നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മമാനസം



എന്റെ മകളെ എനിക്ക് തിരിച്ചു തരൂ ചേച്ചീ..
ചോദിക്കുന്നത് മഹാപാപമാണെന്നറിയാം
എങ്കിലും അവളെങ്കിലുമില്ലാതെ ഇനിയെങ്ങനെ ജീവിക്കും ഞാൻ ?"
കഴിഞ്ഞ നാല്പത്തൊന്നു ദിവസങ്ങളായി ഭയപ്പെട്ടിരുന്ന നിമിഷങ്ങൾ വന്നുചേർന്നിരിക്കുന്നു.ഇനിയെന്ത് ?
എന്നൊരു ചോദ്യം മാത്രം മനസ്സിൽ ബാക്കിയായിരിക്കുന്നു..
തളർന്ന ശിരസ് തിരിച്ചു ഞാൻ ജയേട്ടനെ നോക്കി..ദൂരേക്കെവിടെയോ കണ്ണ് നട്ട് എനിക്ക് പുറം തിരിഞ്ഞുള്ള നിൽപ് കണ്ടാലറിയാം ആ മനസിലെ വിങ്ങൽ.
"അമ്മേ..ഈ മഞ്ചാടിഭരണി കൂടി ന്റെ പെട്ടിയിൽ വക്കണേ."
തളത്തിൽ നിന്ന് ഒരു കുഞ്ഞുഭരണിയുമായി
മോള് കയറിവരുന്നുണ്ടായിരുന്നു.
പോകാനുള്ള ഒരുക്കമെല്ലാം കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ പിറന്നാളിന് ജയേട്ടൻ വാങ്ങിക്കൊടുത്ത പട്ടുപാവാടയും ബ്ലൗസുമാണ് വേഷം..കൂടപ്പിറപ്പ്
നഷ്ടമായതിന്റെ വേദന കണ്ണുകളിൽ ഉണ്ടെങ്കിലും പ്രസരിപ്പിനു കുറവൊന്നുമില്ല.
"മോളപ്പുറത്തേക്ക് ചെല്ല്..അമ്മ വരാം "
കാര്യത്തിന്റെ ഗൗരവം മനസിലായില്ലെങ്കിലും ഗൗരിച്ചെറിയമ്മയുടെ കണ്ണീർ കണ്ടതുകൊണ്ടാവാം അവൾ നിശബ്ദയായി പിന്തിരിഞ്ഞു നടന്നുപോയത്.
ഏഴുവർഷങ്ങൾക്കു മുൻപ് ഇവിടെവച്ചായിരുന്നു ഗൗരിയെന്ന എന്റെ അനുജത്തി ഗായത്രിയെന്ന ചേച്ചിയായ
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി നൊന്തു പ്രസവിച്ച ഇരട്ടപെൺകുഞ്ഞുങ്ങളിൽ ഒരാളെ കൈകളിലേക്ക് വച്ചുതന്നത്.
വിവാഹം കഴിഞ്ഞു പതിനാറു വർഷത്തിനിടയിൽ പതിമൂന്ന് അബോർഷനും ജീവനറ്റു പിറന്ന രണ്ടു കുഞ്ഞുങ്ങൾക്കും ശേഷം ദൈവം അനുഗ്രഹിച്ചെന്നു ആശ്വസിച്ച മൂന്നാമത്തെ കുഞ്ഞു.പക്ഷെ ആ സന്തോഷത്തിന് വെറും ഇരുപത്തി മൂന്ന് ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂ.
ആ ഞെട്ടലിൽ മനസിന്റെ പിടിവിട്ടുപോയ ചേച്ചിയ്ക്കായി അന്നവൾ ചെയ്ത ത്യാഗമാണ് ഇന്നു തിരിച്ചു ചോദിക്കുന്നത്.
കിടക്കയിലിരുന്നു പൊട്ടിക്കരയുന്ന ഗൗരിയുടെ മുഖത്തു നോക്കി എങ്ങനെ പറയും ഞാൻ..നൊന്തു പെറ്റതല്ലെങ്കിലും
എന്റെ മോളില്ലാതെ എനിക്കുമൊരു ജീവിതമില്ലെന്ന്.
"അമ്മൂട്ടി ഇനി ഇല്ലെന്നറിയാം ചേച്ചീ..
ഉണ്ണിമോളേ എങ്കിലും എനിക്ക് കാണണം മരിക്കുവോളം..ചേച്ചിയൊരുപാട് അനുഭവിച്ചതല്ലേ
ഈ വേദന.എന്നെ ശപിക്കരുതേ "
ശരിയാണ്..
തനിക്കിതൊക്കെ ശീലമായിരുന്നു ഒരുകാലത്തു.. വർഷം തോറും ഉള്ളിൽ കുരുക്കുന്ന ജീവനുകൾ പൊട്ടിയൊഴുകി മാംസക്കഷ്ണങ്ങളായി പോകുമ്പോളുള്ള വേദന ഉണ്ണിമോൾ
ജീവിതത്തിലേക്ക് വരുന്ന നാൾ വരെയും അനുഭവിച്ചതാണ്.പതിനാറ് കുഞ്ഞുങ്ങൾക്കായി കരുതിവച്ച സ്നേഹമാണ് പിന്നീടവൾക്ക് നൽകിയത്.
ആറാം വയസിൽ കൗതുകത്തോടെ കയ്യിലൊരു പാവക്കുട്ടിയുമായി എന്നോടൊപ്പം പടിയിറങ്ങിയ ഉണ്ണിമോൾക്ക്
ഇന്ന് പതിനാല് വയസായി.അന്നും
ഇന്നും പോറ്റമ്മയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവൾ
അമ്മേ എന്ന് വിളിച്ചത്..
സ്‌കൂൾ ബസിനു നേരെ പാഞ്ഞുകയറിയ ടിപ്പർ ലോറി കൊണ്ടുപോയത് നാലു കുഞ്ഞുങ്ങളുടെ ജീവിതമായിരുന്നു.
അതിലൊന്ന് അമ്മു മോളാണെന്നറിഞ്ഞ ഞെട്ടലിന്റെ നിമിഷം മുതൽ അറിയാതെ ഉള്ളു പിടഞ്ഞുകൊണ്ടേയിരുന്നു..ഈയൊരു നിമിഷം വരാതിരിക്കാൻ പ്രാർത്ഥിച്ചു..
പക്ഷെ..കൂടപ്പിറപ്പ്‌ അന്നനുവദിച്ച ഭിക്ഷ ആണിന്ന് തിരിച്ചു ചോദിക്കുന്നത്..
"മോളിപ്പോൾ വരേണ്ട..അമ്മ പോയിവന്നു കൊണ്ടുപോയ്ക്കോളാ"
ഇനിയൊന്നും പറയാൻ വയ്യ.
കണ്ണ് നിറഞ്ഞു കാഴ്ചകൾ അവ്യക്തമാകുന്നു..തൊഴു കയ്യോടെ വിങ്ങിപ്പൊട്ടുന്ന ഗൗരിയുടെ കൈകളിൽ
ഒന്ന് തൊട്ടു..അരികിൽ ചിന്താഭാരത്തോടെ തന്നെയും നോക്കിനിൽക്കുന്ന മോളെ ഒന്നുകൂടി നോക്കിയില്ല.തളർന്നു വീഴും മുൻപേ ജയേട്ടൻ കൈകളിൽ പിടിച്ചിരുന്നു.
വീണ്ടും അനാഥരായിപോയ രണ്ടു
ജന്മങ്ങൾ. കാറിനടുത്തേക്ക്
ചേർത്തുപിടിച്ചു നടത്തി ജയേട്ടൻ.
"അമ്മേ.."
വലംകൈ മോളുടെ കൈക്കുള്ളിൽ ആണ്.
തിരിഞ്ഞു നോക്കിയില്ല.അവളെയൊന്നുകൂടി
കണ്ടാലൊരുപക്ഷേ വാരിയെടുത്തു പറന്നുപോകും.ചിറകുകൾക്കുള്ളിൽ ഒളിപ്പിച്ചുപോകും അറിയാതെ..
"പരീക്ഷ സമയത്തു അമ്മ നാട്ടിൽ വരുമ്പോൾ അച്ഛനുണ്ടെങ്കിലും അമ്മ അഴിച്ചിട്ടുപോയ സാരിയും കെട്ടിപ്പിടിച്ചേ ഞാൻ ഉറങ്ങിയിട്ടുള്ളൂ..ഇപ്പോ എന്തിനാണ് അമ്മയെന്നെ ഇവിടെ ഏല്പിച്ചുപോകുന്നത്
എന്നെനിക്കറിയാം.പക്ഷെ അമ്മയില്ലാതെ എനിക്ക് എത്രദിവസം ഇവിടെ നിൽക്കാനാവും?"
പറയുന്നതിനിടയിലൂടെ തന്നെ ഏങ്ങിക്കരയുന്നുമുണ്ട്.
കണ്ണീരൊഴുകി ഒന്നും കാണാനായില്ല എനിക്ക്.ദയനീയമായി ഞാൻ ഗൗരിയെ നോക്കി.നൊന്തുപ്രസവിച്ച ഒരു മകൾ മരിച്ച ഭ്രാന്തമായ വേദനയുടെ പിടിയിൽ നിന്നും മുക്തി നേടാനുള്ള മൃതസഞ്ജീവനിയാണ്
അവൾക്കിപ്പോൾ അവളുടെ ജീവിച്ചിരിക്കുന്ന അടുത്ത മകൾ.അതറിഞ്ഞുകൊണ്ടെങ്ങനെ?
ഞാൻ പതുക്കെ മോളുടെ കൈ വിടുവിച്ചു.
ഏങ്ങലോടെ "അമ്മേ"യെന്നൊരു വിളിയായി അവളെന്റെ മാറിൽ പറ്റിച്ചേർന്നിരുന്നു അപ്പോളേക്കും.
"ഗൗരിചെറിയമ്മ ന്റമ്മയാണെന്നു എനിക്കറിയാം.എന്നാലും എന്റമ്മയില്ലാതെ ജീവിക്കാനാവില്ലെനിക്ക്.എന്റച്ഛനടുത്തില്ലാതെ ഉറങ്ങാനാവില്ലമ്മേ എനിക്ക്."
ചലിക്കാനാവാതെ നിന്ന എന്റെ മാറിൽ നിന്നും ജയേട്ടൻ മോളെ വലിച്ചെടുത്തു നെഞ്ചിൽചേർത്തു വിങ്ങിപ്പൊട്ടുന്നതു സ്വപ്നത്തിലെന്നപോലെ കണ്ടു ഞാൻ.
വലംകൈ കൊണ്ട് മോളെയും ഇടം കൈ കൊണ്ട് എന്നെയും നെഞ്ചിലേക്ക് ചേർത്ത്
അദ്ദേഹം ഗൗരിയെ നോക്കി വിതുമ്പി.
മണിക്കൂറിന്റെ വിലയുണ്ടായിരുന്നു എന്തുചെയ്യണമെന്നറിയാതെ
തളർന്നുപോയ നിമിഷങ്ങൾക്ക് .
ഗൗരി ഇറങ്ങിവരുന്നത് നിഴൽപോലെ എനിക്ക് കാണാമായിരുന്നു.
"മോളെ കൊണ്ടുപോയ്‌ക്കോളൂ ചേച്ചീ..
ഒന്ന് പ്രസവിച്ച അമ്മയുടെ സ്നേഹത്തേക്കാൾ ശക്തിയുണ്ടാവാം പതിനാറ് മക്കളെ നഷ്ട്ടപ്പെട്ട അമ്മയുടെ സ്നേഹത്തിനു.അവളെ വേദനിപ്പിച്ചു നമുക്കൊന്നും നേടേണ്ട.വല്ലപ്പോളും ചേച്ചി വരുമ്പോൾ കൂടെ കൂട്ടിയാൽ മതി.
ഞങ്ങൾ കണ്ടോളാം"..
കാറിൽ കയറും മുൻപേ ഞാനൊന്നു തിരിഞ്ഞുനോക്കി.വരാന്തയിൽ നിൽപ്പുണ്ട് എല്ലാവരും ഗൗരി,ഭർത്താവ്,'അമ്മ,അച്ഛൻ,
എല്ലാമുഖങ്ങളിലും വേദന തിങ്ങുന്നു.
പതുക്കെ തിരിഞ്ഞു നടന്നു ഞാൻ
ഗൗരിയുടെ മുന്നിലേക്കു
"മോളുടെ ടി സി യും മറ്റു പേപ്പേഴ്സും ശരിയാക്കി എത്രയും വേഗം തിരിച്ചു വരും ഞാൻ അവളെയും കൊണ്ട്.ഇനിയവൾക്ക് രണ്ടമ്മമാർ വേണം.അതാണ് അതിന്റെ ശരി."
കണ്ണീരൊഴുകുന്ന കവിൾത്തടങ്ങൾ സാരിത്തുമ്പാൽ തുടച്ചു പുഞ്ചിരിക്കാൻ വെമ്പുന്ന ഗൗരിയുടെ മുഖമായിരുന്നു കാർ നീങ്ങുമ്പോൾ എന്റെ മുന്നിൽ..
ഓരോവരികളും പ്രിയപ്പെട്ട സുധേച്ചിക്ക് സമർപ്പിക്കുന്നു..😍😍😍😍
രചന - വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot