സ്കാർലറ്റ്
***************************************************
പനിയുള്ളപ്പോള്‍ നിങ്ങള്‍ ഈ നഗരത്തിലൂടെ വൈകുന്നേരം നടന്നിട്ടുണ്ടോ?പനിയുള്ളപ്പോള്‍ ആരാണ് നടക്കാനിറങ്ങുക അല്ലെ?ഇതൊരു പനിപിടിച്ച വൈകുന്നേരമാണ്.ഒരു വെളുത്ത സ്വപ്നത്തിലെക്കെന്നപോലെ ഞാന്‍ നടക്കാനിറങ്ങുന്നു.മയക്കം തിങ്ങുന്ന കണ്ണുകളില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ തിരയുന്നു.
***************************************************
പനിയുള്ളപ്പോള്‍ നിങ്ങള്‍ ഈ നഗരത്തിലൂടെ വൈകുന്നേരം നടന്നിട്ടുണ്ടോ?പനിയുള്ളപ്പോള്‍ ആരാണ് നടക്കാനിറങ്ങുക അല്ലെ?ഇതൊരു പനിപിടിച്ച വൈകുന്നേരമാണ്.ഒരു വെളുത്ത സ്വപ്നത്തിലെക്കെന്നപോലെ ഞാന്‍ നടക്കാനിറങ്ങുന്നു.മയക്കം തിങ്ങുന്ന കണ്ണുകളില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ തിരയുന്നു.
സ്കാര്‍ലറ്റിനെ .
കുറച്ചുനാള്‍ മുന്‍പ്, ഇത് പോലെ പനിപിടിച്ച ഒരു വൈകുന്നേരം ഞാന്‍ നടക്കാനിറങ്ങിയതാണ്.രാവിലെ മുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയ മയക്കത്തില്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേക്കുള്ള ചെറിയ ഇടവേളകളില്‍ മുറിയിലെ ഫാനിന്റെ ഒച്ച മാത്രം.ഇടക്ക് പുറത്തു കാക്ക കരയുന്ന ഒച്ച.അല്ലെങ്കില്‍ ഏതെങ്കിലും വണ്ടിയുടെ ഹോണ്‍.ഇടക്കൊരു സ്വപ്നത്തില്‍ വിജനമായ ഒരു വഴിയരികിലെ ഉപേക്ഷിക്കപ്പെട്ട പഴയ വീട് കണ്ടു.ആരും താമസമില്ലാത്ത കറുത്തഭിത്തികളില്‍ മാറാലകള്‍ പറ്റിപ്പിടിച്ച വലിയ വീട്.അതിലെ ഇളകുന്ന ഗോവണിപ്പടികളില്‍ കാലമര്‍ത്തി മുകളിലേക്ക് പോകാന്‍ തുടങ്ങവേ ഞെട്ടിയുണര്‍ന്നു.അപ്പോള്‍ സമയം ഉച്ചതിരിഞ്ഞു മൂന്നുമണിയായിരുന്നു.
ദേഹത്തു പനിയുടെ കുളിര്.ഒരു കപ്പ് കാപ്പിയും കുറച്ചു ബ്രെഡും കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.ടീഷര്‍ട്ടിനു മുകളില്‍ ഒരു ഷര്‍ട്ട് കൂടിയിട്ട് ഞാന്‍ പുറത്തെക്കിറങ്ങി.
ഈ നഗരം എനിക്ക് വളരെ ഇഷ്ടമാണ്.വൃത്തിയുള്ള പാതകള്‍.മേഘങ്ങളില്‍തൊടുന്ന വലിയ കെട്ടിടങ്ങള്‍.സ്ഫടിക സൗധങ്ങള്‍.നടക്കാനിറങ്ങുന്ന നിങ്ങളുടെ മുന്‍പില്‍ പൂക്കള്‍ വിടരുന്നത് പോലെ പെട്ടെന്ന് പ്രത്യക്ഷപെടുന്ന പെണ്‍കുട്ടികള്‍.സ്വപ്നം മയങ്ങുന്ന അവരുടെ കണ്ണുകള്‍.നിമിഷത്തിന്റെ കോടിയിലൊന്നില്‍ നിങ്ങളുടെ കണ്ണുകളുമായി കൂട്ടിമുട്ടുന്ന അവരുടെ നോട്ടം.ഒരിക്കലും അവരെ ഇനി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല എന്ന് ഉള്ളില്‍ തോന്നുന്നത് കൊണ്ട് നിങ്ങള്‍ ആ ഒരു ചെറുനോട്ടത്തിലൂടെ നിങ്ങളുടെ സ്നേഹം മുഴുവന്‍ അവരില്‍ ചൊരിയുന്നു.സ്നേഹനിര്‍ഭരമായ അത്തരം നോട്ടങ്ങള്‍ ,ഓടുന്ന ട്രെയിനിലോ ,ബസ്സിലോ ,അല്ലെങ്കില്‍ ശീതികരിച്ച വലിയ മാളിലെ എസ്കലേറ്ററില്‍ വച്ചോ നിങ്ങള്‍ക്ക് ലഭിക്കുന്നു.നിങ്ങള്‍ തിരികെകൊടുക്കുന്നു.ഇനിയോരിക്കലും ഒരുപക്ഷെ ഈ ജന്മം രണ്ടാമത് കാണാന്‍ സാധിക്കാത്ത സുന്ദരമായ അവരുടെ മുഖങ്ങള്‍ ഒരു മിന്നായം പോലെ നിങ്ങളുടെ മുന്‍പിലൂടെ മാഞ്ഞുപോകുന്നു.
ബോട്ട് ജെട്ടിക്കരികിലെ സ്ഥിരം ബേക്കറിയില്‍ കയറി.ഒരു കപ്പു കാപ്പി ഓര്‍ഡര്‍ ചെയ്തു.ബേക്കറിയുടെ ചില്ലുഭിത്തിക്കപ്പുറം പനിപിടിച്ചതു പോലെ മയങ്ങിനില്‍ക്കുന്ന നഗരം.കായലിന് മുകളില്‍ ഒരൊറ്റ മേഘം തൂങ്ങിനില്‍ക്കുന്നു.ഇലകള്‍ കൊഴിഞ്ഞ വാകയുടെ ശിഖരങ്ങള്‍ ആകാശത്തിന്റെ ഞരമ്പുകള്‍പോലെ തെളിഞ്ഞുനില്‍ക്കുന്നു.ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ ഇനി മുറിയിലേക്ക് തിരിച്ചുപോകാതെ അവിടെയെവിടെയെങ്കിലും ചുരുണ്ട്കൂടാമായിരുന്നു എന്നാലോചിച്ചപ്പോഴേക്കും കാപ്പിയും ബ്രെഡും എത്തി.കാപ്പിയുടെ ചൂട് നിറഞ്ഞ ആവി മുഖത്ത് കൊണ്ടപ്പോഴാണ് അവളെ കണ്ടത്.
ബേക്കറിയില്‍ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.നീലജീന്‍സും ചുവന്ന വരകള്‍ ഉള്ള ടീ ഷര്‍ട്ടുമാണ് അവള്‍ അണിഞ്ഞിരുന്നത് .കായലിലേക്ക് നോക്കിക്കൊണ്ട് അവള്‍ മുന്‍പിലിരുന്ന ജ്യൂസ് ഇടയ്ക്കിടെ കുടിച്ചു.അവള്‍ ഗാഡമായി എന്തോ ആലോചിക്കുന്നത് പോലെ എനിക്ക് തോന്നി.ജ്യൂസ് വച്ച ടേബിളിനു മുകളില്‍ ചെക്ക് ഡിസൈന്‍ ഉള്ള ചുവന്ന ടേബിള്‍ ക്ലോത്ത് ആയിരുന്നു വിരിച്ചിരുന്നത്.ഇടയ്ക്കിടെ കായലിലേക്കുള്ള നോട്ടം മാറ്റി അവള്‍ കൈയില്‍ മുഖം താങ്ങി ജ്യൂസ് ഗ്ലാസ് മുന്‍പിലെ വലിയ കളങ്ങളില്‍ ഓരോന്നിലായി വച്ചുകൊണ്ട് വീണ്ടും ആലോചിക്കുന്നു.ഞാനും എന്റെ മുന്‍പിലെ ടേബിള്‍ ക്ളോത്തു അപ്പോഴാണ് ശ്രദ്ധിച്ചത്.അവളുടെ മുന്‍പില്‍ ചുവന്ന കളങ്ങള്‍ ആണെങ്കില്‍ എന്റെ നീല കളങ്ങള്‍ ആണ്.ഏതോ ഒരു വലിയ രഹസ്യത്തിനു മുന്‍പിലാണ് ഞാന്‍ എന്ന് ഒരു മിന്നല്‍ പോലെ തോന്നി.ഈ കളങ്ങളില്‍ ആ രഹസ്യം ഒളിഞ്ഞു കിടക്കുന്നു.അവള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും ഒരുപക്ഷെ ആ രഹസ്യമായിരിക്കണം.എനിക്ക് വീണ്ടും ഉറക്കം വന്നു തുടങ്ങി.നെഞ്ചിന്റെ മധ്യഭാഗത്ത് നിന്ന് കുളിര് പൊങ്ങുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ ഷര്‍ട്ടുകള്‍ കൂട്ടിപ്പിടിച്ചു ചൂട്പിടിപ്പിക്കുവാന്‍ ശ്രമിച്ചു.കാപ്പി ഊതിയൂതി കുടിച്ചു കൊണ്ട് ഞാന്‍ അവളെ വീണ്ടും ശ്രദ്ധിച്ചു.
കണ്ണാടിഭിത്തി കടന്നു കായലില്‍നിന്നുള്ള വെള്ളിവെളിച്ചം അവളുടെ ചുവന്ന കവിളുകളെ സ്ഫടികതുല്യമാക്കുന്നു.ജ്യൂസ് ഗ്ലാസ് മെല്ലെ കറക്കിക്കൊണ്ട് അവള്‍ കരുക്കള്‍ ഇല്ലാത്ത മുന്‍പിലെ ചുവന്ന ചതുരംഗക്കളങ്ങളില്‍ നോക്കിയിരിക്കുന്നു.
അജ്ഞാതയായ ആ പെണ്‍കുട്ടിയെ നോക്കി ഞാന്‍ ഒരു കിനാവിലെന്നപോലെ അവിടെയിരുന്നു.ജ്യൂസ് മുഴുവനാക്കാതെ അവള്‍ അവിടെനിന്നിറങ്ങി പോയിട്ടും ഞാന്‍ ശൂന്യമായ അവളുടെ ടേബിള്‍ നോക്കി കുറെനേരം കൂടി അവിടെ ഇരുന്നു.ചുവന്ന കളങ്ങള്‍ അവള്‍ വീണ്ടും വരാന്‍ കാത്തിരിക്കുന്നത് പോലെ.എന്തായിരിക്കും അവളുടെ പേര്‍?എന്താവും അവള്‍ ആലോചിച്ചത് ?
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ പനിമാറി.ഞാന്‍ അവളെ പിന്നീട് കണ്ടില്ല.എങ്കിലും ഞാന്‍ അവളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.കായല്‍തീരത്തെ ആ ബേക്കറിയില്‍ കാപ്പി കുടിക്കാന്‍ ഞാന്‍ പല ദിവസങ്ങളിലും പോയി.പക്ഷെ അവള്‍ അവിടെ വന്നില്ല.
എന്താണ് എനിക്ക് അവളോട് തോന്നിയത് ? അത് പ്രണയമായിരുന്നോ?
ദീര്‍ഘകാലമായി ഉള്ളില്‍ മറന്നുകിടന്ന ഒരു ഗാനം ഓര്‍മ്മവരുന്നത് പോലെ.
അനന്തമായ ഒരു പച്ചപ്പുല്‍മേടിന്റെ നടുവില്‍ ഒറ്റക്ക് ആരെയോ കാത്തുനില്‍ക്കുന്നതു പോലെ.
നിങ്ങള്‍ക്കറിയുമോ ഞാന്‍ ഈ നഗരത്തിലെ ഒരു അഭയാര്‍ത്ഥിയാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു മഹാനഗരത്തില്‍ വച്ച് പരാജയപ്പെട്ട പ്രണയത്തില്‍ നിന്നു ഓടിരക്ഷപെട്ടു വന്ന കാമുകന്‍.ഓരോ പനിക്കാലത്തും ആ പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ശക്തമാകുന്നു.
എന്തായിരുന്നു ആ പ്രണയം എന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നു.
അത് മങ്ങിയ ചായക്കൂട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച പഴയ പെയിന്റിങ്ങുകള്‍ പോലെയാണ്.
പ്രണയത്തിന്റെ രണ്ടു നിശ്ചലചിത്രങ്ങള്‍.
നിലാവ് വഴിഞ്ഞൊഴുകുന്ന ഒരു രാത്രിയില്‍ ഒരു ഒറ്റക്കൊമ്പില്‍ അടുത്തടുത്തുരിക്കുന്ന രണ്ടു കിളികളുടെ ചിത്രമാണ് അതിലൊന്ന്.അടുത്ത ചിത്രത്തില്‍ ഒരു കിളിമാത്രം.യാതൊരു കാരണവുമില്ലാതെ ,ഊഹിക്കാന്‍ പോലും സമയം കൊടുക്കാതെ ആ പെണ്കിളി പറന്നു പോയി.
ആ വൃക്ഷത്തില്‍ നിന്നും പറന്നു ഈ നഗരത്തില്‍ ചേക്കേറിയ ആണ്‍കിളിയാണ് ഞാന്‍.
എങ്കിലും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊഴിഞ്ഞുവീണ പക്ഷിത്തുവലുകള്‍ പോലെ ഓര്‍മ്മയുടെ കാടുകളില്‍ കിടക്കുന്നു.
രണ്ടുമാസം കഴിഞ്ഞപ്പോള്‍ അതേ പെണ്‍കുട്ടി നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ടു.അതൊരു വൈകുന്നേരമായിരുന്നു.ജീന്‍സും വെളുപ്പില്‍ ചുവന്ന ചെറുപൂക്കള്‍ വിതറിയ ഒരു ടോപ്പുമായിരുന്നു അവള്‍ ധരിച്ചിരുന്നത്.നീല നിറമുള്ള സ്കാര്‍ഫ് കഴുത്തില്‍ ചുറ്റിയിരുന്നു.കാറ്റില്‍ സില്‍ക്ക് പോലെയുള്ള അവളുടെ മുടി പാറിക്കളിച്ചു.അവള്‍ അപ്പോഴും ഗാഡമായ ആലോചനയിലായിരുന്നു.
ആ കാഴ്ച ഞാന്‍ അന്ന് രാത്രി വീണ്ടും സ്വപ്നം കണ്ടു.നിലാവില്‍ ,വെളുത്ത മരുഭൂമി പോലെ കിടക്കുന്ന കടല്‍ത്തീരം.അവിടെ ചുവന്ന കളങ്ങള്‍ ഉള്ള സ്കാര്‍ഫ് കഴുത്തില്‍ ചുറ്റി അവള്‍ എന്നെ കാത്തുനില്‍ക്കുന്നു.ഞാന്‍ ബസ്സില്‍ നിന്നിറങ്ങി അവളുടെ അരികിലേക്ക് എത്താന്‍ തുടങ്ങുമ്പോള്‍ അവള്‍ മറയുന്നു.ആഞ്ഞടിക്കുന്ന തിരകളുടെ മുന്‍പില്‍ ഞാന്‍ തനിചാകുന്നു.
പിന്നെ നഗരത്തില്‍ നടക്കുമ്പോഴെല്ലാം ഞാന്‍ അവളെ തിരയാന്‍ തുടങ്ങി.അനന്തമായ കടല്‍തീരത്ത് ,അപൂര്‍വമായ ഒരു വെളുത്ത ശംഖ് തിരയുന്ന ബാലനെ പോലെ.പക്ഷെ ഏറെ നാളത്തെക്ക് ഞാന്‍ അവളെ പിന്നെ കണ്ടില്ല.
ആറുമാസത്തിനു ശേഷം അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.അതും ഒരു ഉച്ച നേരമായിരുന്നു.നഗരപ്രാന്തത്തിലെ സെക്കണ്ട് ഹാന്‍ഡ് ബുക്കുകള്‍ വില്‍ക്കുന്ന തെരുവിലായിരുന്നു ഞാന്‍.പഴയ പുസ്തകങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതില്‍ നിന്ന് ഞാന്‍ ആല്‍ബര്‍ട്ട് കമ്യൂവിന്റെ “ദ ഔട്ട് സൈഡര്‍’ തിരയുകയായിരുന്നു.ആരും വായിക്കാനില്ലാതെ ഉപേക്ഷിക്കപെട്ട ആ പുസ്തകം പുസ്തകക്കൂനയില്‍ നിന്ന് ഒരു കുഞ്ഞിനെ രക്ഷിക്കുന്നത് പോലെ സന്തോഷത്തോടെ ഉയര്‍ത്തിയെടുക്കുമ്പോഴാണ് ഞാന്‍ അവള്‍ നില്‍ക്കുന്നത് കണ്ടത്.
അപ്പോള്‍ എല്ലായിടത്തും മഞ്ഞനിറമായിരുന്നു.വെയിലിന്റെ മഞ്ഞ.കാലപ്പഴക്കം പൂണ്ട പഴയ പുസ്തകത്താളുകളുടെ വിളറിയ മഞ്ഞ.ഗ്രീഷ്മത്തിന്റെ തുടക്കമായതിനാല്‍ പുസ്തകത്തെരുവിന്റെ അരികില്‍ നില്‍ക്കുന്ന ബദാംമരങ്ങള്‍ പൊഴിച്ചിട്ട ഇലകളുടെ മഞ്ഞ.ആ നിറം മുന്‍കൂട്ടി കണ്ടത് പോലെ അവള്‍ മഞ്ഞ നിറമുള്ള ഷര്‍ട്ടും ഇരുണ്ട കറുപ്പ് നിറമുള്ള ജീന്‍സുമായിരുന്നു ധരിച്ചിരുന്നത്.നീലനിറമുള്ള ഹെഡ്ബാന്‍ഡില്‍ അവള്‍ മുടിയൊതുക്കിയിരുന്നു.അവളെ നോക്കി ഒന്ന് ചിരിക്കണമെന്നും എന്തെങ്കിലും മിണ്ടണം എന്നും ആഗ്രഹം ഉണ്ടായിരുന്നെകിലും ആ നിമിഷം ഞാന്‍ ഒരു പ്രതിമ പോലെയായി.അവള്‍ പുസ്തകവുമായി എന്റെ അരികിലൂടെ കടന്നു പോയി.അപ്പോള്‍ അവളുടെ ഗന്ധം എന്നെ തഴുകി .കായാമ്പൂ ഗന്ധമുള്ള ബാല്യത്തിലെ ചില സന്ധ്യകള്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു.
എന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്നു പറഞ്ഞാല്‍ മതിയല്ലോ.അത്ര അടുത്ത് വന്നിട്ടും അവളോട് മിണ്ടാന്‍ സാധിക്കാതിരുന്നതില്‍ എനിക്ക് കഠിനമായ നിരാശ തോന്നി.പക്ഷെ അവളെ വീണ്ടും കാണും എന്ന് മനസ്സില്‍ ആരോ പറഞ്ഞു.
അത് സത്യവുമായി.
ആ ട്രെയിന്‍യാത്രക്ക് ഒരുങ്ങുമ്പോള്‍ത്തന്നെ ഞാന്‍ ക്ഷീണിതനായിരുന്നു.മറ്റൊരു പനിയുടെ തുടക്കം.എങ്കിലും ഒഴിവാക്കാന്‍ ആവാത്ത ഒരു യാത്രയായിരുന്നു അത്.
ട്രെയിനിലെ എ.സി കമ്പാര്‍ട്ട്മെന്റില്‍ ഞാന്‍ തനിച്ചായിരുന്നു.ഒരു ക്രോസിന്‍ കഴിച്ചതിനു ശേഷം ഞാന്‍ കിടന്നു.വെളുത്ത ബെഡ് ഷീറ്റും കമ്പിളിയുമെല്ലാം ദേഹത്ത് വാരിപ്പുതച്ചു ഞാന്‍ എന്റെ ബര്‍ത്തില്‍ ചുരുണ്ടു.അപ്പോള്‍ എന്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നു.ഒരു വെളുത്ത കടലാസ് പോലെ.എങ്ങോ മറന്നുവച്ച നിധി കണ്ടെത്താന്‍ വനത്തിലൂടെ ഓടുന്ന രാക്ഷസനെപ്പോലെ ട്രെയിന്‍ ഈ രാത്രിവനത്തിലൂടെ ശബ്ദമുണ്ടാക്കി പായുന്നു.
ട്രെയിനിലെ എ.സി കമ്പാര്‍ട്ട്മെന്റില്‍ ഞാന്‍ തനിച്ചായിരുന്നു.ഒരു ക്രോസിന്‍ കഴിച്ചതിനു ശേഷം ഞാന്‍ കിടന്നു.വെളുത്ത ബെഡ് ഷീറ്റും കമ്പിളിയുമെല്ലാം ദേഹത്ത് വാരിപ്പുതച്ചു ഞാന്‍ എന്റെ ബര്‍ത്തില്‍ ചുരുണ്ടു.അപ്പോള്‍ എന്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നു.ഒരു വെളുത്ത കടലാസ് പോലെ.എങ്ങോ മറന്നുവച്ച നിധി കണ്ടെത്താന്‍ വനത്തിലൂടെ ഓടുന്ന രാക്ഷസനെപ്പോലെ ട്രെയിന്‍ ഈ രാത്രിവനത്തിലൂടെ ശബ്ദമുണ്ടാക്കി പായുന്നു.
ആരോ കരയുന്ന ശബ്ദം കേട്ട് ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി എതിരെയുള്ള ബര്‍ത്തില്‍ ഇരിക്കുന്നത് കണ്ടു.അത് അവളായിരുന്നു.
അവള്‍ കരയുകയായിരുന്നു.എങ്കിലും ട്രെയിനിനിന്റെ കുടുകുടു ശബ്ദത്തിനിടയില്‍ എനിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റിരുന്നു.അവള്‍ കണ്ണ് തുടച്ചു പുറത്തേക്കു നോക്കിയിരിക്കുകയാണ്.പക്ഷെ അവളുടെ ദേഹം കിലുകിലെ വിറയ്ക്കുന്നത് ഞാന്‍ കണ്ടു.
ഒരു പക്ഷെ ഇതൊരു സ്വപ്നമാവാം.പനിപിടിച്ച ഉറക്കത്തിനിടയില്‍ ഞാന്‍ ഇത്തരം സ്വപ്നങ്ങള്‍ കാണാറുണ്ട്.
എങ്കിലും ഒരു ധൈര്യത്തില്‍ ഞാന്‍ അവളുടെഅരികില്‍ ചെന്നിരുന്നു.പിന്നെ കവിളില്‍ തൊട്ടു.തീ പൊള്ളുന്നത് പോലെ ചൂട് ഞാന്‍ അറിഞ്ഞു.അവള്‍ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.
“നല്ല പനിയുണ്ടല്ലോ ?” എന്ത് പറ്റി?എന്തിനാണ് കരയുന്നത് ?” ഞാന്‍ ചോദിച്ചു.
അവളെ രണ്ടുമൂന്നു പ്രാവശ്യം നഗരത്തില്‍വച്ച് കണ്ടെന്നും അവളോട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നുമായിരുന്നു ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്നത്.പക്ഷെ ആ സമയം ഞാന്‍ അത് പറഞ്ഞില്ല.
അവള്‍ വീണ്ടും തേങ്ങി.പിന്നെ പെട്ടെന്ന് എന്റെ മടിയിലേക്ക് തലകറങ്ങി വീണു.
ഞാന്‍ അവളെ താങ്ങി എഴുന്നേല്‍പ്പിച്ചു പൈപ്പിന് അരികിലേക്ക് കൊണ്ട് പോയി അവളുടെ മുഖം കഴുകി.കമ്പിളി പുതപ്പും ബെഡ് ഷീറ്റുകളുംകൊണ്ട് അവളെ പുതപ്പിച്ചു.ബാഗില്‍ കരുതിയ തെര്‍മോസ് ഫ്ലാസ്കില്‍ നിന്ന് ഒരു കപ്പു കാപ്പി ഞാന്‍ അവളെ കുടിപ്പിച്ചു.പിന്നെ അവളുടെ പേര് ചോദിച്ചു.
“എന്റെ പേര് സ്കാര്‍ലറ്റ് എന്നാണ്..”അത് കുടിക്കെ അവള്‍ പെട്ടെന്ന് പറഞ്ഞു.
കുന്നിന്റെ മുകളിലെ വെളുത്ത നിറമുള്ള പഴയ പള്ളിയിലെ വിശുദ്ധമായ നാദം പോലെയായിരുന്നു അവളുടെ സ്വരം.പവിത്രമായ ഏതോ ഓര്‍മ്മ ഉള്ളില്‍ നിന്ന് പൊന്തിവരാന്‍ തുടങ്ങുന്നത് പോലെ.ഓര്‍മ്മയുടെ അലമാരകളുടെ മിനുസമായ കൈ പ്പിടിയില്‍ ആരാണ് തലോടുന്നത് ?ഈ പേര്..ഈ പേര് ആരാണ് എന്നോട് ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ളത് ?നാട്ടിന്‍പുറത്തെ വിജനമായ പാതയോരത്തെ ,മാതാവിന്റെ പള്ളിയുടെ അരികിലെ ,ചുവന്ന കടലാസ് റോസകളുടെ ഇടയില്‍ വച്ചായിരുന്നോ ഞാന്‍ അത് കേട്ടത് ?അതോ ,കോണ്‍വെന്റ് മതിലിനരികിലെ മഴ നനഞ്ഞു നില്‍ക്കുന്ന മൊസാണ്ട ചെടികള്‍ക്കിടയില്‍ വച്ചോ ?
"നീ വെറും ലവര്‍..ബട്ട് സ്കാര്‍ലറ്റ് ...ഷീ ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്.."
"സ്കാര്‍ലറ്റ് ?"
"ലവ് ലി നെയിം അല്ലെ ?.നിങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലല്ലോ..ഒരുദിവസം ഞാന്‍ കൂട്ടിക്കൊണ്ട് വരാം."
ഇല്ല ഓര്‍മ്മകള്‍ തെറ്റുകളാണ്.അവ ഒരിക്കലും ശരിയാകണം എന്നുമില്ല.ആ ഓര്‍മ്മ ഒരു പക്ഷെ ഏതെങ്കിലും സിനിമയിലെ സംഭാഷണത്തിലെയാവാം.അതുമല്ലെങ്കില്‍ വായിച്ച ഏതെങ്കിലും നോവലിലെ ഹൃദയഹാരിയായ ഒരു രംഗമാവാം.മനസെന്ന മാന്ത്രികന്‍ അത്തരം പല കാര്‍ഡുകളും കശക്കും.പ്രണയമെന്ന കണ്‍കെട്ടില്‍ വീണ നിങ്ങള്‍ക്ക് അവ തോന്നലുകളായി മാറും.തെറ്റായ തോന്നലുകള്‍ പിന്നെ ഓര്‍മ്മകളാവും.
ശരി എന്നുള്ളത് ഈ നിമിഷമാണ്.ഈ നിമിഷം മാത്രം.ഈ നിമിഷം എന്റെ മുന്‍പില്‍ ഉള്ളത് സ്കാര്‍ലറ്റ് മാത്രം.ഏതോ ഒരു സ്കാര്‍ലറ്റ്.
എന്റെ കയ്യില്‍ ഉണ്ടായിരുന്ന ക്രോസിന്‍ ഗുളികകളില്‍ ഒരെണ്ണം ഞാന്‍ അവള്‍ക്ക് കഴിക്കാന്‍ കൊടുത്തു.അവളുടെ പനി കൂടുകയാണ്.അവളിപ്പോള്‍ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറയാന്‍ തുടങ്ങുന്നതു പോലെ.ഞാന്‍ അവളെ ഉറക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ വീണ്ടും വീണ്ടും അത് പറയാന്‍ തുടങ്ങുകയാണ്.ഒടുവില്‍ ഞാന്‍ എന്റെ ശ്രമം പിന്‍വലിച്ചു അവളുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
“ജന്മങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ മൂവരും പക്ഷികളായിരുന്നു.”
“നമ്മള്‍ മൂവരോ ?”
“അതെ.അനേകം ശാഖകളുള്ള മരങ്ങളും ,അനേകം നിറങ്ങളുള്ള ഇലകളും പൂക്കളുമുള്ള ഒരു വനമായിരുന്നു അന്ന് ഈ ഭൂമി നിറയെ.മണ്ണ് മുഴുവന്‍ വലിയ വൃക്ഷങ്ങളുടെ പച്ച നിറമുള്ള വേരുകള്‍ പടര്‍ന്നുപിടിച്ചു കിടന്നു.നമ്മള്‍ക്ക് മുന്‍പ് ,യുഗങ്ങള്‍ക്കപ്പുറം വിധിയുടെ പ്രളയത്തില്‍ നശിച്ചു പോയ ഭൂമിയിലെ ജന്മങ്ങളുടെ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ആ തടിച്ച പച്ച വേരുകള്‍ തണുത്തുകിടന്നു.ഭൂമിയിലെ ആ ഒറ്റവനത്തില്‍ കിളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ."
“എന്നിട്ടോ ?”
"ഭൂമിയിലെ ആ ഏകവനത്തില്‍ സംഗീതം നിറഞ്ഞുനിന്നു.മഞ്ഞുമൂടിയ ആകാശത്തിനു കീഴില്‍ അനേകം നിറങ്ങള്‍ ഉള്ള പട്ടുതൂവാല പോലെ ഭൂമി ഉറങ്ങിക്കിടന്നു."
“കൊള്ളാം.പക്ഷെ ആരാ ഈ മൂവര്‍ ?”
അവള്‍ എന്റെ ചോദ്യം കേട്ടില്ലയെന്നു തോന്നി.അവള്‍ തുടരുകയാണ്.ഇപ്പോള്‍ ട്രെയിനിന്റെ ശബ്ദം കുറഞ്ഞിരിക്കുന്നു.അവള്‍ പറയുന്ന കഥ ഒളിഞ്ഞു കേള്‍ക്കാന്‍ എന്നത് പോലെ അതിപ്പോള്‍ മെല്ലെയാണ് പോകുന്നത്.
“അനേകം മെലിഞ്ഞ കൊമ്പുകള്‍ ഉള്ള വലിയ വൃക്ഷങ്ങളില്‍ ,നേര്‍ത്ത മൃദുവായ നാരുകള്‍ കൊണ്ട് പക്ഷികള്‍ കൂട് കെട്ടി.നമ്മള്‍ക്ക് മുന്‍പ്,യുഗങ്ങള്‍ക്ക് മുന്‍പ് മറഞ്ഞുപോയ മനുഷ്യരുടെ പ്രണയദു:ഖങ്ങളുടെ അവശേഷിപ്പുകളായിരുന്നു ഈ നാരുകള്‍.മെത്തപോലെ മൃദുവായ ഇലകളുടെ ഇടകളില്‍ ദു:ഖങ്ങളുടെ മഞ്ഞനാരുകള്‍ ഒളിച്ചുകിടന്നിരുന്നു.പക്ഷെ അവക്ക് നല്ല ബലമുണ്ടായിരുന്നു.അവ കൊണ്ട് കെട്ടിയ കൂടുകളുടെ ഉള്ളില്‍ ഇരുന്നു കിളികള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രണയത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് പറഞ്ഞുകൊടുത്തു..പൂര്‍വികരുടെ പ്രണയത്തിന്റെ വിരഹവേദനയുടെ കറുത്ത മലകള്‍ അതിരിടുന്ന കാട്ടില്‍ ഞങ്ങള്‍ പറന്നുനടന്നു.അവിടെ പ്രണയം നിഷിദ്ധമായിരുന്നു.
ഞങ്ങള്‍ രണ്ടു പെണ്‍കിളികള്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു.പക്ഷേ മലകള്‍ക്കപ്പുറത്ത് നിന്ന് ഒരു ആണ്‍കിളി പറന്നുവന്നു.അവനു ആര്‍ക്കും ഇഷ്ടമാവുന്ന വെളുത്തതൂവലുകള്‍ ഉണ്ടായിരുന്നു.ആരെയും മയക്കുന്ന പുതിയ ഗാനങ്ങള്‍ അവന്റെ ചുണ്ടില്‍ സദാ തത്തിക്കളിച്ചു.അവന്റെ ചെറുഹൃദയം അവളോടുള്ള അപകടകരമായ പ്രണയച്ചൂടില്‍ മിടിച്ചു.
“മലകള്‍ക്കപ്പുറത്ത് എന്റെ കാട്ടിലേക്ക് വരൂ .” അവന്‍ അവളെ വിളിച്ചു.
“അവിടെ തേന്‍ ഒഴുകുന്ന പുഴയുണ്ട്.നിലാവ് പതയുന്ന രാത്രികളുണ്ട്.നീല നക്ഷത്രങ്ങള്‍ വാരിവിതറിയ ആകാശത്തിനു കീഴില്‍ എന്നും നമ്മുക്ക് കൊക്കുകള്‍ ഉരുമ്മി തൂവലുകള്‍ ചേര്‍ത്തു ചന്ദ്രികയെ നോക്കിയിരിക്കാം.ഓരോ രാത്രിയും ഓരോ പുതിയ പ്രണയഗീതങ്ങള്‍ ആലപിക്കാം.”
“എന്നിട്ട് അവള്‍ പോയോ ?”ഞാന്‍ ചോദിച്ചു.
“ഇല്ല .അവള്‍ കളിക്കൂട്ടുകാരിയായ എന്നോട് ചോദിച്ചു.ഞാന്‍ അവളോട് പറഞ്ഞു.അവന്റെ കൂടെ പോയാല്‍ സര്‍പ്പങ്ങള്‍ നിന്നെ വിഴുങ്ങും.തീ തുപ്പുന്ന വ്യാളികള്‍ നിന്റെ തൂവലിനായി നാക്ക് നീട്ടും.ചതിയുടെ കറുത്തമരങ്ങള്‍ വളരുന്ന കൊടുംകാട്ടില്‍ പോകരുതേ..."
അവന്‍ ഏറെ കെഞ്ചിയെങ്കിലും അവള്‍ പോയില്ല.ഒടുവില്‍ അവന്‍ തിരികെ പറന്നു.അവന്റെ ദു:ഖഗാനം വിരഹ പര്‍വതങ്ങള്‍ക്കപ്പുറത്തു നിന്ന് കേള്‍ക്കാമായിരുന്നു.ദു:ഖം സഹിക്കാനാവാതെ എന്റെ കൂട്ടുകാരി സ്വന്തം ഹൃദയം കൊത്തിപ്പറിച്ചു.അവളുടെ ചുടുനിണം മണ്ണിലെ പച്ചവേരുകളില്‍ വീണപ്പോള്‍ വസന്തം എന്നെന്നെക്കുമായി പറന്നകന്നു.ഇലകള്‍ കൊഴിഞ്ഞു ജീവന്‍ നഷ്ടപ്പെട്ട ആത്മാക്കളുടെ ഞരമ്പുകള്‍ പോലെ ആകാശത്തേക്ക് നോക്കിനിന്നു.അങ്ങിനെയാണ് വീണ്ടും പ്രളയം വന്നത്.എല്ലാം ..എല്ലാം മറഞ്ഞത്...
“മതി ...കഥ പറഞ്ഞത്.”ഞാന്‍ അവളെ പുതപ്പു കൊണ്ട് മൂടി.എന്നിട്ട് പറഞ്ഞു.
“സ്കാര്‍ലറ്റ് ,ഞാന്‍ നിന്നെ ഈ നഗരത്തില്‍ വച്ച് ഇതിനു മുന്‍പ് രണ്ടു മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട്.”ഞാന്‍ പറഞ്ഞു.
പെട്ടെന്ന് അവള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു.അവളുടെ കൈ മരിച്ചവരുടെപോലെ തണുത്തിരുന്നു.അവളുടെ പല്ലുകള്‍ തണുപ്പില്‍ കൂട്ടികടിക്കുന്നു.പിന്നെ അവള്‍ പറഞ്ഞു.
“എനിക്കറിയാം ..ആ ബേക്കറിയില്‍ വച്ച് ,ബുക്ക്സ്റ്റാളില്‍ വച്ച്..പക്ഷെ ഞാന്‍ നിങ്ങളുടെ പിന്നാലെയായിരുന്നു.നിങ്ങളോട് മാപ്പ് പറയാന്‍...വിരഹത്തിന്റെ കറുത്ത മലകള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ക്ക് തനിച്ചു പറക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കാന്‍...പക്ഷേ നിങ്ങളെ അഭിമുഖികരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..”
ഞാന്‍ മിണ്ടാതെ തണുത്തിരുന്നു.ഈ കറുത്ത രാത്രിയില്‍ ഉണങ്ങിയ ശാഖകള്‍ മാത്രമുള്ള ഈ വൃക്ഷത്തിലെ ഒറ്റക്കൊമ്പില്‍ തനിച്ചാക്കപ്പെട്ട കിളിയാണ് ഞാന്‍.
അവള്‍ ഉറങ്ങി തുടങ്ങിയിരുന്നു.
പനി പിടിച്ചു ക്ഷീണിതനായിരുന്നുതു കൊണ്ട് ഞാനും എന്റെ ബര്‍ത്തില്‍ കിടന്നു.കിടന്നയുടനെ ഞാന്‍ മയങ്ങി.ഉണര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു.ട്രെയിന്‍ നഗരത്തിലെ സ്റ്റേഷനില്‍ എത്തിചേര്‍ന്നിരിക്കുന്നു.
സ്കാര്‍ലറ്റ് അവളുടെ ബെര്‍ത്തില്‍ ഉണ്ടായിരുന്നില്ല.ഞാന്‍ അവളെ എല്ലായിടത്തും തിരഞ്ഞു.കണ്ടില്ല.
അതിനടുത്ത ദിവസങ്ങളില്‍ ഞാന്‍ നഗരം മുഴുവന്‍ അവളെ വീണ്ടും തിരഞ്ഞു.ആ ബുക്ക് സ്റ്റാളില്‍ ,കഫെയില്‍...ഇല്ല അവള്‍ എങ്ങോ മറഞ്ഞിരിക്കുന്നു.
എന്തായിരുന്നു അവള്‍ പറഞ്ഞ കഥയുടെ അര്‍ത്ഥം?
അറിയണമെങ്കില്‍ അവളെ വീണ്ടും കാണണം.ഇനി താന്‍ അവളെ കാണുമോ?അറിയില്ല.പക്ഷെ അന്വേഷിക്കണം.
അവളെ ആദ്യം കണ്ട ദിവസം പോലെ ഇതൊരു പനി പിടിച്ച,നരച്ച വൈകുന്നേരമാണ്.
അത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ നടക്കാനിറങ്ങുന്നത്.ഈ പനി പിടിച്ച വൈകുന്നേരത്തില്‍ ,ഒരു വെളുത്ത സ്വപ്നത്തിലെക്കെന്ന വണ്ണം ഞാന്‍ നടക്കാനിറങ്ങുന്നു.മയക്കം പിടിച്ച കണ്ണുകളില്‍ ഞാന്‍ അവളെ തിരയുന്നു.
സ്കാര്‍ലറ്റിനെ.
(അവസാനിച്ചു)
Anishji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക