Slider

തെരുവിൻ്റെ മക്കൾ

0

ഇതൊരു സംഭവകഥയാണ് ...
എന്റെ സുഹൃത്ത് അവളുടെ അനുഭവം എന്നോട് പറഞ്ഞപ്പോൾ അത് നിങ്ങളോടും കൂടി പങ്കു വെക്കണമെന്ന് തോന്നി ....
വീണ (പേര് സാങ്കൽപ്പികം) മുംബൈ സ്വദേശിയാണ് . മുംബൈ എന്ന മഹാനഗരത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളത് തന്നെ ഇന്ത്യയിലെ പ്രാധാന നഗരങ്ങളിൽ ഒന്നായാണ് . വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് താമസിക്കുന്ന ആളുകളാണ് അവിടെ കൂടുതൽ . സിനിമാ മോഹവുമായോ അല്ലെങ്കിൽ എന്തെങ്കിലും ജോലി തേടിയോ വന്നുപെട്ടവർ . അധോലോക സംഘങ്ങളുടെയും ചുവന്ന തെരുവിന്റെയും നഗരം . എന്നാൽ അവിടെയുമുണ്ട് പട്ടിണി പാവങ്ങൾ ഒരു നേരത്തെ അന്നത്തിനായി ഇരന്നു ജീവിക്കുന്നവർ അങ്ങനെ അങ്ങനെ എത്രയോ പേർ ...
വീണയും കൂട്ടുകാരും എന്നും വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോകും . അടുത്തുള്ള പാർക്കിൽ കൂട്ടുകാരുമൊത്ത് കളിച്ച് ചിരിച്ച് ചെറിയ ഒരു സായാഹ്നസവാരി . അങ്ങനെ ഒരു വൈകുന്നേരം വീണയും സുഹൃത്ത് മോഹനും പാർക്കിലെ ഒരു മരച്ചുവട്ടിൽ സംസാരിച്ചിരിക്കയായിരുന്നു . അവളുടെ കൈയിൽ ഒരു ചെറിയ കടലയുടെ പൊതിയുണ്ട് അതും കൊറിച്ച് കൊണ്ട് അവർ സംസാരം തുടർന്നു . അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത്. തങ്ങളെ നോക്കി ഒരു ചെറിയ കുട്ടി അടുത്ത് മാറി നിൽക്കുന്നു . ഒരു 4 വയസ് പ്രായം തോന്നിക്കും . മുഷിഞ്ഞ ബനിയനും ട്രൗസറുമാണ് വേഷം . അവന്റെ നോട്ടം അവളുടെ കൈയിലെ പൊതിയിലേക്ക് ആണ് . അവൾ പതിയെ അവന്റെ അരികിലേക്ക് ചെന്നു . കടല അവന്റെ നേർക്ക് നീട്ടി . ആദ്യമൊന്നു മടിച്ചെങ്കിലും അവൻ അത് വാങ്ങി ആർത്തിയോടെ തിന്നാൻ തുടങ്ങി . അവൾ അവനെ വിളിച്ച് അടുത്തിരുത്തി .
നീ ഭക്ഷണം കഴിച്ചില്ലേ ? അവൾ ചോദിച്ചു
ഇല്ല എന്ന അർത്ഥത്തിൽ അവൻ തല വെട്ടിച്ചു
എവിടെയാ നിന്റെ വീട് ?
അവൻ അടുത്തുള്ള ചേരിയിലേക്ക് വിരൽ ചൂണ്ടി
നീ എന്താ ഭക്ഷണം കഴിക്കാത്തത് ? നിന്റെ അമ്മ എവിടെ ? അവൾ തിരക്കി
എനിക്ക് അമ്മയില്ല .. അവൻ പറഞ്ഞു
പിന്നെ ആരാ ഉള്ളത്? അവൾ ചോദിച്ചു
ചേച്ചിയുണ്ട് അതാ അവിടെ .. ദൂരെ നിൽക്കുന്ന പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടി. കുറച്ചകലെയായി ഒരു പെൺകുട്ടി ഒരു ചെറിയ കൈകുഞ്ഞിനേയും എടുത്ത് കൊണ്ട് ഭിക്ഷ യാചിക്കുന്നത് അവൾ കണ്ടു .
നിനക്ക് ഞാൻ ഭക്ഷണം വാങ്ങിത്തരാം .
അവൾ മോഹനോട് ഭക്ഷണം വാങ്ങി വരാൻ ആവശ്യപ്പെട്ടു . അടുത്തുള്ള ഹോട്ടലിൽ നിന്നവൻ ഭക്ഷണം വാങ്ങി വന്നു . ഭക്ഷണപ്പൊതി കണ്ടതും അവൻ അതു വാങ്ങി ആർത്തിയോടെ കഴിക്കാൻ തുടങ്ങി .
പതുക്കെ കഴിച്ചാൽ മതി മുഴുവനും നിനക്കുള്ളതാ .
എത്ര ദിവസായി നീ ഭക്ഷണം കഴിച്ചിട്ട് ? അവൾ ചോദിച്ചു
ഒരു നിമിഷം ചിന്തിച്ച ശേഷം അവൻ പറഞ്ഞു എനിക്ക് അറിയില്ല ...
സാരല്യ ചേച്ചി ഇനി നിനക്ക് എന്നും ഭക്ഷണം കൊണ്ടുത്തരാട്ടോ ... അവൾ പറഞ്ഞു
സന്തോഷത്താൽ അവൻ തലയാട്ടി .
ചില പ്രശ്നങ്ങളാൽ പിറ്റേ ദിവസം അവൾക്ക് പുറത്ത് പോകാൻ സാധിച്ചില്ല . അതിനടുത്ത ദിവസം പുറത്തേക്ക് പോന്നപ്പോൾ ഒരു പൊതി ഭക്ഷണം അവനു വേണ്ടി അവൾ കരുതിയിരുന്നു.
അവൾ അതുമായി ആ പാർക്കിലേക്ക് ചെന്നു . പക്ഷേ കുറേ തിരഞ്ഞെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല . അവൾ അവനെ അന്വേഷിച്ച് ആ ചേരിയുടെ ഭാഗത്തേക്ക് പോയി . എത്ര നോക്കിയിട്ടും നിരാശയായിരുന്നു ഫലം . അങ്ങനെ നടന്ന് അവൾ ചേരിയുടെ ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തി . പെട്ടെന്ന് ഒരു മൺകൂനയിൽ കാൽ തട്ടി അവൾ നിലത്തേക്ക് വീണു . പതിയെ എഴുന്നേറ്റ അവൾ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . ആ മൺകൂനയിലെ ഒരു തുണിക്കഷണത്തിൽ തട്ടിയാണ് അവൾ വീണത് .
അതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അവൾ പതിയെ മണ്ണ് മാറ്റി നോക്കി . പെട്ടെന്ന് ഭയന്ന് നിലവിളിച്ചവൾ പിന്നോക്കം മറിഞ്ഞു . കഴിഞ്ഞ ദിവസം താൻ ഭക്ഷണം നൽകിയ കുട്ടിയുടെ ചേതനയറ്റ ശരീരമായിരുന്നു അത് .
ആരോ മണ്ണുമാന്തി മൂടി വെച്ചത് പോലെയായിരുന്നു ആ ശവശരീരം കാണപ്പെട്ടത്.
അവൾക്ക് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല . കരഞ്ഞുകൊണ്ടവൾ സഹായത്തിനായി ചുറ്റും നോക്കി . പെട്ടെന്നാണ് അവൾ അവൻ പരിചയപ്പെടുത്തിയ ചേച്ചിയേ കുറിച്ചോർത്തത് . അവൾ വേഗം ചേരിയിലേക്ക് അവളെ അന്വേഷിച്ച് ചെന്നു .
അധികം അന്വേഷിക്കുന്നതിന് മുൻപ് തന്നെ ആ പെൺകുട്ടിയെ അവൾ കണ്ടെത്തി .അവളോട് അവനെ കുറിച്ചന്വേഷിച്ചപ്പോൾ ഇന്നലെ മുതൽ അവനെ അവൾ കണ്ടിട്ടില്ലെന്ന് പറഞ്ഞു .
ആ പെൺകുട്ടിയേയും കൂട്ടി അവൾ അവന്റെ ശവശരീരത്തിനടുത്തേക്ക് പോയി . അവന്റെ ശരീരം കണ്ടിട്ടും അവളുടെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല .
ചേച്ചി എന്തിനാ ഇതൊക്കെ നോക്കുന്നേ? ഇതൊക്കെ ഇവിടെ പതിവാ . ഇന്നു കാണുന്ന വരെ നാളെ കാണില്ല . ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുല്ല . തെരുവിൽ ജനിച്ച് തെരുവിൽ ജീവിച്ച് തെരുവിൽ തന്നെ മരിച്ചു വീഴുന്നവരാ ഞങ്ങൾ . ചേച്ചി വിഷമിക്കണ്ട . ഇവിടെ കിടന്ന് ശവം നാറുമ്പോൾ മുൻസിപ്പാലിറ്റിക്കാര് വന്ന് കൊണ്ടു പൊക്കോളും ഇത്രയും പറഞ്ഞ് അവൾ തിരിച്ചു പോയി .
വീണക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇത്രയും വലിയ നഗരത്തിൽ പട്ടിണിയും ദാരിദ്രവും കൊണ്ട് ജീവിച്ചു മരിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ടെന്ന സത്യം അവൾക്ക് ബോധ്യപ്പെട്ടു . അവൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ശവം നീക്കം ചെയ്തു. ഇത് എങ്ങനെ സംഭവിച്ചെന്നോ ആരു ചെയ്തെന്നോ പോലീസ് പോലും അന്വേഷിച്ചില്ല. എന്തിന് ഇതിനെ കുറിച്ച് പറഞ്ഞ അവളോട് നിനക്കൊന്നും വേറേ പണിയില്ലേ ? മനുഷ്യനെ മെനക്കെടുത്താനായി എന്ന് പറഞ്ഞ് പോലീസ് ഒച്ചവെക്കുക കൂടി ചെയ്തു .
പിന്നീട് പുറത്തേക്ക് പോകുമ്പോൾ വീണയും കൂട്ടുകാരും ഒരു പൊതി ഭക്ഷണം കരുതാൻ മറക്കാറില്ല . തങ്ങളാലാവുന്ന വിധം കുറച്ചു പേരുടെ എങ്കിലും വിശപ്പ് മാറ്റാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിൽ ...
ഒന്ന് ചിന്തിച്ചു നോക്കൂ . വികസന രാജ്യമാണെന്ന് വീമ്പിളക്കുന്ന നമ്മുടെ ഇന്ത്യയിൽ പട്ടിണിയും ദാരിദ്രവും ഇന്നും കൊടികുത്തി വാഴുന്നുണ്ട് . ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന അധികാര സമൂഹം . ചേരികളിലും മറ്റും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന എത്രയോ കുടുംബങ്ങൾ . ജീവിക്കാൻ വേണ്ടി മാനം വിൽക്കാൻ തയ്യാറായി എത്രയോ സ്ത്രീകൾ . അവർ പ്രസവിക്കുന്ന മക്കൾ വീണ്ടും തെരുവിലേക്ക് തന്നെ . എന്നാണോ ഇതിന് ഒരു അവസാനം ഉണ്ടാകുക ? ഗാന്ധിജി ഇന്ത്യയെ കുറിച്ച് കണ്ട സ്വപ്നം ഇതായിരുന്നോ ???
ലിജിയ ഷാനവാസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo