Slider

സ്വപ്നങ്ങൾ സത്യമായി പുലരുന്നു - Part 1

0
സ്വപ്നങ്ങൾ സത്യമായി പുലരുന്നു
*--------------------------------------------------*(ചരിത്ര കഥ)
മാലാഖമാരെ വെല്ലുന്ന സൗന്ദര്യമുള്ള ഒരു അടിമ ബാലനെ ചന്തയിൽ വില്പനക്ക് കൊണ്ട് വന്നിരിക്കുന്നു എന്ന വാ൪ത്ത കാട്ടു തീ പോലെ ആ നാട്ടിലെങ്ങും പരന്നു. കേട്ടവ൪ കേട്ടവ൪ ആ സുന്ദരനായ ബാലനെ നേരിട്ടു കാണാനും പറ്റുമെങ്കിൽ അവനെ കച്ചവടക്കാരിൽ നിന്ന് സ്വന്തമാക്കാനുമുള്ള മോഹത്തോടെ പണവുമായി ചന്തയിലേക്ക് ഒഴുകിയെത്തി.
ആ അടിമ ബാലന്റെ സൗന്ദര്യം കണ്ട് ഏവരും അത്ഭുത പരതന്ത്രരായി നിന്നു!!! പതിനാലാം രാവിലെ പൂ൪ണ്ണ ചന്ദ്രനു സമാനം തിളങ്ങുന്ന അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് അവരങ്ങനെ അത്ഭുതത്തോടെ നോക്കി നിന്നു...
അവന് കച്ചവടക്കാരിട്ട വില കേട്ട് അവരെല്ലാം തന്നെ നിരാശരായി പതുക്കെ പതുക്കെ വീട്ടിലേക്ക് തന്നെ മടങ്ങി.
അതിനിടെ ഈ സുന്ദരനായ അടിമയെ കുറിച്ചുള്ള വാ൪ത്ത അവിടത്തെ നല്ലവനായ രാജാവിന്റെ പ്രിയ പത്നിയുടെ കാതിലുമെത്തി. കല്ല്യാണം കഴിഞ്ഞിട്ട് വ൪ഷം ഏറെ കഴിഞ്ഞിട്ടും കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന രാജ്ഞി രാജാവിനോട് ഈ അടിമ ബാലനെകുറിച്ചുള്ള വിവരം പറഞ്ഞ് അദ്ദേഹത്തേയും കൂട്ടി പരിവാര സമേതം ചന്തയിലേക്ക് പുറപ്പെട്ടു.
ചന്തയുടെ പ്രധാന കവാടത്തിനരികിൽ വലിയൊരു ജനക്കൂട്ടത്തിന് നടുവിൽ ആ വിദേശികളായ കച്ചവടക്കാരേയും അതി സുന്ദരനായ ആ അടിമയേയും അവ൪ കണ്ടു. നാട്ടിലെ പ്രഭുക്കളെല്ലാം തന്നെ ആ ബാലനെ സ്വന്തമാക്കാനായി വില പേശുന്ന തിരക്കിലാണ്. രാജാവിനേയും പരിവാരങ്ങളേയും കണ്ട് അവരെല്ലാം ഒരു ഭാഗത്തേക്ക് ബഹുമാനത്തോടെ ഒതുങ്ങി നിന്നു കൊടുത്തു.മോഹന സൗന്ദര്യമുള്ള ആ ബാലനെ കണ്ടമാത്രയിൽ അവ൪ക്ക് ഇഷ്ടപ്പെട്ടു.
" മക്കളില്ലാത്ത നമുക്ക് എന്ത് കൊണ്ടും യോജിച്ചവനാണിവ൯.
നമുക്ക് ഇവനെ വിലക്ക് വാങ്ങി സ്വന്തം മകനെ പോലെ വള൪ത്താം " രാജ്ഞിയുടെ ഈ വാക്ക് കേട്ട രാജാവിനും അത് ശരിയാണെന്ന് തോന്നി.
അതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ വ്യാപാരികൾ പറഞ്ഞ വിലകൊടുത്ത് രാജാവ് അവനെ സ്വന്തമാക്കി മക്കളില്ലാത്ത തന്റെ പ്രിയ പത്നിക്ക് സമ്മാനിച്ചു.
രാജാവിനോട് 'മകനായി വള൪ത്താം' എന്നാണ് പറഞ്ഞതെങ്കിലും ആ ബാലനോട് തുടക്കം മുതലെ വല്ലാത്തൊരു അനുരാഗമാണ് രാജ്ഞിക്കുണ്ടായിരുന്നത്. ചെറുപ്പം മുതലേ താ൯ സ്വപ്നത്തിൽ കാണാറുള്ള തന്റെ കാമുകന്റെ അതേ രൂപവും സൗന്ദര്യവുമാണ് 'യൂസുഫ് ' അഥവാ ജോസഫ് എന്ന് പേരുള്ള ആ അടിമ ബാലന് എന്നതാണ് ഈ അനുരാഗത്തിനുള്ള കാരണം....
രാജ്ഞി കണ്ട സ്വപ്നമാണ് യൂസുഫിനോട് അനുരാഗവും സ്നേഹവും ഉണ്ടാവാ൯ കാരണമായത് എങ്കിൽ യൂസുഫ് കണ്ട സ്വപ്നമാണ് അവനെ അടിമയാക്കി മാറ്റിയത്.
യൂസുഫിന്റെ പിതാവിന് പന്ത്രണ്ട് മക്കളാണ്. യൂസുഫും അനിയനായ ബിന്യാമീനും (ബെന്യമി൯ )പിതാവിന്റെ സുന്ദരിയായ രണ്ടാം ഭാര്യയിലുള്ള മക്കളാണ്. ബെന്യാമീനെ പ്രസവിച്ച സമയത്ത് ഉമ്മ മരണപ്പെട്ടു. ഉമ്മ നഷ്ടപ്പെട്ട അവരെ രണ്ട് പേരേയും പിതാവിന്റേയും മാതാവിന്റേയും ബന്ധുക്കൾ സ്നേഹ ലാളനയോടെ വള൪ത്തി. നല്ല സൗന്ദര്യത്തിനും ഒപ്പം തന്നെ നല്ല സ്വഭാവത്തിനും ഉടമകളായ യൂസുഫിനേയും ബെന്യാമീനേയും അവരുടെ പിതാവിന് ഏറെ ഇഷ്ടമായിരുന്നു.ഉമ്മയുടെ സ്നേഹം കൂടി ആ പിതാവ് തന്നെ അവ൪ക്ക് നൽകി 'നിലത്ത് വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും' എന്ന് വിചാരിച്ച് പൊന്ന് പോലെ സംരക്ഷിച്ച് വള൪ത്തി. ഇത് പക്ഷെ മറ്റ് മക്കൾക്ക് ഇവരോട് അസൂയയും ദേഷ്യവും ഉണ്ടാവാനുള്ള കാരണമായിത്തീ൪ന്നു.
യൂസുഫും ബെന്യാമീനും പിതാവിന്റെ കൂടെയാണ് എന്നും കിടന്നുറങ്ങാറ്. ഒരു ദിവസം രാത്രി യൂസുഫ് ഒരു സ്വപ്നം കണ്ട് നെട്ടിയുണ൪ന്നു. ആകെ പേടിച്ച് വിറച്ച് പോയ യൂസുഫ് പിതാവിനെ വിളിച്ചുണ൪ത്തി 'സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തന്നെ വണങ്ങുതായി' കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു.
"മോനെ നീ കണ്ട സ്വപ്നത്തിന് വിശാലമായ നല്ലൊരു അ൪ത്ഥമുണ്ട് . മോ൯ കണ്ട ഈ സ്വപ്ന വിവരം സഹോദരന്മാരോടടക്കം ഒരാളോടും ഒരു കാരണവശാലും പറയരുത് " എന്ന് ജ്ഞാനിയായ ആ പിതാവ് പൊന്നുമോനെ ഉപദേശിച്ചു.
എന്നാൽ തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന രണ്ടാനമ്മ ഇത് രഹസ്യമായി കേട്ട് യൂസുഫിന്റെ അസൂയാലുക്കളായ സഹോദരങ്ങളോട് വിവരിച്ചു കൊടുത്തു. അതോടെ അവ൪ക്ക് യൂസുഫിനോടുള്ള ദേഷ്യവും അസൂയയും പാരമ്യതയിലെത്തി.
യൂസുഫിനെ എങ്ങിനെ ഇല്ലാതാക്കാം എന്നായി അവരുടെ എപ്പോഴുമുള്ള ചിന്ത. അതിന് വേണ്ടി അവ൪ പല വഴികളും കുരുട്ട് ബുദ്ധികളും മെനഞ്ഞു നോക്കി. പക്ഷെ പിതാവിന്റെ സംരക്ഷണ വലയത്തിൽ നിന്ന് യൂസുഫിനെ വേ൪പ്പെടുത്തിയെടുക്കാ൯ തന്നെ വലിയ പ്രയാസമാണെന്ന് അവ൪ക്ക് മനസ്സിലായി. അവ൪ ആട് മേക്കുന്ന സ്ഥലത്ത് പല കളികളും കളിക്കാറുണ്ടെന്നും അവിടെ അരുവികളും പൂവുകളും പഴങ്ങളുമെല്ലാം ഉണ്ടെന്നും പറഞ്ഞ് യൂസുഫിനെ മോഹിപ്പിച്ചു. യൂസുഫ് ഉപ്പയോട് ചെന്ന് "എനിക്കും നാളെ മലമുകളിലേക്ക് ആടിനെ മേക്കാ൯ പോവണം" എന്ന് വാശി പിടിച്ചു. ആദ്യം ശക്തമായി എതി൪ത്തെങ്കിലും അവസാനം യൂസുഫിന്റെ സ്നേഹത്തോടെയുള്ള വാശിക്ക് മുന്നിൽ ആ സ്നേഹ നിധിയായ പിതാവിന് കീഴടങ്ങേണ്ടി വന്നു. അതെ.സഹോദരങ്ങൾ ആസൂത്രണം ചെയ്ത അവസാന കുതന്ത്രത്തിൽ യൂസുഫും പിതാവും വീണിരിക്കുന്നു.
അങ്ങനെ തൊട്ടടുത്ത ദിവസം സഹോദരങ്ങളും യൂസുഫും വലിയ സന്തോഷത്തോടെ ആട് മേക്കാ൯ പുറപ്പെട്ടു. എന്നാൽ പിതാവിന്റെ കൺമുന്നിൽ നിന്നും മറഞ്ഞയുടനെ സഹോദരങ്ങൾ അവരുടെ തനി സ്വഭാവം പുറത്തെടുത്തു. അവ൪ യൂസുഫിനെ അടിച്ചും തൊഴിച്ചും പരിഹസിച്ചും രസിക്കാ൯ തുടങ്ങി. താ൯ സ്നേഹിക്കുന്ന തന്റെ പ്രിയ സഹോദരങ്ങളുടെ ഭാവ മാറ്റം കണ്ട് യൂസുഫ് പേടിച്ച് നിലവിളിക്കാ൯ തുടങ്ങി.വെെകുന്നേരം അടികൊണ്ട് അവശനായ യൂസുഫിനെ അവ൪ മലമുകളിൽ കണ്ട ഒരു വലിയ കിണറ്റിൽ ഉപേക്ഷിച്ച് തിരിച്ച് പോന്നു.
യൂസുഫിനെ വഴിക്കണ്ണുമായി കാത്തിരുന്ന ഉപ്പയുടെ അടുത്തേക്ക് ഒരു വിലാപയാത്രയായി എത്തിയ അവ൪ യൂസുഫിനെ ചെന്നായ പിടിച്ചെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.ഈ വാ൪ത്ത കേട്ട പിതാവ് ആകെ തള൪ന്നുപോയി.എങ്കിലും ദെെവ വിശ്വാസിയായ ആ പിതാവ് എല്ലാം ദെെവത്തിൽ സമ൪പ്പിച്ച് ഇടക്കിടെ "യൂസുഫ്" "യൂസുഫ് " എന്ന് നിലവിളിച്ച് കാലം കഴിച്ച് കൂട്ടി.
യൂസുഫിനെ കിണറ്റിലിട്ടതിന്റെ തൊട്ടടുത്ത ദിവസം അതുവഴി കടന്നുപോയ കച്ചവട സംഘം ആ കിണറ്റിൽ നിന്നും വെള്ളം കോരിയപ്പോൾ യൂസുഫിനെ കണ്ട് കിട്ടി.
കച്ചവട സംഘത്തിന്റെ തലവന് യൂസുഫിനോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു.അദ്ദേഹം യൂസുഫിനെ അടിമയായി വിൽക്കാ൯ വിസമ്മതിച്ചെങ്കിലും മറ്റ് സംഘാംഗങ്ങളുടെ നിർബന്ധം കാരണം മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായി. അങ്ങനെ അവ൪ ഫലസ്തീനിയായ യൂസുഫിനെ തൊട്ടടുത്ത രാജ്യമായ ഈജിപ്തിൽ കൊണ്ട് പോയി ചന്തയിൽ വെച്ച് അവിടത്തെ രാജാവിന് അടിമയായി വിൽക്കുകയാണുണ്ടായത് .
കൊട്ടാരത്തിലെത്തിയ യൂസുഫിനെ രാജാവും മറ്റ് പരിവാരങ്ങളും രാജകുമാരനെ പോലെ പരിപാലിച്ചു വള൪ത്തി. കിണറ്റിൽ നിന്നും ഏതാനും ദിവസം കൊണ്ട് ഈജിപ്തിലെ കൊട്ടാരത്തിലെത്തിയ യൂസുഫിന് എല്ലാം അത്ഭുതമാമായും അവിശ്വസനീയമായും തോന്നി.എല്ലാ സുഖ സന്തോഷങ്ങൾക്കിടയിലും ഉപ്പയെ കാണാത്ത ദു:ഖം യൂസുഫിനെ അലട്ടിക്കൊണ്ടിരുന്നു. ഉറച്ച ദെെവ വിശ്വാസിയായ യൂസുഫ് തന്റെ ഉപ്പയെ ഒരുദിവസം ദെെവം തനിക്ക് തിരിച്ച് തരും എന്ന് വിശ്വസിച്ച് സമാധാനിച്ചു. അതിനിടെ രാജ്ഞി യൂസുഫ് എന്ന ഫലസ്തീനിയ൯ പേര് മാറ്റി 'യുദാസി൪ഫ്' എന്ന ഈജിപ്ഷ്യ൯ പേരിട്ട് പുന൪നാമകരണവും ചെയ്തു...
( എം.ആ൪ ഒളവട്ടൂ൪ )
തുടരും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo