Showing posts with label ബിജു മംഗലത്ത്. Show all posts
Showing posts with label ബിജു മംഗലത്ത്. Show all posts

വിഷുക്കണി

Image may contain: 1 person, beard and closeup
നല്ലെഴുത്ത് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ
ഈസ്റ്റർ - വിഷുദിനാശംസകൾ !!!
🌼 വിഷുക്കണി🌼
കണി കണ്ടുണർന്നിടാം മിഴി തുറക്കൂ - ഹേമ
നിറമാർന്ന കനവുകൾ പൂത്തു നില്പൂ
നന്മകൾ നമ്മൾക്കായ് നീട്ടി നില്പൂ - നീല
നിറമാർന്ന ദൈവതം ചാരെ നില്പൂ
ചിറകാർന്ന മോഹം ചിലച്ചുണർന്നൂ - നൽ
ചിരിതൂകി നില്പൂ പ്രഭാതസന്ധ്യ
എഴുതിരിയിട്ടോരു പൊൻവിളക്കിൽ നിന്നു -
മുതിരുന്നു നാളെയുടെ പൊൻവെളിച്ചം
സങ്കല്പമോരോന്നും പീത പുഷ്പങ്ങളായ്
കൺമുന്നിൽത്തന്നേ വിടർന്നിരിപ്പൂ
ഓമൽ പ്രതീക്ഷകൾ 'കനികളായ് ' താലത്തിൽ
ഓരോരോവർണ്ണം പുതച്ചിരിപ്പൂ..
കണികണ്ടുണർന്നിടാം മിഴി തുറക്കൂ - ദേവ
ബാല്യത്തിൻ പുഞ്ചിരിയാസ്വദിക്കൂ..
അഷ് ടൈശ്വര്യങ്ങൾ തൻ, ചെപ്പിൽനിന്നിത്തിരി
കുങ്കുമം ചേലോടെ തൊട്ടെടുക്കൂ...
താലത്തിൽ കണ്ണാടിക്കാഴ്ച കാണാമതിൽ,
നിൻ മുഖകാന്തിയുമാസ്വദിക്കാം
നീ തന്നെയാകുന്നു കാണായതൊക്കെയും
നീ തന്നെയല്ലോ മഹാവിശ്വമാകെയും.
നിന്നെ നീയറിയുന്ന നാൾ തൊട്ടു - ലോകമീ
പൊൻകണി പോൽ, വശ്യമാർന്നു നിൽക്കും

ശുഭം
ബിജു മംഗലത്ത്

ചെരുപ്പ്


ഞാന്‍ നിന്‍റെ ചെരുപ്പാകുന്നു..
നീ ദേവാലയത്തിലേക്കു പ്രവേശിക്കുന്നതിന്‍ മുന്‍പ്
എന്നെ എന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉപേക്ഷിക്കുക
കാരണം, ചെളിക്കു മീതെ നടന്ന്,
വിശുദ്ധിയിലേക്കുള്ള നിന്‍റെ യാത്രയില്‍..
നിനക്കും ചെളിക്കുമിടയില്‍ ഞാനായിരുന്നല്ലോ..!
എന്നും അഴുക്കുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും
ഞാന്‍ മാത്രമാണല്ലോ..
ആകെ ചെളി പുരണ്ട എന്നെ
ഈ കല്പടവുകളില്‍ ഉപേക്ഷിക്കുക !
വ്യവസ്ഥയുടെ കല്പടവുകള്‍ കയറി
അകത്തു നീ അനന്താനന്ദത്തെ
ധ്യാനിക്കുമ്പോഴും
എന്നെ നീ ഓര്‍ക്കരുത്.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും
നിന്‍റെ ധ്യാനത്തെ മലിനമാക്കാം..!
നിന്‍റെ മാന്യതയുടെ,വിശുദ്ധിയുടെ,
അകത്തളങ്ങളില്‍
എന്നും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള
എനിക്ക്,
കാത്തിരിപ്പായിരുന്നു....
നീ തിരിച്ചു വരുന്നതും കാത്ത്,
നിന്‍റെ പാദങ്ങളെ ശിരസ്സിലേറ്റാന്‍,
കല്ലും,മുള്ളും ,വയലുംകടന്ന്, കുണ്ടും,കുഴിയും,കുന്നുകളും താണ്ടി,
ഉറവകളില്‍ ശ്വാസം പിടഞ്ഞ്,
നിന്നെ നോവാതെ കാത്ത്,
നിനക്കു മാര്‍ഗ്ഗമൊരുക്കാന്‍...
നിന്‍റെ പാദത്തിനു പാകമായി
ഇതുവരെ നമ്മള്‍ ഒന്നായ് നടന്നു
ഇതാ ദൈവം നിന്നെ വിളിക്കുന്നു.
പോവുക, നീ തിരിച്ചു വരും മുന്‍പേ,
ഒരു ഓര്‍മ്മ തെറ്റായ്,മറ്റാരും-
എന്നില്‍ പ്രവേശിക്കാതിരിക്കാന്‍
എന്‍റെ മാറില്‍,നിന്‍റെ നഖമുനകൊണ്ട്,
ഒരടയാളം കുറിക്കുക.

By
Biju Mangalath

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo