതിനോന്നരമണി. പതിവുപോലെ ആമുഖം കഴിഞ്ഞ് പ്രധാനവിഷയങ്ങളിലേക്ക് കടന്നു, അദ്ദേഹം
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞുകാണും ജയദേവനും മറ്റു പലരും അദ്ദേഹത്തിന്റെട പ്രസംഗം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടെ ആകെ ബഹളം (കാക്കക്കൂട്ടില്‍ കല്ലിട്ട പോലെ). സ്ത്രീജനങ്ങളും കുട്ടികളും എഴുന്നേറ്റ് അടുത്ത ഹാളിലേക്ക് ഓടുന്നു. ആദ്യം അയാള്‍ക്ക് കാര്യം മനസ്സിലായില്ല. ആരോടോ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു “ഊണിനു ഇല വെച്ചുതുടങ്ങി സീറ്റ്‌ പിടിക്കാനുള്ള തത്രപ്പാടാണ്” എന്ന്.
പ്രാസംഗികന് അല്‍പ്പം നീരസം തോന്നിയിട്ടുണ്ടാകും. പക്ഷെ അദ്ദേഹം അത് വക വെക്കാതെ പ്രസംഗം തുടര്‍ന്നു കൊണ്ടിരുന്നു.
ഹാളിലെ ബഹളം കാരണം ഒന്നും കേള്‍ക്കാന്‍ വയ്യ. കസേരകളാണെങ്കില്‍ ഒഴിഞ്ഞുകൊണ്ടുമിരുന്നു. ഇതിനിടയില്‍ സംഘാടകരില്‍ ആരോ ഒരാള്‍ അദ്ദേഹത്തിന്റെി അടുത്തുചെന്നു ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് കണ്ടു. വളരെ പെട്ടെന്നു തന്നെ ഗൌരവത്തോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു താഴേക്കിറങ്ങി.
ജയദേവന് സങ്കടവും ദ്വേഷ്യവും വന്നു. ഏതെങ്കിലും സംഘാടകരെ കണ്ടെങ്കില്‍ നല്ല ചീത്ത പറയാനുള്ള അവസ്ഥയായിരുന്നു അപ്പോള്‍. അയാള്‍ സാറിനെ അന്വേഷിച്ചു കണ്ടുപിടിച്ചു അദ്ദേഹത്തോട് പറഞ്ഞു "ഞാന്‍ ഈ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ്. സാറിന്റെ പ്രസംഗം കേള്ക്കാ മല്ലോ എന്ന് മോഹിച്ചു വന്നതാണ്‌. ഇങ്ങിനെയായതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു"
.
അദ്ദേഹം നീരസത്തോടെ പറഞ്ഞു "എത്രയോ കുട്ടികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, എത്രയോ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. എങ്കിലും ഇതുപോലത്തെ അവസ്ഥ ആദ്യമായാണ്‌. ആദ്യമായാണ്‌ ഒരാള്‍ എന്നോട് പ്രസംഗം വേഗം അവസാനിപ്പിക്കാന്‍ പറയുന്നത്. ഇനിയെങ്കിലും അവര്‍ ശ്രദ്ധിച്ചാല്‍ അവര്ക്ക് നല്ലത്.
ജയദേവന്‍ സമ്മതഭാവത്തില്‍ തലയാട്ടി
ശിവദാസ് കെ വി

പ്രതിഫലം


പ്രതിഫലം
രാജീവന്‍ വളരെ ഉത്സാഹത്തിലാണ്. തന്‍റെ അരാദ്ധ്യപുരുഷനായ സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ അദ്ദേഹത്തിന്റെ് ശിഷ്യന്മാര്‍ ആരംഭിക്കുന്ന ഒരു പുതിയ ടി വി ചാനലിന്‍റെ ഉദ്ഘാടനമാണിന്ന്‍. ഉദ്ഘാടനം സ്വാമിജി തന്നെ. വേറെ മഹദ് വ്യക്തികള്‍, പണ്ഡിതന്മാര്‍ തുടങ്ങിയവരൊക്കെ വരുന്നുണ്ടാകും. അവരെയൊക്കെ കാണാനും അനുഗ്രഹം വാങ്ങാനും സാധിക്കുമെങ്കില്‍ നന്നായി.
രാജീവന് സന്തോഷമാകാന്‍ വേറെ കാര്യം കൂടിയുണ്ട്. സ്വാമിജി പുതിയ ചാനലിന്റൊ ലോഗോ ഉണ്ടാക്കാന്‍ അയാളെയാണ് ഏല്പിച്ചത്. തന്നിലെ കലാവാസന ഉണര്‍ത്തി യത് സ്വാമിജിയാണ്. വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആശ്രമം നടത്തുന്ന കോളേജില്‍ പഠിക്കാന്‍ ചെന്നത് മുതല്‍ സ്വാമിജിയെ ദര്ശിടക്കാന്‍ ദിവസവും പോകാറുണ്ട്. അദ്ദേഹത്തിന് രാജീവനോട് എന്തോ വാത്സല്യമുള്ളതായി അനുഭവപ്പെട്ടിട്ടുമുണ്ട്. തന്നില്‍ അത്രയേറെ വിശ്വാസമുള്ളത് കൊണ്ടാകണം വേറെ എത്രയോ നല്ല കലാകാരന്മാരുണ്ടായിട്ടും അദ്ദേഹം ഈ ജോലി തന്നെത്തന്നെ ഏല്പിച്ചത്.
അദ്ദേഹം രാജീവനെ ആ ദൌത്യം എല്പിച്ചതുമുതല്‍ അതിനുള്ള ശ്രമമായിരുന്നു അയാളുടേത്. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ധാരാളം പുസ്തകങ്ങള്‍ വായിച്ചു, പ്രസിദ്ധരായ കലാകാരന്മാരുടെ ഉപദേശങ്ങള്‍ തേടി, ധാരാളം സ്ഥലങ്ങള്‍ - വിദേശരാജ്യങ്ങള്‍ പോലും - സന്ദര്‍ശിച്ചു. ആ അന്വേഷണം മാസങ്ങളോളം നീണ്ടു. കുറെ ഐഡിയകള്‍ ചെയ്തുനോക്കി. സ്വാമിജിയെക്കാണിച്ചപ്പോള്‍ പൂര്ണ്ണുത്രുപ്തിയുള്ളതായി തോന്നിയില്ല. അതുകൊണ്ടവയെല്ലാം ഉപേക്ഷിച്ചു.
ഒടുവില്‍ തന്‍റെ തപസ്സിനു ഫലം കണ്ടെത്തി. മനസ്സിനിഷ്ടപ്പെട്ട ഒരെണ്ണം വരച്ചു. സ്വാമിജിയെക്കാണിച്ചപ്പോള്‍ അദ്ദേഹത്തിനും തൃപ്തിയായി. അദ്ദേഹം പറഞ്ഞു “നന്നായിട്ടുണ്ട്. തന്‍റെ കുഞ്ഞിനെ ഓമനിക്കുന്ന അച്ഛനെപ്പോലെയുണ്ട്.” രണ്ടുകയ്യും രാജീവന്‍റെ തലയില്‍ വെച്ചനുഗ്രഹിച്ചു. ശിഷ്യന്മാരോട് ഈ ലോഗോ ഉപയോഗിക്കാനും പറഞ്ഞു.
അവര്‍ക്കും ഇഷ്ടക്കേടോന്നും തോന്നിയില്ല. എല്ലാവരും രാജീവനെ അഭിനന്ദിച്ചു. ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മയെയും അച്ഛനെയും കൂട്ടി ചടങ്ങിനു വരണമെന്നും ഒരു സമ്മാനം ഉണ്ടെന്നും പറഞ്ഞു. സുഹൃത്തുക്കളെയും ഈ സന്തോഷവാര്‍ത്ത അറിയിച്ചു. അവരും അഭിനന്ദിച്ചു.
ആ ദിവസം ഇതാ വന്നെത്തിയിരിക്കുന്നു. രാജീവന്‍ അച്ഛനെയും അമ്മയെയും കൂട്ടി വളരെ നേരത്തെതന്നെ സ്ഥലത്തെത്തി. മുഖ്യാതിഥികള്‍ വന്നുതുടങ്ങി. ശിഷ്യന്മാരുടെ അകമ്പടിയോടെ എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ട് സ്വാമിജിയും വന്നെത്തി സ്റ്റേജില്‍ ഉപവിഷ്ടനായി. എല്ലാവരും വന്നെത്തിയശേഷം ഉദ്ഘാടനച്ചടങ്ങ്‌ തുടങ്ങി. ഭദ്രദീപം തെളിയിക്കലും പ്രമുഖരുടെ പ്രസംഗങ്ങളും ആശംസകളും അവസാനിച്ചു
‘ഇനി ഈ ചാനല്‍ ആരംഭിക്കാന്‍ ഇതിനു പിന്നില്‍ അഹോരാത്രം പ്രയത്നിച്ച വ്യക്തികള്‍ക്കു ള്ള പാരിതോഷികസമര്‍പ്പണമാണ്.’ സ്റ്റേജില്‍ നിന്നും അറിയിപ്പ് വന്നു. രാജീവന്‍റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അച്ഛന്റെയും അമ്മയുടെയും നടുക്കാണ് അയാള്‍ ഇരിക്കുന്നത്. അവരുടെ കൈകളില്‍ മുറുക്കിപ്പിടിച്ചു. ‘തന്‍റെ പേര് വിളിക്കുമ്പോള്‍ അവരെയും കൂടെകൊണ്ടുപോയി സ്വാമിജിയുടെ അനുഗ്രഹം വാങ്ങണം’, അയാള്‍ തീരുമാനിച്ചു.
ഓരോ സമ്മാനദാനം കഴിയുമ്പോഴും രാജീവന്‍ പ്രതീക്ഷിക്കും അടുത്തത് താനാകും. സീറ്റില്‍നിന്നും എഴുന്നേല്ക്കുന്നതും സ്വാമിജിയുടെ കയ്യില്‍ നിന്നും സമ്മാനം വാങ്ങുന്നതും അദ്ദേഹത്തിനെ കാല്തൊട്ടു വന്ദിക്കുന്നതുമെല്ലാം അയാള്‍ മനസ്സില്‍ കണ്ടു.
ക്ഷമ കെട്ടുതുടങ്ങിയപ്പോള്‍ അതാ ആ നിമിഷം വന്നു “ഒരു ടി വി ചാനലിന്‍റെ ഏറ്റവും പ്രാധാന്യമായ കാര്യങ്ങളില്‍ ഒന്ന് അതിന്റെ ലോഗോ ആണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ് നമ്മുടേത് എന്ന് പറയാന്‍ അതീവസന്തോഷമുണ്ട്. അതിനായി സ്വാമിജിയുടെ ശിഷ്യന്മാര്‍ എല്ലാവരുടെയും കൂട്ടായ ശ്രമമുണ്ടായിരുന്നു. എങ്കിലും അവരെക്കാള്‍ ഉപരിയായി ഇതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല, മലയാളച്ചലചിത്രലോകത്തെ പ്രമുഖസംവിധായകന്‍ മഹേന്ദ്രന്റെയും, പ്രമുഖമോഹിനിയാട്ടം നര്‍ത്തകി ചന്ദ്രികയുടെയും മകള്‍ ഗോപികയാണ്. അവരെ ഞാന്‍ അഭിമാനപൂര്‍വം വേദിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
രാജീവന്‍റെ കൂടിവന്ന ഹൃദയമിടിപ്പ്‌ നിലച്ചുവോ? അച്ഛനമ്മമാരുടെ കയ്യില്‍ മുറുക്കെപ്പിടിച്ചിരുന്നതുകൊണ്ട് താഴെ വീണില്ല. ഗോപിക സ്റ്റേജില്‍ കയറുന്നതും, സമ്മാനം മേടിക്കുന്നതുമെല്ലാം ഒരു ഞെട്ടലോടെ അയാള്‍ കണ്ടു. രണ്ടു കൈകള്‍ അയാളെ തഴുകി സാന്ത്വനിപ്പിക്കുന്നത് അയാള്‍ അറിഞ്ഞു – അച്ഛന്റെയും അമ്മയുടെയും. കുറച്ചുനിമിഷങ്ങള്‍ക്കു ശേഷം ഞെട്ടലൊക്കെ മാറിയപ്പോള്‍ രാജീവന്‍ സ്വാമിജിയെ നോക്കി.
അദ്ദേഹം കണ്ണടച്ചിരിക്കുകയാണ്.
ശിവദാസ്‌ കെ വി

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍
ഗോപാലകൃഷ്ണനും രാജശേഖരനും ചേട്ടാനുജന്മാരാണ്. മൂത്തവന്‍ ഗോപാലകൃഷ്ണന്‍ വിദ്യാഭ്യാസം കുറവാണ്. വയസ്സ് അന്പടതിലേറെ ആയിട്ടുണ്ടെങ്കിലും അവിവാഹിതന്‍. പെണ്ണ് കിട്ടാഞ്ഞിട്ടല്ല, ധാരാളം ആലോചനകള്‍ വന്നതാണ്, പക്ഷെ ആള്‍ക്ക് വേണമെന്ന് തോന്നിയില്ല. കൃഷിയിലും മറ്റുമാണ് താല്പര്യം. അതുകൊണ്ട് വേറെ ജോലിക്കൊന്നും ശ്രമിച്ചില്ല. അച്ഛനമ്മമാരെയും നോക്കി അല്പസ്വല്പം പറമ്പിലെ പണികളും നോക്കി സംതൃപ്തനായി കഴിഞ്ഞുകൂടുന്നു.
അനിയന്‍ രാജശേഖരന്‍. പഠിത്തം കഴിഞ്ഞ ഉടനെ ബോംബേയില്‍ നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി. മുപ്പതോളം വര്‍ഷമായി. വിവാഹിതന്‍, രണ്ടു കുട്ടികളുടെ അച്ഛന്‍. എല്ലാ വര്‍ഷവും മുടങ്ങാതെ കുടുംബസമേതം വീട്ടില്‍ വന്ന് രണ്ടാഴ്ചയെങ്കിലും താമസിക്കും. ചേട്ടനെ വളരെ ഇഷ്ടമാണ്. കുട്ടികള്‍ക്കും അങ്ങിനെ തന്നെ. ഗോപാലകൃഷ്ണനും കുട്ടികളെ പ്രാണനാണ്‌. പറമ്പില്‍ നിന്നും മാങ്ങയും ചക്കയും മറ്റും അവരെക്കൊണ്ടു കഴിപ്പിക്കാന്‍ വളരെ ഉത്സാഹമാണ്.
അങ്ങിനെയിരിക്കെ രാജശേഖരന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു. വരന്‍ ബോംബേയില്‍ തന്നെയുള്ള ആളാണ്‌. അയാളുടെ കുടുംബവും – കേരളത്തില്‍നീന്നാണെങ്കിലും – വളരെക്കാലമായി അവിടെ തന്നെയാണ് താമസം. അതുകൊണ്ട് വിവാഹം അവിടെവച്ച് തന്നെ മതിയെന്നാണ് തീരുമാനിച്ചത്.
രാജശേഖരന്‍റെ മകള്‍ക്ക് വലിയച്ഛന്‍ വരണമെന്ന് നിര്‍ബന്ധം. ഭാര്യക്കും മകനും അതുപോലെ തന്നെ. അയാള്‍ക്കും ചേട്ടന്‍ വരുന്നതില്‍ വളരെ സന്തോഷം തന്നെ. പക്ഷേ പ്രായമായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ വരാന്‍ പറയാനും ബുദ്ധിമുട്ട്.
അവസാനം രാജശേഖരന്‍ ഒരു പോംവഴി കണ്ടെത്തി. വിവാഹദിവസം അതിരാവിലെയും വൈകീട്ടും ഉള്ള ഫ്ലൈറ്റിന്‍റെ ടിക്കറ്റ്‌ അയച്ചുകൊടുക്കാം. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണവും കഴിച്ചു വൈകീട്ട് തന്നെ തിരിച്ചെത്താന്‍ പാകത്തിന്.
എല്ലാവരും കൂടി അങ്ങിനെ തീരുമാനിച്ച് ഗോപാലകൃഷ്ണനെ വിളിച്ചു വിവരം പറഞ്ഞു – തീര്‍ച്ചയായും വരണമെന്നും പറഞ്ഞു.
ഗോപാലകൃഷ്ണന്‍ പറഞ്ഞു – അവളുടെ കല്യാണത്തിന് പങ്കെടുക്കണമെന്ന് മോഹമൊക്കെയുണ്ട്. പക്ഷെ ഇത്രയും കാശൊക്കെ മുടക്കി അവിടം വരെ വരണ്ടേ, അതൊന്നും വേണ്ടടാ. സദ്യയില്‍ പങ്കെടുക്കണമെങ്കില്‍ നീ ഒരു കാര്യം ചെയ്യ്‌, അതിനുള്ള പണം എനിക്കയച്ചുതാ. കല്യാണദിവസം ഇവിടെ അടുത്തുള്ള ഏറ്റവും നല്ല ഹോട്ടലില്‍ നിന്ന് നല്ലൊരു സദ്യ ഉണ്ടോളാം, പോരെ?
.
ശിവദാസ്‌ കെ വി

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍
മകന്‍ ഗോപന്‍ പന്ത്രണ്ടാം ക്ലാസ്സില്‍ തോറ്റ് ഒരു പണിയും ചെയ്യാതെ “തേരാപാരാ” നടക്കുന്നത്കണ്ട് വിഷമിച്ചാണ് നാരായണന്‍മാഷ്‌ പട്ടണത്തിനടുത്ത് തന്നെ ഒരു സ്റ്റേഷനറി കട തുടങ്ങാനുള്ള ഏര്പ്പാപടുകള്‍ ചെയ്തുകൊടുത്തത്. നാട്ടിലെ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നതുകൊണ്ട് ശിഷ്യന്മാരിലൊരാളുടെ ഒരു കടമുറിയാണ് വലിയ വാടകയൊന്നും ചോദിക്കാതെ തന്നെ കിട്ടിയത്. ഗോപന്റെ അവസ്ഥയില്‍ സഹപാഠിയായ ആ ശിഷ്യനും വിഷമമുണ്ടായിരുന്നു. എങ്ങിനെയെങ്കിലും നേരെയാകട്ടെ എന്ന് അയാളും കരുതി.
കടയിലേക്ക് വേണ്ട സാധനങ്ങളെടുക്കാന്‍ നാരായണന്‍ ഗോപന്റെ കൂടെ പോയിരുന്നു. അല്പം ലാഭത്തിനു സാധനങ്ങളെല്ലാം കിട്ടിയിരുന്നു. അങ്ങിനെ നാലഞ്ചു പ്രാവശ്യം പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം കൂടെ പോകാതായി. ഗോപന്‍ തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവരും. കച്ചവടവും നഷ്ടമില്ലാതെ പോയിക്കൊണ്ടിരുന്നു. ഗോപന് നല്ല ഉത്സാഹമായി. മാഷ്ക്കും സമാധാനമായി, വെറുതെയിരിക്കാതെ ഒരു വരുമാനമാര്‍ഗ്ഗമായല്ലോ?.
അങ്ങിനെയിരിക്കെ ഗോപന്‍ ഒരു പ്രാവശ്യം ചരക്കെടുത്തുവരുമ്പോള്‍ തന്റെ കൃഷ്ണന്‍ എന്ന് പേരുള്ള പഴയ സഹപാഠിയെക്കണ്ടു ആളിപ്പോള്‍ ഗള്‍ഫിലാണ്. ലീവിന് നാട്ടില്‍ വന്നതാണ്. ഗോപന്‍ അയാളോട് കുശലങ്ങളെല്ലാം ചോദിച്ചു, തന്‍റെ കടയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതനുസരിച്ച് കൃഷ്ണന്‍ കടയിലേക്ക് വന്നു. കച്ചവടങ്ങല്‍ക്കിടയില്‍ കുശലപ്രശ്നവും മറ്റും നടന്നു.
കുറച്ചു ദിവസം കഴിഞ്ഞു കൃഷ്ണന്‍ വന്നപ്പോള്‍ വേറൊരു സഹപാഠി കൂടി ഉണ്ടായിരുന്നു. അങ്ങിനെ ദിവസങ്ങള്‍ പോയതോടെ കൂടെ പഠിച്ചവരുടെ എണ്ണം കൂടിക്കൂടിവന്നു കടയില്‍. നില്‍ക്കാന്‍ സ്ഥലമില്ലാതായി. ഗോപന്‍ ഒരു ബെഞ്ച്‌ വാങ്ങി എല്ലാവര്‍ക്കും ഇരിക്കാന്‍. പിന്നെപ്പിന്നെ ഗോപന്‍ കട തുറക്കുന്നതിനു മുന്‍പായി അഞ്ചാറുപേരുണ്ടാകും കടയുടെ മുന്‍പില്‍, കട തുറക്കുന്നതും കാത്ത്.
ക്രമേണ ആ കടയൊരു വെടിവട്ടത്തിനുള്ള സ്ഥലമായി. കച്ചവടവും വരവും കുറഞ്ഞു. എങ്കിലും ഗോപന് കടയില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. പൂട്ടി വരാന്‍ മടിയും.
ഈ വിവരമൊക്കെ നാരായണന്‍മാഷ്‌ അറിയുന്നുണ്ടായിരുന്നു. ഒരു ദിവസംകച്ചവടം എങ്ങിനെയുണ്ടെന്നറിയാന്‍ ഒരാളെ അദ്ദേഹം കടയിലേക്ക് വിട്ടു. അയാള്‍ കടയില്‍ചെന്നപ്പോള്‍ കുറെ പേരുണ്ട് എല്ലാവരും എന്തോ ചര്‍ച്ചയിലാണ്. അയാള്‍ അവിടെ ചെന്ന് കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഗോപന്‍ അല്പം വെറുപ്പോടെ അതെടുത്തു നോക്കി എന്നിട്ട് അലക്ഷ്യമായി പറഞ്ഞു – ഈ സാധനങ്ങളൊന്നും ഇവിടെയില്ലല്ലോ?
സാധനം വാങ്ങാന്‍ വന്നയാള്‍ ലിസ്റ്റില്‍ എഴുതിയ ഓരോ സാധനവും ഇരിക്കുന്ന സ്ഥലം കാണിച്ച്കൊടുത്തിട്ടു ചോദിച്ചു – “അതാ അവിടെയുണ്ടല്ലോ എല്ലാം. ഒന്നെടുത്തുതന്നുകൂടെ?”
അപ്പോള്‍ ഗോപന്‍റെ മറുപടി “ഞങ്ങള്‍ ഒരു കാര്യം ഗൌരവമായി സംസാരിക്കുന്നത് കണ്ടില്ലേ? അത് കഴിയാന്‍ കുറച്ചു നേരമെടുക്കും. അതുകഴിഞ്ഞ് ഇവിടെ നിന്നെണീട്ടുപോയി അതെല്ലാം എടുക്കുന്ന നേരം കൊണ്ട് നിങ്ങള്‍ വേറെ ഏതെങ്കിലും കടയില്‍ പോയി വാങ്ങിക്കൊള്ളൂ. സമയം കളയണ്ട."
ശിവദാസ്‌ കെ വി

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍
ധാരാളം ആളുകളുള്ള ഒരു തറവാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു മാധവന്‍. മുത്തച്ഛന്‍, മുത്തശ്ശി, അവരുടെ മക്കള്‍ - മാധവന്റെ അച്ഛനും അവരിലൊരാളാണ് – അവരുടെ മക്കള്‍, വിവാഹം കഴിച്ചു വന്നവര്‍ അങ്ങിനെ ഏകദേശം നാല്പതോളം പേരുണ്ടാകും സ്ഥിരമായി. പോരാതെ കാര്യസ്ഥന്മാര്‍, പുറംപണിക്കാര്‍ തുടങ്ങിയവര്‍ വേറെ. നിത്യേന വിരുന്നുകാരും ഉണ്ടാകും. ആകപ്പാടെ ഒരു കൊലാഹലമാണ്.
രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ ആണുങ്ങളെല്ലാം കൂടി ഉമ്മറത്തിരുന്നു വെടിവട്ടം തുടങ്ങുകയായി, സൂര്യന് കീഴെയുള്ള എന്ത് കാര്യവും ചര്‍ച്ചക്ക് വരും. സ്ത്രീകളാണെങ്കില്‍ അടുക്കളയിലും മിക്ക സമയവും – ഇത്രയും പേര്‍ക്ക് ഭക്ഷണം പാകമാക്കണ്ടേ?
കുട്ടികളുടെ കാര്യത്തില്‍ ആര്ക്കും ഒരു ശ്രദ്ധയോ വേവലാതിയോ ഇല്ല. രാവിലെ ഉണരുന്ന സമയത്ത് മാത്രമേ അവര്‍ അമ്മമാരെ കാണുകയുള്ളൂ. കുളിപ്പിക്കലും വേഷം കെട്ടിക്കലുമെല്ലാം ജോലിക്കാരുടെ പണിയാണ്. ഭക്ഷണം കഴിക്കുന്നത് കുട്ടികള്‍ ഒരുമിച്ചാണ്. അതിലും ആര്‍ക്കും ശ്രദ്ധയൊന്നുമില്ല. സ്കൂളിലേക്ക് പോകുന്നതും – അന്നൊക്കെ ഒരു സ്കൂള്‍ മാത്രമേയുള്ളൂ – ജോലിക്കാരുടെ അകമ്പടിയോടെ കൂട്ടത്തോടെയാണ്. തിരിച്ചു വരുന്നതും അങ്ങിനെ തന്നെ.
എല്ലാ കുട്ടികളും സ്കൂളില്‍ പോയികഴിഞ്ഞാല്‍ മാധവന്‍ ഒറ്റക്കായി. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ അഞ്ചു വയസ്സ്കാകഴിയും. അതു കഴിഞ്ഞാല്‍ പോകാമെന്നാണ് അറിഞ്ഞത്. അത്രയും ദിവസം കൂടി വെറുതേ ഇരിക്കണം, കളിക്കാന്‍ ആരും കൂട്ടില്ലാതെ ഒറ്റക്ക്.
അടുക്കളയില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അമ്മയുടെ അടുത്ത് പോകാന്‍ പറ്റില്ല. അച്ഛന്റെ അടുത്തും അങ്ങിനെ തന്നെ. മുതിര്ന്നവര്‍ സംസാരിക്കുന്നിടത്ത് കുട്ടികളെ കണ്ടാല്‍ ഓടിച്ചുവിടും കാര്‍ന്നോമ്മാര്.
മാധവന് അതൊക്കെ കാരണം പകല്‍ മുഴുവന്‍ ബോറടിയാണ്. കുറേ നേരം തോടിയിലിറങ്ങി നടക്കാം ധാരാളം പണിക്കാരുണ്ടവിടെ എന്നാല്‍ ഒറ്റക്ക് നടക്കാന്‍ പേടിയാണ് സര്‍പ്പക്കാവും കുളങ്ങളും ഒക്കെയുണ്ട്. മാത്രമല്ല ആരെങ്കിലും കണ്ടാല്‍ ചീത്ത പറയും – ചിലപ്പോള്‍ ചെറിയ അടിയും കിട്ടും.
പിന്നെ അകത്തു ജോലിക്കാരികള്‍ ഒരുമിച്ചുരുന്നു ഉച്ചയൂണിനുള്ള പച്ചക്കറികളും മറ്റും തയ്യാറാക്കുന്ന പുറത്തെ തളമാണ്. അവിടെയാകുമ്പോള്‍ ഒരു പ്രശ്നവുമില്ല. അഞ്ചാറു പേരുണ്ടാകും എല്ലാവരും ഒരുമിച്ചുരുന്നാണ് കഷണം നുറുക്ക്ന്നത്. ധാരാളം ആളുകളുള്ളത് കൊണ്ട് കുറച്ചൊന്നും പോരല്ലോ? എന്തെങ്കിലും നാട്ടുവര്‍ത്ത മാനം പറഞ്ഞുകൊണ്ടാകും ജോലി ചെയ്യുന്നത്. ചിലപ്പോള്‍ വീട്ടില്‍നിന്നും വരുമ്പോള്‍ കൊണ്ടുവന്ന മിട്ടായിയും എള്ളുണ്ടയും മറ്റും ആരും കാണാതെ ചിലര്‍ മാധവന് കൊടുക്കും. അതുകൊണ്ടെല്ലാം അവരുടെയിടയില്‍ പോയിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. അവന്‍ ഒന്നും മിണ്ടാതെ എല്ലാവരുടെയും വര്ത്ത മാനവും പ്രവൃത്തികളും ശ്രദ്ധിച്ചുകൊണ്ടിരിക്കും.
ഇങ്ങിനെ ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. മാധവനെ സ്കൂളില്‍ ചേര്‍ക്കാനുള്ള സമയമായി. മൂത്ത കുട്ടികളെ ട്യുഷന്‍ പഠിപ്പിക്കുന്ന പ്രായമായ അമ്മുടീച്ചറെ അവനെയും കുറച്ചു നേരം പഠിപ്പിക്കാന്‍ ഏര്പ്പാടാക്കി.. അവരെല്ലാം സ്കൂളില്‍ പോയികഴിഞ്ഞാല്‍ ആണ് സമയം.
ആദ്യത്തെ ദിവസം. അമ്മുടീച്ചര്‍ മാധവനെ പഠിപ്പിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ നല്ല ശ്രദ്ധയോടെ എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്‍ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമൊന്നും ടീച്ചര്‍ അത് കണ്ടില്ല. എന്തോ ചോദ്യത്തിന് മറുപടി കിട്ടാതെ വന്നപ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ അപ്പോഴും ആലോചനയിലാണ്. ടീച്ചര്‍ വിളിച്ചിട്ടും കേള്ക്കുയന്നില്ല. കുലുക്കി വിളിച്ച് അവര്‍ കാര്യം അന്വേഷിച്ചു.
മാധവന്‍റെ മറുപടി ഇങ്ങിനെ: “ഇപ്പോള്‍ പണിക്കാരികള്‍ ഊണിനുള്ള കഷണം നുറുക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ആരെങ്കിലും അവയില്നിുന്നും കട്ടുകൊണ്ടുപോകുമോ എന്നാലോചിച്ചിരുന്നതാണ്. ആ ജാനകിയില്ലേ അവര്‍ ഭയങ്കര കള്ളിയാണ്. ഞാന്‍ അവരെ ശ്രദ്ധിക്കാറുണ്ട്. ഇനി അത് പറ്റില്ലല്ലോ?”
ശിവദാസ് കെ വീ

മിടുക്കന്‍


മിടുക്കന്‍
പട്ടണത്തിനടുത്ത് ആയിരുന്നു രാജീവനും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ നാരായണന്‍, അമ്മ ദേവകി – രണ്ടു പേര്‍ക്കും എഴുപതിനു മുകളില്‍ പ്രായം. ഭാര്യ ഗായത്രി – അടുത്തൊരു സ്കൂളില്‍ പഠിപ്പിക്കുന്നു. രണ്ടു ആണ്മക്കള്‍ - വരുണും അരുണും. വരുണ്‍ മൂത്തത് – പത്താം ക്ലാസില്‍ പഠിക്കുന്നു. അരുണ്‍ എട്ടിലും.
രാജീവന്‍ ഇരുപതു വര്ഷത്തോളം പുറമെ ആയിരുന്നു. ആവശ്യത്തിനൊക്കെ സമ്പാദിച്ചു. പിന്നീട് അച്ഛനമ്മമാര്ക്ക് പ്രായമായപ്പോള്‍ ജോലി ഉപേക്ഷിച്ചു വന്നതാണ്. ഇപ്പോള്‍ വീട്ടില്‍ തന്നെ അല്പസ്വല്പം കൃഷിയും കച്ചവടവും നടത്തുന്നു. കടയിലെ കാര്യം അച്ഛനെയാണ് ഏല്പ്പിച്ചിരുക്കുന്നത്. കൃഷിക്ക് പുറമേ വീട്ടില്‍ കോഴി, താറാവ്, ആട് തുടങ്ങിയവയെയും വളര്‍ത്തുന്നുണ്ട്.
വരുണ്‍ പൊതുവേ വായനപ്രിയനാണ്‌. കഥകള്‍ ധാരാളം കേള്‍ക്കാന്‍ കുട്ടിക്കാലം മുതലേ ഇഷ്ടമുള്ളവനാണ്. കളിക്കാന്‍ പോകാന്‍ വലിയ താല്‍പര്യമില്ല. ഇപ്പോള്‍ പഠിക്കാനും ധാരാളമുള്ളതുകൊണ്ട് ഏത്‌ നേരവും വായനയും പഠിത്തവുമാണ്. അത്‌കൊണ്ട് തന്നെ ക്ലാസ്സില്‍ എപ്പോഴും ഒന്നാമനാണ്‌. അച്ഛനുമമ്മയും നിര്‍ബന്ധിച്ചു കളിക്കാന്‍ പറഞ്ഞുവിട്ടാലും അധികം താമസിയാതെ തിരിച്ചുവരും. മണ്ണില്‍ ഇറങ്ങുന്നത് തന്നെ അവനിഷ്ടമല്ല. അതുകൊണ്ടൊക്കെത്തന്നെ കൂട്ടുകാരും വളരെ കുറവാണ്.
എന്നാല്‍ അരുണ്‍ നേരെ തിരിച്ചാണ്. ഏതു സമയവും കളി, കളി തന്നെ. വീട്ടിലേക്കു വിളിച്ചുവരുത്തിയാലും അര മണിക്കൂറിനകം കാണാതാകും, അടുത്ത വീട്ടില്‍ കളിയ്ക്കാന്‍ പോയിട്ടുണ്ടാകും. വായന എന്ന് പറഞ്ഞാല്‍ തന്നെ ഒരുതരം അലര്‍ജിയാണ്. എന്നാല്‍ വായക്ക് എപ്പോഴും തിരക്കായിരിക്കും – എന്തെങ്കിലും തിന്നുകൊണ്ടിരിക്കണം. ഊണ് കഴിക്കാന്‍ നേരത്തൊന്നും അവനെ കണ്ടുകിട്ടുകയില്ല – വന്നാലോ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ നിന്ന് കഴിച്ചു എന്നും പറയും. വരുണിനെപറ്റി ആര്‍ക്കും ഒരു പരാതിയുമില്ല, എന്നാല്‍ അരുണിന്റെ കാര്യം അങ്ങിനെയല്ല, ദിവസവും എന്തെങ്കിലും കുഴപ്പം ഒപ്പിച്ചിട്ടുണ്ടാകും.
അങ്ങിനെയൊക്കെയാനെങ്കിലും കൂട്ടുകാര്ക്കും അയല്പക്കത്തുള്ളവര്ക്കും അവനെ പറ്റി വളരെ നല്ല അഭിപ്രായമാണ്. ആര്ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അരുണിനോട് പറഞ്ഞാല്‍ മതി, പഠിത്തംപോലും ഉപേക്ഷിച്ചു അവന്‍ അത് നടത്തിക്കൊടുക്കും. ഇങ്ങിനെയൊക്കെ ആണെങ്കിലും റാങ്ക് ലിസ്റ്റില്‍ ആദ്യത്തെ പത്തുപേരില്‍ അവനുണ്ടാകും. അല്പംകൂടി പരിശ്രമിച്ചാല്‍ ഒന്നാമനാകാം, പക്ഷെ അവനതിലൊന്നും വലിയ കാര്യമില്ല. ഗായത്രിക്കാണ് പരിഭവം. രാജീവനൊന്നും പറയാറില്ല. എന്തോ അവനെ നല്ല വിശ്വാസമാണ്
വീട്ടിലെ എല്ലാ കാര്യങ്ങളും, കടയില്‍ പോകുക, മരുന്ന് മേടിക്കുക, മുത്തച്ഛനെയും മറ്റും ഡോക്ടറെ കാണിക്കുക, അമ്പലത്തില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യമെല്ലാം ഒരു മുറുമുറുപ്പും കൂടാതെ, മാത്രമല്ല ഉത്സാഹത്തോടെ വേഗം തന്നെ അവന്‍ നടത്തിക്കൊടുക്കും.
രണ്ടാളെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ചേര്‍ത്തിരുന്നത്. . വരുണ്‍ ഇപ്പോഴും അവിടെത്തന്നെയാണ് പഠിക്കുന്നത്. എന്നാല്‍ അരുണിന്റെ പഠിത്തത്തിലെ ‘കേമത്തം’ കാരണം അവനെ ഗവണ്മെന്റ് സ്കൂളിലേക്ക് മാറ്റി. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകാന്‍ അവനു നല്ല മടിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്കൂളില്‍ പോകാന്‍ വളരെ ഉത്സാഹമാണ്. ഒരു സൈക്കിള്‍ കൂടി കിട്ടിയപ്പോള്‍ ആകെ ഉഷാര്‍.
വീട്ടിലെ ഒരു കാര്യത്തിലും വരുണ്‍ ഇടപെടാറില്ല. ആരും ഒന്നും പറയാറുമില്ല. അവന്‍ അവന്റെത്‌ മാത്രമായ ഒരു ലോകത്തിലായിരുന്നു. സ്കൂള്‍ വിട്ടു വന്നാല്‍ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകും. എല്ലായ്പ്പോഴും വായന മാത്രം. പക്ഷെ ഗായത്രിക്ക് പരിഭവമായിരുന്നു അവനെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കുന്നില്ല എന്ന്‍ പറയും. അതാരും പക്ഷെ ഗൌനിക്കാരില്ല
ഒരു ദിവസം രാജീവിന് കുറച്ചു താറാവുകുഞ്ഞുങ്ങളെ മേടിക്കണം എന്ന് തോന്നി. കുറച്ചടുത്തുള്ള ഗോവിന്ദേട്ടന്റെ വീട്ടില്‍ അവയെ വില്ക്കുന്നുണ്ടെന്നു അറിഞ്ഞു. അന്നാണെങ്കില്‍ അരുണ്‍ വീട്ടിലില്ല. അയല്ക്കാരെ ആരെയോ ആസ്പത്രിയില്‍ കൊണ്ട് പോയതാണ്. എപ്പോഴാണ് വരികയെന്നറിയില്ല.. രാജീവന് പോകാനും പറ്റാത്ത അവസ്ഥയായിരുന്നു. എന്ത് ചെയ്യും എന്നാലോചിചിരിക്കുമ്പോള്‍ ഗായത്രി പറഞ്ഞു: “നമുക്ക് വരുണിനെ വിടാം, അവനും ഇതൊക്കെ ശീലിക്കണ്ടേ?”
രാജീവനും അത്‌ കൊള്ളാമെന്നു തോന്നി വരുണിനെ വിളിച്ചു കാര്യം പറഞ്ഞു. “മോനെ, നമ്മുടെ ഗോവിന്ദേട്ടന്റെ വീട്ടില്‍ താരാവിന്കുഞ്ഞുങ്ങളെ വില്ക്കാനുണ്ടെന്ന് കേട്ടു. നീ പോയി ഒന്നന്വേഷിച്ചു വാ. ഉണ്ടെങ്കില്‍ ഒരെണ്ണത്തിനു എത്ര രൂപയാണെന്നും ചോദിക്കണം.
അവന്‍ ചോദിച്ചു “ഞാന്‍ തന്നെ പോണോ? അരുണ്‍ വന്ന ശേഷം പോരേ”
“അതിനവന്‍ സുഹൃത്തിനെയും കൊണ്ട് ആസ്പത്രിയില്‍ പോയതാണ് രാവിലെ തന്നെ. ചിലപ്പോള്‍ വളരെ നേരമെടുക്കും നീ തന്നെ ചെല്ല്” രാജീവന്‍ പറഞ്ഞു.
“ഇപ്പൊ തന്നെ പോണോ? നാളെയായാലും പോരേ” വരുണ്‍ തന്റെ മടി പ്രകടിപ്പിച്ചു.
“പോരാ, ഇപ്പോള്‍ തന്നെ പോകണം. നല്ലയിനം താറാവുകളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. വേഗം വിറ്റു പോകുന്നതിനു മുന്പ് പോയി അന്വേഷിച്ചു വാ. വേണമെങ്കില്‍ സൈക്കിള്‍ എടുത്തോ.”
എന്തോ മുറുമുറുത്തുകൊണ്ട് വരുണ്‍ മുറിയിലേക്ക് പോയി. പത്തു നിമിഷം കഴിഞ്ഞു നല്ല വൃത്തിയായി ഒരുങ്ങിവന്നു. അമ്മയെ ദയനീയമായി നോക്കി അവരുടെ മനസ്സലിയുമോ എന്നറിയാന്‍. ഗായത്രി ഒന്നും മിണ്ടിയില്ല. മനസ്സില്ലാമനസ്സോടെ വരുണ്‍ പതുക്കെ നടന്നുപോയി.
“അവനു സൈക്കിള്‍ എടുക്കാമായിരുന്നില്ലേ?” നാരായണന്‍ ചോദിച്ചു. “അതിനവനു സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലല്ലോ: രാജീവന്‍ പറഞ്ഞു
ഒരു പതിനഞ്ചു നിമിഷം കഴിഞ്ഞു വരുണ്‍ മടങ്ങിവന്നു രാജീവനോട് പറഞ്ഞു: ഗോവിന്ദേട്ടന്റെ വീട്ടില്‍ താറാവുണ്ട്. “ഒരെണ്ണത്തിനു ഇരുപതു രൂപയാണ്”.
“ഒരു ഇരുപതെണ്ണം വേണം. ഒരുമിച്ചെടുത്താല്‍ വില കുറച്ചു തരുമോ എന്ന് അയാളോട് ചോദിക്ക്.”
വരുണ്‍ വീണ്ടും പോയി. ആ നേരത്ത് ഗോവിന്ദേട്ടന്‍ ഊണ് കഴിക്കുകയായിരുന്നു. വരുണ്‍ കാത്തു നിന്നു, അര മണിക്കൂറോളം. കൈ കഴുകി പുറത്തു വന്ന ശേഷം വരുണ്‍ കാര്യം ചോദിച്ചു, മടങ്ങിവന്നു പറഞ്ഞു – ഇരുപതെണ്ണം ഒരുമിച്ചെടുത്താല്‍ രണ്ടെണ്ണത്തെ വെറുതെ തരാമെന്നാണ് പറഞ്ഞത്.
“വീട്ടില്‍ കൊണ്ട് തരുമോ അവയെ എന്ന് ചോദിച്ചുവാ”
അസഹ്യതയോടെ വരുണ്‍ പറഞ്ഞു “ഇനി ഒരഞ്ചു മിനിറ്റ് കഴിഞ്ഞു പോകാം അച്ഛാ”
വരുണിന്‍റെ ഭാഗ്യമെന്നു പറയട്ടെ അപ്പോഴെക്കും അരുണ്‍ എത്തി. വന്ന പാടെ രാജീവന്‍ അവനോടു കാര്യം പറഞ്ഞു. അവന്‍ ഉടന്‍ തന്നെ സൈക്കിള്‍ എടുത്തു പുറപ്പെട്ടു. ഗായത്രി അവനോട് പറഞ്ഞു, “എടാ നീ വല്ലതും കഴിച്ചിട്ട് പോ. അയാള്‍ ഉച്ചക്കൊന്നു കിടക്കാനുള്ള പുറപ്പാടിലായിരിക്കും.”
“വേണ്ടമ്മേ ഞാന്‍ വന്നിട്ട് കഴിച്ചോളാം. അയാള്‍ കിടക്കുന്നതിനു മുന്‍പ് പോയി കാണാം. ആട്ടെ, എത്രയെണ്ണം വേണം?”
“ഒരു ഇരുപതെണ്ണം” രാജീവന്‍ പറഞ്ഞു
ഒരഞ്ചു മിനിട്ടിനകം അവന്‍ തിരിച്ചുവന്നു പറഞ്ഞു “അച്ഛാ അവിടെ വളരെ നല്ലയിനം താറാവുകുഞ്ഞുങ്ങള്‍ ഉണ്ട്. വേഗം തന്നെ വാങ്ങിച്ചോളാന്‍ ഗോവിന്ദേട്ടന്‍ പറഞ്ഞു. വിവരം അറിഞ്ഞു ആളുകള്‍ വന്ന് തുടങ്ങിയിട്ടുണ്ടത്രേ. ഇരുപത് രൂപയാണ് വില ഒന്നിന്. ഇരുപത് എണ്ണം വാങ്ങിയാല്‍ രണ്ടെണ്ണത്തെ വെറുതെ തരുമത്രേ. അച്ഛന്‍ വേഗം തന്നെ നാനൂറു രൂപയും ഒരു വലിയ സഞ്ചിയും തരൂ. ഞാനിപ്പോള്‍ തന്നെ അവയെ കൊണ്ടുവരാം. ഗോവിന്ദേട്ടനോട് അതിനു ശേഷം കിടന്നാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. വിശപ്പുണ്ടെങ്കിലും അത് കഴിഞ്ഞു മതി ഊണ് എനിക്ക്"
അരുണ്‍ ഉടനെ തന്നെ പൈസയും വാങ്ങി അവിടേക്ക് പോയി, അല്പനിമിഷത്തിനുള്ളില്‍ ഇരുപത്തിരണ്ടു നല്ലയിനം താറാവുകുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്നു. വരുണിനും ആശ്വാസമായി. കാര്യം നടന്നല്ലോ. അവന്‍ മുറിയിലേക്ക് പോകാന്‍ ഒരുങ്ങി.
അപ്പോള്‍ മുത്തച്ഛന്‍ നാരായണന്‍ അവനോട പറഞ്ഞു – "കണ്ടോടാ നീ ഒരു മണിക്കൂറോളം നടന്നിട്ട് തീരാത്ത കാര്യം നിന്റെയ അനിയന്‍ പത്തു മിനിറ്റ്കൊണ്ട് നടത്തി വന്നുകഴിഞ്ഞു. പുസ്തകപ്പുഴുവായി അതിലെ വിജ്ഞാനം അറിഞ്ഞാല്‍ മാത്രം പോരാ, അതുകൊണ്ട് പരീക്ഷകളില്‍ മാത്രമേ വിജയിക്കുകയുള്ളൂ. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ലോകപരിചയം ഉണ്ടാകണം. അതിനു നീ പുറത്തിറങ്ങി ചുറ്റും നടക്കുന്നത് കണ്ടാലെ കാര്യമുള്ളൂ. മനസ്സിലായോ?"
മനസ്സിലായോ ആവോ. ഏതായാലും വരുണ്‍ തലയാട്ടി. എന്നിട്ട് വീണ്ടും മുറിയിലേക്ക് പോയി. രാജീവന്‍ ഭാര്യയോട് പറഞ്ഞു: ഇപ്പോള്‍ ഞാന്‍ അവനോട് ഒരു കാര്യവും ചെയ്യാന്‍ പറയാത്തതെന്താണെന്നു മനസ്സിലായോ?
ശിവദാസ് കെ വീ

ചേച്ചിയമ്മ


ചേച്ചിയമ്മ
പതിവില്ലാതെ തന്‍റെ മേശപ്പുറത്ത് ഒരു എഴുത്ത് കണ്ടപ്പോള്‍ മനോജ്‌ അത്ഭുതപ്പെട്ടു പോയി. വളരെക്കാലമായി ആരും കത്തയക്കാറില്ലല്ലോ. വീട്ടിലാര്‍ക്കും തന്നെ ഫോണ്‍ വന്നതില്‍പ്പിന്നെ കത്തയുക്കുന്ന സ്വഭാവം ഇല്ലല്ലോ.?
വീട്ടില്‍ നിന്നും ഉള്ള എഴുത്തല്ല, മനോജിനു മനസ്സിലായി. മാധവന്‍ എന്നാണ് അയച്ച ആളുടെ പേരെഴുതിയിരിക്കുന്നത്. അങ്ങിനെ ഒരാള്‍ ഉള്ളത് അച്ഛന്റെ അനുജനാണ്. .“ഇങ്ങിനെ ഒരു എഴുത്ത് നീ പ്രതീക്ഷിച്ചിരിക്കുകയില്ല എന്നറിയാം. മാത്രമല്ല ഫോണ്‍ വന്നതിനു ശേഷം ഈ രീതി തീരെ ഇല്ലല്ലോ. ഞാനും ഫോണ്‍ ചെയ്യാം എന്നാണ് ആദ്യം നിരീച്ചത്. പക്ഷെ ഇങ്ങിനെ ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം എന്ന് തോന്നി”
"നീ ഇതിനകം വിവരം അറിഞ്ഞിട്ടുണ്ടാകുമോ എന്നറിയില്ല. നിന്റെ ചേച്ചിയമ്മ – ഗോവിന്ദേട്ടന്റെ ഭാര്യ – കഴിഞ്ഞ ബുധനാഴ്ച അന്തരിച്ചു. കഴിഞ്ഞ പ്രാവശ്യം നീ വന്നപ്പോള്‍ ചെറുതായി ചുമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നല്ലോ, അത് ദിനം പ്രതി വര്ദ്ധിച്ചുവന്നു. അത് കാര്യമാക്കാതെ അവര്‍ ദിനചര്യകളൊക്കെ നടത്തിവന്നു. മരിക്കുന്നതിന്റെ തലേന്ന് കൂടി കുളിയും പ്രാര്ത്ഥനയും ചെയ്തിരുന്നു. ബുധനാഴ്ച വെളുപ്പിന് ഉറക്കത്തിലാണ് മരണമുണ്ടായത്. ഭാഗ്യത്തിന് മക്കളെല്ലാവരും അടുത്തുണ്ടായിരുന്നു. അന്ത്യകര്‍മങ്ങളെല്ലാം ഭംഗിയായി നടന്നു. ഈ ഞായറാഴ്ചയാണ് പുലവീടല്‍. എങ്ങിനെയെങ്കിലും വരാന്‍ ശ്രമിക്കണം. നിറുത്തുന്നു.” (ഈ കാര്യം മനോജിനോട് ഭാര്യ ഉഷ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ സമയക്കുറവുകാരണം വിശദമായി അറിയാന്‍ പറ്റിയിരുന്നില്ല)
ചേച്ചിയമ്മയെ മനോജ്‌ അഞ്ചു വയസ്സുള്ളപ്പോഴാണ് കാണുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു വിവാഹത്തിന് പോയപ്പോഴായിരുന്നു. അന്ന് തന്നെ അവര്ക്ക് ഒരന്‍പത് വയസ്സ് കാണും. അന്ന് തന്നെ രണ്ടാള്‍ക്കും ഒരടുപ്പം തോന്നിയിരുന്നു. സ്വന്തം മക്കള്ലോട് പോലും കാട്ടാത്ത വാത്സല്യം മനോജിനു കിട്ടിയിരുന്നു എന്ന്‍ അവരുടെ മക്കള്‍ അവനോട പറഞ്ഞിട്ടുണ്ട്.
ആ കാലത്തൊക്കെ അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്ര വളരെ ദുര്ഘ്ടം പിടിച്ചതായിരുന്നു, മനോജ്‌ ഓര്‍ത്തു. ഒരു കരിവണ്ടിയെ ഉള്ളൂ. പക്ഷെ അത് കിട്ടണമെങ്കില്‍ . അതിരാവിലെ തന്നെ പുറപ്പെടണം പക്ഷെ തറവാട്ടില്‍ എത്തുന്നതോ സന്ധ്യക്കും. അതിനിടയില്‍ ഷോര്ണൂരിലുള്ള ഒരു പതിവുകാരന്റെ ഹോട്ടലില്നിന്നും ഊണ് കഴിക്കാന്‍ മാത്രമേ അച്ഛന്‍ സമ്മതിച്ചിരുന്നുള്ളൂ. ഒരു കാപ്പി പോലുമില്ല. തറവാട്ടിലെത്തുമ്പോഴേക്കും ആകെ അവശനായി തീര്‍ന്നിരിക്കും.
മനോജ്‌ വരുന്ന ദിവസം നേരത്തേതന്നെ അച്ഛന്‍ അറിയിച്ചിട്ടുണ്ടാകും. അവര്‍ അവിടെ എത്തുന്നതും നോക്കി ചേച്ചിയമ്മ പൂമുഖത്തുതന്നെ നില്പുണ്ടാകും. എത്തിക്കഴിഞ്ഞാല്‍ അവനെ പിടിച്ചുകൊണ്ടുപോയി വയര്‍ നിറയെ ഭക്ഷണം കഴിപ്പിച്ചിട്ടേ എങ്ങോട്ടെങ്കിലും പോകാന്‍ അനുവദിക്കാറുള്ളൂ.
എന്നാല്‍ ഒരു പട്ടണത്തില്‍ ജീവിച്ചുവന്ന മനോജിനു ഗ്രാമപ്രദേശത്തുള്ള തറവാട്ടിലേക്ക് പോകാന്‍ മടിയായിരുന്നു. പകല്‍വെളിച്ചം പോലും മടിച്ചു മടിച്ചുവരുന്ന കെട്ടിടം ഒരു വീര്‍പ്പു മുട്ടലുണ്ടാക്കി അവന്റെ മനസ്സില്‍. മുറികള്‍ക്കകത്തു വവ്വാലുകളുടെ ബഹളം, അവയുടെ പറക്കലും ഒച്ചയും. ആളുകളെ കാണുന്നതു തന്നെ അപൂര്‍വ്വം.. കാണുന്നവരാകട്ടെ എല്ലാവരോടും – കുട്ടികളാണെങ്കില്‍ പോലും – വളരെ ബഹുമാനത്തോടെയെ പെരുമാറുകയുള്ളൂ.
നട്ടുച്ചയ്ക്ക് പോലും വെളിച്ചം കയറാത്ത തറവാട്ടില്‍ ഇരുട്ടിയാലുള്ള കാര്യം പറയേണ്ടതില്ലലോ? ആദ്യം പോയ സമയത്ത് കറന്റ് വന്നിട്ടുമുണ്ടായിരുന്നില്ല. കംമ്പിവിളക്ക് മാത്രമേയുള്ളൂ. അതിന്‍റെ മുന്പിലിരുന്നാണ് ഭക്ഷണവും മറ്റും. എന്തെങ്കിലും ഒരൊച്ച കേട്ടാല്‍ പോലും പേടിയാകും. അച്ഛനും മറ്റുള്ളവരും ഒരു കൂസലുമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ചേച്ചിയമ്മ ഇടയ്ക്കു പറയും “എത്ര ആളുകള്‍ പെരുമാറിയിരുന്ന സ്ഥലമായിരുന്നു ഇവിടെ. അദ്ദേഹത്തെ (വലിയച്ഛന്‍) കൂടാതെ അച്ഛനമ്മമാര്‍, അനുജന്മാര്‍. കൂട്ടുകാര്‍ അങ്ങിനെ എത്ര എത്ര പേര്‍! ഒരന്‍പതു പേരെങ്കിലും ദിവസവും ഉണ്ടാകും. ചില ദിവസങ്ങളില്‍ നൂറിലേറെ പേരെ സത്കരിചിട്ടുണ്ട് ഞാന്‍.”
"നിനക്ക് അതൊന്നും ഓര്‍മ ഉണ്ടാകില്ല. പക്ഷെ ന്‍റെചേട്ടന്‍ വിജയനോട് ചോദിച്ചു നോക്കൂ. അവന്‍റെ ഒഴിവുകാലം മുഴുവന്‍ ഇവിടെ ആയിരുന്നല്ലോ? രാവിലെ പ്രാതല്‍ കഴിച്ചുപോയാല്‍ പിന്നീട് വൈകീട്ടേ കാണുകയുള്ളൂ. ആ, അതെല്ലാം ഒരു കാലം”
മനോജ്‌ വലുതായപ്പോള്‍ ഏതെങ്കിലും ചടങ്ങിനുമാത്രം തറവാട്ടില്‍ പോകുക എന്നായി. പോയാല്‍തന്നെ രണ്ടുദിവസത്തില്‍ കൂടുതല്‍ നില്ക്കാ റില്ല. ചേച്ചിയമ്മയെ ഒന്ന് കണ്ടു എന്ന് വരുത്തും. അച്ഛന്‍ അവിടെ പോയി വരുമ്പോഴെല്ലാം അവരുടെ കാര്യം പറയും. ഇടയ്ക്കു ശാസിക്കുകയും ചെയ്യും “നിനക്കവിടെ വരെ ഒന്ന് പോയാല്‍ എന്താ? ഏടത്തി നിന്നെ കാണാതെ വിഷമിച്ചിരിക്കുകയാണ്”
അങ്ങിനെയിരിക്കെ പെട്ടെന്നൊരു ദിവസം തറവാട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ചേച്ചിയമ്മയുടെ മകന്‍ അപ്പുവേട്ടന്‍ ഉടന്‍ തന്നെ അവരുടെ മുന്‍പില്‍ കൊണ്ടുപോയി നിരുതിയിട്ടുചോടിച്ചു: “അമ്മക്ക് ഇതാരാണെന്ന് മനസ്സിലായോ?” ഒറ്റ നോട്ടത്തില്‍ത്തന്നെ അവര്‍ തിരിച്ചരിഞ്ഞു “ഇത് മനോജല്ലേ”? ഇത്ര വര്‍ഷം കഴിഞ്ഞതോന്നും അവര്ക്ക് പ്രശ്നമായിരുന്നില്ല. അവരുടെ സന്തോഷം കണ്ടപ്പോള്‍ മനോജിനു തോന്നി – വര്‍ഷ.ത്തില്‍ ഒരിക്കലെങ്കിലും അവിടെ ചെന്നു നില്‍ക്കേ ണ്ടതായിരുന്നു എന്ന്‍.
ചേച്ചിയമ്മ തറവാട്ടില്‍ വിവാഹിതയായി എത്തുമ്പോള്‍ മനോജിന്റെ അച്ഛനോഴികെ എല്ലാവരും ചെറിയ കുട്ടികളായിരുന്നു. വലിയച്ഛനും അച്ഛനും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരുടെയും കാര്യം ചേച്ചിയമ്മ നല്ല പോലെ നോക്കി. സ്വന്തം മക്കളുണ്ടായിട്ടും അതിനൊരു കുറവുമുണ്ടായില്ല. വലുതായപ്പോള്‍ എല്ലാവരും അടുത്തടുത്ത് വീടുകള്‍ വച്ച് കുടുംബമായി താമസിച്ചു തുടങ്ങി.
വലിയച്ഛനും മനോജിന്റെു അച്ഛനും തമ്മില്‍ വളരെ അടുപ്പമായിരുന്നു. തറവാടീലെ കാര്യങ്ങളെല്ലാം അച്ഛനാണ് നടത്തിയിരുന്നത്. ഒരു മാസത്തില്‍ പത്തു ദിവസം മാത്രമാണ് അച്ഛന്‍ സ്വന്തം മക്കളുടെയും ഭാര്യയുടെയം കൂടെ ചിലവഴിച്ചിരുന്ന്നത്. എന്നാല്‍ വലിയച്ഛന്‍ തറവാട്ടിന് പുറത്തേക്കു പുറത്തേക്കു പോയിട്ടുണ്ടോ എന്ന് സംശയമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം പറയുമായിരുന്നു: “അതെല്ലാം അനിയനോട് പറഞ്ഞാല്‍ മതി അയാള്‍ ശരിയാക്കിക്കൊള്ളും
ചേട്ടന്‍ മരിച്ചതറിഞ്ഞു തറവാട്ടില്ലെത്തിയ മനോജിന്‍റെ അച്ഛന്‍ ചേച്ചിയമയോദ് ചോദിച്ചുവത്രേ – “ എല്ലാ കാര്യത്തിനും എന്റെ സഹായം ആവശ്യമായിരുന്നല്ലോ. എന്താ ഇത് മാത്രം ഒറ്റക്കായത്? ഏട്ടന്‍ മരിക്കാന്‍ വല്ല സൂത്രവും കരുതിവച്ചിരുന്നോ?
പണ്ടത്തെ സ്ത്രീകളില്‍ നിന്ന് വ്യതസ്തമായി ആഭരണങ്ങള്‍ ധരിക്കുന്നതില്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല അവര്‍ക്ക്, മനോജ്‌ ഓര്‍ത്തു. വേണ്ടുവോളം കയ്യില്‍ ഉണ്ടായിരുന്നിട്ടും ഒരു താലിച്ചരട് മാത്രമേ കഴുത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഓരോ കയ്യിലും ഓരോ വളകളും.
കയ്യില്‍ ഒന്നില്‍ കൂടുതല്‍ വളകള്‍ ധരിക്കാതിരുന്നതിനു വേറെ കാരണം കൂടി ഉണ്ടായിരുന്നുവെന്നു മനോജ്‌ പിന്നീടാണ് മനസ്സിലാക്കിയത്. പണ്ട് തറവാട് നിന്ന സ്ഥലം ബകന്‍ എന്ന രാക്ഷസന്‍റെ ആവാസകേന്ദ്രമായിരുന്നത്രേ. സ്ത്രീകളുടെ കയ്യിലെ വളകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടാല്‍ അവിടെ മനുഷ്യരുണ്ടെന്ന് അവനു മനസ്സിലാകും. ഇതോഴിവാക്കനാനത്രേ ഒരു വള മാത്രം സ്ത്രീകള്‍ ധരിച്ചിരുന്നത്.
മനോജിന്റെ അച്ഛനും അമ്മയും കൂടി ഒരിക്കല്‍ തറവാട്ടിനടുത്തുതന്നെ താമസിക്കുന്ന ചെറിയമ്മയെ കാണാന്‍ പോയി. അമ്മക്കും അധികം ആഭരണങ്ങള്‍ ധരിക്കുന്നത് ഇഷ്ടമായിരുന്നില്ല., ചെറിയമ്മക്കാണെങ്കില്‍ മറിച്ചും, ഒടുവില്‍ ചേച്ചിയമ്മയുടെ കയ്യില്‍ നിന്നും കുറച്ചു വാങ്ങിയാണത്രേ അവിടെ പോയത്.
മനോജിന്റെന വിവാഹത്തിന് ചേച്ചിയമ്മ വന്നില്ല. അവര്‍ പറഞ്ഞു “വരണമെന്ന് നല്ല മോഹമുണ്ട്. പക്ഷെ ഇത്രയും ദൂരം വന്ന് കിടപ്പിലായാല്‍ എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷെ മനസ്സു കൊണ്ട് ഞാന്‍ അവിടെ ഉണ്ടാകും, തീര്ച്ചം”
വിവാഹശേഷം ഉഷയെയും കൂട്ടി മനോജ്‌ ആദ്യം പോയത് ചേച്ചിയമ്മയെ കാണാനാണ്. അവര്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കുറേനേരം ഉഷയെ അടുത്തുപിടിച്ചിരുത്തി കുശലങ്ങള്‍ ചോദിച്ചു. അവിടെനിന്നും വരുന്നവരെ അവര്‍ രണ്ടു പേരും ഒരുമിച്ചായിരുന്നു.
പിന്നെ ജോലിസ്ഥലത്ത്നിന്നും ലീവില്‍ വരുമ്പോഴെല്ലാം അവരെപോയി കാണുക പതിവാക്കി. ഓരോ തവണ കാണുമ്പോഴും പ്രായമേറി വരുന്നത് പ്രകടമായിരുന്നെങ്കിലം ഉന്മേഷത്തിനു യാതൊരു കുറവും തോന്നിയില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അവിടെപോയപ്പോള്‍ എന്തോ വലിയ വ്യത്യാസം തോന്നി. എന്തൊക്കെയോ പ്രശ്നങ്ങള്‍ അവരെ അല്ട്ടുന്നതുപോലെ. ഒന്നിനും ഒരു താല്പര്യമില്ലാത്തത് പോലെ. കുശലങ്ങള്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്.
മനോജിന്റെ അച്ഛന്‍ മരിച്ചശേഷം തറവാട്ടില്‍ പോയപ്പോള്‍ വളരെ വ്യസനത്തോടെ അവര്‍ പറഞ്ഞു:”താഴെയുള്ളവര്‍ ഓരോരുത്തരായി ഇങ്ങിനെ പോകുന്നു. ഇതെല്ലാം കാണാന്‍ ഞാന്‍ എന്തപരാധമാണോ ചെയ്തത്. വേറെ അനുജന്മാര്‍ ഇതിനുമുന്പ് മരിച്ചിരുന്നെങ്കിലും അച്ഛന്റെ വേര്‍പാട് വളരെ ദു:ഖിപ്പിച്ചിരുന്നു.
മനോജിന്റെ അച്ചന്‍റെ മരണശേഷം എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ അവിടെ ഉണ്ടായിരുന്നത്രേ. ചേച്ചിയമ്മയുടെ മക്കളും മരുമക്കളും തമ്മില്‍ എന്തോ ഉരസല്‍. ഇതുവരെ ഇതൊന്നും കണ്ടുശീലിക്കാത്ത അവര്ക്ക് ഇതൊരു വലിയ ഞെട്ടല്‍ തന്നെ ആയിരുന്നു.
ഈ സംഭവങ്ങളെല്ലാം മനോജ് മനസ്സിലാക്കിയത്ചേട്ടനില്‍ നിന്നാണ് . ഒരു ദിവസം തറവാട്ടില്‍ പോയ ചേട്ടനോട് എല്ലാ വിഷമങ്ങളും പറഞ്ഞു കുറെ നേരം കരഞ്ഞുവത്രേ.
അവരുടെ ഈ ആധിയാണ് അന്ത്യത്തിനു വഴിയൊരുക്കിയതെന്നു മനോജിനു തോന്നി. സന്തോഷത്തോടെ ആയിരുന്നെങ്കില്‍ കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു, അതിനുള്ള ആരോഗ്യം അവര്ക്കു ണ്ടായിരുന്നു. ഏതായാലും അവരും യാത്രയായി. സുഖവും ദു:ഖവും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്.

By
Sivadasan Thampuran

ശിഷ്യന്‍


ശിഷ്യന്‍
ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു ശങ്കരന്‍. പഠിക്കാന്‍ തീരെ മോശം. ഒന്നും തലയില്‍ കേറുകയില്ല. എല്ലാവരെയും വിജയിപ്പിക്കണം എന്നാ നയം ഉള്ളതുകൊണ്ട് ഏഴാം ക്ലാസ് വരെ എത്തി. ഒരു ദിവസം കണക്കുമാഷ്‌ എന്തോ ഒരു ചോദ്യം ചോദിച്ചു – തീരെ ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും എളുപ്പമായത്‌. ശങ്കരന്‍ ഒന്നും പറയാതെ മിഴിച്ചു നിന്നു.
മാഷിനു കലശലായ ദ്വേഷ്യവും സങ്കടവും വന്നു. അദ്ദേഹം ശങ്കരനെ കണക്കറ്റു ചീത്ത പറഞ്ഞു. അവസാനം ശങ്കരനോട് പറഞ്ഞു: “ഇവിടെ വന്നിരുന്നു സമയം കളയാതെ വല്ല കിണറ്റിലും പോയി ചാടിക്കൂടെ”. എന്തോ, അദ്ദേഹത്തിന് അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്.
ഉച്ചഭക്ഷണത്തിന്റെ സമയമായി. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയം. പെട്ടെന്ന് ‘ബ്ലും’ എന്നൊരു ശബ്ദം. കേട്ട പാടെ പലരും പുറത്തേക്കോടി. എവിടെ നിന്നാണ് ആ ശബ്ദം കേട്ടതെന്നു തിരഞ്ഞു തുടങ്ങി. ഒരുത്തന്‍ വെറുതെ സ്കൂളിന്റെ നടുക്കുള്ള വലിയ ആഴമുള്ള കിണറ്റിലും വെറുതെ ഒന്ന് നോക്കി.
അപ്പോളതാ നമ്മുടെ ശങ്കരന്‍ കിണറ്റില്‍. ഒരു വള്ളിയില്‍ പിടിച്ചുതൂങ്ങി കിടക്കുകയാണ്. വിവരമറിഞ്ഞ് ഹെഡ്മാസ്റ്ററും മറ്റെല്ലാവരും ഓടിയെത്തി. കൂട്ടത്തില്‍ കണക്കുമാഷും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആകെ പരിഭ്രമമായി. ബുദ്ധിയില്ലെങ്കിലും ഇത്ര അനുസരണയുള്ള പയ്യന്‍ ആകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.
മറ്റുള്ള സാറന്മാരെല്ലാം ശങ്കരനെ അനുനയിപ്പിച്ചു മുകളില്‍ കയറ്റാന്‍ കുറെ ശ്രമിച്ചു കൊണ്ടിരുന്നു – പക്ഷെ അവന്‍ അതൊന്നും കേള്‍ക്കുന്ന ഭാവമില്ല.
ഏകദേശം അര മണിക്കൂറായി – ഉച്ച കഴിഞ്ഞു ക്ലാസ് തുടങ്ങേണ്ട സമയമായി. എന്നിട്ടും എല്ലാവരും കിണറ്റിനു ചുറ്റും തന്നെ. ശങ്കരന്‍ കിണറ്റിലും.കുറച്ചു കഴിഞ്ഞപ്പോള്‍ കണക്കുമാഷിന്റെ പരിഭ്രമം കുറഞ്ഞു. അദ്ദേഹം അവനോടു പറഞ്ഞു: മോനെ ശങ്കരാ, നീ ഇത്രയും അനുസരണ ഉള്ള പയ്യന്‍ ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ. അപ്പൊ അങ്ങിനെ പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി ഞാനെന്നല്ല, ഒരു സാറും ഒരു ചോദ്യം പോലും ചോദിക്കില്ല. സമാധാനമായില്ലേ, ഇനി മോളിലേക്ക് കേറി വാ.
ഇത് കേട്ടപ്പോള്‍ ശങ്കരന്റെ മുഖഭാവം മാറി. പതുക്കെ മുകളിലേക്ക് കയറി.
അതോടെ എല്ലാവര്‍ക്കും ആശ്വാസമായി
ശിവദാസ് കെ വി

അച്ഛനും മക്കളും


അച്ഛനും മക്കളും
രോഗശയ്യയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. മരണം അടുത്തു. മക്കളും മരുമക്കളും ചുറ്റും കൂടി നില്ക്കുന്നുണ്ട്. അദ്ദേഹം അധികവും മയക്കത്തിലാണ്. എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. ഓര്‍മ പോയിട്ടില്ല. ഇടയ്ക്കു എന്തൊക്കെയോ പുലമ്പും. പക്ഷെ സംസാരിക്കുന്നതിനു അല്പം പ്രയാസമുണ്ട്. പഴയ കാര്യങ്ങളാണ് അധികവും പറയുന്നത്.
ഇടയ്ക്കു മയക്കത്തില്‍നിന്ന്‍ ഉണര്‍ന്നപ്പോള്‍ മക്കളെ എല്ലാവരെയും അടുത്ത് വിളിച്ചിട്ട് പറഞ്ഞു: “മക്കളെ, അച്ഛന്‍ വിഷമത്തിലായിരുന്നപ്പോള്‍ കുറച്ചു പേരുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിച്ചിട്ടുണ്ട്. അതെല്ലാം എഴുതി വെച്ചിട്ടുണ്ട് പുസ്തകത്തില്‍. എന്റെ പൊന്നു മക്കള്‍ അതെല്ലാം വീട്ടണം കേട്ടോ.”
മൂത്ത മകന്‍ പറഞ്ഞു “ഈ അച്ഛന് ഒരു ഓര്‍മയും ഇല്ല. എന്തൊക്കെയോ പുലമ്പുകയാണ്.”
കുറച്ചു കഴിഞ്ഞു വൃദ്ധന്‍ വീണ്ടും മയക്കത്തില്‍ നിന്നുണര്‍ന്നു . മക്കളോട് പറഞ്ഞു “എന്റെ കയ്യില്‍ നിന്ന് കുറച്ചു പേര്‍ കടം വാങ്ങിച്ചിട്ടുണ്ട്. അതെല്ലാം പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. മക്കള്‍ മറക്കാതെ അതെല്ലാം ചോദിച്ചു വാങ്ങണം”
അത് കേട്ടു മകള്‍ പറഞ്ഞു “അച്ഛന് മുഴുവന്‍ ബോധം പോയിട്ടില്ല. ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് കേട്ടോ”
ശിവദാസ്‌ കെ വീ

ഹെല്‍മെറ്റ്‌


ഹെല്‍മെറ്റ്‌
ഈ പറയാന്‍ പോകുന്നത് ഏകദേശം മുപ്പതു വര്‍ഷത്തിനപ്പുറം നടന്ന ഒരു സംഭവമാണ്.
ശ്രീ രവീന്ദ്രന്‍ - ഏകദേശം നാല്പതോളം വയസ്സ്. ഒരു ഗവണ്മെന്‍റ് ഓഫീസില്‍ ജോലി. എല്ലാവര്‍ക്കും സുപരിചിതന്‍. സന്തതസഹചാരിയായി ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള ഒരു സ്കൂട്ടര്‍ ഉണ്ട്. ജോലി കിട്ടിയപ്പോള്‍ വാങ്ങിയതാണ്. അതിപ്പോഴും പോന്നു പോലെ സൂക്ഷിക്കുന്നു. വണ്ടി കണ്ടാല്‍ ഇത്ര വര്‍ഷം പഴക്കം ഉണ്ട് എന്നാരും പറയുകയില്ല.
എപ്പോള്‍ വണ്ടി എടുക്കുമ്പോഴും ഹെല്‍മെറ്റു വച്ചേ ഓടിക്കൂ – എത്ര കുറച്ചു ദൂരമായാല്‍ പോലും – അത് നിര്ബന്ധമാണ്. ഓഫീസില്‍ വന്നാല്‍ അത് മേശപ്പുറത്ത് ഊരി വയ്ക്കും. പിന്നെ പോകുമ്പോള്‍ മാത്രമേ അത് അവിടെനിന്നും അനങ്ങൂ. ഇടയ്ക്കു പുറത്തു പോകേണ്ട ആവശ്യവും ഉണ്ടാകാറില്ല. ആള്‍ സ്ഥലത്തുണ്ടോ എന്നറിയാന്‍ ഹെല്‍മെറ്റ് നോക്കിയാല്‍ മതി.
ഒരു ദിവസം ഓഫീസിലെ മാനേജര്‍ക്ക് ഉച്ചയോടെ ഒരു ഫോണ്‍: “സര്‍. ശ്രീ രവീന്ദ്രന്‍ എന്നയാള്‍ നിങ്ങളുടെ ഓഫീസില്‍ ആണോ ജോലി ചെയ്യുന്നത്? അദ്ദേഹം....”
“അതേ, ഇവിടെയാണ്‌ ജോലി ചെയ്യുന്നത്. ആള്‍ ഇവിടെ തന്നെ ഉണ്ടല്ലോ” മാനേജര്‍ പറഞ്ഞു.
അപ്പുറത്തു നിന്ന് “ഇല്ല സര്‍, അദ്ദേഹത്തിന് ഒരു അപകടം പറ്റി അടുത്തുള്ള ആശുപത്രിയില്‍ ആണ്.”
മാനേജര്‍ രവീന്ദ്രന്റെ സീറ്റിലേക്ക് നോക്കി – ഹെല്‍മെറ്റ് അവിടെത്തന്നെയുണ്ട്. “രവീന്ദ്രന്‍ ആവില്ല വേറെ ആരെങ്കിലും ആകും കാരണം അദ്ദേഹത്തിന്റെ ഹെല്‍മെറ്റ് ഇവിടെയുണ്ടല്ലോ അത് ധരിക്കാതെ ആളെങ്ങോട്ടും പോകാറില്ല.”
“ഒന്ന് കൂടി നോക്കു സര്‍, ഞാന്‍ ആളുടെ ഐഡന്റ്റിറ്റി കാര്ഡ് കണ്ടിട്ടാണ് വിളിക്കുന്നത്.”
മാനേജര്‍ ഒന്ന് പരിഭ്രമിച്ചു എങ്കിലും വിശ്വാസം വരാതെ പ്യൂണിനെ വിളിച്ചു അവിടെയൊക്കെ നോക്കാന്‍ പറഞ്ഞു. അയാള്‍ അവിടെയൊക്കെ നോക്കി ഇല്ലെന്നു മറുപടി പറഞ്ഞു. പുറത്തു നില്ക്കുന്ന വാച്ച്മാനോട് ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു “രവീന്ദ്രന്‍സര്‍ ഒരു പത്തു മിനുട്ട് മുന്പ് അല്പം ധൃതിയില്‍ എങ്ങോട്ടോ് പോകുന്നത് കണ്ടു – ഹെല്മെ്റ്റ്‌ എടുക്കാതെ എങ്ങോട്ടാണെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു “ഇവിടെ അടുത്ത് തന്നെയാണ് പോകുന്നത്, ഇപ്പോള്‍ തന്നെ തിരിച്ചു വരും എന്ന്’. വേഗത്തില്‍ പോകുകയും ചെയ്തു – എന്താ സര്‍, എന്താ പ്രശ്നം?"
ഉടനെ തന്നെ മാനേജര്‍ വേറെ രണ്ടു പേരോടൊപ്പം നേരത്തെ പറഞ്ഞ ആശുപത്രിയിലെത്തി വിവരം അന്വേഷിച്ചു. അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഒരു ചെറിയ അപകടമുണ്ടായി ഇദ്ദേഹത്തിന്റെ സ്കൂട്ടര്‍ ഒരു ലോറിയില്‍ ഉരസി – വണ്ടി മറിഞ്ഞു ഇദ്ദേഹം അല്പം തെറിച്ചു വീണു കല്ലിന്മേല്‍ തലയിടിച്ചാണ് വീണത്. ഉടനെ തന്നെ ഇവിടെ എത്തിച്ചെങ്കിലും ഒന്നും ചെയ്യാന്‍ പറ്റിയില്ല – തലച്ചോറിനകത്ത് മുറിവ് ഉണ്ടായിക്കാണണം”
എല്ലാവരും സ്തബ്ധരായി ഇരുന്നുപോയി. ആദ്യമായിട്ടാണ് രവീന്ദ്രന്‍ ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിക്കുന്നത്. അത് അവസാനത്തെതുമായി.
ഇതാണോ “മരണം വാതില്‍ക്കാലൊരു നാള്‍, മഞ്ചലുമായ് വന്ന് നില്ക്കു മ്പോള്‍” എന്ന് കവി പറഞ്ഞത്?
ശിവദാസ് കെ വീ

ഗുരു


ഗുരു
ഒരു ബ്രഹ്മചാരി. ഗുരുകുലവിദ്യാഭ്യാസമൊക്കെ കഴിഞ്ഞ കാലം. പഠിച്ചത് പോര, ഇനിയും കൂടുതല്‍ അറിയണമെന്ന ആഗ്രഹം. (അല്പം അഹങ്കാരവുമുണ്ട്) അതിനായി പൂര്‍ണനായ ഒരു ഗുരുവിനെ കിട്ടണം അതിനുള്ള അന്വേഷണത്തിലാണ്. പല ദേശങ്ങളിലും യാത്ര ചെയ്തു, പലരെയും കണ്ടുമുട്ടി. പക്ഷേ അവരെയൊന്നും അയാള്ക്ക് ബോധിച്ചില്ല. തന്‍റെപോലെ അത്രയും പ്രഗത്ഭനായ ഒരു ആളെ പഠിപ്പിക്കാനുള്ള അവഗാഹം ഒന്നും ആരിലും അയാള്‍ കണ്ടില്ല. അങ്ങിനെ കുറെ വര്‍ഷഅങ്ങള്‍ അയാള്‍ അലഞ്ഞു തിരിഞ്ഞു.
ഒരിക്കല്‍ ഹിമാലയസാനുക്കളില്‍ സഞ്ചരിക്കുമ്പോള്‍ അയാള്‍ ഒരു യോഗിയെ കണ്ടുമുട്ടി – കഠിനതപം ചെയ്ത് ദേഹമൊക്കെ ശോഷിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നല്ല തേജസ്‌. ഒരു തരം മാസ്മരികത അയാള്‍ക്ക്അ നുഭവപ്പെട്ടു. ഇദ്ദേഹം തന്നെ പറ്റിയ ഗുരു എന്ന് ഉറച്ചുകൊണ്ട് ആ യോഗിയെ വണങ്ങിനിന്നു. ധ്യാനത്തില്‍ നിന്നും ഉണര്‍ന്ന യോഗി അയാളോട് വരവിന്‍റെ ഉദ്ദേശത്തെ പറ്റി ചോദിച്ചു. അയാള്‍ വിവരമെല്ലാം പറഞ്ഞു: പ്രാഥമിക വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു കൂടുതല്‍ പഠിക്കുവാനായി പറ്റിയ ഒരു ഗുരുവിനെ തേടിക്കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി. താങ്കളെ കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. ദയവായി എന്നെ അങ്ങയുടെ ശിഷ്യനായി സ്വീകരിക്കണം.”
“ശരി, ഞാന്‍ ഒന്ന് നോക്കട്ടെ” യോഗി പറഞ്ഞു. അദ്ദേഹം കുറെ ചോദ്യങ്ങളൊക്കെ ചോദിച്ചു – മിക്കതിനും അയാള്‍ മറുപടി പറഞ്ഞു. അത് കഴിഞ്ഞു യോഗി വീണ്ടും ധ്യാനത്തില്‍ മുഴുകി. “തന്നെ സ്വീകരിക്കും, തീര്‍ച്ച” അയാള്‍ തീരുമാനിച്ചു.
അല്പനേരം കഴിഞ്ഞു ധ്യാനത്തില്‍ നിന്നുണര്‍ന്ന യോഗി . അയാളോട് പറഞ്ഞു: “നിങ്ങള്‍ എല്ലാത്തിനും മറുപടി പറഞ്ഞു, അതില്‍ ഞാന്‍ സംതൃപ്തനാണ്. പക്ഷെ, നിങ്ങളെ ശിഷ്യനായി സ്വീകരിക്കാന്‍ എനിക്ക് നിവൃത്തിയില്ല. എന്‍റെ അറിവെല്ലാം പറഞ്ഞുകൊടുക്കാന്‍ യോഗ്യനായ ഒരു ശിഷ്യനെ കുറെക്കാലമായി ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആ യോഗ്യത ഞാന്‍ താങ്കളില്‍ കാണുന്നില്ല. അതുകൊണ്ട് വേറെ എവിടെയെങ്കിലും അന്വേഷിച്ചുകൊള്ളൂ”
ശിവദാസ് കെ വി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo