Showing posts with label ShoukathMaitheen. Show all posts
Showing posts with label ShoukathMaitheen. Show all posts

ഒളിഞ്ഞു നോട്ടം,


 ''രാവിലെ മുറ്റം തൂത്തുവാരി കൊണ്ടിരുന്ന ഭാര്യ , പെട്ടന്ന് ചൂല് മുറ്റത്തിട്ട് റൂമിലേക്ക് ഓടി കയറി വന്നു,....!

''ഇളം വെയിൽ ദാനമായി നല്കിയ വിറ്റാമിൻ D അവളുടെ കവിളുകളിലും,
കഴുത്തിലും ചിതറി കിടപ്പുണ്ടായിരുന്നു,...

''മുറ്റമടിച്ചാൽ ഗുണം രണ്ടാ,..മുറ്റവും വ്യത്തിയാകും, വൈറ്റമിൻ D ഫ്രീയായി നിനക്ക് കിട്ടുകയും ചെയ്യും,..'' ഭർത്താവ് പറഞ്ഞു,...!

''എന്നാൽ നാളെ മുതൽ മുറ്റമടി നിങ്ങൾ ഏറ്റെടുത്തോ ...''

''എനിക്ക് മുറ്റമടി ശീലമില്ല... വെളളമടി വേണമെങ്കിൽ നോക്കാം,...' അല്ല നിന്റെ മുഖമെന്താ
വല്ലാണ്ടിരിക്കുന്നത് ...?

'' അപ്പുറത്ത് വാടകയ്ക്ക് താമസിക്കാൻ വന്ന വീട്ടിലെ ആ കിളവൻ ഒരു വായ്നോക്കിയാ,...ജനലിന്റെ കർട്ടൻ മാറ്റി ഇങ്ങോട്ടും നോക്കിയിരുപ്പാ അങ്ങേര്,.....!! മുറ്റമടിക്കാനും വയ്യ, മുൻ വശത്തേക്ക് ഇറങ്ങാനും വയ്യ, സദാസമയവും ജനലിന്റെ അടുത്ത് അയാളുണ്ട് ...''

''ങാഹാ ....അതുശരി ഇതങ്ങനെ വിടാൻ പറ്റില്ല .... ചോദിച്ചിട്ട് തന്നെ കാര്യം...''

ഭർത്താവ് മുണ്ട് മടക്കി കുത്തി, ഷർട്ടിന്റെ കൈ രണ്ടും ചുരുട്ടി കൂട്ടി മുകളിലേക്ക് വച്ചു, മീശ പിരിച്ചു,....!!

''വേണ്ട ചേട്ടാ..... അയാള് റിട്ടേഡ് പോലീസുകാരനാ,..''

''റീട്ടൈലായാലും ഹോൾസെയിലായാലും വിടില്ല അവനെ.....

''എന്റെ രക്തം തിളച്ച് മറിയുകയാ....!

',രക്തം തിളയ്ക്കാൻ നിങ്ങടെ മൂട്ടിലെന്താ സ്റ്റൗ കത്തിച്ചു വെച്ചേക്കുവാണോ,..?
''
അതല്ലെടി ...എന്റെ ഭാര്യയുടെ അംഗനവാടി ലാവണ്യം ....

''അംഗനവാടിയല്ല അംഗലാവണ്യം ...''

''അതെ അങ്ങനെയുളള ലാവണ്യം ഒളിഞ്ഞു നോക്കുന്നവൻ സാമൂഹ്യ ദ്രോഹിയാണ് .... അവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കണം ...!

''നിങ്ങളൊന്ന് അടങ്ങ് മനുഷ്യാ ..''

'' നീ ഇന്നുമുതൽ കുനിഞ്ഞു കൊണ്ട് മുറ്റമടിക്കണ്ട .....!

''കുനിയാതെ എങ്ങനെയാ മുറ്റമടിക്കുക,....ഒരു കാര്യം ചെയ്യ്,...

''എന്താ ...?

'' നാളെ മുതൽ ചേട്ടൻ മുറ്റമടിച്ചാൽ മതി,...ചേട്ടൻ ഒരാണല്ലേ .... ആണുങ്ങൾ ആരുടെ മുന്നിലും കുനിയൂലല്ലോ തന്റേടത്തോടെ തല ഉയർത്തി പിടിച്ച് ചേട്ടന് മുറ്റമടിക്കാം,.....എന്താ സമ്മതമല്ലേ...''

'അല്ല ....അങ്ങനെ അല്ല.....

''എന്താ വിക്കുന്നത് ...

''എടി ...അതല്ല ...നമ്മൾ എല്ലാ കാര്യവും നെഗറ്റീവായി ചിന്തിക്കരുത്
കൊറോണയൊഴികെയുളള കാര്യങ്ങൾ പോസിറ്റീവാകണം .....
അയാള് ഒളിഞ്ഞു നോക്കുന്നതിൽ നമുക്ക് ഗുണമുണ്ടെടി...!

''ഭാര്യയ്ക്ക് അത്ഭുതം....

''എന്തു ഗുണം ..?

''നിനക്കറിയോ അയാളുടെ ഒളിഞ്ഞു നോട്ടം കൊണ്ട് രൂപ പതിനായിരമാണ്
നമുക്കു ലാഭം ...!

''അതെങ്ങനെ ...?

''എടി എന്റെ കൂട്ടുകാരന്റെ വീട്ടിൽ സാമൂഹിക ദ്രോഹികളുടെ ശല്ല്യം കാരണം സീ സീ ടി വി ക്യാമറ വച്ചതിന് ചിലവ് പതിനായിരമായി .....

ദൈവം സഹായിച്ച് ഈ കിളവനുളളപ്പോൾ പ്രത്യേകിച്ച് നമുക്കു സീ സീ ടിവിയുടെ ആവശ്യമില്ല ....സദാസമയവും അയാളുടെ നോട്ടം ഇങ്ങോട്ടല്ലേ ....!!

''അച്ചോടാ മനമേ ശരിയാണല്ലോ ...!
ഞാനത്രയും ചിന്തിച്ചില്ല കേട്ടോ....
എന്നാൽ ഞാൻ പോയി മുറ്റമടിക്കട്ടെ ....

ഭാര്യ മുറ്റമടിക്കാൻ പോയി,

അന്നു വൈകുന്നേരം

ഷോപ്പിങ്ങിനു പോയി വന്ന ഭാര്യയെ കണ്ട് ഭർത്താവ്,

''നീ എവിടെ പോയതാടി,...

''ചേട്ടന് ലാഭം കിട്ടിയ ആ പതിനായിരം രൂപയ്ക്ക് ഞാൻ പോയി ഒരു ചെയിൻ വാങ്ങി ....

''എന്റെ കടവുളെ.... !! ഭർത്താവ് നെഞ്ചിൽ കൈവച്ചു കൊണ്ടിരുന്നപ്പോൾ ,മകൾ ഓടി വന്നു പറഞ്ഞു,

''അമ്മേ ...അപ്പുറത്തെ വീട്ടിലെ ആ അപ്പൂപ്പൻ ബാത്ത് റൂമിൽ തെന്നി വീണു ....അപ്പൂപ്പന് കണ്ണ് കാണത്തില്ലായിരുന്നത്രേ,...

എന്റെ ദൈവമേ രൂപ പതിനായിരം ..... ഭർത്താവ് ബോധം കെട്ട് വീണു,...

=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

വാട്സാപ്പിൽ വന്ന വനിത,


''രാത്രി പത്ത് മണി.....!!
പുറത്ത് ചെറിയ മഴയും തണുപ്പും, കാറ്റും വീശുന്നുണ്ട്,......
ഉറങ്ങിയേക്കാം എന്നു കരുതി തലയിണ എടുത്ത് തട്ടി മുട്ടി വച്ചു,
പുതപ്പെടുത്ത് കുടഞ്ഞു,
ഈ സമയം, വാട്സാപ്പിൽ ഒരു ''ഹായ്''' വന്നു,പുതപ്പ് കട്ടിലിൽ ഇട്ടു,
മൊബേലെടുത്തു,നോക്കി,പരിചയമില്ലാത്ത നമ്പർ,പ്രൊഫൈൽ പിക്ചർ രണ്ട് മാൻ മിഴികൾ ഇതാരാണാവോ ?
സംശയം മൂലം , ഞാൻ മറുപടിയായി
''ഹായ് ''വിട്ടു ..
മനസിലായോ ? ചോദ്യം,
ഇല്ല, എന്റെ മറുപടി,
ഉം,
എന്തെടുക്കുവാ.....? ചോദ്യം,
കിടക്കാൻ തുടങ്ങുവാ,......
ഇപ്പോഴും കിടക്കണോ,..? ചിരിയുടെ ഇമോജിയും,
കിടന്നുറങ്ങാറാ ശീലം,...
ഇപ്പോഴും ഉറങ്ങണോ, ? ചിരി ഇമോജി,
ആരാ മനസിലായില്ല,
മനസിലാക്കാൻ മാത്രം മനസിലുണ്ടാകാൻ സാധ്യതയില്ല,...
മറുപടി ,
എനിക്ക് ദേഷ്യം വന്നു, ഞാൻ ബാക്ക് അടിച്ചു,
അപ്പോൾ വീണ്ടും,
''പോയോ,'' എന്നൊരു ചോദ്യം,
എന്താ പ്രശ്നം, നിങ്ങൾ ആരാണ്,?
ഞാൻ വോയ്സ് മെസേജയച്ചു ,
ഞാൻ വനിതയാണ്,...
''ങേ ....സ്ത്രീ ശബ്ദം, ...
ഞാൻ കട്ടിലിലേക്ക് മെല്ലെ
ചെരിഞ്ഞു,...പുതപ്പെടുത്ത് നെഞ്ചു വരെ മൂടി, ....ശരീരമാസകലം ഒരു കുളിര്,...
പുറത്ത് ....
ചാറ്റൽ മഴയോടൊപ്പം ഒരു ഇടി വെട്ടി ഒപ്പം, മിന്നലും,
അകത്ത്,
ചാറ്റിനോടൊപ്പം വലിയ ലഡു പൊട്ടി നെഞ്ചിനുളളിൽ മിന്നലും,
വനിതയുടെ പേരെന്താണ് ,.....ഞാൻ ചോദിച്ചു,....
എന്റെ പേരാണ് ''വനിത,....''
അതുശരി, ഓകെ എവിടാണ് താമസം, ?
നിങ്ങളുടെ വീടിനടുത്താണ് ,
ആണോ ..? ഓർക്കുന്നില്ല, ഒരു പക്ഷേ വീട്ടുപേര് പറഞ്ഞാൽ ....
''കുന്നിൻ ചെരുവിൽ, എന്നാ വീട്ടുപേര്,
''കുന്നിൻ ചെരുവിലോ '? ഞാൻ സംശയത്തിന്റെ ഇമോജി അയച്ചു,...
കുന്നിൻ ചെരുവിൽ പണ്ട് ഒരപ്പൂപ്പനും, അമ്മൂമയും താമസിച്ചിരുന്നു,...''
''അത് ബാലരമയിലെ കഥ,...ഇത് അതല്ല സേട്ടാ,....
''ഞാൻ ചിരിയുടെ ഇമോജി അയച്ചിട്ട് ചോദിച്ചു,...
''ഭർത്താവിന്റെ പേരെന്താണ് ..?
ഡിവോഴ്സാണ്,... ''
''അടിസക്കെ..... ഡിവോഴ്സാണ്....തോണി
മെല്ലെ അടുപ്പിക്കാം എന്ന ചിന്തയോടെ ഞാൻ കീഴ്ച്ചുണ്ട് കടിച്ച് ആശ്ചര്യ ചിഹ്നം അയച്ചു,...
എനിക്ക് നിങ്ങളെ അറിയാം,..ഞാൻ .കണ്ടിട്ടുണ്ട് ,..!!
''എനിക്കങ്ങട് മനസിലായില്ല ..ഒരു ഫോട്ടോ അയച്ചാൽ....
''ഫോട്ടോയൊക്കൊ തരാം,... പിന്നേയ് ഒരു കാര്യം പറയാനുണ്ട്,....
''എന്താ .... (എനിക്ക് ആകാംക്ഷ യായി,... എന്റെ ഉറക്കം സ്വാഹാ,...)
'പറയു എന്താ പറയാനുളളത്,.... ഞാൻ വിളിക്കട്ടെ ,...!
''ഇപ്പം വേണ്ട ..!
''ഈ നമ്പർ എങ്ങനെ കിട്ടി ..?
''അതൊക്കൊ കിട്ടി,....( ചിരി ഇമോജി )
എന്നാ ഉറങ്ങിക്കോ നാളെ കാണാം,...
''ഹേയ് ഉറക്കമൊന്നുമില്ല.... ,പോകല്ലേ നമുക്ക് സംസാരിക്കാം ,...
''ബുന്ധിമുട്ടാകില്ലേ,...
''ഇല്ലന്നേ .... എന്താ പറയാനുളളത്,?
'സത്യത്തിൽ പറയാനല്ല ....
''പിന്നെ, ?
''ചെയ്യാനാ !
ങേ .... നെഞ്ചിലൊരു മിന്നൽ,...
''ചെയ്യണം,...
''എന്ത് ?
''ഓ എന്താത് ഒന്നും അറിയാത്തതു പോലെ,...!
''എനിക്ക് എന്തോ പോലെയായി,....ഞാൻ മറുപടി കൊടുത്തില്ല,...... പുതപ്പിനടിയിൽ കിടന്ന് ഞാൻ വിയർത്തു,....
രണ്ട് സെക്കൻഡ് കഴിഞ്ഞു,...
പെട്ടന്ന് ഒരു ഫോട്ടോ വന്നു,
ഞെട്ടിപ്പോയി.....
നമ്മുടെ വാർഡിലെ സ്ഥാനാർത്ഥി വനിത
നമ്മുടെ ചിഹ്നം ഉലക്ക, ....
''ചെയ്യണം കേട്ടോ മറക്കരുത് ,
സാമൂഹിക അകലം കണക്കിലെടുത്ത്
ഓൺലൈൻ വഴിയാണ് വോട്ടു പിടുത്തം ,...!!
ചെയ്യാൻ മറക്കരുത് കേട്ടോ,
ചിഹ്നം ഉലക്കയാണ്,....
ദൈവമേ ,
''ഒരു ഉലക്ക കിട്ടിയിരുന്നെങ്കിൽ .....
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

മൂക്കില്ലാത്തേടത്ത് മാസ്ക്ക് വയ്ക്കരുത്, !!

  


കൊറോണ വത്ക്കരിക്കപ്പെട്ട ഭൂമിയിലേക്ക് മാസ്ക്ക് വയ്ക്കാതെ സൂര്യൻ എത്തി നോക്കിയപ്പോൾ ഉമ്മറത്തിരുന്ന് ഭഗീരഥൻ പിളള പത്രം വായിക്കുകയായിരുന്നു,....

'' ഒരു കൊറോണ സുപ്രഭാതം കൂടി ആഗതമായിരിക്കുന്നു,...
കൊറോണ കവർന്നെടുക്കുന്ന ജീവനുകളുടെ എണ്ണവും, സ്വർണ്ണ വിലയും കുതിച്ചുയരുകയാണല്ലോ ഭഗവാനെ എന്ന് മനസിലോർത്ത് പത്രത്തിൽ നിന്ന് കണ്ണെടുത്തപ്പോൾ ഭാര്യ കനകവല്ലി സാനിട്ടെറേസുമായി എത്തി,....!
''ഇതെന്തു വാടി ...?
'ഇതു സാനി ...!
''സാനിയോ,..? ഏത് സാനി ,ഓൺലൈനിൽ പാചകം ചെയ്യുന്ന സാനിയാണോ,..?
''ങാ എന്റെ മനുഷ്യാ കുറെ സാധനങ്ങളുടെ പേര് പറയാൻ വല്ലാത്ത പാടാ...!
''ഏത് സാധനങ്ങളുടെ ..?
''യൂട്യൂബ് ൽ ഒരു കുന്ത്രാണ്ടമുണ്ടല്ലോ ...എന്തോന്നാ അത് ....ആളുകൾ പറയില്ലേ എന്റെ ചാനൽ'' സബ്ബ് ബാർബർ ' ചെയ്യണമെന്ന്,...
''സബ്ബ് ബാർബറല്ലെടി... സബ്സ്ക്രൈബ് '' എന്നാ,....!!
'ഈ വാക്കുകളൊക്കൊ ആര് കണ്ടു പിടിച്ചു ഭഗവാനെ ..... നാക്കിനു വഴങ്ങാത്ത ഈ വാക്കുകൾ കണ്ടു പിടിച്ച നേരം കൊണ്ട് കൊറേണയുടെ മരുന്നു കണ്ട് പിടിച്ചാർന്നെങ്കിൽ ..അതെങ്ങനെയാ മനുഷ്യേന്മാർക്ക് ഉപകാരമുളള പണി ആരും ചെയ്യൂലല്ലോ ...?
''ഭാര്യയുടെ ഡയലോഗ് ഭഗീരഥൻ പിളളയ്ക്ക് അത്ര പിടിച്ചില്ല,...!
''എന്നാപ്പിന്നെ നിനക്കങ്ങ് ഉണ്ടാക്കത്തില്ലേ ...?
''എന്തോന്ന്,...
''കൊറോണയുടെ മരുന്ന് ...!
''എന്റെ മനുഷ്യാ കൊറോണയെ നശിപ്പിക്കാൻ ഒരെളുപ്പ വഴിയുണ്ട്,...!
''അതെന്താടി ...!
''അത് ടിപ്സാ ... കൊറോണയെ കൊല്ലാനുളള ടിപ്സ്,...
''ടിപ്സോ ...? അത് ചായക്ക് കടിച്ച് കൂട്ടണ സാധനമല്ലേ ...
''എന്റെ മനുഷ്യാ അത് ചിപ്സ്,....ഇത് ടിപ്സ്,...
' ങാ എന്തേലുമാകട്ടെ നീ ചിപ്സെടുക്ക് ,അത് തിന്നോണ്ട് നമുക്ക് ടിപ്സിനെ കുറിച്ച് സംസാരിക്കാം ,...!
'നിങ്ങളിത് കേൾക്ക് മനുഷ്യാ, ....
''നീ പറയെടി മുത്തേ,...
കടലിൽ നിന്ന് നീരാവി മേലോട്ടുയർന്ന് മേഘങ്ങളുമായി ഡിങ്കോഡിൾഫി ചെയ്യുമ്പോഴാണല്ലോ മഴ പെയ്യുന്നത്,...
അങ്ങനെയെങ്കിൽ കടലിൽ സാനി.... സാനി..
''സാനിട്ടറൈസ് ...!
''അതെ അത് തന്നെ...... അതങ്ങ് ചേർത്താൽ പോരെ.....ഒരു സാനി ഇട്ട അരി മഴ പെയ്താൽ കൊറോണ എല്ലാം മയ്യത്താവൂലേ...!
സാനി ഇട്ട അരി യോ ..?
''സാനിട്ടറൈസ് എന്ന വാക്കിന്റെ മലയാള ഉച്ചാരണമാണ് മനുഷ്യാ അത്...
''സാനി + ഇട്ട + റൈസ് (അരി )
'എന്റെ മലരേ നിന്റെ മുന്നിൽ കൊറോണ ഒക്കൊ എത്രയോ സിംപിൾ,.....!
കനകവല്ലി യുടെ മുഖം ചുവന്നു,....
''എടി പ്രപഞ്ചത്തിൽ കൊറോണ ഇല്ല, അതെല്ലാം മനുഷ്യ ശരീരത്തിൽ എത്തിക്കഴിഞ്ഞു,...മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രേഗമായി മാറി കഴിഞ്ഞു കൊറോണ,...അതിനാണ് സാമൂഹിക അകലം നോക്കി ജീവിക്കണം എന്ന് പറയുന്നത്,...!!
ഭഗീരഥൻ ചേട്ടാ,...
''മുറ്റത്തു നിന്ന് ഒരു വിളി കേട്ട് അവർ അങ്ങോട്ടു നോക്കി,
''അയലത്തെ വീട്ടിലെ കണ്ണനാണ്,..!
''എന്താ കണ്ണാ,..... കനകവല്ലി ചോദിച്ചു,..
''മാസ്ക്കുണ്ടെങ്കിൽ രണ്ടെണ്ണം തരാൻ അമ്മ പറഞ്ഞു,...'
''ഭഗവാനെ ...പണ്ട് തേയിലയും, പഞ്ചാരയും, മുളകും അരിയുമെല്ലാമായിരുന്നു അയൽവാസികൾ വായ്പ്പ ചോദിച്ചിരുന്നത്, ...ഇപ്പം മാസ്ക്കായി,..!
''എടി മാസ്ക്ക് ഇരിപ്പുണ്ടോ,...!
''കനകവല്ലി ക്ക് ദേഷ്യം വന്നു,...ദേഷ്യത്തിൽ പിറുപിറുത്തു ,...
'ഓരെണ്ണം ഇരിപ്പുണ്ട് ..അതിരിക്കുന്നത് നിങ്ങടെ അപ്പന്റെ മുഖത്താ,...അത് കൊടുക്കട്ടെ .... വായ്പ ചോദിക്കാൻ കണ്ട സാധനം,...
''കനകവല്ലി അകത്തേക്ക് പോയി , രണ്ട് മാസ്ക്കുമായി തിരികെ വന്നു,
കണ്ണന് കൊടുത്തു,... നാളെ തിരിച്ചു തരണം കേട്ടോ,...
''ഉപയോഗിച്ചിട്ട് തിരിച്ച് തരണോ,..?
''അയ്യടാ...ഉപയോഗിച്ചതല്ല.... പുതിയത് വേണം,....
''കണ്ണൻ മാസ്ക്കും വാങ്ങി ഓടി,...
''ഭഗീരഥൻ പിളളയുടെ നേരെ തിരിഞ്ഞ് കനകവല്ലി പറഞ്ഞു,
''ദേ ഒരു കാര്യം പറഞ്ഞേക്കാം ...ഇനി മുതൽ തുണിയുടെ മാസ്ക്ക് മതി,...അതാവുമ്പം ആർക്കും വായ്പ കൊടുക്കണ്ട,...
''ചേട്ടാ,....
വീണ്ടും മുറ്റത്ത് കണ്ണൻ ... കൈയ്യിൽ ഒരു കുപ്പിയുമുണ്ട്,...!
''എന്താ കണ്ണാ,... ഭഗീരഥൻ പിളള ചോദിച്ചു,...
''കുപ്പി നീട്ടിക്കൊണ്ട്........'' കുറച്ച് സാനിട്ടറൈസ് വായ്പ തരാൻ അമ്മ പറഞ്ഞു,...!''
കനകവല്ലി യും, ഭഗീരഥൻ പിളളയും മുഖത്തോടു മുഖം നോക്കി,...
''നാളെ തിരിച്ചു തരാമെന്ന് പറയാൻ പറഞ്ഞു അമ്മ,...''
''കനകവല്ലി അകത്തേക്ക് പോയി ഒരു സാനിട്ടറൈസ് എടുത്തു കൊടുത്തു,...
എന്നിട്ടു പറഞ്ഞു,
''ഇതാ ..നാളെ ഇത് രണ്ടും തിരിച്ചു തരണം കേട്ടോ,...!
''ഉം... കണ്ണൻ തലയാട്ടി , എന്നിട്ടു എന്തോ ആലോചിച്ച് അവിടെ തന്നെ നിന്നു,...
''ആ നി ല്പ്പു കണ്ട് ഭഗീരഥൻ പിളള ചോദിച്ചു ...
''എന്തുവാടാ ആലോചിക്കുന്നത്,...
''അതെ ചേച്ചി,....ആദ്യം മാസ്ക്ക് ,പിന്നെ സാനിട്ടറൈസ് ..ഇനി വീട്ടിൽ ചെല്ലുമ്പോൾ അമ്മ പറയും,
''കുറച്ച് സാമൂഹിക അകലം '' കൂടി വായ്പ്പ വാങ്ങി വാടാ എന്ന്,...
.എനിക്കിനി വരാൻ വയ്യ,...ചേച്ചി ഒരു കാര്യം ചെയ്യ്, കുറച്ച് സാമൂഹിക അകലം കൂടി വായ്പ്പ താ,.....നാളെ ഇതെല്ലാം കൂടി തിരിച്ചു തരാം,...!!''
''ഭഗീരഥൻ പിളളയും, കനകവല്ലി യും മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി
, കനകവല്ലി യുടെ തോളിൽ തല വച്ച് ഭഗീരഥൻ പിളള ചിരിച്ചു, സാമൂഹിക അകലമില്ലാതെ .....!
===
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

മഠത്തിൽ പോയ കാമുകി, (മിനിക്കഥ )


'' കോതമംഗലത്തിനുളള ബസ് കാത്ത് ,അടിമാലി സ്റ്റാൻഡിൽ നില്ക്കുമ്പോഴാണ് അവളെ ഞാൻ കണ്ടത്,....

''മഞ്ഞ ചുരിദാറണിഞ്ഞ അവളെ ഒറ്റ നോട്ടത്തിൽ എനിക്കു മനസിലായി,...

''അവൾ എന്നേയും കണ്ടു,...

''ഞങ്ങളുടെ മിഴികളിൽ പഴയ സ്കൂൾ മുറ്റം ഓടി വന്നു,...

''അന്ന് സ്കൂൾ മുറ്റത്തും വരാന്തയിലും വച്ച് ഞങ്ങൾ പരസ്പപരം ഇങ്ങനെ നോക്കുമായിരുന്നു,....!!

''അവളുടെ കൈ പിടിച്ച് രണ്ട് കുട്ടികളും, ഒക്കത്ത് മറ്റൊരു പൊടി പൈതലുമുണ്ടായിരുന്നു,...

''ഞങ്ങൾ പരസ്പരം ചിരിച്ചു,...

''കുട്ടികളെ മാറി മാറി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു,...

''ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ നീ മഠത്തിൽ പോകുമെന്നല്ലേ സ്കൂളിൽ വച്ച് എന്നോട് പറഞ്ഞത് ...എന്നിട്ടിപ്പോ,...?

''നേരാ ...ഞാൻ മഠത്തിൽ തന്നെയാണ് ഇപ്പോഴും,...!

''ങേ....!!

അമ്പരപ്പോടെ ഞാനവളെ നോക്കി,....!

' ഞെട്ടണ്ട..... എന്നെ കെട്ടിച്ചിരിക്കുന്നതേ മഠത്തിലാ,..... ''മഠത്തി''പ്പറമ്പിൽ ചാക്കോച്ചന്റെ മകൻ
മത്തായിയാ കെട്ട്യോൻ,....
ഞാൻ വാക്ക് പാലിച്ചു,....ചതിച്ചത് നിങ്ങളാ,...!

''തലയും വെട്ടിച്ച് കുട്ടികളേയും പിടിച്ചു കൊണ്ട് അവൾ തൊട്ടടുത്ത ബേക്കറിയിലേക്ക് കയറി,....

''എന്റെ കർത്താവേ ,....!!

''കോതമംഗലത്തിനുളള ബസിൽ കയറി ഞാൻ കുനിഞ്ഞിരുന്നു,....!!
=====
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

മധുരപ്പതിനെട്ട് മരിച്ചു,


പെൺക്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയത്രേ....

നല്ല കാര്യം... സ്ത്രീകൾക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നുളള പരാതി 2021 ൽ ഉണ്ടാകില്ലല്ലോ .....

അതെന്താ,....!

'എടോ '2021' ലെ ''21 ''നെ എടുത്ത് പെണ്ണിനു സംഭാവന നല്കിയില്ലേ....!അത് പോരെ....

'' അപ്പോൾ ആണിന് ഒന്നുമില്ലേ ...?

'ഉണ്ടല്ലോ..... ക്ഷമ കൈ കൊളളാനും, ആക്രാന്തം സഹിക്കാനുമുളള ഒരു കയ്പ്പൻ കാലം ......

പക്ഷേ ഒരു പ്രശ്നമുണ്ട് സർ...?

''എന്ത് പ്രശ്നം,...?

''18 നും, 21നും ഇടയിൽ രണ്ട് മക്കളുടെ ജനനം തടയുക വഴി ഏതെല്ലാം മേഖലയിൽ എന്തെല്ലാം നഷ്ടങ്ങളാണ് രാജ്യത്തുണ്ടാകുക എന്നതും മനസിലാക്കണം,.....

''അതെന്തുവാ ...!

പുര നിറഞ്ഞു നില്ക്കുന്ന മധുര പതിനെട്ടുകാരികളുടെ എണ്ണം വർദ്ധിക്കും,....

അതിന് ഇനി മുതൽ മധുര പതിനെട്ട് ഇല്ലല്ലോ .... മധുരമില്ലാത്ത ഇരുപത്തൊന്നല്ലേയുളളു,.....

അതു നേരാ,..... പക്ഷേ ,

,'പ്രസവം കുറയുന്നതോടെ പ്രസവ വാർഡിൽ ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും,

കല്ല്യാണ ബ്രോക്കറന്മാരുടെ തൊഴിലിനെ ബാധിക്കും,

പ്രസവ കുളിപ്പീരിനു പോകുന്ന സ്ത്രീകളുടെ വരുമാനത്തിന് ഏറ്റക്കുറച്ചിലുകൾ വരും ...

ഒളിച്ചോട്ടങ്ങളുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് കാമുകി കാമുകന്മാരുടെ പ്രഷറ് വർദ്ധിച്ച്
പ്രഷർ പേഷ്യന്റുകളുടെ നാടാകും രാജ്യം,....

പ്രസവത്തിനു ശേഷം പെൺ വീട്ടുകാർ സംഭാവനയായി ചെറുക്കൻ വീട്ടുകാർക്ക് കൊടുക്കുന്ന ''അലമാര'' കളുടെ നിർമ്മാണം കുറയും, കാർപ്പെന്റെർ തൊഴിലാളികൾ ധർമ്മ സങ്കടത്തിലാകും,.....

ടീനേജുകാർക്കിടയിൽ മണിക്കൂറിൽ ആയിരം ''തേപ്പുകൾ '' നടക്കുന്ന രാജ്യമാകും ഇന്ത്യ,....

കാത്തിരുന്ന് കാത്തിരുന്ന് കാല് കഴയ്ക്കുന്ന
കാലിന് വേദന വരുന്ന കാമുകന്മാരുടേയും
രാജ്യമാകും ഇന്ത്യ,...
,

18 നും 21 നും ഇടയിൽ പല പ്രശ്നങ്ങളും രാജ്യം നേരിടേണ്ടി വരും,...

''ഹേയ് അതൊന്നും ഉണ്ടാകില്ല,...

''ആരു പറഞ്ഞു .....കുടുംമ്പവും, കുഞ്ഞൂട്ടി പരാധീനതകളും ഇല്ലാത്ത പ്രധാനമന്ത്രി ക്ക് ഒരു മധുര പതിനെട്ടു കാരിയെ സ്വന്തമാക്കാൻ ദാഹിക്കുന്ന ഒരു ശരാശരി ഭാരതിയന്റെ മനസ് കാണാൻ കഴിയൂല സർ ....കഴിയൂല,...!

തനിക്കിപ്പോൾ എന്താ വേണ്ടത് ?

'പ്രായം തിരുത്തണം ...!

അത്രയേയുളളു ....താൻ വിഷമിക്കണ്ട ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഈ നിയമം ഞങ്ങൾ തിരുത്തും,....

''എങ്ങനെ .,?

''വിവാഹത്തിന് ആണിന്റെ പ്രായം 18 മും പെണ്ണിന്റെ 21 ആക്കും,.... പോരെ പ്രശ്നം തീരില്ലേ ....!

???????.....!!

=========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

മംഗളാനന്ദനും മക്കളും, (കഥ)


''വീടി ന്റെ പിന്നാമ്പുറത്തേ അലക്ക് കല്ലിൽ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു പഞ്ചമി, അപ്പോഴാണ് മിമിക്രിക്കാരനായ മകൻ അവിടേക്ക് കടന്ന് വന്ന്,
നടൻ സത്യന്റെ ഭാവത്തിൽ കൈകൾ നെഞ്ചോട് കെട്ടി കുലുങ്ങി കുലുങ്ങി ആ ശബ്ദത്തിൽ മകൻ വിളിച്ചു,

''മ്മേ, മ്മേ,!!

''ബക്കറ്റിലെ വെളളത്തിൽ പിഴിഞ്ഞു കൊണ്ടിരുന്ന തുണിയെടുത്ത് കുടഞ്ഞ് അഴയിൽ വിരിക്കുന്നതിനിടയിൽ മകനോട് പഞ്ചമി പറഞ്ഞു,

''ദേ, ചെറുക്കാ ഞാൻ പലവട്ടം നിന്നോട് പറഞ്ഞിട്ടുളളതാ, ആട് കരയുന്നതു പോലെ എന്നെ ''മ്മേ മ്മേ,'എന്ന് വിളിക്കരുതെന്ന്,''!!

അമ്മേ, ഞാനൊരു മിമിക്രിക്കാരനായതിൽ അമ്മയ്ക്ക് വിഷമമൊന്നുമില്ലല്ലോ, ?അനുകരണ കല ഒരു മോശം കലയാണോ അമ്മേ, ഇന്നത്തെ മിമിക്രിക്കാരന്റെ ഭാവി നാളത്തെ സിനിമയിൽ ഭദ്രമാണ്, !!

ഉവ്വ്, ഉവ്വ്, കേരളത്തിൽ ബംഗാളിയേക്കാളും കൂടുതൽ മിമിക്രി ക്കാരാ, എടാ, നീ വല്ല ജോലിക്കും ശ്രമിച്ച്, ജീവിക്കാൻ നോക്ക് ,സ്ഥിരമായ ജോലിയുണ്ടായാലേ ഒരു പെണ്ണ് പോലും കെട്ടാനൊക്കു , !അല്ലാതെ സിനിമയിലൊന്നും ഭാവിയില്ല മോനെ,

അമ്മ അങ്ങനെ പറയരുത് , ഇന്നത്തെ നടന്മാരെല്ലാം പണ്ട് മിമിക്രി കളിച്ച് നടന്നവരാ,
എന്തിനേറെ പറയുന്നു, നമ്മുടെ ജന പ്രിയ നായകൻ ദിലീപേട്ടൻ വരെ മിമിക്രിക്കാരനായിരുന്നു, അയാള് രണ്ട് കെട്ടിയില്ലേ, ?

അതുകൊണ്ട്ന്താ ഗുണം ആള് ജയിലിലുമായി, !!!

ദിലീപ് വിഷയത്തെ പറ്റി,
ലാലു അലക്സിന്റെ ശബ്ദത്തിൽ മകൻ പറയാൻ തുടങ്ങി, '' പേഴ്സണലായിട്ട് പറഞ്ഞാൽ, ====!!

അമ്മ ഇടയ്ക്ക് കയറി പറഞ്ഞു,
''പേഴ്സണലായിട്ട് പറഞ്ഞാൽ എന്റെ മകന്റെ പേഴ്സ് കാലിയാണ്, ഒന്ന് പോടാ ചെക്കാ, !

പഞ്ചമി മകനെ തളളിമാറ്റി തുണി വിരിക്കാൻ അഴയുടെ കീഴേക്ക് പോയി,

അമ്മയ്ക്ക് ഒരു കലാബോധമില്ലല്ലോ, അച്ഛനാണെങ്കിൽ കുറച്ചൊക്കൊ എഴുതും,
ചേച്ചിയാണേൽ ലോക്കൽ ചാനലിലൂടെ വളർന്ന് വരുന്ന അവതാരക, ഈ അമ്മയ്ക്ക് മാത്രം ഒരു കഴിവുമില്ല, !

തുണി വിരിച്ച് എളിക്ക് കൈയ്യം കൊടുത്ത് നിന്ന് പഞ്ചമി പറഞ്ഞു, 'എടാ, രാവിലെ മുതൽ നിനക്കൊക്കൊ വച്ച് വിളമ്പി, തുണി അലക്കി ഈ വീട് സംരക്ഷിക്കുന്ന എന്നിലെ ഈ കഴിവ് നീയൊന്നും കാണൂല, !!

ദേ ചേച്ചി വന്നല്ലോ ! ഇനി തൊടങ്ങും അവതാരക സ്റ്റൈൽ വർത്തമാനം,!

മാന്യ പ്രേക്ഷകർക്ക് ''തമ്മിൽ കടി' പരിപാടിയിലേക്ക് സ്വാഗതം, ഈ പരിപാടി നിങ്ങൾക്കായ് അവതരിപ്പിക്കുന്നത്, കണ്ടംനികത്തി പണി തീരാത്ത വീട്ടിലെ പഞ്ചമിയും ഭർത്താവ് മംഗളാനന്ദനും,!!

ദേ, ഗൗരി നീ കുറച്ച് ഓവറാകുന്നുണ്ടേ ,

പഞ്ചമിയുടെ കലിപൂണ്ട മുഖം കണ്ട് ഗൗരി അകത്തേക്കോടി, ഓടുന്നതിനിടയിൽ അവൾ അമ്മയെ കളിയാക്കി,
''ഒരു കലാബോധവും,കഴിവുമില്ലാത്ത ഒരമ്മ,
!!
രാത്രി, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനോട് മകനാണ് പറഞ്ഞത് ,
''അച്ഛന്റെ പേര് ഏതോ മാസികയിൽ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞല്ലോ, ??

അച്ഛന് ചോറ് തൊണ്ടയിൽ കുടുങ്ങി, ആകാംക്ഷ യോടെ ചോദിച്ചു, ഏത് മാസികയിലാടാ ,

നിനക്കത് വാങ്ങാൻ മായിരുന്നില്ലേ, ഗൗരിയാണ് ചോദിച്ചത്,

അതപ്പുറത്തെ അമ്മുവിന്റെ വീട്ടിൽ വരുത്തുന്നതാ, മകൻ പറഞ്ഞു,

''ഏത് ബാലരമയോ, ??

''ങാ അച്ഛാ, തന്നെ തന്നെ ബാലരമയിലാ, ഞാൻ കണ്ടത്,

കുട്ടിക്കഥ അയച്ചിരുന്ന്ു അത് പ്രസിദ്ധീകരിച്ചതാകാം, അഭിമാനത്തോടെ അച്ഛ ൻ പറഞ്ഞു,

ഹേയ് കഥയൊന്നുമല്ല,

പിന്നെ,?

കാട്ടിലകപ്പെട്ട മോട്ടുമുയലിന് അച്ഛൻ വഴികാണിച്ച് കൊടുത്തായിരുന്നോ , അതിലൊരു വിജയി അച്ഛനാ, !!

ഹഹഹഹ പഞ്ചമി യും ഗൗരിയും കുലുങ്ങി ചിരിച്ചു,

ചിരിക്കിടയിൽ പഞ്ചമി ഭർത്താവിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു,

''ദൈവമേ, ഇവിടെ ജീവിക്കാൻ വഴിയില്ലാതെ നട്ടം തിരിയുകയാ അന്നേരമാണ് അങ്ങേര് മോട്ടു മുയലിന് വഴി കാണിച്ചു കൊടുത്ത് സമയം കളയുന്നത്,

''മംഗളാന്ദന് ദേഷ്യം വന്നു,
അയാൾ ഭാര്യയേുടെ നേരെ തിരിഞ്ഞു,

''എടി, കളിയാക്കാൻ നിനക്കെന്തു യോഗ്യത കലാപരമായി നിനക്കെന്തെങ്കിലും കഴിവുണ്ടോ ?ജസ്റ്റ് ഒരു മൂളിപ്പാട്ടെങ്കിലും,!

പഞ്ചമി വല്ലാതായി,
ഭക്ഷണം കഴിച്ച പാത്രങ്ങളുമായി അവളെഴുന്നേറ്റു പോയി,,

ഈ പരിഹാസത്തിനെല്ലാം ചുട്ട മറുപടി കൊടുക്കണമെന്നും തന്റെ വില അപ്പനും മക്കളും മനസിലാക്കണമെന്നും അവൾക്ക് വാശിയായി,

പിറ്റേന്ന് ഉച്ഛയായപ്പോഴാണ് നാട്ടുകാരെല്ലാം ആ വാർത്ത അറിഞ്ഞത്,

ജോലി സ്ഥലത്ത് നിന്ന് മംഗളാനന്ദനും, ,
ടൗണിൽ നിന്നു മകനും, ലോക്കൽ ടിവി ചാനലിന്റെ ആപ്പിസിൽ നിന്നു മകൾ ഗൗരിയും വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ ഉമ്മറത്ത് അയൽക്കാരി അമ്മുവും മറ്റ് രണ്ടു മൂന്ന് അയൽ വാസികളും,നില്ക്കുന്നു,

അമ്മുവാണ് സംസാരിച്ചത്,

''രാവിലെ നിങ്ങളെല്ലാവരും ഇവിിടുന്ന് ഇറങ്ങിയപ്പോൾ പുറകിലത്തെ അലക്കു കല്ലിന്റെ മുകളിലിരുന്നു പഞ്ചമി ചേച്ചി പാടുന്നു, അതും നല്ലൊരു ശോകഗാനം, ചേച്ചി അറിയാതെ ഞാൻ അത് വീഡിയോ പിടിച്ചു ഫേസ്ബുക്കിലിട്ടു, എന്റെ പൊന്നണ്ണാ നിമിഷ നേരം കൊണ്ടല്ലേ വൈറലായത്,
ചലച്ചിത്രരംഗത്തെ പലരും ഈ ശബ്ദത്തിനുടമയെ അന്വേഷിച്ചു കൊണ്ടിരിക്കുവാ,!!!

മംഗളാനന്ദനും മക്കളും സന്തോഷത്തോടെ അടുക്കളയിലേക്ക് ചെന്നു,
പഞ്ചമി മീൻ വെട്ടുകയായിരുന്നു,
മംഗളാനന്ദൻ ഭാര്യയെ കെട്ടിപ്പിടിച്ചു,

''എടി, ഭയങ്കരി, ഒരു മൂളിപ്പാട്ട് പോലും പാടാത്ത താൻ,====''

''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, ശ്രീനിവാസന്റെ ഡയലോഗ് ഗൗരി പറഞ്ഞപ്പോൾ ,

''പേഴ്സണലായിട്ട് അച്ഛനോട് എനിക്കൊരു കാര്യം പറയാനുണ്ട്, ഇനി അച്ഛൻ വഴികാണിച്ച് കൊടുക്കേണ്ടത് മോട്ടു മുയലിനല്ല, ഈ അമ്മയ്ക്കാ, അമ്മയ്ക്ക്,

ലാലു അലക്സിന്റെ ശബ്ദത്തിലുളള മകന്റെ ഡയലോഗ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു,
====================
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
12/09/2017

Best of Nallezhuth - Suggested by July Vogt

ആ വിമാനത്തിൽ


''വിമാനം അപകടത്തിൽ പെട്ട വാർത്ത ടെലിവിഷനിൽ കണ്ടപ്പോൾ കുഞ്ഞോള് ഞെട്ടിപ്പോയി,.....!!
അവൾ ഉടനെ തന്നെ റിമോട്ട് എടുത്ത് ടെലിവിഷന്റെ ശബ്ദം കുറച്ചു......
''അകത്തെ മുറിയിൽ തളർന്നു കിടക്കുന്ന തന്റെ ബാപ്പ ആ ന്യൂസ് കേൾക്കാതിരിക്കാൻ വേണ്ടിയാണ് അവൾ ടി വി യുടെ ശബ്ദം കുറച്ചത്,....
M80 യിൽ മീൻ വില്ക്കുന്ന ജോലിയായിരുന്നു അബുവിന്,
ഒരു ദിവസം റോഡ് സൈഡിൽ മീൻ കച്ചവടം ചെയ്തു കൊണ്ട് നില്ക്കുമ്പോൾ , നിയന്ത്രണം തെറ്റിയ ബസ് ......
അന്ന് കിടപ്പിലായതാണ് അബു,...
ഇതോടെ അബുവിന്റെ ഭാര്യ റംലത്ത് ആകെ തകർന്നു,...!!
കുഞ്ഞോൾ പത്താം ക്ളാസിൽ
പരീക്ഷ എഴുതി നില്ക്കുന്ന സമയത്തായിരുന്നു ബാപ്പാക്ക് അപകടം സംഭവിച്ചത്,....
അബു കിടപ്പിലായതോടെ കുടുംമ്പം കഷ്ടത്തിലായി.... കുഞ്ഞോളുടെ സഹോദരൻ ജമാൽ പ്ളസ് ടൂ കഴിഞ്ഞ് തുടർന്നു പഠിക്കാതെ ടൗണിലെ തുണിക്കടയിൽ ജോലിക്കു കയറി....!!
ഒരു പെരുന്നാളിന് തുണിക്കടയിൽ ഷോപ്പിങ്ങിനു വന്ന ഒരാൾ , കടയിലെ സെയിൽസ് ഗേളിനോട് പറഞ്ഞത് ജമാലിന്റെ ശ്രദ്ധയിൽ പ്പെട്ടു,..!!.
'' ഗൾഫിലേക്ക് ഒരു വീട്ടു ജോലിക്കാരിയുടെ വിസ ഉണ്ട്,... ഇരുപത്തയ്യായിരം രൂപ ശമ്പളം കിട്ടും,.... ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പരിൽ വിളിക്കാൻ പറ...!!
'അയാൾ വിസിറ്റിംഗ് കാർഡെടുത്ത് സെയിൽസ് ഗേളിനെ ഏല്പ്പിച്ചു,...!!
''സെയിൽസ് ഗേൾ അതത്ര കാര്യമാക്കാതെ , ഡ്രസ് അടുക്കി വയ്ക്കുന്നിടത്ത് വിസിറ്റിങ്ങ് കാർഡ് സൂക്ഷിച്ചു വച്ച് ജോലിയിൽ മുഴുകി,....!
സെയിൽസ് ഗേൾ കാണാതെ,
'ജമാൽ ആ കാർഡെടുത്ത് അതിലുണ്ടായിരുന്ന ഫോൺ നമ്പർ തന്റെ മൊബൈലിൽ സേവ് ചെയ്തു,...
'' അന്ന് വീട്ടിലെത്തിയപ്പോൾ ആ നമ്പരിൽ വിളിച്ചു,....'
'ഞാൻ എന്തു ജോലിയും ചെയ്യാൻ തയ്യാറാണ് സർ,....!! എനിക്ക് ഒരു വിസ വേണം '' അവൻ ആവശ്യപ്പെട്ടു,...!!
''ഞാൻ വിസ കച്ചവടക്കാരനല്ല....ഹൗസ് ഡ്രൈവറാണ് ...ആ വീട്ടിലേക്ക് വീട്ടു ജോലിക്കാരിയെയാണ് ആവശ്യം...!!
അയാളുടെ മറുപടി കേട്ട് ജമാൽ ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ റംലത്ത് ഫോൺ വാങ്ങി കൊണ്ട് അയാളോട് സംസാരിച്ചു,...!!
##
ടെലിവിഷൻ ഓഫാക്കി കുഞ്ഞോള് എണീറ്റു മൊബൈലെടുത്ത് ജമാലിന്റെ നമ്പർ ഡയൽ ചെയ്തു,...!
''ഇക്കാ....
പരിഭ്രമത്തോടെ അവൾ വിളിച്ചു,...
''മോളെ ഫ്ളൈറ്റ് തകർന്നു തരിപ്പണമായി, ....ആളുകളെല്ലാം അവിടേക്ക് പായുകയാണ് .... ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം...!!
'ശരി ...!! കുഞ്ഞോൾ ഫോൺ കട്ടാക്കി
ജനലിലൂടെ പുറത്തേക്കും നോക്കി നിന്നു,.....
ഇരുട്ടിനെ നനച്ചു കൊണ്ട് മഴ പെയ്യുന്നുണ്ട്,.....
കാറ്റ് തളളിമാറ്റി കൊണ്ടു പോകുന്ന മഴത്തുളളികളിൽ ചിലത് അവളുടെ മുഖത്തേക്ക് ചിതറി വീണു,....!!
അവളുടെ മിഴികൾ നിറഞ്ഞു,..,
ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ മഹാ പ്രളയം ,കവിളിലുണ്ടായിരുന്ന മഴത്തുളളികളെ കവർന്നെടുത്ത് സങ്കട കടലിലേക്ക് ഒന്നിച്ചൊഴുകി,....!!
ഓർമ്മകളുടെ തിരകൾ ഉയർന്നു പൊങ്ങി,...
''ഉമ്മ ഗൾഫിൽ പോയിട്ട് വർഷം മൂന്നായി,....ഉമ്മ അയക്കുന്ന പണം പലപ്പോഴും തികയാറില്ല,.......!
വാടകയും, ഉപ്പയുടെ മരുന്നുകൾക്കും , വീട്ടു ചിലവിനും തന്നെ നല്ലൊരു തുക വേണം ....
തുണിക്കടയിൽ നിന്നുളള ജമാലിന്റെ വരുമാനം വലിയ ആശ്വാസമാണ്,...!!
പത്താം തരം പാസായ ശേഷം തുടർന്ന് പഠിക്കാൻ കുഞ്ഞോൾ പോയില്ല,..
തളർന്നു കിടക്കുന്ന ഉപ്പയുടെ ശുശ്രൂക്ഷ മകൾ ഏറ്റെടുത്തു,...!
പളളിയിൽ പുതുതായി വന്ന നാദാപുരം സ്വദേശിയായ ഉസ്ത്താദിന്റെ കല്ല്യാണ ആലോചന കൊണ്ടു വന്നത് ,
പളളി കെട്ടിടത്തിൽ ചായക്കട നടത്തുന്ന അബുവിന്റെ അളിയൻ കുഞ്ഞിപ്പായാണ് ....
അവർ സ്വർണ്ണം ഒന്നും ആവശ്യപ്പെട്ടില്ല,...
എന്നാൽ ,റംലത്ത് സ്വരൂക്കുട്ടിയ
'പണമെല്ലാം ചേർത്ത്,
മകളുടെ കല്ല്യാണത്തിനുളള അഞ്ചു പവൻ സ്വർണ്ണം വാങ്ങി , ഹൗസ് ഡ്രൈവറായ കൊണ്ടോട്ടിക്കാരൻ, സമദിന്റെ കൈവശം കൊടുത്തു വിടുകയാണ് ചെയ്തത്,...!!
അയാൾ വന്ന ഫ്ളൈറ്റാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടത്,...!!
മുറ്റത്തേക്ക് കയറി വന്ന ബൈക്കിന്റെ ശബ്ദം കേട്ട് കുഞ്ഞോൾ ,വേഗം ചെന്ന് വാതിൽ തുറന്നു,...
''നിരാശയോടെ ജമാൽ കയറി വന്ന് ഹാളിലെ സോഫയിൽ ഇരുന്നപ്പോൾ
ന്യൂസിൽ, വിമാനപകടത്തിൽ മരിച്ചവരുടെ പേര് എഴുതി കാണിക്കുന്ന കൂട്ടത്തിൽ സമദിന്റെ പേരും ഫോട്ടോയും ഉണ്ടായിരുന്നു,...!!
അടുക്കളയിലേക്ക് പോയ കുഞ്ഞോൾ ,കോലായിലിരുന്ന് പൊട്ടിക്കരഞ്ഞു,...!!
മോളെ..!
ആ വിളി കേട്ട് കുഞ്ഞോൾ തിരിഞ്ഞു നോക്കി,....!
ജമാൽ ....!
അവന്റേയും കണ്ണ് നിറഞ്ഞിരിക്കുന്നു,....
പെങ്ങളെ ചേർത്തണച്ച് ജമാൽ പറഞ്ഞു,...''
''വിഷമിക്കണ്ട എല്ലാവരുടേയും ലഗേജ് എയർപ്പോർട്ടിലുണ്ടാകും,.... നമുക്ക് അന്വേഷിക്കാം ...!!
കരിപ്പൂരിലേക്ക് ജനം കുതിക്കുകയായിരുന്നു,....
###
അപകടം നടന്ന സമയത്ത് എയർപ്പോർട്ടിനടുത്തുളള ലോഡ്ജിലെ
പത്താം നമ്പർ റൂമിലിരുന്ന് മദ്യപിക്കാനൊരുങ്ങുകയായിരുന്നു രഘു ,.... !!
''എയർപ്പോർട്ടിനടുത്തുളള ഒരു വീട്ടിൽ കവർച്ച ചെയ്യാനുളള പദ്ധതി ആലോചിക്കാൻ വേണ്ടിയാണ് അവിടെ മുറി എടുത്തത്,...!!
മദ്യം ഗ്ളാസിലേക്ക് ഒഴിച്ച് ചുണ്ടോട് അടുപ്പിക്കാൻ തുടങ്ങുമ്പോഴാണ് വലിയ ഒരു ശബ്ദം കേട്ടത്,...
രഘു ചാടിയിറങ്ങി പുറത്തേക്ക് വന്നപ്പോൾ റോഡിൽ നിന്ന് ആരോ വിളിച്ചു പറയുന്നതു കേട്ടു,
''വിമാനം വീണു,...!!
ആളുകൾ എയർപ്പോർട്ടിലേക്ക് ഓടുകയാണ്....
രഘു മുറിയിൽ കയറി ലുങ്കി മാറ്റി , ടീ ഷർട്ടും പാന്റും ധരിച്ചു ....മുറി പൂട്ടി , എയർപ്പോർട്ടിലേക്ക് ഓടി,.....!!
''രക്ഷാപ്രവർത്തകരുടെ ഒപ്പം രഘുവും ചേർന്നു,.....''
''ആളുകൾ കൂടിക്കൊണ്ടിരുന്നു,
മഴയും, കൊറോണയും ,വക വയ്ക്കാതെ അപകടത്തിൽപ്പെട്ടവരെ വാരിയെടുത്ത് ജനം ആസ്പത്രികളിലേക്ക് പാഞ്ഞു,..
''രക്ഷാ പ്രവർത്തനിടയിലും രഘുവിന്റെ ശ്രദ്ധ ലഗേജുകളിലായിരുന്നു,...!!.
''രഘു ചുറ്റും നോക്കി ,.... ഓടി കൂടിയ ജനം ആളുകളെ രക്ഷിക്കുന്ന ശ്രദ്ധയിലാണ് ....
''
'രഘു വീണ്ടും ഒന്നുകൂടി ചുറ്റും വീക്ഷിച്ചു...!!
''ഇല്ല തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്നു ഉറപ്പു വരുത്തി,...
ഇതു തന്നെ അവസരം,...
''താൻ നില്ക്കുന്നിടത്ത് നല്ല ഇരുട്ടാണ് .....''
അകലെ നിന്ന് കൂടുതൽ ആളുകൾ ഓടി വരുന്നതേയുളളു....!!
പെട്ടന്ന് കൈയ്യിൽ കിട്ടിയ ബാഗുമായി എതിർ വശത്തൂടെ രഘു ഇരുട്ടിൽ മറഞ്ഞു,....!!
###
''ന്യൂസ് കണ്ടു കൊണ്ടിരുന്നപ്പോഴാണ് ജമാലിന്റെ ഫോൺ ശബ്ദിച്ചത് ....!
''പളളിയിൽ നിന്ന് ഉസ്ത്താദാണ്,...!
ഉസ്ത്താദിനോട് കാര്യങ്ങൾ സംസാരിച്ചു ജമാൽ ....!
''എല്ലാം കേട്ട് കഴിഞ്ഞ് ഉസ്ത്താദ് പറഞ്ഞു,....
''ഞാൻ ആലോചിച്ചിട്ട് നാളെ വിളിക്കാം,..''
ഓകെ....ഈ കല്ല്യാണം നടക്കില്ലെന്ന് ജമാലിനു മനസിലായി,....!!
###
ഇരുട്ടിലിരുന്നു കിതച്ചു കൊണ്ട് രഘൂ പരിസരം വീക്ഷിച്ചു,....
പുറത്ത് കടക്കാനുളള വഴി മനസിലാക്കി ..... പിന്നെ അതിനുളള ശ്രമമായി.... ആളുകളുടെ കണ്ണ് വെട്ടിച്ച് വേറെ വഴിയിലൂടെ രഘു മെയിൻ റോഡിലെത്തി..... ലോഡ്ജ ലക്ഷ്യമാക്കി നടന്നു,....!!
''റൂമിലെത്തി അകത്തു കയറി ബാഗ് കട്ടിലിൽ വച്ചു,..... വാതിൽ അടച്ച് കുറ്റിയിട്ടു,....!!
''ബാഗിന്റെ മുകളിൽ ഒട്ടിച്ച പേര് വായിച്ചു,...
''സമദ് കൊണ്ടോട്ടി,....!അബുദാബി ടൂ കോഴിക്കോട്,...''
''രഘു ഞെട്ടിപ്പോയി.....!!
''അയാൾ ബാഗിന്റെ താഴ് അറത്തു മാറ്റി,.....ബാഗിലെ സാധനങ്ങൾ കട്ടിലിലേക്ക് കുടഞ്ഞിട്ടു,...
''കുറെ മിഠായികളും, ചോക്ലേറ്റും തുണികളും, ഒപ്പം മറ്റൊരു പൊതിയും,..
''ആ പൊതി രഘു കൈയ്യിലെടുത്തു,...
.ഇത് മറ്റൊരാൾ കൊടുത്തയച്ചതാണെന്ന് രഘുവിന് മനസിലായി,....
കാരണം,
താനും എത്രയോ തവണ ഇത്തരം കവറുകൾ കൊണ്ടു വന്നിരിക്കുന്നു ,..,!
കവറിനു മുകളിലെ പേര് രഘു വായിച്ചു, ,
''ജമാൽ മാങ്കാവ് '' പിന്നെ മൊബൈൽ നമ്പരും എഴുതിയിട്ടുണ്ടായിരുന്നു,...
രഘു ആ കവറും തുറന്നു,....
നാലഞ്ച് പെർഫ്യുമും, ബോഡി ലോഷനും, ഫെയ്സ് ക്രീമും, ഷാംമ്പുവും ..... പിന്നെ മലബാർ ഗോൾഡിന്റെ ഒരു കവറും,..,!! റംലത്തിന്റെ ഒന്നു രണ്ട് ഫോട്ടോകളും,...!!
''ആ ഫോട്ടോയിലേക്ക് നോക്കി രഘു പിറുപിറുത്തു ..... ''റംലത്ത് ,..'
അബുദാബിയിലെ ഗോൾഡ് സൂക്കിൽ (മാർക്കറ്റ് ) ഒരു സ്വർണ്ണക്കടയിലെ മാനേജരായിരുന്നു കൊല്ലം സ്വദേശിയായ രഘു,...''
''രഘുവിന്റെ പരിചയക്കാരനായിരുന്നു സമദ്,...''
രഘു ജോലി ചെയ്യുന്ന ജുവല്ലറിയിൽ ഒരു കുറി ചിട്ടി ഉണ്ടായിരുന്നു, ...
ആഴ്ചയിൽ 200 ദിർഹം അടച്ച് പത്ത് മാസം വട്ടം എത്തുമ്പോൾ അടച്ച പൈസയ്ക്ക് സ്വർണ്ണമെടുക്കാവുന്ന പദ്ധതി,.... പണിക്കൂലി ഫ്രീയായിരുന്നതിനാൽ ഒരുപാട് സ്ത്രീകൾ ഇതിൽ അംഗമായി,....
''സമദിന്റെ കെയർ ഓഫിൽ റംലത്തും അതിൽ പണം നിക്ഷേപിച്ചിരുന്നു,....
''ഇരുപത് മാസത്തേക്കാണ് റംലത്ത് ചേർന്നത്,..... രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ പോകുമ്പോൾ സ്വർണ്ണം വാങ്ങാമെന്നു കരുതിയാണ് കുറിയിൽ ചേർന്നത്,... !!
പക്ഷേ,... ഒരു ദിവസം
സ്വർണ്ണക്കട പൂട്ടി, രഘു മുങ്ങി,...!!
''കൊല്ലത്ത് അന്വേഷിച്ചെങ്കിലും രഘു അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞു,...
''ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയെ വിവാഹം കഴിച്ച് രഘു സുൽത്താൻ ബത്തേരിയിൽ താമസം ആരംഭിച്ചു,...!!
''എന്നാൽ , അർഹതയില്ലാത്ത സാമ്പാദ്യവുമായി അധിക നാൾ സുഖ ജീവിതം നയിക്കാൻ രഘുവിന് കഴിഞ്ഞില്ല,...
''ബത്തേരിയിൽ വച്ചുണ്ടായ ബൈക്ക് ആക്സിഡന്റിൽ ഭാര്യയും ഒന്നര വയസുളള മകനും മരണപ്പെട്ടു,...''
''കൊല്ലത്ത് തറവാട്ടിലും ആപത്തുകൾ സംഭവിച്ചു,...
''കുളിമുറിയിൽ തെന്നി വീണ അമ്മയുടെ നട്ടെല്ല് തകർന്ന് കിടപ്പിലായി,..... ചികിത്സ ക്കായി ബത്തേരിയിലെ വീടും സ്ഥലവും വിറ്റു,....
''അമ്മയുടെ മരണത്തോടെ രഘു മാനസികമായി തകർന്നു,..... പിന്നെ നാട് വിടുകയായിരുന്നു,....
കോഴിക്കോട് വച്ച് മോഷണം തൊഴിലാക്കിയ സുലൈമാനെ പരിചയപ്പെടുകയും മോഷണം തൊഴിലാക്കുകയും ചെയ്തു,....!!
''റംലത്ത് ...... ''
ആ പേര് ഒന്നു കൂടി ഉരവിട്ടു കൊണ്ട് രഘു എഴുന്നേറ്റു,.....ഒരു സിഗരറ്റെടുത്ത് കത്തിച്ചു ചുണ്ടിലേക്ക് വച്ച് ആഞ്ഞു വലിച്ചു,....
ഗ്ളാസിൽ പകർന്ന മദ്യമെടുത്ത് അകത്താക്കി,....
''സമദ് ജുവല്ലറിയിൽ വരുന്നതും, പണം അടക്കുന്നതും, റംലത്തിന്റെ അവസ്ഥകൾ പറയുന്നതുമെല്ലാം മനസിൽ തെളിഞ്ഞു വന്നു,...
''ഒരു ദിവസം തന്റെ കടയിലേക്ക് റംലത്ത് കയറി വന്നു,...ഒപ്പം സ്പോൺസറായ അറബി സ്ത്രീയും ഉണ്ടായിരുന്നു,....!!
''സാറെ രണ്ട് വർഷം കഴിഞ്ഞേ ഞാൻ നാട്ടിൽ പോകുന്നുളളു ....എന്റെ മോളുടെ നിക്കാഹിന് ....അന്ന് മതി സ്വർണ്ണം ...!!
''ഓകെ റംല ...എപ്പോൾ വേണമെങ്കിലും വന്നോളൂ,......!!
പിന്നീട് ഒരിയ്ക്കൽ കൂടി സ്പോൺസറോടൊപ്പം റംലത്ത് തന്റെ കടയിൽ വന്നത് രഘു ഓർമ്മിച്ചു,...!
'' ആ കുറിയിൽ എത്രയെത്ര പാവപ്പെട്ട സ്ത്രീകളാണ് കുടുങ്ങിയത്... കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പാവങ്ങൾ ...!! അവരെ പറ്റിച്ച പണം കൊണ്ട് താൻ എന്തു നേടി ....?
''രഘു പൊട്ടിക്കരഞ്ഞു,...!
####
''ഒരു പെൺക്കുട്ടിക്കാവശ്യമുളള സ്വർണ്ണം എന്റെ കൈവശമുണ്ട്,..എന്റെ ഭാര്യയുടെ ശരീരത്ത് ഞാൻ സമ്പാദിച്ച ആഭരണങ്ങൾ ധരിച്ചത് കാണുന്നതാണ് എന്റെ സംത്യപ്തി,...!!
കല്ല്യാണ തലേന്ന് ജമാലിന്റെ വീട്ടിലെത്തിയ ഉസ്ത്താദ് അത് പറഞ്ഞ് ഇരുപത്തഞ്ച് പവൻ സ്വർണ്ണം കൈമാറുമ്പോൾ ,
അകലെ അറബി വീട്ടിലിരുന്ന്
സമദിന്റെ മരണ വാർത്ത അറിഞ്ഞ്
റംലത്ത് തേങ്ങി കരയുകയായിരുന്നു,....!
''ഇന്നലെ കുഞ്ഞോളുടെ വിവാഹമായിരുന്നു,....
''സാമൂഹിക അകലം കണക്കിലെടുത്ത് കുറച്ച് ആളുകളെ ചടങ്ങിൽ പങ്കെടുത്തുളളു...!.
''അതിലൊരാൾ രഘുവായിരുന്നു,....
ഗൾഫിലെ കുറി ചിട്ടിയിൽ റംലത്ത് അടച്ച പണത്തിന്റെ ഇരട്ടി പണവും , ലഗേജിൽ നിന്ന് കിട്ടിയ സ്വർണ്ണവും രഘു ജമാലിനെ ഏല്പ്പിച്ചു,.....!!
''പക്ഷേ,
പണത്തിനൊപ്പം താൻ കൈമാറിയ സ്വർണ്ണം , അപകടം നടന്ന സ്ഥലത്ത് നിന്ന് മോഷ്ടിച്ചതാണെന്നുളള രഹസ്യം മാത്രം രഘു മറച്ചു വച്ചു,....!!
കാരണം,
അന്നത്തെ ന്യൂസിൽ ഒരു ലഗേജ് ആരോ മോഷ്ടിച്ചു എന്നുളള വാർത്ത ചാനലുകാർ പുറത്തു വിട്ടിരുന്നു,...
=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo