നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാതുവെയ്പ്പുകാരന്റെ മകൾ


ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഫോൺ കോളായിരുന്നു അത്.
" അച്ഛന് തീരെ സുഖമില്ല. മോളെ കാണണമെന്നൊരു മോഹം പറഞ്ഞു. ഒന്നു വരാമോ? " അച്ഛന്റെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ ആശുപത്രിയുടെ പേരും റൂം നമ്പറും പറഞ്ഞു തന്നിരുന്നു.
ആദ്യം ചെയ്തത് ഹോസ്പിറ്റലിൽ വിളിച്ചു അച്ഛന്റെ പേരു പറഞ്ഞ് അവിടെ അഡ്മിറ്റായിട്ടുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു. കാരണം ഓർമ്മ വച്ച കാലം മുതൽ അച്ഛനെ കുറിച്ച് കേട്ടിട്ടുള്ള കഥകളും അത്തരത്തിലുള്ളതായിരുന്നല്ലോ?
സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏക ആൺതരിയായിരുന്നു അച്ഛൻ. പിന്നെ രണ്ട് സഹോദരിമാർ. അച്ഛന് എപ്പോഴോ കൂട്ടിന് കിട്ടിയ ദുശ്ശീലങ്ങളായിരുന്നു ചീട്ടുകളിയും വാതുവയ്പും. അതിന് പറ്റിയ കൂട്ടുകാരും.
കിട്ടുന്ന ശമ്പളവും പുരയിടത്തിൽ നിന്നും കിട്ടുന്ന ആദായവുമെല്ലാം നശിപ്പിക്കുന്നത് കണ്ട് സഹിക്കാതെ വന്നപ്പോൾ വീട്ടുകാർ കണ്ട പോംവഴിയാണ് വിവാഹം. കുടുംബവും കുട്ടികളുമൊക്കെയാവുമ്പോൾ ഉത്തരവാദിത്വം വരുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. നറുക്ക് വീണത് അമ്മയ്ക്കും.
കുറച്ചു നാൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും വീണ്ടും സുഹൃത്തുക്കളുടെ പ്രേരണയും പെൺ കോന്തനെന്ന വിളിയും സഹിക്കാതിയപ്പോൾ വീണ്ടും തുടങ്ങി. എന്തിനും ഏതിനും വാതുവച്ചുകളയും. ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ച് മുതൽ വൈകീട്ട് മഴ പെയ്യുമോ ഇല്ലയോ എന്നതു വരെ വിഷയമാക്കും. രൂപ ആയിരങ്ങളും പതിനായിരങ്ങളുമായി ജയവും തോൽവിയും. ജയിച്ചതിനേക്കാൾ കൂടുതൽ തോൽവിയായിരുന്നെന്ന് മാത്രം.
അമ്മയുടെ കരച്ചിലും വീട്ടുകാരുടെ ഉപദേശവുമെല്ലാം കമിഴ്ത്തി വച്ച കുടത്തിനു മുകളിലൊഴിച്ച വെള്ളം പോലെയായി. കൂട്ടുകാർ പലരും അച്ഛന്റെ തോൽവികൾ കൊണ്ട് ധനികരായി. അമ്മയുടെ ആഭരണങ്ങളും, ഭാഗം കിട്ടിയ കുടുംബ സ്വത്തിന്റെ ആധാരവും പണയ വസ്തുക്കമായി.
''ഒരിക്കൽ ഞാൻ വലിയൊരു ബെറ്റ് ജയിക്കും. അന്ന് ഞാനെല്ലാം തിരിച്ചെടുക്കും" അതായിരുന്നു സ്ഥിരം ഡയലോഗ്.
എല്ലാം സഹിച്ച് അമ്മ കൂടെ നിന്നു. പ്രാർത്ഥനയും നേർച്ചയുമായി അച്ഛന് നല്ല ബുദ്ധിയുദിക്കുന്നതും കാത്തിരുന്നു പാവം.
" നീയും നമ്മുടെ മോളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്. എന്തെല്ലാം നഷ്ടപ്പെട്ടാലും നിങ്ങളെ ഞാൻ കൈവിടില്ല. " അച്ഛന്റെ മറ്റൊരു സ്ഥിര പല്ലവി. അമ്മ അതു വിശ്വസിച്ചിരുന്നു.
പക്ഷെ അന്ന് അച്ഛന്റെ സുഹൃത്തിന്റെ ഭാര്യയാണ് അമ്മയെ വിളിച്ച് പറഞ്ഞത് അന്നത്തെ വാതുവയ്പിനെ പറ്റി .
കയ്യിൽ വിൽക്കാനോ പണയം വയ്ക്കാനോ ഇല്ലാത്ത അവസ്ഥയിൽ ബെറ്റിൽ തോറ്റാൽ നൽകാൻ എന്തുണ്ട് എന്ന ചോദ്യത്തിന് നല്ലൊരു പെണ്ണുണ്ട് വീട്ടിൽ, മതിയോ എന്ന് ചോദിച്ചത്രേ.
അന്നിറങ്ങിയതാണമ്മ അച്ഛന്റെ വീട്ടിൽ നിന്ന് കൈകുഞ്ഞായ എന്നേയുമെടുത്ത്. അമ്മയുടെ ഏട്ടന്റെ വീട്ടിലായിരുന്നു പിന്നീട്, ഞാൻ പഠിച്ചു ഒരു ജോലി നേടി ഈ വാടക വീട്ടിലേയ്ക്ക് മാറുന്നത് വരെ. ഒരിക്കൽ പോലും അച്ഛൻ ഞങ്ങളെ അന്വേഷിച്ച് വന്നില്ലായിരുന്നു. പിന്നീട് ഇപ്പോഴാണ് പിന്നെ അച്ഛനെ കുറിച്ച് കേൾക്കുന്നത്.
അമ്മയെ വിളിച്ച് പറയണോ എന്നാലോചിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. ജോലിയിൽ നിന്ന് അവധിയെടുത്ത് ഹോസ്പിറ്റലിൽ ചെന്നു. അമ്മയുടെ വിവാഹ ഫോട്ടോയിൽ കൂടെയുള്ള സുമുഖനായ ചെറുപ്പക്കാരന്റെ ഒരു സാദൃശ്യവുമില്ലാത്ത ഒരു രൂപം. പക്ഷെ എന്നെ കണ്ടതേ മോളെ എന്ന് വിളിച്ചു അടുത്തു പിടിച്ചിരുത്തി.
അച്ഛന് സംസാരിക്കാൻ തീരെ വയ്യായിരുന്നു. ഒന്നു മാത്രം പറഞ്ഞു.
അച്ഛന്റെ ജീവിതത്തിൽ അമ്മയിൽ നിന്നേറ്റ തോൽവിയായിരുന്നു ഏറ്റവും വലുതെന്ന്. ഞാൻ മൂലം നേടിയ വിജയമാണ് ഏറ്റവും വലിയ നേട്ടമെന്നും. കൂടുതലൊന്നും പറയാൻ അച്ഛനു സാധിച്ചല്ല. അച്ഛൻ പറഞ്ഞതിന്റെ അർത്ഥവും മനസ്സിലായില്ല.
കരുതിയിരുന്നു എന്തിനമ്മയോട് അങ്ങനെ ചെയ്തുവെന്ന്. പക്ഷെ കണ്ടപ്പോൾ കഴിഞ്ഞില്ല, ഒന്നും ചോദിക്കാൻ .
പലവട്ടം കേട്ടു തഴമ്പിച്ച കഥയിലെ ആരും ഇഷ്ടപ്പെടാത്ത നായകനായിരുന്നു എനിക്കച്ഛൻ. ഒരു കുഞ്ഞോർമ്മ പോലുമില്ല മനസ്സിൽ. ഇവിടെ കൂട്ടിരിക്കുമ്പോൾ അന്യനായ ഒരാളെ കാണുന്നതു പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ ഇടക്കച്ഛന്റെ കണ്ണു നിറയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞതെന്താണ്?
കുറച്ചു സമയം അവിടെ ഇരുന്ന ശേഷം തിരിച്ചു പോന്നു വീട്ടിലേയ്ക്ക്.
അമ്മയോടൊന്നും പറയേണ്ടന്ന് കരുതിയതാണ്. പക്ഷെ മകളുടെ മനസ്സൊന്നുലഞ്ഞാൽ അമ്മമാർക്കത് പെട്ടെന്ന് മനസ്സിലാവും. അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ എല്ലാം പറയേണ്ടി വന്നു. കേട്ടു കഴിഞ്ഞപ്പോൾ ഒരു പാറ പോലെയിരുന്നു അമ്മ കുറെ സമയത്തേയ്ക്ക്. പിന്നെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു രാത്രി മുഴുവനും. ഒരു പക്ഷെ അച്ഛൻ പറഞ്ഞതിന്റെ അർത്ഥം അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടാവും.
കാലത്ത് എന്നേക്കാൾ മുന്നേ തയ്യാറായത് അമ്മയാണ്, അച്ഛനെ കാണാൻ പോകാൻ. അമ്മയുടെ ഏട്ടനും ഞങ്ങൾക്കൊപ്പം വന്നു. പക്ഷെ ഞങ്ങൾ എത്തിയപ്പോഴേക്കും വൈകിയിരുന്നു. തലേന്ന് രാത്രിയിൽ തന്നെ അച്ഛൻ മരിച്ചു. കാലത്ത് തന്നെ സുഹൃത്തുക്കളാരോ മൃതശരീരം ഏറ്റുവാങ്ങി കൊണ്ടുപോയി എന്നാണറിഞ്ഞത്.
തലേന്ന് വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചതും വിവരങ്ങളറിഞ്ഞതും അമ്മാവനാണ്. അമ്മ വിവരമറിഞ്ഞതേ തളർന്നു പോയിരുന്നു. പിന്നെ അവസാനമായി ഒന്ന് കാണാൻ അച്ഛൻ താമസിച്ചിരുന്ന വീട്ടിലേക്ക്.
ഒരു കുറവുമില്ലാതെ എല്ലാ ചടങ്ങുകളും കഴിഞ്ഞു. അമ്മാവനാണ് അച്ഛന്റെ സുഹൃത്തിനെ വിളിച്ച് ആരാണ് ചിലവുകൾ ഏറ്റെടുത്തതെന്നന്വേഷിച്ചത്. ബന്ധുക്കളായി അവിടെ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ചിലവുകൾ ചെയ്യേണ്ടതും ഞങ്ങളല്ലെ.
പക്ഷെ അയാളിൽ നിന്നു കിട്ടിയ മറുപടി ഞങ്ങൾ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു. അതുമൊരു വാതുവെയ്പായിരുന്നു. തലേന്ന് എന്നെ കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചതും അതിന്റെ ഭാഗമായിരുന്നു.
അച്ഛൻ ജയിച്ച ഏറ്റവും വലിയ ബെറ്റ്.
ഹൈഡി റോസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot