"അച്ഛാ അമ്മയ്‌ക്കെന്താ ഹോർലിക്ക്സ് വാങ്ങിക്കൊടുക്കാത്തത്" ടി വി കണ്ടുകൊണ്ടിരിക്കുന്ന അഞ്ചു വയസ്സ് കാരൻ പുത്രന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലായില്ല.
"അതെന്തിനാടാ എനിക്കിപ്പോ ഹോർലിക്ക്സ്" അടുക്കളയിലെ പാത്രം കഴുകൽ നിർത്തി ഭാര്യയും നമ്മുടെ കൂടെകൂടി.
"അമ്മ പരസ്യം കണ്ടിട്ടില്ലേ.....അമ്മ ഹോർലിക്സ് കുടിച്ചാൽ വയറ്റിൽ വാവ ഉണ്ടാവും അപ്പൊ എനിക്ക് കളിക്കാൻ കൂട്ടാവുമല്ലോ...എനിക്ക് വാവ വേണം അമ്മെ.."
'മദേർസ് ഹോർലിക്ക്സ് ' ന്റെ ടി വി പരസ്യത്തിൽ മകൻ നടത്തിയ കണ്ടെത്തൽ കണ്ട് ഞങ്ങൾ അന്തംവിട്ടു നിന്നുപോയി.
രണ്ടുപേരും ജോലിക്കാർ,സിറ്റി ലൈഫ്,ജീവിക്കാനുള്ള നെട്ടോട്ടം ഇതിനിടയിൽ രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു.
മോന്റെ ഒറ്റപെടലുകളെകുറിച്ചു നല്ല ബോധമുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.നിർബന്ധിച്ചുകൊണ്ടിരുന്ന വീട്ടുകാരുടെ മുന്നിൽ ഇവിടുത്തെ ജീവിതത്തിരക്കുകൾ നിരത്തി വെച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
മോന്റെ മനസ്സിലെ ഒരു കുഞ്ഞി വാവയ്ക്കുള്ള ശക്തമായ ആഗ്രഹത്തിനു മുന്നിൽ ഞങ്ങൾക്ക് തീരുമാനം മാറ്റേണ്ടിവന്നു.
"അമ്മേ എനിക്ക് ആണ് വാവ വേണം കേട്ടോ...എങ്കിലേ എന്റെ കൂടെ ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ കൂടൂ". അമ്മയുടെ വയറ്റിൽ കുഞ്ഞാവ വളരുന്നുണ്ടെന്നറിഞ്ഞപ്പോ മുതൽ അവൻ അക്ഷമനായി കാത്തിരിപ്പ് തുടങ്ങി.വയറ്റിൽ കൈവെച്ച് കുഞ്ഞുവാവയുടെ ചലനങ്ങൾ അവൻ ആസ്വദിച്ചു.
ലേബർ റൂം ൽ നിന്നും കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ഞാൻ മോന്റെ മടിയിൽ വെച്ചുകൊടുത്തു.അവൻ ആഗ്രഹിച്ചത്പോലെ തന്നെ 'ആൺ വാവ'.ഇതുവരെ ഒരു സമ്മാനത്തിനും നല്കാനാവാത്ത ഒരു സന്തോഷം അവന്റെ മുഖത്തു തുളുമ്പുന്നത് കണ്ടു.
വാവയ്ക്കിപ്പോ ഒരു വയസ്സ് കഴിഞ്ഞു. കുടുംബത്തിൻറെ സന്തോഷം യഥാർത്ഥത്തിൽ പൂർണത പ്രാപിച്ചത് ഇപ്പോഴാണെന്ന് ഞങ്ങളും തിരിച്ചറിയുന്നു.
ഒരു വല്യേട്ടനെപോലെ കുഞ്ഞ
നിയനെ അവൻ പരിപാലിക്കുന്നത് കാണുമ്പോ ഞാൻ അവളോട് പറയും " ഈ ബുദ്ധി നമുക്കെന്താ നേരത്തെ തോന്നാഞ്ഞത് ദാസാ....."
നിയനെ അവൻ പരിപാലിക്കുന്നത് കാണുമ്പോ ഞാൻ അവളോട് പറയും " ഈ ബുദ്ധി നമുക്കെന്താ നേരത്തെ തോന്നാഞ്ഞത് ദാസാ....."
"ഹോർലിക്സ് കുടിക്കാൻ അതിന്റെതായ സമയമുണ്ട് വിജയാ..."
(മാതാപിതാക്കളുടെ തിരക്കിട്ട ജീവിത സാഹചര്യങ്ങളാൽ കൂടപ്പിറപ്പിന്റെ സ്നേഹം നിഷേധിക്കപ്പെട്ട പുതുതലമുറയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കുമായി സമർപ്പിക്കുന്നു)
(റിജു )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക