നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വരൾച്ച


ഏത് പ്രതിസന്ധിയിലും ടെൻഷൻ എന്തെന്ന് അറിയാതെ കൂടെ നിൽക്കുന്ന മനസ്സ് ആയിരുന്നു...കുറച്ചു ദിവസമായി എൻ്റെ കൂടെ നിൽക്കുന്നില്ല......ആ സ്വപ്നം ആണ് എല്ലാത്തിനും കാരണം..സ്വപ്നവും ഞാൻ ചിന്തിച്ചു കൂട്ടിയത്തിന്റെ ബാക്കി ആണ്..
കേരളം വരൾച്ച ബാധിത സംസ്ഥാനം എന്നുടനെ സ്ഥിരീകരിക്കും എന്ന വാർത്ത ,അന്ന് അക്ഷയകേന്ദ്രത്തിൽ പാൻ കാർഡ് എടുക്കാൻ ചെന്നപ്പോൾ ആണ് കാണുന്നത്..ആ വാർത്ത കണ്ടിറങ്ങി നേരെ നോക്കിയത് നല്ല പച്ച നിറത്തിൽ കണ്ണിനു കുളിർമ്മ പകരുന്ന രീതിയിൽ പുല്ലു വളർന്ന ഒരു മൈതാനത്തിലേക്ക്..
അതിന്റെ ഫോട്ടോ ഞാൻ മൊബൈലിൽ എടുത്തു..പെട്ടെന്ന് ആണ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും ഒരു പ്ലാസ്റ്റിക് കുപ്പി അങ്ങോട്ട് ആരോ എറിഞ്ഞത്..'ബ്ലും 'എന്നൊരു ശബ്ദത്തോടെ അത് വീണപ്പോൾ ആണ് ,മൈതാനം അല്ല ,അതൊരു കുളം ആണെന്ന് എനിക്ക്‌ കത്തിയത്...
നിറയെ വെള്ളം ഉള്ള ഒരു കുളം..പായൽ ആയിരുന്നു ആ പച്ച നിറം..പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ പായലിനു ഇടയിലൂടെ വെള്ളത്തിൽ നിറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും മറ്റ് മാലിന്യങ്ങളും...ഹും...വരൾച്ച ആണ് പോലും...ഒരു പഞ്ചായത്തിലേക്ക് മുഴുവൻ വെള്ളം എടുക്കാൻ പാകത്തിന് നിറഞ്ഞു കിടക്കുന്ന കുളം ആണ്..വെള്ളം വെള്ളം സർവത്ര ,കുടിക്കാൻ ഒരു തുള്ളി ഇല്ല താനും...എങ്ങിനെ ആണ് നമുക്ക് വെള്ളം കിട്ടുക...ലോകത്തിലെ ഏറ്റവും നല്ല ഭൂപ്രകൃതിയും ,കാലാവസ്ഥയും എല്ലാം ഉള്ള നാട്..പ്രകൃതി നൽകിയ സ്രോതസ്സ് പോലും സംരക്ഷിക്കാൻ കഴിയില്ല നമുക്ക്...ഞാൻ ആ കുളം ഇങ്ങനെ ഉപയോഗ്യശൂന്യം ആയത് എങ്ങിനെ എന്ന് അന്വേഷിച്ചു...അത് പഞ്ചായത്തും ക്ഷേത്രവും തമ്മിൽ ഉള്ള തർക്കത്തിൽ പെട്ടു കിടക്കുവാണെന്ന്..അതുകൊണ്ട് ജനങ്ങൾക്ക് മാലിന്യം തള്ളാൻ ഇടമായി...വല്ലാത്തൊരു വിഷമത്തോടെ ആണ് അന്ന് ആ കാഴ്ച കണ്ടു മടങ്ങിയത്..രാത്രി ഇക്ക വിളിച്ചപ്പോൾ ഇക്കാര്യങ്ങൾ ചർച്ചയും ചെയ്താണ് ഉറങ്ങിയത്...
ഉമ്മി ,ഉമ്മി ,വെള്ളം എന്നുള്ള വിളി കേട്ടാണ് കണ്ണ് തുറന്നത്..ആരെയും കാണുന്നില്ല..ചുറ്റും നോക്കി ,,എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരിക്കും പറക്കുകയാണ് ചെയ്തത്..ശരീരത്തിന് ഭാരം ഇല്ലാതെ ,അപ്പൂപ്പൻ താടി പോലെ..ഞാൻ മരിച്ചോ ഇനി...ഒന്നും മനസ്സിലാകാതെ വിളി കേട്ട ദിക്കിലേക്ക് ഞാൻ പറന്നു..
അങ്ങ് ദൂരെ ഒരു നേർത്ത പൊട്ടു പോലെ ആരെയോ കാണുന്നുണ്ട്..ഒരുപാട് ദൂരെ ആണെങ്കിലും അവരെ കാണാം..കാരണം ,ആ പ്രദേശത്ത് ഒന്നും ഇല്ല ,ഒരു പുൽക്കൊടി പോലും..ആരും ഇല്ലാത്ത ഈ സ്ഥലത്ത് ഇവരിതെങ്ങനെ എത്തി..ആകാംക്ഷയോടെ ഞാൻ അവരുടെ അടുത്തേക്ക് കാറ്റിൽ ഒഴുകി ചെന്നു..
നോക്കുമ്പോൾ ഒരു കൊച്ചു കുട്ടിയും അമ്മയും...ആ കുട്ടി ,അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി കരയുകയാണ്..ഉമ്മി ,വെള്ളം...
ഒരു ഞെട്ടലോടെ ആ അമ്മയുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു..റബ്ബേ !! ഇതെന്റെ ഖുഷി അല്ലേ ,എൻ്റെ പൊന്ന് മകളും അവളുടെ കുഞ്ഞും..
പൊന്നേ ,കരയല്ലേ എന്നും പറഞ്ഞു അവൾ കുഞ്ഞിന് പാല് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..എന്നാൽ ഇറ്റു വരുന്ന മുലപ്പാലും ,കണ്ണുനീരും പോലും പുറത്തേക്ക് എത്തുമ്പോൾ തന്നെ ആവി ആയി പോകുന്നു...അത്രയ്ക്ക് ചൂട്..
പൊന്ന് മോളെ ,ഉമ്മി എന്ത് ചെയ്യും..ചോര പോലും ഊറ്റി തരാൻ പറ്റുന്നില്ലല്ലോ..അവൾ കരയുകയാണ്...കണ്ണുനീരില്ലാതെ..
ഇതെന്താ പടച്ചോനെ ,ഞാൻ ഈ കാണുന്നത്..എൻ്റെ മോളെ ,ഞാൻ എങ്ങിനെ വളർത്തിയതാ..അവൾക്ക് ആവശ്യത്തിന് പൊന്നും പണവും ഞങ്ങൾ സമ്പാദിച്ചു കൊടുത്തതല്ലേ ,എല്ലാ ജീവിതസൗകര്യവും ഉണ്ടായിരുന്ന ഇവൾ എങ്ങിനെ ഈ മരുഭൂമിയിൽ എത്തി..
ഞാൻ അവളെ തൊടാൻ നോക്കി ,എനിക്ക്‌ അതിന് സാധിക്കുന്നില്ല..ഉറക്കെ ,തൊണ്ട പൊട്ടും വിധം ഉച്ചത്തിൽ വിളിച്ചു, കേൾക്കുന്നില്ല...
ഇനി എന്ത് ചെയ്യും..എനിക്ക്‌ ഭ്രാന്ത് പിടിച്ചു തുടങ്ങി..ഞാൻ വീണ്ടും പറന്നു ,ഒരുപാട് ദൂരേക്ക് ,ഒരു തുള്ളി വെള്ളം തേടി..എങ്ങും കണ്ടില്ല...ഒത്തിരി ഒത്തിരി അലഞ്ഞു...അവസാനം ഞാൻ വെള്ളം കണ്ടു..വെള്ളം അല്ല ,അഴുക്കും മാലിന്യവും ,മൃതദേഹങ്ങളും കിടന്ന് അഴുകി ദ്രവിച്ച ഒരു ലായനി...ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു..എങ്കിലും ഇത്തിരി എങ്കിലും അത് കൈക്കുമ്പിളിൽ എടുക്കാൻ ഞാൻ ശ്രമിച്ചു...പക്ഷേ എൻ്റെ കൈയിൽ അത് കിട്ടുന്നില്ല...അപ്പോൾ ഞാൻ ശരിക്കും ആത്മാവ് തന്നെ...
ഞാൻ കരഞ്ഞു പടച്ചവനോട് തേടി ,"ഒരിറ്റു ദ്രാവകം എൻ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ കൊടുത്തോട്ടെ "...പ്രാർത്ഥന കേട്ടു എന്ന് തോന്നുന്നു ,കൈക്കുമ്പിൾ നിറയെ ദ്രാവകവും ആയി ഞാൻ പറക്കാൻ നോക്കി...എനിക്ക് ഇപ്പോൾ പറക്കാൻ സാധിക്കുന്നില്ല...ഞാൻ ഓടി..എത്ര ദൂരം ഓടിയാൽ ആണ് എത്തുക എന്ന് അറിയില്ല...ഒരുപാട് ഓടി ,തളർന്നു..എങ്കിലും ഓടി..
അതാ ,അവർ...അവർ എന്നെയും കണ്ടു..എന്നെ ആർത്തിയോടെ അവർ നോക്കി...പെട്ടെന്ന് ഞാൻ ഒരു കുഴിയിലേക്ക് വീണു.എൻ്റെ കൈയിൽ നിന്നും ആ ദ്രാവകവും.....ടിക് ,ടിക് ടിക് താളത്തിൽ ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു...ചുറ്റും ഇരുട്ടായിരുന്നു..എങ്കിലും ഞാൻ എഴുന്നേറ്റു ,എൻ്റെ കുഞ്ഞുങ്ങൾക്ക് വെള്ളം എവിടുന്നേലും കൊടുക്കണം എന്നൊരൊറ്റ ചിന്തയോടെ...
കാല് എന്തിലോ തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..സീറോ ബൾബിന്റെ വെളിച്ചത്തിൽ എനിക്ക്‌ പതിയെ കാഴ്ചകൾ വ്യക്തമായി...വിയർത്തു കുളിച്ചു കിതച്ചു ഞാൻ നിൽക്കുന്നത് എൻ്റെ റൂമിൽ ആണ്..ഖുഷി ബെഡിൽ ശാന്തമായി ഉറങ്ങുന്നു..യാ ,അല്ലാഹ് ,അതൊരു സ്വപ്നം ആയിരുന്നു...
ഞാൻ പോയി ആർത്തിയോടെ ജെഗിൽ നിന്നും വെള്ളം കുടിച്ചു..രാത്രി രണ്ടുമണി...ബാത്റൂമിലെ പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളി ആയി ചാടുന്ന ശബ്ദം കേൾക്കാം..ശരിക്കും അടയ്ക്കാത്തത് കൊണ്ടാണ്..ഞാൻ പോയി പൈപ് നന്നായി അടച്ചു..
ഈ സ്വപ്നം ഇപ്പോഴും എന്നെ വേട്ട ആടുന്നു..വെള്ളം അനാവശ്യമായി കളയുന്നവരെ ഇപ്പോൾ എനിക്ക്‌ കൊല്ലാൻ ഉള്ള കലി ആണ്..വീട്ടിൽ പൈപ്പ് ശരിക്കു പൂട്ടാത്തതിനും ,ഓസ് കൊണ്ടു ചെടി നനയ്ക്കുന്നതിനും ,എന്നും കാറു കഴുകുന്നതിനും ഒക്കെ ഞാൻ വഴക്കുണ്ടാക്കി.."നിനക്ക് വട്ടാണ്..മുറ്റത്തു കിണറു നിറച്ചും കൊടും വേനലിലും വറ്റാത്ത വെള്ളം ഉണ്ട്..പിന്നെ നിനക്കിതെന്നാ "എന്നും ചോദിച്ചു വീട്ടുകാർ തിരിച്ചും വഴക്ക്‌..
എനിക്കല്ല ,എൻ്റെ വരും തലമുറയ്ക്ക് വേണ്ടി ആണെന്ന് പറഞ്ഞിട്ട് ആരും കേൾക്കുന്നില്ല...എനിക്ക്‌ സങ്കടവും നിരാശയും തോന്നുന്നു..
എന്തൊക്കെയോ ചെയ്യണം എന്നുണ്ട്..പക്ഷേ ,സ്വന്തം വീട്ടിൽ പോലും എനിക്ക്‌ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല... തത്കാലം ഞാൻ എൻ്റെ 'ഖുഷി മരത്തിനു ' ഇത്തിരി വെള്ളം പകരട്ടെ..
(ഖുഷി മരം ,മകളുടെ ജന്മദിനത്തിൽ അവൾക്കായി നട്ട മരം ആണ് .....)
By
Sajna Nishad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot