ഞാൻ മരിച്ചിട്ട് ഇന്നത്തേക്ക് പത്ത് ദിവസമായി. പക്ഷെ എന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് എന്റെ അമ്മയും അച്ഛനും ബന്ധുക്കളും കൂട്ടുകാരുമെല്ലാം...അവർക്കറിയില്ലല്ലോ ആ സത്യം, അവരുടെ പ്രാർത്ഥനകളും പ്രതീക്ഷകളും എല്ലാം വിഫലമാക്കി എന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടിട്ട് ദിവസങ്ങൾ ഏറെ ആയെന്ന്...
ഒരു സമ്പന്ന ദമ്പതികളുടെ ഏക മകളായിട്ടായിരുന്നു എന്റെ ജനനം.അതുകൊണ്ട് തന്നെ സുഖലോലുപതയുടെ നടുവിലായിരുന്നു എന്റെ ജീവിതവും.എന്റെ ആഗ്രഹങ്ങളെല്ലാം നടത്തി തരാനും എന്റെ വാശികൾക്ക് മുന്നിൽ മനഃപൂർവ്വം തോറ്റുതരാനും അച്ഛനും അമ്മയും പരസ്പരം മത്സരിച്ചുക്കൊണ്ടിരുന്നു.എന്റെ കാലിൽ ഒരു മുള്ളുതറക്കുന്നതുവരെ ക്ഷമിക്കാനും സഹിക്കാനും അവർക്ക് കഴിയുമായിരുന്നില്ല.
എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് ഒരുപാട് നല്ല സുഹൃത്തുക്കൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.അവരെയെല്ലാം പരിചയപെട്ടതിന് ശേഷമുള്ള ആദ്യ തിരുവോണം എന്റെ വീട്ടിൽ അവരുടെ കൂടെ ആഘോഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ഞാൻ അവരെയല്ലാം എന്റെ വീട്ടിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്.ഉത്രാട ദിവസം ഞാനും അച്ഛനും ചേർന്ന് വീടും പരിസരവും അലങ്കരിച്ചു തയ്യാറാക്കി.വീട്ടിലെ ജോലിക്കാരനോട് പറഞ് നടുമുറ്റത്തുള്ള മുത്തശ്ശി മാവിൽ ഒരു ഊഞ്ഞാല് കെട്ടി.
അങ്ങനെ ആ ദിവസം വന്നെത്തി.അമ്മയും ജോലിക്കാരും തയ്യാറാക്കിയ വിഭവ സമൃദ്ധമായ തിരുവോണ സദ്യ കഴിച്ചതിന് ശേഷം ഞങ്ങൾ മുറ്റത്തെ ആ മാവിൻ ചുവട്ടിൽ ഇരുന്ന് പരസ്പരം സല്ലപിച്ചു.ഒടുവിൽ ഓരോരുത്തരായി ഊഞ്ഞാലിൽ കയറി ആടാൻ ആരംഭിച്ചു.ഒടുവിൽ എന്റെ ഊഴം വന്നെത്തി.ഞാൻ ഊഞ്ഞാലിൽ കയറി ഇരുന്നതും എന്നെ പിറകെ നിന്ന് തള്ളാൻ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആരോഗ്യവാനായ അജ്മൽ തയ്യാറായി വന്നു.അവൻ എന്നെ പിറകെ നിന്ന് തള്ളി ഉയരത്തിലേക്ക് കൊണ്ടുപോയി.പിന്നെ അവൻ കൈവലിച്ചതും വളരെ വേഗത്തിൽ ഞാൻ ആടാൻ ആരംഭിച്ചു. പെട്ടെന്നാണ് എന്റെ ശരീരം തളരുന്നത്പോലെ എനിക്ക് തോന്നിയത്. പേശികളെല്ലാം അയയുന്നത്പോലെ. ....വള്ളിയിൽ മുറുകെപിടിച്ച എന്റെ കൈ അയഞ്ഞു തുടങ്ങിയതും ഞാൻ ഊഞ്ഞാലിൽ നിന്ന് വലിയ ശബ്ദതിയോടെ നിലത്തു വീണു.
ഞാൻ നിലത്തു വീണ ശബ്ദം കേട്ട് കൊണ്ടാണ് അച്ഛനും അമ്മയും അകത്തു നിന്ന് ഓടി വന്നത്. എന്നെ മണ്ണിൽ നിന്നും എഴുന്നേൽപ്പിച്ച് കളിയാക്കി ചിരിക്കുകയായിരുന്നു എന്റെ കൂട്ടുകാർ അപ്പോൾ. അവരുടെയെല്ലാം പൊട്ടിച്ചിരികളും കളിയാക്കലുകളും ഞാനും ആസ്വദിക്കുകയായിരുന്നു.പക്ഷെ,രുദ്ര കോപിയായ എന്റെ അച്ഛൻ അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ട് എന്നെ നെഞ്ചോട് ചേർത്തുപിടിച്ചു.പിന്നെ എന്റെ കൂട്ടുകാരെയെല്ലാം കണക്കിന് ചീത്ത വിളിച്ചു.അവരുടെ അശ്രദ്ധകൊണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എല്ലാത്തിനേം കൊന്നു കളഞ്ഞേനെ എന്നു വരെ പറഞ്ഞു.അച്ഛനെ പിന്തിരിപ്പിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും എനിക്കതിന് സാധിച്ചില്ല.ഉഗ്ര കോപം കാരണം അച്ഛന്റെ സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു.ഒടുവിൽ കണ്ണീരൊലിപ്പിച്ച മുഖവുമായാണ് അവർ എന്റെ വീട്ടിൽ നിന്ന് മടങ്ങിയത്.കുറ്റബോധം കാരണം അവരുടെ മുഖത്തേക്ക് നോക്കാനാവാതെ ഞാൻ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷമാണ് ഞാൻ അത് അറിയാൻ തുടങ്ങിയത്.എന്റെ കൈ കാലുകൾ ചലിപ്പിക്കാൻ കഴിയുന്നില്ല. ആരോ ശക്തമായി ബന്ധിച്ചത് പോലെ.നിസ്സഹായായ ഞാൻ ഉറക്കെ നിലവിളിച്ചു.എന്റെ നിലവിളി കേട്ടെത്തിയ അച്ഛനും അമ്മയും എന്നെ എഴുന്നേൽപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ ഒന്ന് ചലിക്കാൻപോലും ആകാതെ ഞാൻ വാവിട്ടുകരഞ്ഞു.അവർ ഉടനെ തന്നെ എന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രിയായിരുന്നു അത്.അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ച എന്നെ ചികിൽസിക്കാൻ നിരവധി ഡോക്ടർമാർ വന്നു.അവർ എന്റെ നാഡിപിടിച്ചു.രക്തം പരിശോധിച്ചു.വിവിധ ടെസ്റ്റുകൾ നടത്തി.ഒടുവിൽ എന്റെ രോഗത്തെ അവർ കണ്ടുപിടിച്ചു.
"ഹൈപോകലെമിക് പീരിയോഡിക് പാരാലിസിസ്"എന്നാണ് ആ രോഗത്തിന്റെ പേര്.രക്തത്തിലെ പൊട്ടാസിയത്തിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറഞ്ഞാലുണ്ടാകുന്ന ഒരാവസ്ഥയാണിത്.ആദ്യം ശരീര ഭാഗങ്ങളുടെ ചലനങ്ങൾ നിലയ്ക്കും.പിന്നീട് സംസാരിക്കാൻപോലും ശേഷിയില്ലാത്ത വിധം മൃത പ്രാണനായി കിടക്കും.മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ മസ്തിഷ്ക മരണം സംഭവിച്ചേക്കാം. രോഗം തിരിച്ചറിയാൻ വളരെ വൈകിയതുകൊണ്ട് തന്നെ എന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.പതിയെ പതിയെ എന്റെ സംസാര ശേഷിയും നഷ്ടമായി.
എനിക്ക് കാണാൻ കഴിയുമായിരുന്നു എന്റെ ശിരസ്സിനെ തലോടി വിതുമ്പിക്കരയുന്ന എന്റെ അമ്മയെയും അച്ഛനെയും,നിറകണ്ണുകളോടെ എന്നെ കാണാൻ വന്നിരുന്ന എന്റെ സുഹൃത്തുക്കളെ,ബന്ധുക്കളെ.....പക്ഷെ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ പോലും ശേഷിയില്ലാതെ, പൊട്ടിക്കരയാൻ പോലും സാധിക്കാതെ ഞാൻ മനസ്സുകൊണ്ട് ആർത്തു നിലവിളിച്ചു.
ദിവസങ്ങൾ കഴിയുന്തോറും എന്റെ ആരോഗ്യവും മോശമായിക്കൊണ്ടിരുന്നു.എന്റെ ഇരു വൃക്കകളും പ്രവർത്തന രഹിതമായതോടെ അവർ എന്നെ ഐ സി യു വിലേക്ക് കൊണ്ടുപോയി.അതോടെ എന്റെ അമ്മയെയും അച്ഛനെയും കാണാനുള്ള അവസരവും നഷ്ടമായി.എന്റെ അമ്മയെങ്കിലും കൂടെ നിർത്താൻ അനുവദിക്കണമെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു.പക്ഷെ,വാക്കുകൾ പുറപ്പെടുവിക്കാനാകാതെ എന്റെ വികാരങ്ങൾ ഹൃദയത്തെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.ഒടുവിൽ ഐ സി യു വിലെ അപരിചിതരായ ഒരുപാട് വ്യക്തികൾക്ക് നടുവിൽ ഞാൻ ഒറ്റപെട്ടു.
ഞാൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റിയുടിപ്പിക്കാൻ മാലാഖമാർ ദിവസവും വന്നിരുന്നു.അവർ എന്റെ ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത് മാറ്റി എന്നെ നഗ്നയായി കിടത്തും.അപ്പോഴെല്ലാം കഴുകൻ കണ്ണുകളോടെ എന്റെ നഗ്ന ശരീരത്തിൽ പരതിനോക്കിയിരുന്ന ആ ഡ്യൂട്ടി ഡോക്ടറുടെ മുഖം എന്റെ ഹൃദയത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ശ്വാസ നിശ്വാസങ്ങൾ മാത്രം ബാക്കിയായി ജീവച്ഛവമായി കിടന്നിരുന്ന എന്റെ നഗ്നശരീരത്തിലും കാമസുഖം കണ്ടെത്താൻ അയാൾക്ക് സാധിക്കുന്നത്രെ...
രോഗം വീണ്ടും മൂർച്ഛിച്ചതോടെ ഞാൻ അബോധാവസ്ഥയിലായി. ഒടുവിൽ മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം എന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു.അതോടെ ഞാൻ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിതനായി ആ കട്ടിലിൽ നിന്നും എഴുന്നേറ്റു.എനിക്ക് ചുറ്റും കൂടിയിരിക്കുന്ന ഡോക്ടർമാരുടെ സംസാരങ്ങൾ ഞാൻ അവരുടെ അടുത്ത് നിന്ന് തന്നെ ശ്രവിച്ചു.
എന്റെ അച്ഛൻ നഗരത്തിലെ ഏറ്റവും വലിയ പണക്കാരനിൽ ഒരാളാണ്.എന്റെ മരണം രഹസ്യമാക്കി മുന്നോട്ട്കൊണ്ടുപോയാൽ പിന്നീടുള്ള ഓരോ ദിവസത്തിനും അവർക്ക് അച്ഛന്റെ കയ്യിൽ നിന്ന് വലിയ പണം ഈടാക്കാം. അതാണത്രേ,അവരുടെ ഹോസ്പിറ്റലിൽ കാലങ്ങളായി നിലനിൽക്കുന്ന പോളിസി.
ഞാൻ ഐ സി യു വിന് പുറത്തേക്ക് നടന്നു.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്ന എന്റെ അച്ഛനെയും അമ്മയെയും എനിക്ക് കാണാൻ കഴിഞ്ഞു.അവരുടെ വാടിത്തളർന്ന മുഖം കണ്ടാലറിയാം ഉറങ്ങിയിട്ട് തന്നെ ദിവസങ്ങളായെന്ന്.ഏറെ പ്രതീക്ഷയോടെ അവർ ഐ സി യു വിന് പുറത്തേക്ക് ഡോക്ടർമാർ വരുന്നതും കാത്തുനിൽക്കുകയാണ്.
അതിനിടയിൽ പ്രധാന ഡോക്ടർ പുറത്തേക്ക് വന്നു.എന്റെ അച്ഛന്റെ ആകാംഷ നിറഞ്ഞ കണ്ണുകളെ നോക്കി അയാൾ പറഞ്ഞു:
''ഒരു ഇരുപത് ദിവസമെങ്കിലും കഴിയണം എന്തെങ്കിലും പറയാൻ...എന്നാലും പ്രതീക്ഷക്ക് വകയുണ്ട്..മരുന്നുകളോടൊക്കെ നന്നായി പ്രതികരിക്കുന്നുണ്ട്"
അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ സന്തോഷം കൊണ്ട് വിടർന്നു.അവർ നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചു:
''ഈശ്വരാ..എന്റെ കുഞ്ഞിനെ കാത്തോളണേ??"
ഓരോ ദിവസവും ഓരോ മരുന്നിന്റെ പേര് പറഞ് അവർ എന്റെ അച്ഛന്റെ കയ്യിൽ നിന്ന് വലിയ പണം ഈടാക്കിക്കൊണ്ടിരുന്നു. പുതിയ പല ടെസ്റ്റുകളും നടത്താനുണ്ടെന്ന വ്യാജേന ലക്ഷങ്ങൾ കരസ്ഥമാക്കി കൊണ്ടിരുന്നു.അപ്പോഴും എന്റെ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾ പൂർണ്ണമായി മരിക്കാതിരിക്കാൻ അവർ നിരന്തരം കളവ് പറയുമായിരുന്നു.
ഓരോ ദിവസവും ഐ സി യു വിന് പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ അച്ഛനോടും അമ്മയോടും പറയണമെന്നുണ്ട് അവർക്ക് എന്നെ നഷ്ടപെട്ടിട്ട് ദിവസങ്ങളായെന്ന്.പക്ഷെ എങ്ങനെ സാധിക്കും ???....
മാനുഷിക മൂല്യങ്ങൾ നഷ്ടപെട്ട ഈ ഡോക്ടർമാരുടെ മനസാക്ഷിക്ക് മുന്നിൽ എന്റെ മൃതദേഹത്തിന് പോലും നീതി കിട്ടിയില്ല.
ഞാൻ മാത്രമല്ല ,മരിച്ചിട്ടും രോഗിയായികിടക്കുന്ന ഒരുപാട് മൃതദേഹങ്ങൾ ഇങ്ങനെ വിലപിക്കുന്നുണ്ട്.പക്ഷെ ,ജീവിച്ചിരിക്കുന്നവർക്ക് പോലും നീതി കിട്ടാത്ത ഈ നാട്ടിൽ ഞങ്ങൾക്കെങ്ങനെ നീതി കിട്ടും.......
(മരണപ്പെട്ട മകളെ ദിവസങ്ങളോളം ചികിൽസിച്ചെന്ന ഒരു പിതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ദിവസങ്ങൾക്ക് മുൻപാണ് കേരള സമൂഹം ശ്രവിച്ചത്.....ആ പിതാവിനും മകൾക്കും നീതി കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു)
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക