നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൻ

മകൻ
.............
രണ്ടിഞ്ചു വണ്ണമുള്ള ഇരുമ്പ് പൈപ്പ് വലതു കാലിലേക്കാഞ്ഞു പതിച്ച് ആ എല്ലുകൾ തകർക്കുമ്പോൾ വേദന കൊണ്ടവൻ അലറിക്കാറി. പക്ഷേ വായിൽ തിരുകിയിരുന്ന തുണിയിലൂടെ ഒരു ഞെരക്കം മാത്രമേ പുറത്തു വന്നുള്ളൂ.. എന്നിട്ടും അയാളവനെ ഭീഷണി പ്പെടുത്തി.
" മിണ്ടിപ്പോകരുത്.. മകനാണെന്നോർക്കില്ല ഞാൻ ! തല ഞാൻ പൊളിക്കും !"
ശരീരമാസകലം വിറച്ച്, വിയർത്തൊലിച്ച്, ഭയത്താൽ കണ്ണുകൾ തുറിച്ച് അവനയാളെ ഉറ്റു നോക്കി.
ഭാവഭേദമൊന്നും കൂടാതെ അയാൾ ഇടതു വശത്തേക്കെത്തുമ്പോൾ ശക്തിയോടെ തലയാട്ടി അവൻ വേണ്ടെന്ന് പറയുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കട്ടിലിന്റെ നാലു മൂലകളിലേക്കും വലിച്ചു കെട്ടിയ കൈകാലുകൾ അനങ്ങാനാവാത്ത വണ്ണം വലിഞ്ഞു മുറുകി !
ഇരുമ്പു പൈപ്പ് പിന്നെയും ഉയർന്നു താണു. അസ്ഥിയൊടിയുന്ന ശബ്ദം ഇത്തവണ അവൻ വ്യക്തമായി കേട്ടു. വേദന കൊണ്ടവൻ ശരീരം ആകാവുന്നിടത്തോളം ഉയർത്തി.
"കരയരുത്.. ഇപ്പോ പതിനേഴ് വയസ്സാവണ് നിനക്ക്. പണ്ട് തല്ലാതിരുന്നതൊക്കെ ചേർത്ത് തരണ്ന്ന് കൂട്ട്യാ മതി !"
പറഞ്ഞ് തീർന്നതും മുട്ടിനു താഴെ വലതു കൈയിൽ അടുത്ത അടി വീണു. ശരീരത്തിലെ മൂന്നാമത്തെ ഒടിവ് ! ഇനി ഒരിക്കലും വിട്ടു പോവാനാകാത്ത മനസ്സിലെ ചതവ് !
അവന്റെ അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ഇന്നു വരുമെന്നും തോന്നുന്നില്ല. ദൂരെ ഗ്രാമത്തിലുള്ള അവരുടെ അമ്മയെ കാണാൻ പോയിരിക്കുകയാണ്. രക്ഷപ്പെടുത്താൻ ആരുമില്ല. അയാൾ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും അവനറിയില്ലായിരുന്നു.
"വാ.. ആസ്പത്രീ പോവാം.. എണീക്ക്.. "
അയാൾ അവന്റെ കെട്ടുകൾ അഴിക്കാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു..
" ഞാൻ പറയും എന്താ പറ്റീന്ന്.. ആരോടെങ്കിലും മിണ്ടാൻ പോയാ.. അറിയാലാ..?"
ഒടിയാത്ത ഒരു കൈ തോളിലേക്ക് പിടിക്കാനായ് വെച്ചു കൊടുത്ത് അയാളവനെ ചുമലിലേറ്റി. പിന്നെ ഭാരപ്പെട്ട് പുറത്തേക്ക് നടന്നു. വർഷങ്ങളുടെ പ്രവാസ ജീവിതം ആരോഗ്യം തകർത്തിരുന്നു എങ്കിലും അയാൾക്കിപ്പോൾ ക്ഷീണമൊന്നും തോന്നിയില്ല.
വീടിനു പുറത്തേക്കിറക്കി അയാളവനെ ചെടി ച്ചെട്ടികൾക്കരികെ മുറ്റത്ത് നിലത്തേക്കിരുത്തി.
" ശബ്ദമുണ്ടാക്കരുത്. വാതിൽ പൂട്ടി ഇപ്പ വരാം.."
വേദന കടിച്ചമർത്തി അയാളെവിടെ പോകുന്നുവെന്നോർത്തു അവനവിടെ കിടന്നു. കാണുന്നില്ല. എവിടെ പോയി ?
വീടിനു മുകളിലെ പ്രാവുകൾ പെട്ടെന്ന് ചിറകടിച്ചു പറന്നു. കോൺക്രീറ്റ് പുറത്ത് എന്തോ നിരങ്ങി നീങ്ങുന്ന ശബ്ദം..!
പെട്ടെന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അത് വന്നു വീണു. ദേഹത്ത് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ! ആ വലിയ പ്രാവിൻ കൂട് താഴെ വീണു തകർന്നിരിക്കുന്നു.
തൊട്ടടുത്ത നിമിഷം അയാളും കരഞ്ഞുകൊണ്ടോടിയെത്തി. അയ്യോ എന്ന നിലവിളിയോടെ ! പ്രാവിൻ കൂടിന്റെ തെറിച്ചു വീണ ഒരു മരക്കഷ്ണം എടുത്ത് പെട്ടെന്നയാൾ അവനെ ശക്തിയായി അടിച്ചു. അതെ.. അവന്റെ രണ്ടാമത്തെ കയ്യും ഒടിഞ്ഞു.
ആരൊക്കെയോ ഓടിക്കൂടിയപ്പോഴേക്കും അയാൾ പോർച്ചിൽ നിന്നും കാറെടുത്തു വന്നു.
"എന്തിനാടാ മോനേ നീയീ നേരത്ത് അതുമ്മേ കേറാൻ പോയേ..?"
അതും പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് എല്ലാവരുടേയും സഹായത്താൽ അയാളവനെ കാറിൽ കയറ്റി. ആരോ രണ്ടു പേർ കൂടെ കയറി. നഗരത്തിലെ ആശുപത്രിയിലേക്ക് അവർ ചീറിപ്പാഞ്ഞു.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമിടയിൽ അവൻ വേദന കൊണ്ട് വിങ്ങി വിങ്ങി ക്കരഞ്ഞു. പ്രാവിൻ കൂട് വൃത്തിയാക്കാൻ കയറിയപ്പോൾ രണ്ടാം നിലയിൽ നിന്ന് താഴേ വീണ കഥ കാറിൽ വച്ചു പറഞ്ഞതു പോലെ തന്നെ ആവർത്തിക്കപ്പെട്ടു.
എക്സ്റേയും സ്കാനിങ്ങുകളും കഴിഞ്ഞ് ദേഹം നിറയെ ബാൻഡേജുകളുമായി റൂമിലേക്ക് മാറ്റുമ്പോഴേക്കും അലറിക്കരഞ്ഞ് അമ്മയെത്തി. അയ്യോ..ന്റെ മോനേയ്... ന്റെ പൊന്നിനെന്തു പറ്റീടാ.... എന്നെല്ലാം എണ്ണിപ്പെറുക്കി. സങ്കടത്തോടെ നിന്ന ഭർത്താവിന്റെ ഷർട്ടിൽ പിടിച്ചവർ തേങ്ങലോടെ ചോദിച്ചു..
"ഒരൂസം ഒന്ന് മാറി നിന്നപ്പോഴേക്കും ന്റെ കൊച്ചിനെ നോക്കാൻ ഇങ്ങക്ക് പറ്റില്ലാല്ലേ..?"
പിന്നെയവർ അതേ നെഞ്ചിൽ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. കണ്ണീരോടെ അയാൾ അവരുടെ തലയിലും പുറത്തും തഴുകുക മാത്രം ചെയ്തു. അയാളുടെ ചുടുകണ്ണീർ അവരുടെ മൂർദ്ധാവിൽ ഇറ്റു വീണു.
റൂമിലേക്ക് അവനെ ഷിഫ്റ്റ് ചെയാൻ ഡോക്ടറും കൂടെ വന്നിരുന്നു. അവനെ ബെഡിൽ കിടത്തിയ ശേഷം ഡോക്ടർ അയാളെ വിളിച്ചു.
"ഒന്ന് റൂമിലേക്ക് വരൂ.. സംസാരിക്കാനുണ്ട്..!"
ഭാര്യയോട് ഇപ്പോ വരാമെന്നാംഗ്യം കാട്ടി ഡോക്ടറുടെ പിറകേ അയാൾ നടന്നു. ആദ്യം ഇരിക്കാനാവശ്യപ്പെട്ട്, കുറച്ച് നിമിഷങ്ങൾ അയാളെ നോക്കിയിരുന്ന്, പിന്നെ മുന്നോട്ടാഞ്ഞിരുന്ന് ചോദിച്ചു.
"സത്യം പറ... എന്താ സംഭവിച്ചത് അവന്..?"
" ഓരോ മുറിവും ചതവും കാണുമ്പോൾ തന്നെ ഞങ്ങൾക്കറിയാം അതെങ്ങിനെ ഉണ്ടായതെന്ന് ! വെറുതെയല്ല ഈ ഡിഗ്രി ഇവിടെ ചില്ലിട്ടു വെച്ചിരിക്കുന്നത് !"
കണ്ണടക്കു മുകളിലൂടെ കണ്ട ഡോക്ടറുടെ കണ്ണുകളിൽ ദേഷ്യം തെളിഞ്ഞു നിന്നു. അയാൾ തല കുമ്പിട്ടു.
അല്പനേരം ആ മുറിയിൽ മൗനം മാത്രം സംസാരിച്ചു.
" നിങ്ങൾക്കൊന്നും പറയാനില്ലെങ്കിൽ പിന്നെ എനിക്ക് പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടി വരും..!"
ഒരു നെടുവീർപ്പോടെ അയാൾ മുഖമുയർത്തി.
" ഞാൻ പറയാം ഡോക്ടറേ..!"
എങ്കിലും അയാൾ താഴേക്കും ചുറ്റിലുമൊക്കെ നോക്കുകയും മുഖം തുടക്കുകയും ചെയ്യുകയായിരുന്നു. പക്ഷേ ഒടുവിൽ അയാൾ മിണ്ടുക തന്നെ ചെയ്തു.
"പൈപ്പു കൊണ്ടടിച്ചതാ സാറേ..!"
" എന്തിന്..?"
ഡോക്ടറുടെ ആകാംഷ പെട്ടെന്ന് ചോദ്യമായി വന്നുവെങ്കിലും എങ്ങിനെ തുടങ്ങുമെന്നറിയാതെ അയാൾ പരതുകയായിരുന്നു.
"നിങ്ങൾക്ക് വെള്ളം വേണോ..?"
വേണമെന്നയാൾ ആർത്തിയോടെ പറഞ്ഞു. എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും കുറെ കുടിക്കുകയും ചെയ്തു.
പിന്നെ നിശ്ചയിച്ചുറച്ചവനേപ്പോലെ, തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
" സ്വന്തം അമ്മേനേ അമ്മയായി കാണാൻ പറ്റാത്തോനെ പിന്നെ ഞാൻ എന്താ ചെയ്യണ്ടേ സാറേ..?"
ഡോക്ടർ ഒന്നു ഞെട്ടി.. സീറ്റിൽ പുറകിലേക്ക് ചാഞ്ഞു. തന്റെ കണ്ണടയെടുത്ത് മേശമേൽ വച്ച് കൺകോണുകൾ തുടച്ചു.
"പക്ഷേ.. നിങ്ങളുടെ ഭാര്യ..! വളരെ സ്നേഹപൂർവ്വമാണല്ലോ പെരുമാറണേ..?"
" ആ പൊട്ടിക്കെന്തറിയാം സാറേ.. സ്നേഹിക്കാനല്ലാതെ ! ഇവന്റെ മനസ്സിലിരുപ്പ് അതറിയണുണ്ടോ ?"
ഡോക്ടറുടെ മുഖത്ത് സംശയം നിഴലിട്ടു. ഇയാൾ വല്ല സംശയ രോഗി ആവുമോ ?
" നിങ്ങൾക്കെന്താണ് ജോലി ?"
" പത്തിരുപത്തഞ്ചു വർഷം വിദേശത്തായിരുന്നു. ഇപ്പോ വീടിനടുത്ത് ഒരു ചെറിയ ഹാർഡ് വെയർ കട..! ഒള്ള കച്ചവടം മതി.. ഒന്നും ചീത്തയായി പോവില്ലാലോ.?"
ഡോക്ടർ പിന്നേയും അയാൾക്കു നേരേ തിരിഞ്ഞു.
"നിങ്ങൾക്ക് മാത്രമെന്താ ഇപ്പോ ഇങ്ങിനെ തോന്നാൻ ?"
"രണ്ടു മൂന്നു വർഷായി സാറേ എനിക്കീ സംശയം തുടങ്ങീട്ട്.. അതോണ്ടാ ഞാൻ ഗൾഫ് ജീവിതം നിറുത്തി പോന്നതും..!"
" വീട്ടിലെ ഒറ്റ മോനല്ലേന്ന് കരുതി കുറച്ചധികം ലാളിച്ചാ അവനെ വളർത്തിയത്. അടുത്തില്ലാത്തതിന്റെ കുറ്റബോധം കൊണ്ട് ചോദിക്കുന്നതൊക്കെ അപ്പാപ്പോ വാങ്ങി അയച്ചു കൊടുക്കേം ചെയ്യും. വിലപിടിപ്പുള്ള ഡ്രസ്സുകൾ, വാച്ചുകൾ, ഷൂസുകൾ ഒക്കെ ആയിരുന്നു ആദ്യം..! പിന്നെ വീഡിയോ ഗെയിമുകൾ, മൊബൈലുകൾ ഒക്കെ ആയി."
അതിനിടയിൽ എന്തിനോ തലയിട്ട നഴ്സിനെ ഡോക്ടർ വിലക്കി..
"ഒരു പത്തു മിനുട്ട്.. വെയ്റ്റ്..!"
അയാൾ എന്തോ ഓർക്കാനെന്ന വണ്ണം ഒന്നു നിറുത്തി. പിന്നെ തുടർന്നു.
"ഗൾഫിലായിക്കുമ്പോ ഒരു ദിവസം ഫോണിൽ സംസാരിക്കുമ്പോ അവളു പറഞ്ഞു അവന്റെ മൊബൈൽ കുളിമുറിയിൽ വച്ചു താഴെ വീണു തകർന്നു പോയെന്ന്..! അവൾ മുഷിഞ്ഞ തുണികൾ വലിച്ചെടുത്തപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് !"
"അന്ന് തന്നെ എനിക്കൊരു പന്തികേട് തോന്നി. എങ്കിലും അവളോട് പറഞ്ഞില്ല. പിന്നെ കേട്ടു നേരം പുലരുമ്പോൾ പലപ്പോഴും അവളുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നുവെന്ന്..! വലിയൊരു ചെക്കൻ റൂമിൽ കിടക്കണതാടീ പൊട്ടീ.. വേറെ റൂമിൽ കിടക്കാൻ പറഞ്ഞു അവളോട്. വാതിലടച്ച് മറ്റൊരു റൂമിൽ കിടന്നതിൽ പിന്നെ അവൾ അങ്ങിനെ ഒരു പരാതി പറഞ്ഞില്ല.
പ്ളസ് വണ്ണിനു ചേർന്നതോടെ പഠിത്തത്തിൽ നല്ല ഉഴപ്പാണെന്നും കൂട്ടുകെട്ട് വളരെ മോശമാണെന്നും കേട്ടപ്പോൾ പിന്നെ ഞാനധികം നിന്നില്ല സാറേ..''
അടുത്തിരുന്ന കുപ്പിയിലെ വെള്ളം നിറുത്താതെ കുടിച്ച് അയാൾ കാലിയാക്കി. പിന്നെ എന്തോ ഓർത്തു മൗനം പൂണ്ടു. പറയാൻ നിർബന്ധിക്കാതെ ഡോക്ടറും കാത്തു.
" നാട്ടിലെത്തി... പിന്നെ.. ഞാൻ തിരിച്ചു പോണില്ലാന്നു കണ്ടപ്പോൾ അവനൊരു ശത്രുതാ ഭാവം പോലെ..! രാത്രി വൈകി വരിക.. മിണ്ടാതെ നടക്കുക..പാത്രങ്ങൾ എറിയുക.. ഇങ്ങിനത്തെയൊക്കെ പെരുമാറ്റങ്ങൾ !"
"രണ്ടാഴ്ച മുൻപ് ഞാനവന്റെ ലാപ്ടോപ്പും, യു. എസ്. ബികളും ഒക്കെ ഒന്നു ചെക്ക് ചെയ്തു സാറേ.. ഈ പിള്ളേരുടെ ഒക്കെ വിചാരം കംപ്യൂട്ടറ്, മൊബൈല് ന്ന് ഒക്കെ വച്ചാ വയസ്സന്മാർക്കറിയില്ലാന്നാ.. ഇന്നലത്തെ ഫ്രീക്കന്മാരാ ഇന്നത്തെ വയസ്സന്മാരാവണേന്ന് അറിയാത്ത പോലാ..! ഹൂം..!"
" ഒക്കെ എടുത്ത് നോക്കുമ്പോ... സാറേ.. അന്ന് തന്നെ ഞാനവനെ കൊല്ലണ്ടതാ... അമ്മാതിരി വീഡിയോസ്... സ്വന്തം അമ്മയുടെ വരെ..!"
"പക്ഷേ... പിന്നെ അവൻ കേറണ സൈറ്റുകൾ കണ്ടപ്പോ എനിക്ക് മനസ്സിലായി ഇതിനെ കൊന്നട്ട് കാര്യല്യാ... ഇതു പോലെ കൊറേ പിള്ളേരെ ചീത്തയാക്കാൻ പറ്റിയ പിശാചുക്കളുടെ കൂട്ടം ഇന്റർനെറ്റിലുണ്ടെന്ന്..!"
"എന്റെ പൊന്നു ഡോക്ടറേ.. ഈ പശു കുത്തീ.. ഉമ്മ വച്ചൂന്ന് ഒക്കെ പറഞ്ഞ് പാവങ്ങളെ തല്ലിക്കൊല്ലാൻ നടക്കുന്നവന്മാരൊക്കെ ഇത് കാണുന്നില്ലേന്നാ എനിക്ക് സംശയം..?"
ഡോക്ടറുടെ മുൻപിൽ വച്ചിരുന്ന ലാപ് ടോപ്പിലേക്ക് അയാൾ കൈ കാണിച്ചു..
"സാറൊന്ന് നോക്കിയേ.. ഞാൻ പറഞ്ഞു തരാ...! ഈ ഫേസ് ബുക്കും വാട്ട്സാപ്പും ഒക്കെ ഉപയോഗിക്കണേക്കാളുമധികം ഇവന്മാരുപയോഗിക്കണ സൈറ്റുകൾ..!"
" അതും മലയാളികള്.. ശുദ്ധ മലയാളത്തില്..! അതിലേറ്റവും ആവശ്യക്കാർ കൂടിയ ഒരിനമാണ് "നിഷിദ്ധ സംഗമങ്ങൾ"...! സ്വന്തം അച്ഛൻ, അമ്മ, ചേച്ചി.. ! നെറ്റി ചുളിച്ചീട്ട് കാര്യല്ല്യ സാറേ.. പച്ച സത്യമാ ഇത്..!"
വാക്കുകൾ കിട്ടാതെ ഡോക്ടർ ഇരുന്നു പോയ്.. എന്താ അയാളോട് പറയുക..!
" സണ്ണി ലിയോൺ എന്ന വിശുന്ധയെ കാണാൻ അന്ന് കൊച്ചീലോടിക്കൂടിയ പതിനായിരങ്ങളെ ഓർമ്മയില്ലേ സാറേ.. പുഴുവരിക്കുന്ന മനസ്സിന്റെ മേലെ നല്ല ജീൻസും ഷർട്ടും കേറ്റി.. നല്ല പെർഫ്യൂമും അടിച്ച് മാന്യരായി നടിക്കുന്ന അസ്റ്റല് മലയാളി ക്കൂട്ടം..!"
"അവനൊറ്റ മോനാ എനിക്ക്.. കയ്യും കാലും തല്ലിയൊടിച്ചീട്ട്.. പിന്നെയും ശിശുവാക്കി ഒന്നൂടെ വളർത്തി നോക്കട്ടെ സാറേ.. പിന്നെ ഇമ്മാതിരി വൈകൃതങ്ങള് പടച്ചു വിടുന്നവനെതിരെ എന്നാലാവുന്നതു ചെയ്യും..! കണ്ണുള്ളോര് കാണട്ടെ... കാതോള്ളോര് കേൾക്കട്ടെ..!"
പിന്നൊന്നും ഡോക്ടർക്ക് പറയാനുണ്ടായിരുന്നില്ല. രാത്രി വീട്ടിൽ പോകുന്നതിനു മുൻപ് അവരുടെ റൂമിലൊന്നു കയറി. അച്ഛനുമമ്മയും കൂടി ആ മകന് ചോറു വാരി കൊടുക്കുന്നു. അതെ... നന്മകളിലേക്കുള്ള പ്രതീക്ഷകൾ കൈവിടരുത്. ഒടുക്കം വരെ ശ്രമിക്കുക..
സ്നേഹത്തോടെ അഷ്റഫ്...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot