നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവകാശികളില്ലാത്ത അമൃത്


അവകാശികളില്ലാത്ത അമൃത്
ഓഫീസിലേക്കുള്ള പടികൾ കയറിയിട്ടും കയറിയിട്ടും എത്തുന്നില്ല.. കണ്ണിലാണെങ്കിൽ ഇരുട്ടു കയറുന്നതു പോലെ..ഒരു വിധത്തിൽ കയറി അകത്തെത്തിയപ്പോൾ എല്ലാ സീറ്റിലും ആളുകൾ.. ആരെയോ തള്ളി മാറ്റി സീറ്റിലേക്ക് വീണു
“..എന്താ പറ്റിയത്..?”
ആരൊക്കെയോ ചോദിക്കുന്നു..ഒന്നും പറയാൻ പറ്റുന്നില്ല..തൊണ്ട വരണ്ടു പോകുന്നു..
“അനൂ.. ഈ വെള്ളം കുടിക്കു..”
അരുൺ ആണ്..കുറച്ചു വാങ്ങി കുടിച്ചു..എനിക്ക് തല കറങ്ങുന്നു..ഞാൻ പിന്നെയും മേശയിൽ തല ചായ്ച്ചു..
“എന്താ അരുൺ..വിശേഷം വല്ലതും ആണോ..?”
ചോദ്യം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി..ഞാൻ തല ഉയർത്തി അരുണിനെ നോക്കി
“ഹേയ്..രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടിയില്ല..അതായിരിക്കും..”അരുൺ പറഞ്ഞു
അതിപ്പോ ഇന്ന് മാത്രം അല്ലല്ലോ മിക്കവാറും ഇങ്ങനെ തന്നെയല്ലേ..ഞാൻ മനസ്സിലോർത്തു..
എന്തായാലും ആ ചോദ്യം കേട്ടതോടെ സമാധാനം പോയി..എന്തായാലും ഒന്നു ടെസ്റ്റ് ചെയ്യണം
"വാ..എന്തെങ്കിലും പോയി കഴിക്കാം.." അരുണിന്റെ കൂടെ പോയി
ഒന്നും കഴിക്കാൻ തോന്നുന്നില്ല..ആകെ ഒരു അസ്വസ്ഥത..
“നമുക്കെന്തായാലും ഒന്നു ചെക്ക്‌ ചെയ്യണം അരുൺ..എനിക്കെന്തോ പേടിയാകുന്നു..”
“അതിനിപ്പോ പേടിയെന്തിനാ.. എന്തായാലും വൈകിട്ട് പ്രെഗ്നൻസി കിറ്റ് വാങ്ങാം”
ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.. മനസിൽ ആകെ എന്തൊക്കെയോ പേടി..
“അനുവെന്താ വയറ്റിൽ പിടിച്ചിരിക്കുന്നെ..”
സീതേച്ചിയുടെ ചോദ്യം കേട്ടപ്പോഴാണ് കൈ അറിയാതെ വയറിനു മുകളിലാണെന്നു മനസിലായത്..
“അറിയില്ല ചേച്ചി.. അറിയാതെ പിടിച്ചു പോയതാ..”
“അനുവെന്തായാലും പ്രെഗ്നൻറ് ആണോന്ന് ഒന്നു ടെസ്റ്റ് ചെയ്തു നോക്കു
””ഉംം..നോക്കണം”.
ഉച്ചക്ക് ചോറുണ്ണാനിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു..പല പാത്രങ്ങൾ തുറന്നപ്പോൾ പലവിധത്തിലുള്ള ഗന്ധങ്ങൾ പുറത്തു വന്നു.. എനിക്കെന്തോ ആ ഗന്ധങ്ങളെല്ലാം എന്നെ വരിഞ്ഞു മുറുക്കുന്നത് പോലെയാണ്‌ തോന്നുന്നത്..ആകെ ശ്വാസം മുട്ടുന്നു.. വയറ്റിൽ നിന്നെന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു പുറത്തേക്കു വരുന്നത് പോലെ…ഞാൻ അരുണിനെ തട്ടി മാറ്റി പുറത്തേക്കോടി..
എങ്ങനെയൊക്കെയോ വൈകുന്നേരമായി..കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു..പോസിറ്റീവ്.. കഥകളിലൊക്കെ വായിച്ചതു പോലെ സന്തോഷമൊന്നുമല്ല മനസിലേക്ക് വരുന്നത് എന്തൊക്കെയോ ആധികളാണ്.. എപ്പോൾ വേണമെങ്കിലും നിന്നു പോകാവുന്ന വരുമാനം.. എല്ലാ ദിവസവും നഷ്ടത്തിന്റെ കണക്കുകൾ മാത്രമുള്ള സ്ഥാപനം.. പാതിരാത്രി വീട്ടിലെത്തുന്ന അരുണും ഞാനും.. സ്വന്തം വീടിന്റെ പണി നടക്കുമ്പോൾ പോലും അരുൺ ഇത്ര കഷ്ടപെട്ടിട്ടില്ല.. മാനസികവും ശാരീരികവുമായി നല്ല അധ്വാനം.. പിന്നെ പോരാത്തതിന് കുതികാൽ വെട്ടിന്റെ ആശാന്മാരായ ചിലരും.
.”അനൂ.. മോള് ടെൻഷൻ ആവണ്ട.. ഇപ്പൊ നമുക്ക് ഈ കുഞ്ഞിനെ പറ്റി മാത്രം ഓർത്താൽ മതി.. അറിയാല്ലോ അമ്മയുടെ ടെൻഷൻ കുഞ്ഞിനെയാ ഏറ്റവും കൂടുതൽ ബാധിക്കുക”
“കുഞ്ഞിനെ പറ്റി ഓർക്കുമ്പോൾ തന്നെയാ എന്റെ ടെന്ഷന് കൂടുന്നത് മോനു..ഇന്നലെയും കൂടി സാർ പറഞ്ഞത്‌ഓർമയില്ലേ..പൂട്ടണോ വേണ്ടയോ എന്നാലോചിക്കുകയാണെന്നു.. നമുക്ക് രണ്ടാൾക്കും രണ്ടിടത്ത് മതിയായിരുന്നു ജോലി..ഇതിപ്പോ പൂട്ടി പോയാൽ .. നമ്മളെന്ത് ചെയ്യും..”
“അവരങ്ങനെ ചെയ്‌യില്ല.. ഇത്‌പൂട്ടണ്ടിവന്നാൽ തന്നെ നമുക്ക്‌ വേറെ ഏതെങ്കിലും സ്ഥാപനത്തിൽ ട്രാൻസ്ഫർ തരും.. ഇതൊക്കെ ആലോചിച്ചു ടെൻഷൻ ആയാൽ നമ്മുടെ കുഞ്ഞിനാണ് ദോഷം.. അതുകൊണ്ട്‌ മോള് പറ.. ബിരിയാണി വേണോ മസാലദോശ വേണോ…“
അരുണിന്റെ ആത്മവിശ്വാസം എന്നെ ആശ്വസിപ്പിച്ചു..
രാവിലെ അലാറം അടിച്ചപ്പോൾ പതിവ് പോലെ ചാടിയെണീറ്റു.. എണീറ്റ അതേ സ്പീഡിൽ തിരികെ കട്ടിലിൽ ഇരുന്നു പോയി.. തല കറങ്ങുന്നു
“മോള് കുറച്ചു കൂടി കിടന്നോ.. ഞാൻ ഫുഡ് ഉണ്ടാക്കാം..”
അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേൾക്കാം.. കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല..കൈ അറിയാതെ വയറ്റിൽ വച്ചു.. വയറ്റിൽ വീണ്ടുമെന്തൊക്കെയോ കുഴഞ്ഞു മറിയുന്നു.. ബാത്റൂമിലേക്കോടി.. ശർദിച്ച്ിട്ടും ശർദിച്ചിട്ടും തീരുന്നില്ല.. അവസാനം ഇനി കുടലും കൂടി പുറത്തു വരുമെന്ന് തോന്നി.. അരുണിന്റെ തോളിൽ ചരിക്കിടക്കുമ്പോ കണ്ണു നിറഞ്ഞൊഴുകി..
അതൊരു തുടക്കം മാത്രം ആയിരുന്നു… പിന്നീട് അങ്ങോട്ട് ഇതൊരു തുടർകഥയായി.. ക്ഷീണം കൂടി വന്നു.. ശർദിക്കാൻ വയറ്റിൽ ഗ്യാസ് മാത്രമായി.. എന്നാലും ശർദ്ദിക്കൊരു കുറവും ഉണ്ടായില്ല കൂടിയതല്ലാതെ.. ജോലി കഴിഞ്ഞു വീട്ടിലെ കാര്യങ്ങളും അരുൺ ഏറ്റെടുത്തു.. ആദ്യത്തെ സ്‌കാൻ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഗർഭപാത്രം ശരിക്കും ക്ലോസ് ആയില്ലെന്നു തോന്നുന്നു.. രണ്ടാഴ്‌ച കഴിഞ്ഞു ഒന്നും കൂടി നോക്കിയിട്ട് ക്ലോസ് ആയില്ലെങ്കിൽ സ്റ്റിച്ചിടെണ്ടി വരുമെന്ന്.. പേടിച്ചു പോയി.. വിവരമറിഞ്ഞപ്പോൾ സർ വേറൊരു ഡോക്ടർ റെ സജസ്റ് ചെയ്തു.. അവരൊക്കെ അവിടെയാണ് കാണിക്കാറ്.. റിട്ടയേർഡ് പ്രഫസർ ആണ്..ഇങ്ങനെ പേടിപ്പിക്കുകയൊന്നുമില്ല ഇവരൊക്കെ റെസ്റ്റ് എടുക്കാൻ പറയും എല്ലാത്തിനും.. വൈഫിനെ ഒക്കെ അവിടെയാണ് കാണിച്ചത്‌.. എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.. അങ്ങനെ അവിടെ പോയി.. കാര്യമായി തന്നെ ഡോക്ടർ നോക്കി.. ലാസ്റ്റ് മെൻസ്ട്റൽ തീയതി വച്ചു നോക്കുന്നത് എപ്പോഴും കറക്ടാവണമെന്നില്ല.. രണ്ടാഴ്ച്ച കഴിഞ്ഞു നോക്കാം എന്നു പറഞ്ഞു.. രണ്ടാഴ്ച രണ്ടു യുഗങ്ങൾ പോലെയാണ് കടന്നു പോയത്‌.. എനിക്ക് പലപ്പോഴും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ വയ്യാതായി.. കൂടാതെ ഭയങ്കരമായ നടുവേദന യും തുടങ്ങി..രണ്ടാഴ്ച്ച കഴിഞ്ഞു സ്കാൻ ചെയ്തു.. കുഴപ്പമൊന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ആണ് സമാധാനമായത്.. നടുവേദന ഉള്ളത് കൊണ്ട് അബോർഷൻ അകാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു ഹോർമോൺ ഗുളിക തന്നു..
സ്കാൻ റിപ്പോർട്ടിൽ കണ്ട കുഞ്ഞു രൂപം മാത്രം ആണിപ്പോൾ മനസിൽ.. അരുൺ ബേബി സെന്റർ എന്ന വെബ്‌സൈറ്റിൽ റെജിസ്ട്രർ ചെയ്ത് കുഞ്ഞിന്റെ അപ്പപ്പോൾ ഉള്ള വളർച്ചകൾ ഒക്കെ വായിച്ചു കേൾപ്പിക്കും..ഞാനും രെജിസ്റ്റർ ചെയ്തു.. ഒരു കുഞ്ഞു ഉള്ളിൽ പിറക്കുമ്പോൾ പിന്നെ നമ്മുടെ ലോകം എത്ര മാത്രം മാറി പോകും എന്ന് അപ്പോഴാണ് മനസിലായത്..ഓരോ നിമിഷവും ഓരോചിന്തയും എല്ലാം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്.. ഞങ്ങളുടെ ലോകം എന്റെ വയറ്റിനുള്ളിലായി മാറി.. പുറത്തു നിന്നുള്ള ഭക്ഷണം കുഞ്ഞിനെ ബാധിക്കാതിരിക്കാൻ അരുൺ എനിക്ക് കൊതി തോന്നുന്നതൊക്കെ ഉണ്ടാക്കി തന്നു.. ഗോതമ്പ് പൊറോട്ടയും ബീഫ് ഫ്രൈ യും വേണമെന്ന് തോന്നിയപ്പോ യൂട്യൂബിൽ നോക്കി പൊറോട്ട ഉണ്ടാക്കി തന്നു..തേങ്ങാകൊത്തൊക്കെ ഇട്ട ബീഫ് ഫ്രൈ യും അതിന്റെ രുചി ഒരിക്കലും മറക്കില്ല.. സ്വപ്നങ്ങളുടെ കൊട്ടാരം പതിയെ ഉയർന്നു തുടങ്ങി.. നടുവേദന യും ശർദിയും കലശലായപ്പോൾ കുറച്ചു നാൾ ലീവു എടുത്തു.. ആ ഒരു മാസം അരുൺ അടുത്തില്ലാതെ ഞാൻ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.. മൂന്ന് മാസം ആയപ്പോൾ കുറച്ചു സമാധാനം ആയി..ഇനി അബോർഷൻ ആകാൻ സാധ്യത കുറവാണത്രെ.. അനോമലി സ്കാൻ കഴിഞ്ഞു.. എല്ലാം നോർമൽ ആണ്..തിരികെ ജോലിയിൽ പ്രവേശിച്ചു.. നാലു മാസം ആയി .. നടുവേദനയും ശർദിയും കുറയുന്നില്ല..ക്ഷീണവും കൂടി.... ജോലി എനിക്കൊരു ഭാരവും ഞാൻ അവർക്കൊരു ഭാരവും ആയി മാറി..വയറിനുള്ളിലെ കുഞ്ഞു ജീവൻ മാത്രം ആയിരുന്നു എല്ലാത്തിൽ നിന്നും പിടിച്ചു നിർത്തിയത്..പിന്നെ അരുണും..നാലാം മാസം മുതൽ കുഞ്ഞിന് കേൾക്കാൻ കഴിയുമെന്ന് ബേബി സെന്റർ പറഞ്ഞു..ഞങ്ങൾ കുഞ്ഞിനോട് സംസാരിക്കാൻ തുടങ്ങി…പെണ്കുഞ്ഞായിരിക്കും എന്നു രണ്ടു പേർക്കും തോന്നി യത് കൊണ്ട് അമ്മുക്കുട്ടി എന്ന് കുഞ്ഞിനെ വിളിക്കാൻ തുടങ്ങി…ശർദി കുറയാൻ ഡോക്ടർ തന്ന പൊടി വായിലിട്ടതും ഞാൻ ശർദിചചു.. സ്വപ്നത്തിൽ ദംഷ്ട്രകളുമായി വന്നു സഹപ്രവർത്തകറിൽ ചിലർ.. ഇടക്ക് സാറും.... ജോലി രാജി വെച്ചാലോ എന്നാലോചിച്ചു..അഞ്ചാംമാസം ആയി..നടുവേദന കുറഞ്ഞു..കുറച്ചൊരു ആശ്വാസമായി.. പതിയെ ശർദി നിന്നു.. കുഞ്ഞിന്റെ അനക്കം അറിയാൻ തുടങ്ങിയോ എന്നു രണ്ടമ്മമാരും മാറി മാറി ചോദിച്ചു കൊണ്ടിരുന്നു.. എനിക്കാണെങ്കിൽ ഗ്യാസ് വയറ്റിൽ നിറഞ്ഞിട്ട് ആദ്യ മാസം മുതൽ അഗ്നിപർവത സ്ഫോടനം ആണ്‌വയറ്റിൽ.. ഇപ്പോഴും അത് കാരണം ഒന്നും മനസിലാവുന്നില്ല..
ഒരു ദിവസം ഓഫീസിലെ ഡോർ തളളി തുറന്നപ്പോൾ മുതൽ വയറ്റിൽ ഒരു വേദന.. അരുൺ എന്നെ വേഗം ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി.. ഇടക്കിടക്ക് വേദന വരുന്നു..കുറച്ചു നേരം നിന്നിട്ട് പോകുന്നു.. ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ല എന്ന്..സ്‌കാൻ ചെയ്യണോ എന്നു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല എന്നും പറഞ്ഞു..ഉച്ച കഴിഞ്ഞിട്ടും വേദന കുറയുന്നില്ല… അരുൺ വീണ്ടും ഡോക്ടർ നെ വിളിച്ചു… റെസ്റ്റ് എടുക്കടോ …. എന്ന് മറുപടി കിട്ടി.. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു.. രാത്രി ഇടക്കിടക്ക് വേദന വന്നു.. തിങ്കളാഴ്ച എന്തായാലും ഒന്നു സ്കാൻ ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിച്ചു..രാവിലെ ബാത്റൂമിൽ പോയി ഇരുന്ന ഞാൻ വേദന സഹിക്കാനാകാതെ അരുണിനെ വിളിച്ചു കരഞ്ഞു..എന്തോ ഒന്ന് താഴേക്ക് തള്ളി വരുന്നു…അരുൺ എന്നെ എടുത്ത് ബെഡിൽ കിടത്തി.. വേഗം ഡോക്ടർ നെ വിളിച്ചു..ഞാൻ രണ്ടു തലയിണ എടുത്തു കാലിനടിയിൽ വെച്ചു.. അപ്പോൾ തള്ളി വന്നത്‌ തിരിച്ചു ഉള്ളിലേക്ക്‌ കയറിപോയി.. അബോർഷൻ ആകുന്നതായിരിക്കും എന്ന ഡോക്ടർ ടെ വാക്കുകൾ ഒരു ഇടിത്തീ പോലെ കാതിൽ വീണു
”…മോനു.. നമ്മുടെ കുഞ്ഞു…. “ ഞാൻ കരയാൻ തുടങ്ങി… കരയാനും കരയാതിരിക്കാനും വയ്യാത്ത അവസ്ഥ ആയിരുന്നു അരുണിന്റത്.. അരുൺ എന്നെ താങ്ങി കാറിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു..ഞായറാഴ്ച ആയത്‌കൊണ്ട് സ്കാൻ ചെയ്യാൻ റേഡിയോളജിസ്റ്റ് ഇല്ല..ലേബർ റൂമിൽ ഞാൻ മാത്രമേ രോഗിയായി ഉണ്ടായിരുന്നുള്ളു..പരിചയമുള്ള നഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്.. കുറച്ചു കഴിഞ്ഞു സൂപ്പർവൈസർ നഴ്സ് വന്നു..അവൾ അരുണിന്റെ നാട്ടു കരിയാണ്..എട്ടു മാസം പ്രെഗ്നൻറ് ആണ് അവൾ
..”ബ്ലീഡിങ്‌‌ ഒന്നുമല്ലല്ലോ..ചിലപ്പോൾ ഇനി ബെഡ് റെസ്റ്റ് എടുത്താൽ മതിയാവും..” അവളുടെ വാക്കുകൾ നേരിയ പ്രതീക്ഷ പകർന്നു… കുഞ്ഞിന് വേണ്ടി ഉള്ള പ്രാർത്ഥന യിൽ ഉരുകുക യായിരുന്നു ഹൃദയം…റേഡിയോ ളജിസ്റ്റ് സ്ഥലത്തില്ലാത്തതിനാൽ വേറൊരാൾ വന്നുകൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞു.. പെട്ടെന്ന് കാലുകൾക്കിടയിൽ ചൂടനുഭവപ്പെട്ടു…. എന്റെ കുഞ്ഞ്…ബ്ലീഡിങ്‌തുടങ്ങി…. എനിക്ക്‌ ഹൃദയം പറിഞ്ഞു പോകുന്നത് പോലെ തോന്നി…. എന്റെ കുഞ്ഞ്..എന്റെ സ്വപ്നങ്ങൾ…എല്ലാം തകർന്നുപോകുകയാണ്… റേഡിയോളജിസ്റ് വന്നു..എന്നെ സ്ട്രെച്ചറിൽ സ്കാനിംഗ് റൂമിലേക്ക് മാറ്റി.. കുഞ്ഞിന് ജീവനുണ്ട് പക്ഷെ ഫ്ലൂയിഡ് നു പുറത്താണ് എന്നു ഡോക്ടർ നെ വിളിച്ചു പറയുന്നത് കേട്ടു..എന്റെ എല്ലാ പ്രതീക്ഷ യും അതോടെ അസ്തമിച്ചു.. തിരിച്ചു കൊണ്ടു പോകും വഴി അരുണിനെ കണ്ടു..
”പോയി മോനു..കുഞ്ഞു പോകുവാ.”.എനിക്ക് സഹിക്കാനായില്ല..
ലേബർ റൂമിലെ തണുത്ത കട്ടിലിൽ നിന്നും തണുപ്പ് എന്നെ പൊതിയാൻ തുടങ്ങി.. നടു പിളർന്നു പോകുന്ന വേദന.. ആരെങ്കിലും ഒരു മരുന്ന് തന്നിരുന്നു എങ്കിൽ.. ഞാൻ വേദന കൊണ്ട് പുളയുകയായിരുന്നു.. മരിച്ചു പോകുകയാണെന്ന് തോന്നി..അരുണിനെ ഒന്നു വിളിക്കു .. ഞാൻ അവരോടു കെഞ്ചി…ലേബർ റൂമിൽ ആണുങ്ങളെ കയറ്റില്ല… മറുപടി വന്നു…ഇവിടെ ഞാൻ മാത്രം അല്ലെ ഉള്ളൂ.. ഞങ്ങൾ ക്കു ഒന്നും ചെയ്യാൻ കഴിയില്ല.. നിയമം അതാണ്‌..അവർ നിസ്സഹായത വെളിപ്പെടുത്തി.. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി…അവസാനിയ്ക്കാത്ത വേദനക്കൊടുവിൽ കുഞ്ഞു പുറത്തു വന്നു…
കുഞ്ഞിനെ കാണണോ..?
വേണ്ട…മറുപടി പറയാൻ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല
എന്തു കുഞ്ഞായിരുന്നു…?
ആണ്കുട്ടി
ഒരു ദീർഘ നിശ്വാസം മാത്രം …
റൂമിൽ ഞാനൊരു കാഴ്ച വസ്തുവായി…"ഇതെല്ലാം ഇപ്പോൾ വളരെ സാധാരണമാണ്.. പിന്നെ കുറെ ഉദാഹരണങ്ങളുടെ ലിസ്റ്റ്…അടുത്ത തവണ ശരിയാവും… "
വാക്കുകൾ അരോചകമായി…. സന്ദർശകർ പോയിരുന്നെങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു..പിറ്റേ ദിവസം ഡിസ്ചാർജ് ആയി..വീട്ടിലെത്തി ബാത്റൂമും ബെഡും എല്ലാം ഓരോന്നു ഓര്മിപ്പിച്ചുകൊണ്ടിരുന്നു..രാത്രി അരുണിന്റെ കൈകളിൽ ഉറങ്ങി.. ഇടയ്ക്കിടെ എഴുന്നേറ്റു എന്റെ കുഞ്ഞു എന്നു നിലവിളിച്ച എന്നെ അരുൺ എങ്ങനെയോ ഉറക്കി.. അടുത്ത ദിവസം എന്റെ വീട്ടിലേക്കു പോയി..ഉറക്കത്തിൽ ഒടിയന്റെ രൂപത്തിൽ സാർ നേയും സഹപ്രവർത്തകരിൽ ചിലരെയും കണ്ടു
“.. മോനു..നമുക്കങ്ങോട്ടു തിരിച്ചു പോകണ്ട…വേറെ ജോലി നോക്കാം .. “
ഞാൻ പൊട്ടി കരയുകയായിരുന്നു.. അരുൺ പഴയ റെസ്യൂം എഡിറ്റ് ചെയുന്നത് കണ്ടിട്ടേ സമാധാനം ആയുള്ളൂ.. വീണ്ടും ഒന്നുറങ്ങി എണീറ്റപ്പോൾ നെഞ്ചു കുത്തിക്കീറുന്ന വേദന… സഹിക്കാൻ പറ്റുന്നില്ല..നെഞ്ചു തിരുമി നോക്കി.. ഡ്രെസ്സ് ഒക്കെ നനഞ്ഞു വരുന്നു…ആദ്യം ഒന്നും മനസ്സിലായില്ല... പതുക്കെ മനസിലാക്കി എന്റെ കുഞ്ഞിൻറെ അവകാശമായിരുന്ന അമൃത്…… അവകാശിയില്ലാതായതറിയാതെ ഒഴുകുകയായിരുന്നു… ഇരുതല മൂർച്ചയുള്ള വാളായി അതെന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.
- അനിഷ സെൻ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot