Slider

** ആ നാൽപത് നാളുകൾ (നുറുങ്ങ്) **

0
** ആ നാൽപത് നാളുകൾ (നുറുങ്ങ്) **
"തലശ്ശേരിയിലോ കണ്ണൂരോ ഒരു പെണ്ണ് കിട്ടുമോ ? "
തമാശയായും കാര്യമായും പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുള്ളൊരു ചോദ്യമാണ്. അവിടെയും പെണ്ണിന് കൈയ്യില്‍ പത്ത് വിരല്‍ തന്നെയേ ഉള്ളൂ....പിന്നെയെന്താ ? സംഗതി വേറെയാണ്.
വടക്കൻ മലബാറിലെ തീര ദേശങ്ങളിൽ, പ്രത്യേകിച്ച് കണ്ണൂർ/തലശ്ശേരി ഭാഗങ്ങളിൽ ഇപ്പോഴും മുസ്ലിങ്ങളുടെ ഇടയിൽ നില നിൽക്കുന്ന ഒരു ഏർപ്പാടാണ് "മണിയറ" യിൽ കൂടുന്ന പുതിയാപ്ല. മാറ്റങ്ങൾ കുറെ വന്നെങ്കിലും പെണ്ണിന്റെ വീട്ടിൽ പുതുമാരന് ഒരു സ്ഥിരം മണിയറ ഒരുക്കുന്നത് ഇപ്പോഴും നിന്നിട്ടില്ല. അവന്റെ സമ്മതമില്ലാതെ പിന്നെ ആ മുറി ആർക്കും വിട്ടു കൊടുക്കുകയില്ല. മരിക്കുന്നത് വരെ (അല്ല, മരിച്ചാലും) അവൻ പുതിയാപ്ല തന്നെ.
വീട്ടിൽ കൂടുന്ന പുതിയാപ്ലമാരുടെ വയറിന്റെ വിളികളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു നടത്തുന്ന ഭാര്യാ വീട്ടുകാർ…..
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ 40 ദിവസം ഭയങ്കരമായൊരു ക്രിട്ടിക്കല്‍ പീരീഡ്‌ ആണ്. ആ കാലയളവില്‍ മീനും പച്ചക്കറിയും പുതിയാപ്ലക്ക് കാണിക്കരുത് (വിളമ്പരുത്) എന്നാണ് നാട്ടു നടപ്പ്. ചിക്കൻ/ഇറച്ചി/മുട്ട വിഭവങ്ങൾ മാത്രം. അതിനിടയിൽ മീനിന് പൂതി വന്നാൽ പുതിയാപ്ല "മീൻ പണം" നൽകണം. അപ്പോള്‍ മുതല്‍ “നാടന്‍” തുടങ്ങാം.
ഒരു മാസം "മീൻ പണം" കൊടുക്കാതെ മൂക്കറ്റം ഇറച്ചി തിന്ന് ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്ന ഒരു ദരിദ്രവാസിയെ എനിക്കറിയാം (വെറുതെയല്ല, കണ്ണൂരിലും തലശ്ശേരിയിലും ഇത്രയും ആശുപത്രികൾ)
പുതിയാപ്ല പള്ളിയറ വിട്ട് എഴുന്നേൽക്കുമ്പോഴേക്ക് രാവിലത്തെ ആദ്യത്തെ പലഹാരം റെഡിയായിട്ടുണ്ടാവും. മുട്ടാപ്പം/പഴം വാട്ടിയത് അല്ലെങ്കിൽ നിറച്ചത്/പോള/ കായട(ഉന്നക്കായ്)/പുഴുങ്ങിയ മുട്ട. ഇങ്ങിനെയുള്ളവ മുഴുവനായോ പാർട്ട് ആയോ വിളമ്പുന്ന ഒരു "ലഘു" ശാപ്പാട് . (തൃശൂർക്കാരും അതിനു തെക്കുള്ളവരും കപ്പൽ റെഡിയാക്കിക്കോ..ഹിഹി )
" തിന്ന്...പിയാപ്ളേ ..ങ്ങള് തിന്ന്..." എന്ന് പറഞ്ഞു കൂടെ അമ്മായിയോ പെണ്ണിന്റെ ഉപ്പയോ അതുമല്ലെങ്കിൽ അമ്മാവനോ അളിയനോ(ഭാര്യയുടെ സഹോദരൻ) ലൈൻ റഫറിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കണം. മൂക്കറ്റം തിന്നു എഴുന്നേറ്റുപോകുന്ന പുതിയാപ്ലനോട് "ങ്ങള് ഒന്നും തിന്നിട്ടില്ലാലോ" എന്ന് കണ്ണിൽ സങ്കടം വരുത്തിക്കൊണ്ട് അമ്മായി പറയണം (മനസ്സിൽ എന്ത് പറയുന്നെന്നു നമ്മൾ നോക്കേണ്ട).
ഇനി വിശദമായി ഒന്ന് പത്രം വായിക്കാനുള്ള സമയം ഉണ്ട്...പിന്നെ തീരെ “ക്ഷമ” യില്ലാത്തവരാണെങ്കിൽ " ഐഷാ...ലൈലാ .. മെഹ്റു... ...എന്റെ ഷർട്ട്/ബെൽറ്റ്/പേഴ്‌സ് .. എവിടെയാ ഉള്ളത് " എന്നൊന്ന് വിളിച്ചു പറഞ്ഞാൽ അവൾ അടുക്കളയിൽ നിന്ന് വന്നോളും.. അവളെ അറയിലെത്തിക്കാനുള്ള ഒരു "കോഡ് " വിളിയാണെന്നു കേൾക്കുന്ന അവൾക്കും അമ്മായിക്കും എല്ലാം അറിയാം...രണ്ടുപേർക്കും "തിരച്ചിൽ" തുടരാം. (സത്യമായിട്ടും അതെ നടക്കൂ). ആരും അവളെ തിരിച്ചു വിളിക്കില്ല.
അമ്മായി കുളിക്കാനുള്ള ചൂട് വെള്ളം അപ്പോഴേക്കും റെഡിയാക്കി വെച്ചിട്ടുണ്ടാകും (ഷവറും വാട്ടർ ഹീറ്ററും ഒന്നും ഇല്ലാത്ത കാലം).
നീരാട്ട് കഴിഞ്ഞു തളർന്നു വരുന്ന മാരനെ പെണ്ണ് "കത്തൽ അടക്കാൻ" ക്ഷണിക്കുന്ന ചടങ്ങാണ് അടുത്തത്. (ദേ..അപ്പോഴേക്ക് മനസ്സിൽ വേണ്ടാത്ത ചിന്ത വന്നു ല്ലേ?! ......"പ്രാതൽ കഴിക്കാൻ" എന്ന് മലയാളം). തീരെ വിശപ്പടങ്ങിയിട്ടില്ലാത്ത പുതിയാപ്ല കൈലി ഒന്ന് അയച്ചുടുത്തു ഡൈനിങ് ടേബിളിലേക്ക് നീങ്ങുന്നു. വലിയ പത്തൽ/കുഞ്ഞി പത്തൽ/പത്തിരി/നെയ്പത്തൽ/മുട്ട സുറുക്ക/കലത്തപ്പം..തുടങ്ങി പല വീര പോരാളികളുമായി അദ്ദേഹം ഏറ്റുമുട്ടൽ തുടങ്ങുകയായി...കറിയും പൊരിച്ചതുമൊക്കെ കോഴി/ബീഫ്/മട്ടൻ വിഭവം തന്നെ. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ അവിടെയുള്ള ആരെങ്കിലുമോ എല്ലാവരുമോ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പോരാട്ടം കഴിഞ്ഞു വിയർത്തു കുളിച്ച മണിമാരൻ മറ്റൊരു കുളി കുളിച്ചാൽ ആളുകൾ വെറുതെ തെറ്റിദ്ധരിക്കുമെന്നു കരുതി തോർത്തുമുണ്ട് കൊണ്ട് ദേഹമൊക്കെ ഒന്ന് തുടച്ചു മിനുക്കി സ്വന്തം വീട്ടിലേക്ക് പോവാൻ തയ്യാറെടുക്കുന്നു.
"ചോറ് ബെയ്ച്ചിട്ട് പൊയ്ക്കൂടേ ങ്ങക്ക് ?!"
അമ്മായിയുടെ ചോദ്യം - ആ ചോദ്യം വെറുതെയുള്ള ഒന്നാണ്.. ഉച്ച ഭക്ഷണം (നിർബന്ധാവസ്ഥയിൽ ഒഴിച്ച്) ഭാര്യവീട്ടിൽ നിന്ന് പാടില്ല എന്നാണ് പൊതു തത്വം..
പഴയ കാലത്തൊക്കെ (ഒരു പതിനഞ്ചു - ഇരുപത് കൊല്ലം മുമ്പ് ) അധിക പുതിയാപ്ലമാരും ലാസ്റ്റ് ബസിനാണ് ഭാര്യ വീട്ടിലേക്ക് എഴുന്നെള്ളുക. അത്തറിന്റെ മണം വീശുന്ന ഈ ബസിനെ നാട്ടുകാർ "കുയ്യാപ്ല ബസ് " എന്ന് വിളിച്ചു...ഇങ്ങിനെ ഇരുട്ടിയാൽ പോകുന്ന വിരുതന്മാരെ ഞങ്ങൾ വേറൊരു പേരിൽ വിളിക്കുമായിരുന്നു (ഇവിടെ പറയാൻ പറ്റില്ല).. രാത്രി 9 മണിക്കാണ് എത്തിയെതെങ്കിലും ചായക്കടികൾ ആദ്യം മുന്നിൽ കൊണ്ട് വെക്കും (കഴിച്ചാലും ഇല്ലെങ്കിലും).. ഫലൂദ/സർബത്/ ജ്യൂസ് .. നിർബന്ധം. അത്താഴം ബിരിയാണിയോ/ നെയ്‌ച്ചോറോ അല്ലെങ്കിൽ പ്രാതലിൽ നിരത്തിയ പോലുള്ള വമ്പന്മാരോ ആയിരിക്കും.. പിന്നെ ഓള് അവസാനം മണിയറയിൽ കൊണ്ടുവരുന്ന പാലും.
********
ചില പുതിയപ്ലമാര്‍ക്ക് “അട്ടത്ത്” (മുകളിലെ നില)ആയിരിക്കും മണിയറ ഒരുക്കിയിട്ടുണ്ടാവുക... അതില്‍ ചിലര്‍ പിന്നെ ഈ സ്വര്‍ഗ്ഗം വിട്ടു താഴെ വരില്ല...കാണാന്‍ വരുന്നവര്‍ ഏണിയും കയറി മുകളിലോട്ട് പോയി ആശീര്‍വാദം വാങ്ങണം. ഇവര്‍ “അട്ടത്തെ പുതിയാപ്ല” എന്ന പേരില്‍ “ആദരിക്കപ്പെടുന്നു”.
*************
പണ്ടൊരിക്കൽ എറണാകുളത്തു നിന്നും ഒരാൾ സുഹൃത്തിനെ കാണാൻ തലശേരിയിൽ വന്നു. ഭക്ഷണം വിളമ്പിയപ്പോൾ എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള വലിയുമ്മ പറഞ്ഞു : "പിയാപ്ലനേയും ബിളിക്ക് മോനെ .." കൊച്ചിക്കാരൻ ഇതേത് മണവാളൻ എന്നന്തം വിട്ട് നോക്കുമ്പോൾ പറമ്പത്ത് നിന്നും വടിയും കുത്തി അറുപത് വയസ്സിനു മേലുള്ള "പുതിയ ചെക്കൻ" വരുന്നത് കണ്ട് ചിരിച്ചു കുഴഞ്ഞു വീണ കഥ പ്രസിദ്ധമാണ്.
*********
പള്ളിക്കാട്ടിൽ ആളുകൾ മയ്യിത്ത് അടക്കാൻ തയ്യാറായി നിൽക്കുകയാണ്. പരേതന്റെ മകളുടെ ഭർത്താവിന്റെ സമ്മതം കിട്ടിയിട്ടില്ല മൃതദേഹം എടുക്കാൻ. മരണ വിവരം പറയുന്നതിൽ എന്തോ പിഴവ് പറ്റി എന്നും പറഞ്ഞു ശുണ്ഠി പിടിച്ചിരിക്കുകയാണ് അയാൾ...ആരുടെയും വാക്ക് ചെവിക്കൊള്ളുന്നില്ല. അവസാനം കുറച്ചു ചെറുപ്പക്കാർ അയാളെ അല്പം മാറ്റി നിർത്തി സംസാരിച്ചു. മിനിട്ടുകൾക്കകം അയാൾ എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു:
"ഇത്രയേള്ളൂ ....ഇത് നേരത്തെ പറഞ്ഞാ പോരായിരുന്നോ...മയ്യിത്ത് എടുത്തോ "
എല്ലാം കഴിഞ്ഞപ്പോൾ ആരോ ചെറുപ്പക്കാരോട് ചോദിച്ചു അയാളോട് എന്താണ് പറഞ്ഞതെന്ന്. അവർ അയാളോട് ഇത്രയേ പറഞ്ഞുള്ളു :
"ഞങ്ങൾക്ക് ഒരു മയ്യിത്ത് ഇപ്പോൾ ഖബറിൽ വെക്കണം...അതീ മരിച്ച മൂസാക്കാന്റെ തന്നെ വേണമെന്നില്ല...കൊല്ലുമെടാ നിന്നെ ഇപ്പൊ തെണ്ടീ.."
************
തലക്കഷ്ണം : ഇതൊക്കെ കേട്ട് പെണ്ണ് കെട്ടാൻ വടക്കോട്ട് വണ്ടി കയറാൻ നോക്കുന്ന ചെക്കന്മാരോടും കുറ്റിച്ചൂല്‍ എടുക്കാന്‍ നോക്കുന്ന മഹിളാ മണികളോടും പറയാനുള്ളത്: ...ങ്ങള് ഒരു പതിനഞ്ചു കൊല്ലം വൈകിപ്പോയി....സ്വന്തം വീട്ടില്‍ മണിയറയും ഒരുക്കി പെണ്ണ് കിട്ടാതെ പുര നിറഞ്ഞു നിൽക്കുന്ന പളുങ്ക് മണി പോലുള്ള ചെക്കന്മാരെ കൊണ്ട് നമ്മടെ നാടും നഗരവും നിറഞ്ഞു കവിഞ്ഞു...ഉപ്പ് തിന്നാൽ വെള്ളം കുടിക്കണ്ടേ ...!!
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo