Showing posts with label SheenaAami. Show all posts
Showing posts with label SheenaAami. Show all posts

പെണ്ണ്(കഥ)


"പൂവ് ചൂടണമെന്ന് പറഞ്ഞപ്പം പൂമരം കൊണ്ടത്തന്നവനാ.... "

"മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞപ്പം കുഞ്ഞിപ്പുഴ വെട്ടിത്തന്നവനാ.... "

"അക്കരെ നിന്നൊരു മാരനെ കണ്ടപ്പം എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

ഇന്നും പതിവ് തെറ്റിയിട്ടില്ല.... പെണ്ണിന് ചിരി വന്നു. അവൾ ജനലിലൂടെ ഒന്ന് നോക്കി. മഴ ചാറുന്നുണ്ട്. മഴ നൂലുകൾക്ക് പിറകിലായി തൊട്ടപ്പുറത്തെ വീട്ട് വരാന്തയിൽ നിന്ന് ഒരു രൂപം അത്ര വ്യക്തതയില്ലാണ്ട് പാടുന്നു.

മണ്ണെണ്ണ വിളക്കിന്റെ തിരിയൽപ്പം ഉയർത്തി വെച്ച് പെണ്ണ് കണ്ണാടിയിലേക്കൊന്ന് നോക്കി. ജനാലപ്പടിയിലിരുന്ന കണ്മഷിക്കൂട് തുറന്ന് ദൃതിയിൽ ഒന്ന് കണ്ണെഴുതി. വിരൽ തുമ്പിൽ അല്പം തോണ്ടിയെടുത്ത് ഒരു വട്ടപ്പൊട്ടും. അതാണ്‌ പതിവ്.... മുടിയിഴകൾ കൈകൊണ്ട് ഒന്ന് മാടിയൊതുക്കി അടുക്കളച്ചായ്പ്പിലേക്ക് നടന്നു.....

വാഴയില വെട്ടി മൂടിയ പാത്രവും കൊണ്ട് തൊട്ടടുത്ത വീട്ട് വരാന്തയിലേക്ക് കേറുമ്പോൾ പെണ്ണ് ചുറ്റും ഒന്ന് കണ്ണോടിച്ചു. അതൊരു പതിവാണ്. കാണുന്നോരൊക്കെ ഒന്ന് കാണട്ടെ എന്ന മട്ടിൽ ഒരു ചിരിയും.

അകത്തെ മുറിയിൽ പാതി കട്ടിലിലും പാതി നിലത്തുമായി അയാൾ കിടപ്പുണ്ട്.

"തെന്ത് കിടപ്പാണ്.....? " അവൾ ആരോടെന്നില്ലാതെ ആത്മഗതം ചെയ്തു.

" ഒന്നെണീക്ക്ണ് ണ്ടോ ...? " അവൾ അയാളുടെ കയ്യിൽ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചു.

" എന്റെ കാര്യം നോക്കാൻ എനിക്കറിയാം... ഒരുത്തീടേം ഔദാര്യം വേണ്ട..." അയാളവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് വ്യക്തതയില്ലാതെ പുലമ്പി.

" അതാണല്ലോ ഇപ്പക്കണ്ടേ...?" പെണ്ണ് ചിരിച്ചു. അവൾ അയാളെ താങ്ങി പിടിക്കാൻ ശ്രമിച്ചു. അയാൾ അവളുടെ കൈ തട്ടിയെറിഞ്ഞു.

"നെന്റെ കെട്ട്യോൻ ചത്തപ്പോ തൊട്ടാണല്ലോ നെനക്കെന്നോടീ പ്രേമം.... നെന്റെ മനസിലിരുപ്പ് ഒന്നും നടക്കാൻ പോണില്ല പെണ്ണേ..... "
"അതിന് വേറേ വല്ല ആണുങ്ങളേം നോക്ക്..." അയാൾ കണ്ണുകൾ പാതി തുറന്ന് ചിരിച്ചു. അവൾ അയാളെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല. കെട്ട്യോൻ ഉണ്ടാരുന്നപ്പഴും പ്രേമം അയാളോടായിരുന്നൂ ന്ന് അയാൾക്കറിയില്ലല്ലോ.....
കർക്കടകം ചിന്നം പിന്നം പെയ്യുമ്പോൾ മുഴുപ്പാവാടയുടുത്ത് പാടവരമ്പത്തൂടെയോടിനടന്നിരുന്ന കാലം തൊട്ടേ അയാളെ അറിയാം....

"ഓൻ... വല്യ കമ്മൂണിഷ്ടല്ലേ..... വിപ്ലവം തലക്ക് പിടിച്ച് തറവാട് വിട്ടിറങ്ങിയതാ.... " ആളോള് അയാളെ കുറിച്ച് തുറന്ന ചർച്ചകൾ നടത്തുന്നത് എത്ര തവണ കേട്ടിരിക്കുന്നു.... അയാളുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് എത്ര കാതോർത്തിരിക്കുന്നു.... പെണ്ണിന് അയാളോടാരാധനയായിരുന്നു.
സ്കൂളീ പോണ വഴിയ്ക്ക് പാർട്ടിയാപ്പീസിന്റെ മുന്നിലെത്തുമ്പോ ആരും കാണുന്നില്ലാന്നുറപ്പ് വരുത്തി കരിമഷി വരച്ച കണ്ണുകളാൽ അയാളെ ആരാധനയോടെ നോക്കി നടന്നിട്ടുണ്ട്. അയാൾക്കന്ന് പക്ഷെ മേലേട്ത്തെ സുഭദ്രേ കാണാൻ മാത്രേ കണ്ണുണ്ടായിര്ന്നുള്ളൂ.... അവള്ടെ കസവ് പുടവേടെ പ്രഭയില് നിറം മങ്ങി നരച്ച പുള്ളിപ്പാവാടക്കാരി കാക്കക്കറുമ്പി എന്നും മങ്ങിപ്പോയി.

പത്താന്തരം വരേ പഠിക്കാനൊത്തത് തന്നെ മഹാഭാഗ്യം.... ഷാപ്പിലെ സ്ഥിരം പറ്റുകാരൻ കസർത്ത് കാരൻ രാഘവനെ കൊണ്ട് തന്നെ മോളെക്കെട്ടിക്കാൻ അച്ഛന് ബുദ്ധി ഉപദേശിച്ചു കൊടുത്തത് ഇളയമ്മയായിരുന്നു. വേണ്ട ന്ന് പറേണം ന്ന് ണ്ടായിര്ന്നു. പക്ഷെ ശബ്ദണ്ടായിര്ന്നില്ല. എങ്ങോട്ടേലും ഇറങ്ങി ഓടണം ന്നും ണ്ടായിര്ന്നു. പക്ഷെ പോകാനൊരിടം ണ്ടായിര്ന്നില്ല.
പാർട്ടിയാപ്പീസിന്റെ മുന്നിലൂടെ ഒരു കാര്യോല്ലാതെ ഒരിക്കൽ കൂടി ഒന്ന് നടന്ന് നോക്കി. പക്ഷേച്ചാ... അവസാനായിട്ട് അയാളെന്ന് കാണാനൊത്തില്ല. യോഗണ്ടാവില്ല്യ.... യോഗണ്ടാവില്ല്യാന്നല്ല....യോഗല്യ....

കെട്ടാൻ പോണ ആളുമായിട്ട് പോലും കല്യാണത്തിന് മുന്നേള്ളര് കാഴ്ചയൊന്നും തരപ്പെട്ടിട്ടില്യ.... പിന്നെയാണ്....
അയാളെ, കഴുത്തിൽ താലി വെക്കാൻ നേരത്താണ് ഒരു നോട്ടം കണ്ടത്. കൊമ്പൻ മീശേം ചോന്ന കണ്ണുംള്ള അയാളെ കണ്ടപ്പത്തന്നെ പേടിയാണ് തോന്നിയത്.

ഒറ്റ മുറിയും ചായ്പ്പും പൊട്ടിപ്പൊളിഞ്ഞ കോലായും കൂടിയ ഒരോല മേഞ്ഞ കുടിലയാൾക്ക് സ്വന്തമായിണ്ടാർന്നു. തമ്പ്രാൻറെ വളപ്പിൽ വളച്ചു കെട്ടി താമസിക്കുന്ന ചെറിയമ്മേടെ നോട്ടത്തിൽ അതും ലാഭം.
"ന്തായാലും ആ മണ്ണ് ഓന്റെ സൊന്തല്ലേ.... "

ആദ്യരാത്രി... അത് പെണ്ണിന് മാത്രായിര്ന്നു... അയാൾക്കിത് എത്രാമത്തേത് ന്ന് അയാൾക്ക് തന്നെ തിട്ടമില്ല. ച്ചാലും... പുത്യ പെണ്ണിനോടുത്തുള്ള പുത്യ ഓരോ രാത്രികളും അയാൾക്ക് ആഘോഷം തന്നെയായിരുന്നു. അയാൾ നന്നായങ്ങട് ആഘോഷിച്ചു. കയർ വരിഞ്ഞ കട്ടിലിൽ അയാൾക്ക് കീഴെ പെണ്ണ് ഞെരിഞ്ഞുടഞ്ഞു. അയാൾ അവളുടെ മേല്മുണ്ടും റൗക്കയും പറിച്ചെറിഞ്ഞു. ചുണ്ടുകൾ കടിച്ചു പറിച്ചു. പിന്നെയും എന്തെല്ലാമോ കാട്ടിക്കൂട്ടി.
അവൾക്ക് വേദനിച്ചു.... വല്ലാതെ വേദനിച്ചു. സഹിക്കവയ്യാതെ നിലവിളിച്ചു പോവുമെന്ന് തോന്നി. ന്നിട്ടും അടക്കിപ്പിടിച്ചു. പെണ്ണല്ലേ.... പാടുണ്ടോ....? അടക്കാനല്ലേ എന്നും പറഞ്ഞു തന്നിട്ടുള്ളൂ... എന്തും... ഏതും...അടക്കി വെക്കുക. ഒതുക്കി വെക്കുക. ഒതുങ്ങി നിൽക്കുക.

എങ്കിലും അവൾ ഭയന്നു. വല്ലാതെ ഭയന്നു.... അവൾ കേട്ട കഥകളില്ത്തെ ആദ്യരാത്രിയോളൊന്നും ഇങ്ങനാർന്നില്ല. എവിടെയോ ഇത്തിരി നാണവും... നെറ്റിയിൽ പടരുന്ന കുങ്കുമവും.... ചതയുന്നൊരു പിടി മുല്ലപ്പൂവാസാനയും അവളുടെ സങ്കല്പങ്ങളില് എവിടൊക്കെയോ ണ്ടാർന്നു. ന്നാൽ... ബാക്കിയായത് പുളിച്ച മദ്യത്തിന്റ ഓക്കാനം വരുന്ന മണം മാത്രായിര്ന്നു.

അങ്ങനെ അത് കഴിഞ്ഞു. അയാൾ അവളിൽ നിന്ന് വേർപെട്ട് ഒരു വശത്തേക്ക് ചരിഞ്ഞു.
അല്പനേരത്തിനകം ഉച്ചത്തിലുള്ള കൂർക്കം വലി കേൾക്കാനായി. അയാൾ ചരിഞ്ഞു കിടന്ന് ഉറക്കമായിരുന്നു. പെണ്ണ് ചുവരിനരികിലേക്ക് നീങ്ങിക്കിടന്ന് കിതപ്പടക്കി. അയാൾ ഞെരിച്ചമർത്തിയ ശരീര ഭാഗങ്ങളിലെ നീറ്റൽ അവഗണിച്ചു കൊണ്ട് വെറുതെ മച്ചിലേക്ക് നോക്കിക്കിടന്നപ്പോഴാണ് ആദ്യമായി ആ പാട്ട് കേട്ടത്.

"പൂവ് ചൂടണമെന്ന് പറഞ്ഞപ്പം...." പെണ്ണ് ഏതാനും നിമിഷം കാതോർത്തു...

"അക്കരനിന്നൊരു മാരനെ കണ്ടപ്പം....." അവൾ പതിയെ എഴുന്നേറ്റു ജനലരികിലേക്ക് നടന്നു...
അയാള്.... അയാള് തന്നല്ലേ അത്.... സഖാവ് ദാസൻ.... അതേ.... അയാളെ ത്ര ദൂരേന്നും.... ത്ര അകലത്തില് വെച്ചും അവൾക്ക് തിരിച്ചറിയാം. അതോണ്ടെന്നെ തൊട്ടപ്പുറത്തെ ഓട് മേഞ്ഞ വീടിന്റെ വരാന്തയിൽ നിന്ന് ആട്ണ നിഴലും പാട്ണ ശബ്ദവും അയാള്ടെന്നെ ന്ന് അറിയാൻ വല്യ പാടൊന്നും ണ്ടായില്യ.....

ഈ ദേശത്തെവിടെയോ ആണ്ന്നറിയാർന്നു. ച്ചാലും ഇത്ര തൊട്ട് വന്നു പെടുംന്ന് കരുതീല.... അവൾ ഏതാനും നിമിഷം അയാളെ തന്നെ നോക്കി നിന്നു. എവിടെയൊക്കെയോ നീറ്റൽ... പെണ്ണ് ഒറ്റപ്പൊളി ജനാല വലിച്ചടച്ചു. പിന്നെ തിരികെ കട്ടിലോരം വന്നു കെടന്നു.... തൊട്ടടുത്ത് നിന്ന് ഇടതടവില്ലാതെ മുഴങ്ങിക്കേൾക്കുന്ന കണവന്റെ കൂർക്കം വലിക്കിടയിലും ഇടമുറിയാതെ ആ വരികൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു....

"അക്കരെ നിന്നൊരു മാരനെ കണ്ടപ്പം എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

കൊയ്ത്ത് കഴിഞ്ഞ അന്നായിരുന്നു സുഭദ്രേടെ പുടമുറി.... സിലോണിൽന്നുള്ള വല്യ പത്രാസ് കാരനാണ് ചെറുക്കൻ ന്ന് ആളോള് പറഞ്ഞ് കേട്ടിര്ന്നു. ച്ചാലും അയാളെ ഇങ്ങനെ കാണേണ്ടി വരും ന്ന് കര്തീല. അല്ലേലും ഈ ആണുങ്ങൾക്ക് തീരെ മനക്കട്ടിയില്ല. വല്ലാതെ നോവും. നൊന്താൽ.... പിന്നെ കുടിയായി.... പാട്ടായി.....
പെണ്ണുങ്ങൾക്കും നോവും.... പക്ഷേ ആരും അറിയില്ല. അറിയിക്കില്ല. ഇത് പോലെ അടക്കിയങ്ങ് വെക്കും. പെണ്ണ് കണ്ണുകൾ ഇറുകെ പൂട്ടി. പിന്നെ അത് തൊറക്കാനും ശ്രമിച്ചില്ല. അവളുടെ കണ്ണീരുപ്പിന്റെ ചൂടിൽ കുതിർന്ന് മാറിലെ മുറിവ് നീറി.

രാഘവനോടുത്തുള്ള ജീവിതം പെണ്ണിന് വളരെ സുഖകരം ആയിരുന്നു. എത്ര സുഖകരം ന്ന് ചോയ്ച്ചാ... രാത്രിക്ക് മൂക്കറ്റം മോന്തീട്ട് വന്നിട്ട് ഊരയ്ക്കും പള്ളയ്ക്കും തൊഴിക്കുമ്പോ കിട്ടണ സുഖം.... എല്ലോള് കഴച്ച് പൊട്ടണ സുഖം...

പുതിയ പുതിയ ക്ഷതങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നതിനനുസരിച്ച് ഉള്ളിലെ പഴയ ക്ഷതങ്ങൾക്ക് മാറ്റ് കൂടിക്കൂടി വന്നപ്പൊ ഇറുക്കിപിടിച്ച കണ്ണൊന്ന് തൊറന്ന് നോക്കാൻ തോന്നി. മണ്കട്ട പടുത്ത ചുവരിലെ ഒറ്റപ്പൊളി ജനാല ഒരിക്കൽ തൊറന്നു നോക്കി. ഒരിക്കൽ തൊറന്നാൽ പിന്നെ പാടാ.... ഇടയ്ക്കിടെ തൊറന്ന് നോക്കാൻ തോന്നും. അതിൽക്കൂടെ ഒഴുകി വരണ വ്യക്തതയില്ലാത്ത വര്യോൾക്ക് കാതോർക്കാൻ തോന്നും. പക്ഷേ ഒന്നും സഖാവ് അറിഞ്ഞില്ല. അറിയിച്ചില്ല. അതാണ്‌ പെണ്ണ്....
ഉള്ളോണ്ട് തെറ്റ് ചെയ്താലും പാതിവ്രത്യം ഒരു കടമ പോലെ സൂക്ഷിക്കും. ഒരാളൊപ്പം കെടന്നിട്ട് മറ്റെയാളെ സ്വപ്നം കാണും. എന്താ സ്വപ്നം കാണണേ ന്ന് ചോയ്ച്ചാലാണ് രസം.... ആളോളെ വിചാരം പെണ്ണ് അന്യ പുരുഷനെ സ്വപ്നം കാണാന്ന്വച്ചാ പെണ്ണ് പെഴയാ ന്നാ.... എന്നാൽ പെണ്ണോ.... ഓള് സ്വപ്നം കാണണ ആളെ കൂടെ മാത്രേ ചെലപ്പോ കെടക്കാതിരുന്നിട്ടുണ്ടാവൂ.... അല്ലെങ്കില് കൂടെ കെടക്കാത്ത ആളെ മാത്രേ ഓള് സ്വപ്നം കാണൂ.... കൊറച്ചൂടെ തെളിച്ചു പറഞ്ഞാൽ ഓളെ സ്വപ്‌നങ്ങൾ ഒക്കെ വേറേര്ക്കും. സ്വപ്നം കാണണ ആള കൂടെ, സ്വപ്നത്തിൽ.... കെടക്കണതൊഴിച്ച് ഓള് മറ്റെല്ലാം കാണും. കൂടെ കെടക്കാനാണെങ്കിൽ കൂടെള്ളത് തന്നെ പോരേ... പൊറത്ത് ന്ന് ആളെ കൂട്ടണോ...? പെണ്ണ് ഓരോന്നോർത്ത് അറിയാതെ ഒന്ന് ചിരിച്ചു. അത് കെട്ട്യോൻ കണ്ടു. അതിന്റെ പേരിലായി പിന്നത്തെ പരാക്രമം.... സ്വന്തം കെട്ട്യോളേം അയൽക്കാരനേം കൂട്ടി കന്നന്തരം പറേണതും, അതിന്റെ പേരില് കെട്ട്യോളെ മേത്ത് കൈ കഴപ്പ് തീർക്കണതും കുടിയൻമാർക്ക് ഒരു മനസുഖം തന്നെ.... അത് ഒരിക്കൽ അറിഞ്ഞാ പിന്നെ അവർക്കത് പതിവാക്കാൻ തോന്നും. അയാളും പതിവാക്കി.

"ചകാവ് ദാസൻ.... ത്ഫൂ..... " കൈ കഴയ്ക്കുമ്പോൾ അയാള് നാല് കാലിൽ ആടി നിന്ന് മുറ്റത്തേക്ക് കാർക്കിച്ച് തുപ്പി.

" എന്റട്ത്ത് ല്ലാത്ത ന്താടി ഓന്റാടെ നീയ് കണ്ടത്? " കലിതുള്ളിക്കൊണ്ട് അയാൾ മുഖമടച്ചൊന്ന് പൊട്ടിച്ചു.

അത് പക്ഷേ അവൾക്ക് വേദനിച്ചില്ല. അതിനൊരു സുഖണ്ട്ന്ന് തോന്നി. ആ കൂസലില്ലായ്മ കണ്ട് അയാൾ കലി തുള്ളിക്കൊണ്ട് അടിവയറ്റിലേക്ക് ആഞ്ഞു തൊഴിച്ചു. കുത്തിയൊലിക്കുന്ന കട്ടച്ചോരേയി അയാളായിട്ട് തന്നത് അയാളന്നെ തിരിച്ചെടുത്തപ്പളും പെണ്ണ് ഉള്ളൊതുക്കിപ്പിടിച്ചു. പിന്നെ അയാള് കെണഞ്ഞ് ശ്രമിച്ചിട്ടും പെണ്ണിന്റെ വയറ്റില് ജീവന്റെ ഒരു നാമ്പ് പോലും കിളിർത്തില്ല. പെണ്ണ് ആശ്വസിച്ചു.

ഷാപ്പില് കിടന്ന് തല്ല് പിടിയുണ്ടാക്കീട്ട് പൊട്ട്യേ കുപ്പ്യോണ്ടാരോ അയാളെ പള്ളക്ക് കുത്തീന്ന് വടക്കേലെ ശാന്ത വന്ന് കാറിയപ്പോൾ പെണ്ണോടി. ചത്ത് വിറങ്ങലിച്ച് കണ്ണ് തുറിച്ച് ഈച്ചയാർത്തു കിടക്കണ അയാള്ടെ ശവം കണ്ടപ്പോ പേടിയാണോ.... സങ്കടാണോ ആശ്വാസാണോ തോന്നിയതെന്നറീല. ഒരുതരം നിർവികാരതയാർന്നു.

അന്യ ആണുങ്ങൾക്ക് തെറ്റായി നോക്കാൻ ഒരു പേടീണ്ടായിര്ന്നു..... അയാളെ കെട്ടിയോണ്ട് പെണ്ണിന് കിട്ടിയ ആകെ ഒര് ഗുണം. രാഘവന്റെ പെണ്ണല്ലേ.... അയാള് പോയപ്പോ അകെ നഷ്ടപ്പെട്ടതും അതെന്നേയിര്ന്ന്....
രാത്രിയിൽ വീടിന്റമ്മറത്ത് തട്ടലും മുട്ടലും പതിവായപ്പോ പായന്റടീല് ഒരു വാക്കത്തി സ്ഥാനം പിടിച്ചു.
പേടിച്ചും മറഞ്ഞും നിന്നിരുന്ന പെണ്ണ് നിവർന്ന് നിന്ന് ചീത്ത വിളിക്കാൻ തുടങ്ങിയപ്പോ ആണുങ്ങള് ആദ്യം ഒന്ന് പകച്ചു. പിന്നെ കൂകി.

"പെണ്ണ് പെഴയാ.... അറും പെഴ.... ആ ദാസൻ... വെച്ചോണ്ടിരിക്കണേന്റെ തണ്ടാണോൾക്ക്.... "

ആളോള് വിളിച്ചു പറഞ്ഞു തുടങ്ങിയപ്പോഴാണ് പെണ്ണിന് ധൈര്യം വന്നത്. പെണ്ണ് ഇറങ്ങി നടന്നു തുടങ്ങി. ദാസന്റോടെയ്ക്ക്.... അയാൾക്ക് വെച്ച് വിളമ്പാൻ... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില് അയാളെ ഊട്ടാൻ.... വീട് അടിച്ചു തെളിക്കാൻ....തുണിയലക്കിയുണക്കാൻ....
ദാസന്റടുക്കൽ മാത്രം പെണ്ണ് പെണ്ണായി. പെണ്ണിന് നേരിയ ഭയം തോന്നി. ഇത്തിരി നാണം തോന്നി. പെണ്ണ് കണ്ണെഴുതി.... പൊട്ട് തൊട്ടു.... സ്വപ്നം കണ്ടു....

" കാച്ചില് പുഴുങ്ങിയതും കട്ടൻ കാപ്പീം മാത്രേ ഇന്നുള്ളൂ.... " പെണ്ണ് പതിവ് തെറ്റിക്കാതെ പാത്രം കൊണ്ട് വെച്ച് വിളമ്പി. അയാളെ ഊട്ടി.

" ആളോള് പറയണ പോലെ ഞാൻ നെനക്ക് ചെലവ് തരേണ്ടി വരോ പെണ്ണേ....? " പതിവിന് വിപരീതമായി അയാൾ ചോദിച്ചു. പെണ്ണൊന്ന് തിരിഞ്ഞു നോക്കി.

" അയിന്റെ ആവശ്യം വര്ല്ല.... " പെണ്ണ് തിരിഞ്ഞു നടന്നു....

" പെണ്ണേ..... നെനക്കെന്താ എന്നോട്....? "

" എനിക്ക് പെണ്ണുങ്ങളെ പിടിക്കുകേലെന്ന് അറിയില്ലേ....? " ഒരിക്കൽ അയാൾ ചോദിച്ചു. അവൾ മുത്തു ചിതറും പോലെ ചിരിച്ചു.

" നീ പ്രതീക്ഷിക്കണതൊന്നും ന്നിൽ നിന്ന് കിട്ടില്ല പെണ്ണേ.... " ഒരിക്കലയാൾ പറഞ്ഞു.

" അതിന് ഞാനൊന്നും പ്രതീക്ഷിക്കണില്ല ല്ലോ..? " അവളും പറഞ്ഞു.

" പറയാൻ കൊള്ളാം.... എത്രയായാലും പെണ്ണ് പെണ്ണല്ലേ.... " അയാൾ ചിരിച്ചു. അവൾ ചിരിച്ചില്ല.

" പെണ്ണ് ചതിയാണ്.... ആണുങ്ങൾ ചതിക്കപ്പെടാനുള്ളവരും.. " അയാൾ പുലമ്പിക്കൊണ്ടിരുന്നു. പെണ്ണിന് സഹതാപം തോന്നി.

" എനിക്ക് പെണ്ണുങ്ങളെ വെറുപ്പാണ്.... " വീണ്ടുമൊരിക്കൽ അയാൾ പറഞ്ഞു.

" പക്ഷേ എനിക്കിങ്ങളോട് പ്രേമാണ്.... " മറുപടിയായി അവൾ കുണുങ്ങിച്ചിരിച്ചു. അയാളൊന്നും മിണ്ടിയില്ല. പെണ്ണ് പിന്നെയും വന്നു പോയി..... അയാൾ പതിവ് തെറ്റിക്കാതെ പാടി.... പെണ്ണ് കാതോർത്തു നിന്നു....
"എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

" താലി ഞാൻ കെട്ടില്ല.... അതിനോടെനിക്ക് യോജിപ്പില്ല. എന്നെ സ്നേഹിക്കാൻ.... എനിക്ക് വെച്ചവിളമ്പാൻ.... എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാൻ.... എന്റെ കൂടെ കൂടുന്നോ പെണ്ണേ....? " പിന്നീടെന്നോ ഒരിക്കൽ അയാൾ ചോദിച്ചു.

" പെണ്ണല്ല.... കുട്ടിമാളു.... കുട്ടിമാളൂ...ന്ന് വിളിക്കൂ.... അതാണ് ന്റെ പേര്.... " അവൾ പറഞ്ഞു. കുട്ടിമാളു.... !!! അയാൾ അത്ഭുതപ്പെട്ടൂ....

" പറയൂ.... മറുപടി പറയൂ കുട്ടിമാളൂ.... " അയാൾ വിടർന്ന മിഴിയാലേ അവളെ നോക്കി.

" ങ്ങള് ഇപ്പപ്പറഞ്ഞതെല്ലാം ഞാൻ മുറ തെറ്റാതെ പ്പഴും ചെയ്യണില്ലേ.... നിയെന്ത് വേണം....? " അവൾ ചോദിച്ചു.

" അതല്ല.... അതല്ല ഞാൻ പറഞ്ഞത്.... നെനക്ക് എന്നോട് പ്രേമമാണെന്ന് പറഞ്ഞില്ലേ....? "

" അതേ.... നിക്ക് ങ്ങളോട് പ്രേമാണ്..... വർഷങ്ങൾക്ക് മുന്നേ.... മുഴുപ്പാവാടയിട്ട് തൊടങ്ങിയ കാലം തൊട്ടേ.... " അവൾ ചിരിച്ചു. അയാൾ ഞെട്ടി....

"കുട്ടിമാളു...." അയാൾ വിളിച്ചു. അവൾ തുടർന്നു....

"ഒരിക്കല് ഞാൻ വെറുമൊരു പെണ്ണിന്റെ മാതിരി ങ്ങളെ സ്നേഹിച്ചിരുന്നു..... ന്നാല് നിക്കിനിയെങ്കിലും കുട്ടിമാളുവാകണം.... പേരില്ലാത്ത പെണ്ണിനേക്കാൾ നിക്കിപ്പൊ ഷ്ടം അതാണ്. "

" അതായിക്കൊള്ളൂ.... പക്ഷേ എന്റെ ചോദ്യത്തിനുള്ള മറുപടി?? "

" പക്ഷേ.... നിക്ക് ആണുങ്ങള വെറ്പ്പാണ്. ങ്ങളും ഒരാണല്ലേ.... അതോണ്ട് നിക്ക് ങ്ങളോടും വെറ്പ്പാണ്.... പക്ഷേ നിക്ക് ങ്ങളോട് സ്നേഹവുമാണ്.... "

" കുട്ടിമാളു എനിക്ക് നെന്നെ മനസിലാവുന്നില്ല.."

" ആണും പെണ്ണും തമ്മില് സാധാരണണ്ടാകാനിടല്ലാത്ത ഒരു ബന്ധാണ് ഞാൻ ഇപ്പ ങ്ങളിൽ നിന്ന് ആഗ്രഹിക്കണത്. "

" ഇനിയൊരാണും ന്നെ അടിമപ്പെട്ത്താൻ ഞാൻ സമ്മയ്ക്കില്ല.... "

" കുട്ടിമാളൂ..... "

( ആമി..... )

മീര.(കഥ)


ഗൗതമും ഞാനും തമ്മിലുള്ള ബന്ധമെന്താണ് ? എനിക്കിന്നുമറിയില്ല. കതിർമണ്ഡപത്തിൽ വെച്ച് എല്ലാവരേയും സാക്ഷിയാക്കി അയാളെന്റെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ട്. എന്റെ നെറുകയിൽ ആദ്യമായി ചുവന്ന രേഖ വരച്ച കൈകളും അയാളുടേത് തന്നെയായിരുന്നു.

ഞാനാ ഫ്രെയിമിൽ പലപ്പോഴായി ഹരിയേട്ടനെ പ്രതിഷ്ഠിച്ച്, മനസ്സിൽ ഒരായിരം തവണ അത്തരമൊരു ദൃശ്യം ക്യാമറാക്കണ്ണുകളേക്കാൾ സൂക്ഷ്മതയോടെ പകർത്തിവെച്ചിട്ടുണ്ടായിരുന്നൂ വെങ്കിൽ പോലും.

കർമികളുടെ നിർദേശാനുസരണം അഗ്നിക്ക് ചുറ്റും എന്റെ കൈ പിടിച്ച് അയാൾ വലം വെച്ചിട്ടുമുണ്ട്. പിന്നെ എനിക്കും അയാൾക്കുമായി എന്റെ വീട്ടുകാരൊരുക്കിയ മണിയറയിൽ വെച്ച് അവളേ മാത്രമേ എനിക്ക് സ്നേഹിക്കാനാവൂവെന്നും ഇത് വീട്ടുകാർക്ക് വേണ്ടി കെട്ടിയാടുന്ന വെറുമൊരു വേഷമാണെന്നും മീരയ്ക്ക് എന്ത് തീരുമാനം വേണമെങ്കിലുമെടുക്കാമെന്നും പറഞ്ഞെന്നോട് ക്ഷമാപണം നടത്താനുള്ള മര്യാദയും അയാളെന്നോട് കാണിച്ചിട്ടുണ്ട്.

അല്ലെങ്കിലും അയാളെന്നും വളരെ മര്യാദയോടെ മാത്രമേ എന്നോട് പെരുമാറിയിട്ടുള്ളു. അച്ഛൻ മകൾക്കായി കണ്ടെത്തിയതല്ലേ മോശമാവാൻ തരമില്ലല്ലോ. വല്ലാത്ത ആശ്വസമായിരുന്നു അന്ന്.....
എരിയുന്ന മനസിലേക്ക് ഒര് മഴ പെയ്തിറങ്ങുന്ന ആശ്വാസം....

മീര എന്ത് തീരുമാനമെടുക്കുമെന്നാണാവോ അയാൾ പ്രതീക്ഷിക്കുന്നത്?

സ്വന്തമായി തീരുമാനമുള്ളവളായിരുന്നു മീര എങ്കിൽ.....
എത്ര വേണ്ടായെന്ന് വെച്ചിട്ടും ഹരിയേട്ടന്റെ മുഖം മനസ്സിൽ തെളിയുന്നു.

അയാളീ താലി എപ്പോഴെന്റെ കഴുത്തിലണിയിച്ചോ ആ നിമിഷം മുതൽ ഞാനൊരു ഭാര്യയാണെന്ന ബോധ്യമെന്നെ കീഴ്പെടുത്തിത്തുടങ്ങിയിരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു . ജീവിതത്തിൽ പാലിക്കേപ്പെടേണ്ട മൂല്യങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുള്ളവളായിട്ട് തന്നെ അവരെന്നെ വളർത്തിയതിൽ ഞാനെന്നും അവരോട് കടപ്പെട്ടിരുന്നു.

എനിക്ക് വേണ്ടിയിരുന്നത് കുറച്ച് സമയമായിരുന്നു. അതിന് വേണ്ടി ഞാനയാളോട് യാചിക്കാനും തയാറായിരുന്നു. ഇനി... അതിന്റെ ആവശ്യമില്ല.

ആശ്വാസം തോന്നിയിരുന്നു . വല്ലാത്ത ആശ്വാസം...

രണ്ടുനാൾ മുൻപായിരുന്നു ഹരിയേട്ടന്റേയും ചെറിയച്ഛന്റെ മകൾ വർഷയുടെയും വിവാഹം.....

എല്ലാ ഉത്തരവാദിത്തത്തോടെയും അത് നടത്താൻ മുൻകയ്യെടുത്തതും അമ്മായിക്കൊരു താങ്ങായി നിന്ന് അത് നടത്തിക്കൊടുത്തതും അച്ഛനാണെന്ന് സുഭദ്രച്ചിറ്റയാണ് പറഞ്ഞത്.

അതിന്റെ രണ്ട് നാൾ മുൻപും ഹരിയേട്ടൻ വന്നിരുന്നു.

കൂടെ ചെല്ലണമെന്ന് പറയാൻ.....

പോയില്ല.

ഹരിയേട്ടൻ വിളിച്ചിട്ടും പോയില്ല.....

നിറകണ്ണുകളോടെ ഹരിയേട്ടൻ പടിയിറങ്ങിപ്പോയത് ഇന്നും ഓർമയുണ്ട്.

അപ്രത്ത് അച്ഛൻ അമ്മയോട് പറയണത് കേട്ടതും ഇന്നലെയെന്ന പോലെ ഓർമയുണ്ട്. അവളെന്റെ മോളാടീ....

ഹരിയെന്ന ഹരികൃഷ്ണനും ഗൗതമെന്ന ഗൗതം മേനോനും. എന്റെ ജീവിതത്തിലെ രണ്ടു പുരുഷന്മാർ.......

കുന്നിക്കുരു പെറുക്കി നടന്ന കാലം തൊട്ടേ ഞാൻ ഹരിയേട്ടന്റെ പെണ്ണാണെന്ന് വിശ്വസിച്ചിരുന്നു. തിരുത്താൻ അന്നാരും മുതിർന്നില്ല. ചുവന്ന അടയാളം ഞാൻ വളർന്നെന്ന് ആദ്യം ഓർമപ്പെടുത്തിയ ദിവസം ഇന്നും ഓർമയിലുണ്ട്. ഇനി ഹരീടെ കൂടെ തുള്ളിച്ചാടി നടക്കാനൊന്നും നിക്കണ്ടാ.... വല്യ പെണ്ണായീന്ന് ന്ന് അമ്മ ആദ്യമായി വിലക്കിയപ്പോ മനസ്സ് കലങ്ങീട്ടുണ്ട്. വലുതാവണ്ടീലാർന്നു......

പിന്നീട് വളർന്നപ്പോ ഹരിയേട്ടന്റെ കുഞ്ഞിനെ സ്വീകരിക്കാൻ എന്റെ ശരീരം തയാറാണെന്നുള്ള പ്രകൃതിയുടെ ഒരറിയിപ്പായി മാത്രമേ മാസത്തിലൊരിക്കൽ അടിവയറ്റിലെ നോവായി തന്റെ സാന്നിധ്യമറിയിക്കുന്ന ആ ചുവന്ന അടയാളത്തിനെ കാണാൻ സാധിച്ചിട്ടുള്ളു.

കടംകയറി ഹരിയേട്ടന്റച്ഛൻ ആത്മഹത്യ ചെയ്തതിന് ശേഷമാണ് പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. ഹരിയേട്ടനെ കാണുന്നതിനും മിണ്ടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടും മനസ്സുകൾക്കിടയിൽ മതിലുകൾ കെട്ടാൻ ആർക്കും സാധിച്ചില്ല. തന്റെ കണക്കുക്കൂട്ടലുകൾ തെറ്റുന്നു എന്ന് തോന്നിയ ഒരു നാൾ കരണത്തടിച്ചാണ് അച്ഛൻ തന്റെ പ്രദിഷേധമറിയിച്ചത്.

അമ്മയുടെ കണ്ണൊന്നു തെറ്റിയ ഏതോ ഒരു നിമിഷത്തിൽ കുളക്കടവിലെ പടിക്കെട്ടിലിരുന്ന് എന്റെ മുഖത്തെ തിണർത്ത പാടുകളിലൂടെ വിരലോടിച്ചുകൊണ്ട് ആദ്യമായി ഹരിയേട്ടനെന്നോട് ചോദിച്ചു. എന്റെ കൂടെ പോന്നൂടെ നിനക്ക്??? നിക്കതിനൊന്നും കഴിയില്ല്യാ ന്ന് ആ ചുമലിൽ തല ചായ്ച്ച് ഏങ്ങലടിച്ചുകൊണ്ടാണ് പറഞ്ഞത്. അന്ന് പിണങ്ങിപോയിട്ടും അവസാനനിമിഷത്തിൽ വീണ്ടും വന്ന് വിളിച്ചത് ഹരിയേട്ടന് മീരയിലുള്ള വിശ്വാസം കൊണ്ടാവാം. അതാണ് ഞാൻ അന്ന് തകർത്ത് കളഞ്ഞത്.

കല്യാണം കഴിഞ്ഞു ഏതാനും ദിവസത്തിനുള്ളിൽ അയാളോടൊപ്പം ഈ വലിയ നഗരത്തിലേക്ക് ചേക്കേറേണ്ടതായി വന്നിട്ടുണ്ട് എന്നതൊഴിച്ചാൽ ഗൗതമിനോടൊപ്പമുള ജീവിതം വളരെ എളുപ്പമുള്ള ഒന്നായിരുന്നു. വഴക്കുകളില്ലാത്ത പിണക്കങ്ങളില്ലാത്ത തീർത്തും ശാന്തമായ ജീവിതം....

കാരണം അയാൾ വളരെ മര്യാദയുള്ളവനായിരുന്നു.
ആ മര്യാദ പാലിച്ചുകൊണ്ട് തന്നെ അയാളെല്ലായിപ്പോഴും എന്നോട് പെരുമാറി .

കട്ടിലിലെ നിശ്ചിത ഭാഗം എനിക്കായിമാറ്റിവെച്ചു. ഉറക്കത്തിൽ കൈകാലുകൾ സ്പർശിക്കൂമോയെന്ന ഭയത്താൽ കട്ടിലിൽ കൃത്യമായ അകലം വിട്ട് മാത്രം കിടന്നു .
വളരെ വൈകി വീട്ടിലെത്തുന്ന വേളകളിൽ എന്നെ ഉണർത്താതെ ഹാളിലെ സോഫയിൽ ചുരുണ്ടുകൂടി. എല്ലാ ദിവസവും വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ടോയെന്ന് കൃത്യമായി അന്വേഷിച്ചു . വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ തീർന്നുപോയാൽ പറയാൻ മടിക്കരുതെന്ന് കൂടെ കൂടെ ഓർമിപ്പിച്ചു . ദിവസങ്ങൾ നീണ്ട ബിസിനസ്‌ യാത്രകൾക്ക് മുൻപായി മാഡത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് ഫ്ളാറ്റിലെ സെക്യൂരിറ്റിയോട് ശട്ടംകെട്ടി.

വളരെ തിരക്ക് പിടിച്ച ജോലിക്കിടയിലും അയാളെനിക്ക് ടെക്സ്റ്റ്‌ ചെയ്യാൻ സമയം കണ്ടെത്തി.
"മീരാ.... ഞാൻ വരാനല്പം വൈകും നീ കഴിച്ച് കിടന്നോളു...... "
"മീരാ...... ഇന്ന് ഒര് ബിസിനസ്‌ കോൺഫെറെൻസുണ്ട് ഞാൻ വരാനല്പം വൈകും "
മീരാ.... പെട്ടെന്ന് ഒര് ബിസിനസ്‌ ടൂർ... ഒരാഴ്ച താനൊന്ന് മാനേജ് ചെയ്തേക്കണേ.."
ഇങ്ങനെ പോയി അയാളുടെ മെസ്സേജുകൾ ....

എന്റെ വീട്ടുകാർക്ക് അയാൾ വളരെ നല്ല ഒരു മരുമകനായിരുന്നു. എന്റെ അച്ഛൻ എനിക്ക് കിട്ടിയ സൗഭാഗ്യത്തിൽ സംതൃപ്തനായിരുന്നു.

അയാളുടെ ഹൃദ്രോഗിയായ അമ്മയുടെ മുന്നിൽ മാത്രം അയാൾ വല്ലപ്പോഴും എന്നോടുള്ള മര്യാദ ചെറിയതോതിൽ ലംഖിച്ചു . അതിന് അയാൾ പലപ്പോഴും സ്വകാര്യമായെന്നോട് ക്ഷമാപണം നടത്തി .

അയാളുടെ തിരക്കുകൾക്കിടയിൽ എന്റെ നാട്ടിലേക്കുള്ള യാത്രകൾ വളരെ വിരളമായിരുന്നു. അതെനിക്കൊരു ആശ്വാസമായി. വല്ലപ്പോഴും നാട്ടിലേക്ക് പോവണമോ എന്ന് അയാളന്വഷിക്കുമ്പോൾ വേണ്ടെന്ന് മാത്രം മറുപടിനല്കി.
എന്നിട്ടും ഒഴിവാക്കാനാവാത്ത ചില യാത്രകൾ ഉണ്ടായിക്കൊണ്ടിരുന്നു . അതിലൊന്ന് ഉണ്ണിമോളുടെ കല്യാണമായിരുന്നു . ഹരിയേട്ടന്റെ കുഞ്ഞിപ്പെങ്ങളുടെ....

പോകാതിരിക്കാനായില്ല.

പോയി....

എല്ലാരേം കണ്ടു...

എനിക്ക് തീരേ പരിചയമില്ലാത്തൊരു ഹരിയേട്ടനേയും....

വർഷയുടെ ചെറുതായി വീർത്ത വയറിലേക്ക് നോക്കി ഭാനുക്കുഞ്ഞമ്മ ചെറുചിരിയോടെ എന്നെ നോക്കി. "അല്ലാ..... ഇവിടേ.. ദൊന്നും വേണ്ടേ.... " ചുറ്റും കൂടി നിന്ന എല്ലാരും ആ ചിരിയിൽ പങ്ക് ചേർന്നു. ഞാനും പുഞ്ചിരിക്കാൻ ശ്രമിച്ചു.

അന്ന് അറിയാതെ എന്റെ നോട്ടം അയാളെത്തേടിച്ചെന്നു . അയാൾ എല്ലാവരോടും വളരെ മികച്ച രീതിയിൽ തന്നെ പെരുമാറി. അയാളുടെ സംസാരവും പെരുമാറ്റരീതികളും വളരെ അന്തസ്സുറ്റതായിരുന്നു. അച്ഛൻ ആവശ്യത്തിലധികം അഭിമാനത്തോടുകൂടി മരുമകനെ എല്ലാവർക്കും പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു....
വല്ലാത്ത വീര്പ്പ്മുട്ടൽ അനുഭവിച്ചു തുടങ്ങിയിരുന്നു ഞാനപ്പോൾ....

അയാളുടെ അമ്മയുടെ മരണമെന്നെ വല്ലാതെ ഉലച്ചിരുന്നു. ഒരുപക്ഷെ അയാളെക്കാളധികം....
എന്റെ ജീവിത്തിലെ എല്ലാ ദിനങ്ങളും ഒര് പോലെ മാറ്റമില്ലാതെ കടന്ന് പൊയ്ക്കൊണ്ടിരുന്നു....

ഞാനത്രമേൽ വിരസതയനുഭവിച്ചിരുന്ന ആ നാളുകളിലൊന്നിൽ അയാളെന്നെ അയാളോടൊപ്പം പുറത്തേക്ക് പോവാൻ ക്ഷണിച്ചു . പ്രത്യേകിച്ചൊന്നും ഭവിക്കാതെ ഞാനാ ക്ഷണം സ്വീകരിച്ചു . അന്ന് ആ ബീച്ചിൽ വെച്ച് അയാളെനിക്ക് ജൂലിയെ പരിജയപ്പെടുത്തി .
ഒരിക്കൽ..... ഒരിക്കൽ മാത്രം .

ഒറ്റനോട്ടത്തിൽ തന്നെ സുന്ദരി എന്ന് തോന്നിക്കുന്ന അവളുടെ മുഖത്ത് തങ്ങി നിൽക്കാതെ എന്റെ നോട്ടം അവളുടെ കഴുത്തിലൂടെ മാറിലേക് അരിച്ചിറങ്ങി. അവിടെ കണ്ട മിന്നുമാല ചെറുതല്ലാത്ത ആശ്വസം പകർന്ന് നൽകി. അര്ഥമില്ലാത്തൊര് ആശ്വസം....

അന്ന് രാത്രി നിലത്തുറയ്ക്കാത്ത കാലുകളോടെ അയാൾ കയറിവന്ന് എന്നെ ആദ്യമായിക്കാണുന്നത്ര കൗതുകത്തോടെ നോക്കി നിന്നു. ഗൗതമിനെ അങ്ങനെ ഞാൻ കാണുന്നത് ആദ്യമായിട്ടായിരുന്നു.
എനിക്കെന്തെങ്കിലും ചോദിക്കാനിടനൽകാതെ പൊടുന്നനെ അയാളെന്നെ കെട്ടിപ്പിടിക്കുകയും, അവ്യക്തമായി എന്തൊക്കെയോ പുലമ്പുകയും, ആരോടെല്ലാമൊക്കെയൊ പരിഭവിക്കുകയും ചെയ്തു.....

ഒടുവിൽ അയാളിലെ ഗായകനുണരുകയും ഏതോ വിരഹഗാനത്തിന്റെ അസ്പഷ്ടമായ ചില വരികളിലൂടെ സഞ്ചരിച്ച് നിശ്ശബ്ദനാവുകയും ചെയ്തു. ഞാനയാളെ വീണ് പോവാതിരിക്കാൻ താങ്ങിപ്പിടിച്ചു.

അന്ന് എന്റെ മടിയിൽ, ഒരു കുഞ്ഞിനെ അനുസ്മരിപ്പിക്കും വിധം ആരോടോ പരിഭവിച്ചിട്ട് ശാന്തമായ ഉറക്കത്തിലേക്ക് വഴുതിവീണ അയാളുടെ മുഖത്തേക്ക് എന്തിനെന്നറിയാതെ ഞാൻ നിമിഷങ്ങളോളം നോക്കിക്കൊണ്ടിരിക്കുകയും മുടിയിഴകളിലൂടെ വാത്സല്യത്തോടെ വിരലോടിക്കുകയും ചെയ്തു......

പിന്നീടൊരിക്കൽ രാത്രിയേറെ വൈകിയിട്ടും അയാൾ തിരിച്ചെത്താതിരുന്ന ആ ദിവസം ഞാനനുഭവിച്ച വേവലാതി ഞാനെപ്പോഴോ അയാളെ വല്ലാതെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു എന്ന് ഓർമപ്പെടുത്തി.

നിർത്താതെ പെയ്ത മഴടൊപ്പം വീശിയടിച്ച കാറ്റും, ഭൂമിയിലേക്കിറങ്ങി വന്ന മിന്നലും നഗരത്തെ തന്റെ വിരൽത്തുമ്പിലിട്ടമ്മാനമാടിയ ഒരു രാത്രിയായിരുന്നു അത്......

അന്ന്...... .അയാൾ എന്റെ കഴുത്തിലണിയിച്ച ആ ഇത്തിരിപ്പൊന്ന് നെഞ്ചോട് ചേർത്ത് അയാൾ വരുവോളം മനസിലൊരേ പ്രാർത്ഥനയുമായി ഉറങ്ങാതെയിരുന്നു.

രാത്രിയുടെ ഏതോ ഒരു യാമത്തിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ അയാൾ കയറി വന്ന് നിസ്സംഗതയോടെ പറഞ്ഞതെന്തായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല. അയാളെ കണ്ട ആ നിമിഷത്തിൽ അതുവരെ അടക്കിവെച്ചതെല്ലാം നിയന്ത്രണം തകർത്ത് പുറത്തേക്കൊഴുകുകയായിരുന്നു . ഞാൻ സർവവും മറന്ന് അയാളെ മുറുകെ കെട്ടിപ്പിടിച്ചു. അടക്കിനിർത്താനാവാതെ കണ്ണീർ പെയ്തൊഴിഞ്ഞു. എന്റെ തേങ്ങലടങ്ങുന്നത് വരെ അയാളെന്റെ പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു.

"റിലാക്സ്....... റിലാക്സ്...... "

മനസ് തെല്ലൊന്ന് ശാന്തമായപ്പോൾ എന്റെ പ്രവൃത്തിയെ കുറിച്ച് ഞാൻ ബോധവധിയായി. ഞാനയാളിൽ നിന്ന് പതിയെ അകന്ന് മാറി. ആ മുഖത്ത് നോക്കാൻ വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചു.

"തനിക്ക് ഇടിയും മിന്നലുമെല്ലാം ഇത്രക്ക് ഭയമായിരുന്നെന്ന് ഞാൻ കരുതിയില്ല. സോറി........" അയാൾ കുറ്റബോധം നിഴലിക്കുന്ന മുഖത്തോടെ വീണ്ടുമെന്നോട് മര്യാദ പാലിച്ചപ്പോൾ മനസ് വല്ലാതെ വേദനിച്ചു....
എന്നിട്ടും ഞാൻ പുഞ്ചിരിക്കാനൊരു ശ്രമം നടത്തിനോക്കി.

അന്ന്..... ഇരുട്ടിൽ എന്റെ കൈപ്പാടകലെ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചരിഞ്ഞു കിടന്നുറങ്ങുന്ന അയാളുടെ മുഖത്തേക്ക് നോക്കിക്കിടന്ന് ഞാൻ രാത്രിയെ തോൽപിച്ചു....

പിന്നീട് കാരണമില്ലാതെ ഞാൻ പുഞ്ചിരിച്ചുകൊണ്ടിരുന്ന,
കണ്ണാടിയിലെ പ്രതിബിംബത്തിന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്ക് നിമിഷങ്ങളോളം ഉറ്റുനോക്കിക്കൊണ്ടിരുന്ന , ആർക്കോ... എന്തിനോ... വേണ്ടി ഞാൻ കാത്ത് കാത്തിരുന്ന,
ആദ്യമായി ഞാനാ ക്യാൻവാസിൽ നിറങ്ങൾ കൊണ്ടൊരു മുഖം തീർക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന,
അറിയാതെ ഏതോ ഒരു ഗാനമെന്റെ ചുണ്ടിൽ തത്തിക്കളിച്ചുകൊണ്ടിരുന്ന, നാളുകളിലൊന്നിൽ അയാൾ വീണ്ടുമെന്നെ പുറത്തേക്ക് പോവാൻ ക്ഷണിക്കുകയും,ഇനിയുമിങ്ങനെ തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളതായി തോന്നുന്നില്ലായെന്ന് പ്രസ്താവിക്കുകയും , നമുക്കിത് ഇവിടെ വെച്ചാവസാനിപ്പിക്കാമെന്ന് തികഞ്ഞ മര്യാദയോടെ പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു . ഇനിയീ നാടകത്തിന്റെ ആവശ്യം തനിക്കില്ലായെന്നയാൾ പറയാതെ പറയുന്നത് കേട്ട് ഞാനന്ന് നിശ്ചലയായി നിന്നു ....

കാലുകളെ വല്ലാത്തൊരു തളർച്ച ബാധിച്ചിരിക്കുന്നു.
ഹൃദയം അലമുറയിടുന്നു.
മീര ഭാവം മറയ്ക്കുവാൻ പാടുപെടുന്നു...

അയാളുടെ ജീവിതത്തിലെ ഏതാനും വർഷങ്ങൾ നീളുന്നൊരു വേഷം അഭിനയിച്ച് ഫലിപ്പിച്ച പ്രതിഭാശാലിയായ അഭിനേത്രിയായിരുന്നു ഞാൻ. അയാളെ ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്തെന്ന പദവി അയാളെനിക്ക് നൽകിയിരുന്നുവെങ്കിൽ പോലും......

പതിവില്ലാതെ തനിയെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ,
ഏറെനാൾ കഴിഞ്ഞിട്ടും അയാൾ വന്ന് വിളിക്കാതിരുന്നപ്പോൾ,
ചാരുകസേരയിൽ ശൂന്യതയിലേക്ക് നോക്കിക്കിടന്ന് മകൾക്ക് കിട്ടിയ സൗഭാഗ്യത്തിൽ ആനന്താശ്രു പൊഴിക്കുന്ന അച്ഛനെ ഞാൻ കണ്ടു.

വർഷയുടെ കയ്യും പിടിച്ച് നടന്ന് വന്ന ഒര് നാലുവയസുകാരി എന്നെ നോക്കിചിരിച്ചു. ആ ചിരിയെന്നെ പലതും ഓർമപ്പെടുത്തി. പാടവരമ്പുകൾ, അമ്പലത്തിലെ ആല്മരച്ചോട്, വെള്ളിപ്പാദസരം, പിന്നെ കുറെ മഞ്ചാടിക്കുരു.....

പിന്നെയും വന്നു കുറെ ബന്ധുക്കൾ, എല്ലാരുമെന്നെ നോക്കി വേണ്ടത്ര സഹതപിച്ചു.
അളവിലൊട്ടും കുറവില്ലാതെ...

യാദൃശ്ചികമായി അമ്പലത്തിൽ വെച്ച് ഹരിയേട്ടനേയും കാണേണ്ടി വന്നു. ഞാനത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലായെങ്കിൽ പോലും.
ഇനി ആ മുഖത്ത് നിന്നുമൊരു സഹതാപം...... വയ്യാ....
ആ മുഖത്തേക്ക് നോക്കാൻ അധൈര്യമനുഭവപ്പെട്ടു.
പക്ഷെ..... ആ മുഖത്ത് കണ്ട നിസ്സംഗത. അതെന്നെ ധൈര്യമുള്ളവളാക്കി. ആശ്വസം തോന്നി.

വർഷങ്ങളെത്ര വേഗമാണ് കടന്ന് പോവുന്നത് . രവിനോ പകലിനോ വ്യത്യാസമില്ലാത്ത ദിനങ്ങൾ....
യാന്ത്രീകമായ ജീവിതം.
പുറത്തേക്കങ്ങനെ ഇറങ്ങാറില്ല. മുകളിലത്തെ അറയിലെ ജനലിലൂടെ ഇടയ്ക്ക് പുറത്തേക്ക് കണ്ണുംനട്ടിരിക്കും. അത്ര തന്നെ...

അച്ഛൻ ഉമ്മറക്കോലായിലെ ആ ചാരുകസേരയിലിരുന്ന് രാവെന്നും പകലെന്നുമില്ലാതെ എന്താണാവോ ഇത്ര ചിന്തിച്ചുകൂട്ടുന്നത്? ചിന്താഭാരം താങ്ങാനാവാതെ വന്ന ഒരുനാൾ അച്ഛനും പോയി....

ദിവസങ്ങൾ പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു ആർക്കുമെന്നെ തടയാനാവില്ലെന്ന മട്ടിൽ ......

വർഷങ്ങൾക്ക് ശേഷം പതിവില്ലാതെ ഫോണിലൂടെ അയാളുടെ സ്വരം കാതിൽ പതിച്ചപ്പോൾ, വല്ലാതെ തുടിക്കുന്ന ഹൃദയത്തിന്റെ ചാപല്യമോർത്ത് ഞാൻ സഹതപിച്ചു .

ഇനി വീണ്ടുമൊരിക്കൽക്കൂടി അയാളുമായൊരു കൂടിക്കാഴ്ച വേണമോയെന്ന് മനസും ബുദ്ധിയും തമ്മിൽ വടംവലി നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ മനസ്സ് തന്നെ വിജയിയായി. ഞാനയാളെ ഒരിക്കൽ കൂടി കാണാൻ തീരുമാനിച്ചു.

മുൻപൊരിക്കൽ ഇതുപോലെ കാണണമെന്നാവശ്യപ്പെട്ടതാണ്. അയാളുമായി പിരിഞ്ഞതിന് ശേഷം ആറുമാസം പിന്നിട്ടിരുന്നു അപ്പോൾ. അയാളോടൊപ്പം ജൂലിയെ ഞാൻ വീണ്ടുമൊരിക്കൽ കൂടി കണ്ടു.
അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അയാളെന്റെ സാന്നിധ്യമാഗ്രഹിച്ചു. സാക്ഷിപ്പട്ടികയിൽ ഒന്നാമതായി ഒപ്പുവെക്കുവാൻ അയാൾ പേന എന്റെ നേർക്ക് നീട്ടിയപ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നു വെന്ന് എനിക്കിന്നും അജ്ഞാതമാണ്.വിറയ്ക്കുന്ന കൈകൾ വികൃതമാക്കിയ എന്റെ കയ്യൊപ്പ് ആ കടലാസിലെ അഭംഗിയായി. മറ്റൊരാളുടെ കഴുത്തിൽ അയാൾ മിന്നു ചാർത്തുന്ന കാഴ്ച കണ്ടുനിൽക്കുവാൻ കുറച്ചധികം മനഃസാന്നിധ്യമാവശ്യമായിരുന്നു.

അയാൾ മറ്റൊരാളുടേതായി മാറിക്കഴിഞ്ഞു എന്ന ചിന്ത താങ്ങാവുന്നതിലും അപ്പുറമായി. ഉള്ളിലെ അലമുറകളെ അവഗണിച്ച് ഞാൻ മൗനിയായി....

ഇപ്പോൾ...... ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ച.....

നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ ജീവിതത്തിലേ ഏതാനും ചില മുഹൂർത്തങ്ങളെ മനസ്സിലേക്കാവാഹിച്ചു.
ജീവിതത്തിലേക്ക് രണ്ടു പുരുഷന്മാർ കടന്ന് വന്നിടും ജീവിതത്തിൽ തനിച്ചായ ഒരു പെണ്ണിനെ അവിടെ കണ്ടു. എനിക്ക് ചിരപരിചിതയായ ഒരു പെണ്ണ്.

തെറ്റ് എന്റേതാണ്. എന്റേത് മാത്രമാണ്......

ബീച്ചിന്റെ അറ്റത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന കാറിൽ ചാരിനിൽകുന്നൊരു അവ്യക്ത രൂപത്തെ ദൂരെ നിന്നേ കണ്ടു. ഗൗതം......
അല്ലെങ്കിലും ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും അയാളെ തെരഞ്ഞു കണ്ടുപിടിക്കാനുള്ളൊരു പ്രത്യേകമായ കഴിവ് എന്റെ കണ്ണുകൾക്കുണ്ട്.

ഒറ്റനോട്ടത്തിൽ എനിക്ക് തിരിച്ചറിയാനാവുന്നൊരു കുഞ്ഞു മാലാഖയുണ്ടായിരുന്നു അയാൾക്കൊപ്പം.
അവൾ എനിക്ക് നേരെ വിരൽ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചപ്പോൾ,
അയാൾ ഒരുനിമിഷമെന്നേ നോക്കി പെട്ടെന്നൊരുത്തരം നൽകാനാവാതെ പതറിയപ്പോൾ,
അച്ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണെന്നവൾക്കുത്തരം നൽകിയപ്പോൾ,
അവളെനിക്ക് നേരെ നിഷ്കളങ്കമായ പുഞ്ചിരിയുതിർത്തപ്പോൾ ,
പിരിയാൻ നേരമവളെ ചേർത്ത് പിടിച്ചാ കുഞ്ഞുനെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ,
ഞാൻ കണ്ടെത്തിൽവെച്ചേറ്റവും നല്ല സ്ത്രീയാണ് താനെന്നയാൾ എന്നോട് പറഞ്ഞപ്പോൾ,
അവസാനമായി ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്ക് നോക്കി അയാളോടെന്തോ പറയണമെന്നാഗ്രഹിച്ചത് വേണ്ടെന്ന് വെച്ച് തിരികെ നടന്നപ്പോൾ.........

ഞാൻ തിരിച്ചറിയുകയായിരുന്നു ഇനിയുമേറെ താങ്ങുവാനെന്റെ ഹൃദയത്തിന് കരുത്തുണ്ടെന്ന്.....

മനസ്സിങ്ങനെ മന്ത്രിച്ചു.

"താങ്ങാനാവാത്ത വേദനയെനിക്ക് നൽകൂ....
എന്റെ ഹൃദയം വീണ്ടും വീണ്ടും കരുത്താർജ്ജിക്കട്ടെ........ "

(ആമി....)

മദ്യപാനം ആരോഗ്യത്തിന് ഹാനികരം.


"ഈ പെണ്ണുങ്ങള് മദ്യപിക്കാൻ പാടില്ല... മരത്തേൽ കേറാൻ പാടില്ല ന്ന് ഒക്കെ ഏത് ഊളകള് ഒണ്ടാക്കി വെച്ച നിയമമാണോ എന്തോ..... "
അത്ര വ്യക്തതയില്ലാത്തത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവൾ ഗ്ലാസ്‌ എടുത്ത് ഒറ്റ വലിക്ക് തീർത്തു....
കണ്ടോണ്ടിരുന്ന എന്റെ കണ്ണ് തള്ളിപ്പോയി....
അവൾ എന്നെ നോക്കി ഒരുമാതിരി ഒരു ചിരിച്ചിരിച്ചിട്ട് ചുണ്ടൊന്ന് അമർത്തി തുടച്ചു. പിന്നെ മുന്നിൽ ഇരുന്ന അച്ചാർ വിരലിൽ തോണ്ടി നാക്കിൽ തേച്ചിട്ട് നീട്ടി ഒരു വലി വലിച്ചു."ശ്....... "
"എന്നാടാ നിന്റെ കണ്ണ് തള്ളിപ്പോയോ.... "
ചോദ്യം കേട്ട് ഞാൻ വീണ്ടും ഞെട്ടി....
"ഇന്നലെ വരെ വേണ്ട ഇച്ചായാ...." "എന്നെക്കൊണ്ട് പറ്റത്തില്ല ഇച്ചായാ.... "
"ഈ ഇച്ചായനെന്നാ വട്ടാന്നോ? "എന്നൊക്ക പറഞ്ഞോണ്ടിരുന്ന എന്റെ പ്രിയതമയാണിന്ന് രണ്ട് പെഗ്ഗ് അടിച്ചു തീർത്തതിന്റെ ഹാങ്ങോവറിൽ ഇവിടെ.....
കാണിയായി ഞാനൊറ്റയ്ക്കും.
ഇനിയിവൾ എന്തൊക്ക പേക്കൂത്തുകൾ കാണിച്ചു കൂട്ടുമെന്റെ കർത്താവേ ന്ന് ഉള്ളിൽ വിലപിച്ചുകൊണ്ട് ഞാൻ മൂകനായിരുന്നു.
"എടോ.... ഇവിടെ നോക്ക്..... "ഞാൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി.
"രണ്ടെണ്ണം വിട്ടേന്റെ പൊറത്ത് പറയാണെന്ന് കരുതല്ലേ.... എടോ മനുഷ്യാ.... നിങ്ങള് ഇത് പോലെ നാല് കാലേൽ കേറി വരുമ്പോ ഞാൻ എന്തോരം ഓർത്തിട്ടുണ്ടെന്നോ എന്താണാവോ ഇതിൽ ന്ന് ഇങ്ങേർക്ക് കിട്ടുന്നേ ന്ന്. "
"ഇപ്പം മനസിലായി.... എന്നാ ഒരു ഇതാടാ ഉവ്വേ.."
"ഏത്....? "ഞാൻ നേർത്തൊരു വിക്കലോടെ ചോദിച്ചു.
"അതോ..... നിങ്ങടെ കൂട്ടുകാരൻ ഗോപിച്ചേട്ടൻ എന്നെ കാണുമ്പോ കൂടെ കൂടെ പറയാറുള്ള ഒരിതുണ്ടല്ലോ.... ലത്... "
"ഏത്....? "ഇത്തവണത്തെ എന്റെ ചോദ്യം അങ്ങേയറ്റം ദയനീയമായിരുന്നു.
"അതേയ്.... പുള്ളിക്കാരൻ എന്നെ എപ്പോ കാണുമ്പോഴും പറയാറുണ്ട് ഒരു വല്ലാത്ത കിക്ക് നെ കുറിച്ച്..... "
'ഇക്കണ്ട കാലം കൂടെ കിടന്നിട്ട് നിങ്ങൾക്ക് ഒരു തവണ പറയാൻ തോന്നിയിട്ടുണ്ടോ മനുഷ്യാ....? "
"അന്നേരം ഞാൻ തീരുമാനിച്ചതാ.... "
"എന്തോന്ന്.... ? "എന്റെ ചോദ്യം ഏതാണ്ട് ഒരു കരച്ചിൽ പോലെ ആയി തീർന്നിരുന്നു.
"നിങ്ങളെ എങ്ങനേലും ഒന്ന് ഒഴിവാക്കീട്ട്..... അങ്ങേരുടെ കൂടെ.... "
എന്റെ കിളി പോയി. പണ്ട് ഒരു പെണ്ണിനെ ഒപ്പിച്ചോണ്ട് ഹോട്ടലിൽ മുറിയെടുത്തപ്പോ അമ്മേടെ അനുഗ്രഹം മേടിക്കാതെ ഞാൻ മുറിയിൽ കേറില്ല ന്ന് വാശിപിടിച്ച എന്റെ ആദര്ശവാനായ കൂട്ടുകാരൻ....
"രാത്രി മുഴോനും ഇങ്ങനെ മടിയിൽ കിടക്കാൻ ആണെങ്കിൽ ഇങ്ങേർക്ക് വീട്ടിൽ അമ്മേടെ മടിയിൽ കെടന്നാൽ പോരായിരുന്നോ സാറേ.... എന്നെ വെറുതെ മെനക്കെടുത്തണമായിരുന്നോ?? " ന്നും പറഞ്ഞ് ചെവി കൂക്കിപ്പോവുന്ന രണ്ട് ചീത്തയും വിളിച്ചു പെണ്ണ് ഇറങ്ങിപ്പോയതിന് പിന്നാലെ അവളുടെ മൂക്കുത്തി കണ്ടപ്പോ അമ്മയെ ഓർമ വന്നൂന്നും പറഞ്ഞു ഞങ്ങൾക്ക് മുന്നിൽ നിന്ന് പട്ടി മോങ്ങുന്ന പോലെ മോങ്ങിയ നിഷ്കളങ്കനായ ഗോപി....
പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കാത്ത എന്റെ പ്രിയ കൂട്ടുകാരൻ ഗോപിയെ കുറിച്ചാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ....
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.
"സൈനേഡ് ഒന്നും കിട്ടാത്തൊണ്ട് കൊറച്ച് എലിവിഷം വെച്ച് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്."
"മടമടാ ന്ന് നാലഞ്ചണ്ണം ഒറ്റയടിക്കല്ലേ കീറിയത്..
ഏറി വന്നാ ഒരു പത്ത് മിനിറ്റ്.... "അവൾ വികൃതമായി ഒന്ന് ചിരിച്ചു.
"ചതിച്ചല്ലോടീ സാമദ്രോഹീ.... "ഓക്കാനിച്ചു കൊണ്ട് ഞാൻ ബാത്റൂമിലേക്കോടി. കുടിച്ചതും വയറ്റിലുണ്ടായിരുന്നതുമടക്കം സകലതും ക്ലോസറ്റിലേക്ക് തട്ടിയപ്പോഴേക്കും തലകറങ്ങുന്നതും കണ്ണുകളിൽ ഇരുട്ട് മൂടി കാഴ്ചമറയുന്നതും ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു....
. . . . . . . . . . .
ഹാളിന്റെ ഒത്ത നടുക്ക് ഞാൻ നീണ്ടു നിവർന്നു കിടന്നു. മൂക്കിൽ പഞ്ഞിയുള്ളത് ആദ്യം സ്വല്പം ബുദ്ധിമുട്ടായി തോന്നിയെങ്കിലും പതിയെ ഞാനതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷെ ഇനി മേലിൽ ഞാൻ വാ തുറക്കരുതെന്ന ഉദ്ദേശത്തോടെ എന്റെ വായടച്ചു കൊണ്ട് തലയിൽ കെട്ടിയ കെട്ടാണ് എനിക്ക് യാതൊരു വിധത്തിലും പൊരുത്തപ്പെടാനാവാത്തത്.
ആ നേരത്താണ് എലിക്ക് പ്രാണ വേദന പൂച്ചയ്ക്ക് വീണ വായന എന്ന് പറഞ്ഞത് പോലെ തീരെ പരിസരബോധമില്ലാത്തൊരീച്ച മൂളിക്കൊണ്ട് വന്നെന്റെ മൂക്കിൻ തുമ്പിൽ ഉപവിഷ്ടനായത്. എനിക്കൊന്നാഞ്ഞു തുമ്മണമെന്ന് തോന്നി. തുമ്മാനാവാത്തതിന്റെ വിമ്മിഷ്ടം പാടുപെട്ടടക്കി ഞാൻ ശാന്താനായി കണ്ണടച്ച് കിടന്നു. അല്ലാതെന്തു ചെയ്യാൻ??
"കഷ്ടം നല്ലൊരു മനുഷ്യനായിരുന്നു...." അതാരപ്പാ എന്നെ കുറിച്ച് അങ്ങനൊരു പ്രസ്താവനയിറക്കിയതെന്ന ആകാംഷയോടെ ഒന്ന് കണ്ണ് മിഴിച്ചു നോക്കി. അയൽക്കാരൻ തോമാച്ചനാണ്. അതിർത്തി തർക്കത്തിന്റെ പേരിൽ വേലിയ്ക്കരികിൽ നിന്ന് ഇന്നലേം കൂടി എന്റെ തള്ളയ്ക്ക് വിളിച്ചവൻ.... അല്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത് പരമ ചെറ്റകളെന്ന് മുദ്രകുത്തപ്പെടുന്ന പലരും മരിച്ചു കഴിഞ്ഞയുടനെ മഹത്തുക്കളായി വാഴ്ത്തപ്പെടുന്നതാണല്ലോ കാലങ്ങളായി നാം കണ്ടു ശീലിക്കുന്ന ഒരു കാര്യം. അത് കൊണ്ട് വല്യ അത്ഭുതം ഒന്നും തോന്നിയില്ല....
പെട്ടെന്നാണ് നല്ല പരിചയമുള്ള ഒരു നിലവിളി എന്റെ കർണപടങ്ങളുടെ ഫിലമെന്റടിച്ച് പോവും വിധം കാതിൽ വന്നലച്ചത്.
"എന്നെ ഒറ്റയ്ക്കാക്കിയേച്ചും പോവല്ലേ ഇച്ചായാ...
എന്നേക്കൂടി കൊണ്ട് പോവാമ്മേലായിരുന്നോ..."
തറയിൽ എന്റെ കാൽ ചുവട്ടിലേക്ക് വീണ് മാറത്താഞ്ഞാഞ്ഞു തല്ലിക്കൊണ്ട് പ്രിയതമ തൊള്ളകീറിക്കരഞ്ഞു.... അവളുടെ കരച്ചിലും അഭിനയത്തികവും കണ്ട് ഞാൻ വീണ്ടും ഞെട്ടി.
"എടീ സാമദ്രോഹീ.... കുടിവെള്ളത്തിൽ പാഷാണം കലക്കിത്തന്നേച്ച് ഇപ്പൊ വല്യ പതിവ്രത ചമയുന്നോടീ മൂദേവീ.... "ഞാൻ പല്ല് കടിച്ചു.
"നിന്നെക്കൂടി കൊണ്ട് പോവാൻ വല്ല വകുപ്പും എനിക്ക് നീ തന്നിരുന്നേൽ ഞാൻ നിന്നേം കൊണ്ടല്ലേ പോവുമായിരുന്നൊള്ളെടി ശവമേ ...
" അതിന് മുന്നേ നീ പിന്നീന്ന് കുത്തിയല്ലോടീ പിശാച് മോറീ.... "
"നിന്നേം അവനേം അങ്ങനെ സുഖിക്കാൻ വിട്ടേച്ച് പോവാൻ ഞാനത്ര പുണ്യാളനൊന്നും അല്ലെടി എരണംകെട്ടവളേ..... "
"എന്നിട്ടിപ്പ... നാട്ടാരെ കാണിക്കാൻ അവടെയൊരു കൊണവതികാരം.... " എണീറ്റിരുന്ന് മോങ്ങിക്കൊണ്ടിരുന്ന അവളുടെ ചെകിട്ടത്ത് നാല് പൊട്ടിക്കാൻ ഞാൻ വല്ലാണ്ട് കൊതിച്ചു.
അപ്പോഴാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപി എന്റെ കാൽക്കീഴിൽ വന്നു കൈകൾ കെട്ടി മുഖം കുനിച്ച് നിന്നത്. "തോളിലിരുന്ന് ചെവി തിന്നുവായിരുന്നല്ലോടാ പരമ ചെറ്റേ...." ഞാൻ ആരോടെന്നില്ലാതെ വിലപിച്ചു. ആര് കേൾക്കാൻ???
മൂക്കിൽ കുത്തിത്തിരുകിയ പഞ്ഞിയെ മാനിച്ചു കൊണ്ട് ഞാൻ ശ്വാസം പുറത്തേക്ക് വരാതെ ദീര്ഘമായൊന്ന് നിശ്വസിച്ച് നീണ്ട് നിവർന്നുള്ള കിടപ്പ് നിർബാധം തുടർന്ന് കൊണ്ടിരിക്കെ നെഞ്ചത്തലച്ചു നിലവിളിച്ചു കൊണ്ട് ബാങ്കിൽ കൂടെ ജോലി ചെയ്തിരുന്ന ലില്ലിക്കുട്ടി ഓടി വന്നു. ഒപ്പം മറ്റു സഹപ്രവർത്തകരും.
വന്ന പാടെ പത്തെൺപത്ത് കിലോ ഭാരമുള്ള ഒരുപ്പുചാക്ക് വന്നു വീഴുന്ന ലാഘവത്തോടെ ലില്ലിക്കുട്ടി എന്റെ നെഞ്ചത്തെക്കലച്ചു വീണ് കാറിക്കരഞ്ഞു.
"എന്നെ വിട്ടേച്ചു പോയല്ലോ ന്റെ മാതാവേ... ഞാനിതെങ്ങനെ സഹിക്കും....? "
നിലവിളികേട്ടെന്റെ പ്രിയതമ മൂക്കിൽ പഞ്ഞിവെച്ച് കിടന്ന എന്നെയും കാറിക്കൊണ്ടിരിക്കുന്ന ലില്ലിക്കുട്ടിയേയും ഒന്ന് ചുഴിഞ്ഞു നോക്കി. രംഗം അത്ര പന്തിയല്ലെന്ന് കണ്ട് ഞാൻ ചേറിൽ മുഖം പൂഴ്ത്തുന്ന കൊറ്റിയെ പോലെ മുഖമൊളിപ്പിക്കാൻ പാട് പെട്ടു.
"എന്നാലും എന്റെ ലില്ലിക്കുട്ടീ... ഇവൾക്കിതെന്നോടിത്രയും സ്നേഹം ഉണ്ടായിരുന്നോ??? "അറിഞ്ഞില്ല. ആരും പറഞ്ഞില്ല.....
സമയം കടന്ന് പോവുന്ന മുറയ്ക്ക് പലരും വന്നും പോയും ഇരുന്നു. പലരും സെൽഫി എടുക്കാൻ തിക്കിത്തിരക്കി. ഇനി കൂടെ സെൽഫി എടുക്കാൻ പറ്റില്ലല്ലോ ന്ന്....
എങ്ങു നിന്നോ ഇളം കാറ്റിൽ മദ്യത്തിന്റെ മദിപ്പിക്കുന്ന മണം അലയടിച്ചു. ഞാൻ മൂക്ക് പരമാവധി വിടർത്തി ബ്രാൻഡ് ഏതെന്ന് കണ്ട് പിടിക്കാൻ കിണഞ്ഞു ശ്രമിച്ചു. പഞ്ഞി കാരണം സാധിക്കുന്നില്ല. അവന്മാര് കുപ്പി പൊട്ടിച്ചു ന്ന് എനിക്ക് പിടി കിട്ടി.
അവസാനമായി ഒരിറ്റ് മദ്യം കുടിക്കാൻ കിട്ടത്തില്ലേയെൻറെ കർത്താവേയെന്ന് വിലപിക്കേണ്ട ഗതികേട് മാത്രം എനിക്കുണ്ടായില്ലല്ലോയെന്ന് ഞാനാശ്വസിച്ചു.
മദ്യത്തിന്റ മണം നാസികയിലേക്ക് വല്ലാതെ അടിച്ചു കയറിയപ്പോൾ ഞാൻ അറിയാതെ ഒന്ന് തുമ്മിപ്പോയി.
"ഹാ....ഛീ.... "
ദാണ്ടെ.... ദേ കിടക്കുന്നു ഞാൻ റൂമിലെ കട്ടിലിൽ.... പ്രിയതമ എളിക്ക് കയ്യും കുത്തി കയ്യിൽ ഒരു ഗ്ലാസിൽ കട്ടൻ കാപ്പിയുമായി അരികിൽ....
"എന്നാ.... ഒറക്കമാ ഇച്ചായാ ഇത് എഴുനേറ്റെ..."
"ഏഹ്.... അപ്പൊ ഞാൻ ചത്തില്ലേ.... എവിടെ ലില്ലിക്കുട്ടി??? "
"ഹത്... ശരി.... മൂക്ക് മുട്ടെ അടിച്ചു കേറ്റി വാളും വെച്ചേച്ച് ഒള്ള ബോധോം പോയി കണ്ണിൽ കണ്ട പെണ്ണുങ്ങളേം സ്വപ്നം കണ്ടു കിടക്കാതെ എണീറ്റെ മനുഷ്യാ.. എന്നിട്ട് ഐശ്വര്യ മായി ഇതങ്ങോട്ട് കുടിച്ചാട്ടെ... "
"എന്നാലും നിങ്ങള് ഇത്രക്ക് കപ്പാസിറ്റി ഇല്ലാത്ത മനുഷ്യനാ ന്ന് ഞാൻ കരുതിയില്ല. " അവൾ താടിക്ക് കൈ കൊടുത്തു കഷ്ടം ഭാവിച്ചു. എനിക്കൊരു കുറച്ചിൽ തോന്നി.
"ഇതെന്നാ പതിവില്ലാതെ ബെഡ് കോഫി? " വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
"ബെഡ് കോഫിയൊന്നും അല്ലിച്ചായാ..... അതൊക്കെ ഞാൻ നിർത്തി... "
"ഇതേയ്‌... ഇച്ചായന്റെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡാ.... "
"നമ്മക്ക് ഇതങ്ങോട്ട് പതിവാക്കാം. ഇനിയിപ്പോ കമ്പനിക്ക് നിങ്ങള് പൊറത്തോട്ടൊന്നും പോണ്ട. ഇവിടെ ഞാനൊണ്ടല്ലോ.... "
കർത്താവെ ഇവളിതെന്നാ ഭാവിച്ചാ... ഞാൻ വീണ്ടും വീണ്ടും ഞെട്ടി....
അവൾ കയ്യിലിരിക്കുന്ന ഗ്ലാസ് പുഞ്ചിരിയോടെ എന്റെ നേർക്ക് നീട്ടി. എന്റെ മനസ്സിൽ തലേ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി തെളിഞ്ഞു നിന്നു. കർത്താവായിട്ട് തന്ന സെക്കന്റ്‌ ചാൻസാ.. ഇനി ഒരു റിസ്‌ക്കിന് ഞാനില്ല.
"അതേയ്.... ഞാൻ കുടി നിർത്തി കേട്ടോ... " ഞാൻ അവളെ നോക്കി ഒരു വളിഞ്ഞ ചിരി പാസാക്കി.
"അതെന്നാ വാർത്താനാ ഇച്ചായാ...? ഇച്ചായൻ കുടി നിർത്തേ?? അങ്ങനെ ഒരു സുപ്രഭാതത്തിൽ നിർത്താൻ പറ്റുന്നതാണോ ഇച്ചായന് ഈ കുപ്പിയുമായുള്ള ബന്ധം??? ഇച്ചായൻ ഇത്ര സ്മരണ ഇല്ലാത്തവനാണോ? "
"അതും പോരാഞ്ഞു ഞാനൊന്ന് തുടങ്ങിയിട്ടല്ലേ യുള്ളൂ ഇച്ചായാ.... എനിക്കും ഒന്ന് പച്ചപിടിക്കണ്ടേ....?"
എന്റെ മാതാവേ ഇവള് രണ്ടും കല്പിച്ചാ...
"എടീ... മദ്യപാനം ആരോഗ്യത്തിനു ഹാനീകരം എന്നാ.... നിനക്കതറിയാവോ??? "
"അതൊക്കെ വിവരമില്ലാത്തവർ ചുമ്മാ പറയുന്നതല്ലേ....
ഇച്ചായൻ അതൊന്നും കാര്യമാക്കണ്ട.
ഇതൊന്ന് അടിച്ചു നോക്കിയേ... ഇത് കരളിന് ബെസ്റ്റാണത്രെ.... "
"എന്റെ കരള് നീയല്ലേ എന്റെ പൊന്നെ.... " ഞാൻ ഒരു കള്ളനോട്ടത്തോടെ പ്രലോഭനത്തിൽ നിന്ന് വിദഗ്ദമായി ഒഴിഞ്ഞു മാറി.
"ആഹാ... അങ്ങനെയായോ....? "
എന്നാ എന്റെ മോൻ ഇതങ്ങോട്ട് കുടിച്ചാട്ടെ.....
കട്ടൻ കാപ്പിയാ..... " അതും പറഞ്ഞു ഗ്ലാസും കയ്യിൽ തന്ന് ഒരു കള്ള ചിരിയും ചിരിച്ചു അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത് കാര്യങ്ങളേതാണ്ട് പിടികിട്ടിത്തുടങ്ങിയൊരു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു....

By Sheena Aami

ഇത്ര മാത്രം

.
....
"എനിക്കൊന്ന് കുളിക്കണം..... "
ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു.... എത്രനേരം ഷവറിന് കീഴെ നിന്നുവെന്നോർക്കുന്നില്ല. വാതിലിൽ തുടരെ തുടരെ തട്ടുന്നുണ്ട്. അമ്മയാണ്. സാവധാനം വസ്ത്രം മാറിയിറങ്ങി. മുടിയിഴകളിലൂടെ വെള്ളം ഒഴുകി വസ്ത്രം നനഞ്ഞുകൊണ്ടിരുന്നു....
തല തോർത്തിയിട്ടില്ല. മറന്നതല്ല. മനപൂർവ്വമാണ്. ഇനിയുമിനിയും വെള്ളം തലവഴി കോരിയൊഴിക്കാനാണ് ആഗ്രഹം.....
"എന്താ നീപറഞ്ഞതിന്റെ അർത്ഥം."
കണ്ണടയ്ക്കുള്ളിലൂടെ അമ്മയെന്നെ ചുഴിഞ്ഞ് നോക്കി.
"ഞാനിനി തിരിച്ച് പോവുന്നില്ലെന്ന്
.... "
ഞാൻ വളരെ ലാഘവത്തോടെ അത് പറഞ്ഞത് കൊണ്ടാവാം ഒന്നും മിണ്ടാതെ നിമിഷങ്ങളോളം എന്റെ മുഖത്തേക്കുറ്റുനോക്കികൊണ്ട് നിന്നിട്ട് പതിയെ പിന്തിരിഞ്ഞത്.
അതോ ഇനിയെന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലാഞ്ഞിട്ടോ....
ഞാൻ വെറുതെ മുറിയിലൂടെയാകമാനം ഒന്ന് കണ്ണോടിച്ചു. ഒന്നിനും യാതൊരു മാറ്റവുമില്ല. എല്ലാം അത് പോലെ തന്നെ....
ആ പഴയ ഗന്ധം പോലും....
തെക്കേത്തൊടിയിലേക്ക് തുറക്കുന്ന ജനാല പതിയെ തുറന്ന് നോക്കി....
തെളിനീർ തുളുമ്പി നിൽക്കുന്ന കുളവും അതിലേക്ക് നീണ്ട് കിടക്കുന്ന കൽപടവുകളും എന്നും കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച തന്നെ.....
ഇവിടെ നിന്ന് കൊണ്ടാണ് പണ്ട്.....
ഇതെല്ലാമുപേക്ഷിച്ച് ഓർമ്മകൾ പോലും ഉപേക്ഷിച്ച് നഗരത്തിരക്കിലൂടെ പൊള്ളുന്ന വെയിലിലൂടെ നെട്ടോട്ടമോടിയത് എന്തിന് വേണ്ടി? ആർക്ക് വേണ്ടി? ഒടുവിൽ എന്ത് നേടി....??
ചോദ്യങ്ങൾക്കൊന്നും പ്രസക്തിട്ടില്ലാത്തിടത്ത് ഉത്തരങ്ങൾ തേടിയിട്ടെന്ത് കാര്യം...?
അലെങ്കിലും അനുപമ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തിയിട്ട് കാലമേറെയായല്ലോ.....
ചോദ്യങ്ങളെയാണ് അയാൾ ഏറ്റവും വെറുത്തിരുന്നത്. അനുപമയുടെ ചോദ്യങ്ങളെ....
ആദ്യമാദ്യം അവൾ അയാളോട് ചോദിക്കാതിരുന്നില്ല.
"Why വിവേക്...? "
"How...?"
പിന്നീടെപ്പോൾ മുതലാണ് അവൾ നിശ്ശബ്ദയായത് ഒരേ കുടക്കീഴിൽ രണ്ട് ലോകത്തായി ജീവിച്ചു തുടങ്ങിയത്?
കൃത്യമായിട്ട് പറഞ്ഞാൽ dr അലക്സ് ജോണിന്റെ കയ്യിൽ നിന്നും ആ റിപ്പോർട്ട്‌ വാങ്ങി പുറത്തിറങ്ങിയത് മുതലായിരുന്നോ അത്....
ഇനിയുള്ള ദിവസങ്ങൾ അതെത്ര തന്നെ യായിരുന്നാലും അല്പം സമാധാനത്തോടെ ജീവിച്ച് തീർക്കാൻ ആഗ്രഹമുണ്ടായിരുന്നു. അത് കൊണ്ടാണ് ഞാൻ എന്റേതായ ഒരു ലോകത്ത് ഒതുങ്ങിക്കൂടിയത്. അയാൾക്കും അത് തന്നെയായിരുന്നുവല്ലോ ആവശ്യം....
എങ്കിലും ഇടയ്ക്ക് ഉള്ളിൽ നുരഞ്ഞു പൊന്താറുള്ള കുറേ ചോദ്യങ്ങൾ....
പ്രതീക്ഷകൾക്ക് ഒരിക്കലും തിരിച്ച് കിട്ടാത്ത വിധം മങ്ങലേറ്റിരിക്കുന്നു എന്ന തിരിച്ചറിവാണ് എന്നെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. ഞാനീ ഭൂമി വിട്ടകലുമ്പോൾ മറ്റാരാലും മായ്ക്കപ്പെടാത്ത എന്റേത് മാത്രമായ ചില അടയാളങ്ങൾ എനിക്കിവിടെ ബാക്കി നിർത്തണമായിരുന്നു....
അന്ന് അയാളെന്നോട് പറഞ്ഞു നിനക്ക് ഭ്രാന്താണെന്ന്....
പ്രൊഫെഷണൽ ജേർണലിസവും ഞാനും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചപ്പോഴും അയാൾ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്....
ഞാൻ അതിനെ ഒരു പുഞ്ചിരികൊണ്ടാണ് നേരിട്ടത്. പകരം പുസ്തകങ്ങൾ കയ്യിലെടുത്തു. അവയെ മാറോടടക്കിപ്പിടിച്ചു.
"പുറത്തോട്ടൊക്കെ ഒന്നിറങ്ങിക്കൂടെ നിനക്ക്.
ഏത് നേരവും ഇതിനകത്താണല്ലോ.... "
അമ്മയാണ്....
വൈകീട്ട് ലക്ഷ്മിയേടത്തീടെ കൂടെയാണ് നടക്കാനിറങ്ങിയത്. എല്ലാം അത് പോലെ തന്നെ.....
മാറിപ്പോയത് ഞാൻ മാത്രമാണെന്ന് തോന്നുന്നു....
മാറ്റങ്ങളെ സ്വീകരിക്കാൻ എന്റെ നാടിന്നും വിമുഖത കാട്ടുന്നുവല്ലോയെന്നോർത്തപ്പോൾ സന്തോഷം തോന്നി....
ഇടയ്ക്ക് ഏട്ടത്തി എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്. ഒന്നിനും വല്യ അർത്ഥമൊന്നുമില്ലെന്ന് തോന്നി....
ഞാൻ യാന്ത്രീകമായി തലയനക്കുകയും മൂളുകയും ചെയ്യുണ്ടെന്ന് മാത്രം.... ഇടയ്ക്കെപ്പോഴോ തല ചെരിച്ചൊന്ന് നോക്കിയപ്പോൾ കണ്ണുടക്കിയത് അവിടവിടെ നരകയറിത്തുടങ്ങിയ ലക്ഷ്മിയേടത്തിയുടെ മുടിയിലായിരുന്നു. എന്റെ മനസ്സിലപ്പോൾ കറുത്ത തഴച്ച് വളർന്ന മുടി മുട്ടോളം ചിതറി വീണു...
എന്തൊരു കറുപ്പായിരുന്നാ മുടിക്ക്.... ലക്ഷ്മിയേടത്തിയുടെ കണ്ണുകളിലെ തിളക്കം നഷ്പ്പെട്ടിരിക്കുന്നു...
ശരീരം നന്നേ ശോഷിച്ചിരിക്കുന്നു. കരിമിഴിക്കണ്ണുകളുള്ള ഒരു സുന്ദരി എന്റെ ഓര്മകളിലെവിടെയോ ഇരുന്ന് പുഞ്ചിരി തൂകി....
"ബാലേട്ടൻ വിളിക്കാറുണ്ടോ ഏടത്തീ.... "
എന്റെ ചോദ്യത്തിന് മറുപടിയെന്നോണം ലക്ഷ്മിയേടത്തിയിൽ നിന്നൊരു നെടുവീർപ്പുയർന്നു. കൂടുതലായി ഒന്നും ചോദിക്കാൻ തോന്നിയില്ല....
ഈ കുടുംബത്തിലെ പെൺജന്മങ്ങൾക്കെല്ലാം എന്തേ ഇങ്ങനെ??? കാരണവന്മാർ ചെയ്ത് കൂട്ടിയ മഹാപാപങ്ങളുടെ ഫലം അനുഭവിക്കാതെ തരമില്ലല്ലോ....
കേട്ട് കേൾവി ശരിയാണെങ്കിൽ മുതുമുത്തശ്ശന്റെ കാലത്ത് കുളത്തിൽ പൊങ്ങിയ സുന്ദരിയായ നങ്ങേലിയുടെ കഥ മുതൽക്ക് തുടങ്ങുന്നു അത്....
ഞാൻ എന്റെ ലോകത്തും ഏടത്തി ഏടത്തിയുടെ ലോകത്തുമായി അൽപനേരം കൂടി നടന്നു....
തൊടിയിൽ പിൻവശത്തായി തുറന്ന് കിടക്കുന്ന പടിപ്പുര വാതിലിലൂടെയാണ് തിരിച്ച് വീട്ടിലേക്ക് കയറിയത്....
കുറേക്കൂടി പഴക്കം ചെന്നിട്ടുണ്ട് എന്ന് മാത്രം....
ഇന്നും അതെ പ്രതാപത്തോടെ തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്.
തൊടിയിലെ കമുകിൻ പാള വലിച്ച് കളിക്കുന്ന ബാലനിൽ ഒരു നിമിഷം മിഴികളുടക്കി.
"അതേതാ ഏടത്തീ ആ കുട്ടി....?"
തൊടിയിലെ തേങ്ങ പെറുക്കിക്കൂട്ടുന്ന മാധവിയേട്ടത്തി എന്റെ ചോദ്യം കേട്ട് വെളുക്കെ ചിരിച്ചു.
"മോൾക്കറിയില്ലേ.... അത് നമ്മടെ മീനാക്ഷീടെ ചെക്കനാ... നമ്മടെ അമ്മാളുന്റെ.... "
അവർ പറഞ്ഞ് വന്നത് മുഴുവനും കേട്ടില്ല. ഹൃദയം പ്രകമ്പനം കൊണ്ടു.
വിറയ്ക്കുന്ന കൈകൾ നിലത്ത് കുനിഞ്ഞിരിക്കുന്ന അവന്റെ നെറുകയിൽ തൊടാനാഞ്ഞു.
"ശിവൻകുട്ടിയല്ല.... "
പിന്നിൽ നിന്നും കേട്ട ശബ്ദത്തിന് നേർക്ക് പൊടുന്നനെ തിരിഞ്ഞ് നോക്കി..... മീനാക്ഷിയാണ്. ഞാനവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
"ശിവൻകുട്ടിയല്ല അവന്റച്ഛൻ...."
അവൾ പെട്ടെന്ന് പറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകുന്ന അവളുടെ മുഖത്തേക്ക് ഞാൻ തുറിച്ച് നോക്കി. പൊടുന്നനെ അവളെന്റെ കാൽചുവട്ടിലേക്ക് വീണ് തേങ്ങി...
നിശ്ചലയായി അത് നോക്കി നിൽക്കാൻ മാത്രമേ എനിക്കപ്പോഴാവുമായിരുന്നുള്ളു....
മനസ്സ് അലകടൽ പോലെ ഇരമ്പിയാർക്കുന്നു. കാതുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
കണ്ണിൽ ഇരുട്ട് മൂടുന്നു....
ജനലഴികൾക്കിടയിലൂടെ ഞാൻ തെക്കേത്തൊടിയിലേക്ക് വെറുതെ മിഴികൾ പായിച്ചു.
പിന്നിൽ കാലടി ശബ്ദം വസ്ത്രമുലയുന്ന മർമ്മരം. അമ്മയാണ്.
"അമ്മയ്ക്ക് ഓർമ്മയുണ്ടോ പണ്ട് ഞാൻ കുളത്തിൽ വീണ് പോയത്....?
അതിന് അത്രേം ആഴവും തണുപ്പുമുണ്ടെന്ന് ആദ്യമായിട്ട് ഞാനറിഞ്ഞത് അന്നാണ്. മരണത്തിന്റെ തണുപ്പ്.... "
"അവസാനമായിട്ടും.... "
ഒന്ന് നിർത്തിയിട്ട് മന്ത്രിക്കും പോലെ പറഞ്ഞു.
അമ്മ ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കൊന്ന് നോക്കുകമാത്രം ചെയ്തു. അത് കാണാത്തത് പോലെ ഞാൻ കുളത്തിലേക്ക് മിഴികൾ നട്ടു.
അമ്മയുടെ അകന്ന് പോകുന്ന കാലൊച്ച കേൾക്കാത്തവളെപോലെ ഞാൻ നിന്നു....
മരണത്തിന്റെ തണുപ്പ് എത്രയാണെന്ന് എന്നോടാരെങ്കിലും ചോദിക്കുകയാണെങ്കിൽ ഞാൻ പറയും അതീ കുളത്തിന്റെ അടിത്തട്ടിലെ തണുപ്പിന്റത്രയും വരുമെന്ന്. ഒരിക്കൽ എന്റെ വിരൽത്തുമ്പിനോളം വന്ന് തൊട്ട ആ തണുപ്പ്....
കണ്ണിലൂടെ മൂക്കിലൂടെ ശ്വാസകോശത്തിലൂടെ അരിച്ച് കയറിയ ആ തണുപ്പ് ഹൃദയത്തിനെ വന്ന് പുൽകാൻ ഏതാനും നിമിഷങ്ങളെ ബാക്കിയുണ്ടായിരുന്നുള്ളു.
പൂമരത്തിനെ ചുറ്റിവരിയുന്ന കാട്ടു വള്ളികണക്കെ ബലിഷ്ഠമായ രണ്ടു കരങ്ങൾ അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞത് മാത്രം ഓർമയുണ്ട്.
കണ്ണ് തുറക്കുമ്പോൾ കണ്ട ആകാശവെണ്മയ്ക്ക് താഴെ കരഞ്ഞു ചുവന്ന കണ്ണുകളുമായി നിൽക്കുന്ന അമ്മയുടേയോ പരിഭ്രമം വിട്ട് മാറാതെ നിൽക്കുന്ന അച്ഛന്റെയോ മുഖത്ത് തങ്ങി നിൽക്കാതെ എന്റെ കണ്ണുകൾ എന്റെ അരികിലായി കുനിഞ്ഞിരിക്കുന്ന നനഞ്ഞു കുതിർന്ന പുരുഷരൂപത്തിന്റെ മുഖത്ത് തങ്ങി നിൽക്കുന്ന നേർത്ത പുഞ്ചിരിയിലും മീശത്തുമ്പിൽനിന്ന് എന്റെ മുഖത്തേക്കിറ്റുവീഴുന്ന വെള്ളത്തുള്ളികളിലും തങ്ങി നിന്നു. അസാധാരണമാം വിധം തിളങ്ങുന്ന കണ്ണുകൾ....
അവിടെ നിന്നായിരുന്നു തുടക്കം....
ശിവൻകുട്ടിയെ ഞാൻ കാണുന്നത് ആദ്യമായിട്ടല്ല. എന്റെ ബാല്യ കൗമാരങ്ങളുടെ ഫ്രയിമിലെല്ലാം അയാളുടെ സാന്നിധ്യമുണ്ടായിരുന്നു. എനിക്ക് മൂന്ന് വയസുള്ളപ്പോൾ എന്നെ തോളിലേറ്റി നടന്ന പത്തുവയസ്സ്കാരനിൽ നിന്നും തുടങ്ങുന്ന ഓർമ പതിനഞ്ചാം വയസ്സിലെ തെരണ്ടുകല്യാണത്തിന് പച്ചോല വെട്ടി മറപ്പുര കെട്ടിത്തന്ന ഇരുപത്തിരണ്ട് കാരന്റെ കണ്ണിൽ മിന്നിമറഞ്ഞ കുസൃതിയായി ഇന്നും മായാതെ മനസിലുണ്ട്.
സത്യത്തിൽ എന്റെ ജീവിതത്തിൽ എന്തായിരുന്നു ശിവൻകുട്ടിയുടെ വേഷം....?
ഞാനീ ചോദ്യം എന്നോട് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായിരിക്കുന്നു....
ഒന്നെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആ പത്താം ക്ലാസ്സുകാരനായിരുന്നു. അയാളിൽ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിയുമായിരുന്നു. എന്റെ അക്ഷരങ്ങൾക്ക് ജീവൻ പകർന്നത് അയാളുടെ ചിരിയായിരുന്നു.....
എന്റെ അക്ഷരങ്ങൾ പ്രണയിച്ചതത്രയും അയാളെയായിരുന്നു.....
ഞാനെഴുതിയതെല്ലാം അയാളെ കുറിച്ച് മാത്രമായിരുന്നു....
അയാളില്ലാത്ത ലോകത്ത് എന്റെ അക്ഷരങ്ങൾക്ക് ജീവനില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു.....
അയാൾ നനയുന്ന മഴയും അയാളെ തഴുകുന്ന കാറ്റും അയാളെ പുണരുന്ന തണുപ്പും അയാളുടെ സ്വന്തമായ ഈ മണ്ണും എന്റെ എഴുത്തുകളിൽ നിറഞ്ഞ് നിന്നു.
ശിവൻകുട്ടിയോടെനിക്ക് സ്നേഹമുണ്ടായിരുന്നു. ഒരു വല്ലാത്ത സ്നേഹം....
അത് എന്ന് എപ്പോ എവിടെവെച്ച് തുടങ്ങി എന്നൊന്നും ഓർക്കുന്നില്ല.
ശിവൻകുട്ടിക്കെന്നോടുണ്ടായിരുന്നതും ഒരുപക്ഷെ ഇതുപോലൊക്കെ തന്നെയായിരിക്കാം. പക്ഷെ എന്തെല്ലാമോ വികാരവിചാരങ്ങൾ അയാളെ തടഞ്ഞിരിക്കാം. അത് കൊണ്ടാണ് അയാൾ എല്ലായിപ്പോഴും എന്നിൽനിന്നൊഴിഞ്ഞ് മാറിയത്. ഏറ്റവും ക്രൂരമായി എന്റെ സ്നേഹത്തെ നിഷേധിച്ചത്.
ഒരാൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് സ്നേഹം നഷ്ടപ്പെടുമ്പോഴല്ല സ്നേഹം നിഷേധിക്കപ്പെടുമ്പോഴാണെന്ന് ആരോ പറഞ്ഞത് ഓർത്തു.
അത് കൊണ്ടാണ് ഒരു ഭ്രാന്തിയെ പോലെ അയാൾക്ക് പിറകേ അലഞ്ഞത്....
മുകളിലത്തെ വരാന്തയിലിരുന്ന് പത്തായപ്പുരയിലെ കിഴക്കേ അറ്റത്തെ സദാ തുറന്ന് കിടക്കുന്ന ജാലകത്തിലേക്ക് മിഴിയെറിഞ് എന്റെ രാവുകളെ പകലുകളാക്കി മാറ്റിയത്.....
അധികനാൾ പിടിച്ചു നിൽക്കാൻ അനുവദിക്കാതെ അയാളെ എനിക്ക് മുന്നിൽ അടിയറവ് പറയിച്ചത്.....
ഈ ശിവൻ കുട്ടിയെ വേറൊരുത്തിക്കും വിട്ട് കൊടുക്കില്ലെന്ന് ആ കൈ പൊതിഞ്ഞ് പിടിച്ച് ആണയിട്ടത്.....
ആളൊഴിഞ്ഞ കുളപ്പുരയിൽ വെച്ച് ഒരിക്കൽ കൂടി രക്ഷിക്കുമോയെന്ന ചോദ്യത്തോടപ്പം ആ കൈകളിൽ നിന്ന് വെള്ളത്തിലേക്ക് ഊർന്ന് വീണത്.....
അയാളുടെ ബലിഷ്ഠമായ കൈകൾ വീണ്ടുമെന്റെ അരക്കെട്ടിലൂടെ ചുറ്റിപിണയുമ്പോൾ ആ കണ്ണുകളിലേക്ക് നോക്കി ആ കൈകൾക്കുള്ളിൽ കിടന്നത്....
നിനച്ചിരിക്കാതെ ആസന്നമായ സാഹചര്യത്തിൽ മുൻപത്തെ അതേ പരിഭ്രമത്തോടെ ആ കണ്ണുകൾ....
വെള്ളത്തിൽ നിന്ന് കോരിയെടുത്ത് പടിക്കെട്ടിൽ കൊണ്ട് വന്നിരുത്തിയതും പിന്നെ കണ്ണീരോടെ മുഖം കൈകുമ്പിളിലിൽ കോരിയെടുത്ത് തെരുതെരെ ഉമ്മവെച്ചതും ഓർമകളാണെന്ന് തോന്നുന്നില്ല. ഞാനിന്നും ആ നിമിഷത്തിൽ തന്നെയാണെന്നൊരു തോന്നൽ...
അവിടെ നിന്ന് മുന്പോട്ടോ പിന്പോട്ടോ സഞ്ചരിക്കാതെ ആ നിമിഷത്തിൽ മാത്രമായി ജീവിതം തളച്ചിട്ടിരിക്കുന്നത് പോലെ....
ഇറുകെയടച്ചിരിക്കുന്ന എന്റെ കണ്ണുകൾ തുറന്നാൽ കാണുന്നത് വിവശമായ അയാളുടെ മുഖമായിരിക്കുമെന്നൊരു തോന്നൽ....
അയാളുടെ ഹൃദയമിടിപ്പ് അത്യുച്ചത്തിൽ എനിക്ക് കേൾക്കാവുന്നത് പോലെ.....
അമ്മാളുവേട്ടത്തീടെ മോള് മീനാക്ഷീടെ മുറിയിൽ നിന്ന് ഒരു പാതിരാത്രിക്ക് കണ്മുന്നിലേക്ക് ഇറങ്ങി വന്ന ശിവൻകുട്ടിയെ അവിശ്വസിക്കാൻ അനുപമ ഒരിക്കലും തയ്യാറല്ലായിരുന്നു....
തന്റെ വയറ്റിൽ വളരുന്നത് ശിവൻകുട്ടീടെ കുഞ്ഞാണെന്ന് മീനാക്ഷി എന്റെ മുന്നിൽ നിന്ന് വിങ്ങിപ്പൊട്ടുന്നത് വരെ....
അതൊരു ആഘാതമായിരുന്നു.....
അതിൽ നിന്ന് മോചിതയാവുന്നതിന് മുന്നേയായിരുന്നു വിവേകുമൊത്തുള്ള.....
അയാളിൽ ഒരിക്കലും മറ്റൊരു ശിവൻകുട്ടിയെ കണ്ടെത്താതിരിക്കാനായിരുന്നു പിന്നത്തെ ശ്രമം....
അയാൾ മറ്റൊരാളാണെന്ന് ഉൾക്കൊണ്ടുകൊണ്ട് തന്നെ അയാളെ സ്നേഹിക്കാൻ ശ്രമിച്ചു. അയാളുടെ ശീലങ്ങൾക്കൊത്ത് മാറാനും....
അയാളുടെ കുത്തഴിഞ്ഞ ജീവിതം പതിയെ പതിയെ എനിക്ക് മുന്നിൽ അനാവൃതമായിത്തുടങ്ങി.പരമാവതി ക്ഷമിച്ചു സഹിച്ചു. അയാളെ എതിർക്കാനോ അയാളോട് ചോദ്യങ്ങൾ ചോദിക്കാനോ അയാൾക്കെതിരെ ശബ്ദിക്കാനോ പാടില്ല എന്നതായിരുന്നു അയാളുടെ നയം. എനിക്ക് തീരെ അംഗീകരിക്കാനാവാത്തത്....
എന്നിട്ടും പരമാവധി നിശബ്ദത പാലിച്ചു.... പിന്നീടെപ്പോഴോ എന്റെ നിശബ്ദത നിസ്സംഗതയിലേക്ക് വഴിമാറിത്തുടങ്ങി. ബന്ധങ്ങളിലുള്ള വിശ്വാസ്യത എനിക്ക് നഷ്ടമായിത്തുടങ്ങിയിരുന്നു....
കണ്മുന്നിൽ കാണുന്നതിനോടെല്ലാം ഒരു നിസ്സംഗതാ മനോഭാവം എന്നിൽ ഉരുത്തിരിഞ്ഞ് തുടങ്ങിയിരുന്നു. അതിന്റെ ആഴവും പരപ്പും എത്രമാത്രമാണെന്ന തിരിച്ചറിവ് തന്നത് ഒരുച്ചനേരത്ത് ഫ്ലാറ്റിൽ വന്ന് കേറിയപ്പോൾ ബെഡ്‌റൂമിൽ നിന്ന് കേട്ട മറ്റൊരു പെണ്ണിന്റെ കൊഞ്ചലും പൊട്ടിച്ചിരിയുമായിരുന്നു....
പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഏതാണ്ട് അരമണിക്കൂർ കൂടി പുറത്ത് കാത്തിരിക്കേണ്ടി വന്നു. പുറത്തേക്ക് വന്ന വിവേക് ഒരു നിമിഷം എന്നെ കണ്ട് തറഞ്ഞ് നിന്നു. അത്ര മാത്രം....
അയാൾക്ക് പിന്നിലായി അയാളുടെ മറ പറ്റി നിൽക്കുന്നവളുടെ കഴുത്തിൽ കിടന്ന് തിളങ്ങുന്ന മിന്നുമാലയിലായിരുന്നു എന്റെ ശ്രദ്ധയത്രയും. എനിക്ക് സ്വയമൊരു വെറുപ്പ് തോന്നിയെങ്കിലും പെട്ടെന്ന് സംയമനം വീണ്ടെടുത്ത് സംസാരിച്ചു തുടങ്ങിയത് ഞാൻ തന്നെയായിരുന്നു.
"വിവേക് എവിടാണെന്ന് വെച്ചാ കൊണ്ടുവിട്ടിട്ട് വരൂ....
എനിക്ക് സംസാരിക്കാനുണ്ട്. "
ഞാനയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
വീണ്ടുമൊരരമണിക്കൂർക്കൂടി.... അയാളെനിക്ക് മുന്നിൽ കൂസലന്യേ നിന്നു.
"എന്തിന് എന്ന് ഞാൻ ചോദിക്കുന്നില്ല വിവേക്....
എങ്കിലും എനിക്ക് അറിയാനാവകാശമുള്ള ഒരു ചോദ്യം മാത്രം ചോദിച്ചോട്ടെ..... "
"ഞാൻ... ഞാനിനി എന്താണ് ചെയ്യേണ്ടത്?"
അയാളിൽനിന്നൊരുത്തരം ലഭിക്കില്ലെന്നറിയാമായിരുന്നെങ്കിലും വെറുതെ അയാളുടെ മുഖത്തേയ്ക്കുറ്റുനോക്കി കുറച്ച് നേരം നിന്നു.
കുറച്ച് പുസ്തകങ്ങളല്ലാതെ മറ്റൊന്നും എടുക്കാനുണ്ടായിരുന്നില്ല.ഒരു പിൻവിളി പ്രതീക്ഷിക്കാതെ പതിയെ പുറത്തേക്കിറങ്ങി.....
അങ്ങനെ ആ അദ്ധ്യായം അവസാനിച്ചിരിക്കുന്നു ആശ്വസം തോന്നി.....
ഇനി ബാക്കിയുള്ള ദിവസങ്ങൾ ഇവിടെ..... അതിനി എത്ര ദിവസങ്ങൾ എന്ന് മാത്രമേ അറിയാതുള്ളു.... ഇവിടെ ആരും ഒന്നും അറിയരുതെന്ന് മാത്രമേ ഇനി ആശിക്കാനുള്ളു....
എന്നത്തേയും പോലെ ആ ദിവസവും എനിക്ക് കിടന്നുറങ്ങണം പിറ്റേന്ന് ഉണരില്ലായെന്ന് അറിയാതെ ആ നീണ്ട ഉറക്കത്തിലേക്ക് എനിക്ക് പോണം....
ഈ ശിശിരത്തിൽ പൊഴിയുന്ന ഇലയുടെ ലാഘവത്തോടെ എനിക്ക് കൊഴിഞ്ഞ് വീഴണം....
അതീ രാത്രി തന്നെ ആയിരുന്നാലും സന്തോഷത്തോടെ ഞാൻ പോവും..... അത്രയൊക്കെ മാത്രമേ അവിടെ നിന്ന് ഇറങ്ങുമ്പോൾ ആഗ്രഹിച്ചിരുന്നുള്ളു.... പക്ഷെ... ഇപ്പൊ....
ഒരിക്കൽ കൂടി അനുപമയ്ക്ക് കാണണം ശിവൻകുട്ടിയെ....
അനുവദിക്കുമെങ്കിൽ ആ കാലിൽ വീണ് കൊണ്ട് തന്നെ മാപ്പ് ചോദിക്കണം. ജീവിതത്തിൽ അതിൽ കൂടുതലായി ഇനി ആഗ്രഹങ്ങളൊന്നും ബാക്കി നിൽക്കുന്നില്ല.... ഇതാണെന്റെ അവസാനത്തെ ആഗ്രഹം....
പക്ഷെ ഇപ്പോൾ ഇതുവരെയില്ലാത്ത ഒരു ഭയം മനസിനെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഒരുപക്ഷെ അതിന് മുന്നേ ഞാൻ.....
ഈ തോന്നൽ എന്നെ ഭയചകിതയാക്കുന്നു. ചിന്തകളിൽ നിന്ന് മോചനം നേടാൻ ഞാനൊരു പുസ്തകമെടുത്ത് തുറന്നു....
അടുത്ത ദിവസം ലക്ഷ്മിയേടത്തി അറയിൽ വന്നപ്പോൾ മടിച്ച് മടിച്ച് കൊണ്ടാണ് അന്വേഷിച്ചത്. ലക്ഷ്മിയേടത്തി ഒന്നും മിണ്ടാതെ നിമിഷങ്ങളോളം എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ഏട്ടത്തിക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി. ഒടുവിൽ ഇത്രമാത്രം പറഞ്ഞു.
"മറക്കാൻ പറ്റില്യാന്ന് ഏടത്തിക്കറിയാരുന്നു...
ന്നാലും ഇനിപ്പോ കാണണമെന്നുണ്ടോകുട്ടീ.... കാണണമെന്നാഗ്രഹിച്ചാലും കാണാവുന്ന ദൂരത്താവില്ല അയാളിപ്പോ.... "
"കഴിഞ്ഞ മഴയില് ഇവിടുത്തെ ചിറ പൊട്ടിയപ്പോ അതില് പെട്ട ഗോവിന്ദനെ തപ്പാൻ വേണ്ടി ചാടിയതാ... ഗോവിന്ദനെ കരയ്ക്കെത്തിച്ചു.പക്ഷെ ശിവൻകുട്ടി......... "
ലക്ഷ്മിയേടത്തി മുറിവിട്ട് പോയിട്ടും ചെവിയിലെ മൂളക്കം അവസാനിച്ചിരുന്നില്ല.
രാത്രി കറുത്തിരുണ്ടു. മിന്നലിന്റെ അകമ്പടിയോടെ കാലം തെറ്റിയ മഴ കനത്തു. ഞാൻ കണ്ണടച്ച് കിടന്നു....
ഇനി ഞാനൊരു വിളിക്കും കാതോർക്കുകയില്ല.....
എനിക്ക് എത്രയും പെട്ടെന്ന് ഉയരങ്ങൾ കീഴടക്കണം.....
അവിടെ എത്തിച്ചേരണം.....
അയാളെ കാണണം....
(ആമി...... )

അന്ന

Image may contain: 1 person, closeup
--------
അന്ന.... അവളെപ്പോഴും അങ്ങനെയായിരുന്നു. ചിരിമായാത്ത മുഖവുമായി നേരിയ കിതപ്പോടെ എന്റെയരികിലേക്ക് ഓടിയടുക്കുമായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകളെ അവഗണിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമായിരുന്നു. വെറുതെ....
ലാപ്ടോപ് സ്‌ക്രീനിലൂടെ വീണ്ടും വീണ്ടും മിഴിയോടിച്ചു.
"ജിതൻ.... എന്റെ വിവാഹമാണ്....
മറ്റ് തിക്കുകളൊന്നുമില്ലായെങ്കിൽ ഒന്ന് നേരിൽ കാണാനാഗ്രഹമുണ്ട്."
ഈ വലിയ നഗരത്തിലെ എന്റെ അനേകം പെൺ സുഹൃത്തുക്കളിൽ വേറിട്ട് നിൽക്കുന്നവൾ അന്ന....
അതിൽ കൂടുതലയെന്തെങ്കിലും അവളോടെനിക്കുണ്ടോയെന്ന് ചികഞ്ഞ് നോക്കിയിട്ടില്ല.
എന്നാണ് ഞാനവളെ ആദ്യമായി കാണുന്നത്?
ജീവിതം ചരട് പൊട്ടിയ ഒരു പട്ടമായിരുന്നു. ഭൂമിയിൽ തൊടാതെ പറന്നുയർന്ന്......
ആസ്വദിക്കുവാൻ വേണ്ടി മാത്രമായി ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ....
അതിൽ കൂടുതലായി ഒരു ബന്ധം ഇവിടെ ആണിനും പെണ്ണിനും ആവശ്യമുള്ളതായി തോന്നിയിട്ടില്ല.
ഏതാനും സമാഗമങ്ങൾ കഴിയുന്നതോടെ ഹാങ്ങോവർ തീരുന്ന പെൺ സൗഹൃദങ്ങൾ....
ഒരു ഡിലീറ്റ് ഓപ്ഷനിൽ വീണ്ടും രണ്ട് അപരിചിതരായി തീരുന്ന ബന്ധങ്ങൾ....
ഈ നഗരത്തിനോട് വിടപറയുമ്പോൾ നുകർന്ന രസങ്ങളുടെ വിഴുപ്പുഭാണ്ഡം സൂക്ഷിക്കാനാഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ഞാനും...
ആസ്വാദനങ്ങളുടെ കൊടുമുടി കയറാനിറങ്ങിപ്പുറപ്പെട്ട എന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായാണ് അവൾ കയറി വന്നത്. അന്ന....
അവളെപ്പോഴും ചുരുങ്ങിയ വാക്കുകൾകൊണ്ട് സംസാരിച്ചു.ഒരിക്കൽ പോലും എന്നെ ജിത്ത് എന്ന് വിളിച്ചില്ല.
എന്നെ ജിതൻ എന്ന് മാത്രം വിളിച്ചു.
അവൾക്കെന്നോട് പ്രണയമുണ്ടായിരുന്നോ അറിയില്ല....
ഒരിക്കൽ പോലും അങ്ങനെയൊന്ന് അവളെന്നോട് പറയുകയുണ്ടായില്ല.
എങ്കിലും അവളിങ്ങനെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട് പലപ്പോഴും. അതെന്റെ സ്വസ്ഥത കെടുത്തുന്നു. അത്കൊണ്ട്
അത്തരം തോന്നലുകളെ അവഗണിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.
ട്രാഫിക്കിലെ ഞെരുക്കത്തിനിടയിലൂടെ തിക്കിത്തിരക്കി ബൈക്കിനരികിലെക്ക് വന്ന് ഒരു ചെറിയ ബക്കറ്റ് എനിക്ക് നേരെ നീട്ടി ഒഴുക്കുള്ള ഇംഗ്ലീഷിൽ അവളന്ന് പറഞ്ഞതെന്തായിരുന്നുവെന്ന് ഓർക്കുന്നില്ല.മുന്നിൽ വന്ന് പെട്ടത് പെൺരൂപമായതിനാൽ കണ്ണുകൾ ആപാദചൂഡം ഒന്നുഴിഞ്ഞിറങ്ങി. ട്രാഫിക് സിഗ്നൽ മാറി വണ്ടി മുന്നോട്ടെടുക്കവേ ധൃതിയിൽ ഒന്ന് തിരിഞ്ഞനോക്കിയപ്പോഴേക്കും ആ മുഖം വാഹനങ്ങളുടെ കുത്തൊഴുക്കിനിടയിൽ മുങ്ങിപ്പോയിരുന്നു.
ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടുണ്ടാവും നാട്ടിലേക്കുള്ള വോൾവോ പിടിച്ച് സീറ്റിൽ വെറുതെ കണ്ണുകളടച്ച് കിടന്നു.
ഈ സൈഡ് സീറ്റിൽ ഞാനിരുന്നോട്ടെ....
കിളിനാദം കേട്ട് ഒരുൾപുളകത്തോടെ കണ്ണുകൾ തുറന്ന് നോക്കി. മുന്നിലതാ ഉടലാകെ പൊതിഞ്ഞ നരച്ച വസ്ത്രമണിഞ്ഞ പെൺരൂപം. മഷിയെഴുതാത്ത കണ്ണുകളിൽ തികഞ്ഞ ശാന്തത. ചായം പുരളാത്ത ചുണ്ടുകളിൽ മന്ദഹാസം....
തികഞ്ഞ കൗതുകത്തോടെ പുറം കാഴ്ചകളിലേക്കിടക്കിടെ മിഴിയെറിഞ്ഞ് ചുരുങ്ങിയ ചില വാക്കുകൾകൊണ്ട് ഹൃദയത്തിന്റെ അഗാധതയിലെന്തോ പോറിയിട്ടു. ഒരിക്കൽ പോലും എന്റെ പേരെന്താണെന്ന് അന്വേഷിച്ചില്ല. പിരിയാൻ നേരം നേർത്ത മന്ദഹാസത്തോടെ കാണാം ജിതൻ..... എന്ന് മാത്രം പറഞ്ഞു.
ജിതൻ...? എന്റെ നോട്ടത്തിന് ഒരു നേർത്ത മന്ദഹാസം മറുപടി നൽകി അവൾ നടന്നകന്നിരുന്നു......
എവിടെ കാണും? എന്ന് കാണും? എങ്ങനെ കാണും? അഥവാ ഇനി കാണുമോ എന്നീ ചോദ്യങ്ങളെല്ലാം എന്റെയുള്ളിൽ അവശേഷിപ്പിച്ചുകൊണ്ട്.....
ആദ്യത്തെ ഒരാഴ്ചയോളം ചൈതന്യമുള്ള ഒരു മുഖം എവിടെയൊക്കെയോ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പിന്നീട് ആ മുഖം എന്റെ ഓർമകളിൽ നിന്ന് പതിയെ മാഞ്ഞു തുടങ്ങി....
മൂന്നോ നാലോ ആഴ്ചകൾ കടന്ന് പോയിട്ടുണ്ടാവും കാറിന്റെ വേഗതയൽപമൊന്ന് കുറച്ച് റോഡരികിലെ ആൾക്കൂട്ടത്തിലേക്ക് വെറുതെ മിഴികൾ പായിച്ചു. എട്ടോ പത്തോ വയസ്സ് പ്രായമുള്ളൊരു പെൺകുഞ്ഞിനെയും താങ്ങിയെടുത്ത് കാറിനടുത്തേക്ക് കുതിക്കുന്ന പെൺരൂപമായി അവൾ വീണ്ടും ഓർമയുടെ മറനീക്കി പുറത്ത് വന്നു.
പിന്നീട് പല സന്ദർഭങ്ങളിൽ പലയിടത്ത് വെച്ച് കണ്ടുമുട്ടി. പിന്നീടെപ്പോഴോ സഹൃദത്തിലായി. എന്റെ പെൺ സൗഹൃദങ്ങൾക്കെല്ലാം തന്നെ അർത്ഥം ഒന്നേയുള്ളൂവെന്നിരിക്കെ അവൾ മാത്രം വേറിട്ട് തന്നെ നിന്നു അന്ന.....
അവളുടെ പ്രസന്നമായ മുഖത്തിനുമപ്പുറം അവളെ പൊതിഞ്ഞിരിക്കുന്ന നിറപ്പകിട്ടില്ലാത്ത വസ്ത്രവും വലിയ കണ്ണുകളെ മറച്ച് പിടിക്കുന്ന കട്ടിയുള്ള കറുത്ത കണ്ണടയും ചുരുണ്ട പാറിപ്പറക്കുന്ന മുടിയിഴകളും എല്ലായിപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നു. അവളുടെയീ കണ്ണുകൾ എന്നെ അധൈര്യനാക്കുന്നു. നിരാശ തോന്നിയിട്ടുണ്ട് പലപ്പോഴും....
ഈ മുഖം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു...
ചില സായാഹ്നങ്ങൾ അവളോടൊത്ത് ചിലവഴിച്ചു. അത്തരം സന്ദർഭങ്ങൾ വളരെ ചുരുക്കമായിരുന്നു. എന്റെ സായാഹ്നങ്ങൾക്ക് അവകാശികളേറെയായിരുന്നു.
ഗോതമ്പ് നിറമാർന്ന ഉടലുള്ള പഞ്ചാബി സുന്ദരി സിമ്രാൻ.....
മെലിഞ്ഞു കൊലുന്നനെയുള്ള ഗോവൻ സുന്ദരി നതാഷ....
നീലമിഴികളുള്ള കാശ്മീരിയൻ സുന്ദരി നൂറ...
പൊക്കിളിന് താഴെ കറുത്ത മറുകുള്ള മുംബൈക്കാരി പൂജ....
ഇത്തരത്തിൽ വേറിട്ട നിറവും മണവും രുചിയുമുള്ള പെണ്ണുടലുകളോടും അവരുടെ ജിത്ത് എന്ന കൊഞ്ചലുകളോടും വല്ലാത്ത മടുപ്പ് തോന്നുന്ന ചില ദിവസങ്ങളിൽ സായാഹ്‌ന സൂര്യൻ ചുവപ്പിച്ച അവളുടെ മുഖത്തേക്ക് നോക്കി നടക്കാനൊരു കൗതുകം....
അവളുടെ ജിതൻ എന്ന വിളികേൾക്കാൻ പതിവിലേറെ സുഖം....
നേർത്ത തണുപ്പുള്ള കാറ്റിൽ പറക്കുന്ന അവളുടെ മുടിച്ചുരുളുകൾക്കും, ഒതുക്കിപ്പിടിച്ചിട്ടും ഉലയുന്ന നിറപ്പകിട്ടില്ലാത്ത പരുപരുത്ത വസ്ത്രത്തിനും മുൻപെങ്ങും തോന്നിയിട്ടില്ലാത്ത ചാരുത.....
ഇങ്ങനെ ചില ദിവസങ്ങളെങ്കിലും ജീവിതത്തിൽ ബാക്കിയുണ്ടാവണമെന്ന് ആ നിമിഷം തോന്നിപ്പോവുന്നു. എല്ലാം ഓരോ നിമിഷത്തിന്റെ തോന്നൽ മാത്രമാണ്. അടുത്ത നിമിഷം പിറവിയെടുക്കുമ്പോൾ ഈ ചിന്തകളിൽ മാറ്റം സംഭവിച്ചിരിക്കും.
തൊട്ടടുത്ത ദിവസം മറ്റൊരു പെണ്ണുടലിന്റെ രുചിയും മണവും നുകർന്ന് മയങ്ങും വരേയ്ക്കും മാത്രമുള്ള കൗതുകം....
മറ്റു ചിലപ്പോൾ അവളോടൊത്തുള്ള സായാഹ്നങ്ങൾ ചില ഓൾഡേജ്‌ ഹോമുകളിലെ വയോധികർക്കൊപ്പമോ ഓർഫനേജുകളിലെ കുരുന്നുകൾക്കൊപ്പമോ അതൊന്നുമല്ലെങ്കിൽ പാലിയേറ്റീവ് കെയറിങ് യൂണിറ്റിലെ ഒരു പ്രവർത്തകനെന്ന നിലയിലോ ചിലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. അത് പലപ്പോഴും ഒരാത്മപരിശോധനയോളം എന്നേ വലിച്ചിഴയ്ക്കുകയും മനസാക്ഷിയുടെ തീരേ മനസാക്ഷയില്ലാത്ത കുറ്റപ്പെടുത്തലുകൾക്ക് മുന്നിൽ പകച്ച് നിൽക്കേണ്ടതായി വരുന്ന ഒരവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിനെ കുളിരണിയിപ്പിച്ചുകൊണ്ട് ആ നനുത്ത മഴ പെയ്തിറങ്ങിയ ദിവസം മറക്കാനാവില്ല. ചുരുൾ മുടി തുമ്പിൽ നിന്നും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളി വിറയാർന്ന അധരത്തിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച
കണ്ണുകൾക്കുള്ളിൽ ഇന്നും അതേ മിഴിവോടെ ഒരു മഴചിത്രം പോലെ....
വളരെ വൈകിയ ഒരു രാത്രിയുടെ ഏതോ ഒരു യാമമായിരുന്നു അത്.....
അങ്ങിങ്ങ് തെരുവുവിളക്കുകൾ കത്തി നിൽക്കുന്ന ഏറെക്കുറെ വിജനമായ ആ നടപ്പാതയിലൂടെ നടക്കുമ്പോൾ ചുറ്റിലും കണ്ട നിഴൽ ചിത്രങ്ങൾക്ക് ഏറെ പുതുമ തോന്നിച്ചിരുന്നു. ഏറെ ദൂരം ലക്ഷ്യമില്ലാതെ നടന്ന് തീർത്തിട്ടുണ്ടാവും അവിടെ ദിവസങ്ങൾക്ക് മുൻപ് അണഞ്ഞു പോയ തെരുവ് വിളക്കിൻ ചുവട്ടിലെ വെളിച്ചം കടന്ന് ചെല്ലാത്ത ഒരു കോണിൽ പരസ്പരം കെട്ട്പിണഞ്ഞ് നിൽക്കുന്ന ഉടലുകൾ മനസ്സിൽ തീ കോരിയിട്ടു.കനംവെച്ച നിശബ്ദതയ്ക്ക് ചുടുനിശ്വാസങ്ങൾ താളം പകർന്നു.
"എനിക്ക് നിന്നെ ചുംബിക്കണമെന്ന് തോന്നുന്നു അന്ന..... "
"അത് സ്വാഭാവികമാണ് ജിതൻ..... "
"തനിക്കെപ്പോഴും തോന്നാറുള്ള കൊതി..... "
അവൾ സാവധാനം എന്റെ നേർക്ക് മിഴികൾ തിരിച്ചു. കാർമേഘം ചന്ദ്രനെ മൂടുപടമണിയിച്ചിരുന്നതിനാൽ ആ മുഖത്തെ ഭാവം വ്യക്തമായില്ല.
അവളുടെ വാക്കുകൾക്ക്മുന്നിൽ ഞാൻ പതറി.
ആ നിമിഷത്തെ മറികടക്കാൻ കുറച്ചേറെ ബുദ്ധിമുട്ടനുഭവിച്ചു.
മനസിന്റെ വേലിയേറ്റങ്ങളെ ശാസിച്ച് അടക്കിനിർത്താൻ പാടുപെട്ടു.
"നല്ല മഴ..... "
അവൾ മഴയിലേക്ക് കൈനീട്ടി......
അന്നവൾക്ക് ഈറൻമാറാൻ വാങ്ങിനൽകിയ നേർമയേറിയ വസ്ത്രം നിവർത്തിപ്പിടിച്ചവൾ ഒരു മാത്ര എന്റെ കണ്ണുകളിലേക്ക് നോക്കിയ നോട്ടവും
ആ കണ്ണുകൾക്ക് മുന്നിൽ പതർച്ചയോടെ ഞാൻ നിന്ന നിൽപ്പും ജീവിതത്തിലെ മറ്റൊരു നിമിഷത്തിനും മായ്ക്കാനാവില്ല.
അതും കേവലമെന്റെയൊരു കൗതുകം. ഏതോ ഒരു നിമിഷത്തിന്റെ ചാപല്യം.
മഞ്ഞിന്റെ കുളിരുള്ള ഡിസംബറിലെ ആ രാത്രിയും. മുളന്തടിയിൽ തീർത്ത ആ കുടിലും മങ്ങിയ മെഴുതിരി വെട്ടവും വൈക്കോൽ മെത്തയും വശ്യ മനോഹരമായ നയനങ്ങളും പൊള്ളുന്ന ചുണ്ടുകളും അവിടുന്നങ്ങോട്ട് എന്നന്നേക്കുമായെന്റെ ഉറക്കത്തിനെ കവർന്നെടുക്കുന്ന ഓർമകളാവുകയാണെന്ന് അന്ന് കരുതിയിരുന്നോ???
ഇല്ല എന്നാണുത്തരം. ആ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ......
ഓര്മകളിലിന്നും ജീവനുണ്ട്. അതിന്റെ തുടിപ്പുണ്ട്. പണ്ടാരോ പറഞ്ഞത് പോലെ ചില ഓർമകൾക്കെന്നും സുഗന്ധമാണ്...
ആ പുതുവർഷ പുലരി അവളോടൊത്താവണമെന്ന് ഏത് നിമിഷത്തിന്റെ തീരുമാനമായിരുന്നു?
അല്ലെങ്കിൽ അവൾ ചോദിക്കുന്നത് പോലെ അത് തന്റെ ഏത് നിമിഷത്തിലെ ചാപല്യമായിരുന്നു?? അറിയില്ല......
അവളോളം എന്നെ അറിഞ്ഞ മറ്റാരുമില്ലെന്ന് തോന്നിയിട്ടുണ്ട്....
ഡിസംബറിന്റെ അവസാനത്തെ രാത്രി അതിന്റെ പരിസമാപ്തിയിലെത്തിയിരുന്നു.
കൃത്യം പന്ത്രണ്ടടിച്ചപ്പോൾ ഇരുളിൽ അനേകായിരം മെഴുതിരികൾ പ്രകാശിച്ചു. ലോകം മുഴുവൻ ഒരേ സ്വരത്തിൽ പുതുവർഷത്തെ വരവേൽക്കുകയാണ്. എന്റെ കയ്യിലെ മെഴുതിരി മേലേക്കുയർത്തി ഇരുളിൽ ഞാനവളുടെ മിഴികൾ തിരഞ്ഞു. പെട്ടെന്നുണ്ടായ ആവേശത്തിൽ അവളെ വലിച്ചടുപ്പിച്ചു.ചുണ്ടുകളിൽ ചുംബിച്ചു.
ഹാപ്പി ന്യൂയെർ... ഞാനാകാതുകളിൽ മന്ത്രിച്ചു....
രാവിന്റെ സംഗീതം പോലെ എവിടെനിന്നോ ചീവീടുകൾ ചിലയ്ക്കുന്ന ശബ്ദം ഞാനെവിടെയാണെന്ന തിരിച്ചറിവ് നൽകി. സുഖകരമായ ആലസ്യത്തിൽ മയങ്ങിപ്പോയിരുന്നോ??? കഴിഞ്ഞുപോയ നിമിഷങ്ങളും അന്നയും മനസിലേക്ക് വന്നപ്പോൾ ഞെട്ടലോടെ തലചെരിച്ച് നോക്കി.
നിലാവിന്റെ നീലവെളിച്ചത്തിലേക്ക് മിഴികൾ തിരിച്ച് അവൾ നിൽക്കുന്നു.
വിടർത്തിയിട്ടിരിക്കുന്ന മുടിയിഴകൾ
ഒരു പെയ്ന്റിങിനെ അനുസ്മരിപ്പിച്ചു. ഈ മുടിയിഴകളിലാണ് അല്പംമുൻപ് മുഖം പൂഴ്ത്തിക്കിടന്നതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
അവളുടെ വിയർപ്പിന് ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു ഗന്ധമായിരുന്നു. മത്തുപിടിപ്പിക്കുന്ന ഗന്ധം.
അതായിരുന്നു പെണ്ണ്..... ഇതുവരെ രുചിച്ചിട്ടില്ലാത്ത വേറിട്ട രുചിയുള്ള പെണ്ണ്.
ഇന്നലെ വരെ കണ്ടത് ഇവളെയായിരുന്നോ, ഇത്... ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു അന്നയാണ്. കണ്ണുകളിൽ ലാസ്യഭാവവും, ചുംബനം കൊതിക്കുന്ന ചുണ്ടുകളുമുള്ള അന്ന.....
ഈ നിലാവിന് എന്നത്തേക്കാളും കൂടുതൽ ഭംഗി..... അല്ലേ ജിതൻ....?
ഇടയ്ക്കെപ്പോഴോ അവൾ തിരിഞ്ഞു നോക്കി.
"നിനക്കെന്നോട് വേറൊന്നും പറയാനില്ലേ അന്ന...... "
"ഇനിയെന്താണ് പറയേണ്ടത് ജിതൻ....
അത് കഴിഞ്ഞില്ലേ..... "
"അന്ന നിനക്ക്....... "
"എനിക്കെന്താണ് ജിതൻ....?
താൻ ടെൻഷനാവേണ്ട. വേണ്ടായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല. അപ്പോ അത് വേണംന്ന് തോന്നിയിരുന്നു...
Thats all...... "
അവൾ ചെറുതായി ചിരിച്ചു.....
"നീ പറയാറുള്ള പോലെ ഒക്കെ ഓരോ നിമിഷത്തിന്റെ തോന്നലാണ്.....
That moment was gone......."
അവൾ തന്നോട് തന്നെ ആവർത്തിക്കുന്നത് പോലെ തോന്നി....
അന്ന......
അവളെനിക്കെന്നും ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ഒരു ചോദ്യമായിരുന്നു......
നിമിഷങ്ങളോളം ഞാനവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു.....
" ജിതൻ...... തനിക്കെന്നോട് പ്രണയമൊന്നുമില്ലെന്ന് എനിക്കറിയാം.....
അങ്ങനെ കരുതാനും മാത്രം വിഡ്ഢിയായ ഒര് പെണ്ണൊന്നുമല്ല ഞാൻ...... "
എനിക്ക് വല്ലായ്മ തോന്നി......
"നിന്റെയൊരു കൗതുകത്തിന് നിന്ന് തന്ന ഒരു പെണ്ണായി വല്ലപ്പോഴും നിനക്കെന്നെ ഓർക്കാം..... "
"അന്ന...... എനിക്ക്.... എനിക്ക് നിന്നെ മനസിലാവുന്നില്ല. "
"അതിന് ശ്രമിക്കരുത് ജിതൻ......
താൻ തോറ്റ് പോവുകയേയുള്ളു...... "
അവളെന്നെ നോക്കി മന്ദഹസിച്ചു.
പിന്നെ പതിയെ മുന്നോട്ട് വന്ന് എന്റെ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു.
ഞാനൊരു സുഖകരമായ ഉറക്കത്തിലേക്ക് വഴുതി വീഴും വരെ എന്റെ മുടിയിഴകളിൽ തഴുകിയ വിരലുകളുടെ മാന്ത്രിക സ്പർശം....
അതായിരുന്നു അവളോടൊത്ത് ഞാൻ ചിലവഴിച്ച അവസാനനിമിഷങ്ങൾ......
പുലരി തെളിഞ്ഞപ്പോൾ കഴിഞ്ഞതെല്ലാം സ്വപ്നമോ സത്യമോ എന്ന് വേർതിരിച്ചറിയാത്ത വിധം ജീവിതത്തിലെ മനോഹരമായ ഒരു രാത്രിയെനിക്ക് സമ്മാനിച്ച് അവൾ എന്നന്നേക്കുമായി ജീവിതത്തിൽനിന്ന് മാഞ്ഞുപോയിരുന്നു....
മങ്ങിയ ഓർമത്താളിൽ ഇന്നും മങ്ങലേൽക്കാത്ത അക്ഷരങ്ങൾ വിറകൊള്ളുന്നു.....
"ജിതൻ...... ഞാൻ പോവുന്നു.....
ഇനി തമ്മിൽ കാണാതിരിക്കട്ടെ.... "
അതായിരുന്നു പെണ്ണ്.......
അവിടുന്നങ്ങോട്ട് ഓർമകളുടെ തീജ്വാലകൾ തീർത്തെന്നെ സദാ നീറ്റിക്കൊണ്ടിരിക്കുന്ന പെണ്ണ്.....
വേറിട്ട പെണ്ണുടലുകളുടെ രുചിയും മണവും നുകരാൻ പിന്നീടൊരിക്കലും ജിത്ത് ആ നഗരത്തിൽ ഉണ്ടായിരുന്നിട്ടില്ല.
ആ നഗരത്തോടെന്നെന്നേക്കുമായി യാത്ര പറഞ്ഞ് ജിതൻ ലക്ഷ്യമില്ലാതെ പലയിടത്തും അലഞ്ഞു. എല്ലായിടത്തും തേടിയതൊരു മുഖം മാത്രം.......
ജീവിതം അലസമായൊഴുകുന്ന നദിപോലെ ലക്ഷ്യമില്ലാതെ പല കൈവഴികളിലൂടെ സഞ്ചരിച്ചു. ഇനിയൊരിക്കലും കടലിൽ ചേരുകയില്ലെന്ന് ഉറപ്പുണ്ടായിട്ടും.
സ്ഥിരമായ യാത്രകളും, സ്ഥിരതയില്ലാത്ത ജീവിതവും എടുത്ത് പറയത്തക്കതായി മാറ്റമൊന്നുമില്ലാതെ തുടർന്നു....
വല്ലാതെ തളരുന്നുവെന്ന് തോന്നുമ്പോൾ തോളിൽ ആ മൃതുസ്പർശം വല്ലാതെ കൊതിച്ചു. നീണ്ട യാത്രകൾക്കിടയിൽ സദാ ഒരു പിൻവിളിക്കായി കാതോർത്തു.... ലോകത്തെവിടെയായിരുന്നാലും ഒരു ദിവസം പോലും മുടങ്ങാതെ കുമിഞ്ഞു കിടക്കുന്ന മെയിലുകൾക്കിടയിൽ കുത്തിക്കുറിച്ച ഒന്നോ രണ്ടോ വാക്കുകൾക്കായി പരതി.
ഒടുവിൽ നീണ്ട അഞ്ച് വർഷങ്ങൾക്ക്
ശേഷം.....
ആ കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതിലും ലളിതമായിരുന്നു......
ഇന്നലെ കണ്ട് പിരിഞ്ഞ രണ്ട് സുഹൃത്തുക്കൾ വീണ്ടും കാണുന്നത് പോലെ....
വർഷങ്ങൾ അവൾക്ക് മുന്നിൽ നിഷ്പ്രഭമായിപ്പോവുന്നത് പോലെ......
"ഓർക്കാറുണ്ടായിരുന്നോ...."
മുഖവുരകളില്ലാത്ത തുടക്കം......
അവൾക്ക് മാറാൻ കഴിയില്ലല്ലോ.....
ഞാനവളുടെ കണ്ണുകളിലേക്കൊന്നു നോക്കുകമാത്രം ചെയ്തു.
"നോക്കേണ്ട സമയത്തൊന്നും താനിങ്ങനെ എന്നെ നോക്കിയില്ല ജിതൻ..... "
അവൾ മന്ദഹസിച്ചു.
"തനിക്കിപ്പോഴുമെങ്ങനെയിങ്ങനെ ചിരിക്കാൻ കഴിയുന്നു അന്ന......? "
അല്പനേരത്തെ മൗനം......
"തനിക്ക് കുറ്റബോധം തോന്നുന്നുണ്ടോ ജിതൻ?"
"തനിക്ക് തോന്നുന്നില്ലേ....? "
ഞാൻ മറുചോദ്യമിട്ടു.
"ഒട്ടുമില്ല ജിതൻ.......
എനിക്ക് മറച്ച് വെക്കാനൊരു ഇന്നലെ ബാക്കിയുണ്ടാവരുതെന്ന് ഞാൻ എന്നേ തീരുമാനിച്ചിരുന്നു.
ഞാൻ അയാളോടെല്ലാം പറഞ്ഞു "
ഒന്ന് നിർത്തിയിട്ടവൾ തുടർന്നു.
"അയാളൊരു തുറന്ന ചിന്താഗതിക്കാരനാണ് ജിതൻ......
അത്പോലൊരു നഗരത്തിൽ ജീവിച്ച ഒര് പെൺകുട്ടിയിൽ അയാളതൊന്നും പ്രതീക്ഷിക്കുന്നില്ലത്രേ........ "
അവൾ ചിരിച്ചപ്പോൾ
മനസ്സ് വല്ലാതെ നൊന്തു.
ഒരു മാലാഖയെ പോലെ പരിശുദ്ധയായിരുന്ന എന്റെ അന്ന...... ജിതന്റെ അന്ന......
അവളെയൊന്ന് വാരിപ്പുണരണമെന്നും ഈ നെഞ്ചോട് ചേർക്കണമെന്നും ആ കൈ പിടിച്ച് ഈ ലോകത്തിന്റെ അങ്ങേയറ്റത്തേക്ക് ഓടണമെന്നും ആ നിമിഷം തോന്നിപ്പോയി.
"ഇനിയെന്ത് പറയണം......?
എന്ത്‌ ചോദിക്കണം......? "
ശ്വാസം മുട്ടുന്നു......
ധൈര്യം സംഭരിക്കാനെന്നോണം ഒരു നിമിഷം കണ്ണുകളടച്ചു.
ഒന്നുകൂടെ ശ്വാസം വലിച്ചെടുത്തു.
"അടുത്ത ദിവസം മറ്റൊരാളുടേതാവാൻ പോവുന്ന പെണ്ണേ.....
വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം ചോദിച്ചോട്ടെ......"
"വേണ്ട ജിതൻ.....
എനിക്കറിയാം എന്താണ് ചോദിക്കാൻ പോവുന്നതെന്ന്....
വളരെ വളരെ വൈകിപ്പോയെന്ന് താൻ തന്നെ പറഞ്ഞല്ലോ.....
പിന്നെന്തിനാണിനി?? "
"വിവാഹശേഷം ഒരവിഹിതം സൂക്ഷിക്കുന്നതിനേക്കാൾ എന്ത്‌ കൊണ്ടും നല്ലതല്ലേ വിവാഹത്തിൽ നിന്ന് പിന്മാറുന്നത്?"
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി.
"ഇത്രയും നാൾ പരിപാലിക്കാതിരുന്ന ഒരു ബന്ധം ഞാനിനി സൂക്ഷിക്കുമെന്ന് താൻ കരുതുന്നുണ്ടോ ജിതൻ? "
ഇല്ല.... ഒരിക്കലും എനിക്ക് ഇവളെ മനസ്സിലാക്കാനാവില്ല. മുൻപ് അവൾ പറഞ്ഞത് പോലെ, ഞാൻ തോറ്റുപോവുകയാണ്....
ഇനിയെന്ത് പറയാൻ?
പതിയെ പിന്തിരിഞ്ഞു........
"ജിതൻ...... "
പിൻവിളി....
മൗനത്തിന്റെ വിരാമത്തിന് വേണ്ടി കാതോർത്തു.....
"ഞാനല്ലാതെ മറ്റൊരു കൗതുകം...
ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്ന് ഉറപ്പ് തരാമെങ്കിൽ.... എങ്കിൽ മാത്രം.."
പൊടുന്നനെ വലിച്ചടുപ്പിച്ച് ആ കണ്ണുകളിലേക്ക് നോക്കി.
"ഇനിയും നഷ്ടപ്പെടുത്തില്ല ഞാൻ..... "
ആ കണ്ണുകൾ നിറയുന്നത് ജീവിതത്തിലാദ്യമായി ഞാൻ കണ്ടു.....
"അവസാനമായിട്ടും..... "
എന്റെ മനസ്സ് കൂട്ടിച്ചേർത്തു......
(ആമി......)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo