നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിരാതം (ഭാഗം -2)


ഇന്ന് ഉദയപ്പൂരിന് പോകാനുള്ള ദിവസമാണല്ലോ എന്ന് രേണു അപ്പോഴാണ്
ഓർത്തത്. മാസത്തിലൊരിക്കലുള്ളതാണ്
ഈ ഔദ്യോഗിക യാത്ര. കേന്ദ്ര ഗവൺമെന്റെിന്റെ ഗ്രാമവികസന വകുപ്പിലാണ് രേണു ഇവിടെ ജോലി ചെയ്യുന്നത്.
വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് രേണുവിന്റെ വീട്. ജോലിയുടെ
ആവശ്യാർത്ഥം ഇവിടെ എത്തി ചേർന്നിട്ടിപ്പോൾ
രണ്ടു വർഷം കഴിഞ്ഞു.
മുഖം കഴുകാനായി വെള്ളമെടുത്തപ്പോൾ
എെസ് കട്ടയിൽ തൊട്ടപോലുള്ള തണുപ്പ്. പ്രഭാതകൃത്യങ്ങളെല്ലാം വളരെ പെട്ടന്നായിരുന്നു.
ഉച്ചക്കു കഴിക്കാനുള്ള ഭക്ഷണം ഇങ്ങനെ പോകുന്ന സന്ദർഭങ്ങളിൽ കൊണ്ടു പോകാറാണ്
പതിവ്. ഒപ്പം ഒരു പൊതി ഭക്ഷണം കൂടി അധികം കരുതും.
അത് ഉദയപ്പുരിലെ തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരു അമ്മക്കാണ്. എല്ലാ പ്രാവശ്യവും അതൊരു പതിവാണ്. ഭക്ഷണപ്പൊതി കൊടുക്കുമ്പോൾ മുറുക്കാൻ കറ പിടിച്ച പല്ലു കാണിച്ച് അവർ ചിരിക്കും.
എട്ടരയുടെ ബസ്സിനു പോകാൻ സ്റ്റോപ്പിൽ
എത്തിയപ്പോഴേക്കും അത് പോയിരുന്നു. പിന്നീട് വന്ന ബൊലേറോയിൽ അവൾ കയറി.
അവിടങ്ങളിൽ ബസ്സുകളെക്കാൾ കൂടുതൽ ജീപ്പുകളും ബൊലേറോയുമൊക്കെയാണ് ആളുകൾ ആശ്രയിക്കുന്നത്. ജാക്കറ്റിട്ടിട്ടും തണുപ്പിന്റെ കാഠിന്യം അലസോരപ്പെടുത്തുന്നുണ്ടായിരുന്നു.
വിൻഡോ സൈഡിലായിരുന്നു അവൾ ഇരുന്നത്. മുന്നിൽ അധികം തിരക്കില്ലാത്ത ഹൈവേ മഞ്ഞിന്റെ ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നു.
അടുത്തിരിക്കുന്നയാൾ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൾ ഷാൾ കൊണ്ട് മുഖം മറച്ചു. ഒരു അദ്ഭുത ജീവിയെ പോലെ മറ്റുള്ളവരുടെ തുറിച്ചു നോട്ടമേറ്റുള്ള
ഈ ജീവിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ചു വർഷത്തോളമാകുന്നു എന്നവൾ വേദനയോടെയോർത്തു.
വിവാഹത്തിന് നാല് മാസങ്ങൾ ശേഷിക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്.
ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് വരാൻ
വൈകിപോയി. ഇരുൾ വീഴാൻ തുടങ്ങുന്ന നാട്ടു വഴിയിലൂടെ വേഗത്തിൽ നടക്കുമ്പോൾ മനസ്സ്
ഭയത്താൽ തുടി കൊട്ടുന്നുണ്ടായിരുന്നു.
ഏട്ടൻമാർ രണ്ടാളും അവിടെ
ഇല്ലെങ്കിലും അച്ഛന്റെ വഴക്കു കേൾക്കേണ്ടി വരും.
ആ ചിന്തയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് പെട്ടന്ന് പൊട്ടിമുളച്ചതു പോലെ അയാൾ മുന്നിൽ
പ്രത്യക്ഷപ്പെട്ടത്.
''എന്താ ഇത്ര നേരം വൈകിയേ? ഒറ്റക്ക് പോകാൻ പേടിയുണ്ടോ..? ഞാൻ കൂട്ടുവരണോ..? ഒരു വിടലച്ചിരിയോടെ അയാൾ ചോദിച്ചപ്പോൾ തനിക്ക് ദേഷ്യം ഇരച്ചു കയറി. ഇടതു കൈയ്യാൽ തല ചൊറിഞ്ഞപ്പോൾ നാട്ടു വെളിച്ചത്തിൽ കണ്ടു വലിയൊരു മുറിവുണങ്ങിയ പാട്. ചുവന്ന കണ്ണുകളിലെ ക്രൗര്യം.
ഇതിനും മുൻപും ഇയാളെ മൂന്നാലു തവണ കണ്ടിട്ടുണ്ട്. പുറകെ വന്ന് ശല്ല്യം ചെയ്തപ്പോൾ താക്കീത് കൊടുത്തതാണ്. പിന്നെ
കുറച്ചു നാളായി കാണാറില്ലാരുന്നു. ഇവിടെ എന്തോ പണിക്കായി വന്നതാണ്. ഈ നാട്ടുകാരനല്ല,അതുറപ്പാണ്.
''മാറി നിൽക്ക് എനിക്ക് പോണം'' എന്നു പറഞ്ഞ് മുന്നോട്ടു നടന്ന തന്റെ കൈയ്യിൽ പെട്ടന്നാണ് അയാളുടെ പിടി വീണത്. ഒരു നടുക്കത്തോടെ രേണു ചുറ്റും നോക്കി. വഴിയിൽ ആരുമില്ല. അയാൾ തന്നെ ശരീരത്തിലേക്ക്
ചേർക്കാനുള്ള ശ്രമമാണ്.
പെട്ടന്നുണ്ടായ ധൈര്യത്തിൽ അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിയതിനു ശേഷം ഓടി. അവൾ പോകുന്നത് നോക്കി അയാൾ അവിടെ തന്നെ നിന്നു. കരഞ്ഞു കൊണ്ടാണന്ന് വീട്ടിലെത്തിയത്.
അച്ഛനോടെല്ലാം പറഞ്ഞപ്പോൾ ദേഷ്യത്തോടെ വിറച്ചു കൊണ്ട് ഏട്ടൻമാരെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്നാണറിഞ്ഞത്
അയാളെ കണ്ടു പിടിച്ച് ഏട്ടൻമാരും കൂട്ടുകാരും കൈകാര്യം ചെയ്തത്. ''മേലിൽ ഈ നാട്ടിൽ കണ്ടുപോകരുതെന്ന്'' താക്കീത് ചെയ്യുകയും
ചെയ്തത്രേ...!!
ദിവസങ്ങൾ കടന്നു പോയി. ആ കാര്യം
പതുക്കെ മറന്നു തുടങ്ങി. വല്ല്യേട്ടന്റെ കുട്ടിയുടെ
ചോറൂണിന് വീട്ടിൽ നിന്നെല്ലാരും പോയ ദിവസം.
അമ്പലത്തിൽ പ്രവേശിക്കാനാവാത്ത ദിവസമായതിനാൽ താൻ പോയില്ല.
മഴ പെയ്തു തോർന്നൊരു സന്ധ്യ ആയിരുന്നത്. വീട്ടിലുള്ളവർ വരാൻ വൈകുന്നത്
കൊണ്ട് അടുത്ത വീട്ടിലെ ലക്ഷ്മി ചേച്ചി കൂട്ടിരിക്കാൻ വന്നിരുന്നു. പെട്ടന്ന് കറന്റ് പോയപ്പോൾ വിളക്കെടുക്കാനായി അടുക്കളയിൽ വന്നപ്പോഴാണ് പുറകു വശത്തെ വാതിലിന്റെ അവിടെ ഒരു അനക്കം കണ്ടത്.
അവിടെ ഒരാൾരൂപം. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി.''എന്നെ ആളെ വിട്ട് തല്ലിച്ച നീ മര്യാദക്ക് ഈ ഭൂമിയിൽ ജീവിക്കേണ്ടടി'' എന്നു
പറയലും മുഖത്തേക്ക് എന്തോ ഒഴിക്കലും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. തിളച്ച എണ്ണ മുഖത്തു വീണ പോലെ
അലറി കരഞ്ഞു താൻ. ശബ്ദം കേട്ട് ലക്ഷ്മി ചേച്ചി ഓടി വരുമ്പോഴേക്കും ബോധരഹിതയായി കഴിഞ്ഞിരുന്നു.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
കൂറേ ദിവസങ്ങൾ. ബോധം വന്നപ്പോഴാണ്
അറിഞ്ഞത് അന്ന് അയാൾ തന്റെ മുഖത്തൊഴിച്ചത് അസിഡായിരുന്നു എന്ന്. സ്വന്തം മുഖം അപകടത്തിനു ശേഷം കണ്ണാടിയിൽ ആദ്യമായി കണ്ടപ്പോൾ അലറി കരഞ്ഞു.
മുഖത്തിന്റെ ഒരു വശം പൊള്ളലേറ്റ് ഒരു കണ്ണിന്റെ ഭാഗത്ത് ഒരു കുഴി മാത്രം.
ജീവിതം മരവിച്ച ദിവസങ്ങളായിരുന്നു പിന്നീട്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന്
വരന്റെ വീട്ടുകാർ പിൻവാങ്ങി. അതു പ്രതീക്ഷിച്ചതായിരുന്നിട്ടും താങ്ങാനായില്ല. എല്ലാം അവസാനിപ്പിച്ചാലോ എന്നു പോലും കരുതിയ സമയങ്ങൾ. വീടിനു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.
പിന്നീടെപ്പോഴോ ജീവിക്കണമെന്നൊരു
മോഹം മനസ്സിൽ തോന്നി. തന്റെ ജീവിതം ഇല്ലാതാക്കിയവനെ പറ്റി പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല. ജോലി കിട്ടി ഇവിടെ വന്നതിനു ശേഷം ആകെ രണ്ടു തവണയാണ് നാട്ടിൽ പോയത്.
ഇവിടെ ജോലി ആയതിനു ശേഷം ഒരുപാട്
ജീവിതങ്ങൾ കണ്ടു. പലരുടേയും പ്രശ്നങ്ങൾ അറിഞ്ഞു. ഒരിക്കൽ തനിക്കു സംഭവിച്ച ദുരിതമോർത്ത് ജീവിതം അവസാനിപ്പിക്കാൻ
തോന്നിയ നിമിഷമോർത്ത് ഒരുപാടു പശ്ചാത്തപിച്ചു.
അന്തരീക്ഷത്തിലെ തണുപ്പ് മാറി തുടങ്ങി.
ദൂരെ കാണുന്ന മൊട്ട കുന്നുകളിൽ അർക്കന്റെ കരങ്ങൾ തലോടുന്നുണ്ടായിരുന്നു. ഉദയപ്പുർ
എത്താനായിരുന്നു. ബൊലീറോ സാമാന്യം വേഗത്തിലായിരുന്നു പൊയ്കൊണ്ടിരുന്നത്.
നഗരമടുക്കാനായപ്പോൾ ഇടതു വശത്തായി ആശ്രമത്തിന്റെ ഗോപുരം കണ്ടു തുടങ്ങി .
പുരാതന മാതൃകയിലുള്ള അതിന്റെ നിർമ്മാണ രീതി ഒരു കാണേണ്ട കാഴ്ച്ച തന്നെയാണ്. ആശ്രമത്തോട് ചേർന്നൊരു തടാകം. ഉദയപ്പൂർ തടാകങ്ങളുടെ നഗരമെന്നാണല്ലൊ അറിയപ്പെടുന്നതെന്നവളോർത്തു.
വാഹനത്തിൽ നിന്നുമിറങ്ങി ഒരു പത്ത് മിനിട്ട് നടക്കാനുണ്ട് രേണുവിന് പോകേണ്ടിടത്തേക്ക്. സമയം പന്ത്രണ്ടുമണിയായി. ഫുട്പാത്തിലൂടെ നടക്കുമ്പോൾ പതിവായി കാണാറുള്ള അമ്മയെ
കണ്ടില്ലല്ലോന്ന് മനസ്സിലോർത്തു. അവർക്കായി കരുതിയ ഭക്ഷണം വേറെ ആർക്കെങ്കിലും കൊടുക്കണമിനി.
നിരത്തിൽ കൂടി മുന്നോട്ടു പോകുമ്പോഴാണ് അവൾ ഒരു കാഴ്ച്ച കണ്ടത്. റോഡിൽ നിന്നും കുറച്ചു മാറി മാലിന്യങ്ങൾ കളയുന്ന സ്ഥലത്ത്
ഒരു യാചകൻ എച്ചിലിൽ കൈയ്യിട്ട് വാരുന്നു. ദയനീയമായ ആ കാഴ്ച്ച കണ്ട് രേണു വേഗം അടുത്തേക്ക് ചെന്നു.
അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് രണ്ടു കാലും നഷ്ടമായ ഒരാളാണ് അതെന്ന് അവൾ സമീപമെത്തിയപ്പോൾ അയാൾ മുഖമുയർത്തി നോക്കി. രേണു ബാഗിൽ നിന്നും ഭക്ഷണ പൊതി കൈയ്യിലെുത്തു.
അത് വാങ്ങാനായി അയാൾ ആർത്തിയോടെ
രണ്ടു കൈയ്യും ഒരുമിച്ച് നീട്ടിയപ്പോഴാണ് ഇടതു കൈത്തണ്ടയിലെ മുറിവുണങ്ങിയ പാട് അവൾ കണ്ടത്. താടിയും മുടിയും നീണ്ട ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞ പ്രതീതി.
ഈ ജന്മം ഒരിക്കലും തനിക്ക് മറക്കാൻ പറ്റാത്ത മുഖം. അപ്പോൾ മനസ്സിലലയടിക്കുന്ന
വികാരം എന്താണെന്ന് അവൾക്ക് പോലും മനസ്സിലാകുന്നില്ലായിരുന്നു.
അയാളുടെ മുഖത്ത് വിശപ്പിന്റെ ദൈന്യത മാത്രം. അസ്പഷ്ടമായി എന്തൊക്കെയോ പറഞ്ഞ് ജഢ കെട്ടിയ തലമുടിയിൽ ചൊറിയുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ഇയാൾ കാരണം താൻ അനുഭവിച്ച ദുരിതങ്ങൾ ഒരു തിരശ്ശീലയെലെന്നവണ്ണം അവളുടെ മനസ്സിൽ തെളിഞ്ഞു.
നീട്ടിയ പൊതി കൊടുക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ രേണു ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ അതയാൾക്ക് തന്നെ കൊടുത്തിട്ട് നടക്കാൻ തുടങ്ങി.
തന്റെ ജീവിതം തകർത്തവനോടുള്ള ദേഷ്യമില്ലായിരുന്നു അവളുടെ മനസ്സിലപ്പോൾ വിശക്കുന്നവന്റെ ദീനത നിറഞ്ഞ മുഖം മാത്രമായിരുന്നു. കൈയ്യിൽ കിട്ടിയ ഭക്ഷണ പൊതി തുറന്ന് ആർത്തിയോടെ ഭക്ഷിക്കാൻ തുടങ്ങിയിരുന്നു അയാളപ്പോൾ....!!
(അവസാനിച്ചു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot