Slider

ഒരു സ്റ്റേ ഫ്രീ സെക്യൂറിന്റെ കഥ

0

കാലത്തു ദൂരദർശനിൽ പരിപാടികൾ കാണുന്നതിനിടയിൽ ആണ് ഞാൻ ആ പരസ്യം ശ്രദ്ധിച്ചത്... നിർമ്മ വാഷിങ് പൗഡറിന്റെ, അത് കഴിഞ്ഞു ജെംസ് മിഠായിയുടെ അങ്ങനെ പല പരസ്യങ്ങളുടെയും കൂടെ സ്പോഞ്ചു പോലെ ഉള്ള ഒന്നിൽ നീല വെള്ളം ഒഴിക്കുന്ന ഒരു പരസ്യം..
ആ പരസ്യം മാത്രം എന്താണെന്ന്‌ എനിക്ക് മനസിലായില്ല.. ഞാൻ ആ പരസ്യത്തെ കുറിച്ച് അമ്മയോട് ചോദിച്ചു..
അമ്മേ എന്താണ് ആ നീല വെള്ളം ഒഴിക്കുന്ന പരസ്യം..
അമ്മ കേട്ടില്ല എന്ന് നടിച്ചു അടുക്കളയിലേക്ക് പോയി.. എനിക്ക് വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. അറിയാനുള്ള ജിജ്ഞാസ കാരണം ഞാൻ അമ്മയുടെ പുറകെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.. വീണ്ടും ആ ചോദ്യം ആവർത്തിച്ചു...
അമ്മ അടുക്കളയിൽ സാമ്പാർ ഇളക്കിക്കൊണ്ടിരുന്ന തവിയെടുത്തു ഒറ്റ വീക്ക് വച്ചുതന്നു..
എനിക്ക് ഒന്നും മനസ്സിലായില്ല.. അടി കിട്ടിയ വേദനയിൽ മുഖം ചുവപ്പിച്ചു ഞാൻ നേരേ ഇടനാഴിയിലേക്ക് നടന്നു.. അവിടെ ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു ചേച്ചിയോടും ഞാൻ എന്റെ സംശയം ആവർത്തിച്ചു...
അമ്മേ ഈ ചെക്കൻ ദേ വേണ്ടാത്തത് ചോദിക്കുന്നു.. അവൾ വിളിച്ചു കൂവി..
അടുത്ത തല്ല് കിട്ടാൻ ഇനി അവസരം ഉണ്ടാക്കേണ്ട എന്ന് വച്ച് ഞാൻ പിന്നെ വീട്ടിൽ അതിനെപ്പറ്റി ചോദിയ്ക്കാൻ മുതിർന്നില്ല..
ക്ലാസ്സിൽ പോയി കൂട്ടുകാരോട് എന്റെ സംശയം ചോദിച്ചു.. പക്ഷെ അവർക്കാർക്കും അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.. അഞ്ചാം ക്ലാസിൽ പഠിക്കുന്ന എനിക്ക് അന്ന് അത് മനസ്സിൽ ഒരു ചോദ്യം ആയി അവശേഷിച്ചു... പിന്നീട് ആ പരസ്യം കാണുമ്പോളൊക്കെ ആ ചോദ്യം എന്റെ മനസ്സിൽ ഓടിയെത്തും.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി.. ഒരിക്കൽ രാത്രി സമയത്തു അച്ഛൻ വാർത്തകൾ കാണുന്നതിനിടയിൽ അമ്മയും ചേച്ചിയും ഇല്ലാത്ത തക്കം നോക്കി ഞാനാ സംശയം അച്ഛനോട് ചോദിച്ചു..
എന്നാൽ അച്ഛൻ എന്നോട് ദേഷ്യപ്പെട്ടില്ല.. വിളിച്ചു അടുത്തിരിത്തി പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു..
"അച്ഛൻ ഇപ്പോൾ അത് എന്താണ് എന്ന് പറഞ്ഞാലും മോന് അത് മനസ്സിലാകില്ല.. അതിനുള്ള പ്രായം ആയില്ല.. ആകുമ്പോൾ മോന് അത് ആരും പറയാതെ തന്നെ മനസ്സിലാകും അതിനു അച്ഛന്റെയോ അമ്മയുടേയോ ചേച്ചിയുടെ സഹായം നിനക്ക് ആവശ്യമായി വരില്ല... "എന്ന്
Note:- ഈ പ്രായത്തിൽ കുട്ടികൾക്ക് ഇങ്ങനെ ചില സംശയങ്ങൾ വരാറുണ്ട്.. അവരുടെ ചോദ്യത്തിന് മറുപടിയായി അവരെ വഴക്ക് പറയുകയോ, അടിക്കുകയോ അല്ല ചെയ്യേണ്ടത്.. അങ്ങനെ ചെയ്താലും അവർ അത് വേറെ ആരിൽ നിന്നെങ്കിലും അറിയാൻ ശ്രമിക്കും ആയതിനാൽ അവരുടെ ചോദ്യങ്ങളെ സ്നേഹത്തോടെയും ബുദ്ധിപരമായും സമീപിക്കാൻ ശ്രമിക്കുക...
ഈ വിഷയം എഴുതാൻ കഴിയുമോ എന്ന് ചോദിച്ച ചങ്കിന്‌ വേണ്ടി..
Sajith_Vasudevan(ഉണ്ണി..)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo