Showing posts with label JishaBishin. Show all posts
Showing posts with label JishaBishin. Show all posts

മോചിത

Image may contain: 2 people, people smiling, people standing and indoor
എന്താ വേണ്ടേ? ആരെയാ കാണണ്ടേ?
ഇളം നിറത്തിലുള്ള കോട്ടൺ സാരിയുടെ അറ്റം കൊണ്ട് തലമുടി മറച്ചു മുൻപോട്ടു നടക്കാൻ തുടങ്ങിയ സീനത്തിന്റെ കണ്ടു സെക്യൂരിറ്റി മര്യാദ വിടാതെ ചോദിച്ചു.
നാസറിക്കയെ ഒന്ന് കാണാൻ പറ്റുമോ?
ആര് ? സെക്യൂരിറ്റി മനസിലാകാതെ
സീനത്തിനോട് ചോദിച്ചു.
ഇവിടെ ഏതോ ഒരു ഫ്ലാറ്റിൽ ആണന്നു പറഞ്ഞിരുന്നു.
ഏതാ ഫ്ലാറ്റ് നമ്പർ എന്ന് വല്ലോം അറിയാമോ? അല്ലങ്കിൽ രജിസ്റ്റർ നോക്കി ഞാൻ വിളിച്ചു ചോദിക്കാം.
അതറിയില്ല. ഈ അടുത്താണ് ഫ്ലാറ്റ്
മേടിച്ചതു എന്നറിയാം.
നാസറൊന്നൊരാള് ഈ അടുത്ത് ... സെക്യൂരിറ്റി രജിസ്റ്റർ ബുക്കിൽ പേര് പരതി.
ഒരു മിനിറ്റ്. ഞാൻ ഒരു ഫോൺ ചെയ്യട്ടെ...
ഇപ്പൊ പറയാം.. സീനത്തു ഫോണെടുത്തു നമ്പർ തിരഞ്ഞു.
സലീമേ ഓരുടെ പുതിയ പെരെന്തുവാ? നാസറെന്നു പറഞ്ഞിട്ട് അറിയണില്ലാ..
ജോർജോ?
ജോർജ് ജോർജ് .. സീനത്തു സെക്യൂരിറ്റിയെ നോക്കി പറഞ്ഞു.
സെക്യൂരിറ്റിക്കാരൻ ഒരു ആലോചനയോടെ അയാളുടെ കൊച്ചു മുറിക്കകത്തു കേറി
രജിസ്റ്ററിൽ നോക്കി.
പേര് കണ്ടു. പക്ഷെ പെർമിഷൻ വേണം.
ഞാനൊന്നു വിളിച്ചു ചോദിക്കട്ടെ..
സീനത്തു സമ്മതഭാവത്തിൽ തലയാട്ടി.
സാറിനൊരു വിസിറ്റർ ഉണ്ട്. സാറെ, അത് പിന്നെ ഒരു പ്രായമായ സ്ത്രീ ആണ്.
ചില്ലുകൊണ്ടു മറച്ച ആ ചെറിയ റൂമിനകത്തു നിന്നും അയാൾ പറയുന്നത് സീനത്തിനു കേൾക്കാമായിരുന്നു. പുറത്തു പെരും ചൂടാണ്. അവളുടെ ദേഹത്തുകൂടെ വിയർപ്പുചാലുകൾ ഒഴുകി. അവൾ കണ്ണാടിയിൽ കൊട്ടി. അയാൾ വാതിൽ കുറച്ചു തുറന്നു. വെയിലിൽ നിന്ന് രക്ഷപെടാൻ സീനത്തു അതിന്റെ ചെറിയ സ്‌ഥലത്തോട്ടു ചാടി കയറി. ഫോൺ വച്ച് സഹതാപത്തോടെ അവളെ നോക്കിയിട്ടു അയാൾ പറഞ്ഞു.
അദ്ദേഹത്തിന് പുറത്തു നിന്ന് ആരേം കാണണ്ട എന്ന് പറഞ്ഞു. വയ്യാതിരിക്കുവാണത്രേ.. സഹായക്കാരോടൊക്കെ രണ്ടു മാസം കഴിഞ്ഞിട്ട് വന്നോളാൻ പറയാൻ പറഞ്ഞു.
സീനത്തു അയാളെ ഒരു സെക്കന്റ് നോക്കി.
പിന്നെ തന്നോട് തന്നെ പറയുന്ന പോലെ പറഞ്ഞു. എനിക്ക് ഇപ്പോൾ തന്നെ കണ്ടേ മതിയാവു.
അത് കേട്ടപ്പോൾ അയാൾക്ക്‌ ദേഷ്യം വന്നു. നിങ്ങളോടല്ലേ മര്യാദക്ക് പറഞ്ഞത് സാറിന് വയ്യാത്ത കൊണ്ടാണ്ന്നു . മനുഷ്യപറ്റു കാണിക്കുമ്പോൾ തലേ കേറിനിരങ്ങുന്നോ?
ഒറ്റ തവണ കൂടി വിളിക്കാമോ? എന്റെ പേര് സീനത്ത്ന്നാ. ഞാനാണ് കാണാൻ വന്നത് എന്ന് പറ. എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം.
എന്റെ പൊന്നു പെങ്ങളെ ഇങ്ങളെന്റെ
പണി കളയ്ക്കല്ല് .
പേടിക്കാതെ. ഒരു തവണ മതി. അവസാനത്തെ ശ്രമം .
അത് പറയുമ്പോൾ സീനത്തിന്റെ സ്വരം കടുത്തിരുന്നു .
അയാൾ ഒന്ന് കൂടി അതെ നമ്പർ ഡയൽ ചെയ്തു.
ക്ഷമിക്കണം സാറെ.. കാണാൻ വന്നയാളുടെ പേര് സീനത്തു എന്നാണെന്നു പറഞ്ഞാൽ കാണാൻ സമ്മതിക്കുമെന്നു പറഞ്ഞു ഒരേ നിർബന്ധം. അതുകൊണ്ടാ രണ്ടാമത് വിളിച്ചു ശല്യപ്പെടുത്തുന്നത്.
അപ്പുറത്തു നിന്ന് കുറച്ചു നേരത്തെ നിശ്ശബദ്ധതക്ക് ശേഷം ഉത്തരം വന്നു.
ശരി സാറെ . ഞാൻ മുകളിലോട്ടു കൊണ്ട് വന്നോളാം.
അയാൾ വിനയത്തോടെ ഫോൺ വെച്ചു .
സന്തോഷത്തോടെ അയാൾ അവളെ
നോക്കി പറഞ്ഞു.
സമ്മതിച്ചൂട്ടോ. ഞാൻ കൊണ്ടേ ആക്കാം.
ബുദ്ധിമുട്ടണ്ട. നമ്പർ പറഞ്ഞാൽ ഞാൻ
കണ്ടു പിടിച്ചോളാം.
ഏയ് . പാടാന്നെ . പുള്ളി മൂന്നാം നിലയിലാ താമസം. എന്നോട് കൂടെ വരാൻ പറഞ്ഞു. നിങ്ങള് പരിചയക്കാരാ അല്ലെ .
സീനത്തു വെറുതെ തലയാട്ടി.
ചന്ദ്രാ.. ഒന്ന് നോക്കി കോട്ടോ. അയാൾ ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരുന്ന വേറൊരാളെ നോക്കാനേൽപ്പിച്ചു അവളുടെ മുൻപിലായി നടന്നു.
പരന്നു കിടക്കുന്ന ഒരു കെട്ടിടമാണ്. ആകെ ആറു നിലകൾ.എല്ലായിടത്തും ചെടികൾ.ഒരുപാടു സ്‌ഥലം വെറുതെ ഒഴിച്ചിട്ടിരിക്കുന്നു.നഗരത്തിന്റെ തിരക്കിൽ പെടാതെ എന്നാൽ നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ആഡംബരം.
പുതിയ ബിഎൽഡിങ്ങാന്നെ. വല്യ പൈസക്കാര് മാത്രേ ഉള്ളു. അയാൾ അവളോട് പറഞ്ഞു.
എല്ലാം പുറത്തെ പോലെയാ. അവിടുന്ന് വയസാവുമ്പോൾ നാട്ടിൽ തിരിച്ചു വന്നൊരാഅധികോം ഇവിടെ വീട് മേടിച്ചിരിക്കുന്നത്.
അയാൾ അവളോട് വെറുതെ സംസാരിച്ചു
കൊണ്ടിരുന്നു.
പക്ഷെ ഒന്നിലും അവൾ ആശ്ചര്യപെടുന്നത് കണ്ടില്ല അയാൾ.
നിങ്ങളെടന്നാ? കോയികോടാന്യാ?
അല്ല..കാസർഗോഡെന്നാ..
അയ് ശരി ...കൂടാരുല്യേ .. അല്ല. .വെറുക്കനെ ചോയിചെന്നെല്ല് .. നല്ല ദൂരോണ്ടല്ലോ ..
മക്കളുണ്ട്.. വണ്ടീലാ .. ഇറങ്ങീല്ല.
ആണോ.. എന്താ ചെയ്യല്ലേ ഇപ്പത്തെ കുട്യോളെ കൊണ്ട്. ഇല്ലങ്കിൽ എനക്കിപ്പോളും ഇപ്പണിക്ക് നിക്കണ്ട
വല്ല കാര്യോണ്ടോ ..
അയാൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
ബെൽ അടിച്ചതും കാത്തിരുന്ന പോലെ ഒരു കൊച്ചു പെണ്ണ് വന്നു വാതിൽ തുറന്നു.
അവളുടെ കയ്യിൽ പത്തിന്റെ ഒരു നോട്ട്. അതു അവൾ അയാൾക്ക്‌ നേരെ നീട്ടി.
വേണ്ട നീ വച്ചോ കൊച്ചെ ..അയാൾ അത് നിരസിച്ചു.
പിന്നെ സീനത്തിന്റെ നോക്കി ഇവിടെ അടിച്ചു വ്രത്തിയാക്കാൻ വരുന്ന പെണ്ണിന്റെ മോളാ എന്ന് പറഞ്ഞു അയാൾ തിരിച്ചു നടന്നു.
ആ കൊച്ചിന്റെ പുറകെ നടക്കുമ്പോൾ സീനത്തിനു തൊണ്ട വരളുന്നുണ്ടായിരുന്നു. നീണ്ട ഇരുപത്തേഴു വര്ഷം കഴിഞ്ഞുള്ള കണ്ടു മുട്ടൽ .
***** ******* ******* *********
മടിക്കേരിന്നു ഒരു പയ്യൻ ഉപ്പാക്ക് സഹായത്തിനു വന്നുന്നറിഞ്ഞു. ഓരുടെ കുടീം കിടപ്പും കൊച്ചപ്പെടെ പെരേേലായിരുന്നു. ഒന്നോ രണ്ടോ തവണ ഉപ്പ അവരെ പെരക്കു കൊണ്ട് വന്നിട്ടുണ്ട്. ഓരേ കാണുമ്പോലെ അന്റെ കണ്ണ് പിടക്കുന്നത് താൻ മാത്രമേ അറിയൂന്നു വിചാരിച്ചു ..
യത്തീമായ ഒരു ചെറുപ്പക്കാരൻ, ഉപ്പാടെ പഴയചെങ്ങായിയുടെ മകൻ, മക്കളില്ലാത്ത കൊച്ചാപ്പടെ സ്നേഹഭാജനം. എല്ലാര്ക്കും പെരുത്തിഷ്ടായിരുന്നു നാസറിക്കയെ. ഓരുടെ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാൻ എപ്പൊഴും താൻ മറഞ്ഞു നിന്നിരുന്നു. പക്ഷെ ആ കണ്ണുകൾ തന്നെ തേടി നടക്കുന്നത് തനിക്കും മുൻപേ മനസിലാക്കിയത് കളിചെങ്ങായിയും മാമാടെ മോനുമായ ബഷീറിക്ക ആയിരുന്നു. അമ്മീടെ സഹോദരന്റെ മകൻ എന്നതിലുപരി സ്വന്തം ഇക്കാടെ സ്‌ഥാനം ആയിരുന്നു മനസ്സിൽ. തിരിച്ചും അത്ര മാത്രമേ കാണിച്ചിരുന്നുള്ളു. അതല്ലാന്നു മനസിലാക്കാൻ വർഷങ്ങൾ കഴിയേണ്ടി വന്നു.
കടയിലെ കണക്കും കാര്യങ്ങളും നോക്കുന്ന ചൊവ്വു കണ്ടു ഉപ്പയും മാമയും നാസാറിക്കയെ കടയുടെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നീട് പഠിക്കാൻ താല്പര്യമുണ്ടെന്നറിഞ്ഞു ഉപ്പയാണ് മുൻകൈ എടുത്തു പാരലൽ കോളേജിൽ വിട്ടതും പിന്നെ അവിടുത്തെ തന്നെ മാഷായപ്പോൾ നല്ല ഭാവിയുള്ള ചെക്കനാണ്
എന്നു പറഞ്ഞു ഞങ്ങടെ കല്യാണം ആലോചിച്ചതും ഒക്കെ. എനിക്ക് പണ്ടേ സമ്മതം. ആഗ്രഹിച്ചതുപോലെ തന്നെ ജീവിതം വച്ച് നീട്ടുമ്പോൾ സന്തോഷത്തിന്റെ ദിനങ്ങൾ. ..
റഹീമുണ്ടായി ഒന്നര വര്ഷത്തിനുളിൽ നൂർജുവും വയറ്റിലായി. ആയിടക്ക് നാസറിക്കക്ക് കുവൈറ്റിലൊട്ടൊരു വിസ വന്നു. സ്കൂൾക്കു ടീച്ചറായി ആണ് ജോലി. പൊടികുഞ്ഞായ റഹിമിനെയും നിറവയറുമായി നിൽക്കുന്ന എന്നെയും കണ്ടു പോകാൻ മടിച്ച ഇക്കാക്ക് കുടുംബക്കാരാണ് ധൈര്യം കൊടുത്തു പറഞ്ഞയച്ചത്. സന്തോഷവും കണ്ണീരും കത്തിൽ നിറച്ചു പത്തു മാസത്തിനു ശേഷം ആദ്യത്തെ വരവ്. ഇക്കാക്ക് ചെറിയൊരു മാറ്റം വന്നതായി തോന്നി. പക്ഷെ വെറും മുപ്പതു ദിവസത്തെ അവധിക്കു ശേഷം തിരിച്ചയക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും കാണില്ല എന്ന് .
***** ***** ******* *******
ഇരിക്കൂ . ആ ഒച്ച പതറിയിരുന്നു. മോള് പോയി എന്തെങ്കിലും കുടിക്കാനെടുക്കൂ ..
അയാൾ ആ കുട്ടിയെ നോക്കി പറഞ്ഞു. അവൾ വിരുന്നു കാരിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു സീനത്തിനു സ്‌ഥലകാല ബോധം വരാൻ. കേട്ട കാര്യങ്ങൾ കണ്മുൻപിൽ കാണുമ്പോൾ വല്ലാത്ത ഒരു ശൂന്യത.
ആരു പറഞ്ഞു ഞാൻ എവിടെ ഉണ്ടന്ന് ?
അയാളുടെ ഒച്ച പതറിയിരുന്നു
സലിം. അവൻ നിങ്ങളെ ഇടയ്ക്കു കാണാറുള്ള വിശേഷങ്ങൾ പറയാറുണ്ട്.
അവൾ നിസ്സംഗ ഭാവത്തിൽ പറഞ്ഞു.
ഞാൻ... അയാൾ വാക്കുകൾക്ക് വേണ്ടി പരതി .
എന്നായിരുന്നു ഓപ്പറേഷൻ? അവൾ അയാളുടെ തലയിലെ ഉണങ്ങാൻ തുടങ്ങുന്ന
സ്റ്റിച്ചുകളോട്ട്ടു നോക്കി ചോദിച്ചു .
ഒരു മാസം മുൻപ്. ഇനി റേഡിയേഷൻ തുടങ്ങും. അയാൾ ഒരു നിസ്സഹായതയോടെ പറഞ്ഞു.
മകൻ വരില്ലേ?
ഇല്ല അവനു ലീവ് കിട്ടില്ല. അല്ലങ്കിലും വരില്ല.
സ്നേഹിച്ചു വളർത്തിയതും കാണാമറയത്ത് തന്നെ വളർന്നതും എല്ലാം ഇപ്പോൾ ഒരു പോലെ അല്ലെ? അവൾ പുച്ഛം കലർന്ന വികാരത്തോടെ അയാളെ നോക്കി പറഞ്ഞു.
റഹീമും നൂർജഹാനും ഇപ്പോൾ ..?
സുഖമായിരിക്കുന്നു . റഹീമുണ്ട് താഴെ. എന്റെ കൂടെ വന്നതാ ..
അത് കേട്ടതും നാസർ എന്തോ ഒരു പ്രതീക്ഷയോടെ അവളെ നോക്കി .
പക്ഷെ വരില്ല. ഉപ്പ മരിച്ചു പോയിരിക്കുന്നു. അതായിരുന്നല്ലോ ഓനു പതിനെട്ടു വയസാകണവരെ എല്ലാവരും വിശ്യസിച്ചിരുന്നത്. സലിം പറഞ്ഞ കഥകൾ അവർക്കു കേൾക്കണ്ട. ഇനി ഞാൻ പറയുന്ന കഥകളും. മുതിർന്ന കുട്ടിയാണ്. ഖബറിൽ നിന്നും ഉപ്പാക്ക് ജീവൻ കൊടുത്താൽ കൂടുതൽ വെറുക്കുകയെ ഉള്ളു.
ചേച്ചി കുടിക്കാൻ ..
തണുത്ത നാരങ്ങാ വെള്ളം നിറച്ച ഗ്ലാസ് വേലക്കാരി പെൺകുട്ടി അവൾക്കു നേരെ നീട്ടി.
മോൾടെ പേരെന്താ?
വാണി.
വാണി കുറച്ചു നേരം പുറത്തു നിൽക്കാമോ?
പകുതി നാസറിനോടായാണ് സീനത്തു അത് ചോദിച്ചത്.
കുട്ടി അയാളുടെ മുഖത്തു നോക്കി.
മോള് വീട്ടിൽ പൊയ്ക്കോളൂ. എന്തെങ്കിലും
ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.
അയാൾ അവൾക്കു പോകാൻ അനുവാദം കൊടുത്തു.
വാണി തലയാട്ടി. എന്നിട്ടു നാസറിന്റെ മൊബൈൽ ഫോൺ ടേബിളിന്റെ അടുത്ത് നിന്നും എടുത്തു അയാളിരിക്കുന്ന വീൽച്ചെയറിന്റെ സൈഡിൽ കൊണ്ടേവച്ചു .
അതൊരു പതിവാണെന്ന് അത് കണ്ടപ്പോൾ സീനത്തിനു തോന്നി.
ഒറ്റയ്ക്ക് പോകുമോ? സീനത്തു സംശയിച്ചു .
തൊട്ടടുത്താ വീട്. അവൾക്കറിയാം.
നാസർ പുറത്തോട്ടിറങ്ങി പോയ അവളെ നോക്കി പറഞ്ഞു.
ശരിയാ.. ആരുമില്ലാത്തവർക്കു അല്ലാഹുവുണ്ട്.
സീനത്തിനു സോഫയിൽ ഇരിക്കാനുള്ള വഴി തുറന്നു കൊടുത്ത പോലെ അയാൾ ഒന്നും മിണ്ടാതെ അയാളുടെ വീൽ ചെയർ സൈഡിലോട്ടു ഉരുട്ടി.
പക്ഷെ അവൾ ചുമരിലോട്ടു നോക്കി നിന്നതേ ഉള്ളു. അവിടെ അയാളുടെയും സുന്ദരിയായ വേറൊരു സ്ത്രീയുടെയും ചിത്രം തൂങ്ങി കിടന്നിരുന്നു.
എന്തായിരുന്നു അവരുടെ പേര് ?
സീനത്തു നാസറിന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. അത് നേരിടാനാവാതെ അയാൾ കണ്ണുകൾ താഴ്ത്തി.
ഗ്രേസി
നല്ല സുന്ദരിയായിരുന്നു അല്ലെ?
അയാൾ വെറുതെ തലയാട്ടി
ഇത് മകനും കുടുംബവും?
അവൾ സംശയത്തോടെ അയാളെ നോക്കി.
അതെ. ഹിന്ദിക്കാരി ആണ് മരുമകൾ.
അവളുടെ സംശയത്തിന് അയാൾ ഉത്തരം കൊടുത്തു.
അവൾ വീണ്ടും തിരിഞ്ഞു അയാളെ നോക്കി
ഇവർക്കറിയാമായിരുന്നോ നിങ്ങൾക്കു വേറെ കുടീം കുട്യോളും ഉള്ളത് ?
അയാൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.
എന്നിട്ടെന്തേ... എന്നെ മൊഴി ചൊല്ലാതിരുന്നത്? ന്റെ ജീവിതം തരിശാക്കീതു?
അവളുടെ കണ്ണുകൾ എരിഞ്ഞു.
അയാൾ സംസാരിച്ചില്ല ..
അയാളുടെ ചിന്തകളിൽ ആ ചോദ്യം പല തവണ ഉത്തരം തരാതെ വന്നു പോയതാണ്.. പേടിയായിരുന്നു. പക്ഷെ അതിലുപരി ഗ്രേസിയെ നഷ്ടപ്പെടാൻ വയ്യായിരുന്നു. അത്രക്കും അവളെ സ്നേഹിച്ചു പോയിരുന്നു. ആരുമില്ലാതിരുന്ന തനിക്കുള്ള ഒരു പിടിവള്ളിയായിരുന്നു സീനത്തു. ഇഷ്ടമായിരുന്നു. പക്ഷെ ഗ്രേസിയെ കണ്ട ശേഷമാണു ഇഷ്ടവും പ്രണയവും രണ്ടാണെന്ന് മനസിലായത്. സീനത്തിിനെ മൊഴി ചൊല്ലിയാൽ പോലും ഗ്രേസി ആ ബന്ധം അറിഞ്ഞാൽ എല്ലാം അവസാനിക്കുമെന്ന് തനിക്കറിയാമായിരുന്നു. നല്ല ശമ്പളം മേടിക്കുന്ന വിദ്യാസമ്പന്നനായ തനിക്കു ചിന്തകളിലും വികാരങ്ങളിലും മുൻതൂക്കം തോന്നിയത് ഒപ്പം ജോലി ചെയ്യുന്ന ഗ്രേസിയെ ആണ്. മക്കളെ ഓർത്തു ഒരിക്കലും സ്വയം ക്ഷമിക്കാൻ കഴ്ഞ്ഞില്ലെങ്കിലും, സീനത്തിന്റെ ഓർമകൾക്ക് ഒട്ടും ആയുസില്ലായിരുന്നു എന്നതാണ് സത്യം. അതെ മൊഴി ചൊല്ലാമായിരുന്നു.
ഞാൻ കരുതി. . അയാളുടെ വാക്കുകൾ
വിറച്ചു. തൊണ്ട വരളുന്ന പോലെ നാസറിന് തോന്നി.
വെള്ളം വേണോ? അവൾ കുടിക്കാത്ത നാരങ്ങാ വെള്ളത്തിൻറെ ന്ഗ്ലാസ് അയാൾക്ക്‌ നേരെ നീട്ടി.
ഞാൻ വേറെ നിക്കാഹ് ചെയ്തൂന്ന് കരുതി
അല്ലെ. അവൾ അയാൾ വാങ്ങിക്കാത്ത ഗ്ലാസ് തിരികെ മേശയിൽ വച്ചു .
ഇങ്ങള് വേറെ കല്യണം കഴിച്ചൂന്നു തന്നെ അറിയാണത് ഉപ്പ മരിച്ച ശേഷമാണു. അതോടെ ബഷീറിക്കാടെ പെരെലോട്ടു ഞങ്ങളു താമസം മാറ്റി. ഒറ്റക്കെങ്ങനെ ഒരു പെണ്ണും രണ്ടു കുട്യോളും താമസിക്ക? പക്ഷെ ഇങ്ങള് കാരണം നശിച്ചത് എന്റെ ജീവിതം മാത്രല്ല.
പിന്നെ ..അയാൾ ആദ്യമായി അവളുടെ കണ്ണുകളെ നേരിട്ടു.
നിക്കാഹ് കഴിയ്ക്കാതെ എനക്കും, ന്റെ കുട്യോൾക്കും കാവല് കിടന്ന ബഷീറെന്ന് പറയണ ചെങ്ങായിയെ ഇങ്ങക്ക് ഓർമ്മയുണ്ടോ? രണ്ടാം കെട്ടിന്റെ കൊറച്ചില് കാരണം നാട്ടാര് മുയിക്കണം പറഞ്ഞിട്ടും ഞാൻ പിടിച്ചു നിന്നു.പക്ഷെ ന്റെ മക്കളെ ഒരു ബാപ്പകാളും സ്നേഹിക്കുന്ന കണ്ടപ്പോൾ ആഗ്രഹിച്ചു ഓരുടെ ബീവിയായി ജീവിക്കാൻ. വേറൊരു സ്ത്രീടൊപ്പം പോയ ഭർത്താവിനോട് പകരം വീട്ടാനല്ല, ആ സ്നേഹത്തിന്റെ സുരക്ഷിതത്യം വീണ്ടും ആശിച്ചട്ടു തന്നെ ആണു. പക്ഷെ ആടേം വിധി എനക്കെതിരായിരുന്നു.
കൂട്ടുകാരന്റെ ബീവിയെ സ്വന്തമാക്കാനുള്ള മടിയോ അതോ പതിഞ്ചാം വയസിൽ ഓരുടെ ഖൽബിൽ നിറഞ്ഞ പ്രണയം ഞാൻ കാണാതിരുന്നതിനു പകരം വീട്ടാലോ ആയി അത് നടന്നില്ല. നിങ്ങളെന്റെ ജീവിതത്തിലില്ലായിരുന്നെങ്കിൽ ഇന്നും എന്നെ സ്നേഹത്തോടെ ഒളിഞ്ഞു നിന്ന് മാത്രം നോക്കുന്ന എന്റെ ബഷീറിക്ക എന്റെ സ്വന്തമായിരുന്നേനെ. രണ്ടു ജീവിതമാ നിങ്ങടെ സ്വാർഥത കാരണം നശിച്ചേ.
സീനത്തിന്റെ സ്വരം ചിലമ്പിച്ചു .
ഞാൻ കേട്ടത് നീയും ബഷീറും ഒന്നിച്ചാന്നു
അയാൾ മുഴുവിക്കാതെ നിർത്തി.
അതെ ഒന്നിച്ചാണ്. ഒറ്റയ്ക്ക് ജീവിക്കാൻ പഠിപ്പും അറിവും ഇല്ലാത്ത എനക്കാവില്ലായിരുന്നു. എന്റെ കുട്യോളുടെ ഉപ്പന്നെയാണയാൾ. പക്ഷെ എന്റെ വീടരല്ല.
അവൾ വീണ്ടും അയാളുടെയും ഭാര്യയുടെയും ചിത്രത്തിലേക്ക് നോക്കി.
ഗ്രേസി ജോർജ് .. നിങ്ങൾ അവരെ സ്നേഹിച്ച പോലെ ഞാൻ ബഷീറിക്കയെ സ്നേഹിക്കുന്നു . പക്ഷേ തിരിച്ചു ആ സ്നേഹം ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടു എനിക്ക് വിവാഹമോചനം വേണം.
എന്ത് ? ഇപ്പോൾ? ഇനി എന്തിനു?
നാസറിന് വാക്കുകൾ വിക്കി പോയി.
അതെ .. സ്വതത്രയായി .. എനിക്ക് ആരുടെയും ഭാര്യാ എന്നും കാമുകി എന്നും മേൽവിലാസം വേണ്ട.. അതിനായ് ഉള്ള കാത്തിരുപ്പായിരുന്നു ങ്ങളെ കാണും വരെ. ഇനി ഹജ്ജിനു പോകണം. ഒരു പക്ഷെ അതിനുവേണ്ടി മാത്രമായിരുന്നിരിക്കാം ഈ കാത്തിരുപ്പ്. എല്ലാ ബന്ധത്തിൽ നിന്നും മോചിതയായി. എല്ലാത്തിനോടും ക്ഷമ നൽകി.
സീനത്തു നീ .. അയാൾ മുഴുവിക്കാനാവാതെ നിർത്തി.
പേപ്പർ ഒക്കെ റഹീം ഈ അഡ്രസ്സിൽ അയക്കും. ഞാൻ വക്കീലിനെ കണ്ടിരുന്നു. ബുദ്ധിമുട്ടിപ്പിക്കാതെ അതിൽ ഒപ്പിടണം.
എങ്കിൽ ശരി. അവൾ അയാളെ നോക്കി അതു പറഞ്ഞു വാതിൽ തുറന്നു പുറത്തേക്കു നടന്നു .
കൂടുതൽ ഒന്നും നാസറിന് പറയാനാകുന്നതിനു മുൻപേ വാതിൽ അടഞ്ഞു പോയിരുന്നു.
******* ********** *******

സീനത്തു വെയിലില് മുഖം മറച്ചു പിടിച്ചു ഗേറ്റിൽ എത്തുമ്പോൾ അവൾ ആദ്യം കണ്ട സെക്യൂരിറ്റിയോട് കുശലം ചോദിച്ചു വാണി നില്പ്പുണ്ടായിരുന്നു. സീനത്തിനെ കണ്ടപ്പോൾ രണ്ടു പേരും പരിചയത്തോടെ ചിരിച്ചു. അവൾ ഫോൺ വിളിച്ചിരുന്നതു കൊണ്ടു നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ അവരുടെ നേർക്ക് വരുന്നുണ്ടായിരുന്നു.
എന്റെ മോനാണ്. ഈ ബിൽഡിങ്ങിന്റ്റെ ഒരു ഷെയർ അവന്റെയാണ്. അവൾ സെക്യൂരിറ്റിയോടു ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനു ശേഷം ആയിരത്തിന്റെ അഞ്ചു നോട്ടുകളും ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറുകളും അയാൾക്ക് നേരെ നീട്ടി. ജോർജിന് എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ ഈ നമ്പറിൽ അറിയിച്ചാൽ ഉപകാരമായിരുന്നു. അദ്ദേഹത്തിന്റെ മക്കടെ നമ്പരാ.
എന്തൊക്കെയോ മനസിലായതു പോലെ സെക്യൂരിറ്റി അത് വാങ്ങി ഒന്നും പറയാതെ അയാളുടെ പഴ്‌സിലോട്ടു വച്ചു.
സീനത്തു അവളെ നോക്കി നിൽക്കുന്ന വാണിയുടെ കറുത്ത് മെല്ലിച്ച കവിളില് തലോടി.
നീ സ്കൂളിൽ പോകുന്നുണ്ടോ?
അവൾ ഇല്ല എന്നർത്ഥത്തിൽ സീനത്തിനെ നോക്കി തലയാട്ടി .
നീ പഠിക്കണം. മിടുക്കിയാവണം.
ആരുടേയും ഔദാര്യത്തിനു കാത്തിരിക്കരുത്. നിൻറെ അമ്മക്ക് ഈ കടലാസ് കൊടുക്കണം.
സീനത്തു അവളുടെ കാർഡ്‌ വാണിയുടെ നേരെ എടുത്തു നീട്ടി.
അതിൽ ഇങ്ങനെ എഴുതിയിരുന്നു.
സീനത്ത് നാസർ
പ്രിൻസിപ്പാൾ ആൻഡ്‌ അഡ്മിനിസ്‌ട്രേറ്റർ
അൽ അമീൻ ഗേൾസ് സ്കൂൾ
ഉപ്പള
അപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവളുടെ അടുത്തെത്തി അവളെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. ചുളിവാർന്ന അവളുടെ കൈയ്യിൽ പിടിച്ചു കൊച്ചു കുട്ടിയെ പോലെ അവൻ വലിച്ചു.
അമ്മീ വേഗം വരീൻ .. വല്ലാത്ത ചൂട്.
അവൾ വാണിയെയും ആ വ്രദ്ധനായ സെക്യൂരിറ്റിയെയും നോക്കി ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരന്റെ ഒപ്പം നടന്നു.
അപ്പോൾ , മൂന്നാമത്തെ നിലയിൽ നാസർ ഗ്രേസിയുടെ ആത്മാവിനോട് ക്ഷമ ചോദിക്കുമ്പോൾ, ബഷീർ റഹീമിന്റെ ഇളയ കുട്ടി കരയാതിരിക്കാൻ താരാട്ടു പാടുകയായിരുന്നു.
പക്ഷെ അവൾ മോചിതയായിരുന്നു.. സാഫല്യമടയാത്ത വിവാഹത്തിൽ നിന്നും.. പ്രണയത്തിൽ നിന്നും ..വികാരമോചിത.

BY: Jisha Bishin

Miss You Mrs..


Miss You Mrs..
"ഇന്നും പാതിരാത്രി ആയിട്ടു കേറി വരാനാണ് നിങ്ങടെ ഭാവമെങ്കിൽ എന്റെ സ്വഭാവം മാറും" മേരിക്കുട്ടി തലയിൽ കെട്ടി വച്ച തോർത്തു അഴിച്ചു ഒന്നൂടെ പിഴിഞ്ഞിട്ടു അയയിൽ വിരിച്ചു കെട്യോനെ നോക്കി കൊണ്ട് പറഞ്ഞു.
"നിന്റെയാ ഭദ്രകാളി സ്വഭാവമല്ലേ, അത് മാറ്റുന്നതാ നിനക്ക് അല്ലേലും നല്ലത് "
അവറാച്ചൻ അതും പറഞ്ഞു ഷർട്ടിന്റെ കയ്യും തുരുത് വച്ച് സമയം കളയാതെ കവലക്കലോട്ടു ഇറങ്ങി. വഴിയിലെ കടവത്തു തുണി അലക്കുന്ന അമ്മച്ചിയേയും, അമ്മച്ചിക്ക് കൂട്ട് വന്ന ആറു വയസുകാരെനെയും കണ്ടു അവറാൻ ഒന്ന് ബ്രേക്ക് പിടിച്ചു.
"അവറാ, ആ ചേനെടെ മൂട് മുഴുവൻ ചീഞ്ഞു. നിനക്കൊന്നു പൊത്തി വച്ച് കൂടെ ചെറുക്കാ.."
"ചെയ്യാം അമ്മച്ചി, കടെന്ന് വല്ലോം വേണോ?"
"നീ, അവളോട് ചോദിച്ചോ? "
"ഞാനെങ്ങും ചോദിച്ചില്ല, കട മുഴുവൻ മേടിക്കാനുള്ള ലിസ്റ്റ് അല്ലെ അവളുടെ അടുത്തുള്ളു"
"അപ്പച്ചാ എനിക്ക് ബോണ്ട കൊണ്ടരുവോ" ബാബുക്കുട്ടൻ വെള്ളത്തിൽ മുങ്ങാം കുഴി ഇടുന്നതിനു മുമ്പ് പ്രതീക്ഷയോടെ അപ്പനെ നോക്കി.
"ഹാ കൊണ്ടരാടാ..."
അതും പറഞ്ഞു, ബാബുക്കുട്ടൻ മുങ്ങി പൊങ്ങിയപ്പൊഴേക്കും അവറാച്ചൻ അപ്രത്യക്ഷനായി.
കവലയിൽ ചീട്ടുകളി ഉണ്ട്. അങ്ങോട്ടാണ് അവറാച്ചൻ
വച്ച് പിടിക്കുന്നത്. കാലങ്ങളായി ഉള്ള ഒരു ശീലം. രാവിലെ മുതൽ പറമ്പിൽ പണി, വൈകിട്ട് ചീട്ടുകളി പിന്നെ സ്വൽപം മിന്നിക്കൽ. ഓരോ വർഷം കൂടുന്തോറും വീട്ടിലേക്ക് തിരിച്ചു വരുന്ന സമയം താമസിചു കൊണ്ടിരുന്നു. അതുകൊണ്ടാണ് മേരികുട്ടിക്ക് പിണക്കം.
അന്ന് രാത്രിയിൽ വന്നപ്പോൾ വാതില് തുറന്നു തന്നത് അമ്മച്ചി. അവള് പിണങ്ങി അകത്തു കിടക്കുവാന്നു കരുതി. അന്നാൽ അങ്ങനെ ആകട്ടെ. എവിടെ വരെ പോകുമെന്ന് നോക്കട്ടെ.
"ചോറ് എടുത്തു വച്ചിട്ടുണ്ട്, എനിക്ക് കെടക്കണം" അതും പറഞ്ഞു അമ്മച്ചി അകത്തോട്ടു പോയി.
ഷർട്ട് ഊരിയിടാൻ പോയപ്പോൾ മേരിക്കുട്ടി മുറിയിൽ ഇല്ല. ഇതെവിടെ പോയി? കയ് കഴുകാൻ എന്ന ഭാവത്തിൽ ചയ്പ്പിലോട്ട് പോയി നോക്കി. അവിടെയും ഇല്ലാ. ഹല്ല... അവിളിതേവിടെ പോയി. ഇനി വഴക്കുണ്ടാക്കി അവളുടെ വീട്ടിലേക്ക് വല്ലതും?
"അമ്മച്ചി അവളെന്ത്യേ?"
"അപ്പോ അവള് നിന്നെ കാണാതെയാ പോയത്?"
"കണ്ടാരുന്നെങ്ങിൽ ഞാൻ ചോദിക്കുമോ, അവള്ന്ത്യെന്ന്?" അവറാചന് ദേഷ്യം വരാൻ തുടങ്ങി.
" എടാ അവളുടെ തള്ളക്ക് പിന്നേം കൂടി. കൂട്ട് നിർത്താൻ കൂട്ടികൊണ്ട് പോകാൻ കുര്യച്ചൻ വന്നതായിരുന്നു. അവന്റെ പെണ്ണ് പിള്ളക്ക് ജോലിക്ക് പോകണ്ടയോ? കവലേൽ വച്ച് നിന്നെ കണ്ട് കാര്യം പറഞ്ഞിട്ടേ പോകത്തുള്ളന്ന് അവൻ പറഞ്ഞതാ."
"അവന്റെ പെണ്ണുംപിള്ള പണിക്ക് പോകേണ്ടതിനു ഞാൻ എന്റെ പെണ്ണുംപിള്ളയെ വിടണോ? വീതം മേടിച്ചു അണ്ണാക്കിൽ തിരുകുമ്പോൾ അവൻ ഓർത്തില്ലേ പ്രായമായ കാർന്നോമ്മാരെ നോക്കേണ്ടി വരുന്നു. അവന്റമ്മേനെ നോക്കാൻ എന്റെ കൊച്ചിനെ കൂടി എന്തിനാ കൊണ്ട് പോയെ " അവറാച്ചന്റെ വയറ്റിൽ കിടന്ന കള്ളു മുഴുവൻ പുളിച്ചു തികട്ടി വന്നു.
"അതൊന്നും എനിക്കറിയില്ല. അല്ലേലും ആ അധിക പ്രസംഗി നിന്നോട് പറയാതെ പോയല്ലോ "
അമ്മച്ചി ശടേന്ന് പ്ലേറ്റ് മാറ്റി. പോലീസിനെ പേടിച്ചു ചീട്ടുകളി താവളം അടിക്കടി മാറ്റേണ്ടി വരുമെന്ന് അമ്മച്ചിയോടു പറയാൻ കഴിയാത്ത കൊണ്ട് അവറാച്ചൻ പറയാൻ വന്ന ബാക്കി അതേപടി വിഴുങ്ങി.
മൂന്നു ദിവസം കാത്തു .. വൈകിട്ട് കവലയിൽ പോയി ചടങ്ങു കഴിച്ച പോലെ തിരിച്ചു വരും. അമ്മച്ചിയുടെ വിശിഷ്ട വിഭങ്ങൾക്കൊന്നും മേരിക്കുട്ടിയുടെ കൈപുണ്യത്തിന്റെ അയല്വക്കത്തെത്താൻ പറ്റില്ലാന്ന് വിമ്മിട്ടത്തോടെ അവറാൻ തിരിച്ചറിഞ്ഞു.
ഇനി ആകെയുള്ള വഴി അമ്മച്ചിയെ കൂട്ടി അവളുടെ വീട്ടിൽ ആരോഗ്യ സ്‌ഥിതി അറിയാനുള്ള ഭാവത്തിൽ പോകുക എന്നുള്ളതാണ്.
ഭാര്യാ വീട്ടിൽ പോകുന്നത് ഒരു കുറച്ചിലാണുള്ള വിചാരം അവറാച്ചന് പണ്ടേ ഉണ്ട്. മേരികുട്ടിയുടെ വീട്ടിൽ പോയാൽ പുതുമോടിക്കു എത്തിയ സ്വീകരണം ആണ് അവറാച്ചന് എപ്പോഴും കിട്ടുക. ഇപ്രാവശ്യം ചെന്നപ്പോൾ ഒരു വല്ലാത്ത മൂകത. അമ്മച്ചിയേം കൂട്ടി മേരിക്കുട്ടി അകത്തേക്ക് കേറിപോയി. ഉച്ചക്ക് ചോറും കറിയും
വിളമ്പിയപ്പൊഴും അവള് ഒന്ന് മൊകത്തോട്ടു പോലും നോക്കിയില്ല. ഇത് പിണങ്ങി പോയത് തന്നയാന്നു അവറാച്ചൻ ഉറപ്പിച്ചു. അമ്മച്ചിയുള്ളതു കൊണ്ട് ഇന്ന് തന്നെ തിരിച്ചു പോകയും വേണം.അവളിങ്ങനെ ഇടഞ്ഞു നിന്നാൽ എങ്ങനെ ഒരു ഒത്തു തീർപ്പാകും.
" കുര്യച്ചാ , ഞാൻ ബാബുകുട്ടനെ അങ്ങ് കൊണ്ട് പോയേക്കുവാ "
ബാബുക്കുട്ടനെ കൂട്ടിയാൽ മേരിക്കുട്ടി പുഷ്പം പോലെ വീട്ടിൽ തിരിച്ചു വരുമെന്ന് അവറാച്ചന് അറിയാം .
"അയ്യോ അപ്പച്ചാ, ഞാൻ വരുന്നില്ല. "
അവറാച്ചന്റെ മടിയിൽ ബോണ്ടയും തിന്നു സുഖിച്ചിരിക്കുവായിരുന്ന ബാബു കുട്ടൻ ചാടി ഇറങ്ങി .
"അവനിവിടെ ആണെങ്കിൽ സോണീടേം സൊജീടേം കൂടെ കളിച്ചു നടക്കാലോ, സ്കൂളും അടച്ചെക്കുവല്ലേ "
കുര്യച്ചൻ അവറാച്ചന്റെ മുൻപിലെ അവസാന ആണിയും അടിച്ചു കേറ്റി .
"അതല്ല, അമ്മാമ്മക്ക് വയ്യാത്തപ്പോൾ ഇവനും കൂടെ ഇവിടെ " അവറാച്ചൻ പകുതിക്കു വച്ച് നിർത്തി .
"നിങ്ങളിങ് വന്നേ" മേരിക്കുട്ടി അകത്തു നിന്നും ഒരു പ്രത്യേക ട്യൂണിൽ വിളിച്ചു .അനുസരണ ഉള്ള ഒരു
മാടപ്രാവിനെ പോലെ അവറാച്ചൻ അകത്തോട്ടു ചെന്നു .
മേരിക്കുട്ടിയുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നു .
"നിന്റെ പരിപാടി എന്നാ? ഇവിടെ തന്നെ കൂടാനാണോ? ആണെങ്കിൽ എനിക്ക് വേറെ പെണ്ണ് കെട്ടേണ്ടി വരും ." പകുതി തമാശക്കും പകുതി കാര്യമായും അവറാച്ചൻ പറഞ്ഞു .
"നിങ്ങളീ പറഞ്ഞത് എന്റെ അങ്ങളെയോട്‌ ഒന്ന് പറയാമോ?" മേരിക്കുട്ടി പൊട്ടിത്തെറിച്ചു .
അവറാച്ചൻ ഒന്ന് ഞെട്ടി. കുര്യച്ചന്റെ ഒറ്റ ഇടിക്കു തന്റെ കാറ്റു പോകും. ഉറപ്പ് .
"എടീ ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ, അമ്മാമ്മയെ നോക്കാൻ ഒരു പണിക്കാരിയെ വക്കാൻ ഞാൻ അളിയനോട് പറയാം "
"അതൊന്നും വേണ്ടാ, നിങ്ങളാ മുന്പേ പറഞ്ഞതു അവനെ ഒന്ന് പഠിപ്പിച്ചു കൊടുത്താൽ മതി. നട്ടല്ലില്ലാത്തവൻ, ആ സുജ ഉണ്ടല്ലോ അഹങ്കാരീ, അവള് എന്റെ ആങ്ങള അവൻറെ കൂട്ടുകാരുടെ കൂടെ ഒന്നു കറങ്ങാൻ പോയെന്നും പറഞ്ഞു സ്വന്തം വീട്ടിലോട്ടു എഴുന്നെള്ളിയെക്കുവാ "
അപ്പോൾ അതാണ് കാര്യം, ഇവിടുത്തെ കറക്കത്തിന്റെ സ്പീഡ് കൂടിയപ്പോള് സംഭവം കൈ വിട്ടു പോയതാണ്.
അളിയൻ തലയും കുമ്പിട്ടിരിക്കുന്ന കണ്ടപ്പോൾ സഹതാപം തോന്നി .
"പിള്ളേരെ കൊണ്ട് പോകാത്ത കൊണ്ട് രക്ഷപെട്ടു. നീ നയത്തിലൊന്നു വിളിച്ചാൽ പുള്ളിക്കാരി തിരിച്ചു വരും " അവറാച്ചൻ കുര്യച്ചനെ ആശ്വസിപ്പിച്ചു .
"അല്ല എന്റെ അളിയാ, ഞാൻ കാലേ പിടിച്ചവളോട് പറഞ്ഞതാ പിള്ളേരേം കൂടി കൊണ്ട് പോയിക്കൊന്നു . ഇതവള് എനിക്കട്ടു പണി തന്നതാ. രണ്ടു പിള്ളേരും, വയ്യാത്ത അമ്മേം, പിന്നെ പറമ്പും പശും ജോലീം ... സ്കൂളു തുറക്കാതെ ഇനി അവള് തിരിച്ചു വരുന്നു
എനിക്കൊരു പ്രതീക്ഷേ ഇല്ല. അല്ലേലും പാർട്ടി കാര്യം എന്നും പറഞ്ഞു എന്റെ കറക്കം ഇത്തിരി കൂടുതലായിരുന്നു ."
അവറാച്ചന് ഇപ്പോൾ കാര്യങ്ങള് കൊറേചൂടി ക്ലിയർ ആയി. അളിയന്റെ പാർട്ടി പ്രവർത്തനോം കുടുംബഭാരോം താങ്ങാൻ പറ്റാതെ സുജ ഒരു അവധി എടുത്തതാന്ന് . അവള് പോയതല്ല അളിയന്റെ പ്രശ്നം, മേലനങ്ങേണ്ടി വരും എന്നതാണ് . അപ്പോള് അതാണ് തന്റെ ദാമ്പത്യത്തിലെ ശരിക്കും ഉള്ള വില്ലൻ .
"അളിയാ അതൊക്കെ ശരി, എനിക്ക് മേരികുട്ടിയേം കൊച്ചിനേം ഒത്തിരി ഒന്നും മാറി നിക്കാൻ പറ്റില്ല . അളിയൻ അമ്മായിഅപ്പനെ സോപ്പിട്ടു സുജേനെ തിരിച്ചെത്തിക്കാൻ നോക്കു."
"അമ്മെ വാ നമുക്കിറങ്ങാം "
അവറാച്ചൻ അകതോട്ടു നോക്കി വിളിച്ചു . മേരിക്കുട്ടി കേട്ടോട്ടെ എന്നോർത്ത് വിളിച്ചതാണ് .
"കാപ്പി കുടിച്ചിട്ടിറങ്ങാം അളിയാ " കുര്യച്ചൻ
ഉപചാരപൂർവം പറഞ്ഞു .
അഞ്ചു മിനുട്ടിനുള്ളിൽ രണ്ടു അളിയൻമാരെയും അത്ഭുതപെടുത്തി മേരികുട്ടിയും ബാബുമോനും ഉടുപ്പും മാറ്റി അമ്മച്ചീടെ കൂടെ പുറത്തോടു വരുന്നു .
" ഹാ നീയും വരുന്നുണ്ടൊ ?" ഉള്ളിലെ സന്തൊഷം മറച്ചു വച്ച് അവറാച്ചൻ ചോദിച്ചു .
"അതേ, പുള്ളി പശൂന്റെ പേറ്‌ അടുത്തു. ഞാൻ ആ കാര്യമേ അങ്ങ് മറന്നു പോയീ. എടാ കുര്യാച്ച, ഞാൻ
അമ്മാമ്മയോടു പറഞ്ഞപ്പോൾ എന്നോട് വീട്ടിൽ പോകാനാ പറഞ്ഞത് . അല്ലേലും അമ്മാമ്മക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല. നീ എന്റെ ഈ അച്ചായനെ കണ്ടു പഠിക്ക്‌. അത് പോലെ കൊറച്ചു വീട്ടു കാര്യം കൂടി ചെയ്തു അവളെ സഹായിച്ചിരുന്നെങ്കിൽ
ഇപ്പോൾ ഇങ്ങനെ ശ്വാസം വലിക്കേണ്ടി വരുവായിരുന്നോ?"
ഒറ്റവാക്കിൽ പറഞ്ഞു തീർത്തപ്പോൾ മേരികുട്ടിക്കും അതു കേട്ട അവറാച്ചനും ഒന്നിച്ചു ശ്വാസം മുട്ടി. ഇവളെ താൻ എപ്പോൾ സഹായിച്ചു? . ഒരു കരിയില എടുത്തു സഹായിക്കില്ല എന്നും പറഞ്ഞു മേരിക്കുട്ടി വഴക്കുണ്ടാക്കുന്നതു അവറാച്ചൻ ഓർത്തു .
ഹാ, എന്തങ്കിലും ആകട്ടെ . തന്റെ കാര്യത്തിൽ ഒരു സമാധാനം ആയല്ലോ.
അന്ന് രാത്രി അവറാച്ചന്റെ കൈ തണ്ടയിൽ തല വച്ച് കിടക്കുമ്പോൾ മേരിക്കുട്ടി അവറാച്ചനെ നോക്കി കുറുമ്പൊടെ പറഞ്ഞു .
"ഇനീം രാത്രി താമസിചു വന്നാൽ ഉറങ്ങി കിടക്കുമ്പോൾ ഞാൻ നിങ്ങടെ മീശ കണ്ടിച്ചു കളയും"
അവറാച്ചൻ മച്ചിങ്ങ തൂക്കിയ റമ്മി കളിക്കാരനെ പോലെ ദയനീയമായി മേരികുട്ടിയെ നോക്കി .
"പൈസ വച്ചുള്ള നിങ്ങടെ കളി ഒക്കെ ഞാൻ അറിയുന്നുണ്ട്. നാളെ പോലീസ് വല്ലോം പിടിച്ചാൽ എന്താകും ഞങ്ങടെ സ്‌ഥിതി എന്നോർത്തിട്ടുണ്ടോ?" അതുപറയുമ്പോൾ മേരികുട്ടിയുടെ കണ്ണിന്റെ കോണിൽ നിന്നും രണ്ടു നീര്തുള്ളികൾ ചാടുന്നത് അവറാച്ചൻ കണ്ടു .
"എന്റെ പൊന്നോ നിർത്തി " അവറാച്ചൻ മീശ ഉരസി മേരികുട്ടിയെ ഇക്കിളി കൂട്ടി ചിരിപ്പിച്ചു .
"കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയാമ്പറ്റു എന്ന് പറയുന്ന ശരിയാ കേട്ടോ "
"എനിക്കും തോന്നി അച്ചായാ , ഇനി
മുതൽ എന്റെ രണ്ടു കണ്ണും അച്ചായന്റെ മേലായിരിക്കും" മേരിക്കുട്ടി സ്നേഹത്തോടെ പറഞ്ഞു.
"എന്റെ നിത്യ സഹായമാതാവേ " അവറാച്ചൻ ഹ്രദയം തുറന്നു വിളിച്ചു
"ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ" മേരിക്കുട്ടി ഏറ്റു ചൊല്ലി
Jisha

കൊടുംകാറ്റു വരുന്ന വഴികൾ

കൊടുംകാറ്റു വരുന്ന വഴികൾ
"Pappa how this hurricane happens?"
മൂത്ത മോളുടെ ചോദ്യമാണ് ..
ഞാൻ പതിയെ അടുക്കള ഭാഗത്തോട്ടു തല തിരിച്ചു നോക്കി. നോട്ടം ഏറ്റുമുട്ടിയതും ഞങ്ങൾ രണ്ടുപേരും രണ്ടു ദിശയിലോട്ടു തല വെട്ടിച്ചു. ആ തല വെട്ടീരിൽ അവളുടെ മുഖം ചൂട് കൂടി ഇരുണ്ടു വരുകയും, എന്റെ ഹ്രദയം ഉത്തരം കിട്ടാതെ കാർമേഘ പൂരിതമാകുകയും ചെയ്തു.അടുക്കളയുടെയും ഊണ് മേശയുടെയും ഉപരിതലത്തിൽ കുട്ടികൾക്ക് മനസിലാകാത്ത മൗനം എന്ന ന്യുന മർദ്ദം രൂപപ്പെടുകയും, രോഷം എന്ന
ചൂട് വായു അന്തരീക്ഷത്തെ മദീഭവിച്ചു കൊണ്ടുമിരുന്നു.
ഇടയ്ക്കു ഇടക്ക് മക്കളുടെ കിന്നാരം പറച്ചിലുകൾ സംഭവം തണുപ്പിക്കുമെന്നു തോന്നിയപ്പോഴേക്കും അവളുടെ അരിശം അതുങ്ങളോടും തീർത്തു ആ കുഞ്ഞു മോളിക്യൂൾസിനെയും ഹീലിയം പോലെ ചൂടാക്കി പറപ്പിച്ചു.
മക്കൾ ഉറങ്ങി എന്നുറപ്പായപ്പോൾ ഈ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠിക്കാനായി ഞാൻ പമ്മി പമ്മി ബെഡ് റൂമിലെത്തി.
"എന്താണ് നിനക്കിന്നിത്ര അരിശം?"
ഞാൻ വളരെ സാധുവായി ..
പിന്നെ അവിടെ നടന്നത്;
ആദ്യം വേലിയിറക്കം ( കടുപ്പിച്ച നോട്ടവും തിരിഞ്ഞൊരു കിടത്തവും)
കൂടുതൽ കുഴപ്പങ്ങൾ സംഭവിക്കാത്തിരിക്കാൻ ഞാൻ
തല യിണക്കുള്ളിൽ ഒളിച്ചു.
പിന്നെ ഞാൻ കൂടുതൽ ചികയില്ല എന്നവൾക്കു തോന്നിയതും അവൾ പുതപ്പും എടുത്തു പുറത്തോട്ടു....
എന്നാൽ ഇതിനൊരു തിരുമാനമുണ്ടാക്കണം
എന്ന വാശിയിൽ എന്റെ പ്രതലം തിളക്കാൻ തുടങ്ങി.
"എനിക്കിപ്പം അറിയണം നിനക്കെന്തിന്റെ കുഴപ്പമാണെന്നു"
ഞാൻ ഒരു അലറിച്ചയോടെ ഉപരിതലത്തിൽ നിന്നും പൊങ്ങി നിവർന്നു.
അത് കേൾക്കാൻ കാത്തിരുന്ന പോലെ അവൾ ചകിരിനാര്‌ പോലെയുള്ള കാർകൂന്തൽ വട്ടത്തിൽ ചുഴറ്റി തിരിഞ്ഞു നിന്നു . ബെഡ്‌റൂമിൽ കാറ്റഗറി അഞ്ചായി അവൾ തകർന്നാടി ..തലയിണകൾ, ബെഡ് ഷീറ്റുകൾ പല വഴി പറന്നു. ആ കാറ്റിൽ പറന്നു പോകാതെ പിടിച്ചു നില്ക്കാൻ ഞാൻ എനിക്ക് ഷട്ടർ ഇടാൻ ശ്രമിച്ചപ്പോൾ കല്യാണം മുതൽ ഇതു വരെ ഞാൻ ചെയ്ത കുറ്റക്രത്യങ്ങൾ ഒരു വൻവ്രക്ഷമാക്കി പറിച്ചെറിഞ്ഞു എന്റെ നടുവൊടിച്ചിട്ടു. സ്‌ഥിരമായിട്ടുള്ള വൈകിട്ടത്തെ മിനുങ്ങലും കമ്പനി കൂടലുമൊക്കെ ഒരു മാസത്തോളം നീണ്ട പവർ കട്ടിലവസാനിപ്പിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...
പിറ്റേന്ന് ശക്തി കുറഞ്ഞ കാറ്റായിരുന്നെങ്കിലും മൂടലിനും മുരളലിനും കുറവൊന്നും ഇല്ലായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു. ഓടി രക്ഷപെടാൻ പല തവണ ശ്രമിച്ചുവെങ്കിലും ഇതു എന്നെ ഇടിച്ചു നിന്നില്ലെങ്കിൽ വഴി മാറി അവളുടെ വീട്ടിലേക്കു തിരിയാൻ ഉള്ള സാധ്യത കണ്ടു ഞാൻ എന്റെ ക്ഷമയുടെ ക്ലോസെറ്റിൽ കയറി പതുങ്ങി ഇരുന്നു.
മരച്ച കോഴിയും മീനും അരപ്പിൽ കുളിക്കാതെ കുറെകാലത്തിനു ശേഷം ഫ്രീസറിൽ ചുമ്മാ എന്തിനോ വേണ്ടിയോ വിശ്രമിച്ചു. പുളിച്ച തൈരും
പൂപ്പൽ മാറ്റിയ അച്ചാറും ഊണുമേശയിൽ പിന്നെയും ഞെളിഞ്ഞു നിന്നു.
ഈ കൊടുങ്കാറ്റിന്റീടെയിൽ നെഞ്ചിലും വയറ്റിലും അശാന്തിയുമായി ബെഡ്‌റൂമിൽ കയറിചെന്നപ്പോൾ കാറ്റൊക്കെ ശമിച്ചു മുഴുവൻ വെള്ളപൊക്കം.
"നീ ഈ വഴക്കെടുക്കുന്നതിന്റെ കാരണം ഒന്ന് പറഞ്ഞു തുലക്കാമോ?"
കാറ്റഗറി അജ്ജയാൽ ഓടാനും, ഇടിവെട്ടിയാൽ ഷോക്ക് കിട്ടാതിരിക്കാനും വാതിലിന്റെ ലോക്കിൽ പിടിച്ചാണ് ചോദ്യം.
ഒരു മിന്നൽ പിണരും ഇടി വെട്ടിയുള്ള മഴയും എന്നെ നനച്ചു നാശമാക്കി കളഞ്ഞു. ആ ഒരു നോട്ടവും ഏങ്ങലടിച്ചുള്ള കരച്ചിലും പതിവില്ലാത്തതാണല്ലോ.
"എന്താടീ പറ്റിയത്? നീ കാര്യം പറ. എന്നാലല്ലേ എനിക്ക് മനസിലാകൂ."
ഞാൻ ആ വെള്ളപ്പൊക്കത്തിൽ കാല് നിലത്തുറക്കാതെ ഒന്ന് ഉഴറി.
പിന്നെയും ചന്നം പിന്നം മഴ പെയ്തു. ഇടയ്ക്ക് ഇടക്ക് ഓരോ ഇടിവെട്ടലോടെ ആ രാത്രിയും
വെളുത്തു. വിശപ്പിന്റെയും മനഃസമാധാന കുറവിന്റെയും ക്ഷീണത്തിൽ രാവിലെ നന്നായി ഒന്ന് മയങ്ങി . എണീറ്റപ്പോൾ ശ്രീമതി കുറുകി പിടിച്ച ഒരു ടീ ഷർട്ടും മുക്കാച്ചി പാന്റും ഇട്ടു നിന്ന് കിതക്കുന്നു.
"എന്നാതാടീ, രാവിലെ?"
ഉത്തരം തരാതെ അവൾ നിലത്തോട്ടു ഒരു കിടത്തം. പിന്നെ തല പൊക്കുന്നു ശേഷം കാല് പൊക്കുന്നു, അവസാനം ശ്യാസം കിട്ടാതെ പിടയുന്നു.
ഒചെം ബഹളോം കേട്ട് പിള്ളേരും എഴുന്നേറ്റു വന്നു.
"പപ്പാ അറിഞ്ഞില്ലേ, മമ്മ വണ്ണം കുറയ്ക്കാൻ എക്സ്സൈസ് ചെയ്യാൻ തുടങ്ങിയതാ..."
"എന്തിനു?" എനിക്ക് തല കറങ്ങി. ഒന്ന് നടക്കാൻ വരാൻ പോലും മടി പിടിച്ചിരിക്കുന്ന സാധനമാണ്.
കിതപ്പിന്റിടക്കു രണ്ടു ഗ്ലാസ്സ് വെള്ളം ഒറ്റയടിക്ക് വിഴുങ്ങുന്നതിന്റിടയിൽ അവൾ വിക്കി കൊണ്ട് പറഞ്ഞു,
"നിങ്ങളെല്ലേ കഴിഞ്ഞ ദിവസം ആ സിന്ധുന്റെ വീട്ടിൽ വച്ച് എന്നെ കളിയാക്കിത്"
"എപ്പോ? ഞാനോ, നിന്നെ കളിയാക്കിയെന്നോ?"
അവരുടെ കൊച്ചിന്റെ ബർത്ത്ഡേയ്ക്ക് പോയപ്പോൾ വെള്ളപുറത്തു വല്ല കൈ അബദ്ധവും!
എന്റെ തല പുകഞ്ഞു.
"ഇല്ല, നിങ്ങളെന്റെ കഴിപ്പിനെ ഒന്ന് പുകഴ്ത്തി അത്രയേ ഉള്ളു."
അവളൊരു ചുഴലിക്കാറ്റായി എന്നെ ഒന്ന് കറക്കി എറിഞ്ഞു കാട്ടു തീ പോലെ കുളിക്കാൻ പോയി.
ഇതികര്തവ്യ മൂഢനായി ഞാൻ സംഭവങ്ങൾ റീവൈൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന്റ്യടെ ചായക്കൊപ്പം എന്നും
കിട്ടുന്ന അപ്പത്തിനും പുട്ടിനും പകരം കരിഞ്ഞു മൊരിഞ്ഞ ഗോതമ്പു ബ്രെഡും മൊട്ടടെ വളുവളാന്നുള്ള വെള്ളയും മേശപ്പുറത്തു കേറി.
"ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ, ഫോട്ടോ എടുക്കുമ്പോൾ വട്ടം പിടിച്ചാൽ എത്തില്ല എന്നു തമാശ പറഞ്ഞതിന് എന്നെ നീ ഇങ്ങനെ ക്രൂശിക്കല്ലേടീ..."
ഞാൻ കരം കൂപ്പി..എന്റെ വയറു കൂടത്തിൽ വാവിട്ടു കരഞ്ഞു .
"ഇനി മേലാൽ എന്നെ കളിയാക്കുമോ?"
"ഇല്ല, ദെവത്തിനാലെ ഇല്ല"
"അങ്ങനെ വഴിക്കു വാ."
"പിന്നെ വട്ടം പിടിക്കാൻ കൈ എത്താതിരിക്കാനുള്ള കാരണങ്ങൾക്ക് രണ്ടിനും നിങ്ങടെ അതേ വലിപ്പം തന്നെ
ആണല്ലോ?"
"ആണേ .."
ഞാൻ എന്ന മത്തൻ കുത്തിയിട്ടു വന്ന ഹോർമോൺ അടിച്ചു കേറ്റിയ പോലത്തെ മത്തങ്ങകൾ രണ്ടും എന്നെ നോക്കി വാ പൊത്തി ചിരിച്ചു.
"ആന ആനയെ പോലെ ഇരുന്നാലേ ഒരു ചന്തമുള്ളു, ശരിയല്ലേ?"
"വളെരെ ശരിയാണ്"
"കുതിര വണ്ണം വച്ച് ആന ആയതൊന്നു അല്ലല്ലോ?"
"അല്ല, നീ പണ്ടും ഇങ്ങനെ തന്നെ .."
ഞാൻ വീണ്ടും കൈ കൂപ്പി.
"എന്നാൽ മോൻ വേറെ കുതിരകളെ കണ്ടു എന്റടുത്തു മെടയണ്ട .."
"ഇല്ലേയില്ല .."
"എന്നാൽ കൈ കഴുകി വാ"
അവൾ ഒളിപ്പിച്ചു വച്ച വെള്ളയപ്പവും സ്‌റ്റൂവും എന്നെ നോക്കി കളിയാക്കി ചിരിച്ചു.
അങ്ങനെ ആ കൊടുങ്കാറ്റു ജീവിതത്തിലെ ഒരു വലിയ പാഠം പഠിപ്പിച്ചു. കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം വീട്ടിലെയോ അപ്രത്തെ വീട്ടിലെയോ പെണ്ണുങ്ങളുടെ വയറിനെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത്.
Pappa answer me, how hurricane comes?
ഓഹ് ആ ചോദ്യം ഇപ്പഴും അവശേഷിയ്ക്കുന്നുണ്ടല്ലോ ..
"അതിനു പ്രത്യെകിച്ചു കാരണം വേണ്ട മോളെ.
കഷ്ടകാലാമാണാങിൽ ചുമ്മാ ഇരിന്നാലും ഓരോന്നും പറഞ്ഞു വരും. ഒരേ രീതിയിൽ വീശിയില്ലെങ്കിൽ തമ്മിലടിച്ചു പിരിയും. പിന്നെ ചൂടും കൂടി ശക്തീ കൂടി കറങ്ങി അടിച്ചു ജീവിതം നശിപ്പിക്കും."
"What Pappa, what you are talking about?"
കൊച്ചു ഇനീം ചോദിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കി എന്നെ വെറുതെ വിട്ടു.
ഞാൻ ഇനി ഭാവിയിൽ വീശാൻ സാധ്യതയുള്ള കൊടുങ്കാറ്റുകൾ വഴിമാറി വീശാൻ ഒടെതമ്പുരാനോട്‌ മനസ്സിൽ പ്രാർഥിച്ചു.....

Jisha

ചേട്ടായി


ചേട്ടായി
"എന്ത് പറഞ്ഞാലും അതിത്തിരി കൂടി പോയി കേട്ടോ"
"നീ പറയണ കേട്ട് തുള്ളിയാൽ ഇവിടെ കാര്യം നടക്കില്ല അച്ചാമ്മെ."
അപ്പപ്പാപ്പനും അമ്മാമ്മയും അരതിണ്ണയിൽ ഇരുന്നു കൊണ്ട് പിടിച്ച വർത്തമാനമാണ്. രണ്ടു പേരുടെയും വായിൽ നല്ല കിളുന്തു വെറ്റില ഇരുന്നു ചൊമാക്കുന്നു.
സ്കൂള് വിട്ടു ചെരുപ്പൂരി അകത്തോട്ടു ഓടി കേറുവായിരുന്നു ഞാൻ. എന്നെ കണ്ടതും അവരുടെ വർത്താനം പെട്ടെന്ന് നിന്നു.
അമ്മ ഇതിനൊന്നും ചെവി കൊടുക്കാതെ തേങ്ങാ ചിരണ്ടുന്നു. ചേച്ചിയെ കാണാൻ വന്നവരുടെ വിശേഷമാണ് അപ്പാപ്പനും അമ്മാമ്മയും കൂടി ഈ ചവച്ചരക്കുന്നതു .
"ചെറുക്കൻ നല്ലതായിരുന്നോ അമ്മെ?"
സ്കൂളിൽ നിന്നും ആനയെ വിഴുങ്ങാനുള്ള വിശപ്പോടെ വന്ന ഞാൻ കുപ്പിയിലിട്ടു വച്ചിരുന്ന അരിയുണ്ട തിരയുമ്പോൾ ചോദിച്ചു
"കുഴപ്പമൊന്നും ഇല്ലായിരുന്നു. ഇതും നടക്കത്തോന്നുമില്ല."
അതെന്താ എന്ന് ചോദിക്കാൻ അമ്മയുടെ ദീർഘനിശ്വാസം കേട്ടപ്പോൾ തോന്നിയില്ല.
ചേച്ചി ഇപ്പോൾ മൂന്ന് തവണയായി ഒരുങ്ങി കെട്ടി നിൽക്കുന്നത്. ഈ പ്രാവിശ്യം ആ കാരണം പറഞ്ഞു സ്കൂളിൽ പോവാതെ വീട്ടിലിരിക്കാൻ അപ്പാപ്പൻ സമ്മതിച്ചില്ല.
"ചെറുക്കൻ എങ്ങാനൊണ്ടായിരുന്നു കല്യാണ പെണ്ണെ?"
ചേച്ചിയെ ചുമ്മാ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ നോക്കി. ടിവിലെ വൈകിട്ടത്തെ സീരിയലിന്റെ മുൻപിൽ കണ്ണും തെറിപ്പിച്ചിരിക്കുകയായിരുന്നു അവൾ.
"പോടീ അവിടുന്ന്. " അവള് എന്നെ നോക്കി കണ്ണുരുട്ടി.
"ഇപ്രാവശ്യം എന്തായിരുന്നു? ഷാരൂഖ് ഖാൻ അല്ലായിരുന്നോ?"
കഴിഞ്ഞ രണ്ടു ത്തവണേം ചെറുക്കനെ കൊള്ളില്ല എന്ന് പറഞ്ഞാണ് അവൾ ആലോചന തള്ളി കളഞ്ഞത്.
"ഡീ, ആ ചെറുക്കന്റെ പെങ്ങള് ആരുടെയോ ഒപ്പം ഒളിച്ചോടിയതാണ്. അപ്പാപ്പൻ രാവിലെയാ അറിഞ്ഞത്. അത് അവരോടു ചോദിക്കുവേം ചെയ്തു.അവരാകെ വല്ലാതെയാ ഇറങ്ങി പോയത്."
"നിനക്കിഷ്ടപെട്ടായിരുന്നോ?"
"പോടീ.... " ചേച്ചിക്ക് പെട്ടെന്ന് നാണം വന്നു.
അതിനർത്ഥം ചെറുക്കൻ നല്ല ചുള്ളനാണന്നു തന്നെ .
കാര്യം ഇതൊക്കെയാണെങ്കിലും അവള് കെട്ടി പോകുന്നത് ഓർക്കാൻ വയ്യ .ഓര്മ വച്ച കാലം മുതൽ ചേച്ചിയാണ് എല്ലാം. അഞ്ചു വയസ്സിന്റെ മൂപ്പുണ്ടെങ്കിലും അവളാണ് ഇപ്പോഴും എന്റെ കൂട്ട്. ചെറുപ്പത്തിൽ അപ്പാപ്പൻ വടിയുമായിട്ടു കിണറ്റിനു ചുറ്റും ഓടിക്കുമ്പോൾ അവളെ വട്ടം പിടിച്ചു അവൾക്കും അടി മേടിച്ചു കൊടുക്കുമായിരുന്നു.
അച്ചാച്ചൻ മഞ്ഞപിത്തം വന്നു മരിച്ച ശേഷം അമ്മച്ചി ഒരു മരവിച്ച ജീവിതമാണ്. ചേച്ചി പറഞ്ഞുള്ള അറിവാണ്
അച്ചാച്ചനെ പറ്റി. എപ്പോഴും തമാശയും പറഞ്ഞു സന്തോഷമായി ചിരിക്കുന്ന അച്ചാച്ചന്റെ മുഖമാണ് അവളുടെ മനസിലുള്ളത്. തനിക്കതിനുള്ള ഭാഗ്യം പോലും കിട്ടിയില്ല. ഓർക്കുമ്പോൾ ഓർക്കുമ്പോൾ കർത്താവിനോടു അരിശം തോന്നും. ബാക്കി പിള്ളേരുടെ അപ്പന്മാരെയൊന്നും വേണ്ടാതെ എന്റെ തന്നെ അപ്പനെ കൊണ്ട് പോയല്ലോ. അപ്പാപ്പന്റെ കണക്കുകൾക്കും പിശുക്കിന്റെയും മുൻപിൽ ചേച്ചിയുടെ പഠിത്തം നേരത്തെ നിന്നു. അപ്പാപ്പൻ ഈ വെപ്രാളമെടുക്കുന്നതെല്ലാം പുര നിറഞ്ഞു വരുന്ന കൊച്ചു മക്കൾക്കും പിടിപ്പില്ലാത്ത മരുമകൾക്കും വേണ്ടിയാണെന്ന് അമ്മാമ്മ മുറയ്‌ക്ക്‌ മുറയ്‌ക്ക്‌ ഓർപ്പിക്കാറുണ്ട്.
********. ********* ******** *******
"ഇവിടുന്നാരാ പോകുന്നത്?" അമ്മാമ്മ അപ്പാപ്പനോട് ചോദിച്ചു.
"തോമ്മേം പെണ്ണുമ്പിള്ളേം വരും.കറിയച്ഛനോടും വരാൻ പറഞ്ഞിട്ടുണ്ട്."
"റോസകുട്ടിയെ കൊണ്ട് പോകണ്ടേ?"
"അവള് വന്നിട്ടെന്തിനാ? വാ തുറന്നു ഒന്ന് സംസാരിക്കതു പോലുമില്ല."
"എന്നാലും അവളൂടെ വേണം.അവളുടെ കൊച്ചിന്റെ കല്യാണ ഒറപ്പീരല്ലേ?"
അമ്മാമ്മയുടെ ആ സെന്റിയടിക്കു മുൻപിൽ അപ്പാപ്പൻ വീണു.
ഞാൻ അമ്മയെ നോക്കി. അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടോ .. ? വിമ്മിഷ്‌ടതോടെ ഞാൻ എണീറ്റ് പോയി.
"ഈ അപ്പാപ്പന്റെ ഒരു കാര്യം."
മുറുമുറുത്തോണ്ടു ചെന്നപ്പോൾ ചേച്ചി സംശയത്തോടെ നോക്കി. കല്യാണം പിന്നെയും കരയ്ക്കടുക്കുവാനാണ് കേട്ടപ്പോൾ മുതൽ പെണ്ണിന് വെപ്രാളം തുടങ്ങി.
"എന്ത് പറ്റിടീ, നിന്റെ മുഖം എന്തോ പോലെ?"
"നാലെണ്ണം പറയണ്ട സമയത്തു പറയുക തന്നെ വേണം അല്ലാതെ ബാക്കിയുള്ളൊരു ചവിട്ടി തേക്കുമ്പോൾ മുഖോമ് കുനിച്ചു പിടിച്ചു കരഞ്ഞോണ്ടിരുന്നാൽ എന്നോ മരിച്ചു പോയ അച്ചാച്ചൻ തിരിച്ചു വരതൊന്നുമില്ല."
അത് കേട്ടതോടെ അവള് പിന്നെ ഒന്നും പറഞ്ഞില്ല. ചെറുപ്പം തൊട്ടു കേട്ട് പഴകിയതു കൊണ്ട് അതിനെ പറ്റി കൂടുതൽ ചികഞ്ഞിട്ടു കാര്യമില്ലെന്നു അവൾക്കറിയാം. അച്ചാച്ചൻ നിർബന്ധം കൂടി കെട്ടിയതാണ് അമ്മച്ചിയെ. അതിന്റെ ഏനക്കേട്‌ അച്ഛച്ചൻ ജീവനോടെ ഉണ്ടായിരുന്നപ്പോൾ അമ്മാമ്മയും, മരിച്ച ശേഷം അപ്പാപ്പനും തീർക്കുന്നുണ്ട്. അച്ചാച്ചന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി വരാന്തയിൽ രാത്രിയിൽ ഒറ്റക്കിരുന്നു സംസാരിക്കുന്ന അമ്മച്ചിയെ ഞാൻ ഒളിഞ്ഞു നിന്ന് എത്ര തവണ കണ്ടിരിക്കുന്നു.
******** ********** ******* ****** **********
കല്യാണമൊക്കെ നല്ല ഭംഗിയായി നടന്നു. കല്യാണത്തിന് മുൻപ് മൂന്നുമാസം പ്രേമിക്കാൻ കിട്ടിയത് കൊണ്ട് ചേട്ടായിയുടെ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ചേച്ചി ഒന്ന് ആൾക്കാരെ കാണിക്കാൻ പോലും കരഞ്ഞില്ല. ഇറങ്ങാൻ നേരം ചേട്ടായി തിരിച്ചു വന്നു ഒച്ച കുറച്ചു പറഞ്ഞു
കൊച്ചിന് സങ്കടം വരുന്നുണ്ടെങ്കിൽ കൂടെപോന്നോളാൻ,
എന്നിട്ടു രണ്ടു ദിവസം നിന്ന് തിരിച്ചു പോന്നാൽ മതിയെന്ന്.
ഓഫർ ഒക്കെ കൊള്ളമായിരുന്നെങ്കിലും പ്ലസ്ടുകാരിയുടെ തിരിച്ചറിവ് വച്ച് ഇടക്ക് അവളെ ഇങ്ങോട്ടു ഒന്ന് വിട്ടാൽ മതിയെന്ന് പറഞ്ഞു ഞാൻ അകത്തോട്ടു ഓടി.
ചേച്ചി എന്നെന്നേക്കുമായി തന്റേതല്ലാതായി എന്ന തിരിച്ചറിവ് ഈ മൂന്നു ദിവസം കൊണ്ട് തന്നെ മനസ്സിലായിരുന്നു . എല്ലാം അന്ന് വൈകുന്നേരം വരെയുള്ള കണ്ണീരിലും ഒരാഴ്ചയോളം നീണ്ട വിശപ്പില്ലായ്മയിലും തീർന്നു.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചേച്ചിയും ചേട്ടായിയും വരും. അപ്പാപ്പനുള്ള കുപ്പി കണി വയ്ക്കുന്ന പോലെ ചേട്ടായി കരുതിയിട്ടുണ്ടാവും.രാത്രിയിൽ അപ്പാപ്പനും ചേട്ടായിയും വെള്ളമടിച്ചു നാടൻ പാട്ടുകൾ പാടുമ്പോൾ അമ്മാമ്മ അമ്മച്ചിയോടു പറഞ്ഞു
ഇവൻ നമ്മടെ ജോണികുട്ടിയെ പോലെ തന്നെയാ ഇല്ല്യോടി എന്ന്.
അതുകേട്ട അമ്മച്ചി സ്നേഹത്തോടെ ചിരിച്ചു. പക്ഷെ ചേച്ചിക്ക് അതത്ര രസിച്ചൊന്നുമില്ല .അവളതു കേട്ടപാടെ
എണീറ്റ് പോയി .
ചേട്ടായി പതിയെ ഞങ്ങടെ വീട്ടുകാര്യങ്ങളിലും തലയിടാൻ തുടങ്ങി. വയലിൽ അടുത്ത തവണ ഇറക്കുന്ന വാഴ കൃഷി മുതൽ അടുക്കളയിൽ ഉണ്ടാക്കുന്ന കറി വരെ ചേട്ടായിയുടെ ഇഷ്‌ടങ്ങളായി. അമ്മച്ചിയുടെ സ്വഭാവത്തിലും മാറ്റമൊക്കെ വന്നു തുടങ്ങി. ചേട്ടായി എല്ലാ കാര്യത്തിലും അമ്മച്ചിയുടെ അഭിപ്രായം ചോദിക്കും. എപ്പോൾ വന്നാലും അടുക്കളയിലോട്ടുള്ള ഒരു കവര് വീട്ടു സാധനങ്ങളും ഉണ്ടാവും. അമ്മച്ചി ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്തോണ്ടിരിക്കുവാണെങ്കിൽ ചുമ്മാ പോയി എന്തെങ്കിലും ഒക്കെ വർത്താനം പറഞ്ഞു കൊണ്ടിരിക്കും. എല്ലാം കൊണ്ടും അമ്മച്ചിക്ക് ഒരു ഉണർവ് വന്നു.
ചേട്ടായിയുടെ വീട്ടിലെ പിടുത്തം മുറുകുന്നതിനനുസിച് എന്റെ വിമ്മിഷ്ടം കൂടി വന്നു. ഒന്നാമതെ വീട്ടിലെ കാര്യക്കാരി എന്ന ഇമേജ് മുഴുവൻ പോയി. ചെറുതായിരുന്നെങ്കിലും അപ്പാപ്പൻ കഴിഞ്ഞാൽ വീട്ടിലെ കാര്യം നടത്തിപ്പുകാരി ഞാനാണൊന്ന ഒരു ഭാവം എനിക്കുണ്ടായിരുന്നു. പിന്നെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും ചില നേരത്തെ വർത്താനം കേട്ടാൽ ഭാവിയിൽ എന്നെ എങ്ങോട്ടെങ്കിലും കെട്ടിച്ചു വിട്ടു ചേട്ടായിയെ ദത്തു നിർത്താനുള്ള ഭാവവും.
ചേട്ടായിയോടുള്ള വെറുപ്പിന്റെ അടിസ്ഥാന കാരണം ചേട്ടായിടെ എന്നോടുള്ള ഒരു അളിയാലാണന്നു ആരോടെങ്കിലും പറയാൻ പറ്റുമോ. വീട്ടിലെത്തുമ്പോൾ കൊണ്ട് വരുമ്പോൾ കൊണ്ട് വരുന്ന കാഡ്ബറീസിലും കിറ്റ്കാറ്റിലും ഒരു ചതിയുടെ ചുവ ഉള്ളത് പോലെ. ചേച്ചീടൊപ്പം സിനിമക്കും ഷോപ്പിങ്ങിനും കൊണ്ട് പോകുമ്പോൾ അധികവും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.പക്ഷെ ചേച്ചിയെ വിഷമിപ്പിക്കാൻ വയ്യ. വീട്ടിലാരോടും പറയാനും വയ്യ.
ചേട്ടായിക്ക് ടൗണിൽ നിന്നും ഞങ്ങടെ വീടിനടുത്തുള്ള ബാങ്കിലോട്ടു സ്‌ഥലം മാറ്റം കിട്ടിയതോടെ അവര് ഒരു വാടക വീടെടുത്തു. അപ്പാപ്പൻ ഞങ്ങടെ കൂടെ താമസിക്കാതെ വെറുതെ വാടക കളഞ്ഞു മൂന്നു മൈൽ അകലത്തിൽ വീടെടുത്തതിനെ പറ്റി ചേട്ടായിയെ മുള്ളേൽ നിർത്തി. പക്ഷെ ചേച്ചി എന്നോട് വല്യ രഹസ്യം പറയണ പോലെ പറഞ്ഞു ചേട്ടായിക്ക് പ്രൈവസി വേണമെത്രെ . ഞാൻ ഒന്നും മനസിലാകാതെ ഒരു നല്ല കാര്യം കേട്ട പോലെ ചിരിച്ചു കാണിച്ചു.
********. *********. ***********. ************
അങ്ങനെ പ്ലസ് ടു ഉരുണ്ടു പിടിച്ചു കടന്നു കിട്ടി. വൈകിട്ട് അത്താഴത്തിനിടയിൽ എന്റെ ഭാവിയായിരുന്നു ഊണ് മേശയിൽ സംസാര വിഷയം.
ചേട്ടായി നഴ്സിംഗ് എന്ന ആശയം പറഞ്ഞു.
"എനിക്ക് വേണ്ട, എനിക്ക് വക്കീലായാൽ മതി. "
ഞാൻ ഉറപ്പിച്ചു.
"നഴ്സിംഗ് വേണ്ടടാ, കണ്ടവരുടെയൊക്കെ മലോം മൂത്രോം എന്റെ കൊച്ചു തുടയ്ക്കണ്ടയെ"
അപ്പാപ്പൻ എതിർത്തു .
എനിക്ക് കഴിച്ചോണ്ടിരിക്കുന്ന ചോറ് ശര്ധിക്കാൻ തോന്നി.
"അപ്പാപ്പാ, പക്ഷെ ജോലി കിട്ടാൻ എളുപ്പമാ. ഇവള് വക്കീല് പഠിത്തമൊക്കെ കഴിഞ്ഞാലും ഇപ്പോത്തെ കാലത്തു ജോലി കിട്ടണമെന്നില്ല.അല്ലങ്കില് ഡിഗ്രി വല്ലോം ചെയ്തിട്ട് ബി എഡിന് വിടാം. അതാവുമ്പോൾ ഇച്ചിരെ കാശു കൊടുത്താലും ജോലി കിട്ടിയാൽ ഭാവിലോട്ടു പിന്നെ പേടിക്കണ്ട. "
ചേട്ടായി എല്ലാം തീരുമാനിച്ച പോലെ പറഞ്ഞു നിർത്തി.
ഞാൻ തലയുയർത്തി നോക്കിയപ്പോൾ എല്ലാവരുടെ മുഖത്തും ആ തിരുമാനത്തോടുള്ള സംതൃപ്തി കാണാമായിരുന്നു.
"പഠിപ്പിക്കാൻ പൈസ ചെലവാക്കിയിട്ടു ഇനി ജോലി കിട്ടാനും പൈസ കൊടുക്കണോ."
അപ്പാപ്പൻ ഇച്ചിരെ വിഷമത്തോടെ മുറുമുറുത്തു.
"കൈക്കൂലി കൊടുക്കാതെ എവിടെ എന്താ നടക്കുന്നെ? ചുമ്മാ മനുഷ്യനെ നടത്തിക്കുവല്ലാതെ. അയ്യായിരം രൂപ എണ്ണി ക്‌യ്യിൽ വച്ച് കൊടുത്തിട്ടാ എനിക്കിങ്ങോട്ടു മാറ്റം കിട്ടീത്. ടൗണിൽ വാടക കൊടുക്കുന്നതിലും ഭേദം ഇതാ. അതാ കൊടുത്താലും കുഴമില്ലെന്നു കരുതി കാലിൽ പിടിച്ചത്."
ചേട്ടായി കാര്യപ്രസക്തനായി.
"എനിക്ക് വക്കീലായാൽ മതി."
മാറി പോയ വിഷയം തിരിച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു.
"ചേട്ടായി പറഞ്ഞ നീ കേട്ടില്ലേ, ടീച്ചറാകാൻ പോകാമെന്നു." അമ്മച്ചി എന്നെ നോക്കി പറഞ്ഞു.
"ചേട്ടായി ആണോ എന്റെ കാര്യം തീരുമാനിക്കുന്നതു?" ഞാൻ ഭ്രാന്തിളകിയ പോലെ അലറി.
എല്ലാവരും പെട്ടന്ന് വല്ലാതായി. ചേട്ടായി ഊണ് നിർത്തി എണീറ്റു .
എല്ലാവരും എന്നെ വയറു നിറയണ വരെ വഴക്കു പറഞ്ഞു. കരയാതെ ചങ്കിൽ ഒരു കല്ല് കെട്ടി വച്ച പോലെ മുറിയിൽ എത്തിയപ്പോൾ ചേച്ചി മുറിയിലിരുന്ന് ഏങ്ങലടിക്കുന്നു. ചേട്ടായി പുറത്തെ വരാന്തയിലൂടെ വല്ലാത്ത ഒരു ഭാവത്തിൽ നടക്കുന്നുണ്ട്.
"ചേച്ചീ ഞാൻ എല്ലാവരും കൂടി പറയുന്ന കേട്ടപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞതാ."
അവളോട് വേറെന്തു പറയണമെന്ന് അറിയില്ലായിരുന്നു.
അത് കേട്ടതും തലയിണയിൽ മുഖം ചേർത്ത് വച്ച് ഏങ്ങലടിച്ചോണ്ടിരുന്ന അവൾ എണീറ്റ് രൂക്ഷമായി എന്നെ നോക്കി.
"നിന്നെ നഴ്സിങ്ങിന് വിടാൻ എന്റെ സ്വർണം വരെ പണയം വക്കാന്നു പറഞ്ഞ മനുഷ്വനെയാ നീ എല്ലാവരുടെയും മുൻപിലിട്ടു ആട്ടിയതു. നിനക്ക് വല്ലാത്ത അഹങ്കാരമാ, നീ അനുഭവിക്കും അന്നേരമേ നീ പഠിക്കുവുള്ളു.
അത്രയും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി.
രാത്രിയിൽ തലയണ കണ്ണീരു വീണു കുതിർന്നു എന്ന് തോന്നിയപ്പോൾ പതിയെ എണീറ്റ് അച്ചാച്ചന്റെ അടുത്ത് പോയിരുന്നു. മങ്ങി തുടങ്ങിയ ആ ഫോട്ടോ വാത്സല്യത്തോടെ തന്നെ നോക്കി ചിരിക്കുന്ന പോലെ.
തമാശ പറഞ്ഞു ചേട്ടായി മൂക്കിന്റെ പാലത്തിൽ പിടിച്ചു വേദനിപ്പി ക്കുന്നതും, പലപ്പോഴും അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ചേട്ടായി തന്നെ തന്നെ നോക്കി നിൽക്കുവാനെന്ന അറിവ് പേടിപ്പിക്കുന്നതും അച്ഛാച്ഛനറിയാമായിരിക്കുമോ? അതോ ഇതെല്ലാം തന്റെ അനാവശ്യമായ ഉത്കണ്ഠ കൊണ്ട് തോന്നുന്നതാണോ? ചെറുപ്പം മുതൽ ആണ്തുണ ഇല്ല എന്ന് കേട്ട് കേട്ട് ലോകത്തുള്ള എല്ലാ ആണുങ്ങളെയും ഒരു സംശയത്തോടെ നോക്കുന്ന ശീലം പണ്ടേ ഉള്ളതാണ്.
മനസിന്റെ സമാധാനം മുഴുവൻ പോയിരിക്കുന്നു.
രാവിലെ എണീറ്റപ്പോൾ ചേട്ടായിക്കും ചേച്ചിക്കും ഒന്നും സംഭവിച്ച ഭാവമില്ല. ബാക്കി ഏല്ലാവരും ചെറിയൊരു ഇച്ഛ ഭംഗത്തോടെ അവരെ യാത്രയാക്കി. മുഴുവൻ നേരവും വീട്ടിലായതു കൊണ്ട് ഇടക്കിടക്ക് കുത്തു വാക്കുകൾ വന്നു കൊണ്ടേ ഇരുന്നു.
എന്തായാലും അടുത്ത ആഴ്ച ചേട്ടായിയും ചേച്ചിയും വന്നപ്പോൾ ലോ കോളേജ്ന്റെ ആപ്ലിക്കേഷനും
ഉണ്ടായിരുന്നു. ഡിഗ്രി ക്കുള്ള കോളേജിലെ ആപ്ലിക്കേഷൻ കൂട്ടുകാരിക്കൊപ്പം പോയി മേടിച്ചു വച്ചിരുന്നു. രണ്ടു അപ്പ്ലിക്കേഷനും എന്നെ നോക്കി ചിരിച്ചു. മാർക്കു കുറവായതു കൊണ്ട് അഥവാ കിട്ടിയില്ലെങ്കിൽ ഡിഗ്രി കഴിഞ്ഞിട്ടും വക്കീലാകാമെന്ന ഉപാധിയോടെ രണ്ടു ആപ്ലിക്കേഷനും ചേട്ടായി എഴുതി അയച്ചു.
**********. ************. ************. ********
എല്ലാവരുടെയും ആഗ്രഹം പോലെ എന്റെ വക്കീൽ സ്വപ്നം നടന്നില്ല. എന്റെ ഭാവിയെ പറ്റിയുള്ള ചേട്ടായിയുടെ ഐഡിയ പൂവണിയുന്നതിനൊപ്പം അവരുടെ കുടുംബ ജീവിതവും പൂവണിഞ്ഞു. ഗര്ഭത്തിന്റെ വയ്യായ്കയുമായ് ചേച്ചി ഒരാഴ്ചക്കകം വീട്ടിലെത്തി. വീട് ചേട്ടായി സമ്പൂർണമായി ഏറ്റടുത്ത
ശേഷം രണ്ടു ദിവസം അവധി കിട്ടിയാൽ വീട്ടിലോട്ടു ഓടിക്കൊണ്ടിരുന്ന ഞാൻ
അത് മാസത്തിൽ ഒന്നാക്കി കുറച്ചു. എന്തായാലും ഹോസ്റ്റലിൽ കൊണ്ടുപോയി ആക്കാനും സാധനങ്ങൾ മേടിക്കാനും ഇടയ്ക്ക് ഇടക്ക് കാര്യങ്ങൾ തിരക്കാനുമായി ഹോസ്റ്റലിൽ വന്നു ആളു എന്നെ വെറുപ്പിച്ചു കൊണ്ടിരുന്നു.
അകൽച്ചകൾ പലപ്പോഴും അറിയാതെ മറനീക്കുമ്പോൾ അയാൾ കണ്ണുകളിൽ നോക്കി വല്ലാത്തൊരു ഭാവത്തോടെ ചോദിക്കും
"കൊച്ചിന് എന്നോട് വെറുപ്പാണോ?"
അതുകേൾക്കുമ്പോൾ ആണെന്നാണ് ഉള്ളിൽ പറയുന്നെന്തിങ്കിലും ചിരിച്ചോണ്ട് പറയും,
"ഓ .. ചേട്ടായിക്ക് തോന്നുന്നതാ "
അയാളെ വെറുപ്പിക്കാൻ ഉള്ളിൽ അകാരണമായ ഒരു ഭയം ഉണ്ടായിരുന്നു.
"കൊച്ചിനിഷ്ടമില്ലെങ്കിലും നന്നായി പഠിക്കണം കേട്ടോ. പെമ്പിള്ളേർക്കു ഇന്നത്തെ കാലത്തു ഒരു ജോലിയുള്ളതു നല്ലതാ. അല്ലങ്കിൽ നിന്റെ ചേച്ചിയെ പോലെ വീട്ടിൽ തന്നെ കൂടേണ്ടി വരും."
ചേച്ചിക്ക് ജോലിയില്ലാത്തതിൽ പുള്ളിക്കാരന് ഒരു നിരാശയുണ്ടെന്നു തോന്നി. ചേച്ചിക്ക് വീട്ടിലിരിക്കാനാ ഇഷ്ടം എന്ന് ഞങ്ങൾക്കെല്ലേ അറിയത്തുല്ള്ളൂ. ടൈപ്പിനു പോകാൻ അമ്മച്ചി കാലേപിടിച്ചു പറഞ്ഞതാ. അപ്പോൾ കവലയിലെ ചെക്കന്മാർ വായിനോക്കുന്നു എന്ന കാരണം പറഞ്ഞു രക്ഷപെട്ടവളാ. അവളിതുവരെ ജോലി വേണമെന്ന് പറഞ്ഞു കേട്ട ഓർമയില്ല.
പതിയെ ഹോസ്റ്റലിനോടും കോളേജിനോടും പൊരുത്തപ്പെട്ടു. ഓരോ മാസം വീട്ടിൽ പോകുമ്പോഴും ചേച്ചിയുടെ വീർത്തു വരുന്ന വയർ എന്നെ ആശങ്ക പെടുത്തിയിരുന്നു. എന്തായാലും രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോഴേക്കും ചേട്ടായിയുടെ എസ്കോർട് അടിക്കലും നിന്നിരുന്നു.
അങ്ങനെ സ്വന്തം ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് സജീവ് കടന്നു വന്നത്. ആദ്യ കാഴ്ച്ചയിൽ ഇഷ്ടം തോന്നുന്ന രൂപം. വളരെ സരസം ആയ വർത്താനം. ചെറുപ്പം മുതൽ സ്വയം നിർമ്മിച്ച ഒരു നിലവറയിൽ കഴിഞ്ഞ തനിക്കു പുറത്തെ വിശാലമായ മാന്ത്രിക ലോകത്തെ പറ്റി പറഞ്ഞു തന്നത് സജീവ് ആയിരുന്നു.നല്ല ജോഡിയെന്നു കൂട്ടുകാരും പറഞ്ഞു സന്തോഷിപ്പിച്ചു. പ്രണയത്തിന്റെ ആവേശത്തിൽ അവന്റൊപ്പം ഊരുചുറ്റുന്നതിനിടെ പഠിത്തം കൈമോശം വരുന്നത് ഓർത്തില്ല. സ്നേഹത്തിന്റെ മൂർദ്ധന്യത്തിൽ സജീവന്റൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടു മനസില്ലാ മനസോടെ വീട്ടിലേക്കു ക്രിസ്റ്മസിന്റെ പത്തു ദിവസത്തെ അവധിക്കു പോയി.
ക്ലാസ്സു കഴിഞ്ഞു സജീവിന്റൊപ്പം കറങ്ങി നന്നായി താമസിച്ചാണ് വീട്ടിലോട്ടു പുറപ്പെട്ടത്. വഴിയിൽ വച്ച് വണ്ടി ബ്രേക്ഡൗൺ ആയി. ഇരുട്ടാൻ തുടങ്ങിയത് കൊണ്ട് വണ്ടിയിൽ വേറെ രണ്ടു പെണ്ണുങ്ങൾ മാത്രെമേ ഉള്ളു. കുറെ വഷളന്മാർ നോക്കുന്നത് കണ്ടപ്പോൾ പേടി ഇരച്ചു കേറാൻ തുടങ്ങി. ഒരു മണിക്കൂറോളം റോഡിൽ കിടന്നു. അടുത്ത വരുന്ന ബസിനെ പ്രതീക്ഷിച്ചു റോഡിൽ നിൽക്കുമ്പോൾ കണ്ടു ചേട്ടായിയുടെ ബൈക്ക്....
ചേട്ടായി കണ്ട പാടെ വണ്ടിയോലോട്ടു കേറാൻ പറഞ്ഞു. ഞാൻ കാത്തിരുന്ന പോലെ ചാടി കേറുകയും ചെയ്തു. വീടിന്റെ കവല വരെ ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. വീട്ടിലോട്ടു തിരിയാനുള്ള കലുങ്ക് എത്തിയപ്പോൾ ചേട്ടായി വണ്ടി നിർത്തി .
"ഇറങ്ങു". .. ചേട്ടായി ശബ്ദം ഉയർത്തി
ഞാൻ ഒരു സംശയത്തോടെ വണ്ടിയിൽ നിന്നിറങ്ങി
"തല്ലിയിട്ടും വഴക്കു പറഞ്ഞിട്ടും കാര്യമില്ലന്നറിയാം, പക്ഷെ നീ ഇത്ര വിവരം കെട്ടവളാണ് ഞാൻ അറിഞ്ഞില്ല."
"ചേട്ടായി എന്തൊക്കെയാ ഈ പറയുന്നത്?"
"മിണ്ടിപ്പോകരുത് നീ. സ്വന്തം ചേട്ടനല്ലല്ലോ ഞാൻ. നിന്റെ അകൽച്ച എന്താന്ന് മനസിലാക്കാൻ എനിക്ക് സമയം എടുത്തു. പക്ഷെ അത് നല്ല കാര്യം. എനിക്കഭിമാനം തോന്നിയതേ ഉള്ളു. എന്നിട്ടിപ്പോഴോ ഏതോ ഒരുത്തന്റെ കൂടെ കറങ്ങി നടക്കുന്നു. ഞങ്ങളെ കുറിച്ച് ഒരു തവണ എങ്കിലും ഓർത്തോ നീ."
അപ്പോൾ അതാണ് കാര്യം. ചേട്ടായി സജീവനെ പറ്റി അറിഞ്ഞിരിക്കുന്നു.
"എനിക്ക് സജീവനെ ഇഷ്ടമാ, സജീവന് എന്നെയും. ഞങ്ങൾ ഒന്നിച്ചു ജീവിക്കും."
ചേട്ടായിയുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിരിയുന്ന കണ്ടു.
"നീ ഇതു കണ്ടോ?" ചേട്ടായി പേഴ്സിൽ നിന്നും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്തു കാണിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ ഒരു സുന്ദരി പെൺകുട്ടി.
"എന്റെ അനിയത്തിയാ...പത്തൊന്പതാമത്തെ വയസിൽ ജീവിച്ചു കാണിക്കാൻ പോയതാ... രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ഒരു മുഴം കയറിൽ തീർന്നു. എൻറെ അപ്പച്ചനും ചേട്ടായിമാർക്കും മാത്രം അറിയാവുന്ന ഒരു സത്യം. ഞങ്ങളോടു ആരോടും ഒന്നും പറയാതെ അവൾ രണ്ടാമതും പോയി. എല്ലാം അറിഞ്ഞതു വളരെ വൈകി ആയതു കൊണ്ടു കേസിനും കൂട്ടത്തിനും ഒന്നും പോയില്ല."
എൻറെ കയ്യിൽ നിന്നും ആ ഫോട്ടോ തിരിച്ചു വാങ്ങുമ്പോൾ ചേട്ടായിയുടെ കണ്ണീര് അതിലൊട്ടു വീണിരുന്നു.
"കൊച്ചു വണ്ടിയിലോട്ടു കേറു"
മരവിച്ച ഒരു ശരീരമായി ഞാൻ ചേട്ടായിയുടെ പുറകിലിരുന്നു. തനിക്കു പല തവണ തെറ്റി പോയിരിക്കുന്നു.
"നമ്മളീ പറഞ്ഞ കാര്യങ്ങൾ നമ്മുടെ മനസിൽ തന്നെ ഇരുന്നാൽ മതി. സജീവൻറെ കാര്യമുൾപ്പെടെ. ചേച്ചിക്ക് മാസം തികഞ്ഞിരിക്കുവാന് നിനക്കു ഓർമ വേണം."
ചേട്ടായി സജീവൻ എന്ന പേര് പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാളി.
വീട്ടിലെത്തിയപ്പോൾ എല്ലാവരും വിഷണ്ണരായി കാത്തിരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ ചേച്ചി വലിയ വയറും വച്ചു ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു .
"ഇപ്പോൾ അവളോട് ഒന്നും ചോദിക്കണ്ട. ബസ് കേടായി പാവം പേടിച്ചിരിക്കുവായിരുന്നു."
ഞാൻ ചേട്ടായിയെ ഒന്നു നന്ദിയോട് നോക്കി . അവിടെ ഞാൻ കാണാണ്ട് പോയ വാത്സല്യം ആദ്യമായി കണ്ടു.
പത്തു ദിവസങ്ങൾ പത്തു വർഷങ്ങൾ പോലെ തോന്നി. കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സജീവനെ മറക്കാൻ പറ്റുന്നില്ല. ആരും കാണാതെ കുളിമുറിയിൽ കയറി ഇറങ്ങി കരഞ്ഞു തീര്ത്തു .
അടുത്ത വരവ് കുഞ്ഞുവാവ വരുമ്പോൾ എന്നു ചേച്ചിയേ കെട്ടിപിടിച്ചു പറയുമ്പോൾ ഉള്ളിലെ പ്രണയത്തിനു ഒരു കനം വച്ചിരുന്നു. തിരിച്ചു ബസിൽ കയറ്റി വിടാൻ വന്നപ്പോൾ ചേട്ടായി ഒന്നേ എന്നോട് പറഞ്ഞുള്ളു,
"മറക്കാനും വെറുക്കാനും ഞാൻ പറയില്ല. പക്ഷെ കാത്തിരിക്കണം. പ്രാപ്തി ആകുമ്പോൾ ചേട്ടായി പറഞ്ഞു സമ്മതിപ്പിക്കാം എല്ലാവരേയും."
അറിയാതെ വിതുമ്പി പോയി....
ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ സജീവൻറെ അടുത്തോട്ടു ചെന്നു . കണ്ട പാടെ സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു . കാത്തിരിക്കാനാണ് തന്റെ തീരുമാനം എന്നറിയിച്ചു. എല്ലാം കേട്ട ശേഷം
സജീവൻ പ്രണയത്തിനും വാശിക്കും ഇടയിലൂടെ കുറെ
നടന്നു. ഒടുവിൽ കാത്തിരിപ്പു എനിക്ക് മാത്രമായ് .
ഇതിനിടെയിൽ ഞങ്ങളുടെ വീട്ടിൽ എന്നെയും കാത്തിരിക്കുന്ന ഒരു കൊച്ചു കുറുമ്പി പിച്ച വയ്ക്കാൻ തുടങ്ങി.
******** ******* ******* ********
കാലം ഇതളുകൾ കൊഴിക്കവേ എനിക്ക് വീട്ടുകാർ നിശ്ചയിച്ച വിവാഹ പ്രായം ആയി.
വരുന്ന ആലോചനകളിൽ പഴയ കാത്തിരിപ്പിന്റെ ചവർപ്പുണ്ടെന്നു മനസിലാക്കി ചേട്ടായി വീണ്ടും ഒരു കൗൺസിലിംഗിന് ശ്രമിച്ചെങ്കിലും ജോലി കിട്ടാതെ വിവാഹം വേണ്ട എന്നു പറഞ്ഞു ഞാൻ തടി ഊരി. ഇടയിലെപ്പോഴോ ഞാൻ പ്രണയിച്ച സജീവനെ തേടി ചേട്ടായി പോയപ്പോൾ ചേട്ടായിയെ കാണാൻ ഇടക്കു വീട്ടിൽ വരുന്ന ചേട്ടായിടെ കസിനെയാണ് താനിപ്പോൾ കാത്തിരിക്കുന്നതെന്നു അറിയിച്ചു .
അങ്ങനെ ഒരു കാലത്തു ഞാൻ സ്വന്തമാക്കണമെന്നു ആഗ്രഹിച്ച ദത്തു സ്‌ഥാനം സന്തോഷത്തോടെ ഞാൻ എൻറെ ചേട്ടായിക്ക് കൊടുത്തു ഇന്ന് ഞാൻ കെട്ടിയവനൊപ്പം മറുനാട്ടിലേക്കു പറക്കുകയാണ് . ചില ബന്ധങ്ങൾക്ക്‌ രക്തത്തെക്കാൾ തിളക്കമുണ്ടാവും എന്ന തിരിച്ചറിവോടെ.......


Jisha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo