Slider

പകരുന്ന രോഗങ്ങള്‍

0
Image may contain: 1 person, standing and outdoor

പകരുന്ന രോഗങ്ങള്‍
കഥ.
''ഈ രോഗം നിങ്ങളുടെ ശരീരത്തില്‍ ഒതുക്കി നിര്‍ത്തണം '' ഡോക്ടര്‍ ദിവാകരന്‍ പറഞ്ഞുവരുന്നത് എന്തെന്ന് ഊഹിക്കാന്‍ സാവിത്രി ശ്രമിച്ചില്ല. തന്റെ സ്വത്വം ഡോക്ടര്‍ക്കു‍ അവള്‍ പൂര്‍ണ്ണമായും വിട്ടുകൊടുത്തു കഴിഞ്ഞിരൂന്നു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവള്‍ അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
'' ഞാന്‍ പറഞ്ഞതു മനസ്സിലായോ സാവിത്രിക്ക് ? ശരീരത്തിലെ അര്‍ബുദം ചികിത്സിച്ചു മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും ഈ ആസ്പത്രിയിലുണ്ട്. നമുക്കിതു ചോകിത്സിച്ചു മാറ്റാം.പക്ഷേ ,നിങ്ങളതു മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കരുത്.''
'' എന്താണങ്ങുദ്ദേശിക്കുന്നത് ? അര്‍ബുദം ഒരു പകര്‍ച്ചവ്യാധിയല്ലല്ലോ ,ഡോക്ടര്‍.!'' സാവിത്രിയുടെ ചോദ്യം ഡോക്ടര്‍ പ്രതീക്ഷിച്ചതായിരുന്നു.
''അല്ല. അങ്ങനെയാക്കരുത് എന്നു പറയാനാണ് സാവിത്രിയെ ഞാന്‍ വിളിച്ചത് '' സ്റ്റെതസ്ക്കോപ്പും കണ്ണടയും അഴിച്ചുവെച്ച് ഡോക്ടര്‍ ഒന്നു നിവര്‍ന്നിരുന്നു. ഒരു തയ്യാറെടുപ്പോടെ.
'' സാവിത്രിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ അസ്വസ്ഥനാണ്. മക്കള്‍ അസ്വസ്ഥരാണ്.വീട്ടില്‍ ആരും ഭക്ഷണം പാകം ചെയ്യുന്നില്ല. ഉണ്ണുന്നില്ല. സംസാരിക്കുന്നില്ല. ടിവി കാണുന്നില്ല. സന്ദര്‍ശകരില്ല. കളിതമാശയില്ല. ഞാന്‍ പറയുന്നതു ശരിയല്ലേ ? ''
തൂവാലകൊണ്ടു മുഖംതുടച്ച് അവള്‍ തന്റെ അമ്പരപ്പും പരിഭ്രമവും ഒളിക്കാന്‍ ശ്രമിച്ചു. മൂക്കു പിഴിഞ്ഞുകൊണ്ട് പറഞ്ഞതു ശരിവെയ്ക്കുന്ന മട്ടില്‍ തലയാട്ടി.
''അതാണ് ഞാന്‍ പറഞ്ഞത്. പകര്‍ച്ച വ്യാധിയല്ലാത്ത ഒരു രോഗം കുടുംബം മുഴുവന്‍ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. ഭര്‍ത്താവിന്റെ ബിസിനസിനെ, കുട്ടികളുടെ പഠിപ്പിനെ, കുടുംബത്തിന്റെ ഭാവിയെ.''
'സത്യം, തന്റെ സന്തുഷ്ടകുടുംബം എങ്ങനെ മാറിപ്പോയിരിക്കുന്നു.' സാവിത്രിയുടെ മനസ്സില്‍ ചിത്രങ്ങള്‍ മിന്നമറഞ്ഞു.അടുക്കളയും തീന്‍മേശയും സ്വീകരണമുറിയും ആഘോഷമായിരുന്ന കാലം.ഒരു നൃത്തസംഗീതശാല പോലെ ആഹ്ലാദിച്ച കുടൂംബം.ഓണത്തിനു കായവറുത്തും കൃസ്തുമസിന് കെയ്ക്ക് മെെക്രോവെയ്വ് ചെയ്തും റംസാന് ബിരീയാണി ഘുമുഘുമാ വിളമ്പിയും ചലച്ചിത്രം പോലെ നീങ്ങിയ ഉത്സവത്തിന്റെ നാളുകള്‍.
ഇന്നലെയാണ് കുറെ ദിവസങ്ങള്‍ക്കു ശേഷം അടുക്കളയിലേയ്ക്കൊന്നെത്തി നോക്കിയത്. ചെടിച്ചു പോയി ആ കാഴ്ച്ച. സിങ്കു നിറയെ എച്ചില്‍ പാത്രങ്ങള്‍. അപ്പുറത്ത് കുമിഞ്ഞു കൂടിയ ചായച്ചണ്ടിയില്‍ എറുമ്പുകളുടെ കൂട്ടയിളക്കം. നിലം തുടച്ചു തുടച്ചു നനഞ്ഞു ചീഞ്ഞ തുണിക്കഷണങ്ങള്‍, പാതിവെന്ത ചോറ്, ചുവന്ന തുടുത്ത തക്കാളിക്കറി, ഗ്യാസ് സ്റ്റൗവില്‍ വീണ അവശിഷ്ടങ്ങളില്‍ ഉറങ്ങുന്ന കൂറകള്‍. ഒന്നേ നോക്കിയുള്ളു. തന്റെ ഉള്ളില്‍ പടരുന്ന അര്‍ബുദത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച കണ്ടപോലെ താന്‍ അറച്ചു നിന്നു .
രാത്രി ഉറങ്ങിയില്ല. കരളില്‍ കൂറകള്‍ ഓടി നടക്കുന്നതു പോലെ വിമ്മിട്ടം. കൃഷ്ണേട്ടന്‍ ഡോക്ടറെ വിളിച്ച് സാസാരിച്ചതെന്തൊക്കെയാണെന്ന അറിയില്ല.
'' സാവിത്രി ശ്രദ്ധിക്കുന്നുണ്ടോ ? '' ഡോക്ടറുടെ ചോദ്യം അവളെ ഞെട്ടിച്ചു. '' ഉവ്വ് '' ഒരപരാധിയെ പോലെ അവള്‍ പരുങ്ങി. ''സാവിത്രിയുടെ അര്‍ബുദം വീട്ടിലേയ്ക്കും വീട്ടില്‍ വിരുന്നുവരാറുള്ളവരിലേയ്ക്കും സന്ദര്‍ശകരായ അയല്‍വാസികളിലേയ്ക്കും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പൂജാമുറിയിലെ വിളക്കിനെ പോലും. ഓര്‍ത്തു നോക്കൂ, എത്രകാലമായി നിങ്ങളൊക്കെ ഒന്നു ആര്‍ത്തു ചിരിച്ചിട്ട് !. ഒന്നു മനസ്സു തുറന്നു പ്രാര്‍ത്ഥിച്ചിട്ട് !
ശരീരത്തിലൊതുങ്ങിയ രോഗത്തെ മറ്റുള്ളവരിലേയ്ക്കു പകരുന്നത് മനസ്സിന്റെ രോഗാവസ്ഥയാണ്. സാവിത്രി കേട്ടിട്ടില്ലേ, ശരീരം നശിച്ചാലും ആത്മാവു നശിക്കില്ലെന്ന്. അതിന്റെ പൊരുള് എന്താണെന്നറിയോ ? ശരീരത്തിന്റെ ജീര്‍ണത മനസ്സിനെ ബാധിക്കാതെ നോക്കണമെന്നാണ് ആ വാക്യത്തിന്റെ പൊരുള്‍.
അധികം പറഞ്ഞ് ഞാന്‍ സാവിത്രിയെ മുഷിപ്പിക്കുന്നില്ല. പറഞ്ഞു വരുന്നത് ഇതാണ്. ഈ ആസ്പത്രിയില്‍ ചികിത്സ തുടങ്ങിയാല്‍ രോഗം മാറി എന്നാണ് അര്‍ത്ഥം. ഇനി രണ്ടോ മൂന്നോ മാസം അതു തുടരും . അതോടെ സാവിത്രി തന്നെ അറിയാതെ ആ രോഗം ഈല്ലാതാവും.
ശരീരത്തെ പറ്റി ഇനി വേവലാതി വേണ്ട.രോഗം നിര്‍ണ്ണയിച്ചാല്‍ ചികിത്സ എളൂപ്പമാണ്. സാവിത്രി ഈ ദുര്‍ഘടം തരണം ചെയ്തിരിക്കുന്നു.അതുകൊണ്ട് ഇന്ന് ,ഈ രാത്രിമുതല്‍ സാവിത്രി അടുക്കളയുടെ റാണിയാവണം. വെയ്ക്കുക, വിളമ്പുക, ഉണ്ണുക, ഊട്ടുക, ഉറങ്ങുക, ഉറക്കുക,. ''
അയാള്‍ ഒന്നു നിര്‍ത്തി. ഒരു സമ്മതപത്രത്തില്‍ ഒപ്പു വച്ച സന്തോഷത്തോടെ അയാള്‍ എഴുനേറ്റു.
''Agreed ?''
ദിവാകരന്റെ ഹാര്‍ദ്ദമായ ഹസ്തദാനം അവളെ ഉത്സാഹവതിയാക്കി. അവളും ഹാര്‍ദ്ദമായി ചിരിച്ചു.
''Thank you very much Doctor ''ആരോഗ്യം വീണ്ടുകിട്ടിയ ആഹ്ലാദത്തോടെ അവളും എഴുനേററു. '' എനിക്ക് എല്ലാം മനസ്സിലായി. ഞാന്‍ ആര്‍ക്കും അര്‍ബുദം പകര്‍ത്തില്ല.''
പുറത്തു കാത്തുനിന്ന കൃഷ്ണനും മക്കളും തമാശകള്‍ പറഞ്ഞു അടുത്തേയ്ക്കു വരുന്ന സാവിത്രിയേയും ദിവാരന്‍ ഡോക്ടറേയും കണ്ട് അമ്പരന്നു.
'' ഈ സന്തോഷം നമുക്കൊന്നാഘോഷിക്കണം '' എല്ലാവരോടുമായി ദിവാകരന്‍ പറഞ്ഞു.
'' നാളെ എന്റെ അത്താഴം നിങ്ങളുടെ വീട്ടിലാണ്. കേമാവണം സദ്യ. സൂപ്പു മുതല്‍ ഡെസര്‍ട്ടു വരെ എല്ലാം വേണം. '' എല്ലാവര്‍ക്കും കെെകൊടുത്ത് ഒരു കോറസ്സു പോലെ കേട്ട ''Thank you Doctor '' എന്ന അഭിവാദ്യം കെെ വീശിക്കാട്ടി സ്വീകരിച്ചുകൊണ്ട് അയാള്‍ കണ്‍സള്‍ട്ടേഷന്‍ മുറിയിലേയ്ക്ക് പിന്‍വാങ്ങി.

By : Rajan PAduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo