കോഴിക്കോടിന്റെ മണ്ണിലേക്ക് വീടുവിട്ട് പഠിക്കാൻ പോയ കാലം. വീട് വിട്ടുമാറി നിൽക്കുന്നത് പുതിയൊരനുഭവമല്ലാട്ടോ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങി ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്..
പെരുമ്പാവൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള എന്റെ ജീവിതമെന്നിലൊരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എന്റെ ഭാഷ അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
അവര് ഇജ്ജ്..ഓൻ എന്നൊക്കെ പറയുമ്പോ ഞാൻ എന്റെ ശൈലിയിൽ പറയും." ഒന്നു പോടർക്കാ.. നിനക്ക് വേറെ പണിയിലേർക്കാ. എന്നൊക്കെ.കോളേജിൽ പുതിയ സൗഹ്യദങ്ങളും പ്രണയങ്ങളും പൂത്തു വിരിഞ്ഞു.. പഠിക്കാൻ പിറകിലായിരുന്നെങ്കിലും എല്ലാവരെയും ചിരിപ്പിക്കാൻ ഞാൻ മുന്നിലായിരുന്നു. എന്തോ എനിക്ക് പ്രണയത്തിലങ്ങനെ വലിയ വിശ്വാസമൊന്നുമില്ലാ. പത്തിൽ പഠിക്കുമ്പോ ഒരുത്തിയെ പ്രണയിച്ചതിന് ഹോസ്റ്റൽ വാർഡൻ പത്തലുകൊണ്ട് തല്ലീയത് ഇപ്പോഴും ഓർമ്മയിൽ മുഴച്ചു നിൽക്കാണ്.. അവള് അവളുടെ പാട്ടിന് പാട്ടും പാടിപ്പോയി.( ഒരീസം ആ മൂപ്പത്തിയെ ഞാൻ കണ്ടൂട്ടാ.. രണ്ടെണ്ണം കയ്യിലും ഒരണ്ണം ഒക്കത്തും.. ട്രോഫികളെയ്
ഞങ്ങൾ പിള്ളേര് സെറ്റ് രാത്രീ മതിലു ചാടുന്നതിനുകാരണം ലീലയും നവരത്നയുമാണ്.. അതെ തെറ്റിദ്ധരിക്കണ്ടാ രണ്ടും സിനിമാ തിയറ്ററുകളാണ്. അന്നൊക്കെ ചില സിനിമ മോഹങ്ങളും ഉണ്ടായിരുന്നു. അതൊക്കെ ഞങ്ങള് കോളേജിന്റെ സ്റ്റേജില് തീർക്കും..
എല്ലാവരോടും വലിയ ചങ്ങാതമായിരുന്നെനിക്ക് കൂടുതൽ ചങ്ങാതം സൈറബീഗത്തിനോടായിരുന്നു.മലപ്പുറത്തുകാരി സുന്ദരികുട്ടി. അവൾ ആരോടും മിണ്ടാറില്ല. എന്റെ തമാശകൾ കേട്ടല്ലാതെ അവൾ പൊട്ടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ലാ. പലപ്പോഴും ക്ലാസ് കട്ട് ചെയ്യുമ്പോൾ എഴുതാൻ വിട്ടു പോകുന്ന നോട്ടുകൾ എല്ലാം എനിക്കെഴുതി തരുമായിരുന്നു.എന്റെ അസൈൻമെന്റുകൾ എല്ലാം അവൾ തന്നെ.. ഇന്റർവൽ സമയത്ത് അവൾ എന്റെടുത്തേക്കു വരും എന്റെ പെരുമ്പാവൂരൻ വെടിക്കഥകൾ കേൾക്കാൻ.
അന്നൊരു പനി പിടിച്ച് കിടക്കുമ്പോൾ മെൻസ് ഹോസ്റ്റാലാണെന്നു നോക്കാതെ അവൾ എന്റടുത്തു വന്നതും കുറെ ഫ്രൂട്ട്സുകളൊക്കെ തന്നിട്ട് കുറെ വർത്തമാനങ്ങൾ പറഞ്ഞിരുന്നതും.
പലരും എന്നോട് ചോദിച്ചു നിങ്ങൾ പ്രണയത്തിലാണൊന്ന്. ഞാൻ ചിരിച്ചു തള്ളി.ഇഷ്ടമാണ് പക്ഷേ പ്രണയിക്കുന്നതിനേക്കാളും അപ്പുറത്ത്. അവൾ എന്റടുത്തിരിക്കുംമ്പോൾ വല്ലാത്തൊരനുഭൂതിയായിരുന്നു. അവൾക്കെന്നോട് അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ലാ. ചിലപ്പോഴൊക്കെ എന്നുള്ളിലെ ഇഷ്ടം അവളോട് പറഞ്ഞാലോയെന്നു തോന്നുമായീരുന്നു പിന്നെയത് വേണ്ടാന്നു വെയ്ക്കും.ഒരു ദിവസം ക്ലാസിലെ പഠിപ്പിസ്റ്റിനോടവൾ ചൂടാവുന്നത് കണ്ടു. എന്റടുത്ത് വന്നിരുന്നപ്പോൾ ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു. അവൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞത്രെ. അതിനാണ് അവൾ ചുടായത്. പ്രണയിക്കുന്നത് അവൾക്ക് ഇഷ്ടമല്ലാ. അതിനവൾ കാരണവും പറഞ്ഞു. അവളുടെ ഉപ്പായും ഉമ്മയും പ്രണയിച്ചു കല്യാണം കഴിച്ചതാണ്. പക്ഷേ ഇപ്പോ അവർ പിരിഞ്ഞാണ് ജീവിക്കുന്നത് .നന്നായീ വല്ലതും പറഞ്ഞു ഞാനാ ഫ്രണ്ട്ഷിപ്പ് കളഞ്ഞേനേ.. അങ്ങനെ മൂന്നു വർഷം കഴിഞ്ഞു. ഞങ്ങടെ കോളേജ് ജീവിതം തീർന്ന നിമിഷം.ഓട്ടോഗ്രാഫുകളുടെ പേജുകൾ എഴുതി തീർന്നു. അവസാന ദിവസം ക്ലാസ് മുറി ഉൽസവം പോലെ.. യുണിഫോമുകളിൽ പരസ്പരം കട്ട മഷി പേന കൊണ്ട് ഓടിച്ചിട്ട് കുത്തി കുറിച്ചിടാൻ മൽസരം.
ആഹ്ലദ തിമിർപ്പിനിടയിൽ ഞാൻ സൈറബീഗത്തിനെതിരഞ്ഞു. അവൾ ഞങ്ങളെന്നുമിരിക്കുന്ന സ്ഥലത്ത് ഒറ്റയ്ക്കിരിക്കുന്നു. ഞാൻ അവളുടെ അടുത്തിരുന്നു.
"എന്താടോ താൻ ഒറ്റക്കിരിക്കുന്നത്.."?
അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. അവളിപ്പോ കരയുമെന്നെനിക്കു തോന്നീ.ഒരുനിമിഷം അവളെന്നെ കെട്ടിപ്പുണർന്നു കൊണ്ട് പറഞ്ഞു.
"നിന്നെ പിരിയാൻ എനിക്കാവില്ലാ ടാ.. അത്രയ്ക്കു ഞാൻ നിന്നെ സ്നേഹിച്ചുപ്പോയ്.. "
എന്റെ കണ്ണും നിറഞ്ഞു.
ക്ലാസ് മുറിയിലെ ആഹ്ലാദ തിമിർപ്പുകൾ ഒരു നിമിഷം നിലച്ചു.എല്ലാ കണ്ണുകളും ഞങ്ങളിലേക്കായ്.ഒരു കരച്ചിലോടെ അവൾ പുറത്തേക്ക് ഓടി...
-പെരുമ്പാവൂരുകാരൻ ഷെഫീക്ക്-

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക