Slider

ഒരു കായൽ കടിതം

0
Image may contain: 1 person, closeup

കാലത്തിൻ്റെ കായലോരങ്ങൾ
എപ്പോഴും മനോഹരമാണ്.
പൂച്ചൂടി വെട്ടനും, പള്ളത്തിയും,
കോലാനുമൊക്കെ നായാമ്പൽക്കിടയിലൂടെ ഒളിച്ചു കളിക്കുന്നതും നോക്കിയിരിക്കാൻ നല്ല സുഖമാണ്.
ചിലപ്പോൾ കായലിൽ നിറയെ ആമ്പൽ പൂക്കൾ നിറഞ്ഞിരിക്കും അവയ്ക്കിടയിലൂടെ എരണ്ട പക്ഷികളും താമരകോഴിയുമൊക്കെ മുങ്ങാംകുഴിയിട്ട് നമ്മളെ രസിപ്പിക്കും ആരോ കറുത്തതുണി ഉണക്കാനിട്ട പോലെ കാക്കയിരണ്ടകൾ ചിറകുണക്കുന്നതും പൊൻമകൾ മീൻ പിടിക്കുന്നതുമെല്ലാം കാണാൻ നല്ല ചേലാണ്.
വേനലിൽ വറ്റിച്ചിട്ട് ഞാറിനു പാകമാകുന്നതോടെ കൊക്കുകൾ ഏറ്റെടുക്കും കണ്ടങ്ങൾ നിറയെ തുമ്പപ്പൂക്കളം തീർത്ത് അവർ അന്തിമയങ്ങിയതിനു ശേഷം മാത്രം കൊക്കും തുരുത്തിലേക്കും, ദൂരേ പറന്നു പോയ കാക്കകൾ കാക്കാത്തിരുത്തിലേക്കും മടങ്ങും.
ആ സമയം മീൻപിടുത്തക്കാരുടെയും കാലമാണ്, കരിമീനും, കണ്ണനും, ( വരാൽ ) തുടങ്ങിയ അനവധി കായൽ മീനുകളുടെ കൊയ്ത്തുകാലം.
പിന്നെ കായലിൻ്റെ സൗന്ദര്യത്തിൻ്റെ മറ്റൊരു കാലം ഞാറുതെളിഞ്ഞ പച്ചപ്പാടം അതിരാവിലെ കുങ്കുമ സൂര്യനുദിക്കുമ്പോൾ കണ്ടാൽ സ്വർഗ്ഗത്തിലാണെന്നു തോന്നും നെൽചെടികളിൽ നിന്നും വേറിടാൻ മടിക്കുന്ന മഞ്ഞുപാളികൾ തുള്ളികളായ് സങ്കടമറിയിച്ച് വിട പറയുമ്പോൾ പുലരിവെയിലിൻ്റെ പൊൻകിരണങ്ങളിലവ മുത്തു പോലെ തിളങ്ങും ദൂരേ നിന്നു നോക്കുമ്പോൾ മനം മയക്കുന്ന കാഴ്ച തന്നെയാണത്, വശ്യമായതും പ്രകൃതിക്ക് മാത്രം ചായം പകരനാവുന്നതുമായ വർണ്ണ വൈവിദ്ധ്യത്തിൻ്റെ മേളനം.
വൈകുന്നേരങ്ങളിലെ ഇളം കാറ്റേററ് പുല്ലരിയുന്നവരും കളപറിക്കുന്നവരും കണ്ടത്തിൽ വെള്ളം തേവുന്നവരുടെയുമായ പാട്ടും മറ്റുമൊക്കെയായൊരു പുഞ്ചക്കാലം.
നോക്കെത്താ ദുരത്തോളം കതിരുകൾ പവിഴം ചുടി തലയാട്ടി നിൽക്കുമ്പോൾ മറ്റൊരു കൊയ്ത്തുകാലം.കൊയ്ത്തു കഴിഞ്ഞ പാടം, ഉള്ളിലുള്ളതെല്ലാം കർഷകനു നൽകി സംതൃപ്തിയിൽ ആലസ്യത്തോടെ മയങ്ങി കിടക്കുന്നതു കാണുമ്പോൾ പെറ്റൊഴിഞ്ഞ വയറുമായി സുഖചികിൽസ തേടുന്ന പ്രൗഢയായൊരു മങ്കയെപ്പോലെ തോന്നും. ഇടവപ്പാതിയിൽ ഏറ്റുമീൻപിടുത്തത്തിൻ്റെ രാത്രി വെളിച്ചവുമായി കായൽ നഷ്ട യൗവ്വനം വീണ്ടെടുക്കുമ്പോൾ അക്കരെപ്പാടത്തെ തെങ്ങുകൾ മുഴുവൻ കണ്ണാടി നോക്കുന്നത് കണ്ടറിയാം.
ലോകത്ത് എവിടെയായിരുന്നാലും തിരിച്ചു ഇങ്ങോട്ടേക്ക് മാടി വിളിച്ചു കൊണ്ട് ഞങ്ങളുടെ കായൽ പുതിയ സ്പനങ്ങൾ പകർന്നു കൊണ്ടേയിരിക്കും.
Babu Thuyyam
27/09/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo