Showing posts with label ShefeekPerumbavoor. Show all posts
Showing posts with label ShefeekPerumbavoor. Show all posts

സക്കറിയ പോത്തന്റെ കുഴിമാടം


അതെ സക്കറിയ പോത്തൻ മരിച്ചിട്ടില്ലാ.
അപ്പോൾ റെയിൽവെ പാളത്തിൽ രണ്ടാക്കപ്പെട്ട് വികൃതമായ ജഡം?

മേരി സക്കറിയ അനാഥമായി പോകേണ്ട ആ ജഡത്തിനെ സക്കറിയയുടെ പേര് വിളിച്ച് നിലവിളിച്ചപ്പോൾ ആ ജഡം സക്കറിയയുടേതായി.നാട്ടുകാർക്കും വീട്ടുകാർക്കും സക്കറിയ മരണപ്പെട്ടവനായി.പിന്നെ ആരു പറഞ്ഞു സക്കറിയ മരിച്ചിട്ടില്ലെന്ന്?പറഞ്ഞത് മറ്റാരുമല്ലാ ഇലഞ്ഞിപള്ളിയിലെ കപ്യാര് യാക്കോബേട്ടൻ.അതെങ്ങനെ? എപ്പോ ?

സക്കറിയായെ അടക്കം
ചെയ്തിരിക്കുന്നത് അയാളുടെ ഇടവകയായ ഈ ഇലഞ്ഞിപ്പള്ളിയിലാണല്ലോ!
ഒരു ബുധനാഴ്ച്ച രാത്രി വികാരിയച്ചന്റെ പള്ളിയറയിൽ നിന്നും ഏതോ സായിപ്പു കൊടുത്തതും അച്ഛൻ ആർക്കോ
കൊടുക്കാൻ വെച്ചതുമായ മുന്തിയ ഇനം മദ്യം പകുതി കട്ടുകുടിച്ച് വെള്ളം ചേർത്ത് വെച്ചിട്ട് തിരികെ ഒരു ഭക്തി ഗാനവും മൂളി പോരുമ്പോൾ ശ്മശാനത്തിൽ ആരോ ഇരിക്കുന്നതു പോലൊരു തോന്നൽ.
നിലാവെട്ടത്തിന്റെ പതറിയ വെട്ടത്തിൽ പൊക്കം കുറഞ്ഞ തെങ്ങിന്റെ ഓലയുടെ നിഴൽ ഭീമകാരമായ ഒരു മീനിന്റെ മാംസം നഷ്ടപ്പെട്ട മുള്ളുപോലെ നിലത്ത് വീണു കിടക്കുന്നു.കാറ്റിൽ അത് പിടയ്ക്കുന്നതു പോലെ..

ചെറുതായി പൊടിയുന്ന മഴയിൽ തല നനയാതിരിക്കാൻ യാക്കോബേട്ടൻ തോർത്ത് തലയിൽ ചുറ്റിക്കെട്ടി.
ആ ഭാഗത്തേക്ക് കൈയിലിരുന്ന ടോർച്ച് തെളിച്ചു നോക്കി.അത് കത്തുന്നില്ല.. ടോർച്ചിന്റെ തലക്ക് രണ്ടിടി കൊടുത്തു നോക്കി.ഇല്ലാ ടോർച്ച് ഇന്നലെയെപ്പോഴോ അന്ത്യശ്വാസം വലിച്ചിരിക്കുന്നു..

പെട്ടെന്ന് ഒരു ഇടി വെട്ടി.ആ വെട്ടത്തിൽ യാക്കോബേട്ടൻ തീർച്ചപ്പെടുത്തി.ആരോ ഒരാൾ അവിടെ ഇരിപ്പുണ്ട്.ധൈര്യം ചോർന്നു പോയതു കൊണ്ട് കൈയ്യിൽ കൂടുതലുള്ള ഭയത്തെ മുറുക്കെ പിടിച്ച് അവിടേക്ക് നടന്നു.മൂന്നു മാസം മുമ്പ് അടക്കം ചെയ്ത സക്കറിയയുടെ കല്ലറക്കരികിൽ ഒരാളിരിക്കുന്നത് യാക്കോബേട്ടൻ കണ്ടു.
ഈ അസമയത് ആരാണ് കല്ലറയുടെ മുന്നിലിരിക്കുന്നത്.പതിവില്ലാതെ നല്ല കാറ്റും വീശുന്നുണ്ട്.ശ്മശാനം ചുറ്റി വന്നൊരു കാറ്റ് യാക്കോബിന്റെ തലയിൽ കെട്ടിയ തോർത്തിനു വേണ്ടി പിടിവലികൂടി.
തോർത്തിനെ കാറ്റു കൊണ്ടു പോകാതിരിക്കാൻ അയാൾ തലയിൽ കൈ ബലമായി അമർത്തിപിടിച്ചു.തിരിച്ച് നടക്കാൻ ഹൃദയത്തിനകത്തിരിക്കുന്ന യാക്കോബേട്ടന്റെ അപരൻ അയാളോട് പറഞ്ഞു..

ഹൃദയത്തിലൊരപരനോ?

എന്താ സംശയമുണ്ടോ?ഉണ്ട് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ അവരവരുടെ അപരൻമാരുണ്ട്.ചിലപ്പോൾ ചില പ്രവൃത്തികൾ അവര് നമ്മേകൊണ്ട് ചെയ്യിക്കാറുണ്ട്..ആരേങ്കിലും വെള്ളമടിക്കാൻ വന്നതായിരിക്കുമെന്ന് യാക്കോബേട്ടൻ അപരന് തിരുത്തി കൊടുത്തതിനു ശേഷം ചോദിച്ചു..

"ആരാ.... എന്താ ഇവിടെ..?

അയാൾ മിണ്ടുന്നില്ലാ.
യാക്കോബേട്ടന്റെ അപരൻ യാക്കോബേട്ടനോട്.

"അതൊരു പ്രേതമാണ് യാക്കോബേ.മടങ്ങി പോകൂ"

അപരന് മറുപടി കൊടുക്കാതെ അയാൾ വീണ്ടും ചോദിച്ചൂ...

"ആരാണെന്നാ ചോദിച്ചത്?എന്തിനാ ഇവിടിരിക്കുന്നത്.?? "

കാറ്റ് ശക്തിയോടെ വീശിയടിച്ചു.കാറ്റിൽ കരിയിലകളും കൂട്ടുവന്നു.അയാളുടെ തലയിലെ തോർത്തിനെ ഇത്തവണ കാറ്റുകൊണ്ടുപോയി.നിലത്തിട്ട് കാറ്റ് ആക്രമിക്കുന്ന തോർത്തെടുത്തു യാക്കോബ് തലയിൽ ചുറ്റി.വീണ്ടും കല്ലറയിൽ ഇരിക്കുന്ന അവ്യക്തമായ രൂപത്തിലേക്ക് ഒരു വിറയലോടെ യാക്കോബ് നോക്കി.
തൊണ്ടകുഴിയിൽ പുറത്തേക്കു വരാതെ ഒച്ച ഒളിച്ചിരിക്കുന്നു.എങ്കിലും ആയാസപ്പെട്ട് അയാൾ വീണ്ടും ചോദിച്ചു..

"ആരാ ആരാന്ന്.....? "

ഉത്തരം ചെറിയൊരു പതർച്ചയോടെ കിട്ടി..

"ഞാനാ യാക്കോബേട്ടാ സക്കറിയ.... "

വീണ്ടും മിന്നലോടുകൂടി ഇടിവെട്ടി.മിന്നൽ പ്രകാശത്തിൽ അയാൾ ആ മുഖം തിരിച്ചറിഞ്ഞു.മൂന്നു മാസം മുൻപ് അടക്കം ചെയ്ത സക്കറിയ പ്രേതമായ് മുന്നിൽ.
ഒരു നിലവിളിയോടെ യാക്കോബേട്ടൻ കുഴഞ്ഞു വീണു..

നിലത്തേക്ക് വീണ മരിച്ചെന്നു കരുതിയ ടോർച്ച് പുനർജനിച്ചതു പോലെ തെളിഞ്ഞു. പ്രകാശം പരത്തി നിലത്തുവീണു കിടക്കുന്നു..
യാക്കോബേട്ടന്റെ അപരൻ ആ പഞ്ചായത്തിന്നു തന്നെ ഓടി രക്ഷപ്പെട്ടിരിക്കുന്നു.പിറ്റേന്ന് പുലർകാല മണിയടിക്കാൻ യാക്കോബേട്ടൻ പള്ളിയിലെത്തിയില്ല.നല്ല പനി,
കരിമ്പടത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുകയാണ്.

"ദീനമാണെങ്കിൽ ആ പഞ്ചായത്ത് ആശുപത്രിയിലോട്ട് ചെല്ല് മനുഷ്യ.. "

യാക്കോബേട്ടന്റെ ഭാര്യ ത്രേസ്യ കനത്തിൽ പറഞ്ഞു കൊണ്ട് കൈയ്യിലിരുന്ന ചുക്കിട്ട കടുപ്പം കൂട്ടിയെടുത്ത കാപ്പി തലയൊടിഞ്ഞു കരഞ്ഞു കറങ്ങുന്ന ടേബിൾ ഫാനിനരികിൽ വെച്ചു..

പുതപ്പ് മാറ്റി അയാൾ തന്നെ നോക്കുന്ന ചുക്കുകാപ്പിക്കൊരു നെടുവീർപ്പെറിഞ്ഞു കൊടുത്തു കൊണ്ട് എഴുന്നേറ്റു.
കാപ്പിയുടെ ജീവനെ മൊത്തി കുടിച്ചൊന്ന് ചുമച്ചതിനു ശേഷം ആയാൾ വിറയ്ക്കുന്ന ശബ്ദത്തോടെ ത്രേസ്യയോട് പറഞ്ഞു.

" ഞാൻ ഇന്നലെ സക്കറിയയുടെ പ്രേതത്തെ കണ്ടെടീ."

"ഒന്നു പോ മനുഷ്യ..."

അവളതും പറഞ്ഞ് ചവുട്ടി കുലുക്കി പോകുമ്പോൾ, അവളുടെ ചവിട്ടു കൊള്ളാതെ തെന്നിമാറി ഭാഗ്യമെന്നു പറഞ്ഞ് നിലത്തുവീണുപോയൊരു പല്ലി അയാളെ നോക്കി ചിരിച്ചു.

അന്നു രാത്രിയിലെ തകർത്തു പെയ്യുന്ന മഴയിലാണ് യാക്കോബേട്ടൻ സക്കറിയയുടെ പ്രേതത്തെ വീണ്ടും കണ്ടത്..
മഴ തകർത്തു പെയ്യുകയാണ്.
യാക്കോബ് മഴയുടെ തണുപ്പിനെ പനിയുടെ ചൂടിൽ പൊതിഞ്ഞു കരിമ്പടത്തിനുള്ളിൽ ഉറക്കമില്ലാതെ കിടക്കുകയാണ്.ത്രേസ്യയുടെ കൂർക്കം വലി മഴയുടെ ഇരമ്പത്തിനൊപ്പം മുറിയിൽ മുഴച്ചു നിൽക്കുന്നു.അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.അയാളൊന്നു ഞെട്ടി.
വീണ്ടും തുടരെ തുടരെ വാതിലിൽ മുട്ട് കേൾക്കുന്നു.

"ഈ അസമയത്ത് ആരാണാവോ. പള്ളിയിൽ നിന്നും ആരെങ്കിലുമാണോ.. "

പിറുപിറുത്തു കൊണ്ട് കരിമ്പടത്തെ വലിച്ചുമാറ്റി യാക്കോബ് കട്ടിലിൽ നിന്നും പ്രയാസപ്പെട്ട് എഴുന്നേറ്റു.മുറിയിലെ ലൈറ്റ് ഇട്ടപ്പോൾ ബൾബും ഉറക്കമുണർന്ന് കണ്ണുകൾ ചിമ്മി തുറക്കും പോലെ ഒന്ന് രണ്ടുവട്ടം അണഞ്ഞിട്ട് പ്രകാശം പരത്തി..
താഴെ പായയിൽ വാ തുറന്ന് കിടക്കുന്ന ത്രേസ്യായുടെ കിതച്ചുകൊണ്ടുള്ള കൂർക്കം വലി ഒരു തീവണ്ടിയെ ഓർമപ്പെടുത്തി.
അയാൾ വാതിൽ തുറന്നതും രണ്ടടി പിന്നോട്ട് മാറി.പരിഭ്രമത്തോടെ കൂർക്കം വലിക്കുന്ന ത്രേസ്യയെ നോക്കി.പുറത്ത് അലറിവിളിക്കുന്ന മഴയിൽ സക്കറിയ പോത്തന്റെ മഴ നനഞ്ഞ പ്രേതം..

യാക്കോബ് നിന്ന് വിറച്ചു.പനിപോലും അയാളെ തനിച്ചാക്കി പോയി. സക്കറിയായുടെ പ്രേതം അകത്തേക്ക് കയറി.അയാളുടെ ദേഹത്തുനിന്നും മഴവെള്ളം താഴേക്ക് ഊർന്നിറങ്ങി യാക്കോബിന്റെ വീടിന്റ തറയിലൂടെ നാലായി പിരിഞ്ഞ് പാഞ്ഞു.വിറയ്ക്കുന്ന ശബ്ദത്തിൽ സക്കറിയ പറഞ്ഞു.

"യാക്കോബേട്ടാ ഞാൻ പ്രേതമല്ല, ഞാൻ മരിച്ചിട്ടുമില്ല.."

വിശ്വാസം വരാതെ യാക്കോബ് അയാളെ തന്നെ തുറിച്ചു നോക്കി.അതിനു ശേഷം വേഗത്തിൽ ത്രേസ്യായെ കുലുക്കി വിളിച്ചു.
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഒച്ചവെച്ചുകൊണ്ട് ത്രേസ്യാ..

"എന്തോന്നാ മനുഷ്യ നിങ്ങക്ക് രാത്രി ഉറക്കമില്ലേ.. "

അതും പറഞ്ഞ് പുള്ളിക്കാരി കണ്ണുകൾ തിരുമ്മി യാക്കോബിനെയും മഴയിൽ കുതിർന്നു നിൽക്കുന്ന സക്കറിയായെയും നോക്കി.അപ്പോൾ യാക്കോബു പറഞ്ഞു.

"ദേ കണ്ടോ സക്കറിയായുടെ പ്രേതം.. "

ഒരു അന്ധാളിപ്പോടെ ത്രേസ്യ സക്കറിയായെ ഒന്നു നോക്കിയതിനു ശേഷം മെല്ലെ കൈ കുത്തി എഴുന്നേറ്റ് മുറിയുടെ ചുമരിലെ അഴയിൽ നിന്നുമൊരു തോർത്തുമുണ്ട് എടുത്ത് സക്കറിയാക്കു നീട്ടികൊണ്ട് പറഞ്ഞു.

"പ്രേതം മഴനനഞ്ഞു പനി പിടിപ്പിക്കണ്ട തല തുവർത്തു... "

സക്കറിയ തോർത്ത് വാങ്ങി തലതുവർത്താൻ തുടങ്ങി.

ത്രേസ്യയുടെ ആ പ്രവർത്തി കണ്ട് വാ തുറന്ന് നിന്നു യാക്കോബ്.അത്‌ കണ്ട് ത്രേസ്യ പറഞ്ഞു.

"നിങ്ങള് എവിടത്തെ കപ്പിയാരാണ് മനുഷ്യ. പ്രേതത്തെയും മനുഷ്യനെയും കണ്ടാ തിരിച്ചറിയത്തില്ലേ... "

അത് കേട്ട് യാക്കോബ് പറഞ്ഞു.

"എന്നാലും എന്റെ ത്രേസ്യയെ ഇവനെ മൂന്ന് മാസം മുമ്പ് അടക്കം ചെയ്തതല്ലെ.അപ്പോ??? "

യാക്കോബ് തലചൊറിഞ്ഞപ്പോ ത്രേസ്യ പറഞ്ഞു.

"അത്‌ ശെരിയാണല്ലോ.അതിപ്പോഴല്ലെ ഞാനും ചിന്തിച്ചത്.ഇങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. "

മൂക്കത്ത് വിരൽ വെച്ചുകൊണ്ട് ത്രേസ്യ വീണ്ടും.

"അല്ലാ സക്കറിയായെ നീ ഇനി ശെരിക്കും പ്രേതമാണോ.... "

യാക്കോബ് അവളെ ഒന്നുനോക്കി.സക്കറിയ ചുണ്ടിലൊരു ചിരി വരുത്തി.അടുത്തു കണ്ടാ മരത്തിന്റെ സ്റ്റൂളിലേക്ക്‌ ഇരുന്നു.

"മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന നീറ്റലിനെക്കാളും വലിയ നീറ്റൽ അവരുടെ കയ്യിൽ നിന്നും കിട്ടുന്ന അവഗണനകളും പരിഹാസങ്ങളുമാണ്.ജീവിതത്തിൽ ഞാൻ തോറ്റുപോയികൊണ്ടിരിക്കുകയാണ്.
എനിക്ക് എന്നെയൊന്നു അടയാളപെടുത്താനുള്ള ശ്രമങ്ങൾ ആയിരുന്നു ഇതുവരെ പക്ഷെ കഴിഞ്ഞില്ല. എന്നിലും കഴിവ് കുറഞ്ഞവർ ഉയരങ്ങൾ കീഴടക്കുമ്പോൾ ഞാനത് നോക്കി നിരാശയോടെ നിന്നു.ഞാനൊരു തോൽവിയായി."

ഒന്ന് നിർത്തിയതിനു ശേഷം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് സക്കറിയ തുടർന്നു..

"ചെറിയ പ്രായത്തിൽ തന്നെ പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്നവനാണ്. ഞാൻ കണ്ട എന്റെ സ്വപ്നങ്ങളിലേക്കുള്ള ദൂരം കൂടുതലായിരുന്നു.ഇടക്ക് എല്ലാം വേണ്ടാന്നു വെച്ചു കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടും നെഞ്ചിനുള്ളിൽ വേദന മാത്രം.പത്തു പതിനഞ്ചു കൊല്ലം ഒന്നിച്ചു ജീവിച്ചിട്ടും എന്നെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ല.ഏതോ ഒരാളുടെ ശവശരീരം അവൾ എന്റെതാണെന്ന് പറഞ്ഞപ്പോൾ അവിടെ ഞാൻ ശെരിക്കും തോറ്റുപോയി.. "

സക്കറിയ എഴുന്നേറ്റ് യാക്കോബിന്റെ കയ്യിൽ പിടിച്ചു കൊണ്ടു വീണ്ടും പറഞ്ഞു.

"ആ കുഴിമാടം സക്കറിയ പോത്തന്റെ തന്നെ ആയി നിലകൊള്ളട്ടെ.ഞാൻ ജീവിച്ചിരിക്കുന്ന പ്രേതമായും.ഞാൻ പോവുകയാണ് ഏട്ടാ,ദൈവം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതുപോലെ ഞാനും ഒരുനാൾ ഉയിർത്തെഴുന്നേൽക്കും.. "

എന്താണ് സക്കറിയായോട് പറയേണ്ടത് എന്നറിയാതെ യാക്കോബും ത്രേസ്യയും മിണ്ടാതെ നിന്നു.

"എനിക്കൊന്നേ പറയാനുള്ളൂ നമ്മൾ നമ്മളെ ആശ്രയിക്കുന്നവർക്കുവേണ്ടി ജീവിക്കണം പക്ഷെ നമ്മളെ മറന്ന് നമ്മുടെ സ്വപ്നങ്ങളെ മറന്ന് ജീവിക്കരുത്.സ്വപ്നങ്ങൾ കാണാൻ മാത്രമല്ല അത്‌ നേടാനും കൂടിയുള്ളതാണെന്ന് തെളിയിക്കും വരെ ഞാൻ ഇടക്ക് ഇവിടെ പ്രേതമായി വരും.
അന്നും ഇതുപോലെ പേടിക്കരുത്.. "

അതും പറഞ്ഞ് സക്കറിയ പുറത്തെ മഴയിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ത്രേസ്യ വിളിച്ചു.

"ഒന്ന് നിന്നെ സക്കറിയായുടെ പ്രേതമേ.
സക്കറിയ പറഞ്ഞതും നിന്റെ വേദനയും ഞങ്ങൾക്ക്‌ മനസിലായി.
അറിഞ്ഞുകൊണ്ട് ഒരു നല്ല സ്ത്രീയും ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചുവെന്ന് കള്ളം പറയില്ല.നിന്നെയോർത്തു അവളൊഴുക്കുന്ന കണ്ണീരിന്റെ കണക്ക് ഈ ത്രേസ്യക്ക്‌ അറിയാം.നീയാണതെന്നു തിരിച്ചറിഞ്ഞ നിമിഷം തൊട്ട് അവൾ തകർന്നിരിക്കുകയാണ്.സക്കറിയ രക്ഷപെടണമെന്ന് അവൾക്ക്‌ ആഗ്രഹമുണ്ട്.നിന്റെ സ്വപ്നങ്ങൾക്കൊപ്പം അവളുണ്ട്.

ഒന്ന് നിർത്തിയതിനുശേഷം ത്രേസ്യ തുടർന്നു.

"ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ നിന്റെ സ്വപ്നങ്ങൾ നേടാൻ കഴിയാത്തതിലുള്ള ഒരുതരം നിരാശയിലാണിപ്പോ നീ.
ഡാാ പോത്തേ കുടുംബത്തോടൊപ്പം ചേർന്നുനിന്ന് നീ പരിശ്രമിക്ക് നിനക്ക് ഒരിക്കൽ വിജയിക്കാൻ കഴിയും.
നിന്റെ മക്കളെ കുറിച്ച് നീ ഓർത്തോ.
നീ മരണപെട്ടവനായി ജീവിക്കുമ്പോൾ ആ മക്കള് അച്ഛനില്ലാത്തവരായി ജീവിക്കും.നീ വീട്ടിലോട്ട് ചെല്ല്.."

സക്കറിയായുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അയാളുടെ മനസ്സിൽ ഭാര്യയും കുട്ടികളും തെളിഞ്ഞു വന്നു.
സക്കറിയാ കണ്ണുകൾ തുടച്ചു മഴയിലേക്ക്‌ ഇറങ്ങി വീട്ടിലേക്ക് നടന്നു.
സക്കറിയ മഴയിൽ അലിഞ്ഞു പോകുന്നത് യാക്കോബേട്ടനും ത്രേസ്യയും നോക്കി നിന്നു.

"എന്നാലും എന്റെ ത്രേസ്യേ നീ അവനെ അങ്ങനെ തന്നെ മാറ്റികളഞ്ഞല്ലോ."

യാക്കോബ്ബ് ആശ്ചര്യത്തോടെ നോക്കികൊണ്ട് പറഞ്ഞുപ്പോൾ
ത്രേസ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

"നമ്മുടെ ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ.ശ്വാസം എടുക്കുന്നത് എല്ലാവരും ഒരുപോലെയാണ് പക്ഷെ ചിന്തികളും പ്രവർത്തികളും പലവിധത്തിലാണ്.ചില തെറ്റുകൾ പറ്റാത്തവരില്ല പക്ഷെ തക്ക സമയത്ത് അത് തിരുത്തി കൊടുക്കാൻ ആളുണ്ടായാൽ അവര് മാറി ചിന്തിച്ചേക്കാം.സക്കറിയയുടെ കാര്യവും അത് തന്നെയാണ്.."

യാക്കോബ്ബ് ഭാര്യയെ തന്നെ നോക്കി നിൽക്കുകയാണ്.അപ്പൊ ത്രേസ്യ വീണ്ടും ചോദിച്ചു.

"അല്ലാ മനുഷ്യ ഇങ്ങൾക്ക് വല്ല ആഗ്രഹങ്ങളും ഉണ്ടോ. "

ത്രേസ്യ കെട്ടിയോനെ നോക്കി.അവളുടെ ചോദ്യം കേട്ട് യാക്കോബ് അവളെ ആദ്യമൊന്നു നോക്കിയതിനു ശേഷം പറഞ്ഞു.

"എനിക്ക് നാളെ രാവിലെ പുട്ടും മുട്ടക്കറിയും കഴിക്കാൻ ആഗ്രമുണ്ട്. "

"അതേതായാലും നന്നായി നല്ല ആഗ്രഹം.മുട്ടയൊന്നും ഇവിടെയിരിപ്പില്ല, നാളെ കോഴി മുട്ടയിട്ടാൽ നിങ്ങടെ ആഗ്രഹം നടക്കും.വന്നു കിടക്കു മനുഷ്യാ.."

അതും പറഞ്ഞു ത്രേസ്യ കിടക്കാൻ തുടങ്ങിയതും യാക്കോബ്.

"ഇനി കോഴി മുട്ടയിയിടാതിരിക്കോ.??"

അതുകേട്ടു ത്രേസ്യ ചിരിച്ചുപോയി.ആ ചിരി യാക്കോബിനെ വട്ടം കെട്ടിപിടിച്ചു.

പുറത്തപ്പോഴും മഴ തകർത്തുപെയ്യുകയായിരുന്നു.


Written by Perumbavoorukaran Shafeek

നാരങ്ങത്തുരുത്ത്

Image may contain: 1 person, standing and eyeglasses

കായൽ മണൽ നിറഞ്ഞ വഴിയോരങ്ങൾ. അടുത്തടുത്തുള്ള വീടുകൾ. കൊന്നകൾ വളർന്നു നിൽക്കുന്ന വേലികൾക്കിടയിലെ ഗ്യാപ്പുകൾ ചാക്കുകൾ കൊണ്ടും നീലപടതകൾ കൊണ്ടുംമറച്ചിരിക്കുന്നു.ഇത് നാരങ്ങതുരത്ത് എന്ന ലക്ഷം വീട് കോളനി..
കായൽ കാറ്റിലലിഞ്ഞൊരു സൈക്കിൾ ബെല്ലടിനാദം. അമ്പിളി സൈക്കിൾ ചവുട്ടി വരുന്നതാണ്.ഈ കാഴ്ച്ച നാരങ്ങതുരുത്തിന്റെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. ഇതിലെന്താണിത്ര കാഴ്ച്ചയെന്നല്ലെ.. മൂന്നടി മാത്രം പൊക്കമുള്ള അച്ഛനെയും മുന്നിലിരുത്തിയാണ് അവളെന്നും സൈക്കിൾ ചവുട്ടി സ്കൂളിലേക്ക് പോകുന്നത്.കോളനിയിലെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ് കുള്ളനായ കുഞ്ഞുണ്ണിയെയും മകൾ അമ്പിളിയെയും.
പതിവുപോലെ അമ്പിളി സൈക്കിൾ നിർത്തി.
"കുഞ്ഞുണ്ണിസ് പപ്പടം "എന്ന ബോർഡു വെച്ച കടയുടെ മുന്നിൽ. ഇതാണ് കുഞ്ഞുണ്ണിയുടെ ജീവിതമാർഗ്ഗം.അച്ഛനെയെടുത്ത് താഴെ നിർത്തി.. അവൾ സൈക്കിൾ സ്റ്റാൻഡിൽ വെച്ചതിനു ശേഷം നീട്ടി വിളിച്ചു..
"ശാന്തേയേടത്തിയെ."
ആ വിളി കേട്ടുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ ശാന്തയേടത്തി പുറത്തേക്കിറങ്ങി വന്നു.കൂടെ മമ്മുട്ടി സാബുവും. ഇവരാണ് കുഞ്ഞുണ്ണിയുടെ കടയുടെ മേൽനോട്ടക്കാര്.ശാന്തേടത്തി ഇവരുടെ അയൽവാസിയും കൂടിയാണ്.കടയുടെ പിന്നിലാണ് പപ്പടമുണ്ടാക്കുന്നത്. അവിടെത്തെ പണിക്കാരെ നിയന്ത്രിക്കുന്നത് മമ്മുട്ടി സാബുവാണ്. അയാൾ മമ്മുട്ടിയുടെ കടുത്ത ആരാധകനാണ്. അതു കൊണ്ട് നാട്ടുകാര് വിളിക്കുന്നതിങ്ങിനെയാണ്..
കുഞ്ഞുണ്ണിയുടെ ഈ സ്ഥാപനം കാരണം കുറച്ചു പേർക്കൊരു വരുമാനമാർഗം കൂടിയാണ്.ഒരുപാട് കഷ്ടപ്പെട്ടാണ് കുഞ്ഞുണ്ണീ ഈ സ്ഥാപനം വളർത്തിയെടുത്തത്. കുഞ്ഞുണ്ണിയുടെ പപ്പടം എല്ലാവർക്കും ഭയകര ഇഷ്ടമാണ്. നല്ല തനി നാടൻ പപ്പടം..
ശാന്തേടത്തി കുഞ്ഞുണ്ണിയെ എടുത്ത് കടയിലേക്ക് കേറുമ്പോൾ അമ്പിളി പറഞ്ഞു..
"അച്ഛാ ഇന്ന് ഉച്ചക്ക് സ്കൂളിലേക്ക് വരണം. എന്നും ശാന്തേടത്തിയെ പറഞ്ഞു വിടുംപോലെയാകരുത്.. ഉറപ്പായിട്ടും വരണം ഇല്ലേൽ ഈ മോള് സ്കൂളിൽ തന്നെയിരിക്കും."
അതും പറഞ്ഞവൾ സൈക്കിൾ ചവുട്ടി പോയി..
മകൾ പറഞ്ഞതു കേട്ടപ്പോൾ കുഞ്ഞുണ്ണിയുടെ മുഖം വാടി.
അത് മനസ്സിലാക്കിയ ശാന്തേടത്തി കുഞ്ഞുണ്ണിയെ കസാരയിലേക്കിരുത്തി കൊണ്ട് പറഞ്ഞു..
"കുഞ്ഞുവെ... അവളൊരിക്കലും ഇത്ര തറപ്പിച്ചു പറഞ്ഞട്ടില്ലാ നിന്നോട് സ്കൂളിൽ ചെല്ലാൻ. ഇത്തവണ അവൾ യുവജനോത്സത്തിന് ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്കൂളിന് അഭിമാനമായിരിക്കുകയാണ്. അവളെയും മറ്റു കുട്ടികളെയും ആദരിക്കുന്ന ആ ചടങ്ങിൽ നീ പോകണം"
ദു:ഖം നിറഞ്ഞ മൗനത്തെ മുറിച്ചു കൊണ്ട് കുഞ്ഞുണ്ണി പറഞ്ഞു.
"അത് ശരിയാകത്തില്ലാ എട്ടത്തി...
എന്റെ ഈ രൂപം അവൾക്കൊരു അപമാനമാകും.അവളുടെ സഹപാഠികൾ അവളെ കളിയാക്കും.ന്റെ കുട്ടിക്കത് താങ്ങാൻ കഴിഞ്ഞെന്നു വരില്ലാ..
എന്നെയൊരു പക്ഷേ അവൾ വെറുത്താലോ."
അതു കേട്ട് ശാന്തേടത്തി പറഞ്ഞു.
"അത് നിന്റെ തോന്നലാണ് കുഞ്ഞു. ഇവിടെയുള്ളവർ നിങ്ങളെ സ്നേഹിക്കുന്നില്ലെ? അതുപോലെ ഇതും...
നിന്റെ കൂടെ ഞങ്ങളും വരുന്നില്ലെ
പിന്നെന്താണ്...."
അയാളുടെ മനസ്സ് അസ്വസ്ഥമാകുകയാണ്..
ഹൃദയത്തിലാരോ മുള്ളു കൊണ്ട് കുത്തുന്ന വേദന. സ്കൂളിലെ ഏതാവശ്യത്തിനും ശാന്തേടത്തിയേയാണ് പറഞ്ഞു വിടുന്നത്.. അമ്മയില്ലാത്ത കുറവ് കൂടുതലും എട്ടത്തിയാണ് പരിഹരിക്കുന്നത്.. ന്റെ മകൾ എന്റെ ശ്വാസമാണ്. അവൾ നാണം കെടുമോ?
ചിന്തകൾ നൂൽ പൊട്ടിയ പട്ടംപോലെ ഏതോ കാറ്റിന് അടിമയായിരിക്കുന്നു.
അലങ്കരിച്ച സ്കൂൾ മൈതാനം..
ആ വലിയ സ്റ്റേജിനു മുന്നിലെ നീണ്ട സദസിലൊരു മൂലയിൽ ആരും ശ്രദ്ധിക്കപ്പെടാതെ അയാൾ ഇരിക്കുകയാണ്. ഓരോ നിമിഷവും വല്ലാത്ത ഹൃദയമിടിപ്പുകളിലൂടെയാണ് കടന്നു പോകുന്നത്.. അതാ മകൾ സ്‌റ്റേജിലേക്ക് കയറുന്നു. നിലച്ച കൈയ്യടി ശബ്ദത്തിനു ശേഷം മകൾ..
"എനിക്കിന്ന് ഈ സമ്മാനം എന്റെ അച്ഛന്റെ കൂടെ ഈ വേദിയിൽ നിന്ന് വാങ്ങണം. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം..
പല സദസുകളിലും പലയിടങ്ങളിലും എന്നെ തനിച്ചാക്കി അച്ഛൻ ഒളിച്ചു നിന്നു. കാരണം അച്ഛന് പൊക്കം കുറവാണ്.ഒരു കുള്ളന്റെ മകളായ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ അറിയാപ്പെടാതിരിക്കാൻ. ഞാനൊരു പരിഹാസ കഥാപാത്രമാകാതിരിക്കാൻ."
അവളുടെ തൊണ്ടയിടറി.മിഴികളിലൊരു നനവ്..
അവൾ പിന്നെയും തുടർന്നു..
വേദിയിലൊരു മൂലയിലിരിക്കുന്ന കുഞ്ഞുണ്ണിയെ നോക്കി കൊണ്ടവൾ നീട്ടി വിളിച്ചു..
"അച്ഛാ.... "
ആ വിളി അയാളുടെ ഹൃദയത്തിലേക്ക് തുളച്ചിറങ്ങി..
ഒരു വിറയലടക്കി കൊണ്ടവൾ പിന്നെയും പറഞ്ഞു..
"എന്റെ ബാല്യത്തിൽ ചിലർ കുള്ളന്റെ മകളെന്ന് വിളിക്കുമായിരുന്നു അന്നൊക്കെ അത് കേട്ട് ഞാൻ കരയുമെങ്കിലും അച്ഛൻ വേദനിക്കാതിരിക്കാൻ ഞാനത് അച്ഛനോട് പറയാതെ സഹിക്കുമായിരുന്നു..
അച്ഛനും അമ്മയും ഓരോ മക്കൾക്കും നിധികളാണ്.അതു പോലൊരു നിധിയാണെനിക്കും അച്ഛൻ.എന്റെച്ഛന്റെ മനസ്സിന്റെ പൊക്കമറിഞ്ഞാണ് ഞാൻ വളർന്നത്..
ഈ മകളൊരിക്കലും ഈ കാരണത്താൽ വേദനിക്കില്ലാ കരയില്ലാ..
ഈ വേദിയിലേക്കു വരു അച്ഛാ.. "
മകളുടെ വിളിയിൽ അയാൾ ചെറുതായി പതറി.. താൻ വേദിയിലേക്ക് നടക്കുമ്പോൾ എല്ലാവരും നോക്കുന്നു.. മുന്നിലെ വലിയ ചവിട്ടുപടികൾ കയറാൻ സാധിക്കാതെ നിസഹായനായി നിൽക്കുമ്പോൾ അമ്പിളി ഇറങ്ങി ചെന്ന് കുഞ്ഞുണ്ണിയെ എടുത്ത് വേദിയിൽ നിർത്തി.
അയാളുടെ മിഴികൾ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.
പാരിതോഷികം മേടിച്ചതിനു ശേഷം അമ്പിളി
കുഞ്ഞുണ്ണിയെ എടുത്ത് ഒക്കത്തു വെയ്ക്കുമ്പോൾ അയാൾ പറഞ്ഞു.
"ഈ അച്ഛന് തെറ്റുപറ്റി മോളെ നീ വേദനിക്കാതിരിക്കാനാണ് ഞാൻ പലപ്പോഴും
മറഞ്ഞു നിന്നത്. പരിഹാസങ്ങളിൽ വേദനിക്കുമ്പോഴും ഞാൻ തളരാതിരുന്നത് നിന്നെയോർത്താണ്. നീയല്ലാതെ ഈ അച്ഛന് വേറാരുമില്ലാ.
മോളെ.. ഇനിയൊരിക്കലും ഞാൻ ഒളിച്ചു നിൽക്കില്ലാ എന്നും എവിടെയും കൂടെ കാണും. എന്റെ മകളായിട്ടല്ലാ മകളുടെ അച്ഛനായിട്ട്... "
അവർ വേദിയിൽ നിന്നിറങ്ങുമ്പോൾ സദസ്സ് മുഴുവനും നിർത്താതെ കയ്യടിക്കുകയായിരുന്നു......

ദൈവങ്ങൾ



അമ്മേ നമുക്ക് മാത്രം ഇത്തവണേയും ഓണമില്ലെ...???"
ഏഴു വയസ്സുകാരൻ മകന്റെ വേദനയുള്ളൊരുചോദ്യം മുറ്റത്തെ ആഞ്ഞിലിമരത്തിൽ നിന്നും കൊഴിഞ്ഞു വീണ ഒരിലപോലെ വന്നു വീഴുന്നത് സീതയറിഞ്ഞു..
"ഇത്തവണ നമ്മുക്ക് ഓണമുണ്ട് ഉണ്ണിക്കുട്ടാ.."
അവളത് പറഞ്ഞപ്പോൾ ഉണ്ണി സന്തോഷത്തോടെ ഒരു ഓണത്തുമ്പിയെ പോലെ ചിറക് വിടർത്തി സീതക്കു ചുറ്റും പറന്നു നടന്നു..
"അപ്പോ അമ്മേ എനിക്ക് പുത്തനുടുപ്പും കുറെ കറികൾ കൂട്ടിയൊരു ഊണും ഉണ്ടാകുലേ..?"
അറിയാതെ നിറഞ്ഞ മിഴികളെ ശപിച്ചു കൊണ്ട് സീത എഴുന്നേറ്റ് അകത്തേക്ക് മുടന്തി മുടന്തി നടന്നപ്പോൾ ഒന്ന് വേച്ചു വീണുപ്പോയ്.
"അമ്മേ....."
ഒരു വിളിയോടെ ഉണ്ണിക്കുട്ടൻ അമ്മകരികിലേക്ക് ഓടി ചെന്നു..
സീതയെ എഴുന്നേൽപ്പിക്കാൻ അവനും ഒരു ശ്രമം നടത്തി.മൂന്ന് കൊല്ലം മുമ്പുണ്ടായ അച്ഛൻ നഷ്ടപ്പെടുകയും അമ്മയുടെ കാലിന് മുടന്ത് ഉണ്ടാക്കിയതുമായ ആ വാഹനപകടത്തിന്റെ ഓർമ്മപ്പെടുത്തലുമായ് അമ്മ മുടന്തി നടന്നു പോകുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ ആ കൊച്ചു വീടിന്റെ പിറകിലേക്ക് ഓടി. അവനോടൊപ്പം അതുവഴി വന്നൊരു കാറ്റും ഒപ്പം കൂടി.
വീടിനു പിന്നിലെ പുളിമരച്ചോട്ടിൽ കാറ്റും അവനും നിന്നു.അവിടെ ഓലകൊണ്ടൊരു കുഞ്ഞു വീടുണ്ടാക്കിയിട്ടുണ്ട് അവൻ. അതിനകത്തു നിന്നും അവനൊരു കൃഷ്ണന്റെ ചെറിയൊരു പ്രതിമ എടുത്തു..അപ്പുറത്തെ വീട്ടുകാര് ഉപേക്ഷിച്ച നിറം മങ്ങിയടർന്നൊരു പ്രതിമ.ഒരിക്കൽ അത് ചെളിപ്പറ്റി കിടന്നപ്പോൾ ഉണ്ണിയതെടുത്ത് വൃത്തിയാക്കി.ഒരു കുടിൽ കെട്ടി അവിടെ പ്രതിഷ്ഠിച്ചു.പിന്നെയവന്റെ സങ്കടങ്ങളുടെ കൂട്ട് കണ്ണനായിരുന്നു..
"കണ്ണാ.. അമ്മയിന്ന് വീണു. എനിക്ക് വല്ലാത്ത സങ്കടായി.എനിക്ക് അമ്മയും കണ്ണനും മാത്രമേ ഈ ലോകത്ത് കൂട്ടുള്ളു.... അതറിയാലോ...
എന്നത്തെപ്പോലെ ഇത്തവണയും വയ്യാത്ത അമ്മയോട് ഞാൻ ചോദിച്ചു
ഓണമുണ്ടോന്ന്..."
അവനൊന്ന് നിർത്തി.കൂടെയുണ്ടായിരുന്ന കാറ്റ് അവന്റെ വിഷമം കണ്ട് അവനെയൊന്നു തഴുകി..
"അല്ലേലും എനിക്കറിയാം ഇത്തവണയും അമ്മക്കും എനിക്കും ഓണമില്ലാന്ന്..
കഴിഞ്ഞ ഓണത്തിന് അപ്പുവും അമ്മുവും കിച്ചുവും പുത്തനുടുപ്പിട്ട് എന്നെ കൊതിപ്പിച്ചു.അവരുടെ കൂടെ ഇത്തവണയും എന്നെ കളിക്കാൻ കൂട്ടൂല്ലാ ഈ ഓണത്തിനും ഈ കീറിയ ഉടുപ്പ് മാത്രമല്ലെ എനിക്കൊള്ളു. അവർക്ക് നാണക്കേടാണെന്ന്. എനിക്കതിൽ സങ്കടമില്ലാ കണ്ണാ.. പക്ഷേ ഞാൻ വെറുതെ അമ്മയെ സങ്കടപ്പെടുത്തി.. "
അവന്റെ മിഴികൾ നിറഞ്ഞു..
മുറ്റത്ത് കരിയിലനക്കം കണ്ടപ്പോൾ അവൻ മുൻവശത്തേക്ക് ചെന്നു. അപരിചിതനായൊരാൾ മുറ്റത്ത് നിൽക്കുന്നു. കറുത്ത നിറമായിരുന്നെങ്കിലും അയാളുടെ ചിരി കാണാൻ നല്ല അഴകുള്ളതായി അവന് തോന്നി.
"കുടിക്കാൻ ഇത്തിരി വെള്ളം വേണമായിരുന്നു.. "
ശാന്തമായ സ്വരത്തിൽ അയാൾ ചോദിക്കുമ്പോഴെക്കും സീതയും പുറത്തേക്കു വന്നു..
"കയറിയിരിക്കു വെള്ളമെടുക്കാം..."
അയാൾ അകത്തു കയറിയിരുന്നതിനു ശേഷം അവനെ അരികിലേക്ക് മാടി വിളിച്ചപ്പോൾ ചെറിയൊരു നീരസത്തോടെ അയാൾകരികിലേക്ക് ഉണ്ണി ചെന്നു..
അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് പറഞ്ഞു..
"നി മിടുക്കനാണല്ലോ?"
അപ്പോഴെക്കും നടു ചളുങ്ങിയ ഒരു കപ്പിൽ വെള്ളവുമായ് സീത വന്നു. വല്ലാത്ത പരവേശത്തോടെ അയാൾ ആ കപ്പിലെ വെള്ളം മുഴുവൻ കുടിച്ചു.അതിനു ശേഷം പറഞ്ഞു..
"ഞാനിവിടെ എന്റെയൊരു കൂട്ടുകാരനെ കാണാൻ വന്നതാണ്..."
സീത കപ്പ് തിരികെ വാങ്ങുമ്പോൾ ചോദിച്ചു..
"എന്താണ് പേര്.?"
നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു..
"മുഹമ്മദ്.."
അതു കേട്ടപ്പോൾ സീതക്ക് അൽഭുതം തോന്നി കാരണം അയാളുടെ കഴുത്തിൽ അവളൊരു വലിയ കുരിശുമാല കണ്ടു..
അവൾ കഴുത്തിലേ മാലയിലേക്കു നോക്കുന്നതു കണ്ടപ്പോഴും അയാൾ ചിരിക്കുക തന്നെയായിരുന്നു.. അതിനുശേഷം അയാൾ പോക്കറ്റിൽ നിന്നും കുറച്ചു മിട്ടായി അവന് നേരെ നീട്ടി.
അവനത് വാങ്ങി കൊണ്ട് അയാൾക്കൊരു ചിരി തിരികെ സമ്മാനിച്ചു..
"ഞാനിതിൽ കുറച്ച് കണ്ണന് കൊടുത്തിട്ടു വരാം.. എനിക്ക് എന്ത് കിട്ടിയാലും അതിലൊരു പങ്ക് കണ്ണനുള്ളതാണ്.. "
അവൻ കണ്ണനരികിൽ ചെന്നപ്പോൾ അവിടെ അവന്റെ പ്രിയപ്പെട്ട കണ്ണന്റെ പ്രതിമ കാണുന്നില്ല. അവിടെയല്ലാം പരതി നോക്കിയെങ്കിലും കണ്ണനെ കാണാൻ കഴിഞ്ഞില്ല. ഉണ്ണിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.അവൻ തിരികെ വെപ്രാളത്തോടെ വീടിനകത്തേക്ക് ഓടി ചെന്നു..
"അമ്മേ എന്റെ കണ്ണനെ കാണുന്നില്ല..."
കഴുത്തിൽ കുരിശു മാലയിട്ട മുഹമ്മദ് മുടന്തി മുടന്തി മുറ്റം കടന്നു പോകുന്നതും നോക്കി നിൽക്കുകയായിരുന്നുവപ്പോൾ സീത.
അവളെ കുലുക്കി വിളിച്ചു കൊണ്ട് ഉണ്ണി വീണ്ടും പറഞ്ഞു.
"അമ്മേ എന്റെ കണ്ണനെ കാണുന്നില്ലാ..."
"അവിടെയുണ്ടാകും മോനേ "
അതും പറഞ്ഞ് സീത അകത്തേക്ക് നടന്നപ്പോഴാണ് ഉണ്ണിയത് കണ്ടത്.അമ്മയുടെ മുടന്ത് മാറിയിരിക്കുന്നു. സീത അകത്തേക്ക് കയറിയതും കണ്ണുകൾ വിടർന്നുപ്പോയി. അടുക്കള നിറയെ പച്ചക്കറിയും പലചരക്കു സാധനങ്ങളും. മാത്രവുമല്ല പുതിയ ഉടുപ്പുകൾ നിറഞ്ഞൊരു കവറും..
പിറകെ വന്ന അവൻ പറഞ്ഞു.
"അമ്മേ അമ്മയുടെ കാലുകൾ."
കാലുകളിലേക്ക് നോക്കിയ സീത അൽഭുതപ്പെട്ടു. തന്റെ കാലുകൾ ശരിയായിരിക്കുന്നു..
"മോനേ "എന്നൊരു വിളിയോടെ സീത പിറകുവശത്തേക്ക് ഓടി ഉണ്ണിയുണ്ടാക്കിയ കണ്ണന്റെ കുടിലിനു മുന്നിൽ ചെന്നു. കൂടെ ഉണ്ണിയും.
"എന്റെ കൃഷ്ണാ "
എന്ന വിളിയോടെ അമ്മ അവനെ ചേർത്തു പിടിച്ചു തൊഴുകുമ്പോൾ അവൻ കണ്ടു. കുറച്ചു മുമ്പ് കാണാതെപ്പോയ അവന്റെ കണ്ണൻ അതാ അവിടെയിരിക്കുന്നു...

BY Shafeek

#ഉലഹന്നാന്റെ #മൂന്നാമത്തെ #ശ്രമം


രണ്ടാമത്തെ കുട്ടിക്കുവേണ്ടിയുള്ള മൂന്നാമത്തെ ശ്രമത്തിനിടക്കാണ് ഉലഹന്നാന്റെയും ഭാര്യ സിസിലിക്കുട്ടിയുടെയും പുതപ്പിനിടയിലേക്ക് ഒരാൾ കടന്നു കയറിയത്..!
വലിയ വായിൽ കാറിക്കൊണ്ട് സിസിലിക്കുട്ടി പുതപ്പ് വലിച്ചു മാറ്റിയപ്പോൾ ഉലഹന്നാനും ഒന്നു പതറി..
"ശ്ശെ നാശം പിടിക്കാൻ ഈ പൂച്ച "
സിസിലിക്കുട്ടിയുടെ മുരൾച്ച. രണ്ടു പേരുടെയും ഇടയിൽ ഉലഹന്നാൻ വളർത്തുന്ന പൂച്ച..
പൂച്ച അയാളെ നോക്കി മൂക്ക് ചൊറിഞ്ഞു നാവ് നുണഞ്ഞപ്പോൾ
ഉലഹന്നാൻ തല ചൊറിഞ്ഞു നാവ് കടിച്ചു.
"കർത്താവേ ഇതിന് ഇതു തന്നെയാണോ പണി..!മനുഷ്യനെ ഒന്നിനും സമ്മതിക്കൂലല്ലോ.!"
അതും പറഞ്ഞ് അയാൾ ഭാര്യയെ നോക്കി. സിസിലിക്കുട്ടി മുടിവാരിക്കെട്ടി ദേഷ്യത്തിൽ പറഞ്ഞു.
"ഉലുച്ഛായനോട് ഞാൻ പലവട്ടം പറഞ്ഞതാ ഇത്തവണ ലീവിന് ഞാൻ വരുമ്പോ ഈ സാധനത്തിനെ ഇവിടെ കാണരുതെന്ന്.. "
അയാൾ അവളെയും പൂച്ചയെയും മാറി മാറി നോക്കുമ്പോൾ പൂച്ച അയാളെയും അവളെയും മാറി മാറി നോക്കുകയായിരുന്നു.സിസിലിയാണേൽ ഉലഹന്നാനേ മാത്രം നോക്കി ഒരു ദഹിപ്പിക്കുന്ന നോട്ടം. അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റ് പൂച്ചയെ തൂക്കിയെടുത്ത് മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വിട്ടു.
പൂച്ച അയാളുടെ കാലിൽ വട്ടം ചുറ്റി നിന്നപ്പോൾ ഉലഹന്നാൻ പൂച്ചയോട് പറഞ്ഞു.
"എന്റെ മംഗലശ്ശേരി നീലകണ്ടാ നീ പോ പോയി എവിടെലുമൊന്ന് ചുരുണ്ട് കൂട്"
ഉലഹന്നാന് രണ്ടു വർഷം മുമ്പ് കിട്ടിയതാണി പൂച്ചയെ.അയാളുടെ പഞ്ചറൊട്ടിക്കുന്ന കടയുടെ അരികിലുള്ള കുറ്റികാട്ടിൽ കാക്കകൾ കൊത്തുന്ന ഒരു പൂച്ച കുഞ്ഞിനെ കണ്ടപ്പോൾ തോന്നിയ സഹതാപം അതിനെ സർവോപരി ദയാലുവായ അയാളുടെ വീട്ടിലെത്തിച്ചു.
നടക്കുമ്പോൾ ചെറിയൊരു സൈഡ് ചെരിവ് കണ്ടപ്പോൾ ഉലഹന്നാൻ പൂച്ചക്ക് പേരുമിട്ടു.മംഗലശ്ശേരി നീലകണ്ടൻ. അതൊരു കണ്ടനും കൂടിയായിരുന്നു..
കട്ടിലിലേക്ക് കയറി സിസിലിയെ ഉലഹന്നാൻ കെട്ടിപ്പിടിച്ചപ്പോൾ അവൾ തെന്നിമാറി കൊണ്ട് പറഞ്ഞു...
"എന്റെ മൂഡ് പോയി ഉലുച്ഛായ ഇന്നിനി എന്നെ നോക്കണ്ടാ. കിടന്നുറങ്ങാൻ നോക്ക്."
ആ വാക്കുകൾ കർക്കിടത്തിലെ ഇടിവെട്ടിയുള്ള മഴപ്പോലെ തോന്നി അയാൾക്ക്.
"സിസുവെ ഇച്ഛായന്റ മൂഡ് പോയിട്ടില്ലാടി... "
അതും പറഞ്ഞ് അയാൾ അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ സിസിലിക്കുട്ടി ചീറി.
" ആ പൂച്ചയെ കൊണ്ടുപോയി കളയാതെ എന്റെ ശരീരത്തിൽ തൊടാൻ ഞാൻ സമ്മതിക്കുകേലാ.. "
ആനകുത്തിയാലും അവളുടെ പിടിവാശി മാറില്ലാന്ന് അയാൾക്ക് നന്നായിട്ടറിയാം.. ആ പൂച്ചയെ എന്തോ അവൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാ.. മിക്കപ്പോഴും രാത്രി ഇടയിലോട്ടുള്ള അവന്റെ കടന്നുകയറ്റം കൂടി വന്നു കൊണ്ടിരുന്നു..
"അപ്പോ സിസുവെ ഇന്ന് നോ രക്ഷ ലേ."
"അതെ ഇന്ന് നോ രക്ഷാ..."
"അങ്ങനെ പറയല്ലേ കൊച്ചേ രണ്ടു ദിവസം കഴിഞ്ഞാല് നിന്റെ ലീവ് തീരും "
"അങ്ങനെ തന്നെ പറയും ഇച്ഛായ.."
സിസിലിക്കുട്ടി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ക്ലർക്കാണ്. മൂന്നു ദിവസത്തെ അവധി കിട്ടിയതുകൊണ്ട് വീട്ടിലേക്ക് വന്നതാണ്. രണ്ടാമതൊരു കുട്ടിയും കൂടി വേണമെന്നത് ഈ അവധിക്ക് നടപ്പാക്കനിരുന്നതാണ്..
''മംഗലശ്ശേരി നീലകണ്ടാ നീ ചതിച്ചല്ലോടാ "
എന്നും പറഞ്ഞ് ഉലഹന്നാൻ കമിഴ്ന്നടിച്ചു കിടന്നു..
പിറ്റെന്ന് പോത്തിറച്ചി കുരുമുളകിട്ട് വരട്ടിയതും പാലപ്പവും ഉലഹന്നാന് ഇറങ്ങിയില്ല പക്ഷേ താഴെയിരുന്ന് നീലകണ്ടൻ നല്ല തീറ്റയാണ്. ഇടക്കിടക്കവൻ തീറ്റ നിർത്തി അയാളെ നോക്കും.
പാവം നീലൻ അവനറിയില്ലല്ലോ ഇത് ഈ വീട്ടിലെ അവസാനത്തെ ഭക്ഷണമാണെന്ന്. ഉലഹന്നാൻ ചിന്തിച്ചിരിക്കുമ്പേഴാണ് സിസിലിക്കുട്ടി ഒരു പ്ലാസ്റ്റിക്കിന്റെ സഞ്ചിയുമായ് വന്ന് നീലനെ എടുത്ത് അതിലേക്കിട്ടത്. അവനൊന്ന് പ്രതിഷേധിച്ചെങ്കില്ലും അത് വിജയിച്ചില്ലാ..
സഞ്ചിയും തൂക്കി ഉലഹന്നാൻ നടന്ന് പള്ളിമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ അയാൾ പളളിയിലേക്ക് നോക്കി. പള്ളിക്കു മുന്നിലെ പ്രതിരൂപത്തിനു മുന്നിൽ ഉലഹന്നാൻ മുട്ടുകുത്തി..
"കർത്താവേ ഞാൻ വലിയ തെറ്റാണോ ചെയ്യുന്നതെന്നറിയൂകേല. എങ്കിലും ചങ്കിന്റെകത്തൊരു വിങ്ങല്.അങ്ങക്കറിയാലോ കുഞ്ഞിലെ കിട്ടിയാതാണിവനെ വളർത്തി നാലുകാലിൽ നിൽക്കാനുള്ള ത്രാണിയാക്കിയെടുത്തിട്ടുണ്ട്. ഇന്ന് ഇവനെ ഞാൻ കളയുകയാണ്.. "
അയാൾ ഒന്ന് നിർത്തി സഞ്ചിയിലേക്ക് നോക്കി. സഞ്ചിയിൽ നിന്നും നീലൻ തല പുറത്തേക്കിട്ട് കർത്താവിന്റെ തിരുരൂപത്തിലേക്ക് നോക്കൂന്നു.. അത് കണ്ട് ഉലഹന്നാൻ കർത്താവിനോട്.
"കണ്ടോ കർത്താവേ അവന് അങ്ങയോട് സ്നേഹമുണ്ട്. അവനെ നീ കാത്തോളണേ.പിന്നെ അവന്റെ പേര് മംഗലശ്ശേരി നീലകണ്ടൻ എന്നിട്ടതിൽ അങ്ങക്ക് എന്നോട് ദേഷ്യം തോന്നരുത്. അവൻ നല്ലൊന്നാന്തരം സത്യ ക്രീസ്ത്യാനിയും ദൈവഭയമുള്ളവനും ആണ്.. "
പള്ളിയിൽ നിന്നിറങ്ങുമ്പോൾ മുന്നിൽ സേവ്യർ അച്ചൻ..
"എന്താണ് ഉലഹന്നാനേ വിശേഷിച്ച്... "
"അത് അച്ചോ ഈ പള്ളിമുറ്റത്ത് ഒരു പൂച്ചക്കാല് ഓടി നടക്കണമെന്ന് കർത്താവിന് ഒരാഗ്രമുള്ളതായി ഇന്നലെയൊരു സ്വപ്നം കണ്ടു. "
"അതു കൊണ്ട് "
അച്ചൻ ചോദ്യരൂപേണെ അയാളെ നോക്കി.
"അപ്പോ ഞാൻ തേടിപിടിച്ച് നല്ലൊരു ലക്ഷണമൊത്ത ഐശ്വര്യമുള്ളൊരു പൂച്ചയെ ഇവിടെക്കായി കൊണ്ടു വന്നിട്ടുണ്ട് അച്ചോ..."
അതുകേട്ട് അച്ചൻ സഞ്ചിയിലോട്ട് നോക്കിയപ്പോൾ തല പുറത്തേക്കിട്ട് ഉലഹന്നാൻ കള്ളം പറയുന്നതാണെന്നർത്ഥത്തിൽ നീലൻ കണ്ണിറുക്കി കാണിച്ചു..
"മകനേ ഉലഹന്നാനേ അച്ചനോട് വേണ്ടാ നിന്റെ വേല കേട്ടാ.കഴിഞ്ഞ കുമ്പസാരത്തിൽ സിസിലി ഈ പൂച്ചയുടെ കാര്യം പറഞ്ഞിരുന്നു.. "
"അടിപൊളി ! എന്നാ ഞാനങ്ങ്ട് പോകുകയാണ് അച്ചോ.. "
ഉലഹാന്നനിൽ നിന്നൊരു വളിച്ച ചിരി മുഖത്തേക്കെത്തും മുന്നേ തോണ്ടി ഭണ്ഡാരത്തിനപ്പുറത്തേക്കിട്ട് അച്ചൻ നടന്നുപോയി..
ഉലഹന്നാൻ നടക്കുമ്പോൾ സഞ്ചിയിൽ നിന്നും തല പുറത്തേക്കിട്ട് നീലൻ തന്നിൽ നിന്നകന്നു പോകുന്ന വഴിയോര കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞപ്പോൾ അതെന്താണെന്നറിയാൻ നീലൻ മറ്റ് കാഴ്ച്ചകളിൽ നിന്നും മുഖംമാറ്റി സൂക്ഷിച്ചു നോക്കി. വഴിയരികിലെ
തെങ്ങിനോടു ചേർന്ന് നിൽക്കുന്ന കള്ള് ഷാപ്പ്.ആർക്കോ കൊടുക്കാൻ എടുത്ത കള്ളും കുപ്പിയുമായ് പുറത്തേക്കിറങ്ങിയ തെക്കേലെ വറീത് ഉലഹന്നാനേ കണ്ടപ്പോൾ ശബ്ദമില്ലാതെ നോട്ടത്തിലൂടെ ചോദിച്ചു..
"ഉലഹന്നാനേ ഒരു കുപ്പി കള്ള് എടുക്കട്ടെ..."
നിരാശയോടെ ഉലഹന്നാൻ ശബ്ദമില്ലാത്ത മറു നോട്ടമെറിഞ്ഞു..
"സമയമില്ലാ വറീതേ.. ബസ് സ്റ്റാന്റിൽ എത്തണം."
വറീതിന്റെ മുഖമൊരു നിരാശയുടെ കുഞ്ഞിനെ പെറ്റിട്ടു. ഷാപ്പിൽ കള്ളു കുടിച്ച് പൂസായ ചാക്കോ മാപ്പിളയുടെ ഡസ്കിൽ താളം പിടിച്ച് പാടുന്നൊരു കള്ളുപ്പാട്ട് കുറെ ദൂരം അയാളൊടൊപ്പം കൂട്ടിന് കൂടെ നടന്നു..
നിരന്ന് കിടക്കുന്ന ബസ്സുകളിൽ കോയമ്പത്തൂർ എന്ന് കണ്ട ബസ്സിൽ ഉലഹന്നാൻ കയറിപ്പറ്റി. സഞ്ചി സീറ്റിനടിയിലേക്ക് തള്ളി വെച്ചു.. പലതരം വർത്തമാനങ്ങളുമായ് ആളുകൾ ബസ്സിനകത്തേക്ക് കയറി വന്നുകൊണ്ടിരുന്നു.. ഒടുവിൽ ബസ്സനങ്ങി. അയാളുടെ നെഞ്ചിടിക്കാൻ തുടങ്ങി.. കുറച്ചു ദൂരം പോയപ്പോൾ നീലൻ ചെറുതായൊന്ന് കരഞ്ഞു.
"മ്യാവു മ്യാവൂ.. "
അതുകേട്ട് മുന്നിലിരുന്ന യാത്രക്കാരൻ തിരിഞ്ഞു നോക്കിയപ്പോൾ ഉലഹന്നാൻ പൂച്ചയുടെ ശബ്ദത്തിൽ കരഞ്ഞു കാണിച്ചു.. ഇയാൾക്കിതെന്തുപറ്റിയെന്ന ചോദ്യം അയാളുടെ മുഖത്ത് നിറഞ്ഞു..
ബസ്സ് കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഉലഹന്നാൻ ഒച്ചയെടുത്തു..
"അയ്യോ വയറു വേദനിക്കുന്നേ.. വണ്ടി നിർത്ത്. എനിക്കിറങ്ങണം.."
ബസ്സിലുള്ളവർ അയാളെ നോക്കി. അയാൾ വയറു പൊത്തിയിരുന്നു.. ഒടുവിൽ ഉലഹന്നാനെ അവിടെയിറക്കി ബസ് നീലനെയും കൊണ്ട് കോയമ്പത്തൂർക്ക്.
സിസിലിക്കുട്ടിയുടെ ബുദ്ധിയായിരുന്നു. ദൂരെക്ക് പോകുന്ന ബസിൽ വേണം പൂച്ചയെ കയറ്റി വിടണമെന്നത്.
പഞ്ചറുകടയിലെ പണിക്കിടയിലും അയാൾക്കെന്തോ വല്ലാത്തൊരു മൗനമായിരുന്നു.പിന്നെ സിസിലിക്കുട്ടിയോടൊപ്പമുള്ള സുന്ദര നിമിഷങ്ങളോർത്തപ്പോൾ മൗനം എങ്ങോട്ടോ പോയതയാൾ അറിഞ്ഞില്ല..
നേരം സന്ധ്യയോടടുത്തപ്പോൾ ഒരു പൊതി മുല്ലപ്പൂക്കളും വാങ്ങി ഉലഹന്നാൻ നേരെ വീട്ടിലേക്ക്. കുളിച്ചൊരുങ്ങി നിൽക്കുന്ന സിസിലിയെ കണ്ടപ്പോൾ അയാളുടെ മനസ്സിലൊരു മഞ്ഞുമഴ പെയ്തു..
"മോളുറങ്ങിയോടീ... "
"ഉം അവള് അമ്മച്ചിയോടൊപ്പം നേരത്തേ കിടന്നു.. "
കട്ടിലിൽ നിറയെ മുല്ലപ്പൂക്കൾ വിതറി ഉലഹന്നാൻ ആദ്യരാത്രിയെന്നപ്പോലെ സിസിലിക്കുട്ടിക്കുവേണ്ടി കാത്തിരുക്കുകയാണ്. ഇടക്ക് മുല്ലപ്പൂവും മണത്തു കൊണ്ടിരുന്നു.
ഒടുവിൽ സിസിലിയെയും കൊണ്ട് ഉലഹന്നാൻ പുതപ്പിനുള്ളിലേക്ക് അടുത്ത ശ്രമത്തിന് തുടക്കമിട്ടു..
പെട്ടെന്ന് സിസിലിക്കുട്ടി കാറി കൂവി പുതപ്പ് മാറ്റി.ആ കാഴ്ച കണ്ട് അയാൾ വീണ്ടും പതറി.പുതപ്പിനകത്ത് രണ്ട് പൂച്ചകൾ! നീലനും കൂടെയൊരു കറുത്ത പൂച്ചയും. നീലൻ എന്തോ പറയുന്നതുപോലെ ഉലഹന്നാന് തോന്നി.
"ഉലുവെ ഞങ്ങളെ അനുഗ്രഹിക്കണം വരുന്ന വഴിക്ക് എനിക്ക് കിട്ടിയ തമിഴത്തിയാ."

- വെള്ളാരം കണ്ണുള്ള നാദിയ -


-------------------------------
അവളുടെ ചുവന്ന ചുണ്ടുകളിലേക്ക് മുത്തമിടാനുള്ള എന്റെ ശ്രമത്തിലേക്ക് വെള്ളാരം കണ്ണുകളാൽ അവളെന്നെ നോക്കി കൊണ്ട് തടഞ്ഞു..
ഞാനൊരു കള്ള ചിരിയോടെ കൂടുതൽ ബലം പ്രയോഗിച്ചു. അവളും ബലം പ്രയോഗിക്കുന്നുണ്ട്. വിട്ടുകൊടുക്കാൻ ഞാൻ തയ്യറായില്ലാ...
പെട്ടെന്ന് ഒരു ശബ്ദം.
"എന്താടാ പോത്തേ നീയീ കാണിക്കുന്നത്?"
എനിക്കും അവൾക്കും ഇടയിലേക്ക് പാറയിൽ ചിരട്ട കൊണ്ടുരക്കുന്നതുപോലൊരു ശബ്ദം!
എവിടെന്നാണിത്...?
ചുവന്ന ചുണ്ടുകളും വെള്ളാരം കണ്ണുകളും മാഞ്ഞുപോയ നിമിഷം
കണ്ണുകൾ താനെ തുറന്നുപോയി. അതാ താൻ ഉപ്പാനെ ബലമായി കെട്ടി പിടിച്ചു മുത്തം കൊടുക്കാനുള്ള ശ്രമം..
പടച്ചോനേ സ്വപ്നം! മുന്നിൽ ദേഷ്യത്തിൽ തുറിച്ച കണ്ണുകളാൽ ഉപ്പാ എന്നെ നോക്കി കിടക്കുന്നു..
ഞാൻ പ്പെട്ടു.
ഇന്നലെ മുറിയിലെ ഫാൻ കറക്കം മതിയാക്കി ചത്തപ്പോൾ ഉഷ്ണം കൂടുതലുള്ള ഉപ്പ തന്റെ മുറിയിലാണ് കിടന്നത്..
എന്തക്കെയോ പിറുപിറുത്തു കൊണ്ട് ഉപ്പ എണിറ്റുപോയി.
ആകെപ്പാടെ ഒരു ചമ്മൽ.. ഞാനും മെല്ലെ എഴുന്നേറ്റു.. എന്നാലും ആ സ്വപ്നം..
കുളികഴിഞ്ഞ് മുറിയിൽ നിന്നും ഞാൻ ഉമ്മയെ നീട്ടി വിളിച്ചു..
"ഉമ്മാ ഉമ്മോയ്... "
അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കൂട്ടുപിടിച്ച് ഉമ്മയുടെ ഒച്ച.
എന്താടാ കാറുന്നത്?
ഞാൻ ദേഷ്യത്തിൽ പറഞ്ഞു
"എവിടെ എന്റെ പുതിയ ജെട്ടികൾ... ഇവിടെ കാണുന്നില്ലല്ലോ "
ഉച്ചത്തിൽ പറഞ്ഞ് മുണ്ടൊന്നു നേരെയുടുത്തു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ..
വിടിന്റെ ഉമ്മറത്ത് നിറയെ പെണ്ണുങ്ങൾ.
എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.
എന്റെ ചങ്ക് കത്തി പടച്ചോനെ സകല മാനവും ജെട്ടിയിലൂടെ പോയി..
ചമ്മലോടെ ഞാൻ അകത്തേക്ക് വലിഞ്ഞു..
"എന്തിനാടാ തൊണ്ട പൊട്ടിക്കണത്.. ഇന്നാ "
അതും പറഞ്ഞ് ഉമ്മ രണ്ട് മൂന്നെണ്ണം കട്ടിലിലേക്കിട്ടു..
അതിനിടയിൽ ഞാൻ ചോദിച്ചു.
"പരദൂഷണകാര് മൊത്തമുണ്ടല്ലോ! എന്താണാവോ വിശേഷിച്ച്?"
ഉമ്മ ഒരു ചിരിയോടെ
"ഞങ്ങടെ കുടുംബശ്രിയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പോകുവാ.
മിക്കവാറും ഞാനായിരിക്കും.. "
"ഓ ഇനി അതിന്റെ കുറവു കൂടിയെ ഒള്ളു ഉമ്മാക്ക്...ഒരു ഉലക്കാമേലേ കുടുംബശ്രി"
"ഞങ്ങടെ കുടുംബശ്രിയെ കുറ്റം പറഞ്ഞാലുണ്ടല്ലോ അടുത്ത തവണ നീ കാശും ചോദിച്ച് വാ ഞാൻ തരാം.. "
"ഈ ഉമ്മാടെ ഒരു കാര്യം പറഞ്ഞ ഒരു തമാശ പറയാൻ പറ്റൂലാ."
ഉമ്മ പോയതും ഞാൻ കട്ടിലിലേക്ക് നോക്കി.
നീല ചുവപ്പ് കറുപ്പ് മൂന്ന് കളറുകൾ നിരന്നുകിടക്കുന്നു...
ഇന്ന് കമ്മ്യൂണിസ്റ്റുകാർക്കൊപ്പം സഞ്ചരിക്കാം ചുവപ്പ് സെലക്റ്റഡ്..
പെങ്ങളുടെ ഫെയർ ആൻഡ് ലൗവലി ഇത്തിരി മുഖത്ത് വാരിതേച്ച് പുറത്തേക്കിറങ്ങുമ്പോൾ
ഉമ്മയുടെ ശബ്ദം..
"നീ ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്നുണ്ടോ..?"
"വേണ്ടാ.... "
ഞാൻ നോക്കുമ്പോൾ മുറ്റത്ത് കസാരകളിൽ എല്ലാം പെണ്ണുങ്ങളും നിരന്നിരിക്കുന്നു.
ശ്ശെ ഇനി ഇവറ്റകളെ എങ്ങനെ കടന്നു പോകും
വല്ലാത്ത പണി തന്നെ.
ഞാൻ ഒരു പാട്ട് പാടി കൊണ്ട് ഒന്നുമറിയാത്തവനെപ്പോലെ പുറത്തേക്കിറങ്ങി.. അവരെ കടന്നതുംപുറകിൽ നിന്നാരോ പറഞ്ഞു.
"ഞങ്ങള് കണ്ടു ഉമ്മാ എടുത്തോണ്ട് വരുന്നത്.
നീലയാണോ ചുവപ്പാണോ അതൊ കറുപ്പാണോ??"
ആ ചോദ്യം ചങ്കിലേക്കൊരു ഇടിത്തിപോലെ വന്നു വീണു..
അവർക്ക് മുഖം കൊടുക്കാതെ വേഗംബൈക്ക് സ്റ്റാർട്ട് ചെയ്തവിടെന്ന് പാഞ്ഞു...
"പുഞ്ചിരി ആർട്ട്സ് & സ്പോർട്ട് ക്ലബ് "
ഞങ്ങളുടെ സ്വന്തം ക്ലബ്.
ക്ലബിനു മുന്നിലെ നീണ്ട ബെഞ്ചിൽ ചങ്കുകൾ
അഖിൽ സാദിഖ് ഷറഫ് ജാക്സൺ ഷാമോൻ സൂചി കുത്താനൊരു ഗ്യാപ്പില്ലാതെ ഞെരുങ്ങിയിരിക്കുന്നു.. ഇത്ര ആത്മാർതയോടെ സ്നേഹത്തോടെ ഇരിക്കാൻ കാരണം മുന്നിലെ ബസ്സ്റ്റോപ്പാണ്..
അവിടെ തരുണിമണികൾ കൂട്ടത്തോടെ നിൽക്കുന്നു.. അതിനാൽ രാവിലെയും വൈകിട്ടും ഇവരിവിടെ കാണും.
പെട്ടെന്ന് അഖിൽ എന്നിലൂടെ നിങ്ങളോട്.
"ഈ പറയുന്ന കേട്ടതോന്നും ഇവൻ പുണ്യാളനാണെന്ന്..!"
ചെറിയ ചമ്മലോടെ ഞാൻ നിങ്ങളോട്..
"ഞാനും... "
ബൈക്ക് ഒതുക്കി വെച്ച് ക്ലബിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കണാരൻ ചേട്ടൻ മുന്നിലേക്ക് ഓടി വന്നു.
"മോനേ മുനീറെ ഇന്നാ നിന്റെ ടിക്കറ്റ് "
കണാരൻ ചേട്ടന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി കാശ് കൊടുത്തു.ഇത് പതിവാണ് പുള്ളിക്കാരന്റെ കയ്യിൽ നിന്നും എന്നുമൊരു ടിക്കറ്റ്..
ക്ലബിനകത്ത് മെബൈലിൽ കുത്തി കുറിച്ചു കൊണ്ടിരിക്കുന്നു ഷെഫീക്ക് മച്ചാൻ...
"മച്ചാനേ പുതിയ കഥ വല്ലതുമാണോ?"
ഒരു ചിരിയോടെ ഷെഫീക്ക് എന്നോട് പറഞ്ഞു.
"ഒരു സിനിമയുടെ തിരക്കഥ എഴുതുകയാണ് മുത്തേ! തലവര ശരിയാണേൽ ഞാൻ രക്ഷപ്പെടും കൂടെ നിങ്ങളും.."
"കുറെ നാളായല്ലോടാ നീ ഈ കുത്തി കുറിക്കൽ തുടങ്ങിയിട്ട് ഒന്നു രക്ഷപ്പെട്ടു കണ്ടാ മതി"
ഞാനൊന്ന് ചിരിച്ച് കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ 'പുന്നാര 'ബസിലെ ഡ്രൈവർ പഞ്ചാര ബിജു കൈ വീശി കാണിച്ചു കൊണ്ട് വണ്ടിയെടുക്കുന്നു..
ബസ് മുന്നോട്ട് നീങ്ങിയതും... പുറകിൽ ഒരു പെൺകുട്ടി ഓടി വരുന്നു..
"ആള് കേറാനുണ്ട് നിർത്തണേ"
ഒരു നിമിഷം ഞാനൊന്ന് പകച്ചുപ്പോയ്
വെള്ളാരം കണ്ണുകൾ! വെളുത്ത നിറമുള്ള വട്ട മുഖത്തിലെ ചുവന്ന ചുണ്ടുകൾ!
തലയിലെ തട്ടമൂർന്നു വീണപ്പോൾ അവളുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നു.. എന്റെ സ്വപ്നത്തിലെ സുന്ദരി!
പുറകിൽ നിന്നും ശറഫിന്റെ ശബ്ദം..
"...നാദിയ... "
ഞാൻ ഷറഫിനെ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ബസിനു പുറകിലാണ്.
സാദിഖ് ദുഖഭാവത്തോടെ ആരോടെന്നില്ലാതെ പറഞ്ഞു..
"എന്റെ നാദിയമോൾ... ഇനി വൈകിട്ടാണല്ലോ കാണാൻ പറ്റുകയുള്ളു.. "
എന്റെ ചങ്ക് പെടക്കുകയായിരുന്നു. തന്റെ പ്രണയത്തെ പടച്ചോൻ സ്വപ്നത്തിലൂടെ കാട്ടി തന്നിരിക്കുന്നു.
ഞാൻ വേഗം ബെഞ്ചിലിരിക്കുന്ന ഷാമോന്റെ
തോളിൽ കൈയിട്ടു. അവൻ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പതിയെ അവനോട് "നാദിയ !"
ഇത് വേറൊന്നുമല്ലാ ഇവിടെയുള്ള എല്ലാ പെൺക്കുട്ടികളുടെയും സകല വിവരങ്ങളും അറിയാവുന്നത് അവനാണ്.. ആ കാര്യത്തിൽ ഇവൻ പുലിയാണ്...
"നമ്മുടെ പളളിമുക്കിലെ പ്ലൈവുഡ് കമ്പനി നടത്തുന്ന ജമാലിക്കാടെ മകൾ. ബാംഗ്ലൂരിലെ പഠിത്തം കഴിഞ്ഞ് രണ്ടാഴ്ച്ചയായി നാട്ടിലെത്തിയിട്ട്. നമ്മുടെ വിദ്യനികേതൻ സ്കൂളിലെ കംപ്യൂട്ടർ ടീച്ചർ.."
അവനൊരു മുത്തം കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. എന്തോ ഇന്ന് പ്രകൃതിയൊക്കെ മാറിയതു പോലെ. എന്നിലേക്കടിച്ചുകയറുന്ന കാറ്റിന് പൂക്കളുടെ ഗന്ധം.. ഞാനും പ്രണയിക്കാൻ തുടങ്ങുന്നു..
സ്വപ്നത്തെകുറിച്ച് കൂട്ടുകാരോട് പറഞ്ഞപ്പോൾ ചില എതിർപ്പുകൾക്കൊടുവിൽ ഒരു കുപ്പി പൊട്ടിയപ്പോൾ എല്ലാവരും എനിക്ക് പിൻതുണ പ്രക്യാപിച്ചു..
അവളുടെ പിന്നാലെ ഞാൻ പ്രണയാതുരതനായ് അലയാൻ തുടങ്ങി.. എന്റെ അവളിലേക്കുള്ള നോട്ടങ്ങൾക്ക് അവളുടെ തുറിപ്പിച്ചുള്ള നോട്ടങ്ങൾ മാത്രമായിരുന്നു മറുപടികൾ.. ഒടുവിലെപ്പോഴൊ അവളുടെ വെള്ളാരം കണ്ണുകളിൽ എന്നോടുള്ള പ്രണയത്തിന്റെ തിളക്കം..
പിന്നിടങ്ങോട്ട് കത്തി പടരുകയായിരുന്നു ഞങ്ങളുടെ പ്രണയം.. പ്രണയസാഗരത്തിൽ ഞങ്ങൾ നീന്തി തുടിച്ചു... എല്ലാ പ്രണയത്തിലും ബാധിക്കുന്ന ആ വലിയ രോഗം ഞങ്ങൾക്കിടയിലും ബാധിച്ചു. പ്രണയസാഗരത്തിൽ നീന്തി കൊണ്ടിക്കുമ്പോഴാണ് വലിയൊരു തിരമാല എന്നെ വിഴുങ്ങിയത്.. അവളുടെ വിവാഹം!!
ഉപ്പാനെ എതിർക്കാനുള്ള ശക്തി അവൾക്കില്ലാത്രെ.. ചങ്ക് പൊട്ടി തകരുന്ന വേദന.. ക്ലബിനകത്ത് ഞാൻ ചടഞ്ഞുകൂടി. കണാരൻ ചേട്ടനും കൂട്ടുകാരും എന്നെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു..
അങ്ങനെ ആ ദിവസമെത്തി നാദിയയുടെ നിക്കാഹ്!
നാടൊട്ടുക്ക് ക്ഷണമുള്ള വലിയ കല്യാണം..
ആകെ ശോകമൂകമായ അന്തരിക്ഷം.. ഇന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ നാദിയ വേറൊരാൾക്ക് സ്വന്തം. സഹിക്കാൻ കഴിയുന്നതിലപ്പുറം.. എന്റെ നിരാശയുടെ ചങ്കത്തേക്ക് ജാക്സൺ ചങ്ക് ഒരു കുപ്പി കൊണ്ടുവന്നു വെച്ചു.കുപ്പിക്ക് ചുറ്റും ഞങ്ങൾ
വട്ടം കൂടി..
"മദ്യപാനം ആരോഗ്യത്തിന് ഹാനികരം "
മദ്യം തലക്ക് പിടിച്ചപ്പോൾ എന്നിലെ കാമുക ഹൃദയം തേങ്ങി..
"എനിക്ക് എന്റെ നാദിയയെ കാണാണം അവസാനമായി അവളുടെ വെള്ളാരം കണ്ണുകളിലേക്ക് നോക്കി സംസാരിക്കണം
ചങ്കുകളെ മുത്തുകളെ കൂടെ വരില്ലേടാ "
അങ്ങനെ നാദിയയുടെ വീടിന്റെ പുറകിലെ മതിലു ചാടി കടന്ന് ഞാൻ അകത്തേക്ക് കയറുമ്പോൾ
ജാക്സൺ എന്നോട് പറഞ്ഞു..
"മുനീറേ അലമ്പൊന്നും ഉണ്ടാക്കരുത് ഞങ്ങളിവിടെ നിൽക്കാം വേഗം വരണം "
ഒടുവിൽ നാദിയയെ കണ്ട് സംസാരിച്ച് തിരിച്ചു മതിലു ചാടി കടക്കുമ്പോൾ
ചങ്കുകൾ എന്നെ കാത്ത് അവിടെയുണ്ടായിരുന്നു..
വല്ലാത്ത ദുഖഭാരത്തോടെ ഞാൻ വിട്ടിലേക്ക് നടന്നു. ഹൃദയം ശൂന്യമായതു പോലെ.
വാതിൽ തുറന്ന ഉമ്മാക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേക്ക് കയറി..
തലയിണ കെട്ടിപ്പിടിച്ച് ദുഖഭാരം മൊത്തം ഞാൻ പൊട്ടി കരഞ്ഞു തീർത്തു.......
"മുനീറേ ടാ മുനിറേ"
ഞാൻ വല്ലാതെ കുലുങ്ങുന്നു.. ഉമ്മാ എന്നെ കുലുക്കി വിളിക്കുകയാണ്..
"പുറത്ത് നിന്റെ കൂട്ടുകാർ വന്നു നിൽക്കുന്നു"
പുതപ്പ് മാറ്റിയപ്പോൾ മുണ്ട് കാണുന്നില്ലാ..
ഒടുവിൽ കട്ടിലിന്റെ തലക്കൽ നിന്നും മുണ്ട് കണ്ടെടുത്തു.. പുറത്ത്
എല്ലാ ചങ്കുകളും കൂടെ കണാരേട്ടനും
സാദിഖ് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ കണാരേട്ടന്റെ ശബ്ദം...
"മുനീറേ ചക്കരെ 2 കോടിയുടെ ലോട്ടറി നിനക്കാടാ അടിച്ചത് "
ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി
പെട്ടെന്ന് ഞാൻ തലയിൽ കൈ വെച്ച് തുണിലൂടെ താഴെക്ക് ഊർന്നിരുന്നു..
എല്ലാവരും എന്റെ വട്ടം കൂടി..
"എന്തു പറ്റിയടാ " ആവലാതിയോടെ കണാരേട്ടൻ ചോദിച്ചു..
ഞാൻ പറഞ്ഞു.
" എനിക്കൊരു ഫ്ലാഷ്ബാക്ക് വേണം"
ഇന്നലെത്തെ നാദിയയുടെ കല്യാണ രാത്രി!
ഞാൻ മതിലു ചാടി കടന്ന് നാദിയയുടെ മുറിയുടെ ജനാലകരികിൽ എത്തി. പതിയെ മുട്ടിവിളിച്ചു.. പലതവണ ഈ ജനൽപാളികൾ എന്റെ മുട്ട് ഏറ്റുവാങ്ങിയിട്ടുള്ളതാണ്.. ജനൽപാളി തുറക്കപ്പെട്ടു.. നാദിയ
"മുനിറേ എന്തായിത്? ഈ അസമയത്ത്?"
"എനിക്ക് നിന്നോട് സംസാരിക്കണം!"
"ഇപ്പോഴോ?"
"അതെ ഈ രാത്രി കൂടി കഴിഞ്ഞാൽ........."
എന്റെ തൊണ്ടയിടറി.. എങ്കിൽ വേണ്ടാ
കൂടുതലൊന്നും പറയാനില്ലാ എനിക്ക് പറ്റുന്നില്ലാ.. നിനക്ക് തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലാ... ഞാൻ പോകറ്റിൽ തപ്പിയപ്പോൾ ലോട്ടറി ടിക്കറ്റ് തടഞ്ഞു.. ഇതാണിപ്പോ എന്റെ കയ്യിലുള്ളത്.
ഞാനതെടുത്ത് അവൾക്ക് കൊടുത്തു.. പിന്നെ തിരിഞ്ഞു നടന്നു........
കണാരേട്ടൻ നെഞ്ചത്ത് കൈവെച്ചു..
"ഈശ്വരാ രാ രാ ബല്ലാത്ത ഫ്ലാഷ് ബാക്കായി പോയി.... "
കൂട്ടത്തിൽ നിന്നും ഷെഫീക്ക് പറഞ്ഞു...
"പെണ്ണും പോയി അടിച്ച ലോട്ടറിയും പോയി!"

- പെരുമ്പാവൂരുകാരൻ ഷെഫീക്ക്-

കാമുകി (ചെറുകഥ)


ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അവനോടൊപ്പം നടക്കുംമ്പോൾ ഭയമുണ്ടായിരുന്നെനിക്ക്..
"എടാ ഇപ്പോ വേണ്ടാന്നൊരു തോന്നൽ..."
അവൻ തിരിഞ്ഞെന്നെ നോക്കി കൊണ്ട് പറഞ്ഞു.
"ടാ കോപ്പേ നിനക്കായിരുന്നല്ലോ മൂപ്പ് എന്നിട്ട്.. നടന്നോ എന്റെ കൂടെ..''
ഇരുട്ടിൽ ചീവിടിന്റെറ ശബ്ദവും അവന്റെ വലിയ പല്ലുകളുടെ തിളക്കവും...
അവസാനം ഒരു ഓടുമേഞ്ഞ വീടിന്റ വാതിലിൽ അവൻ മുട്ടീ.
വാതിൽ തുറക്കപ്പെട്ടു.
''ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കേറിക്കോ.."
അവൻ മുരണ്ടു.
അകത്തേക്ക് കയറുംമ്പോൾ ഏതോ സോപ്പിന്റെ സുഗന്ധം.
സന്തൂറാണോ..റെക്സോണ, പിയേഴ്സ്..?
സന്തുറാണ് ഞാൻ ഉറപ്പിച്ചു...
"നീ ഇവിടിരുന്നോ ഞാൻ പോയേച്ചു വരാം.. അത് കഴിഞ്ഞ് നീ പോയാ മതീ."
അവൻ പോകാൻ തുനിഞ്ഞപ്പോൾ ഞാൻ.
"അല്ലാ ഞാൻ തനിച്ച്...?
"ടാ കോപ്പേ അവടിരിക്ക്
അവൻ ഗർജ്ജിച്ചു.."
അവന്റെറ ഗർജ്ജനത്തിന് നല്ല വായ്നാറ്റുമുണ്ടായിരുന്നു
ഈ പട്ടിക്ക് ഇതിനു വരുംമ്പോഴെങ്കിലും പല്ലുതേചൂടെ...
ആ ഇരുട്ടുമുറിയിൽ ഞാൻ തനിച്ച്.. ഒരിറ്റു പ്രകാശം പോലുമില്ലാ..
ഇടയ്ക്ക് അകത്തേ മുറിയിൽ നിന്നും ആരോ എന്തോ ഒച്ചവെയ്ക്കുന്ന ശബ്ദവും പാറപൊട്ടിക്കുന്ന പോലത്തെ ചുമയും കേൾക്കുന്നുണ്ട്..
തലകുനിച്ചിരിക്കുമ്പോൾ അവൻ പതുങ്ങി എന്റെടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..
"അവളുടെ കെട്ടിയോൻ അവിടെ കിടപ്പുണ്ട് നല്ല തണ്ണിയാ.. ആ പാമ്പ് പിച്ചും പേയും പറയുന്നതു കേട്ട് നീ ചാടി ഓടരുത് ട്ടാ.."
അവൻ ഇരുട്ടിന്റ്റെ നഗ്നതയിലേക്ക് മറഞ്ഞു..
കാറ്റ് കുറവാണെങ്കിലും കറങ്ങുന്ന ഫാനിന്റെ ഞരക്കത്തിൻറ്റെ ശബ്ദത്തിനൊട്ടും കുറവില്ലാ..
കുറെ നേരം ഇരുട്ടിലേക്ക് നോക്കിയിരുന്നതുകൊണ്ടാവാം ഇപ്പോൾ കാഴ്ചവെക്തമാണ്..
കിതച്ചു വിയർത്ത് അവൻ എന്നരികിലെത്തീ.
"നീ പൊയ്ക്കോ.. "
ഒരു തരം വിറയൽ..
ഞാൻ അകത്തേ ഇരുട്ടിലേയ്ക്ക് നടന്നു.
വീണ്ടും സന്തൂറിന്റെ മണവും അടക്കിപിടിച്ച ശബ്ദവും.
"നോക്കി വരണം തൊട്ടിലിൽ കുഞ്ഞ് കിടപ്പുണ്ട്..
അപ്പുറത്ത് എന്റെ കെട്ടിയവനും.."
അവളുടെ അരികിൽ ഇരിക്കുംമ്പോൾ ചങ്കിൽ പെരുമ്പാറയിടിക്കുന്നതു പോലെ..
അവളെന്നെ തൊട്ടപ്പോൾ ഞാൻ പെട്ടെന്ന് കൈ വലിച്ചു..
"ആദ്യമായിട്ടാണോ..?"
അവൾ ചോദിച്ചു.
അതെയെന്നു ഞാനും..
അവളെന്നെ പുണർന്നപ്പോൾ എന്തോ ഒരു വല്ലായ്മ നെഞ്ചിലൊരു പുകച്ചിൽ..
പെടുന്നന്നെ തൊട്ടിലിൽ കിടക്കുന്ന അവളുടെ കുഞ്ഞുണർന്നു കരയാൻ തുടങ്ങി..
അവളൊന്നു പിടഞ്ഞു.
പിന്നെ കുഞ്ഞിനരികിലേയ്ക്ക് പോയി..
മനസ്സിലൊരു വിങ്ങൽ
ഇങ്ങനെയും ചില ജന്മങ്ങൾ..
വികാരത്തിന് കടിഞ്ഞാണിട്ടിട്ട് പോയ ലോ..
എന്ന് ചിന്തിച്ചപ്പോൾ അവൾ സന്തൂറിന്റെ മണവുമായ് വന്നു.
അവളിലേയ്ക്ക് ഞാനലിഞ്ഞൂ.
ഒടുവിൽ..
ഞാൻ ഷർട്ടിടുംമ്പോൾ അവൾ ചോദിച്ചു..
"പേടിയൊക്കെ മാറിയില്ലെ..!
മദ്യപിച്ചിട്ടുണ്ടല്ലോ..?
എന്നും കുടിക്കുമോ..?
ചെറുതായീ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"എന്റെ നഷ്ടങ്ങളുടെ ചങ്ങാതീയാണ് മദ്യം "
എനിക്കു നിന്റെ മുഖമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്..?"
അതു വേണോ..?
അവൾ തിരിച്ചു ചോദിച്ചു..
"ഞാനാദ്യമായി അറിഞ്ഞപെണ്ണല്ലെ അതാണ് "
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അവൾ അടുത്തിരുന്നൊരു വിളക്കിന് ജീവൻ നൽകി കൊണ്ട്..
"കണ്ടോളു... നിങ്ങളറിഞ്ഞ പെണ്ണ്..!"
അവളെ കണ്ടതും ഞാനൊന്നു വിറച്ചുവോ...
"രേവൂ നീ.....?
എന്നെ തിരിച്ചറിഞ്ഞ പകപ്പിൽ അവൾ.
ഉണ്ണീ....!
ജീവനു തുല്യം സ്നേഹിച്ചവൾ..
അവളെ സ്വന്തമാക്കാൻ കഷ്ടപ്പെട്ട് തോറ്റുപോയ ദിനങ്ങൾ..
അവൾ മുഖം പൊത്തി കരയാൻ തുടങ്ങി..
ആദ്യമായി മോഹിച്ച പെണ്ണിനെ പുണർന്ന ഈ രാത്രീ നിമിഷങ്ങളെ പഴിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി..
"ഉണ്ണീ... "
അവൾ വിളിച്ചു. പക്ഷേ ഭർത്താവിന്റെ ചുമയിൽ അതലിഞ്ഞു പോയ്
... ഷെഫീക്ക് Pbvr.....

അന്ന് കോളേജ് കാലം.


കോഴിക്കോടിന്റെ മണ്ണിലേക്ക് വീടുവിട്ട് പഠിക്കാൻ പോയ കാലം. വീട് വിട്ടുമാറി നിൽക്കുന്നത് പുതിയൊരനുഭവമല്ലാട്ടോ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങി ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്..
പെരുമ്പാവൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള എന്റെ ജീവിതമെന്നിലൊരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എന്റെ ഭാഷ അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
അവര് ഇജ്ജ്..ഓൻ എന്നൊക്കെ പറയുമ്പോ ഞാൻ എന്റെ ശൈലിയിൽ പറയും." ഒന്നു പോടർക്കാ.. നിനക്ക് വേറെ പണിയിലേർക്കാ. എന്നൊക്കെ.കോളേജിൽ പുതിയ സൗഹ്യദങ്ങളും പ്രണയങ്ങളും പൂത്തു വിരിഞ്ഞു.. പഠിക്കാൻ പിറകിലായിരുന്നെങ്കിലും എല്ലാവരെയും ചിരിപ്പിക്കാൻ ഞാൻ മുന്നിലായിരുന്നു. എന്തോ എനിക്ക് പ്രണയത്തിലങ്ങനെ വലിയ വിശ്വാസമൊന്നുമില്ലാ. പത്തിൽ പഠിക്കുമ്പോ ഒരുത്തിയെ പ്രണയിച്ചതിന് ഹോസ്റ്റൽ വാർഡൻ പത്തലുകൊണ്ട് തല്ലീയത് ഇപ്പോഴും ഓർമ്മയിൽ മുഴച്ചു നിൽക്കാണ്.. അവള് അവളുടെ പാട്ടിന് പാട്ടും പാടിപ്പോയി.( ഒരീസം ആ മൂപ്പത്തിയെ ഞാൻ കണ്ടൂട്ടാ.. രണ്ടെണ്ണം കയ്യിലും ഒരണ്ണം ഒക്കത്തും.. ട്രോഫികളെയ്😀)
ഞങ്ങൾ പിള്ളേര് സെറ്റ് രാത്രീ മതിലു ചാടുന്നതിനുകാരണം ലീലയും നവരത്നയുമാണ്.. അതെ തെറ്റിദ്ധരിക്കണ്ടാ രണ്ടും സിനിമാ തിയറ്ററുകളാണ്. അന്നൊക്കെ ചില സിനിമ മോഹങ്ങളും ഉണ്ടായിരുന്നു. അതൊക്കെ ഞങ്ങള് കോളേജിന്റെ സ്റ്റേജില് തീർക്കും..
എല്ലാവരോടും വലിയ ചങ്ങാതമായിരുന്നെനിക്ക് കൂടുതൽ ചങ്ങാതം സൈറബീഗത്തിനോടായിരുന്നു.മലപ്പുറത്തുകാരി സുന്ദരികുട്ടി. അവൾ ആരോടും മിണ്ടാറില്ല. എന്റെ തമാശകൾ കേട്ടല്ലാതെ അവൾ പൊട്ടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ലാ. പലപ്പോഴും ക്ലാസ് കട്ട് ചെയ്യുമ്പോൾ എഴുതാൻ വിട്ടു പോകുന്ന നോട്ടുകൾ എല്ലാം എനിക്കെഴുതി തരുമായിരുന്നു.എന്റെ അസൈൻമെന്റുകൾ എല്ലാം അവൾ തന്നെ.. ഇന്റർവൽ സമയത്ത് അവൾ എന്റെടുത്തേക്കു വരും എന്റെ പെരുമ്പാവൂരൻ വെടിക്കഥകൾ കേൾക്കാൻ.
അന്നൊരു പനി പിടിച്ച് കിടക്കുമ്പോൾ മെൻസ് ഹോസ്റ്റാലാണെന്നു നോക്കാതെ അവൾ എന്റടുത്തു വന്നതും കുറെ ഫ്രൂട്ട്സുകളൊക്കെ തന്നിട്ട് കുറെ വർത്തമാനങ്ങൾ പറഞ്ഞിരുന്നതും.
പലരും എന്നോട് ചോദിച്ചു നിങ്ങൾ പ്രണയത്തിലാണൊന്ന്. ഞാൻ ചിരിച്ചു തള്ളി.ഇഷ്ടമാണ് പക്ഷേ പ്രണയിക്കുന്നതിനേക്കാളും അപ്പുറത്ത്. അവൾ എന്റടുത്തിരിക്കുംമ്പോൾ വല്ലാത്തൊരനുഭൂതിയായിരുന്നു. അവൾക്കെന്നോട് അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ലാ. ചിലപ്പോഴൊക്കെ എന്നുള്ളിലെ ഇഷ്ടം അവളോട് പറഞ്ഞാലോയെന്നു തോന്നുമായീരുന്നു പിന്നെയത് വേണ്ടാന്നു വെയ്ക്കും.ഒരു ദിവസം ക്ലാസിലെ പഠിപ്പിസ്റ്റിനോടവൾ ചൂടാവുന്നത് കണ്ടു. എന്റടുത്ത് വന്നിരുന്നപ്പോൾ ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു. അവൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞത്രെ. അതിനാണ് അവൾ ചുടായത്. പ്രണയിക്കുന്നത് അവൾക്ക് ഇഷ്ടമല്ലാ. അതിനവൾ കാരണവും പറഞ്ഞു. അവളുടെ ഉപ്പായും ഉമ്മയും പ്രണയിച്ചു കല്യാണം കഴിച്ചതാണ്. പക്ഷേ ഇപ്പോ അവർ പിരിഞ്ഞാണ് ജീവിക്കുന്നത് .നന്നായീ വല്ലതും പറഞ്ഞു ഞാനാ ഫ്രണ്ട്ഷിപ്പ് കളഞ്ഞേനേ.. അങ്ങനെ മൂന്നു വർഷം കഴിഞ്ഞു. ഞങ്ങടെ കോളേജ് ജീവിതം തീർന്ന നിമിഷം.ഓട്ടോഗ്രാഫുകളുടെ പേജുകൾ എഴുതി തീർന്നു. അവസാന ദിവസം ക്ലാസ് മുറി ഉൽസവം പോലെ.. യുണിഫോമുകളിൽ പരസ്പരം കട്ട മഷി പേന കൊണ്ട് ഓടിച്ചിട്ട് കുത്തി കുറിച്ചിടാൻ മൽസരം.
ആഹ്ലദ തിമിർപ്പിനിടയിൽ ഞാൻ സൈറബീഗത്തിനെതിരഞ്ഞു. അവൾ ഞങ്ങളെന്നുമിരിക്കുന്ന സ്ഥലത്ത് ഒറ്റയ്ക്കിരിക്കുന്നു. ഞാൻ അവളുടെ അടുത്തിരുന്നു.
"എന്താടോ താൻ ഒറ്റക്കിരിക്കുന്നത്.."?
അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. അവളിപ്പോ കരയുമെന്നെനിക്കു തോന്നീ.ഒരുനിമിഷം അവളെന്നെ കെട്ടിപ്പുണർന്നു കൊണ്ട് പറഞ്ഞു.
"നിന്നെ പിരിയാൻ എനിക്കാവില്ലാ ടാ.. അത്രയ്ക്കു ഞാൻ നിന്നെ സ്നേഹിച്ചുപ്പോയ്.. "
എന്റെ കണ്ണും നിറഞ്ഞു.
ക്ലാസ് മുറിയിലെ ആഹ്ലാദ തിമിർപ്പുകൾ ഒരു നിമിഷം നിലച്ചു.എല്ലാ കണ്ണുകളും ഞങ്ങളിലേക്കായ്.ഒരു കരച്ചിലോടെ അവൾ പുറത്തേക്ക് ഓടി...
-പെരുമ്പാവൂരുകാരൻ ഷെഫീക്ക്-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo