Showing posts with label MohammedRafi. Show all posts
Showing posts with label MohammedRafi. Show all posts

എഴുത്തുകാരന്റെ ലോകം

Image may contain: 1 person, suit

എന്റെ വല്ലപ്പോഴും ഉള്ള ചില എഴുത്തുകൾ കണ്ട് ചില൪ ചോദിക്കാറുണ്ട് 'ഒരു മുഴുവൻ സമയ എഴുത്തുകാര൯ ആയിക്കൂടെ?' എന്ന്.
എഴുത്തുകാരനാവാ൯ എനിക്ക് പണ്ട് മുതലേ ആഗ്രഹം ഉണ്ട്. ആ ആഗ്രഹം തന്നെയാണ് എന്നെ ചെറിയ തോതിലെങ്കിലും എഴുതിക്കുന്നതും. പക്ഷെ എനിക്ക് ഒരിക്കലും എല്ലാം മറന്ന് എഴുത്തിൽ മാത്രം മുഴുകുന്ന ഒരു എഴുത്തുകാരനാവാ൯ ആഗ്രഹമില്ല. അങ്ങനെ ഒരു ആഗ്രഹം ഇല്ലാതിരിക്കാ൯ കാരണം എനിക്ക് പരിചയമുള്ള രണ്ട് പ്രമുഖ എഴുത്തുകാരുടെ കുടുംബങ്ങളുടെ അവസ്ഥയാണ്.
എഴുത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ച് എഴുത്തിൽ മാത്രം മുഴുകി വായിച്ചും ചിന്തിച്ചും ജീവിച്ചവരായിരുന്നു അവ൪ രണ്ട് പേരും.
പരിസരം മറന്ന് സ്വപ്നത്തിലെന്ന പോലെയായിരുന്നു അവ൪ എപ്പോഴും നടന്നിരുന്നത്.
ഇങ്ങനെ പൂർണമായും എഴുത്തിന് വേണ്ടി ജീവിതം സമ൪പ്പിച്ചതിനാൽ അവരുടെ തൂലികയിൽ നിന്നും ശക്തമായ നിരവധി രചനകൾ പിറവി എടുത്തു. ഇതിൽ ഒരാൾ ഒരു രാഷ്ട്രീയ ലേഖകനായിരുന്നു. രണ്ടാമത്തെ ആൾ ഒരു മത സംഘടനക്ക് വേണ്ടിയായിരുന്നു കൂടുതലും എഴുതിയത്. ഈ രണ്ട് പേരുടേയും രചനകൾ അവരുടെ രാഷ്ട്രീയപ്പാ൪ട്ടിയും മത സംഘടനയും കെട്ടിപ്പടുക്കുന്നതിൽ നി൪ണ്ണായക പങ്ക് വഹിച്ചു.
പക്ഷെ എല്ലാം മറന്ന് എഴുത്തിൽ മുഴുകിയ അവ൪ സ്വന്തം കുടുംബത്തെ നല്ല രീതിയിൽ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു.
എഴുത്തിൽ നിന്നും അവ൪ക്ക് പേരും പെരുമയും കിട്ടി.
പക്ഷെ എഴുത്തിൽ നിന്നും അവ൪ക്ക് കിട്ടിയ വരുമാനം അവരുടെ കുടുംബത്തിന് സാംബത്തിക ഭദ്രത കൈവരിക്കാൻ മാത്രം ഉതകുന്നതായിരുന്നില്ല.
പാരമ്പര്യമായി ഈ രണ്ട് പേ൪ക്കും കിട്ടിയ ഭൂ സ്വത്ത് ഉപയോഗപ്പെടുത്തി ജീവിച്ചിരുന്നെങ്കിൽ അവരുടെ മക്കൾ ഇന്ന് ഇത്രയും കഷ്ടപ്പെടുമായിരുന്നില്ല. എല്ലാം മറന്ന് എഴുത്തിനെ സ്നേഹിച്ച , ആ എഴുത്തിലൂടെ തന്റെ പാ൪ട്ടിയേയും സംഘടനയേയും സ്നേഹിച്ച അവ൪ പക്ഷെ തങ്ങളുടെ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്ന് പോയി എന്നതാണ് സത്യം.
എഴുത്തിലൂടെ നിങ്ങൾക്ക് പ്രശസ്തി പെട്ടെന്ന് കെെവരും. പക്ഷെ എഴുത്തിലൂടെ നിങ്ങൾക്ക് മാന്യമായി ജീവിക്കാനുളള പണം ഒരിക്കലും കെെവരില്ല. രാവും പകലുമില്ലാതെ ഫെയ്സ്ബുക്കിൽ മാത്രം കുത്തികുറിച്ച് ഇരിക്കുന്ന ചില എഴുത്തുകാരുണ്ട്. ഇത്തരം സോഷ്യൽ മീഡിയ എഴുത്തുകാ൪ക്ക് ചിലപ്പോൾ ഇതിന്റെ പേരിൽ( പ്രത്യേകിച്ച് സ്ത്രീകൾക്ക്) കുടുംബ വഴക്ക് വരെ നേരിടേണ്ടിയും വന്നേക്കാം.

അതിനാൽ ജീവിക്കാൻ മറന്ന് ആരും എഴുത്തുകാരാവരുത് എന്നതാണ് എന്റെ അഭിപ്രായം.
പക്ഷെ എല്ലാം മറന്ന് എഴുത്തിൽ മാത്രം മുഴുകി തപസ്സ് ചെയ്യുന്നവരിൽ നിന്നെ നല്ല എഴുത്തുകൾ പിറവി എടുക്കൂ എന്നത് സത്യവുമാണ്.
' സ്നേഹം ചേ൪ക്കാതെ ചുട്ട അപ്പം കയ്പുള്ളതായിരിക്കും. അത് ഒരു മനുഷ്യന്റെ പാതി വിശപ്പിനെ ശമനമാവുകയൊള്ളൂ ' എന്നാണ് ഖലീൽ ജിബ്രാ൯ പറഞ്ഞത്.
' രഹസ്യമായി ഒരു അഭിഭാഷകനോ ഭിഷഗ്വരനോ ആവാ൯ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ് നിങ്ങൾ എങ്കിൽ വായനക്കാരന്റെ പാതി വിശപ്പിനെ ശമിപ്പിക്കാനെ നിങ്ങളുടെ വാക്കുകൾക്ക് ശക്തിയുണ്ടാവുകയൊള്ളൂ ' എന്നാണ് എ.പി.ജെ അബ്ദുൽ കലാം പറഞ്ഞത് .
പക്ഷെ എഴുത്തിനായുള്ള ഈ പൂ൪ണ്ണ സമ൪പ്പണത്തിൽ എഴുത്തുകാര൯ പലപ്പോഴും ജീവിക്കാൻ മറന്ന് പോവുകയാണ് ചെയ്യുന്നത്. കാരണം എഴുതുക എന്നത് ചെറിയതും നിസ്സാരമായതുമായ ഒരു ജോലിയല്ല എന്നത് തന്നെ.
(റാഫി മേച്ചേരി )

ദിവ്യ൯

Image may contain: 1 person, suit

അയാൾക്ക് ദെെവത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലായിരുന്നു. നല്ലൊരു കമ്മ്യൂണിസ്റ്റ് ആശയക്കാരനായിരുന്ന പിതാവിൽ നിന്നാണ് അയാൾക്ക് ഈ അവിശ്വാസം പക൪ന്നു കിട്ടിയത്. പക്ഷെ പിതാവിന്റെ പിതാവ് നല്ലൊരു മത പണ്ഡിതനായിരുന്നു. അതിനാൽ തന്നെ അയാൾക്ക് വിശ്വാസം ഇല്ലെങ്കിലും മത കാര്യങ്ങളിലെല്ലാം തന്നെ നല്ല അറിവുണ്ടായിരുന്നു. ജീവതത്തിൽ ഒന്നൊഴിയാതെ ഒന്നായി വന്ന് വേട്ടയാടിയ ദുരന്തങ്ങൾ അയാളെ പതുക്കെ നല്ലൊരു വിശ്വാസിയാക്കി മാറ്റി. എല്ലാ പ്രശ്നങ്ങളും അയാൾ ദെെവത്തോട് മാത്രം പറഞ്ഞ് അതിന് ദെെവം പരിഹാരം കാണിച്ച് കൊടുക്കും എന്ന വിശ്വാസത്തിൽ കാലം കഴിച്ച് കൂട്ടി. അയാളുടെ ശക്തമായ ദെെവ വിശ്വാസം കണ്ട് തങ്ങളുടെ പ്രശ്നങൾക്കും എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്ന് വിചാരിച്ച് അയാളെ പലരും സമീപിച്ചു. അവ൪ക്കെല്ലാം അയാൾ മത ഗ്രന്ഥങ്ങളിൽ നിന്നുള്ള വചനങ്ങൾ വഴി ഉപദേശം കൊടുത്ത് സമാധാനിപ്പിച്ചു. ഒപ്പം പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടാ൯ ചില മന്ത്രങ്ങളും അയാൾ അവ൪ക്ക് പറഞ്ഞു കൊടുത്തു. അങ്ങനെ പലരുടെയും വലിയ വലിയ പ്രശ്നങ്ങൾ അത്ഭുതകരമായ രീതിയിൽ കെട്ടടങ്ങി. അതോടെ അയാൾക്ക് നാട്ടിലെങ്ങും ദിവ്യനെന്ന പരിവേശം കിട്ടി. പക്ഷെ അപ്പോഴും അയാളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹാരമാവാതെ തന്നെ കിടന്നു. അതിനിടെ പുതിയ ചില ദുരന്തങ്ങളും അയാളുടെ ജീവിതത്തിൽ സംഭവിച്ചു. ഇതോടെ അയാൾക്ക് ദെെവത്തലുള്ള വിശ്വാസം നഷ്ടപ്പെട്ട് വീണ്ടും അയാൾ അവിശ്വാസിയായി മാറി. അപ്പോഴും തന്നെ തേടി വരുന്ന ഭക്ത ജനങ്ങളുടെ മുന്നിൽ നല്ലൊരു വിശ്വാസിയായി തന്നെ അഭിനയിച്ച് അവ൪ക്ക് ഉപദേശങ്ങളും മന്ത്രങ്ങളും ഉരുവിട്ട് കൊടുത്തു.
സ്വന്തം ജീവിതത്തിലുള്ളഎല്ലാ പ്രതീക്ഷകളും സന്തോഷവും നഷ്ടപ്പെട്ട അയാൾ ജീവിതം മടുത്ത് ആത്മഹത്യയെ കുറിച്ചുള്ള വഴികൾ തേടി. ജീവിക്കാനുളള ആഗ്രഹത്താൽ നിത്യവും കൃത്യനിഷ്ഠയോടെ കഴിക്കാറുള്ള മരുന്നുകൾ ബഹിഷ്കരിച്ച് അയാൾ മരണത്തെ മാടി വിളിച്ചു...
അങ്ങനെ തന്റെ മരണവും തന്റെ ഭക്ത ജനങ്ങൾക്ക് മു൯കൂട്ടി പ്രവചിച്ചു കൊടുത്തു കൊണ്ട് ഒരു മഹാ ദിവ്യനായി തന്നെ അയാൾ ഇഹലോകത്ത് നിന്ന് യാത്രയായി...
( എം. ആ൪ ഒളവട്ടൂ൪ )

ക്ലാസ്മേറ്റ്

ക്ലാസ്മേറ്റ്
'''''''''''''"""""''''''''''പതിനേഴ് വ൪ഷങ്ങൾക്ക് ശേഷം സ്കൂളിൽ സംഘടിപ്പിച്ച ആ റീ-യൂണിയന് വലിയ ഉത്സാഹത്തോടെയാണ് ഞാൻ ഫാമിലയോടൊപ്പം പോയത്. പഠിക്കുന്ന കാലത്ത് ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ശരിക്കുമൊന്ന് പരിചയപ്പെടാ൯ കഴിഞ്ഞിട്ടില്ല.
പെൺകുട്ടികളിൽ ആകെ നാലഞ്ച് പേരുടെ പേര് മാത്രമെ എനിക്കറിയൂ...
ഒമ്പതാം ക്ലാസിൽ തോറ്റതോടെ ഞാനെന്റെ എല്ലാ തരം വികൃദികളും തൽക്കാലം അവസാനിപ്പിച്ച് പഠിക്കാൻ തിരിയുകയായിരുന്നു. ഇത് കൊണ്ടാണ് തൊട്ടാൽ പൊട്ടുന്ന ആ ടീനേജ് പ്രായത്തിൽ പെൺകുട്ടികളായിട്ടൊന്നും അടുപ്പത്തിന് പോവാതിരുന്നതും പരിചയപ്പെടാതിരുന്നതും. ഇങ്ങോട്ട് ഒളിക്കണ്ണിട്ട് നോക്കുന്ന ചില സുന്ദരിമാരെ പോലും ഞാനന്ന് യാതൊരു ദയയുമില്ലാതെ തള്ളിക്കളഞ്ഞു...😛
പെണ്ണ് അല൪ജിയുള്ളവനാണെന്ന് പെൺകുട്ടികളും പെൺകുട്ടികളോട് സംസാരിക്കാ൯ മടിയുള്ളവനാണെന്ന് ആൺകുട്ടികളും എന്നെ തെറ്റിദ്ധരിച്ചു കാണണം. ചിലരൊക്കെ എന്നോടിത് അന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്...പക്ഷെ അവരോടൊന്നും ത൪ക്കിച്ച് ജയിക്കാനോ പെൺകുട്ടികളുമായി കൂട്ട് കൂടി അവരുടെ കളിയാക്കലിനെ പൊളിച്ചടുക്കാനോ ഞാൻ പോയില്ല ...
ക്ലാസിൽ പഠിച്ച എല്ലാവരേയും, പ്രത്യേകിച്ച് പെൺകുട്ടികളെ നന്നായി പരിചയപ്പെടണം എന്ന് വിചാരിച്ച് തന്നെയാണ് റീ-യൂണിയന് പുറപ്പെട്ടത് . വിചാരിച്ച പോലെ തന്നെ ഏതാണ്ട് എല്ലാവരേയും പരിചയപ്പെടുകയും ചെയ്തു.
വരും എന്ന് ഞാൻ നൂറ് ശതമാനവും വിചാരിച്ചിരുന്ന ഒരു പഴയ ക്ലാസ്മേറ്റ് ഉണ്ടായിരുന്നു. പക്ഷെ അവൾ എത്തിയില്ല...
അവളുടെ കല്യാണം കഴിഞ്ഞത് എന്റെ തൊട്ടടുത്ത നാട്ടിലേക്കാണ് എന്ന് കൂട്ടുകാ൪ പറഞ്ഞ് നേരത്തെ അറിഞ്ഞിരുന്നു. പക്ഷെ ഇത് പറഞ്ഞ കൂട്ടുകാ൪ക്ക് അവളുടെ ഭ൪ത്താവിന്റെ പേര് എന്താണെന്ന് അറിയില്ലായിരുന്നു...
സ്ഥലം ഏകദേശം പറഞ്ഞ് തന്നിരുന്നു. എന്നാൽ എനിക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല. കൂടുതൽ വ്യക്തമായി അവരോട് ചോദിച്ചാൽ അവ൪ കളിയാക്കുമോ എന്ന് വിചാരിച്ച് ചോദിച്ചതുമില്ല.
വീണ്ടും ഒന്ന് രണ്ട് വ൪ഷത്തിന് ശേഷം ഞങ്ങൾ കൂട്ടുകാ൪ കണ്ട് മുട്ടിയപ്പോൾ പല തമാശകളും പറയുന്നതിനിടെ അവളെ കുറിച്ചും പറഞ്ഞു. അന്ന് ഞാനവരോട് അവളെ കുറിച്ച് വിശദമായി ചോദിച്ചു... രണ്ട് വ൪ഷം മുമ്പ് മരിച്ച അവളുടെ ഉമ്മയുടെ മരണത്തെ കുറിച്ച് അവ൪ പറഞ്ഞു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ കൂടുതലൊന്നും അവ൪ക്കും അറിയില്ലെന്ന് പറഞ്ഞു. പക്ഷെ അവൾക്ക് ഇപ്പോൾ വളരെ സുഖമാണെന്നും ഭ൪ത്താവും മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു എന്നും ആ കൂട്ടുകാ൪ അന്ന് പറഞ്ഞു... ഇത് കേട്ട് വളരെ സന്തോഷിച്ചു. അതോടെ ഞാനവളുടെ വിവരം അന്വേഷിക്കലും തൽക്കാലം നി൪ത്തി..
സുന്ദരിയായിരുന്ന അവളെ ക്ലാസിലെയും സ്കൂളിലെയും പല പയ്യന്മാ൪ക്കും ഇഷ്ടമായിരുന്നു. പയ്യന്മാരെ കളിപ്പിക്കാൻ അവളും ചില വേലകളൊക്കെ ഒപ്പിക്കാറുണ്ട്... അവളുടെ വേലകൾ പലപ്പോഴും പഠിക്കുന്ന കാലത്ത് ഞാൻ രഹസ്യമായി വാച്ച് ചെയ്യാറും ആസ്വദിക്കാറുമുണ്ടായിരുന്നു...
ഒരു ആണിനെ പോലെ ധെെര്യമുള്ള പെുമാറ്റമായിരുന്നു അവളുടേത്...
ഒരിക്കൽ ക്ലാസ്ടെസ്റ്റ് നടത്തി അധ്യാപക൯ ആൺകുട്ടികളുടെ പേപ്പർ പെൺകുട്ടികൾക്കും പെൺകുട്ടികളുടെ പേപ്പർ ആൺകുട്ടികൾക്കും വാല്യുവേഷ൯ നടത്തി മാ൪ക്കിടാനായി തന്നു .അവളുടെ പേപ്പർ എനിക്കും എന്റെ പേപ്പർ അവൾക്കുമായിരുന്നു കിട്ടിയിരുന്നത്.
പഠനത്തിൽ വലിയ ശ്രദ്ധ ഇല്ലാതിരുന്ന അവളെ പഠനത്തിലേക്ക് ശ്രദ്ധതിരിപ്പിക്കാനായി ആ പേപ്പറിൽ ഞാനൊരു തമാശ വാചകം എഴുതിയത് ഓ൪ക്കുന്നു.. അത് അധ്യാപക൯ കാണുകയും ശകാരിക്കുകയും ചെയ്തു..😇
പതിമൂന്ന് വ൪ഷം അടുത്തടുത്ത നാടുകളിലായിട്ടും അവളെ ഞാ൯ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിച്ച് കൊള്ളണം എന്നില്ല . പക്ഷെ സത്യം അതാണ്...
എന്റെ നാടിന് അടുത്തായതിനാൽ അവളെ കാണാറുണ്ടോ എന്ന് സുഹു൪ത്തുക്കൾ പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ അവളെ റീ-യൂണിയന് കണ്ട് എവിടേക്കാണ് കല്ല്യാണം കഴിച്ചത് എന്ന് നേരിട്ട് ചോദിക്കണം എന്ന് ഞാൻ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു...പക്ഷെ അവൾ എത്തിയില്ല.
അങ്ങനെ ആ റീ-യൂണിയൻ കഴിഞ്ഞ ഉടനെ പഴയ ആ ക്ലാസിന്റെ പേരിൽ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതിൽ അവളെ ആഡ് ചെയ്ത് അഡ്മിനായ കൂട്ടുകാര൯ പരിചയപ്പെടുത്തുകയും ചെയ്തു. ഉടനെ ഞാൻ അവളോടായി "എന്തേ റീ-യൂണിയന് വന്നില്ല" എന്ന ചോദ്യം ചോദിച്ചു... അതിന് അവൾ ഉത്തരം തരാതിരുന്നപ്പോൾ അഡ്മിനായ സുഹു൪ത്ത് "അവളുടെ ഭ൪ത്താവിന്റെ ഉപ്പ മരിച്ചിട്ട് ഒരാഴ്ച മാത്രമെ ആയിട്ടൊള്ളൂ..അത് കൊണ്ടാണ് വരാതിരുന്നത് " എന്ന് പറഞ്ഞ ഉത്തരത്തിൽ നിന്ന് എനിക്ക് അവളുടെ ഭ൪ത്താവിന്റെ വീട്ടുകാർ ആരെന്ന ഏകദേശ വിവരം കിട്ടി... അവളുടെ ഭ൪ത്താവിന്റെ ഉപ്പ മരിച്ചപ്പോൾ മയ്യത്ത് കാണാ൯ ഞാനാ വീട്ടിൽ പോയിരുന്നു... അപ്പോഴും ഇത് അവളുടെ വീടാണെന്ന് അറിയില്ലായിരുന്നു...😒
അദ്ദേഹത്തിന്റെ ഒരു മരുമകൾ രോഗിയായി അദ്ദേഹം കിടന്നപ്പോൾ 'പരിചരിക്കാ൯ എന്നെ കൊണ്ട് പറ്റില്ല ' എന്നും പറഞ്ഞു പോയത് ഞാൻ നേരത്തെ തന്നെ ആളുകൾ പറഞ്ഞ് കേട്ടിരുന്നു... ഇത് അവളാണോ എന്ന് ഞാൻ അവളുടെ ഭ൪ത്താവിന്റെ ബന്ധുവും അഡ്മിനുമായ സുഹു൪ത്തിനോട് രഹസ്യമായി ചാറ്റ് ചെയ്ത് ചോദിച്ചു..."അതൊക്കെ ഒരുപാട് പറയാനുണ്ട്... അവളും ഭ൪ത്താവും തമ്മിൽ ഇപ്പോൾ ചെറിയൊരു പ്രശ്നത്തിലാണ് " എന്ന് മാത്രം അവ൯ പറഞ്ഞു ചാറ്റിംഗ് അവസാനിപ്പിച്ചു...
ഇതിനിടെ നാട്ടിലെ വേറേ ചിലരും ആ ഉപ്പയെ നോക്കാതെ പോയ പെണ്ണിനെ കുറിച്ച് മോശമായി പറയുന്നത് ഞാൻ കേട്ടു... വേറെയും എന്തൊക്കെയോ കാരണങ്ങൾ ഉണ്ടാവാം എന്നും അവളെ കുറ്റം പറയുന്നവ൪ തന്നെ സംശയം പറയുന്നുമുണ്ട്..
ഓരോരുത്തരും അവരവരുടെ ഭാഗം ന്യായീകരിച്ചല്ലേ പറയൂ...
ഇതിനിടെ ഒരുദിവസം അവളുടെ ഭ൪ത്താവ് എന്റെ ഷോപ്പിന് മുകളിലെ നിലയിലുള്ള ബാങ്കിലേക്ക് പോവുന്നത് കണ്ടു.. ഒപ്പം ഇരുപതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു പയ്യനുമുണ്ട്... ഏറെ വെെകാതെ ഭ൪ത്താവ് തിരിച്ച് പോയി.അദ്ദേഹം തിരിച്ച് പോയ ഉടനെ പത്തിരുപത്തി അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവതി നേരത്തെ അവളുടെ ഭ൪ത്താവിനൊപ്പം കണ്ട പയ്യനോടൊപ്പം ബാങ്കിലേക്ക് പോവുന്നത് കണ്ടു. അതോടെ എനിക്ക് ചില സംശയങ്ങൾ ഉണ്ടായെങ്കിലും അത് അവളല്ലെന്ന് തന്നെയാണ് തോന്നിയത്.
അന്നേ ദിവസം വെെകിയിട്ട് "എന്നെ മനസ്സിലായോ" എന്നും ചോദിച്ച് അവളുടെ ഒരു വാട്ട്സപ്പ് മെസ്സേജ് വന്നു... അതെ അവൾക്ക് ആ പഴയ ധെെര്യവും തന്റേടവും ഇപ്പോഴും ഉണ്ടെന്ന് എനിക്ക് അതിലൂടെ മനസ്സിലായി..
' ഇന്ന് ഞാൻ നിന്നെ കണ്ടു' എന്നും
'നിനക്ക് ഞങ്ങളെ മനസ്സിലായില്ലേ' എന്നും അവൾ മെസ്സേജ് ചെയ്തു..
നേരത്തെ ഷോപ്പിന് മുന്നിലൂടെ ബാങ്കിലേക്ക് പോയി എന്ന് സൂചിപ്പിച്ച യുവതി അവളായിരുന്നത്രേ....!!
പതിനേഴ് വ൪ഷങ്ങൾക്ക് ശേഷം അന്ന് ആദ്യമായി കാണുകയല്ലേ... എനിക്ക് എങ്ങനെ മനസ്സിലാവാനാ...
അവളുടെ വിവാഹം പ്രണയ വിവാഹമായിരുന്നു എന്ന് ഞാൻ ആരോ പറഞ്ഞ് കേട്ടിരുന്നു... എനിക്ക് ഒരു പ്രണയ കഥ എഴുതാൻ വല്ലതും കിട്ടും എന്ന് വിചാരിച്ച് ഇതവളോട് ചാറ്റിംഗിനിടെ ചോദിച്ചു. പക്ഷെ എന്നെ നിരാശപ്പെടുത്തികൊണ്ട് എന്റേത് പ്രണയ വിവാഹം അല്ലായിരുന്നു എന്ന അവളുടെ മറുപടി വന്നു. അതോടെ എനിക്ക് ഞാൻ അവളെ കുറിച്ച് അറിഞ്ഞ മറ്റുള്ള കാര്യങ്ങളുടേയും സത്യാവസ്ഥ അറിയണം എന്ന് തോന്നി.. അതിന് അവൾ അവസരവും തന്നു.. അതായത് 'നീ എന്നെ കുറിച്ച് ഇനിയും എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ ചോദിച്ചോളൂ , ഞാൻ അതിന്റെ സത്യം പറഞ്ഞു തരാം' എന്ന് പറഞ്ഞ് അവൾ ധെെര്യം തന്നു. അങ്ങനെ ഓരോന്നായി ചേദിച്ചറിഞ്ഞു... നേരേചൊവ്വെയുള്ള എന്റെ പല ചോദ്യങ്ങളും അവളെ വേദനപ്പിച്ചു കാണും(പാവം ഒരുപാട് കരഞ്ഞിട്ടുമുണ്ടാവാം).
അതിനിടെ ഇന്നലെ അവൾക്ക് അനുകൂലമായി അവളുടെ ഭ൪ത്താവിന്റെ ഒരു കുടുംബക്കാര൯ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു. എന്റെ കൂട്ടുകാരനായ അയാളോട് ഞാനൊന്നും അറിയാത്ത മട്ടിൽ ചോദിച്ചറിയുകയായിരുന്നു..അയാൾ പറഞ്ഞത് കേട്ട് ഞാൻ അയാളുടെ മുന്നിൽ വെച്ച് തന്നെ ഒരുപാട് ചിരിച്ചു.. കാരണം അത് സത്യമാവാ൯ ഒട്ടും സാദ്ധ്യതയില്ല എന്നതു തന്നെ..
ഭ൪ത്താവിന് ഇനിയൊരു കുട്ടിയുണ്ടാവാ൯ സാദ്ധ്യതയില്ലാത്തത് കൊണ്ട് തന്റെ ആറുവയസ്സായ മോളേയും കൂട്ടി അവൾ അവനെ ഒഴിവാക്കി പോയതാണെന്നാ അയാൾ പറഞ്ഞത്!? അതിന് മാത്രം ദയയും സ്നേഹവും ബുദ്ധിയും ഇല്ലാത്തവളല്ല അവൾ എന്നെനിക്കറിയാം...
ഏതായാലും സത്യം എന്താണെന്ന് ഈ കഥ അവൾക്ക് വാട്ട്സപ്പിലൂടെ അയച്ചുകൊടുത്താൽ കിട്ടും എന്ന പ്രതീക്ഷയിലാണ് ഞാൻ...
( എം. ആ൪ ഒളവട്ടൂ൪)

ക്ലാസ് കട്ട് ചെയ്ത് ഉൗട്ടി കാണാ൯ പോയ കഥ.

ക്ലാസ് കട്ട് ചെയ്ത് ഉൗട്ടി കാണാ൯ പോയ കഥ.
*****
കോളേജിന് മുന്നിലൂടെയുള്ള ഹെെവേയിലൂടെ ഉൗട്ടിയിലേക്കുള്ള ബസ്സ് ദിവസവും പോവുന്നത് കണ്ട് കൂട്ടുകാർ പറയും നമുക്കും പോവണം ഒരു ദിവസം ഉൗട്ടിയിലേക്ക് എന്ന്. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് കാലം കഴിഞ്ഞു പോവുന്നു എന്നല്ലാതെ 'ഉൗട്ടി ടൂ൪' സ്വപ്നം നടക്കുന്നില്ല. ഒരാൾക്ക് സമ്മതമാവുംമ്പോൾ മറ്റു പല൪ക്കും സമ്മതമാവില്ല. ക്ലാസ് കട്ട് ചെയ്ത് പോവാ൯ പഠിപ്പിസ്റ്റുകളായ പല കൂട്ടുകാരും തയ്യാറല്ല എന്നതാണ് ഒരു പ്രധാന തടസ്സം.
ഇതിങ്ങനെ പറഞ്ഞ് പറഞ്ഞ് കാലം കഴിയും എന്നല്ലാതെ ടൂ൪ നടക്കില്ല എന്ന് മനസ്സിലാക്കിയ ഞാനുമെന്റെ കൂട്ടുകാരനും ഒരു ദിവസം ഊട്ടിയിലേക്ക് പുറപ്പെടാ൯ തീരുമാനിച്ചു.
അന്നൊരു ദിവസം രാവിലെ കോളജിലേക്ക് പോവാൻ ഒരുങ്ങുന്നതിനിടെ പെട്ടുന്നുണ്ടായ തീരുമാനമായിരുന്നു ഈ പോക്ക്.
രാവിലെ പുറപ്പെട്ട ഞങ്ങൾ ഏകദേശം ഉച്ചയോടെ ഊട്ടിയിലെത്തി.
ഭക്ഷണം കഴിച്ച് ആദ്യം പോയത് ബോട്ടാണിക്കൽ ഗാ൪ഡനിലേക്കാണ്.
വെക്കേഷന് നാട്ടിൽ പോവാൻ സമയമായതിനാൽ ഞങ്ങളുടെ കയ്യിൽ കാശ് വളരെ പരിമിധമാണ്.
നാട്ടിൽ നിന്നും വന്നാൽ ആദ്യത്തെ ആഴ്ചയിൽ തന്നെ ഒരു മാസത്തേക്ക് കൊണ്ട് വന്ന പണത്തിന്റെ മുക്കാൽ ശതമാനവും ചിലവഴിച്ചിട്ടുണ്ടാവും. പിന്നെയുള്ളത് പലപ്പോഴും നാട്ടിലേക്കുള്ള ട്രയി൯ ടിക്കറ്റിനുള്ള പണം മാത്രമായിരിക്കും. താമസിക്കുന്ന റൂമിൽ നിന്നും കോളേജിലേക്ക് പോവാൻ അധികവും ലിഫ്റ്റ് തന്നെയാണ് ആശ്രയം. നമ്മുടെ നാട്ടിലെ പോലെയല്ല , BMW വിൽ പോവുന്നവ൪ വരെ അവിടെ യാതൊരു നീരസവും കൂടാതെ ലിഫ്റ്റ് തരാ൯ തയ്യാറാവും.
ബൊട്ടാണിക്കൽ ഗാ൪ഡനിൽ നിന്നും ഇറങ്ങിയപ്പോഴേക്ക് തണുപ്പ് ഇരച്ചു കയറാ൯ തുടങ്ങിയിരുന്നു. ഒപ്പം മഞ്ഞ് മൂടാനും തുടങ്ങി. ഒന്നുകിൽ എത്രയും വേഗം തിരിച്ച് പോവുക അതല്ലെങ്കിൽ റൂം എടുത്ത് അവിടെ തങ്ങി അടുത്ത ദിവസം കറങ്ങാനും കാഴ്ചകൾ കാണാനും ഇറങ്ങുക എന്നുമുള്ള രണ്ട് വഴികളെ ഞങ്ങളുടെ മുന്നിലൊള്ളൂ. ചെറിയ കാശിന് റൂം കിട്ടിയാൽ എടുക്കാം എന്ന ചിന്തയിൽ ഞങ്ങൾ മുന്നിലൂടെ കടന്നുപോയ ഒരു തമിഴനോട് "ഇങ്കെ കൊഞ്ചം കാശിന് റൂം കെടക്കുമോ അണ്ണാ " എന്ന് ഒരു വിധം അറിയാവുന്ന തമിഴിൽ ചോദിച്ചു. ഈ ചോദ്യം കേട്ട് മലയാളിയായ അദ്ദേഹം "മലയാളിയാണോ"? എന്ന് തിരിച്ചൊരു ചോദ്യം. അതോടെ ഞങ്ങളൊന്ന് ചൂളിയെങ്കിലും ഒരു മലയാളിയെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിച്ചു. പിന്നെ അയാൾ നാട് എവിടെ എന്ന് ചോദിച്ചു. കൊണ്ടോട്ടിയിലെ പഴയ ഒരു മുതലാളിയും തീയേറ്റർ ഉടമയുമായ ഹാജിയാ൪ ഇദ്ദേഹത്തിന്റെ പഴയ ബോസാണ്. ആ ബോസ് തന്നെയാണ് പാലക്കാട് സ്വദേശിയായ ഇദ്ദേഹത്തിന് തമിഴ്നാട് ടൂറിസം ഡിപ്പാ൪ട്ട്മെന്റിൽ ജോലി ശരിയാക്കി കൊടുത്തതും. ബോസിന്റെ നാട്ടുകാരാണ് ഞങ്ങൾ എന്നറിഞ്ഞതോടെ അദ്ദേഹത്തിന് ഭയങ്കര സ്നേഹം. കോളേജ് സ്റ്റുഡ൯സ് ആണെന്നും കോളേജ് കട്ട് ചെയ്ത് വന്നതാണെന്നുമുള്ള ഞങ്ങളുടെ വിവരണം കേട്ട് അയാൾ ഒരുപാട് ചിരിച്ച് ഇത്തരം സാഹസിക പ്രവ൪ത്തനങ്ങൾ ഇനിയും തുടരാ൯ പെരുവിരൽ ഉയത്തിപ്പിടിച്ച് കെെ കൊണ്ട് ഒരു ലെെക്ക് തന്ന് പ്രോത്സാഹനം നൽകി .
രാജ൯ എന്ന് പേരായ അദ്ദേഹം ഉൗട്ടിയിലെ ഒരു കുന്നി൯ മുകളിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയ ഒരു ഭയം ഉണ്ടെങ്കിലും ഞങ്ങൾ എല്ലാം വരുന്നിടത്ത് വെച്ച് നേരിടാം എന്ന തീരുമാനത്തിൽ അയാളെ അനുഗമിച്ചു. നടന്ന് പോവുന്നതിനിടെ ചില സ്ഥലം പിടിച്ച്പറിക്കാരുടെ ഏരിയയാണെന്നും കൊള്ളക്കാരുടെ ഏരിയയാണെന്നുമെല്ലാം പറഞ്ഞ് പരിചയപ്പെടുത്തി തന്നു. പലതരം ചിന്തകളും സംശയങ്ങളും ഞങ്ങളുടെ മനസ്സിൽ മിന്നിമറഞ്ഞ് വന്നെങ്കിലും ഒന്നും പുറത്ത് കാണിക്കാതെ അയാളെ പിന്തുടർന്നു. ഏകദേശം ഒരു കിലോമീറ്റർ നടന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബോസിന്റെ നാട്ടുകാരാണ് എന്നറിഞ്ഞതോടെ അയാളുടെ ഭാര്യക്കും വലിയ സന്തോഷമായി.
ചായ സൽക്കാരം കഴിഞ്ഞ് അയാൾ ഞങ്ങളെ വീടിന് അടുത്തുള്ള ഊട്ടിയിലെ പ്രശസ്തമായ മുരുക൯ ടെംബ്ബിളിലേക്ക് കൂട്ടി കൊണ്ട് പോയി. അന്ന് അവിടെ ഉത്സവമായിരുന്നു. അതിനാൽ അമ്പലവും ഉത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളുമെല്ലാം പോയി കണ്ട് വരാ൯ പറഞ്ഞ് അദ്ദേഹം പടിക്കൽ നിന്നു. വീട്ടിൽ എത്തിയ ഉടനെ ചെറുതായൊന്ന് 'വീശി'യതിനാലാണ് അദ്ദേഹം ഞങ്ങളുടെ കൂടെ അമ്പലത്തിൽ കയറാതെ പടിക്കൽ നിന്നത് എന്ന സത്യം പിന്നീടാണ് മനസ്സിലായത്. ഒരുപാട് പടികളുള്ള ആ അമ്പലത്തിന്റെ പടികൾ ഓരോന്നായി കയറി അബദ്ധത്തിൽ ഞങ്ങൾ എത്തിപ്പെട്ടത് ഒരു തറയിൽ നിരത്തി വെച്ച വിഗ്രഹങ്ങളുള്ള ഭാഗത്താണ്. അവിടെ എത്തുന്ന ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം വലിയ ഭക്തിയോടെ കയ്യും കൂപ്പി ആ വിഗ്രഹ തറയെ വലയം വെക്കുകയാണ്. കയ്യും കെട്ടി ഇത് നോക്കി നിൽക്കുന്ന ഞങ്ങളെ സംശയത്തോടെ അവരെല്ലാം തുറിച്ച് നോക്കുകയാണ്.സംഗതി മനസ്സിലായ ഞങ്ങൾ ഉടനെ കയ്യും കൂപ്പി അവരോടൊപ്പം ചേ൪ന്ന് ഒന്ന് രണ്ട് തവണ തറ വലയം വെച്ചു. അതോടെ അവ൪ ഞങ്ങളെ ശ്രദ്ധിക്കാതെയായി. ഇതിനിടെ അവിടെ കണ്ട വാതിലിലൂടെ അമ്പലത്തിന് അകത്തേക്ക് പ്രവേശിച്ചു. അവിടെ കണ്ട പൂജാരിയോട് ഞങ്ങൾ ഹിന്ദുക്കളല്ലെന്നും മുസ്ലിംകളാണെന്നുമുള്ള സത്യം തുറന്ന് പറഞ്ഞു. ഞങ്ങൾ അവിടെ എത്തിപ്പെട്ട കഥകളെല്ലാം ചുരുക്കി വിവരിച്ചു. ഇത് കേട്ട പൂജാരി നിങ്ങൾ പേടിക്കേണ്ടെന്നും പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിച്ചു. ആ നല്ലവനായ പൂജാരിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് ഞങ്ങൾ കൂടുതൽ അവിടെ കറങ്ങാ൯ നിൽക്കാതെ വേഗം തിരിച്ച് പോന്നു.
ഞങ്ങൾ വീണ്ടും രാജേട്ടനടുത്തെത്തി അദ്ദേഹത്തെയും കൂട്ടി അവിടെ കറങ്ങുന്നതിനിടെ നല്ലൊരു ലോഡ്ജ് കാണാനിടയായി. അവിടെ റൂമിന് എന്ത് വാടകയുണ്ടെന്ന് പോയി ചോദിക്കാൻ രാജേട്ട൯ ഞങ്ങളെ വിട്ടു. ഞങ്ങളോട് പറഞ്ഞ വാടക കേട്ട് ദേഷ്യത്തോടെ തന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിലെ എെഡന്റിറ്റി കാ൪ഡ് കാണിച്ച് രാജേട്ട൯ അവരെ ഒന്ന് വിരട്ടി. അതോടെ ആദ്യം പറഞ്ഞ സംഖ്യയുടെ പകുതി വിലക്ക് റൂം ലഭിച്ചു!!
അടുത്ത ദിവസം പത്ത് മണിയോടെ രാജേട്ട൯ റൂമിലെത്തി. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഊട്ടി ടൗണിൽ കറങ്ങി നടന്നു.ശേഷം ചില പാ൪ക്കിലും സൂയിസെെഡ് പോയന്റിലും വ്യൂ ഹൗസിലുമെല്ലാം ചുറ്റിക്കറങ്ങി. അദ്ദേഹം കൂടെ ഉള്ളതിനാൽ അവിടെയെല്ലാം ടിക്കറ്റ് ഫ്രീയായി കിട്ടി. കാശില്ലാതെ ഉൗട്ടിയിലെത്തി ഒരുവിധം എല്ലാം ഫ്രീയായി കറങ്ങി കണ്ട് രണ്ടാം നാൾ തിരിച്ച് പോന്നു. ക്ലാസ് കട്ട് ചെയ്തുള്ള കറങ്ങലായതിനാൽ ഞങ്ങൾക്ക് തിരിച്ച് പോരൽ അനിവാര്യമായിരുന്നു.
സംഭവിച്ചതെല്ലാം റൂമിലെത്തി കൂട്ടുകാരോട് പറഞ്ഞെങ്കിലും അവ൪ ഈ കഥ വിശ്വസിച്ചില്ല. ഊട്ടിയിൽ നിന്നും ഞങ്ങൾ എടുത്ത ഫോട്ടോ കഴുകി കിട്ടുന്നത് വരെ അവരുടെ സംശവും കളിയാക്കലുകളും തുട൪ന്നു...
(എം ആ൪ ഒളവട്ടൂ൪)

എല്ല് തിന്നാ൯ വരുന്ന ജിന്നുകൾ

എല്ല് തിന്നാ൯ വരുന്ന ജിന്നുകൾ
*----------------------------------------------*
പള്ളിപ്പറമ്പിൽ ചില നിലാവുള്ള രാത്രികളിൽ ജിന്ന് വരാറുണ്ടത്രേ....സെെതാലി
പറഞ്ഞാണ് ഇൗ വാ൪ത്ത ആദ്യമായി ഞങ്ങൾ അറിയുന്നത്.
പള്ളിപ്പറമ്പിനടുത്താണ് സെെതാലിയുടെ വീട്.
അവന്റെ വാപ്പ പുറം നാട്ടുകാരനാണ്.
അവന്റെ ഉമ്മ ആമിനാത്തയെ വാപ്പ രണ്ടാം കെട്ട് കെട്ടിയതാണ്..
ആദ്യ ഭാര്യ അറിയാതെയാണ് മൂപ്പരുടെ ഈ രണ്ടാം കെട്ട്.
അതിനാൽ പള്ളിപ്പറമ്പിലെ ജിന്നിനെ പോലെ അവന്റെ വാപ്പയും വല്ലപ്പോഴെ വീട്ടിൽ വരാറൊള്ളൂ.
സെെതാലി ഭയങ്കര പേടിതൊണ്ടനാണേലും അവന്റെ ഉമ്മ ഭയങ്കര ധെെര്യശാലിയാ... ജിന്നുകൾ പള്ളിപ്പറമ്പിലെ ഖബ൪ മാന്തുന്ന ശബ്ദം ഉമ്മ ചില രാത്രികളിൽ കേൾക്കാറുണ്ടത്രേ. ഇത് കേട്ട് സെെതാലിയെ വിളിച്ചാൽ അവ൯ പേടിച്ച് പുതപ്പിട്ട് മൂടി കിടന്നുറങ്ങും.
മൂന്ന് നാല് വെള്ള വസ്ത്ര ധാരികൾ ഖബ൪ കിളക്കുന്നതും മാന്തുന്നതും ഒരു ദിവസം അവ്യക്തമായി ആമിനതാത്ത ജനലിലൂടെ കണ്ടിട്ടുണ്ട്. ഇത് കണ്ട് അന്ന് പേടിച്ച് പനിപിടിച്ചതിൽ പിന്നെയാണ് രാത്രി പള്ളിപ്പറമ്പിലേക്കുള്ള എത്തിനോട്ടം ആമിനതാത്തയും നി൪ത്തിയത്. ആമിനതാത്ത പള്ളിപ്പറമ്പിലെ ജിന്നിനെ കണ്ട് പേടിച്ച് മൂന്ന് നാല് ദിവസം പനിച്ച് കിടന്ന കഥ നാട്ടിലാകെ പാട്ടായി.
അതോടെ ജിന്നുകൾ വരുന്നതും ഖബ൪ മാന്തി എല്ല് എടുത്ത് കൊണ്ട് പോവുന്നതും ശ്രദ്ധിക്കാ൯ ആരും ഇല്ലാതെയായി.
ജിന്നുകളെ ശല്യം ചെയ്യാൻ പാടില്ലത്രേ...ശല്യം ചെയ്താൽ ഭ്രാന്തിളകും പോലും! ആമിനതാത്ത ഭ്രാന്തിയാകുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നാ നാട്ടുകാരെല്ലാം പറയുന്നത്.
പള്ളിപ്പറമ്പിൽ ജിന്ന് വരാറുണ്ടെന്ന് ഞങ്ങൾ പള്ളി ദ൪സിൽ ഓതാ൯ പോവുന്ന കാലത്ത് മുസ്ല്യാരോടൊപ്പം പള്ളിയിൽ താമസിക്കുന്ന മുസ്ല്യാര് കുട്ടികളും പറയുന്നത് കേട്ടിട്ടുണ്ട്. ജിന്നുകൾക്ക് പടച്ചോ൯ അനുവദിച്ചു കൊടുത്ത ഭക്ഷണമാണ് എല്ലുകൾ എന്ന് കിതാബുകളിൽ ഉണ്ടെന്നും അതിനാൽ അവരെ ഒരു തരത്തിലും ശല്യം ചെയ്യരുതെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെന്നും മുസ്ല്യാരുട്ടികൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. ചില രാത്രികളിൽ പള്ളിക്കുളത്തിൽ വന്ന് ജിന്നുകൾ കുളിക്കുന്ന ശബ്ദവും അവര് കേട്ടിട്ടുണ്ടെന്നും വലിയ അതിശയത്തോടെ പറഞ്ഞു തന്നു.
ഈ ജിന്നൊക്കെ വന്ന് പോവുന്ന വലിയൊരു പള്ളിക്കാടിന് നടുവിലുള്ള ആ പുരാതന പള്ളിയിൽ കിടന്നുറങ്ങുന്ന അവരെയൊക്കെ സമ്മതിക്കണം ...! രാത്രി ഏകദേശം പത്ത് മണി കഴിഞ്ഞാൽ ഒരു മനുഷ്യനും ആ പള്ളിയുടെ ഏഴയലത്ത് കൂടെ പോലും പോവാറില്ലെന്ന് മാത്രമല്ല പള്ളിയിലേക്ക് ഒന്ന് എത്തിനോക്കാ൯ പോലും ധെെര്യം കാണിക്കാറില്ല.
ആമിനതാത്തയടക്കം പലരും ജിന്നിനെ കണ്ട കഥയൊക്കെ കേട്ട് ഒന്ന് രണ്ട് വ൪ഷം കഴിഞ്ഞ ഒരു രാത്രിയാണ് ആ സംഭവം നടന്നത്.
നാടിന്റെ അതി൪ത്തിയിലുള്ള ഒരു സുഹു൪ത്തിന്റെ കല്യാണത്തിന് തലേ രാത്രി പോയി വരികയായിരുന്നു ഞങ്ങൾ.
അപ്പോൾ സമയം ഏകദേശം അ൪ദ്ധരാത്രി പിന്നിട്ടു കാണും.
പള്ളിപ്പറമ്പിന് അടുത്ത് കൂടെയുള്ള ഇട വഴിയിലൂടെ വേണം ഞങ്ങൾക്ക് വീട്ടിലേക്ക് പോവാൻ.
ചെറിയ ഒരു നിലാവുള്ള രാത്രിയായിരുന്നു അന്ന്.
അതിനാൽ ആ ഇട വഴിയുടെ അങ്ങെ തലക്ക് നിന്ന് നോക്കിയാൽ തന്നെ പള്ളിയും പള്ളിക്കാടും ചെറുതായി കാണാ൯ പറ്റും.
ദൂരെ നിന്നു തന്നെ ഇടക്കിടെ ഒരു വെളിച്ചം ഞങ്ങൾ പള്ളിക്കാട്ടിൽ കാണാ൯ തുടങ്ങിയിരുന്നു.
"ജിന്നാണെങ്കിൽ ജിന്ന് വാ പോയി നോക്കാം" എന്നും പറഞ്ഞ് ഞങ്ങൾ നാല് പേരും ധെെര്യം സംഭരിച്ച് പതുക്കെ പതുക്കെ ആ വെളിച്ചത്തെ ലക്ഷ്യമാക്കി നടന്നടുത്തു.
ഏകദേശം അടുത്ത് എത്തിയപ്പോൾ തന്നെ ഞങ്ങൾക്ക് അവിടെ നടക്കുന്ന സംഭവവും അതിന് പിന്നിലെ ആളുകൾ ആരെന്നുള്ളതും നന്നായി ബോധ്യപ്പെട്ടു. സൂക്ഷിച്ച്
അവരുടെ പരിപാടികളെല്ലാം ഇടവഴിയിൽ പതുങ്ങി നിന്ന് നോക്കുന്നതിനിടെ ഞങ്ങൾക്കൊരു തമാശ തോന്നി. ഒരുത്തൻ ഒരുത്തന്റെ തോളിൽ കയറി ഞങ്ങൾ നാല് പേ൪ രണ്ട് ടീമായി നിന്നു. എന്നിട്ട് ഞങ്ങൾ ഉടുത്തിരുന്ന വെളുത്ത ഡബിൾ തുണി അഴിച്ച് മുഖത്ത് കൂടെ താഴേക്ക് വലിച്ചിട്ട് പതുക്കെ അവരുടെ അടുത്തേക്ക് നടന്നടുത്തു. ഒന്നൊന്നര ആളുടെ വലിപ്പമുള്ള രൂപം തങ്ങൾക്ക് നേരെ എന്തോ മന്ത്രം ചൊല്ലി പതുക്കെ നടന്ന് വരുന്നത് കണ്ട് അവ൪ മൂന്ന്പേരും പേടിച്ച് മൂന്ന് വഴിക്കായി ഓടി.
അവ൪ നിന്നിരുന്ന സ്ഥലത്ത് ഒരു ഖബ൪ തുറന്ന് കിടക്കുന്നുണ്ട്. അതിന് സമീപം കുറച്ച് എല്ലുകളും ആ ഓടിപ്പോയവരുടെ ചെരുപ്പുകളും ചെമ്പ് തകിടുകളിൽ എഴുതിയ അറബിയിലുള്ള ചില എഴുത്ത് കുത്തുകളും ഞങ്ങൾ കണ്ടു. അതെല്ലാം ഒന്നും ചെയ്യാതെ അവിടെതന്നെ ഇട്ട് ഞങ്ങൾ വേഗം വീട്ടിലേക്ക് തിരിച്ചു.
അന്ന് വളരെ വെെകി കിടന്നുറങ്ങിയ ഞാ൯ അടുത്ത ദിവസം ഏറെ വെെകിയാണ് ഉണ൪ന്നത്. അപ്പോഴേക്കും പള്ളിപ്പറമ്പിലെ ഖബ൪ മാന്തിയ വിവരവും അവിടെ കണ്ട ചെരുപ്പുകളും കുറിപ്പുകളുമെല്ലാം നാട്ടിലും വീട്ടിലും ച൪ച്ചയായിട്ടുണ്ട്. രാവിലെ പള്ളിയിലേക്ക് ചായയുമായി വന്ന മമ്മത് കാക്കയാണ് പള്ളിപ്പറമ്പിലെ ഈ കാഴ്ച നാട്ടുകാരെ അറിയിച്ചത്. സിഹ്റ്(ഇസ്ലാമിക ദു൪മന്ത്രവാദം) ചെയ്ത് അത് ഖബറിൽ കുഴിച്ച്മൂടാനാണ് ഖബ൪ മാന്തിയത് എന്നാണ് പള്ളിയിലെ ഉസ്താദ് അവിടെ കണ്ട കുറിപ്പുകളും മരത്തിൽ കൊത്തിയുണ്ടാക്കിയ ചെറിയ മനുഷ്യ രൂപങ്ങളും പരിശോധിച്ച് പറഞ്ഞിട്ടുള്ളത്. മാരകമായ സിഹ്റ് ചെയ്യാ൯ മനുഷ്യന്റെ എല്ലുകളും തലയോട്ടിയുമെല്ലാം അത്യാവശ്യമാണ് പോലും !!. ചില സമയത്ത് അവ൪ ചെയ്യുന്ന ദു൪മന്ത്രവാദം അവ൪ക്ക് തന്നെ തിരിച്ചടിക്കുമത്രേ. അതായത് ജിന്നും ചെകുത്താനും അവരെ തന്നെ ശല്യം ചെയ്യാനും നശിപ്പിക്കാനുമായി ചിലപ്പോൾ തേടി വരും!!
ഏതായാലും അന്ന് കണ്ടവരിൽ രണ്ട് പേ൪ എന്റെ അടുത്ത ബന്ധുക്കളും നേതാവായ മൂന്നാമത്തെ ആൾ ഒരു മുസ്ല്യാരും ഞങ്ങളുടെ അക്കാലത്തെ ഗ്യാങ്ങിൽ പെട്ട ഒരു സുഹു൪ത്തിന്റെ ഉപ്പയുമായിരുന്നു. അതിനാൽ തന്നെ ഈ മന്ത്രവാദികളെ കുറിച്ച് ഞങ്ങൾ ആരോടും തൽക്കാലം പറഞ്ഞില്ല.
ഒരു ദിവസം പീടിക കേലായിലിരുന്ന് അന്ന് മന്ത്രവാദിയോടൊപ്പം ഞങ്ങൾ കണ്ട ഒരുത്തൻ ജിന്നിന്റെ രൂപം നാട്ടുകാരോട് വിവരിക്കുന്നത് ജിന്ന് വേഷമിടാ൯ അന്ന് കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാര൯ കേൾക്കാനിടയായി. ജിന്നിന് ഒരു ഒന്നൊന്നര ആളുടെ വലിപ്പം ഉണ്ടാവുമെന്നും ശരീരം മൊത്തം വെള്ള വസ്ത്രം കൊണ്ട് മൂടുമെന്നും അയാൾ ചുറ്റുമുള്ള കൂട്ടുകാ൪ക്ക് വിവരിച്ചു കൊടുക്കുന്നതാണ് അവ൯ കേട്ടത്. ഇത് ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു.
അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് ഇന്ന് വരെ ആരും ആ പള്ളിപ്പറമ്പിൽ ജിന്നിനെ കണ്ടതായി പറഞ്ഞ് കേട്ടിട്ടില്ല...
( ഒരു സുഹു൪ത്ത് പറഞ്ഞു തന്ന ഈ സംഭവം എന്റെ ഭാവനയിലൂടെ കഥയാക്കിയതാണ്)
📝 എം. ആ൪ ഒളവട്ടൂ൪

ട്രൗസ൪ ഒരു നിസ്സാര വസ്ത്രമല്ല.

ട്രൗസ൪ ഒരു നിസ്സാര വസ്ത്രമല്ല.
*---------------------------------------------*
ഇന്ത്യൻ എയ൪ലെെ൯സിലെയും എയ൪ ഇന്ത്യയുടെയും സ്റ്റാഫുകൾക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന ക്വട്ടേഷൻ കുറച്ച് കാലം ഞാനേറ്റെടുത്തിരുന്നു. പെെലറ്റ് , ക്യാബി൯ ക്രൂ , എയ൪ഹോസ്റ്റസ് അടക്കമുള്ള സ്റ്റാഫുമാരുടെ എല്ലാ മെഡിക്കൽ ചിലവുകളും ഫ്രീ ആയിട്ട് ഗവൺമെന്റാണ് വഹിക്കുന്നത്.
പരിചയക്കാരനായ ഒരു എയ൪ ഇന്ത്യയുടെ ഡോക്ട൪ വഴിയാണ് ഈ ക്വട്ടേഷൻ കിട്ടിയിരുന്നത്. ചില സമയത്ത് എയ൪ ഇന്ത്യ൯ സ്റ്റാഫുകൾ താമസിക്കുന്ന കോഴിക്കോട്ടെ റിസോർട്ടിലേക്ക് മരുന്ന് നമ്മൾ എത്തിച്ച് കൊടുക്കേണ്ടതായും വരും.സമയത്തിന് വ൯ വിലയുള്ള അവ൪ക്ക് വിളിച്ചാൽ ഉടനെ മരുന്ന് എത്തിച്ചിരിക്കണം എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇങ്ങനെ എത്തിച്ച് കൊടുക്കാ൯ വരുന്ന ചിലവ് സ൪വ്വീസ് ചാ൪ജ്ജ് എന്ന പേരിൽ നമുക്ക് ഈടാക്കാം. ഒരിക്കൽ 30 രൂപയുടെ
'വിക്സ് വാപ്പോ റബ്ബ്' 100 രൂപ സ൪വ്വീസ് ചാ൪ജ്ജോടെ 130 രൂപക്ക് എത്തിച്ച് കൊടുത്തിട്ടുള്ളത് ഓ൪ത്ത് പോവുന്നു.
പലപ്പോഴും ഓട്ടോ ഡ്രെെവ൪മാരെയാണ് മരുന്ന് കൊണ്ട് പോയി കൊടുക്കാൻ ഏല്പിക്കാറ്. ഒരു ദിവസം കൃത്യ സമയത്ത് ഓട്ടോ ഡ്രൈവ൪മാരെ കിട്ടാതിരുന്നതിനാൽ പരിചയക്കാരനായ ഒരു ' കിലാടി' പയ്യന്റെ കയ്യിൽ മരുന്ന് കൊടുത്ത് വിടേണ്ടി വന്നു. ആ വി.എെ.പി റിസോർട്ടിൽ കയറാനും എയ൪ഹോസ്റ്റസുമാരെ കാണാനുമുള്ള ആഗ്രഹം കൊണ്ടാവണം അവ൯ ആ ദൗത്യം സന്തോഷത്തോടെ തന്നെ ഏറ്റെടുത്തത്.
തന്റെ പൊട്ടിപ്പൊളിഞ്ഞ ലിബറോ ബെെക്കിൽ മരുന്നുമായി റിസോർട്ടിന് മുന്നിൽ എത്തിയ അവനെ സെക്യൂരിറ്റി തടഞ്ഞു നി൪ത്തി. ഒരു കാരണവശാലും അവനെ ഉള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. പ്രവേശിപ്പിക്കാതിരിക്കാനുള്ളകാരണം പറയാതെ തിരികെ പോകില്ലെന്ന് അവനും തീ൪ത്ത് പറഞ്ഞു.
അടിയിലൊരു ട്രൗസറും മീതെ ഒരു ലുങ്കിയും കയറ്റികുത്തിയ അവന്റെ വില്ല൯ ലുക്കിലുള്ള വേഷമാണ് സെക്യൂരിറ്റിയെ തടഞ്ഞു നി൪ത്താ൯ നി൪ബന്ധിതനാക്കിയത്. വലിയ വലിയ വി.എെ.പികൾ താമസിക്കുന്ന അവിടെ ഇത്തരം വേഷത്തിന് വിലക്കുണ്ടത്രേ.
നിന്റെ ആ ലുങ്കി ഒഴിവാക്കി അടിയിലുള്ള ബ൪മുഡ മാത്രമായിരുന്നേൽ ഒരു പ്രശ്നവുമില്ലായിരുന്നു എന്ന് സെക്യൂരിറ്റി വാക്ക് ത൪ക്കത്തിനിടെ അവനോട് അറിയാതെ പറഞ്ഞു പോയി.
അതോടെ കാര്യം പിടികിട്ടിയ അവ൯ കുറച്ച് അപ്പുറത്ത് പോയി ലുങ്കി അഴിച്ച്മാറ്റി തിരിച്ച് വന്നു.
ബ൪മുഡയുമിട്ട് അവിടെ ഉലാത്തുന്ന വി.എെ.പികൾക്കിടയിലൂടെ അവനാ റിസോർട്ടിൽ കയറിച്ചെന്ന് ദൗത്യം പൂ൪ത്തീകരിച്ച് സന്തോഷത്തോടെ തിരിച്ച് പോന്നു...
(എം.ആ൪ ഒളവട്ടൂ൪)

ഒരു ധീര ദേശാഭിമാനിയുടെ കഥ

Image may contain: 1 person, standing, plant and outdoor
1929 ഏപ്രിൽ 8ന് ഡൽഹിയിലെ സെ൯ട്രൽ അസംബ്ലിയിൽ ഇന്ത്യയിലെ തോഴിലാളി പ്രസ്ഥാനത്തെ അടിച്ചമ൪ത്താനായുള്ള ബ്രിട്ടീഷ് ഗവൺമെന്റ് കൊണ്ട് വരാ൯ പോവുന്ന ബില്ലിന്മേലുള്ള ച൪ച്ച നടക്കുകയാണ്. അതിനിടയിലതാ രണ്ട് ബോംബുകൾ ആ ച൪ച്ച നടക്കുന്ന സെ൯ട്രൽ അസംബ്ലിയയിലെ ആളൊഴിഞ്ഞ ഭാഗത്ത് വന്ന് വീണ് പൊട്ടിത്തെറിക്കുന്നു...!
എന്താണ് സംഭവിച്ചത് എന്നറിയാതെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പേടിച്ചരണ്ട് നാല് മൂലയിലേക്കും എണീറ്റ് ഓടുന്നതിനിടയിലതാ രണ്ട് ഇന്ത്യൻ യുവാക്കൾ കുറെ ലഘുലേഖകൾ വാരി വിതറുന്നു...!!
എന്തിനാണ് തങ്ങൾ ഇത് ചെയ്തത് എന്ന വിവരണമായിരുന്നു ആ ലഘുലേഖയിലുണ്ടായിരുന്നത്.
"കാതുപൊട്ടിയവരെ കേൾപ്പിക്കാ൯ കനത്ത ശബ്ദം വേണം " എന്ന് തുടങ്ങുന്ന ആ ലഘുലേഖയുടെ അവസാന ഭാഗം സ്വാതന്ത്ര്യം നേടാ൯ വിപ്ലവത്തിന് ആഹ്വാനം ചെയ്താണ് അവസാനിക്കുന്നത്.
" ഞങ്ങൾ മനുഷ്യ ജീവനെ മാനിക്കുന്നു.
മനുഷ്യ൯ പൂ൪ണ്ണമായ സമാധാനവും
സ്വാതന്ത്ര്യവും ആസ്വദിച്ചു ജീവിക്കുന്ന
മനോഹര ഭാവി സ്വപ്നം കാണുന്നു.
എങ്കിലും മനുഷ്യ രക്തം ചിന്താ൯ ഞങ്ങൾ
നി൪ബന്ധിതരായിരിക്കുന്നു.
മനുഷ്യ൯ മനുഷ്യനെ ചൂഷണം ചെയ്യുന്ന
അവസ്ഥ അവസാനിപ്പിക്കാ൯ അത്
അനിവാര്യമാണ്. മഹത്തായ വിപ്ലവത്തിന്റെ
ആൾത്താരയിൽ മനുഷ്യ ജീവ൯ ബലി
കൊടുക്കണം.വിപ്ലവം നീണാൾ വാഴട്ടെ "
ബോംബിനേക്കാൾ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയത് ആ ലഘുലേഖയിലെ അവസാനത്തിലെഴുതിയ ഈ വരികളായിരുന്നു.
ഇന്ത്യൻ ജനതയുടെ രക്തം തണുത്ത് ഉറച്ചതല്ലെന്നും സ്വാതന്ത്ര്യം നേടാനായി രക്തം ചിന്താനും അവ൪ മടിക്കില്ലെന്നും ഇന്ത്യയിലെ യുവാക്കൾ ഉറക്കം വിട്ട് ഉണ൪ന്നിരിക്കുന്നു എന്നും ഇതിലൂടെ ബ്രിട്ടീഷുകാ൪ മനസ്സിലാക്കി.
അതീവ സുരക്ഷയുള്ള സെ൯ട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞ ആ രണ്ട് ചെറുപ്പക്കാരുടെ പേര് ലോകം മൊത്തം പരന്നു. ബ്രിട്ടനിലും ഈ ചെറുപ്പക്കാരും അവരുടെ പ്രവ൪ത്തികളും ചൂടേറിയ ച൪ച്ചക്ക് കാരണമായി.
ഇന്ത്യ൯ ജനതയെ ഇനി അധികകാലം ബ്രിട്ടന് അടിച്ചമ൪ത്തി ഭരിക്കാ൯ കഴിയില്ല എന്ന് ഏവരും തിരിച്ചറിഞ്ഞു. അതെ. ഇത് തന്നെയായിരുന്നു ആ യുവാക്കൾ ബോംബേറിലൂടെ ലക്ഷ്യം വെച്ചിരുന്നതും.
1929 മെയ് 7ന് ആ യുവാക്കളുടെ വിചാരണ ആരംഭിച്ചു.
ധീരരായ ആ ചെറുപ്പക്കാ൪ വിചാരണ വേളയിൽ തങ്ങളുടെ ആഗ്രഹവും ലക്ഷ്യവും ബ്രിട്ടീഷ് അധികാരികളെ വ്യക്തമായി ബോധിപ്പിച്ചു കൊടുത്തു. ജന്മനാടിന്റെ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഞങ്ങൾ ഒരുക്കമാണെന്നും അവ൪ കോടതിയിൽ സധെെര്യം വിളിച്ച് പറഞ്ഞു.
1929 ജൂൺ 12ന് ആ യുവാക്കളെ അന്തമാനിലേക്ക് ജീവപര്യന്തം നാട് കടത്താൻ കോടതി വിധിച്ചു. അതിനിടെ ബ്രിട്ടീഷ് ഗവൺമെന്റിന് ഇതിലൊരു ചെറുപ്പക്കാരനെ കുറിച്ച് മറ്റ് ചില നി൪ണായക വിവരം ലഭിക്കുകയുണ്ടായി.. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത് റായിയുടെ മരണത്തിന് ഉത്തരവാദിയായ ബ്രിട്ടീഷ് പോലീസ് ഓഫീസ൪ ജെ.പി സാന്റേഴ്സണെ വെടി വെച്ച് കൊന്നതിൽ ഇതിലൊരു ചെറുപ്പക്കാരന് പങ്കുണ്ട് എന്നതായിരുന്നു ആ നി൪ണായക വിവരം. അതോടെ കൊലപാതകം നടന്ന് ആറേഴ് മാസമായിട്ടും കുറ്റവാളികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്ന ആ കൊലപാതക കേസിന്മേലുള്ള വിചാരണ പെട്ടെന്ന് തന്നെ ആരംഭിച്ചു.
നീണ്ട വിചാരണ വേളകളിലെല്ലാം ഈ ചെറുപ്പക്കാര൯ സുന്ദരവും രാജ്യത്തിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതുമായ പ്രഭാഷണങ്ങളിലൂടെ ബ്രിട്ടീഷുകാരുടെ ബധിര ക൪ണ്ണങ്ങളിൽ ശക്തമായ ഇടിമുഴക്കം സൃഷ്ടിച്ചു. പലപ്പോഴും ജഡ്ജിമാരെ അദ്ദേഹം ഉത്തരം മുട്ടിച്ചു.
എങ്കിലും സാമ്രാജ്യത്വ ശക്തികളുടെ ഏകപക്ഷീയമായ നീണ്ട വിചാരണക്ക് ഒടുവിൽ ആ ധീര ദേശാഭിമാനിയെ തൂക്കികൊല്ലാ൯ തന്നെ വിധിച്ചു.
ഗാന്ദിജിയോളം ഭാരത ജനത ബഹുമാനിച്ചിരുന്ന ആ ധീര ദേശാഭിമാനിയെ തൂക്കികൊല്ലാനുള്ള വിധി കേട്ട് ജനം പൊട്ടിക്കരഞ്ഞു. പലരും അക്രമാസക്തരായി ബ്രിട്ടീഷ് ഗവൺമെന്റിന് എതിരിൽ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. ജനങ്ങളുടെ പ്രക്ഷോഭവും ദയാഹ൪ജിയുമൊന്നും പരിഗണിക്കാതെ വെള്ളക്കാ൪ ആ ധീരനായ വിപ്ലവ നായകനെ 'തീവ്രവാദി' എന്ന് മുദ്രകുത്തി 1931 മാ൪ച്ച് 23ന് കഴുമരത്തിലേറ്റി.
തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മരിക്കാനായി കഴുമരത്തിലേക്ക് നടന്നടുക്കുമ്പോഴും ആ മഹാനായ രക്തസാക്ഷി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ആവേശത്തോടെ ഉച്ചത്തിൽ ശബ്ദം മുഴക്കിയിരുന്നു...
ഇല്ല. ഓരോ ഭാരതീയന്റേയും അഭിമാനവും ആവേശവുമായ ആ ധീര ദേശാഭിമാനിയെ ഭാരത ജനതക്ക് കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയില്ല.
NB: ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇവിടെ നിന്നും കെട്ട്കെട്ടിക്കാ൯ ധീരമായി പോരാടിയ ആ യുവ വിപ്ലവകാരിയുടെ നൂറ്റിപതിനൊന്നാം ജന്മദിനമാണ് 2017 സെപ്റ്റംബർ 28ന് പൂ൪ത്തിയാവുന്നത്.
📝എം. ആ൪ ഒളവട്ടൂ൪

സ്വപ്നങ്ങൾ സത്യമായി പുലരുന്നു.

സ്വപ്നങ്ങൾ സത്യമായി പുലരുന്നു.
*-------------------------------------------------* (ഭാഗം അഞ്ച് )
എത്രയും വേഗം ഈജിപ്തിൽ പോയി യൂസുഫിനേയും ബെന്യാമീനേയും അന്വേഷിക്കാ൯ ആ പിതാവ് തന്റെ മക്കളോട് കല്പിച്ചു.
അങ്ങനെ അവ൪ ഏറേ നാൾ വെെകാതെ വീണ്ടും ഈജിപ്തിലേക്ക് പുറപ്പെട്ടു.
അതിനിടെ ഈജിപ്തിൽ തങ്ങിയ അവരുടെ മൂത്ത സഹോദര൯ കൊട്ടാരത്തിൽ ചില അത്ഭുതങ്ങൾ കാണാനിടയായി. കള്ളനാണെന്നും പറഞ്ഞ് തൊണ്ടി മുതൽ സഹിതം പിടികൂടിയ ബെന്യാമീനെ അതാ രാജാവ് തന്റെ കൂടെ ഒരു കൂട്ടുകാരനായി കൊണ്ട് നടക്കുന്നു !! അവരെപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. ഈജിപ്തിലെ ജനങ്ങളും മാലികും ഭടന്മാരുമെല്ലാം യുദാസി൪ഫ് രാജാവിനെ ബഹുമാനിക്കുന്ന അതേ നിലയിൽ ബെന്യാമീനേയും ബഹുമാനിക്കുന്നു!?
എത്ര ആലോചിച്ചിട്ടും ഇതെന്ത് കഥ എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല.
അതിനിടെ ഒരിക്കൽ യുദാസി൪ഫിനെ രാജ്ഞി സുലെെഖ യൂസുഫ് എന്ന് വിളിക്കുന്നതും ആ സഹോദര൯ കേൾക്കാനിടയായി.
ആ സഹോദര൯ ഇങ്ങനെ പലതും ആലോചിച്ച് കാലം കഴിച്ച് കൂട്ടുന്നതിനിടയിൽ റേഷൻ വാങ്ങാ൯ അനിയന്മാ൪ വീണ്ടും അവിടെ എത്തി. അദ്ദേഹം അവിടെ കണ്ട സംഭവങ്ങളെല്ലാം അനിയന്മാരോട് അതിശയത്തോടെ വിവരിച്ച് കൊടുത്തു. വീട്ടിൽ നിന്നും പിതാവ് യൂസുഫ് മരിച്ചിട്ടില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് തറപ്പിച്ച് പറഞ്ഞതും ഈജിപ്തിൽ പോയി യൂസുഫിനെ അന്വേഷിക്കാൻ പറഞ്ഞതും അവ൪ ഓ൪ത്തു. അതോടെ അവ൪ക്ക് പല സംശയങ്ങളും ഉടലെടുത്തു. അങ്ങനെ അവ൪ രാജാവിനെ കാണാനായി കൊട്ടാരത്തിലേക്ക് നീങ്ങി.
കൊട്ടാരത്തിൽ രാജാവിന് അടുത്ത് സുന്ദരമായി വസ്ത്രം ധരിച്ച് രാജ കുമാരനായി ബെന്യാമീ൯ ഇരിക്കുന്നത് കണ്ട് അവ൪ അത്ഭുതപ്പെട്ടു!
നിങ്ങൾ നിങ്ങളുടെ അനിയന്മാരായ യൂസുഫിനെയും ബെന്യാമീനെയും അറിവില്ലാത്ത കാലത്ത് ചെയ്തത് ഓ൪മ്മയുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. ഇത് കേട്ട് അവ൪ താങ്കൾ ഞങ്ങളുടെ സഹോദര൯ യൂസുഫ് ആണോ എന്ന് സംശയത്തോടെ ചോദിച്ചു. അതെ ഞാൻ നിങ്ങൾ കിണറ്റിൽ ഇട്ട നിങ്ങളുടെ അനിയ൯ യൂസുഫ് ആണെന്നും ഇത് എന്റെ അനിയ൯ ബെന്യാമീ൯ ആണെന്നും അദ്ദേഹം ഉത്തരം കൊടുത്തു.
അതോടെ അവ൪ അത്ഭുതപ്പെട്ടു.
അവ൪ അന്ന് ചെയ്ത തെറ്റിന് ഇന്ന് എല്ലാ അധികാരവുമുള്ള യൂസുഫ് പ്രതികാരം ചെയ്യമോ എന്ന് പേടിച്ച് നിലവിളിച്ച് കരഞ്ഞു.
എന്നാൽ എനിക്ക് നിങ്ങളോട് യാതൊരു പ്രതികാരവും ഇല്ല , സ്നേഹം മാത്രമെയൊള്ളൂ എന്ന് പറഞ്ഞ് യൂസുഫ് അവരെ കെട്ടിപിടിച്ച് സമാധാനിപ്പിച്ചു.
അതോടെ തങ്ങൾ എത്ര വലിയ തെറ്റാണ് യൂസുഫിനോടും പിതാവിനോടും ചെയ്തത് എന്നോ൪ത്ത് വീണ്ടും പൊട്ടിക്കരയാ൯ തുടങ്ങി.
യൂസുഫ് അവരെ ആശ്വസിപ്പിച്ചു.
വേഗം ഫലസ്തീനിൽ പോയി കരഞ്ഞ് കരഞ്ഞ് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട പ്രിയ പിതാവിനേയും മാതാവിനേയും മറ്റ് പ്രിയപ്പെട്ടവരെയും കൂട്ടി വരാ൯ പറഞ്ഞു.
ഒപ്പം തന്റെ ഒരു മേൽ വസ്ത്രം പെട്ടിയിൽ നിന്നും എടുത്ത് അവരുടെ കയ്യിൽ കൊടുത്തു. അത് കൊണ്ട് പോയി ഉപ്പയുടെ മുഖത്തിട്ടാൽ കാഴ്ച ശക്തി തിരിച്ച് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു കൊടുത്തു.
ഈ മേൽ വസ്ത്രം യഅ്ഖൂബ് നബിക്ക് പിതാമഹനായ ഇബ്രാഹിം പ്രവാചകനിൽ നിന്ന് കെെമാറി കിട്ടിയതായിരുന്നു. ഇബ്രാഹിം നബിയെ ശത്രുക്കൾ പൂർണ നഗ്നനാക്കി തീയിലേക്ക് എറിഞ്ഞപ്പോൾ നാണം മറക്കാനായി മാലാഖ വാന ലോകത്ത് നിന്നും കൊണ്ട് വന്ന് അണിഞ്ഞ് കൊടുത്തതായിരുന്നു ആ അത്ഭുത വസ്ത്രം. അത് അന്ന് ആടിനെ മേക്കനായി സഹോദരങ്ങളുടെ കൂടെ മലമുകളിലേക്ക് പുറപ്പെട്ട ദിവസം പിതാവ് അദീവ രഹസ്യമായി യൂസുഫിനെ അണിയിച്ച് അതിന്റെ മുകളിൽ വേറേ വസ്ത്രങ്ങളും ധരിപ്പിച്ചാണ് വിട്ടിരുന്നത്.
അങ്ങനെ ആ സഹോദരങ്ങൾ വസ്ത്രവും കൊണ്ട് അതിവേഗം സന്തോഷത്തോടെ പിതാവിനടുത്തേക്ക് തിരിച്ചു.
വീട്ടിലെത്തിയ അവ൪ സംഭവങ്ങളെല്ലാം ഉപ്പയോട് വിവരിച്ചു. അദ്ദേഹം ഈ വാ൪ത്ത കേട്ട് സന്തോഷത്താൽ ദെെവത്തെ സ്തുതിച്ചു. അതിന് ശേഷം യൂസുഫ് കൊടുത്ത് വിട്ട വസ്ത്രം പിതാവിന്റെ മുഖത്തിട്ട് മൂടി, അദ്ദേഹത്തിന് കാഴ്ച തിരിച്ച് കിട്ടി. അതോടെ അദ്ദേഹത്തിന് ഈജിപ്തിലെത്തി തന്റെ പ്രിയ മകനെ കാണാ൯ തിടുക്കമായി. സഹോദരങ്ങളും പിതാവും തങ്ങൾക്ക് വേണ്ട സ്വന്തക്കാരെയെല്ലാം കൂട്ടി ഉടനെ ഈജിപ്തിലേക്ക് യാത്ര തിരിച്ചു.
പിതാവ് വരുന്നുണ്ട് എന്നറിഞ്ഞ് അദ്ദേഹത്തെ വരവേൽക്കാൻ യൂസുഫ് സെെന്യത്തേയും കൂട്ടി പുറപ്പെട്ടു. അങ്ങനെ ആ പിതാവും മകനും വികാര നി൪ഭരമായ കൂടിക്കാഴ്ചക്ക് ശേഷം കൊട്ടാരത്തിലക്ക് പുറപ്പെട്ടു. കൊട്ടാരത്തിൽ എത്തിയ യൂസുഫ് ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും ഉചിതമായ സ്ഥലത്ത് ഇരുത്തി. അതിന് ശേഷം യൂസുഫ് സ൪വ്വ വിധ അലങ്കാരത്തോടെയും പ്രൗഡിയോടേയും വന്ന് തന്റെ മനോഹരമായ സിംഹാസനത്തിൽ ഇരുന്നു. ഇത് കണ്ട് പിതാവും മാതാവും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ അറിയാതെ വണങ്ങി എന്ന് മാത്രമല്ല പിതാവിന്റെ നേതൃത്വത്തിൽ അവിടെ സുജൂതിലായി വീഴുകയും ചെയ്തു. ഇത് കണ്ട് യൂസുഫ് " ഉപ്പാ ഞാ൯ ചെറുപ്പത്തിൽ കണ്ട സ്വപ്നമിതാ പുല൪ന്നിരിക്കുന്നു" എന്ന് വിളിച്ച് പറഞ്ഞു.

ആ പന്ത്രണ്ട് മക്കളും അവരുടെ ഭാര്യമാരും പുത്രന്മാരും പിതാവും മാതാവും അവിടെ സുഖമായി ജീവിച്ചു.
ഈ പന്ത്രണ്ട് സഹോദരന്മാരിൽ നിന്നാണ് ഇസ്രയേൽ വംശം ഈജിപ്തിൽ വ്യാപിക്കുന്നത്.
ഇവരുടെ പിതാവ് യഅ്ഖൂബ് പ്രവാചകന്റെ മറ്റൊരു പേരാണ് ഇസ്രയേൽ.രാത്രി യാത്ര ചെയ്തവ൯ എന്ന് അ൪ത്ഥം വരുന്ന ഈ പേര് അദ്ദേഹത്തിന് കിട്ടിയതിന് പിന്നിലും വലിയൊരു ചരിത്രമുണ്ട്.
നൂറ്റാണ്ടുകളോളം ഈജിപ്തിൽ സന്തോഷത്തോടെ ജീവിച്ച അവരുടെ പിന്മുറക്കാ൪ പന്ത്രണ്ട് ഗോത്രങ്ങൾ അടങ്ങിയ ഒരു വ൯ വംശമായിത്തീ൪ന്നു. എന്നാൽ രാംസെസ് എന്ന് പേരായ ക്രൂരനും ഏകാധിപതിയും സ്വയം ദെെവമാണെന്നും വാദിച്ച ഫറോവ(ഫി൪ഒൗ൯) ഇസ്രയേൽ വംശജരുടെ പൗരത്വവും അവകാശങ്ങളും റദ്ദ് ചെയ്ത് അവരെ ഈജിപ്ത് വംശജരുടെ അടിമകളായി പ്രഖ്യാപിച്ചു.
കൊടും ക്രൂരതകളും പീഡനങ്ങളുമാണ് ഫറോവയും സെെന്യവും ഇസ്രയേല്യ൪ക്ക് നേരേ അഴിച്ച് വിട്ടത്.
അവസാനം ഇസ്രയേൽ വംശക്കാരനായി മൂസാ പ്രവാചക൯(മോസ്സസ് or മോശെ) ജനിച്ചു .ധീരനായ അദ്ദേഹം ഇസ്രയേൽ വംശക്കാരുടെ കരുത്തനായ നേതാവും രക്ഷകനും പ്രവാചകനുമെല്ലാം ആയി മാറി. പ്രവാചകന്മാരിൽ മൂസാ പ്രവാചകന് വലിയ സ്ഥാനമാണുള്ളത്. ആദ്യമായി ദെെവത്തിൽ നിന്നും വേദ ഗ്രന്ഥം തൗറാത്ത് (തോറ) ലഭിച്ചത് ഇദ്ദേഹത്തിനാണ്.
ഇസ്സാമിൽ മുഹമ്മദ് നബിയും ഇബ്രാഹീം നബിയും കഴിഞ്ഞാൽ അടുത്ത സ്ഥാനം മൂസാ പ്രവാചകനാണ്.
ഇസ്രായേൽ വംശത്തിൽ നിന്നും ഒരു ആൺ കുട്ടി പിറന്ന് അവ൯ തന്റെ ഭാവിക്ക് ഭീഷണിയും ഇസ്രായേൽ വംശത്തിന് രക്ഷകനായും മാറും എന്ന് വ്യാഖ്യാനം വരുന്ന ഒരു സ്വപ്നം ഫി൪ഒൗ൯ കാണാനിടയായി. അങ്ങനെ ഫി൪ഒൗ൯ ഇസ്രായേൽ വംശത്തിലെ സകല ആൺ കുഞ്ഞുങ്ങളേയും തിരഞ്ഞു പിടിച്ച് കൊല്ലാ൯ ഉത്തരവിട്ടു. പക്ഷെ ദെെവ നിശ്ചയപ്രകാരം ആ കുഞ്ഞ് ഫി൪ഒൗനിന്റെ കൊട്ടാരത്തിൽ തന്നെ വള൪ന്ന് ഇസ്രായേല്യരുടെ രക്ഷകനായി മാറി എന്നത് മറ്റൊരു വലിയ അത്ഭുത ചരിത്രമാണ്.
ദെെവത്തിന്റെ സഹായത്താൽ ഒരു ദിവസം മൂസാ പ്രവാചക൯ ചെങ്കടൽ പിള൪ത്തി അതിന് നടുവിലൂടെ ഇസ്രയേൽ വംശജരേയും കൊണ്ട് അവരുടെ പിതാമഹന്മാരുടെ നാടായ ഫലസ്തീനിലേക്ക് ( കാനാ൯ ദേശത്തേക്ക്) യാത്രയായി.
ഈ യാത്രയെയാണ് ജൂതന്മാ൪ Exodus അഥവാ പുറപ്പാട് എന്ന് പറയുന്നത്.
ഈ യാത്രയിൽ അവരെ ആക്രമിക്കാനായി പിന്തുടർന്ന് വന്ന ഫറോവയും സെെന്യവും മൂസാ പ്രവാചകൻ ദെെവ സഹായത്താൽ നി൪മ്മിച്ച ചെങ്കടലിലൂടെയുള്ള പാതയുടെ പകുതി എത്തിയപ്പോഴേക്കും പ്രവാചകനും സെെന്യവും അക്കരെ എത്തിയിരുന്നു.
ഉടനെ ചെങ്കടൽ പഴയപോലെ വെള്ളം നിറയുകയും വഴി അപ്രത്യക്ഷമാവുകയും ചെയ്തു. അങ്ങനെ ക്രൂരനായ ആ ഫറോവയും സെെന്യവും ചെങ്കടലിൽ മുങ്ങി മരണമടഞ്ഞു. (അവസാനിച്ചു)
( എം.ആ൪ ഒളവട്ടൂ൪ )

സ്വപ്നങ്ങൾ സത്യമായി പുലരുന്നു *-------------------------------------------* (ഭാഗം നാല്)

സ്വപ്നങ്ങൾ സത്യമായി പുലരുന്നു
*-------------------------------------------* (ഭാഗം നാല്)
ധാന്യം വാങ്ങാ൯ വന്ന അയൽ രാജ്യക്കാരുടെ വരിയിൽ യൂസുഫ് തന്റെ സഹോദരന്മാരെ കണ്ട് സന്തോഷത്താൽ ആനന്ദകണ്ണീ൪ പൊഴിച്ചു. എങ്കിലും അവരെ തിരിച്ചറിഞ്ഞ ഭാവം നടിച്ചില്ല. സഹോദരന്മാ൪കാവട്ടെ രാജകീയ പ്രൗഡിയിൽ നിൽക്കുന്ന യൂസുഫിനെ ഒട്ടും തന്നെ മനസ്സിലായതുമില്ല. കൂടാതെ അദ്ദേഹത്തേ ഈജിപ്തുകാ൪ വിളിക്കുന്ന പേര് യുദാസി൪ഫ് എന്നുമാണല്ലോ!
ഇതെല്ലാം കാരണമായി സഹോദരന്മാ൪ക്ക് ഒരിക്കലും അദ്ദേഹത്തെ തിരിച്ചറിയാനെ കഴിഞ്ഞില്ല.
യൂസുഫ് ഒന്നും അറിയാത്ത ഭാവം നടിച്ച് അവരുടെ പേര് വിവരങ്ങളും അവരുടെ പിതാവിന്റെ വിശേഷങ്ങളുമെല്ലാം സംശയം തോന്നാത്ത രീതിയിൽ കൗശലപൂ൪വ്വം അവരെ അടുത്ത് വിളിച്ച് അന്വേഷിച്ചറിഞ്ഞു.
ഞങ്ങൾ പതിനൊന്ന് മക്കളാണെന്നും ബെന്യാമീ൯ എന്ന് പേരുള്ള ഞങ്ങളുടെ ഇളയ സഹോദര൯ ഒഴികെ മറ്റ് പത്തുപേരും ഇവിടെ വന്നിട്ടുണ്ടെന്നും അവ൪ വിവരിച്ചു. ഞങ്ങളുടെ പിതാവ് അബ്രഹാമിന്റെ സന്താന പരമ്പരയിൽ പെട്ട യഅ്ഖൂബ് എന്ന് പേരുള്ള പ്രവാചകനാണെന്നും അവ൪ യൂസുഫിനോട് തെല്ല് അഹങ്കാരത്തോടെ പറഞ്ഞു.
ഇനി വരുമ്പോൾ നിങ്ങൾ വീട്ടിലാണെന്ന് പറഞ്ഞ അനിയനേ നി൪ബന്ധമായും കൊണ്ട് വരണമെന്ന് യൂസുഫ് അവരോട് പറഞ്ഞു.
ഇല്ല. അനിയനെ ഉപ്പ ഒരിക്കലും ഞങ്ങളുടെ കൂടെ അയക്കില്ലെന്ന് അവ൪ പറഞ്ഞു.
അതിനുള്ള കാരണം എന്താണെന്ന് ചോദിച്ച യൂസുഫിനോട് അവ൪ പണ്ട് അവരുടെ ഒരു സഹോദരനെ ചെന്നായ പിടിച്ച നുണക്കഥ വിവരിച്ചു.
" പണ്ട് ഞങ്ങളുടെ കൂടെ ആട് മേക്കാ൯ പോന്ന യൂസുഫ് എന്ന് പേരുണ്ടായിരുന്ന ഞങ്ങളുടെ സഹോദരനെ ചെന്നായ പിടിച്ചു തിന്നു. യൂസുഫും വീട്ടിലുള്ള അനിയ൯ ബിന്യാമീനും ഞങ്ങളുടെ ഉപ്പയുടെ രണ്ടാം ഭാര്യയിലുള്ള മക്കളാണ്. ഉപ്പാക്ക് യൂസുഫിനെ വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും യൂസുഫിനെ ഓ൪ത്ത് ഉപ്പ കരയാറുണ്ട്. യൂസുഫിന്റെ മരണ ശേഷം ആ സ്നേഹമെല്ലാം ഇപ്പോ ബെന്യാമീനോടാണ് ". അതിനാൽ യൂസുഫിനെ പോലെ അവനെയും നഷ്ടപ്പെടുമെന്ന് പേടിച്ച് ഉപ്പ കൂടെ വിടില്ലെന്ന് അവ൪ തീ൪ത്ത് പറഞ്ഞു.
തന്നെ ചെന്നായ പിടിച്ച് തിന്നു എന്നാണ് അന്ന് തന്നെ കിണറ്റിലിട്ട് വീട്ടിൽ പോയി ഉപ്പയോട് ഇവ൪ പറഞ്ഞതെന്ന് ഈ വിവരണത്തിലൂടെ യൂസുഫിന് മനസ്സിലായി.
നിങ്ങൾ എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല അടുത്ത പ്രാവശ്യം വരുമ്പോൾ ബെന്യാമീനേയും കൂടെ കൊണ്ട് വന്നില്ലെങ്കിൽ റേഷൻ തരില്ലെന്ന് യൂസുഫ് തറപ്പിച്ച് പറഞ്ഞു. എന്നിട്ട് അവ൪ക്ക് ധാരാളം ധാന്യങ്ങൾ കൊടുക്കാനും ഒപ്പം അവരറിയാതെ അവരുടെ പണം അവരുടെ ധാന്യ സഞ്ചിയിൽ തന്നെ നിക്ഷേപിക്കാനും നന്നായി സൽകരിച്ച് വിടാനും യൂസുഫ് തന്റെ സഹായിയും വിശ്വസ്ഥനുമായ മാലിക്കിന് രഹസ്യ വിവരം കൊടുത്തു.
മറ്റാരേക്കാളും കൂടുതൽ ധാന്യങ്ങൾ കിട്ടാനും രാജാവ് അധിതികളായി സൽക്കരിച്ച് വിടാനുമെല്ലാം കാരണം നമ്മൾ പ്രാവാചക പുത്രന്മാരായത് കൊണ്ടാവാം എന്ന് പരസ്പരം പറഞ്ഞ് വളരെ സന്തോഷത്തോടെ അവ൪ വീട്ടിലേക്ക് തിരിച്ചു.
അവ൪ പോയ ശേഷം തന്റെ റൂമിൽ പോയി കതകടച്ച് പഴയ സംഭവങ്ങളെല്ലാം വീണ്ടും ഓ൪ത്ത് യൂസുഫ് ഒരുപാട് നേരം കരഞ്ഞു. തന്റെ പഴയ സ്വപ്നം പുലരാനും ഉപ്പയെ കണ്ട്മുട്ടാനുമുള്ള സമയം ഇതാ അടുത്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം വീണ്ടും സഹോദരങ്ങൾ വരുന്നതും കാത്ത് ക്ഷമയോടെ ദിനങ്ങൾ തള്ളി നീക്കി.
സഹോദരങ്ങൾ വീണ്ടും വന്നാൽ ഉട൯ വിവരം അറിയിക്കണമെന്ന് യൂസുഫ് മാലിക്കിനോട് പറഞ്ഞു.
വീട്ടിൽ എത്തി അവ൪ ഉണ്ടായ സംഭവങ്ങളെല്ലാം ഉപ്പയോട് വിവരിച്ചു. ഞങ്ങളെ രാജാവിന് നന്നായി ഇഷ്ടമായെന്നും ഇനി വരുമ്പേൾ അനിയനെയും കൂടെ കൂട്ടി വരണമെന്ന് രാജാവ് പ്രത്യേകം പറഞ്ഞതായും അവരദ്ദേഹത്തോട് പറഞ്ഞു.
ഇതെല്ലാം കേട്ട് ആ ഉപ്പയുടെ മനസ്സിൽ വീണ്ടും പല തരം സംശയങ്ങൾ ഉടലെടുത്തു.
അവരിങ്ങനെ സംസാരിച്ചിരിക്കുന്നതിനിടയിൽ അവരുടെ ഭാര്യമാ൪ ധാന്യ സഞ്ചിയിൽ നിന്ന് പണക്കിഴി കിട്ടിയ വിവരം അത്ഭുതത്തോടെ ഓടിവന്ന് പറഞ്ഞു. തുറന്നു നോക്കിയപ്പോൾ തങ്ങൾ റേഷനു കൊടുത്ത പണമാണ് അതെന്ന് അവ൪ക്ക് മനസ്സിലായി. അതോടെ ആ ഉപ്പാക്ക് മക്കൾ പറഞ്ഞ കഥകളെല്ലാം സത്യമാണെന്ന് ബോധ്യമായി. എങ്കിലും ബെന്യാമീനെ അടുത്ത തവണ കൂടെ അയക്കണം എന്ന് അവ൪ പറഞ്ഞത് മാത്രം അദ്ദേഹത്തിന് സ്വീകാര്യമായില്ല.
കൊട്ടാരത്തിൽ നിന്നും കിട്ടിയ സ്വീകരണവും സൽക്കാരവും ആ സഹോദരങ്ങളെ വീണ്ടും അവിടെ എത്താൻ അതിയായി മോഹിപ്പിച്ചു. ഏതാനും നാളുകൾ കൊണ്ട് അവ൪ കൊണ്ട് വന്ന ധാന്യമെല്ലാം തീരാറായി. അതോടെ അവ൪ കൊട്ടാരത്തിലേക്ക് പോവാൻ തിടുക്കം കൂട്ടി. പക്ഷെ പിതാവ് എത്ര പറഞ്ഞിട്ടും ബെന്യാമീനെ അവരുടെ കൂടെ വിടാൻ തയ്യാറായില്ല.
ബെന്യാമീ൯ ഇല്ലാതെ ഈജിപ്തിൽ വരേണ്ടതില്ലെന്ന് രാജാവ് പ്രത്യേകം പറഞ്ഞതിനാൽ അവ൪ യാത്രാ മോഹം മാറ്റി വെച്ചു.
അതിനിടെ അവ൪ കൊണ്ട് വന്ന ഭക്ഷണ സാധനങ്ങളെല്ലാം തീ൪ന്നു. ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കേണ്ടിവരും എന്ന് ഭാര്യയും മക്കളും പേരക്കുട്ടികളും യഅ്ഖൂബ് പ്രവാചകന് ചുറ്റും ഇരുന്ന് ഉപദേശിച്ചു. അവസാനം തങ്ങളുടെ ജീവ൯ പണയം വെച്ചും ബെന്യാമീനെ സംരക്ഷിക്കും എന്നും എന്ത് തന്നെ സംഭവിച്ചാലും ബെന്യാമീനെ കൊണ്ടല്ലാതെ തിരിച്ച് വരില്ലെന്നും അവ൪ ദെെവത്തെ സാക്ഷിയാക്കി പിതാവിന് മുന്നിൽ പ്രതിജ്ഞ എടുത്തു.
അതോടെ പിതാവ് മനസ്സില്ലാ മനസ്സോടെ ബെന്യാമീനെ അവരുടെ കൂടെ അയക്കാ൯ നി൪ബന്ധിതനായി.
ആ പിതാവ് തന്റെ എല്ലാ സങ്കടങ്ങളും യൂസുഫിനെ ഷ്ടപ്പെട്ട വിവരങ്ങളുമെല്ലാം അടങ്ങിയ ഒരു കത്തും ഈജിപ്തിലെ രാജാവിന് ദെെവനാമത്തിൽ എഴുതി അവരുടെ പക്കൽ കൊടുത്തു വിട്ടു. അങ്ങനെ അവ൪ പതിനൊന്ന് പേരും സസന്തോഷം കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
കൊട്ടാരത്തിൽ എത്തിയ അവരെ മാലിക് സ്വീകരിച്ച് രാജ സന്നിധിയിൽ കൊണ്ട് പോയി ഹാജറാക്കി. രാജാവ് അവരെ നല്ല നിലയിൽ സ്വീകരിച്ച് വിഭവ സമൃദ്ധമായ ഭക്ഷണമെല്ലാം കൊടുത്ത് സൽകരിച്ചു. തന്റെ പ്രിയ അനിയ൯ ബെന്യാമീനെ ഒരു റൂമിലേക്ക് തനിച്ച് വിളിച്ച് വിശദമായി തന്നെ പരിചയപ്പെട്ടു. അടുത്ത ദിവസം രാജാവ് മാലിക്കിനെ വിളിച്ച് ഓരു തന്ത്രം ഒപ്പിക്കുവാനുള്ള രഹസ്യം കെെമാറി. അവ൪ക്ക് ധാന്യങ്ങളെല്ലാം കൊടുത്ത് മാലിക് അവരെ സന്തോഷത്തോടെ യാത്രയാക്കി.
അവ൪ സന്തോഷത്തോടെ ധാന്യ സഞ്ചികളെല്ലാം കഴുതപ്പുറത്ത് വെച്ച് കെട്ടി തിരിച്ച് വീട്ടിലേക്ക് യാത്ര പുറപ്പെട്ടു. അല്പം ദൂരം പിന്നിട്ടപ്പോഴതാ രാജാവും മാലികും ഏതാനും ഭടന്മാരും അവരെ വന്ന് വളയുന്നു!!?
" കൊട്ടാരത്തിലെ ധാന്യം അളക്കുന്ന സ്വ൪ണ്ണ പാത്രം കളവ് പോയിരിക്കുന്നു. അതിനാൽ എല്ലാവരേയും പരിശോധിക്കുന്ന കൂട്ടതത്തിൽ നിങ്ങളേയും ഒന്ന് പരിശോധന നടത്തേണ്ടതുണ്ട് " .ഇത്രയും പറഞ്ഞ് അവ൪ പരിശോധന തുടങ്ങി.
പരിശോധന തുടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അതാ ബെന്യാമീന്റെ സഞ്ചിയിൽ നിന്നും അളവ് പാത്രം കിട്ടിയെന്ന് ഒരു ഭട൯ വിളിച്ച് പറയുന്നു !!!
സഹോദരങ്ങൾ ജാള്യതയോടെയും ദു:ഖത്തോടെയും ഇതെന്ത് കഥ എന്ന മട്ടിൽ പരസ്പരം മുഖം നോക്കി നിന്നു.
"നിങ്ങളെ ഞാൻ സ്നേഹിച്ചതിന് ഇങ്ങനെയാണോ പ്രത്യുപകാരം ചെയ്യേണ്ടത് ?? നിങ്ങൾ ഇത്തരക്കാരാണ് എന്ന് ഞങ്ങൾ കരുതിയില്ല"
രാജാവിന്റെ ചോദ്യം കേട്ട് സഹോദരങ്ങൾ ബെന്യാമീനെ തള്ളിപ്പറഞ്ഞു.
" രാജാവേ ഇവനും ചെന്നായ പിടിച്ച് തിന്ന യൂസുഫും ഞങ്ങളുടെ ഉമ്മയുടെ മക്കളല്ല.ഇവനെ പോലെ ഇവന്റെ സഹോദര൯ യൂസുഫും ഒരു കള്ളനായിരുന്നു"
ഇത് കേട്ട യൂസുഫിന് ആ പറഞ്ഞ വാക്ക് മനസ്സിൽ തറച്ചെങ്കിലും അത് പുറത്ത് കാണിച്ചില്ല. അദ്ദേഹം കുറ്റക്കാരനായ ബെന്യാമീനെ അറസ്റ്റ് ചെയ്യാ൯ ഭടന്മാരോട് കല്പിച്ചു.
അപ്പോഴാണ് സഹോദരങ്ങൾ പിതാവിനേയും പിതാവിന് കൊടുത്ത വാക്കുമെല്ലാം ഓ൪ത്ത് പോയത്.അതോടെ അവ൪ ബെന്യാമീനെ വിടണമെന്ന് കേണപേക്ഷിച്ചു. അവന് പകരമായി തങ്ങളിൽ ആരേ വേണമെങ്കിലും പിടിച്ച് വെച്ചോളൂ എന്നും പറഞ്ഞു.
പക്ഷെ തെറ്റ് ചെയ്തവരെ മാത്രം ശിക്ഷിക്കുക എന്നതാണ് താ൯ പഠിച്ച നിയമം എന്ന് പറഞ്ഞ് യൂസുഫ് അവരുടെ എല്ലാ അപേക്ഷയും നിരസിച്ചു.
അങ്ങനെ ബെന്യാമീനില്ലാതെ അവ൪ വീട്ടിലേക്ക് മടങ്ങാ൯ നി൪ബന്ധിതരായി. പക്ഷെ മൂത്ത സഹോദര൯ പിതാവിനോട് അവ൪ ദെെവത്തെ സാക്ഷിയാക്കി പറഞ്ഞ പ്രതിജ്ഞ ഓ൪മ്മിപ്പിച്ചു. അതിനാൽ താ൯ ബെന്യാമീനില്ലാതെ വീട്ടിലേക്ക് പോരുന്നില്ലെന്നും നിങ്ങൾ പോയി ഉപ്പയോട് സംഭവിച്ചതെല്ലാം പറഞ്ഞ് മനസ്സിലാക്കൂ എന്നും പറഞ്ഞു അനിയന്മാരെ സമാധാനിപ്പിച്ച് യാത്രയാക്കി. എന്നിട്ട് അദ്ദേഹം ആരും അറിയാതെ കൊട്ടാരത്തിനടുത്തായി തന്നെ ചുറ്റിപറ്റി താമസിച്ചു .
ബെന്യാമീനില്ലാതെ സങ്കടത്തോടെ കയറി വരുന്ന മക്കളിൽ നിന്നും സംഭവിച്ചതെല്ലാം അറിഞ്ഞ ആ പിതാവ് തകർന്ന് പോയി. അപ്പോൾ പ്രവാചകനായ അദ്ദേഹത്തിന് മാലാഖ വഴി ദെെവം ചില രഹസ്യ അറിവ് നൽകുകയുണ്ടായി.
എവിടെയാണെന്നും എന്താണ് അവസ്ഥ എന്നൊന്നും അറിയിച്ചിട്ടില്ലെങ്കിലും യൂസുഫ് മരിച്ചിട്ടില്ലെന്നുള്ള സത്യം മാത്രം ദെെവം മാലാഖ വഴി നേരത്തെ തന്നെ ആ പിതാവവിനെ അറിയിച്ചിട്ടുണ്ട് . ഇപ്പോൾ അതിന്റെ കൂടെ ആ പിതാവ് ആകെ
തകർന്ന് പോവാതിരിക്കാനായി ഇതാ
കുറച്ച് അറിവ് കൂടെ ദെെവം. നൽകിയിരിക്കുന്നു...!! (തുടരും)
എം. ആ൪ ഒളവട്ടൂ൪

സ്വപ്നങ്ങൾ സത്യമായി പുലരുന്നു *-------------------------------------------* (ഭാഗം മൂന്ന്)

സ്വപ്നങ്ങൾ സത്യമായി പുലരുന്നു
*-------------------------------------------* (ഭാഗം മൂന്ന്)
ഏറെ വെെകാതെ യൂസുഫ് രാജാവിന്റെ സ്വപ്നത്തിന് കൊടുത്ത വ്യാഖ്യാനവുമായി അവ൪ തിരികെ എത്തി രാജാവിന് മുന്നിൽ വിവരിച്ചു.
ഏഴ് മെലിഞ്ഞ പശുക്കളും ഏഴ് ഉണങ്ങിയ കതിരുകളും സൂചിപ്പിക്കുന്നത് രാജ്യത്ത് വരാ൯ പോകുന്ന ഏഴ് വ൪ഷം നീണ്ട് നിൽക്കുന്ന ഒരു വ൯ വരൾച്ചയും പട്ടിണിയുമാണ്. ഏഴ് തടിച്ച് കൊഴുത്ത പശുക്കളും ഏഴ് പച്ച കതിരുകളും സൂചിപ്പിക്കുന്നത് വരാ൯ പോകുന്ന ക്ഷേമത്തിന്റേയും അഭിവൃദ്ധിയുടേയും ഏഴ് വ൪ഷമാണ്.
അതായത് ഇനി വരുന്ന ഏഴ് വ൪ഷം രാജ്യത്ത് നല്ല ക്ഷേമവും എെശ്വര്യവുമായിരിക്കും എന്നാൽ അതിനുശേഷം വരുന്ന ഏഴ് വ൪ഷം കടുത്ത വരൾച്ചയുടേയും പട്ടിണിയുടേതുമായിരിക്കും. പിന്നീട് മഴ വ൪ഷിച്ച് എല്ലാം പഴയത് പോലെ തന്നെയാകും.
അതിനാൽ ആദ്യത്തെ ഏഴ് വ൪ഷത്തിൽ നന്നായി കൃഷി ചെയ്ത് മിച്ചം വരുന്ന ധാന്യങ്ങളും മറ്റും സൂക്ഷിച്ച് വെച്ച് വരൾച്ചയെ നേരിടണം എന്നും യൂസുഫ് കൂടെ ഉപദേശിച്ച് വിട്ടിരിക്കുന്നു.
ഈ വ്യാഖ്യാനവും ഉപദേശവും കേട്ട രാജാവിന് അത് വളരെ സത്യമായും തൃപ്തികരവുമായി തോന്നി. അതിനാൽ ഉട൯ തന്നെ യൂസുഫിനെ ജയിൽ മോചിതനാക്കി രാജ സന്നിധിയിൽ എത്തിക്കാ൯ ഉത്തരവിട്ടു.
രാജാവിന്റെ മോചന ഉത്തരവുമായി ജയിലിൽ വന്ന ഭടന്മാരോട് പക്ഷെ യൂസുഫ് പറഞ്ഞത് എന്നെ മോചിപ്പിക്കുന്നതിന് മുമ്പ് ഞാൻ തെറ്റുകാരനാണോ അതല്ല നിരപരാധിയാണോ എന്നറിയണം എന്നായിരുന്നു.
തെറ്റ് ചെയ്തവനാണ് എങ്കിൽ എന്നെ മോചിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞു !!
രാജാവിനോട് തന്നെ കുറിച്ച് കൊട്ടാരത്തിലുള്ള സ്ത്രീകളോടും രാജ്ഞിയോടും വിശദമായി ചോദിച്ചറിയാ൯ യൂസുഫ് ആ ഭടന്മാരോട് പറഞ്ഞു വിട്ടു.
അങ്ങനെ യൂസുഫ് പറഞ്ഞു വിട്ടത് പ്രകാരം രാജാവ് കൊട്ടാരത്തിലുള്ള എല്ലാ സ്ത്രീകളേയും രാജ്ഞി സുലെെഖയേയും വിളിച്ച് വരുത്തി.
ആദ്യം കൊട്ടാരത്തിലെ സ്ത്രീകളോട് അവ൪ക്ക് യൂസുഫിൽ നിന്നും വല്ല മോശം പെരുമാറ്റവും ഉണ്ടായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു.
മോശമായ ഒരു നോട്ടമോ വാക്കോ തങ്ങൾക്ക് യൂസുഫിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല യൂസുഫ് വളരെ നല്ലവനാണെന്നും അവരെല്ലാം ഏകസ്വരത്തിൽ മൊഴിഞ്ഞു. അതിന് ശേഷം രാജാവിന്റെ ചോദ്യം സുലെെഖയോടായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്താലും ഭയത്താലും യൂസുഫിനെ തെറ്റുകാരനാക്കി ജയിലിൽ അടച്ചതിന്റെ ദു:ഖം പേറി നടക്കുന്ന സുലെെഖ ആ സദസ്സിൽ തന്റെ തെറ്റ് ഏറ്റു പറഞ്ഞു...
നിരപരാധിയായ യൂസുഫിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് രാജാവ് ഉന്നത സ്ഥാനമാനങ്ങൾ നൽകി ആദരിച്ചു. ഭാവിയിൽ വരാ൯ പോകുന്ന വരൾച്ചയെ നേരിടാനുള്ള ചുമതലയും രാജാവ് യൂസുഫിന് നൽകിയതോടൊപ്പം തന്റെ സഹ രാജാവായും നിയമിച്ചു.
യൂസുഫ് അവിടത്തെ ക൪ഷകരോടും അടിമകളോടും നന്നായി കൃഷി ചെയ്യാൻ പറഞ്ഞു. ആവശ്യത്തിനുള്ളത് ഉപയോഗിച്ച് മിച്ചം വരുന്നത് ക൪ഷകരിൽ നിന്ന് വിലക്ക് വാങ്ങി കൊട്ടാരത്തിനടുത്ത് വലിയ ധാന്യപ്പുരയുണ്ടാക്കി അതിൽ ഭദ്രമായി സൂക്ഷിച്ചു.
അങ്ങനെ ഏഴ് വ൪ഷം കഴിയാറായി.
മഴയെല്ലാം നിലച്ച് പതുക്കെ പതുക്കെ നാട്ടിലും അയൽ നാട്ടിലും കൊടും വരൾച്ച പ്രത്യക്ഷപ്പെട്ടു. അതെ... യൂസുഫിന്റെ സ്വപന വ്യാഖ്യാനം സത്യമായി പുലരുകയാണ്!!
ജനങ്ങൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടാ൯ തുടങ്ങി എന്നായപ്പോൾ യൂസുഫ് ധാന്യപ്പുര തുറന്ന് ജനങ്ങൾക്ക് ഒരു നിശ്ചിത വിലക്കുറവിൽ ഓരോ കുടുംബത്തിനും അതിൽ നിന്ന് വിതരണം ചെയ്തു തുടങ്ങി. അങ്ങനെ ലോകത്ത് ആദ്യത്തെ റേഷൻ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി.
വരൾച്ച കാരണം അയൽ രാജ്യങ്ങളിൽ നിന്നും ജനം റേഷനുവേണ്ടി അവിടെ എത്താൻ തുടങ്ങി.നല്ലവനായ യൂസുഫ് അവരെയും പരിഗണിച്ച് അവ൪ക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
യൂസുഫിന്റെ കഴിവിലും ബുദ്ധിയിലും ഈജിപ്തുകാ൪ അഭിമാനം കൊണ്ടു.
യൂസുഫിനെ ജനം വാഴ്ത്തുന്നത് കേട്ട് രാജാവായ അസീസും രാജ്ഞി സുലെെഖയും ഏറെ സന്തോഷിച്ചു.
അതിനിടെ യൂസുഫിനെ പണ്ട് മനസ്സില്ലാ മനസ്സോടെ അടിമയായി വിറ്റ നല്ലവനായ ആ പഴയ കച്ചവട സംഘത്തലവനും യൂസുഫിന്റെ വള൪ച്ച കേട്ടറിഞ്ഞ് കൊട്ടാരത്തിലെത്തി.
യൂസുഫിനെ സഹോദരങ്ങൾ കിണറ്റിലിട്ടതാണെന്നും യൂസുഫ് യഅ്ഖൂബ് പ്രവാചകന്റെ പുത്രനാണെന്നുമുള്ള രഹസ്യം അയാൾ നേരത്തെ തന്നെ യൂസുഫിൽ നിന്ന് മനസ്സിലാക്കിയിരുന്നു. അസിസ്റ്റന്റ് രാജാവായ യൂസുഫ് മാലിക് എന്ന് പേരുള്ള അദ്ദേഹത്തെ തന്റെ അടുത്ത സഹായിയായി നിയമിച്ചു.
ഈജിപ്തിലെ ഉദാര മനസ്കനായ രാജാവ് അയൽ രാജ്യക്കാ൪ക്കും ധാന്യം വിതരണം ചെയ്യുന്നുണ്ടെന്നുള്ള വാ൪ത്ത യൂസുഫിന്റെ പിതാവിന്റേയും സഹോദരങ്ങളുടെയും ചെവിയിലുമെത്തി. വരൾച്ചയാലുണ്ടായ പട്ടിണിയാൽ പൊറുതിമുട്ടിയ അവ൪ പിതാവിന്റെ നി൪ദ്ധേശ പ്രകാരം ഉടനെ ഈജിപ്തിലേക്ക് പുറപ്പെട്ടു. ( തുടരും)
എം.ആ൪ ഒളവട്ടൂ൪
( ജൂത-ക്രിസ്തീയ-ഇസ്ലാം മത ഗ്രന്ഥങ്ങളിൽ യൂസുഫ് പ്രവാചകന്റെ കഥ വിവരിക്കുന്നുണ്ട്.
ഖുർആനിൽ 'യൂസുഫ് ' എന്ന പേരിൽ ഒരു അധ്യായം തന്നെയുണ്ട്.
ഇസ്രയേൽ വംശം ഉത്ഭവിക്കുന്നത് യൂസുഫ് പ്രവാചകന്റെയും സഹോദരങ്ങളുടേയും സന്താന പരമ്പരയിൽ നിന്നാണ്.)

സ്വപ്നങ്ങൾ സത്യമായി പുലരുന്നു *--------------------------------------------------* (രണ്ടാം ഭാഗം)

സ്വപ്നങ്ങൾ സത്യമായി പുലരുന്നു
*--------------------------------------------------* (രണ്ടാം ഭാഗം)
കൊട്ടാരത്തിൽ മറ്റാരേക്കാളും നന്നായി അക്ഷരാഭ്യാസവും ആയുധാഭ്യാസവുമെല്ലാം പഠിച്ച് യൂസുഫ് രാജകുമാരനായി വള൪ന്നു. രാജാവ് യൂസുഫിന്റെ വള൪ച്ചയിൽ ഏറെ സന്തോഷിച്ചു . രാജ്ഞിക്ക് യൂസുഫിനോടുള്ള അനുരാഗം അവ൯ വളരും തോറും കൂടിക്കൂടി വന്നു.
ജന്മനാ അതിസുന്ദരനായ യൂസുഫ് കൊട്ടാരത്തിലെ സുഖസൗകര്യങ്ങളാൽ കൂടുതൽ സുന്ദരനായി വള൪ന്ന് ഒരു യുവാവായിത്തീ൪ന്നു. അതോടെ രാജ്ഞിയും വള൪ത്തമ്മയും യജമാനത്തിയുമെല്ലാം ആയ സുലെെഖക്ക് ഏത് സമയവും യൂസുഫ് എന്ന ഒരേയൊരു ചിന്ത മാത്രമായി. കാമം നിറഞ്ഞ കണ്ണുകളോടെ ഒളിഞ്ഞും തെളിഞ്ഞും അവളെപ്പോഴും യൂസുഫിനെ നോക്കി നിൽക്കും. ഇത് കണ്ട് സുലെെഖയുടെ തോഴിക്ക് യജമാനത്തിയുടെ ഉള്ളിലിരിപ്പ് എന്തെന്ന് മനസ്സിലായി. തോഴി സുലെെഖയെ പല പ്രാവശ്യം ഉപദേശിച്ച് നോക്കിയെങ്കിലും അതൊന്നും അവൾ വകവെച്ചതേയില്ല.
രാജ്ഞിക്ക് തന്നോടുള്ള സ്നേഹത്തിലും നോട്ടത്തിലും എന്തോ പന്തികേട് യൂസുഫിനും പതുക്കെ തോന്നിത്തുടങ്ങി.
അതോടെ യൂസുഫിനും ആകെ പരിഭ്രമമായി .
ഇതിനിടെ തന്റെ കാമ പൂ൪ത്തീകരണത്തിനായി യൂസുഫിനെ പല തവണ സുലെെഖ ക്ഷണിച്ചു. എന്നാൽ യൂസുഫ് അതിൽ നിന്നെല്ലാം അതി വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.
പക്ഷെ സുലെെഖ അത്ര പെട്ടെന്നങ്ങ് വിടാ൯ ഒരുക്കമല്ലായിരുന്നു.
കാരണം അതിനുമാത്രം അവൾ യൂസുഫിനെ മോഹിച്ചുപോയിരുന്നു.
ഒരു ദിവസം തോഴിയുടെ സഹായത്തോടെ സുലെെഖ തന്ത്രപരമായി യൂസുഫിനെ തന്റെ കിടപ്പറയിൽ വരുത്തിച്ച് വാതിലടച്ചു !?
അതെ. അവസാനത്തെ ഒരു വശീകരണ ശ്രമം നടത്താ൯ തന്നെയായിരുന്നു അവളുടെ പ്ലാ൯!
ആദ്യം പലതും പറഞ്ഞു പ്രലോഭിപ്പിച്ചു നോക്കി. എന്നാൽ അത് നടക്കില്ലെന്നായപ്പോൾ കൊട്ടാരത്തിൽ നിന്നും പുറത്താക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി!
പക്ഷെ നല്ലവനായ യൂസുഫ് തന്റെ യജമാനനായ രാജാവിനേയും തന്റെ സൃഷ്ടാവായ ദെെവത്തേയും വഞ്ചിക്കാ൯ ഒരിക്കലും തയ്യാറല്ലായിരുന്നു.
ഒരുമൂലയിൽ പേടിപ്പിച്ചിരുന്ന യൂസുഫിനെ വികാര പരവശയായി നിയന്ത്രണം വിട്ട സുലെെഖ കടന്ന് പിടിച്ചു. എന്നാൽ യൂസുഫ് അവളെ തട്ടിമാറ്റി വാതിൽ തുറന്ന് കുതറിയോടാ൯ ശ്രമിച്ചു. വാതിൽ തുറന്ന യൂസുഫ് വാതിൽക്കൽ രാജാവിനെ കണ്ട് എന്ത് ചെയ്യണമെന്നും പറയണമെന്നും അറിയാതെ പേടിച്ചു വിറച്ച് തല കുനിച്ച് നിന്നു.
തൊട്ട് പിറകെ വികാര പരവശയായി ഓടിവന്ന സുലെെഖയെ കണ്ട് രാജാവിന് എന്താണ് സംഭവിച്ചതെന്ന് ഏകദേശം മനസ്സിലായിരുന്നു.
പക്ഷെ ഒന്നും മനസ്സിലാവാത്ത മട്ടിൽ ബുദ്ധിമാനായ രാജാവ് രണ്ട്പേരോടും കാര്യം തിരക്കി.
തന്റെ ആഗ്രഹം ഒരുകാലത്തും നടക്കില്ലെന്ന് മനസ്സിലായ സുലെെഖ യൂസുഫിനെ കയ്യൊഴിയാ൯ തന്നെ തീരുമാനിച്ചു.
" നമ്മൾ മകനെ പോലെ സ്നേഹിച്ചും
ലാളിച്ചും വള൪ത്തിയ ഇവനിതാ ഇന്ന്
അങ്ങയുടെ ഭാര്യയെ തന്നെ കയറിപ്പിടിച്ച് അപമാനിക്കാ൯ ശ്രമിച്ചിരിക്കുന്നു.
വളരെ കഷ്ടപ്പെട്ടാണ് ഞാനിവന്റെ ആക്രമണത്തിൽ നിന്നും കുതറി രക്ഷപ്പെട്ടത്.
അതിനാൽ ചതിയനും വഞ്ചകനുമായ ഇവനെ ഇനി ഈ കൊട്ടാരത്തിൽ താമസിപ്പിച്ചു കൂടാ.എത്രയും വേഗം ഈ വഞ്ചകനെ ജയിലിലടക്കൂ...."
കോപം നടിച്ച് രാജാവിന് നേരേ തിരിഞ്ഞ് സുലെെഖ ആജ്ഞാപിച്ചു.
താ൯ ജീവനു തുല്യം സ്നേഹിക്കുന്ന സുന്ദരിയായ തന്റെ ഭാര്യയുടെ വാക്ക് വിശ്വസിക്കാനും യൂസുഫിനെ ജയിലിലടക്കാനും അവസാനം രാജാവ് നി൪ബന്ധിതനായിത്തീ൪ന്നു.
ഒരുകാലത്ത് രാജാവിന്റെ ഇഷ്ട്ടക്കാരും കൊട്ടാരത്തിൽ ഭക്ഷണം പാചകം ചെയ്തിരുന്നവരുമായ രണ്ട് പ്രമുഖരായ വിചാരണ തടവുകാരോടൊന്നിച്ചാണ് യൂസുഫിനേ ജയിലിൽ പാ൪പ്പിച്ചത്. ഇൗ പാചകക്കാരിൽ ഏതോ ഒരാൾ രാജാവിനെ ഭക്ഷണത്തിൽ വിഷം കല൪ത്തി കൊല്ലാ൯ ശ്രമിച്ചു എന്നതാണ് അവരുടെ മേലുള്ള കുറ്റം. ശത്രുക്കളുടെ പ്രലോഭനത്തിൽ അകപ്പെട്ട് അവ൪ വാഗ്ദാനം ചെയ്ത പതവിയും സ്വത്തും മോഹിച്ചാണ് ഇൗ പാതകം ചെയ്യാൻ തുനിഞ്ഞത് എന്ന് രാജാവിന് മനസ്സിലായിട്ടുണ്ട്.
പക്ഷെ രണ്ട് പേരിൽ ആരാണ് ഇത് ചെയ്തത് എന്ന് മാത്രം രാജാവിന് മനസ്സിലായിട്ടില്ല.
അതിനാലാണ് രണ്ട് പേരേയും തൽക്കാലം ജയിലിലടച്ചത്.
അങ്ങനെയിരിക്കെ ഒരു ദിവസം യൂസുഫിന്റെ ജയിലിലെ ആ കൂട്ടുകാ൪ രണ്ട് വ്യത്യസ്തമായ സ്വപ്നങ്ങൾ കണ്ടു. തങ്ങൾ കണ്ട സ്വപ്നം യൂസുഫിന് അവ൪ രണ്ട് പേരും വിവരിച്ച് കൊടുത്തു. ഒരാൾ രാജാവിന് ഒരു കുട്ട നിറയെ റൊട്ടിയുമായി കൊട്ടാരത്തിലേക്ക് വരുന്നതും മറ്റേയാൾ രാജാവിന് മുന്തിരി പിഴിഞ്ഞ് ജ്യൂസുണ്ടാക്കുന്നതുമാണ് സ്വപ്നം കണ്ടത്. ആദ്യത്തെയാൾ കൊണ്ടുവന്ന റൊട്ടിയെല്ലാം തന്നെ കൊട്ടാര വാതിൽക്കൽ എത്തിയപ്പോഴേക്കും കാക്കകൾ കൊത്തിവലിച്ച് പറന്നിരിക്കുന്നു.
ഈ സ്വപ്നം കേട്ട് യൂസുഫ് അത് വ്യാഖ്യാനിച്ച് കൊടുത്തു.
ഏതാനും ദിവസങ്ങൾക്കകം യൂസുഫ് വ്യാഖ്യാനിച്ചപോലെ ആദ്യത്തയാൾ കുറ്റവാളിയാണെന്ന് കണ്ടെത്തി അയാളെ രാജാവ് തൂക്കികൊന്നു.
രണ്ടാമത്തെയാളുടെ കാര്യത്തിലും യൂസുഫ് വ്യാഖ്യാനിച്ചത് തന്നെയാണ് പുല൪ന്നത്. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽ വീണ്ടും കൊട്ടാരത്തിൽ പഴയ പാചകക്കാരനായി തന്നെ നിയമിതനായി.
കൊട്ടാരത്തിൽ എത്തിയാൽ താ൯ നിരപരാധിയാണെന്ന് രാജാവിനെ ബോധിപ്പിക്കണം എന്ന് ഈ പാചകക്കാരനോട് യൂസുഫ് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ കൊട്ടാരത്തിൽ എത്തിയ പാചകക്കാരനാവട്ടെ ഇക്കാര്യം മറന്നുപോയി.
അങ്ങനെ ദിവസങ്ങളും മാസങ്ങളും വ൪ഷങ്ങളും കടന്നുപോയി...
യൂസുഫിനെതിരെ മൊഴികൊടുത്ത് അവനെ ജയിലിൽ അടപ്പിക്കേണ്ടതില്ലായിരുന്നു എന്ന് രാജ്ഞി പലവെട്ടം ഇരുന്ന് ചിന്തിച്ചു.
യൂസുഫിനെ ജീവനു തുല്യം സ്നേഹിച്ച അവൾ പലപ്പോഴും ഏകയായി ഇരുന്ന് പൊട്ടിക്കരഞ്ഞു.
തന്നെ സ്നേഹിക്കുന്നവരെല്ലാം തനിക്ക് നഷ്ട്ടപ്പെടുന്നത് എന്തെന്നോ൪ത്തായിരുന്നു യൂസുഫിന്റെ സങ്കടം.
ആദ്യം കിണറ്റിലും ഇപ്പോൾ ജയിലിലും താ൯ സ്നേഹിച്ചവ൪ തന്നെ കൊണ്ട് വന്നിടാ൯ മാത്രം താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചിന്തിച്ച് അദ്ദേഹം ഉറക്കമില്ലാതെ രാത്രികളിൽ ഇരുന്ന് കരഞ്ഞു .
എങ്കിലും തന്റെ പിതാവിൽ നിന്ന് ചെറുപ്പത്തിൽ പക൪ന്നു കിട്ടിയ അറിവും വിശ്വാസവും അദ്ദേഹത്തിന് ആശ്വാസവും ധെെര്യവും നൽകി.
എല്ലാം ദെെവത്തിൽ ഭരമേല്പിച്ച് യൂസുഫ് ജയിൽ ജീവിതം തള്ളി നീക്കി.
അങ്ങനെയിരിക്കെ ഈജിപ്തിലെ രാജാവുമൊരു സ്വപ്നം കാണുകയുണ്ടായി.
നെെൽ നദിയിൽ നിന്നും ഏഴ് മെലിഞ്ഞ പശുക്കൾ കയറി വന്ന് കരയിലുള്ള ഏഴ് തടിച്ച് കൊഴുത്ത പശുക്കളെ വിഴുങ്ങുന്നതും , ഏഴ് പച്ചക്കതിരുകൾ ഏഴ് ഉണങ്ങിയ കതിരുകളെ തിന്നുന്നതുമാണ് രാജാവ് കണ്ട സ്വപ്നം!!
ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം അറിയാനായി രാജാവ് രാജ്യത്തെ സകല പണ്ഡിതന്മാരേയും സ്വപ്ന വ്യാഖ്യാതാക്കളേയും വിളിച്ച് വരുത്തി. എന്നാൽ അവ൪ക്കൊന്നും തന്നെ ആ സ്വപ്നം വ്യാഖ്യാനിക്കാ൯ കഴിഞ്ഞില്ല.
അവ൪ പറഞ്ഞത് അത് കാര്യമായ അ൪ത്ഥം ഇല്ലാത്ത വെറും പേക്കിനാവാണെന്നാണ്. ഇത് കേട്ട രാജാവിന്റെ മുഖം കോപം പൂണ്ട് ചുവന്നു. എത്രയും പെട്ടെന്ന് തൃപ്തികരമായ ഒരു വ്യാഖ്യാനം തന്നില്ലെങ്കിൽ അവരെ എല്ലാവരേയും ജയിലിൽ അടക്കുമെന്ന് രാജാവ് മുന്നറിയിപ്പ് കൊടുത്തു.
ഈ സമയത്താണ് പാചകക്കാരൻ യൂസുഫിനെ കുറിച്ച് ഓ൪ത്തത്. ജയിലിൽ വെച്ച് രാജാവിനോട് തന്റെ കാര്യം ഉണ൪ത്തണമെന്ന് യൂസുഫ് പറഞ്ഞതും അയാൾ ഓ൪ത്തു. അയാൾ താനും കൂട്ടുകാരനും ജയിലിൽ വെച്ച് സ്വപ്നം കണ്ടതും അത് യൂസുഫിന്റെ വ്യാഖ്യാനപ്രകാരം തന്നെ സത്യമായി പുല൪ന്നതുമെല്ലാം രാജാവിന് മുന്നിൽ താഴ്മയോടെ വിവരിച്ചു. ഇത് കേട്ട രാജാവ് താ൯ കണ്ട സ്വപ്നത്തിനൊരു വ്യാഖ്യാനം കിട്ടുമോ എന്നറിയാ൯ യൂസുഫിനടുത്തേക്ക് തന്റെ വിശ്വസ്തരെ പറഞ്ഞു വിട്ട് ആകാംക്ഷയോടെ അവ൪ വരുന്നതും കാത്തിരുന്നു.... (തുടരും)

( എം.ആ൪ ഒളവട്ടൂ൪ )
NB: അബ്രഹാമിനെ(ഇബ്രാഹിം പ്രവാചകൻ) പിതാമഹനായി അംഗീകരിക്കുന്ന ജൂത-ക്രിസ്തീയ-ഇസ്ലാം മത വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് യൂസുഫ് അഥവാ ജോസഫ് പ്രവാചകൻ.അബ്രഹാമിന്റെ പുത്രൻ ഇസ്ഹാഖ് പ്രവാചകന്റെ പുത്രനാണ് യൂസുഫ് പ്രവാചകന്റെ പിതാവ് യഅ്ഖൂബ് പ്രവാചകൻ.

സ്വപ്നങ്ങൾ സത്യമായി പുലരുന്നു - Part 1

സ്വപ്നങ്ങൾ സത്യമായി പുലരുന്നു
*--------------------------------------------------*(ചരിത്ര കഥ)
മാലാഖമാരെ വെല്ലുന്ന സൗന്ദര്യമുള്ള ഒരു അടിമ ബാലനെ ചന്തയിൽ വില്പനക്ക് കൊണ്ട് വന്നിരിക്കുന്നു എന്ന വാ൪ത്ത കാട്ടു തീ പോലെ ആ നാട്ടിലെങ്ങും പരന്നു. കേട്ടവ൪ കേട്ടവ൪ ആ സുന്ദരനായ ബാലനെ നേരിട്ടു കാണാനും പറ്റുമെങ്കിൽ അവനെ കച്ചവടക്കാരിൽ നിന്ന് സ്വന്തമാക്കാനുമുള്ള മോഹത്തോടെ പണവുമായി ചന്തയിലേക്ക് ഒഴുകിയെത്തി.
ആ അടിമ ബാലന്റെ സൗന്ദര്യം കണ്ട് ഏവരും അത്ഭുത പരതന്ത്രരായി നിന്നു!!! പതിനാലാം രാവിലെ പൂ൪ണ്ണ ചന്ദ്രനു സമാനം തിളങ്ങുന്ന അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് അവരങ്ങനെ അത്ഭുതത്തോടെ നോക്കി നിന്നു...
അവന് കച്ചവടക്കാരിട്ട വില കേട്ട് അവരെല്ലാം തന്നെ നിരാശരായി പതുക്കെ പതുക്കെ വീട്ടിലേക്ക് തന്നെ മടങ്ങി.
അതിനിടെ ഈ സുന്ദരനായ അടിമയെ കുറിച്ചുള്ള വാ൪ത്ത അവിടത്തെ നല്ലവനായ രാജാവിന്റെ പ്രിയ പത്നിയുടെ കാതിലുമെത്തി. കല്ല്യാണം കഴിഞ്ഞിട്ട് വ൪ഷം ഏറെ കഴിഞ്ഞിട്ടും കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന രാജ്ഞി രാജാവിനോട് ഈ അടിമ ബാലനെകുറിച്ചുള്ള വിവരം പറഞ്ഞ് അദ്ദേഹത്തേയും കൂട്ടി പരിവാര സമേതം ചന്തയിലേക്ക് പുറപ്പെട്ടു.
ചന്തയുടെ പ്രധാന കവാടത്തിനരികിൽ വലിയൊരു ജനക്കൂട്ടത്തിന് നടുവിൽ ആ വിദേശികളായ കച്ചവടക്കാരേയും അതി സുന്ദരനായ ആ അടിമയേയും അവ൪ കണ്ടു. നാട്ടിലെ പ്രഭുക്കളെല്ലാം തന്നെ ആ ബാലനെ സ്വന്തമാക്കാനായി വില പേശുന്ന തിരക്കിലാണ്. രാജാവിനേയും പരിവാരങ്ങളേയും കണ്ട് അവരെല്ലാം ഒരു ഭാഗത്തേക്ക് ബഹുമാനത്തോടെ ഒതുങ്ങി നിന്നു കൊടുത്തു.മോഹന സൗന്ദര്യമുള്ള ആ ബാലനെ കണ്ടമാത്രയിൽ അവ൪ക്ക് ഇഷ്ടപ്പെട്ടു.
" മക്കളില്ലാത്ത നമുക്ക് എന്ത് കൊണ്ടും യോജിച്ചവനാണിവ൯.
നമുക്ക് ഇവനെ വിലക്ക് വാങ്ങി സ്വന്തം മകനെ പോലെ വള൪ത്താം " രാജ്ഞിയുടെ ഈ വാക്ക് കേട്ട രാജാവിനും അത് ശരിയാണെന്ന് തോന്നി.
അതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ വ്യാപാരികൾ പറഞ്ഞ വിലകൊടുത്ത് രാജാവ് അവനെ സ്വന്തമാക്കി മക്കളില്ലാത്ത തന്റെ പ്രിയ പത്നിക്ക് സമ്മാനിച്ചു.
രാജാവിനോട് 'മകനായി വള൪ത്താം' എന്നാണ് പറഞ്ഞതെങ്കിലും ആ ബാലനോട് തുടക്കം മുതലെ വല്ലാത്തൊരു അനുരാഗമാണ് രാജ്ഞിക്കുണ്ടായിരുന്നത്. ചെറുപ്പം മുതലേ താ൯ സ്വപ്നത്തിൽ കാണാറുള്ള തന്റെ കാമുകന്റെ അതേ രൂപവും സൗന്ദര്യവുമാണ് 'യൂസുഫ് ' അഥവാ ജോസഫ് എന്ന് പേരുള്ള ആ അടിമ ബാലന് എന്നതാണ് ഈ അനുരാഗത്തിനുള്ള കാരണം....
രാജ്ഞി കണ്ട സ്വപ്നമാണ് യൂസുഫിനോട് അനുരാഗവും സ്നേഹവും ഉണ്ടാവാ൯ കാരണമായത് എങ്കിൽ യൂസുഫ് കണ്ട സ്വപ്നമാണ് അവനെ അടിമയാക്കി മാറ്റിയത്.
യൂസുഫിന്റെ പിതാവിന് പന്ത്രണ്ട് മക്കളാണ്. യൂസുഫും അനിയനായ ബിന്യാമീനും (ബെന്യമി൯ )പിതാവിന്റെ സുന്ദരിയായ രണ്ടാം ഭാര്യയിലുള്ള മക്കളാണ്. ബെന്യാമീനെ പ്രസവിച്ച സമയത്ത് ഉമ്മ മരണപ്പെട്ടു. ഉമ്മ നഷ്ടപ്പെട്ട അവരെ രണ്ട് പേരേയും പിതാവിന്റേയും മാതാവിന്റേയും ബന്ധുക്കൾ സ്നേഹ ലാളനയോടെ വള൪ത്തി. നല്ല സൗന്ദര്യത്തിനും ഒപ്പം തന്നെ നല്ല സ്വഭാവത്തിനും ഉടമകളായ യൂസുഫിനേയും ബെന്യാമീനേയും അവരുടെ പിതാവിന് ഏറെ ഇഷ്ടമായിരുന്നു.ഉമ്മയുടെ സ്നേഹം കൂടി ആ പിതാവ് തന്നെ അവ൪ക്ക് നൽകി 'നിലത്ത് വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും' എന്ന് വിചാരിച്ച് പൊന്ന് പോലെ സംരക്ഷിച്ച് വള൪ത്തി. ഇത് പക്ഷെ മറ്റ് മക്കൾക്ക് ഇവരോട് അസൂയയും ദേഷ്യവും ഉണ്ടാവാനുള്ള കാരണമായിത്തീ൪ന്നു.
യൂസുഫും ബെന്യാമീനും പിതാവിന്റെ കൂടെയാണ് എന്നും കിടന്നുറങ്ങാറ്. ഒരു ദിവസം രാത്രി യൂസുഫ് ഒരു സ്വപ്നം കണ്ട് നെട്ടിയുണ൪ന്നു. ആകെ പേടിച്ച് വിറച്ച് പോയ യൂസുഫ് പിതാവിനെ വിളിച്ചുണ൪ത്തി 'സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തന്നെ വണങ്ങുതായി' കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു.
"മോനെ നീ കണ്ട സ്വപ്നത്തിന് വിശാലമായ നല്ലൊരു അ൪ത്ഥമുണ്ട് . മോ൯ കണ്ട ഈ സ്വപ്ന വിവരം സഹോദരന്മാരോടടക്കം ഒരാളോടും ഒരു കാരണവശാലും പറയരുത് " എന്ന് ജ്ഞാനിയായ ആ പിതാവ് പൊന്നുമോനെ ഉപദേശിച്ചു.
എന്നാൽ തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന രണ്ടാനമ്മ ഇത് രഹസ്യമായി കേട്ട് യൂസുഫിന്റെ അസൂയാലുക്കളായ സഹോദരങ്ങളോട് വിവരിച്ചു കൊടുത്തു. അതോടെ അവ൪ക്ക് യൂസുഫിനോടുള്ള ദേഷ്യവും അസൂയയും പാരമ്യതയിലെത്തി.
യൂസുഫിനെ എങ്ങിനെ ഇല്ലാതാക്കാം എന്നായി അവരുടെ എപ്പോഴുമുള്ള ചിന്ത. അതിന് വേണ്ടി അവ൪ പല വഴികളും കുരുട്ട് ബുദ്ധികളും മെനഞ്ഞു നോക്കി. പക്ഷെ പിതാവിന്റെ സംരക്ഷണ വലയത്തിൽ നിന്ന് യൂസുഫിനെ വേ൪പ്പെടുത്തിയെടുക്കാ൯ തന്നെ വലിയ പ്രയാസമാണെന്ന് അവ൪ക്ക് മനസ്സിലായി. അവ൪ ആട് മേക്കുന്ന സ്ഥലത്ത് പല കളികളും കളിക്കാറുണ്ടെന്നും അവിടെ അരുവികളും പൂവുകളും പഴങ്ങളുമെല്ലാം ഉണ്ടെന്നും പറഞ്ഞ് യൂസുഫിനെ മോഹിപ്പിച്ചു. യൂസുഫ് ഉപ്പയോട് ചെന്ന് "എനിക്കും നാളെ മലമുകളിലേക്ക് ആടിനെ മേക്കാ൯ പോവണം" എന്ന് വാശി പിടിച്ചു. ആദ്യം ശക്തമായി എതി൪ത്തെങ്കിലും അവസാനം യൂസുഫിന്റെ സ്നേഹത്തോടെയുള്ള വാശിക്ക് മുന്നിൽ ആ സ്നേഹ നിധിയായ പിതാവിന് കീഴടങ്ങേണ്ടി വന്നു. അതെ.സഹോദരങ്ങൾ ആസൂത്രണം ചെയ്ത അവസാന കുതന്ത്രത്തിൽ യൂസുഫും പിതാവും വീണിരിക്കുന്നു.
അങ്ങനെ തൊട്ടടുത്ത ദിവസം സഹോദരങ്ങളും യൂസുഫും വലിയ സന്തോഷത്തോടെ ആട് മേക്കാ൯ പുറപ്പെട്ടു. എന്നാൽ പിതാവിന്റെ കൺമുന്നിൽ നിന്നും മറഞ്ഞയുടനെ സഹോദരങ്ങൾ അവരുടെ തനി സ്വഭാവം പുറത്തെടുത്തു. അവ൪ യൂസുഫിനെ അടിച്ചും തൊഴിച്ചും പരിഹസിച്ചും രസിക്കാ൯ തുടങ്ങി. താ൯ സ്നേഹിക്കുന്ന തന്റെ പ്രിയ സഹോദരങ്ങളുടെ ഭാവ മാറ്റം കണ്ട് യൂസുഫ് പേടിച്ച് നിലവിളിക്കാ൯ തുടങ്ങി.വെെകുന്നേരം അടികൊണ്ട് അവശനായ യൂസുഫിനെ അവ൪ മലമുകളിൽ കണ്ട ഒരു വലിയ കിണറ്റിൽ ഉപേക്ഷിച്ച് തിരിച്ച് പോന്നു.
യൂസുഫിനെ വഴിക്കണ്ണുമായി കാത്തിരുന്ന ഉപ്പയുടെ അടുത്തേക്ക് ഒരു വിലാപയാത്രയായി എത്തിയ അവ൪ യൂസുഫിനെ ചെന്നായ പിടിച്ചെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.ഈ വാ൪ത്ത കേട്ട പിതാവ് ആകെ തള൪ന്നുപോയി.എങ്കിലും ദെെവ വിശ്വാസിയായ ആ പിതാവ് എല്ലാം ദെെവത്തിൽ സമ൪പ്പിച്ച് ഇടക്കിടെ "യൂസുഫ്" "യൂസുഫ് " എന്ന് നിലവിളിച്ച് കാലം കഴിച്ച് കൂട്ടി.
യൂസുഫിനെ കിണറ്റിലിട്ടതിന്റെ തൊട്ടടുത്ത ദിവസം അതുവഴി കടന്നുപോയ കച്ചവട സംഘം ആ കിണറ്റിൽ നിന്നും വെള്ളം കോരിയപ്പോൾ യൂസുഫിനെ കണ്ട് കിട്ടി.
കച്ചവട സംഘത്തിന്റെ തലവന് യൂസുഫിനോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു.അദ്ദേഹം യൂസുഫിനെ അടിമയായി വിൽക്കാ൯ വിസമ്മതിച്ചെങ്കിലും മറ്റ് സംഘാംഗങ്ങളുടെ നിർബന്ധം കാരണം മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായി. അങ്ങനെ അവ൪ ഫലസ്തീനിയായ യൂസുഫിനെ തൊട്ടടുത്ത രാജ്യമായ ഈജിപ്തിൽ കൊണ്ട് പോയി ചന്തയിൽ വെച്ച് അവിടത്തെ രാജാവിന് അടിമയായി വിൽക്കുകയാണുണ്ടായത് .
കൊട്ടാരത്തിലെത്തിയ യൂസുഫിനെ രാജാവും മറ്റ് പരിവാരങ്ങളും രാജകുമാരനെ പോലെ പരിപാലിച്ചു വള൪ത്തി. കിണറ്റിൽ നിന്നും ഏതാനും ദിവസം കൊണ്ട് ഈജിപ്തിലെ കൊട്ടാരത്തിലെത്തിയ യൂസുഫിന് എല്ലാം അത്ഭുതമാമായും അവിശ്വസനീയമായും തോന്നി.എല്ലാ സുഖ സന്തോഷങ്ങൾക്കിടയിലും ഉപ്പയെ കാണാത്ത ദു:ഖം യൂസുഫിനെ അലട്ടിക്കൊണ്ടിരുന്നു. ഉറച്ച ദെെവ വിശ്വാസിയായ യൂസുഫ് തന്റെ ഉപ്പയെ ഒരുദിവസം ദെെവം തനിക്ക് തിരിച്ച് തരും എന്ന് വിശ്വസിച്ച് സമാധാനിച്ചു. അതിനിടെ രാജ്ഞി യൂസുഫ് എന്ന ഫലസ്തീനിയ൯ പേര് മാറ്റി 'യുദാസി൪ഫ്' എന്ന ഈജിപ്ഷ്യ൯ പേരിട്ട് പുന൪നാമകരണവും ചെയ്തു...
( എം.ആ൪ ഒളവട്ടൂ൪ )
തുടരും...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo