ഓര്‍മ്മകള്‍
ഏകദേശം മുപ്പത്തിഅഞ്ചു വര്‍ഷം മുനപുള്ള എറണാകുളം എം.ജി. റോഡ്. അന്ന് ഞാന്‍ മഹാരാജാസ് കോളേജ് ഗ്രൌണ്ടിനടുത്തുള്ള ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. വാഹനങ്ങള്‍ ഇത്രയധികം ഇല്ലായിരുന്നെങ്കിലും സാമാന്യം നല്ല തിരക്കുണ്ട്. ജങ്ക്ഷന്റെ ഒരു മൂലയില്‍ ഒരു തമിഴനും അയാളുടെ ഭാര്യയും ഒരു കുട്ടിയും രാവിലെയായാല്‍ വരും. ചെരുപ്പ്, കുട മുതലായവ നന്നാക്കുകയാണ് ജോലി.
തമിഴന്‍ കുറച്ചുകഴിഞ്ഞാല്‍ വേറെ ഏതെങ്കിലും പണിക്കായി പോകും. തമിഴത്തിയും നാല് വയസ്സായ ആണ്കുുട്ടിയും മാത്രമേ ഉണ്ടാകൂ. കുട്ടി ഓടിപ്പോകാതിരിക്കാന്‍ നീളമുള്ള ചരടുകൊണ്ട് ഒരു ബാറില്‍ കെട്ടിയിടും – വഴിയിലേക്കൊടിപ്പോയി വല്ല വണ്ടിക്കടിയിലും പെടാതിരിക്കാന്‍ വേണ്ടിയാണത്.
ആ സ്ത്രീക്ക് എപ്പോഴും എന്തെങ്കിലും പണി കിട്ടിക്കൊണ്ടിരിക്കും. അതിനോടൊപ്പം തന്നെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയും ചെയ്യും – വഴിയില്‍ പോകുന്ന മിക്ക ആളുകളെയും അവര്‍ക്ക് പരിചയമാണ്. അവരോടെല്ലാം എന്തെങ്കിലും കുശലം പറയാതെ വിടില്ല – പണിക്കിടയില്‍ തന്നെ.
എന്റെ കൂടെ തമിഴ് അറിയുന്ന ഒരു സ്ത്രീ –ബീന- ഉണ്ടായിരുന്നു. അവര്‍ ഈ സ്ത്രീയുമായി അടുപ്പത്തിലായി. അവരുടെ നാട് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണെന്നും ഏറണാകുളത്തു വന്നിട്ട് അഞ്ചു വര്‍ഷത്തോളമായെന്നും മനസ്സിലാക്കി. ഇടയ്ക്ക് അവര്‍ നാട്ടില്‍ പോകും. പിന്നെ രണ്ടുമൂന്നു മാസം കഴിഞ്ഞേ വരൂ. ബന്ധുക്കളൊക്കെയുണ്ട് അവിടെ
ആ വര്‍ഷവും പതിവുപോലെ അവര്‍ മഴക്കാലത്ത് നാട്ടില്‍ പോയി. തിരിച്ചുവന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു മൂന്നു മാസമുള്ള കുട്ടി കൂടി! അവരവിടെ തുണി കൊണ്ട് തൊട്ടില്‍ ഉണ്ടാക്കി മരത്തില്‍ കെട്ടി കിടത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അത്ഭുതമായി പോകുമ്പോള്‍ അവരേ കണ്ടാല്‍ ലക്ഷണമൊന്നും തോന്നിയിരിന്നില്ല. പിന്നെങ്ങിനെ പെട്ടെന്നൊരു കുട്ടിയുണ്ടായി?
ഒരു ദിവസം ബീന അവരോടെ കാര്യം തിരക്കി. അവര്‍ പറഞ്ഞുവത്രേ: തീവണ്ടിയില്‍ വച്ച് അവര്‍ വേറൊരു നാടോടിയെ കണ്ടുമുട്ടി. കയ്യില്‍ ഈ കുട്ടിയുമുണ്ട്. പതിവുപോലെ അവളുമായി സംസാരം തുടങ്ങി. ഏതോ ഒരാള്‍ അവളെ പ്രേമം നടിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞുവത്രേ. വീട്ടുകാരും നാട്ടുകാരും അവളെ നേരത്തേതന്നെഉപേക്ഷിച്ചിരുന്നു. എങ്കിലും അവളുടെ അവസ്ഥ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ തിരിച്ചെടുക്കാന്‍ തയ്യാറായി. ഒരു കാര്യം മാത്രം വയറ്റില്‍ വളരുന്ന കുട്ടിയെ ഇല്ലാതാക്കണം. പക്ഷെ അതിനവള്‍ക്ക് മനസ്സ് വന്നില്ല.
അങ്ങിനെ ആരോരുമില്ലാതെ അവള്‍ ആ കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ പ്രസവിച്ചുകഴിഞ്ഞപ്പോളാണ് വളര്‍ത്താനുള്ള ബുദ്ധിമുട്ട് മനസ്സിലായത്. അത്കൊണ്ട് അവളെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവത്രേ.’
തമിഴത്തിക്ക് ഇതുകേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ പറഞ്ഞു ‘മോളവളെ അങ്ങിനെ ഉപേക്ഷിക്കല്ലേ. വേണ്ടെന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്. ഞാനവളെ മകളായി വളര്‍ത്തിക്കൊള്ളാം’ എന്ന്. അവള്‍ ഒരു മടിയും കൂടാതെ ആ കുട്ടിയെ കൊടുത്തു. അവരതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ആ കുട്ടിയാണ് തൊട്ടിലില്‍ കിടക്കുന്നത്
ശിവദാസ് കെ വി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക