നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞിപ്പെണ്ണ്...

കുഞ്ഞിപ്പെണ്ണ്...
"എടീ കുഞ്ഞിപ്പെണ്ണേ നീയിതു വരെ ഒരുങ്ങിയില്ലേ ഓടി വാടീ ...എന്റെ ബസ് പോകും"
ശോച്ചിയുടെ ഉറക്കെയു ളള വിളി കേട്ട് പെട്ടിയുമെടുത്ത് കുഞ്ഞിപ്പെണ്ണ് ചാടിയിറങ്ങി...
"അമ്മേ ഞാൻ പോകുവാണേ... "
അവൾ ഉറക്കെ വിളിച്ചു പറഞ്ഞു .
രണ്ടാം ക്ലാസിലാണ് കുഞ്ഞിപ്പെണ്ണ് പഠിക്കുന്നത് ... അവളെന്നും ശോച്ചിയുടെ കൂടെയാണ് സ്കൂളിൽ പോകുന്നത്..
..കുഞ്ഞിപ്പെണ്ണിന്റെ അപ്പച്ചിയുടെ മകളാണ് ശോഭ... ശോഭ ചേച്ചി വിളി എന്ന വിളി ശോഷിച്ച് "ശോച്ചി "
എന്നായി...
കടത്ത് കടന്ന് വേണം സ്കൂളിൽ പോകാൻ ... കുഞ്ഞിപ്പെണ്ണിനെ റോഡ് കടത്തിവിട്ട് സ്കൂളിൽ ആക്കിയ ശേഷം ശോച്ചി ടൈപ്പ് ക്ലാസിൽ പോവും...
അങ്ങനെ അന്നും രണ്ടു പേരും നടന്ന് കടത്തു കടവിലെത്തി... കടത്തുകടവിലാവട്ടെ രണ്ട് വള്ളത്തിൽ കയറാനുള്ള ആളുണ്ട് ... സ്കൂളിൽ പോകുന്നവരും ജോലിക്കു പോകുന്നവരും ഒക്കെ ...
കടത്തുകാരൻ "വാസു വല്യച്ചൻ "സിനിമയെ വെല്ലുന്ന സ്ലോ മോഷനിൽ വള്ളം ഊന്നി വരുന്നു ... വള്ളം പതിയെ കടവിൽ അടുത്തു ... ഓരോരുത്തരായി വള്ളത്തിൽ കയറാൻ തുടങ്ങി ..
ശോച്ചി വള്ളത്തിൽ കയറി... കുഞ്ഞിപ്പെണ്ണ് വള്ളത്തിൽ കയറാൻ തുടങ്ങവേയാണ് പെട്ടന്നവൾ ആ കാര്യം ഓർത്തത്... വച്ച കാൽ പുറകോട്ട് വച്ചു...
"കുഞ്ഞിപ്പെണ്ണേ നീ വള്ളത്തിൽ കേറ്"
ശോച്ചി പറഞ്ഞു...
ഇല്ലെന്നവൾ തലയാട്ടി.
വള്ളത്തിൽ നിന്നവരൊക്കെ പറഞ്ഞു ...
"നീ കേറ് വള്ളത്തിൽ എന്തു പറ്റി?
അവളൊന്നും മിണ്ടിയില്ല... അവസാനം ശോച്ചി വള്ളത്തിൽ നിന്ന് തിരിച്ചിറങ്ങി...
"എന്താടീ കാര്യം എന്റെ ചെവിയിൽ പറ.... "
അങ്ങനെ ആ ഞെട്ടിക്കുന്ന സത്യം കുഞ്ഞിപ്പെണ്ണ് ശോച്ചിയുടെ ചെവിയിൽ പറഞ്ഞു..
" ഞാൻ " കാച്ചട്ട " ഇടാൻ മറന്നു പോയി ...
(ഇവിടെ ന്യൂജൻ വാക്കായ ഷഡ്ജം മാറ്റി ചേച്ചിയമ്മയുടെ വാക്ക് കടമെടുക്കുന്നു)
അന്നത്തെ ബാല്യത്തിന്റെ നിഷ്കളങ്കത കൊണ്ടാവാം ,അതു പറഞ്ഞു തീർന്നതും അവൾ കരഞ്ഞ് പോയി.
അവൾ പറഞ്ഞ ഞെട്ടിക്കുന്ന സത്യം വള്ളത്തിൽ നിൽക്കുന്ന ആളുകൾ മുഴുവൻ കേൾക്കേ ശോച്ചി പറഞ്ഞു
"ഓ നിങ്ങളു പൊക്കോ അവള് ''കാച്ചട്ട " ഇടാൻ മറന്നു പോയി.. അതിനാ കരയുന്നേ.. ഞങ്ങള് പോയി ഇട്ടേച്ച് വരാം "
അവർ വീട്ടിലേക്ക് തിരിച്ചു നടന്നു .. ചോദിച്ചരോടെല്ലാം സത്യസന്ധതയ്ക്ക് അവാർഡ് കിട്ടാനെന്നോണം ശോച്ചി, കുഞ്ഞിപ്പെണ്ണ് "കാച്ചട്ട" ഇടാൻ മറന്ന കഥ പറഞ്ഞു...
വീട്ടിൽ പോയി "കാച്ചട്ട " ഇട്ട് തിരിച്ചു വരുമ്പോഴേക്കും അവിടുത്തെ ആകാശവാണിയും .... സർവ്വോപരി ന്യൂസ് പേപ്പറുമായി പ്രവർത്തിക്കുന്ന കടത്തുകാരൻ "വാസു വല്യച്ചൻ കണ്ട പട്ടിയോടും, പൂച്ചയോടും എന്തിന് പറന്നു പോകുന്ന കാക്കയോട് വരെ കുഞ്ഞിപ്പെണ്ണ് "കാച്ചട്ട " ഇടാൻ മറന്നു പോയ കഥ പറഞ്ഞു കഴിഞ്ഞിരുന്നു...
കടത്ത് ഇറങ്ങി പോയവരും വന്നവരും എന്തിന് സകലമാന മനുഷ്യരും കുഞ്ഞിപ്പെണ്ണിനെ കളിയാക്കി .. എന്തിന് ആ കാക്ക വരെ അർത്ഥം വച്ച് " കാ കാ " എന്ന് കരഞ്ഞു...
അങ്ങനെ തിരിച്ച് അവർ കടത്ത് കടവിലെത്തി...
വള്ളത്തിലതാ കൊപ്രാ കളം ,റേഷൻ കട ഇത്യാദികളുടെ മുതലാളിയായ
"ദാമോദരൻ വല്യച്ചൻ " അവളെ കണ്ടതും വല്യച്ചൻ ലൗഡ് സ്പീക്കറ് വച്ച പോലെ ഉറക്കെ ഒരു ചോദ്യം ....
"കാച്ചട്ട " ഇടാൻ മറന്നതിന് എന്തിനാടീ മകനേ നീ കരഞ്ഞത്... വല്യച്ചനോട് പറഞ്ഞിരുന്നേ വല്യച്ചന്റെ "വള്ളി കളസം " ഊരി തരുമായിരുന്നല്ലോ എന്ന് ...
പോരേ പൂരം ...വീണ്ടും വാസു വല്യച്ചന് ഒരു കിടിലൻ വാർത്തയ്ക്കുള്ളതായി .. മുൻപേ പറന്ന് പോയ കാക്ക തിരിച്ചു വന്നപ്പോ ഈ കഥ കൂടി പറഞ്ഞു നമ്മടെ വാസൂ വല്യച്ചൻ...
എന്തിനേറെ പറയുന്നു നാട്ടിലും സ്കൂളിലും "കാച്ചട്ട " മറന്ന കഥയും "വള്ളിക്കളസം " വേണോന്ന് ചോദിച്ച കഥയും പാട്ടായി ... പിന്നിട് എല്ലാവരും കുഞ്ഞിപ്പെണ്ണിനെ ഇതും പറഞ്ഞ് കുറെക്കാലം കളിയാക്കി ...
അങ്ങനെ കാലം കടന്നു പോയി... കുഞ്ഞിപ്പെണ് വലിയ പെണ്ണായി .. വീട്ടുകാർ അവളെ ഒരുത്തന്റെ തലയിൽ കെട്ടിവെച്ചു (അല്ല കെട്ടിച്ചു വിട്ടു. രണ്ടും ഒരു പോലെ തന്നാ)
കെട്ട്യോനൊന്നായി... കുട്ടികൾ പലതായി ... ഒരു ദിവസം ഭർത്തൃ വീട്ടിൽ നിന്നും കുഞ്ഞിപ്പെണ്ണ് സ്വന്തം വീട്ടിലെത്തി ...
"ടീ കൊച്ചേ നീയൊന്ന് റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും മേടിക്കാമോ?"
കുഞ്ഞിപ്പെണ്ണിനോട് അമ്മ ചോദിച്ചു..
അമ്മ പറഞ്ഞതല്ലേ കേട്ടേക്കാം ... റേഷൻ കാർഡും സഞ്ചിയും മണ്ണെണ്ണ കന്നാസും എടുത്ത് അവൾ റേഷൻ കടയിൽ ചെന്നു ...
നമ്മുടെ "ദാമോദരൻ " വല്യച്ചന്റെ റേഷൻ കട ... കടയിൽ ഒത്തിരി ആളുകൾ ...
ദാമോദരൻ വല്യച്ചന്റെ മകൻ സുനി ചേട്ടൻ ആണ് കടയുടെ ഇൻചാർജ് കം സപ്ലയർ...
"കുഞ്ഞിപ്പെണ്ണേ നീയെപ്പോ വന്നെടീ"
കുഞ്ഞിപ്പെണ്ണിനെ കണ്ടതും സുനി ചേട്ടൻ ചോദിച്ചു...
"ഞാനിന്നലെ വന്നു ചേട്ടാ.. " അവൾ പറഞ്ഞു...
വീണ്ടും രണ്ടാമത്തെ ചോദ്യം കേട്ടതും അവൾ ഞെട്ടി...
"എടീ നീയിപ്പോഴും "കാച്ചട്ട "യൊക്കെ ഇടാൻ മറക്കാറുണ്ടോ? ഇല്ലെങ്കിൽ ഞങ്ങടെ അച്ഛന്റെ "വള്ളിക്കളസം " ഇപ്പോഴും ഉണ്ട് കേട്ടോടീ " ...
ഇത് കേട്ടതും കുഞ്ഞിപ്പെണ്ണ് ചമ്മി പ്ലിങ്ങിപ്പോയി... "വരാനുള്ളത് വഴിയിൽ തങ്ങില്ല " എന്ന് വാസ്ഗോഡ ഗാമ പറഞ്ഞത് വെറുതെയൊന്നുമല്ലെന്ന് അവൾക്ക് അപ്പോഴാണ് ശരിക്കും പുടി കിട്ടിയത്...
കടയിൽ നിന്ന എല്ലാവരും സംശയ രൂപേണ കുഞ്ഞിപ്പെണ്ണിനെ നോക്കി.. " ഇനീപ്പോ നീയെങ്ങാനും " എല്ലാ മുഖങ്ങളിലും അങ്ങനൊരു ഭാവം ..
പക്ഷെ അവളെ വീണ്ടും വീണ്ടും ഞെട്ടിച്ചത് മറ്റൊരു കാഴ്ച്ചയായിരുന്നു.പാമ്പു കടിച്ചവന്റെ തലയിൽ ബോംബ് വീണ അവസ്ഥയായി അവളുടേത് ....
ഇതെല്ലാം കേട്ടു് ദാണ്ടേ മണ്ണെണ്ണ കന്നാസും തൂക്കി പിടിച്ച് നിൽക്കുന്നു.... നമ്മുടെ കടത്തുകാരൻ സാക്ഷാൽ "വാസു വല്യച്ചന്റെ "ഭാര്യ ശാരദ വല്യമ്മ....
ബാക്കി കഥ ഞാൻ പറയണ്ടല്ലോ...
നമ്മുടെ ന്യൂസ് പേപ്പർ ബോയ് ആയ വാസു വല്യച്ചൻ തന്നെ ഇപ്പോഴും കടത്തുകാരൻ ആയതു കൊണ്ടാണോ ,ആ പഴയ കാക്കയുടെ കുഞ്ഞുങ്ങൾ തലങ്ങും വിലങ്ങും പറന്ന് പോകുന്നതു കൊണ്ടാണോ , എന്തോ....
എന്തായാലും സ്വന്തം വീട്ടിൽ വന്ന്, നാത്തൂനെ കൊണ്ട് പണിയെടുപ്പിച്ച്, ഒരാഴ്ച്ച ഉണ്ടുറങ്ങി കഴിയാമെന്ന് വിചാരിച്ചു വന്ന കുഞ്ഞിപ്പെണ്ണ് , പെട്ടിയും കിടക്കയുമെടുത്ത് പിള്ളേരേം പിറുങ്ങിണിയെയുമൊക്കെ പെറുക്കിയെടുത്ത് പിറ്റേന്ന് വെളുപ്പിനെയുള്ള ആദ്യത്തെ ബസിന് സ്ഥലം വിട്ടു...
ചിത്രദീപ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot