Slider

ചെരുപ്പ്

0

ഞാന്‍ നിന്‍റെ ചെരുപ്പാകുന്നു..
നീ ദേവാലയത്തിലേക്കു പ്രവേശിക്കുന്നതിന്‍ മുന്‍പ്
എന്നെ എന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉപേക്ഷിക്കുക
കാരണം, ചെളിക്കു മീതെ നടന്ന്,
വിശുദ്ധിയിലേക്കുള്ള നിന്‍റെ യാത്രയില്‍..
നിനക്കും ചെളിക്കുമിടയില്‍ ഞാനായിരുന്നല്ലോ..!
എന്നും അഴുക്കുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും
ഞാന്‍ മാത്രമാണല്ലോ..
ആകെ ചെളി പുരണ്ട എന്നെ
ഈ കല്പടവുകളില്‍ ഉപേക്ഷിക്കുക !
വ്യവസ്ഥയുടെ കല്പടവുകള്‍ കയറി
അകത്തു നീ അനന്താനന്ദത്തെ
ധ്യാനിക്കുമ്പോഴും
എന്നെ നീ ഓര്‍ക്കരുത്.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും
നിന്‍റെ ധ്യാനത്തെ മലിനമാക്കാം..!
നിന്‍റെ മാന്യതയുടെ,വിശുദ്ധിയുടെ,
അകത്തളങ്ങളില്‍
എന്നും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള
എനിക്ക്,
കാത്തിരിപ്പായിരുന്നു....
നീ തിരിച്ചു വരുന്നതും കാത്ത്,
നിന്‍റെ പാദങ്ങളെ ശിരസ്സിലേറ്റാന്‍,
കല്ലും,മുള്ളും ,വയലുംകടന്ന്, കുണ്ടും,കുഴിയും,കുന്നുകളും താണ്ടി,
ഉറവകളില്‍ ശ്വാസം പിടഞ്ഞ്,
നിന്നെ നോവാതെ കാത്ത്,
നിനക്കു മാര്‍ഗ്ഗമൊരുക്കാന്‍...
നിന്‍റെ പാദത്തിനു പാകമായി
ഇതുവരെ നമ്മള്‍ ഒന്നായ് നടന്നു
ഇതാ ദൈവം നിന്നെ വിളിക്കുന്നു.
പോവുക, നീ തിരിച്ചു വരും മുന്‍പേ,
ഒരു ഓര്‍മ്മ തെറ്റായ്,മറ്റാരും-
എന്നില്‍ പ്രവേശിക്കാതിരിക്കാന്‍
എന്‍റെ മാറില്‍,നിന്‍റെ നഖമുനകൊണ്ട്,
ഒരടയാളം കുറിക്കുക.

By
Biju Mangalath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo