Slider

Miss You Mrs..

0

Miss You Mrs..
"ഇന്നും പാതിരാത്രി ആയിട്ടു കേറി വരാനാണ് നിങ്ങടെ ഭാവമെങ്കിൽ എന്റെ സ്വഭാവം മാറും" മേരിക്കുട്ടി തലയിൽ കെട്ടി വച്ച തോർത്തു അഴിച്ചു ഒന്നൂടെ പിഴിഞ്ഞിട്ടു അയയിൽ വിരിച്ചു കെട്യോനെ നോക്കി കൊണ്ട് പറഞ്ഞു.
"നിന്റെയാ ഭദ്രകാളി സ്വഭാവമല്ലേ, അത് മാറ്റുന്നതാ നിനക്ക് അല്ലേലും നല്ലത് "
അവറാച്ചൻ അതും പറഞ്ഞു ഷർട്ടിന്റെ കയ്യും തുരുത് വച്ച് സമയം കളയാതെ കവലക്കലോട്ടു ഇറങ്ങി. വഴിയിലെ കടവത്തു തുണി അലക്കുന്ന അമ്മച്ചിയേയും, അമ്മച്ചിക്ക് കൂട്ട് വന്ന ആറു വയസുകാരെനെയും കണ്ടു അവറാൻ ഒന്ന് ബ്രേക്ക് പിടിച്ചു.
"അവറാ, ആ ചേനെടെ മൂട് മുഴുവൻ ചീഞ്ഞു. നിനക്കൊന്നു പൊത്തി വച്ച് കൂടെ ചെറുക്കാ.."
"ചെയ്യാം അമ്മച്ചി, കടെന്ന് വല്ലോം വേണോ?"
"നീ, അവളോട് ചോദിച്ചോ? "
"ഞാനെങ്ങും ചോദിച്ചില്ല, കട മുഴുവൻ മേടിക്കാനുള്ള ലിസ്റ്റ് അല്ലെ അവളുടെ അടുത്തുള്ളു"
"അപ്പച്ചാ എനിക്ക് ബോണ്ട കൊണ്ടരുവോ" ബാബുക്കുട്ടൻ വെള്ളത്തിൽ മുങ്ങാം കുഴി ഇടുന്നതിനു മുമ്പ് പ്രതീക്ഷയോടെ അപ്പനെ നോക്കി.
"ഹാ കൊണ്ടരാടാ..."
അതും പറഞ്ഞു, ബാബുക്കുട്ടൻ മുങ്ങി പൊങ്ങിയപ്പൊഴേക്കും അവറാച്ചൻ അപ്രത്യക്ഷനായി.
കവലയിൽ ചീട്ടുകളി ഉണ്ട്. അങ്ങോട്ടാണ് അവറാച്ചൻ
വച്ച് പിടിക്കുന്നത്. കാലങ്ങളായി ഉള്ള ഒരു ശീലം. രാവിലെ മുതൽ പറമ്പിൽ പണി, വൈകിട്ട് ചീട്ടുകളി പിന്നെ സ്വൽപം മിന്നിക്കൽ. ഓരോ വർഷം കൂടുന്തോറും വീട്ടിലേക്ക് തിരിച്ചു വരുന്ന സമയം താമസിചു കൊണ്ടിരുന്നു. അതുകൊണ്ടാണ് മേരികുട്ടിക്ക് പിണക്കം.
അന്ന് രാത്രിയിൽ വന്നപ്പോൾ വാതില് തുറന്നു തന്നത് അമ്മച്ചി. അവള് പിണങ്ങി അകത്തു കിടക്കുവാന്നു കരുതി. അന്നാൽ അങ്ങനെ ആകട്ടെ. എവിടെ വരെ പോകുമെന്ന് നോക്കട്ടെ.
"ചോറ് എടുത്തു വച്ചിട്ടുണ്ട്, എനിക്ക് കെടക്കണം" അതും പറഞ്ഞു അമ്മച്ചി അകത്തോട്ടു പോയി.
ഷർട്ട് ഊരിയിടാൻ പോയപ്പോൾ മേരിക്കുട്ടി മുറിയിൽ ഇല്ല. ഇതെവിടെ പോയി? കയ് കഴുകാൻ എന്ന ഭാവത്തിൽ ചയ്പ്പിലോട്ട് പോയി നോക്കി. അവിടെയും ഇല്ലാ. ഹല്ല... അവിളിതേവിടെ പോയി. ഇനി വഴക്കുണ്ടാക്കി അവളുടെ വീട്ടിലേക്ക് വല്ലതും?
"അമ്മച്ചി അവളെന്ത്യേ?"
"അപ്പോ അവള് നിന്നെ കാണാതെയാ പോയത്?"
"കണ്ടാരുന്നെങ്ങിൽ ഞാൻ ചോദിക്കുമോ, അവള്ന്ത്യെന്ന്?" അവറാചന് ദേഷ്യം വരാൻ തുടങ്ങി.
" എടാ അവളുടെ തള്ളക്ക് പിന്നേം കൂടി. കൂട്ട് നിർത്താൻ കൂട്ടികൊണ്ട് പോകാൻ കുര്യച്ചൻ വന്നതായിരുന്നു. അവന്റെ പെണ്ണ് പിള്ളക്ക് ജോലിക്ക് പോകണ്ടയോ? കവലേൽ വച്ച് നിന്നെ കണ്ട് കാര്യം പറഞ്ഞിട്ടേ പോകത്തുള്ളന്ന് അവൻ പറഞ്ഞതാ."
"അവന്റെ പെണ്ണുംപിള്ള പണിക്ക് പോകേണ്ടതിനു ഞാൻ എന്റെ പെണ്ണുംപിള്ളയെ വിടണോ? വീതം മേടിച്ചു അണ്ണാക്കിൽ തിരുകുമ്പോൾ അവൻ ഓർത്തില്ലേ പ്രായമായ കാർന്നോമ്മാരെ നോക്കേണ്ടി വരുന്നു. അവന്റമ്മേനെ നോക്കാൻ എന്റെ കൊച്ചിനെ കൂടി എന്തിനാ കൊണ്ട് പോയെ " അവറാച്ചന്റെ വയറ്റിൽ കിടന്ന കള്ളു മുഴുവൻ പുളിച്ചു തികട്ടി വന്നു.
"അതൊന്നും എനിക്കറിയില്ല. അല്ലേലും ആ അധിക പ്രസംഗി നിന്നോട് പറയാതെ പോയല്ലോ "
അമ്മച്ചി ശടേന്ന് പ്ലേറ്റ് മാറ്റി. പോലീസിനെ പേടിച്ചു ചീട്ടുകളി താവളം അടിക്കടി മാറ്റേണ്ടി വരുമെന്ന് അമ്മച്ചിയോടു പറയാൻ കഴിയാത്ത കൊണ്ട് അവറാച്ചൻ പറയാൻ വന്ന ബാക്കി അതേപടി വിഴുങ്ങി.
മൂന്നു ദിവസം കാത്തു .. വൈകിട്ട് കവലയിൽ പോയി ചടങ്ങു കഴിച്ച പോലെ തിരിച്ചു വരും. അമ്മച്ചിയുടെ വിശിഷ്ട വിഭങ്ങൾക്കൊന്നും മേരിക്കുട്ടിയുടെ കൈപുണ്യത്തിന്റെ അയല്വക്കത്തെത്താൻ പറ്റില്ലാന്ന് വിമ്മിട്ടത്തോടെ അവറാൻ തിരിച്ചറിഞ്ഞു.
ഇനി ആകെയുള്ള വഴി അമ്മച്ചിയെ കൂട്ടി അവളുടെ വീട്ടിൽ ആരോഗ്യ സ്‌ഥിതി അറിയാനുള്ള ഭാവത്തിൽ പോകുക എന്നുള്ളതാണ്.
ഭാര്യാ വീട്ടിൽ പോകുന്നത് ഒരു കുറച്ചിലാണുള്ള വിചാരം അവറാച്ചന് പണ്ടേ ഉണ്ട്. മേരികുട്ടിയുടെ വീട്ടിൽ പോയാൽ പുതുമോടിക്കു എത്തിയ സ്വീകരണം ആണ് അവറാച്ചന് എപ്പോഴും കിട്ടുക. ഇപ്രാവശ്യം ചെന്നപ്പോൾ ഒരു വല്ലാത്ത മൂകത. അമ്മച്ചിയേം കൂട്ടി മേരിക്കുട്ടി അകത്തേക്ക് കേറിപോയി. ഉച്ചക്ക് ചോറും കറിയും
വിളമ്പിയപ്പൊഴും അവള് ഒന്ന് മൊകത്തോട്ടു പോലും നോക്കിയില്ല. ഇത് പിണങ്ങി പോയത് തന്നയാന്നു അവറാച്ചൻ ഉറപ്പിച്ചു. അമ്മച്ചിയുള്ളതു കൊണ്ട് ഇന്ന് തന്നെ തിരിച്ചു പോകയും വേണം.അവളിങ്ങനെ ഇടഞ്ഞു നിന്നാൽ എങ്ങനെ ഒരു ഒത്തു തീർപ്പാകും.
" കുര്യച്ചാ , ഞാൻ ബാബുകുട്ടനെ അങ്ങ് കൊണ്ട് പോയേക്കുവാ "
ബാബുക്കുട്ടനെ കൂട്ടിയാൽ മേരിക്കുട്ടി പുഷ്പം പോലെ വീട്ടിൽ തിരിച്ചു വരുമെന്ന് അവറാച്ചന് അറിയാം .
"അയ്യോ അപ്പച്ചാ, ഞാൻ വരുന്നില്ല. "
അവറാച്ചന്റെ മടിയിൽ ബോണ്ടയും തിന്നു സുഖിച്ചിരിക്കുവായിരുന്ന ബാബു കുട്ടൻ ചാടി ഇറങ്ങി .
"അവനിവിടെ ആണെങ്കിൽ സോണീടേം സൊജീടേം കൂടെ കളിച്ചു നടക്കാലോ, സ്കൂളും അടച്ചെക്കുവല്ലേ "
കുര്യച്ചൻ അവറാച്ചന്റെ മുൻപിലെ അവസാന ആണിയും അടിച്ചു കേറ്റി .
"അതല്ല, അമ്മാമ്മക്ക് വയ്യാത്തപ്പോൾ ഇവനും കൂടെ ഇവിടെ " അവറാച്ചൻ പകുതിക്കു വച്ച് നിർത്തി .
"നിങ്ങളിങ് വന്നേ" മേരിക്കുട്ടി അകത്തു നിന്നും ഒരു പ്രത്യേക ട്യൂണിൽ വിളിച്ചു .അനുസരണ ഉള്ള ഒരു
മാടപ്രാവിനെ പോലെ അവറാച്ചൻ അകത്തോട്ടു ചെന്നു .
മേരിക്കുട്ടിയുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നു .
"നിന്റെ പരിപാടി എന്നാ? ഇവിടെ തന്നെ കൂടാനാണോ? ആണെങ്കിൽ എനിക്ക് വേറെ പെണ്ണ് കെട്ടേണ്ടി വരും ." പകുതി തമാശക്കും പകുതി കാര്യമായും അവറാച്ചൻ പറഞ്ഞു .
"നിങ്ങളീ പറഞ്ഞത് എന്റെ അങ്ങളെയോട്‌ ഒന്ന് പറയാമോ?" മേരിക്കുട്ടി പൊട്ടിത്തെറിച്ചു .
അവറാച്ചൻ ഒന്ന് ഞെട്ടി. കുര്യച്ചന്റെ ഒറ്റ ഇടിക്കു തന്റെ കാറ്റു പോകും. ഉറപ്പ് .
"എടീ ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ, അമ്മാമ്മയെ നോക്കാൻ ഒരു പണിക്കാരിയെ വക്കാൻ ഞാൻ അളിയനോട് പറയാം "
"അതൊന്നും വേണ്ടാ, നിങ്ങളാ മുന്പേ പറഞ്ഞതു അവനെ ഒന്ന് പഠിപ്പിച്ചു കൊടുത്താൽ മതി. നട്ടല്ലില്ലാത്തവൻ, ആ സുജ ഉണ്ടല്ലോ അഹങ്കാരീ, അവള് എന്റെ ആങ്ങള അവൻറെ കൂട്ടുകാരുടെ കൂടെ ഒന്നു കറങ്ങാൻ പോയെന്നും പറഞ്ഞു സ്വന്തം വീട്ടിലോട്ടു എഴുന്നെള്ളിയെക്കുവാ "
അപ്പോൾ അതാണ് കാര്യം, ഇവിടുത്തെ കറക്കത്തിന്റെ സ്പീഡ് കൂടിയപ്പോള് സംഭവം കൈ വിട്ടു പോയതാണ്.
അളിയൻ തലയും കുമ്പിട്ടിരിക്കുന്ന കണ്ടപ്പോൾ സഹതാപം തോന്നി .
"പിള്ളേരെ കൊണ്ട് പോകാത്ത കൊണ്ട് രക്ഷപെട്ടു. നീ നയത്തിലൊന്നു വിളിച്ചാൽ പുള്ളിക്കാരി തിരിച്ചു വരും " അവറാച്ചൻ കുര്യച്ചനെ ആശ്വസിപ്പിച്ചു .
"അല്ല എന്റെ അളിയാ, ഞാൻ കാലേ പിടിച്ചവളോട് പറഞ്ഞതാ പിള്ളേരേം കൂടി കൊണ്ട് പോയിക്കൊന്നു . ഇതവള് എനിക്കട്ടു പണി തന്നതാ. രണ്ടു പിള്ളേരും, വയ്യാത്ത അമ്മേം, പിന്നെ പറമ്പും പശും ജോലീം ... സ്കൂളു തുറക്കാതെ ഇനി അവള് തിരിച്ചു വരുന്നു
എനിക്കൊരു പ്രതീക്ഷേ ഇല്ല. അല്ലേലും പാർട്ടി കാര്യം എന്നും പറഞ്ഞു എന്റെ കറക്കം ഇത്തിരി കൂടുതലായിരുന്നു ."
അവറാച്ചന് ഇപ്പോൾ കാര്യങ്ങള് കൊറേചൂടി ക്ലിയർ ആയി. അളിയന്റെ പാർട്ടി പ്രവർത്തനോം കുടുംബഭാരോം താങ്ങാൻ പറ്റാതെ സുജ ഒരു അവധി എടുത്തതാന്ന് . അവള് പോയതല്ല അളിയന്റെ പ്രശ്നം, മേലനങ്ങേണ്ടി വരും എന്നതാണ് . അപ്പോള് അതാണ് തന്റെ ദാമ്പത്യത്തിലെ ശരിക്കും ഉള്ള വില്ലൻ .
"അളിയാ അതൊക്കെ ശരി, എനിക്ക് മേരികുട്ടിയേം കൊച്ചിനേം ഒത്തിരി ഒന്നും മാറി നിക്കാൻ പറ്റില്ല . അളിയൻ അമ്മായിഅപ്പനെ സോപ്പിട്ടു സുജേനെ തിരിച്ചെത്തിക്കാൻ നോക്കു."
"അമ്മെ വാ നമുക്കിറങ്ങാം "
അവറാച്ചൻ അകതോട്ടു നോക്കി വിളിച്ചു . മേരിക്കുട്ടി കേട്ടോട്ടെ എന്നോർത്ത് വിളിച്ചതാണ് .
"കാപ്പി കുടിച്ചിട്ടിറങ്ങാം അളിയാ " കുര്യച്ചൻ
ഉപചാരപൂർവം പറഞ്ഞു .
അഞ്ചു മിനുട്ടിനുള്ളിൽ രണ്ടു അളിയൻമാരെയും അത്ഭുതപെടുത്തി മേരികുട്ടിയും ബാബുമോനും ഉടുപ്പും മാറ്റി അമ്മച്ചീടെ കൂടെ പുറത്തോടു വരുന്നു .
" ഹാ നീയും വരുന്നുണ്ടൊ ?" ഉള്ളിലെ സന്തൊഷം മറച്ചു വച്ച് അവറാച്ചൻ ചോദിച്ചു .
"അതേ, പുള്ളി പശൂന്റെ പേറ്‌ അടുത്തു. ഞാൻ ആ കാര്യമേ അങ്ങ് മറന്നു പോയീ. എടാ കുര്യാച്ച, ഞാൻ
അമ്മാമ്മയോടു പറഞ്ഞപ്പോൾ എന്നോട് വീട്ടിൽ പോകാനാ പറഞ്ഞത് . അല്ലേലും അമ്മാമ്മക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല. നീ എന്റെ ഈ അച്ചായനെ കണ്ടു പഠിക്ക്‌. അത് പോലെ കൊറച്ചു വീട്ടു കാര്യം കൂടി ചെയ്തു അവളെ സഹായിച്ചിരുന്നെങ്കിൽ
ഇപ്പോൾ ഇങ്ങനെ ശ്വാസം വലിക്കേണ്ടി വരുവായിരുന്നോ?"
ഒറ്റവാക്കിൽ പറഞ്ഞു തീർത്തപ്പോൾ മേരികുട്ടിക്കും അതു കേട്ട അവറാച്ചനും ഒന്നിച്ചു ശ്വാസം മുട്ടി. ഇവളെ താൻ എപ്പോൾ സഹായിച്ചു? . ഒരു കരിയില എടുത്തു സഹായിക്കില്ല എന്നും പറഞ്ഞു മേരിക്കുട്ടി വഴക്കുണ്ടാക്കുന്നതു അവറാച്ചൻ ഓർത്തു .
ഹാ, എന്തങ്കിലും ആകട്ടെ . തന്റെ കാര്യത്തിൽ ഒരു സമാധാനം ആയല്ലോ.
അന്ന് രാത്രി അവറാച്ചന്റെ കൈ തണ്ടയിൽ തല വച്ച് കിടക്കുമ്പോൾ മേരിക്കുട്ടി അവറാച്ചനെ നോക്കി കുറുമ്പൊടെ പറഞ്ഞു .
"ഇനീം രാത്രി താമസിചു വന്നാൽ ഉറങ്ങി കിടക്കുമ്പോൾ ഞാൻ നിങ്ങടെ മീശ കണ്ടിച്ചു കളയും"
അവറാച്ചൻ മച്ചിങ്ങ തൂക്കിയ റമ്മി കളിക്കാരനെ പോലെ ദയനീയമായി മേരികുട്ടിയെ നോക്കി .
"പൈസ വച്ചുള്ള നിങ്ങടെ കളി ഒക്കെ ഞാൻ അറിയുന്നുണ്ട്. നാളെ പോലീസ് വല്ലോം പിടിച്ചാൽ എന്താകും ഞങ്ങടെ സ്‌ഥിതി എന്നോർത്തിട്ടുണ്ടോ?" അതുപറയുമ്പോൾ മേരികുട്ടിയുടെ കണ്ണിന്റെ കോണിൽ നിന്നും രണ്ടു നീര്തുള്ളികൾ ചാടുന്നത് അവറാച്ചൻ കണ്ടു .
"എന്റെ പൊന്നോ നിർത്തി " അവറാച്ചൻ മീശ ഉരസി മേരികുട്ടിയെ ഇക്കിളി കൂട്ടി ചിരിപ്പിച്ചു .
"കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയാമ്പറ്റു എന്ന് പറയുന്ന ശരിയാ കേട്ടോ "
"എനിക്കും തോന്നി അച്ചായാ , ഇനി
മുതൽ എന്റെ രണ്ടു കണ്ണും അച്ചായന്റെ മേലായിരിക്കും" മേരിക്കുട്ടി സ്നേഹത്തോടെ പറഞ്ഞു.
"എന്റെ നിത്യ സഹായമാതാവേ " അവറാച്ചൻ ഹ്രദയം തുറന്നു വിളിച്ചു
"ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ" മേരിക്കുട്ടി ഏറ്റു ചൊല്ലി
Jisha

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo