നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും കഥയും പിന്നെ നിങ്ങളും



നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി ഭക്ഷണം കഴിച്ച ശേഷം ഒന്ന് കിടന്ന് മയങ്ങി വന്നപ്പോഴാണ് ഒരു തട്ടും മുട്ടും ബഹളവും.. നമ്മടെ ചങ്ക്സായ മഞ്ജുവും ബീനയും ഡ്യൂട്ടി കഴിഞ്ഞ് എത്തി ഫുഡ് അടിക്കുന്ന തിന്റെ ബഹളമാണ്.. ഞാൻ കണ്ണു തുറന്നു ഫോണെടുത്ത് സമയം നോക്കി. രണ്ടു മണിയായി .മെല്ലെ എഴുന്നേറ്റ് ചെന്ന് അവരുടെ കൂടെ ചോറ് തിന്ന് തീർക്കാൻ ഒന്നു സഹായിച്ചു.. അതോടെ ഉണ്ടാരുന്ന ഉറക്കവും പോയിക്കിട്ടി.. (എന്നും ഇതൊക്കെ തന്നെ അവസ്ഥ)
ഉറക്കമോ വരുന്നില്ല, എന്നാപ്പിന്നെ രണ്ടു കഥ വായിച്ച് കളയാംന്ന് ഞാൻ കരുതി..ഞാൻ എന്റെ മുഖപുസ്തകത്തിന്റെ പച്ചവെളിച്ചം കത്തിച്ചു.. അതിന്റെ വെളിച്ചത്തിൽ എഴുത്ത് തടവാടിന്റെ മുറ്റത്ത് എത്തി ..ആരെക്കെയോ പച്ചടോർച്ചും കത്തിച്ച് തേരാ പാരാ നടക്കുന്നുണ്ട്.. ഒരെണ്ണം പോലും കണ്ട ഭാവം നടിക്കുന്നില്ല .. തറവാടിന്റെ മുകളിലെ നിലയിൽ പച്ച വെളിച്ചം കാണുന്നുണ്ട് കൊച്ചു മുതലാളിമാർ ആരെങ്കിലും ആയിരിക്കും.. നമുക്ക് ആ വശത്തേക്ക് പ്രവേശനം ഇല്ലല്ലോ.
എന്തായാലും വേണ്ടിയില്ല ഈ സമയത്താണ് ഒന്നു മനസ്സമാധാനത്തോടെ വായിക്കാൻ പറ്റുക. നല്ല എഴുത്തുകാരുടെ പ്രൊഫൈൽ ഒക്കെ നോക്കി അവരുളെ പഴയ കഥയെല്ലാം വായിക്കും.. "കുന്നോളം മോഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ " എന്നു പറയുന്നത് പോലെ ഒരുപാട് വായിച്ചാലേ ഒരു ഖണ്ഡിക എങ്കിലും എഴുതാനുള്ളത് കിട്ടൂ..ഞാൻ പതിയെ നടന്നു നോക്കി.. ഒരു മിനിറ്റ് എഗോ .. പത്ത് മിനിറ്റ് എഗോ മുപ്പത്തിയഞ്ച് മിനിറ്റ് എഗോ എന്നൊക്കെ പറഞ്ഞ് കവിതയും കഥയും താഴോട്ട് വന്നു വീഴുന്നു..
തടവാട്ട് മുറ്റത്ത് അവിടവിടെയായി കഥയും കവിതയുമൊക്കെ കൂമ്പാരം പോലെ കൂട്ടിയിട്ടിരിക്കുന്നു .പഴയതും പുതിയതുമായ കഥകളും കവിതകളും ഒക്കെ ഉണ്ട്.. ഞാൻ ഓരോരുത്തരുടെയായി എടുത്തു നോക്കി.. പഴയ രചനകളിലൂടെയൊക്കെ കണ്ണോടിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ഇത്രത്തോളം ഒക്കെ എഴുതണമെങ്കിൽ അവരെത്ര സമയമെഴുത്ത് കാണും. ആകെ മൂന്നോ നാലോ കഥയോ മറ്റോ എഴുതിയ എന്നെക്കുറിച്ച് ഞാൻ ഓർത്തു ..
ജോലിയും എഴുത്തും കൂടി വന്നപ്പോ തിരക്കായി ഞാൻ മറ്റു പല കാര്യങ്ങളും മാറ്റിവച്ചു. കുളിമുറിയിൽ കുളിക്കാൻ കയറിയാൽ രണ്ട് മണിക്കൂർ കഴിഞ്ഞ് ഇറങ്ങാത്ത എന്നെ കൂട്ടുകാർ കതക് ചവിട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയിരുന്നത്.. ആ ഞാൻ ഇപ്പോ രണ്ട് മിനിറ്റ് കൊണ്ട് കുളി കഴിഞ്ഞ് ഇറങ്ങുന്നു.. കൂട്ടുകാർ അന്തം വിട്ട് മൂക്കത്ത് വിരൽ വയ്ക്കുന്നു .. പണ്ട് നാലു നേരവും വല്ലതും വച്ചുണ്ടാക്കി കഴിച്ചിരുന്ന ഞാൻ, കുബ്ബൂസ് എന്ന് കേട്ടാൽ ഇഷ്ടമില്ലാതിരുന്ന ഞാൻ ഇപ്പോ ഒരു റിയാലിന് കുബ്ബൂസ് വങ്ങി എന്തേലും ഒരു കറിയും വച്ച് ഒരാഴ്ച്ച കഴിക്കുന്നു .. അറുപത് കിലോ തൂക്കമുണ്ടായിരുന്ന ഞാൻ അഞ്ച് കിലോ കൂടി കുറഞ്ഞു.ചില സമയം പല്ലു തേക്കാൻ പോലും മറക്കുന്നുണ്ടോന്നൊരു സംശയം..
ഹൊ!!! നാലും മൂന്നേഴ് കഥ എഴുതിയ എനിക്ക് ഇത്ര തിരക്കാണെങ്കിൻ വല്യ വല്യ എഴുത്തുകാരുടെ കാര്യം പറയാനുണ്ടോ? അവർക്ക് തീരെ സമയമുണ്ടാവില്ല.. അങ്ങനാണ് എനിക്കൊരു കാര്യം പിടികിട്ടിയത്.. വല്യ വല്യ എഴുത്ത്കാർക്ക് താടിയുണ്ട്.. എന്താ കാര്യം . അവർക്ക് താടിവടിക്കാൻ പോലും തീരെ സമയം കിട്ടില്ല. സ്ത്രീകൾക്കും താടിയുണ്ടായിരുന്നെങ്കിൽ ഈ ചിന്തിച്ച് കൂട്ടുന്നത് വച്ചത് നോക്കിയാൽ എനിക്കിപ്പോ മുട്ടുവരെ താടി വളർന്നേനെ .. ഇങ്ങനൊക്കെ ചിന്തിച്ച് ഞാനവിടെ കുത്തിയിരുന്നു .. ഇനി സമാധാനത്തോടെ ഓരോന്ന് വായിക്കണം..
പ്ധും..
''അയ്യോ'' പെട്ടന്നാണ് എന്റെ തലയിൽ വന്ന് എന്തോ വീണത്.. ഞാൻ മുളിലോട്ട് നോക്കി .തറവാട്ട് മുറ്റത്തെ തെങ്ങിൽ നിന്നും തേങ്ങ വല്ലതും വീണതാണോ? ഏയ് അല്ല .. തേങ്ങയാണെങ്കിൽ എനിക്ക് പണ്ടേ ഇല്ലാത്ത ഇപ്പോ ശലകം ഉള്ള എന്റെ ബോധം പോയിക്കിട്ടിയേനെ.. ഞാൻ താഴെ നോക്കിയപ്പോൾ ദാണ്ടെ കിടക്കുന്നു "ജസ്റ്റ് നൗ" ന്ന് പറഞ്ഞിട്ട് ഒരു കവിത .. ആ കവിത എന്റെ തലയിൽ വന്ന് വീണപ്പോൾ അതിലെ രണ്ട് കടിച്ചാൽ പൊട്ടാത്ത കല്ലു പോലത്തെ രണ്ടു വാക്കുകൾ എന്റെ തലയിലിടിച്ചതാണ്.. ഞാൻ മുകളിലേക്ക് നോക്കി. എന്നാലും എന്റെ കൊച്ചു മുതലാളി എന്നോടിത് വേണമായിരുന്നോ?
ഞാനാ കവിത പതുക്കെ വായിച്ചു നോക്കി.. ആദ്യത്തെ നാലുവരി വളരെ മനോഹരം.. അടുത്ത നാലുവരിയിൽ കടിച്ചാപൊട്ടാത്ത വാക്കുകൾ ഉള്ളത് കൊണ്ട് എനിക്ക് തീരെ മനസിലായില്ല.. അല്ലേലും നമ്മള് പണ്ടേ സാഹിത്യത്തിൽ ഭയങ്കര വീക്കാ.. ബാക്കി ഭാഗം ഏറെക്കുറെ മനസിലായി.. ഒരാവേശത്തിന് കേറി ലൈക്കിപ്പോയി.. ഇനി എന്നാ കമന്റിടും. പകുതി മനസിലായില്ല.. അല്ല ഈ കവിമാരൊക്കെ കവിത എഴുതുമ്പോ വിവരമുള്ളവർക്ക് മാത്രം വായിക്കാനാണോ എഴുതുന്നത് .. എന്നെപ്പോലുള്ള വിവര ദോഷികൾക്കും വായിക്കണ്ടായോ.. അപ്പോ പിന്നെ ആ കടിച്ചാൽ പൊട്ടാത്ത വാക്കിന്റെ അർത്ഥം കൂടി കവിതയുടെ അവസാനം ഒന്നു എഴുതി ചേർത്താൽ എന്താ.. ഒന്നോർത്താ ആ വാക്കിന്റെ അർത്ഥം കണ്ടു പിടിച്ച് മനസിലാക്കുന്നതിലും ഉണ്ട് ഒരു രസം..
എന്തായാലും ശരി ലൈക്കിയ സ്ഥിതിക്ക് കമന്റിടാതെ പറ്റില്ല.. ഞാനൊരാശ്രയത്തിന് ചുറ്റും നോക്കി.. ഒരാളെങ്കിലും വന്ന് കമന്റിട്ടിരുന്നെങ്കിൽ അത് നോക്കിയെങ്കിലും .. എന്തിന് ഇതെന്റെ തലയിൽ തള്ളിയിട്ട കൊച്ചുമുതലാളി ക്കെങ്കിലും? എവിടുന്ന് ഒരുത്തരും വരുന്നില്ല. രണ്ടും കല്പിച്ച് "മനോഹരം " എന്നങ്ങട് വച്ച് കാച്ചി ആ കവിത എടുത്ത് മാറ്റിവച്ചു.
അടുത്തത് ഒരു കഥയാണ് വായിച്ചത്. വായിച്ചപ്പോഴേക്കും എന്താണൊരു കമന്റിടുക .. വായിച്ചവരെയൊക്കെ നോക്കി.. അത്യാവശ്യം ലൈക്കും കമന്റുമുണ്ട്.. അതിൽ മൂന്ന് നല്ലെഴുത്ത് ,നാല് അടിപൊളി, രണ്ട് കിടു ,അഞ്ച് ഇഷ്ടം ,ഒരു ഗുഡ് ഇത്രയും കണ്ടു.കമന്റിന് നീളമില്ലാത്തത് കൊണ്ടും എല്ലാവരുടേയും കമൻറും കണ്ട ഞാൻ കൂട്ടത്തിൽ എറ്റവും കുറവായ "കിടു "എന്ന കമന്റും കൊടുത്തു ആ കഥയും മാറ്റി വച്ചു..
പിന്നീട് വായിച്ച കഥകളിൽ പലതും മനോഹരവും കാവ്യാത്മകവും കാമ്പും ഉള്ളതൊക്കെ ആയിരുന്നെങ്കിലും സാമാന്യം ഭേദപ്പെട്ട കമൻറും ലൈക്കും കിട്ടിയിട്ടും പോസ്റ്റുമുതലാളി ഒരു മറുപടിയും കൊടുക്കാതെ മോക്ഷം കിട്ടാതെ ആ കഥകളൊക്കെയും അനാഥ പ്രേതം പോലെ കിടക്കുന്നു .. ചിലരോ ചത്താലും തന്റെ കഥയില്ലാതെ മറ്റൊരു കഥയും വായിക്കില്ലെന്ന വാശിയുള്ളത് പോലെ .. ചില കഥകൾ ആദ്യം മുതൽ അവസാനം വരെ വായിച്ചാൽ, ആരോ കഥയിൽ പറഞ്ഞ പോലെ അവാസാനം തിരിച്ച് പോരാൻ ഓട്ടോ വിളിക്കേണ്ടി വരും എന്നു തോന്നിയപ്പോൾ അത് നിർത്തിവച്ചു.
അപ്പോഴാണ് ഗ്രൂപ്പ് മികച്ച എഴുത്തുകാരെ അനുമോദിച്ചു കൊണ്ടുള്ള പോസ്റ്റ് ഞാൻ കണ്ടത്.. അഭിനന്ദനങ്ങൾ എന്ന കമൻറ് കോപ്പി ചെയ്യാൻ ഒരാളുടെ കമൻറിൽ തൊട്ടപ്പോഴാണ് പടക്കം പൊട്ടിച്ചും ബലൂൺ പറപ്പിച്ചും സൂക്കർ സായിപ്പ് ഞെട്ടിച്ചത് .. തൊട്ടു മുകളിൽ കൂട്ടുകാരിയുടെ കമൻറ് ..അത് സൂത്രത്തിൽ മോഷ്ടിച്ച് പേസ്റ്റ് ചെയ്തു വച്ചു.. അപ്പോഴാണ് കാണുന്നത് എന്റെയും കൂട്ടുകാരിയുടെയും അഭിനന്ദനങ്ങൾമാത്രം ചുവന്ന് തുടുത്തിട്ടില്ല .. കാരണം ആ അഭിനന്ദനങ്ങളിൽ ഒരു "ന " കുറവ്. എന്തേലും എഴുതുമ്പോ ഇവൾക്കൊക്കെ തെറ്റില്ലാതെ എഴുതിയാൽ എന്താ.. എന്നെപ്പോലെ കമന്റ് കോപ്പിയടിക്കുന്ന പാവങ്ങൾ എന്തു ചെയ്യും.ഹല്ല പിന്നെ .
ചില കവിതകൾ വായിച്ചപ്പോൾ അതിൽ അലിഞ്ഞു ചേർന്നു പോകുന്നതായി തോന്നി എനിക്ക് .. പ്രണയത്തിന്റെ തീവ്രതയും, അമ്മയുടെ സ്നേഹവും, മഴയുടെ കുളിരും ഒക്കെ അനുഭവിച്ചറിയാൻ കഴിയുന്ന ലളിതവും സുന്ദരവും മനോഹരവുമായ കവിതകൾ.ചില ചില കഥകൾ വായിക്കുമ്പോഴും ഈയൊരു അനുഭൂതി തന്നെ ലഭിച്ചു. ചിലരാകട്ടെ കത്രീന കൊടുങ്കാറ്റ് പോലെയാണ് വരുന്നത് സകല ലൈക്കും കമൻറും തൂത്തുവാരിക്കൊണ്ടങ്ങ് പോകും.. അത് അത്ര മികച്ച രചനയായിരിക്കും..
ചില കഥകളിലെ കമന്റ് വായിച്ചപ്പോൾ അതാണ് ഏറെ രസകരമായി തോന്നിയത്..
വായനക്കാരൻ പോസ്റ്റ് വായിച്ച് കമന്റിട്ടതോ പോസ്റ്റുമുതലാളിയെ സന്തോഷിപ്പിക്കാൻ കമന്റിട്ടതോ എന്ന് തോന്നിപ്പോകും.. അത്യാവശ്യം ഹാസ്യത്തിന് ഇട നല്കുന്ന കഥയൊക്കെ വായിച്ചു.. "ചിരിച്ചു മരിച്ചു. പിന്നേം അവിടെ പോയിരുന്നു ആലോചിച്ചു ചിരിച്ചു.. ചിരിച്ചു മണ്ണുകപ്പി "എന്നൊക്കെ എഴുതിയത് വായിക്കുമ്പോഴാണ് കൂടുതൽ ചിരി വരിക.. പിന്നെ ഭാവന പലർക്കും പല രീതിയിലാണല്ലോ.. അതോണ്ട് സഹിക്കുക തന്നെ..
പിന്നെ ഞാൻ നോക്കിയത് ഏറ്റവും നിലവാരമുള്ള മികച്ച രചനകളാണ്. സാഹിത്യവും കാവ്യാത്മകവുമായ പല രചനകളും അതർഹിക്കുന്ന ലൈക്കോ കമന്റ്സോ ഒന്നും കിട്ടിയിട്ടില്ല .. അങ്ങനെയുള്ള രചനകൾ പലരും വിളിച്ച് കാണിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു .. ഞാനും വായിച്ചു നോക്കി പലതും.. എന്ത് കമന്റ് ചെയ്യും എന്നറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി.. ചില കഥകൾ തൊട്ടു തൊഴുത് ഞാൻ മാറ്റിവച്ചു കാരണം അതിലൊന്നും കമന്റിടാനുള്ള അർഹത എനിക്ക് ഉണ്ടെന്ന് തോന്നിയില്ല .. എനിക്ക് അസൂയ തോന്നി ആ രചനകളോട്.. ഓക്കുമരവും കുരുവികളും ഒരു കവിതയുടെ അനുഭൂതി തന്നപ്പോൾ , ഒരു പിടി മുല്ലപ്പൂക്കൾ ഒരിക്കലും മായാത്ത വിധം അവയുടെ സൗരഭ്യം പൊഴിച്ചു നിന്നു..
മേഘങ്ങളിലാത്ത താരനിബിഡമായ ആകാശത്ത് ഒരു വെള്ളിത്തളിക പോലെ പൂർണ്ണചന്ദ്രൻ ,പാൽ പോലെ തിളങ്ങുന്ന വെള്ളി വെളിച്ചം തൂകി കൊതിപ്പിച്ചപ്പോൾ.. കാപ്പിപ്പൊടി നിറത്തിലുള്ള ഒരു പാൻസും, ഇസ്തിരിയിട്ട് ചുളിവ് മാറ്റിയ ഇളം ചന്ദന നിറത്തിലുള്ളൊരു ഷർട്ടും ധരിച്ച ഒരു പതിനേഴുകാരൻ ഒരു അത്ഭുതമായി മനസിൽ തങ്ങി നിന്നു..
കഥകൾ വായിക്കവേയാണ് എനിക്ക് വീണ്ടും എന്നെക്കുറിച്ച് ഓർമ്മ വന്നത്.. ഇങ്ങനൊക്കെയുള്ള കഥകൾ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ ക്വൊട്ടേഷൻ കൊടുക്കാൻ തോന്നുന്നത്. ഒരു നിമഷം തറവാട്ട് മുറ്റത്തെ കിണറ്റിൽ ചാടിയാലോ എന്ന് ഞാൻ ആലോചിച്ചു. മാക്രിയെ പേടിയുള്ളത് കൊണ്ടും, കുളിക്കുന്ന ദിവസം ഇന്നല്ലാത്തതുകൊണ്ടും, പിന്നെ തിരിച്ച് കേറുന്ന കാര്യവും കൂടി ഓർത്തപ്പോൾ ഞാനാ ഉദ്യമം വേണ്ടാന്നു വച്ചു.
അങ്ങനെ നിൽക്കുമ്പോഴാണ് എന്റെ ടോർച്ച് വെട്ടം കണ്ടാവാം ഒരു വിദ്വാൻ ഓടി വരുന്നു.ഇൻബോക്സിലേക്ക് ..
ഹായ്..
ഹലോ
മിണ്ടൂല്ലേ? ജാഡയാണോ..?
ഞാൻ ചോദിച്ചു
എന്താ കാര്യം??
വിദ്വാൻ :"ഒന്നു പരിചയപ്പെടാൻ. എനിക്ക് തന്റെ പേര് ഇഷ്ടായി.. തന്നെയും " (പിന്നേ ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ വേണം ഇഷ്ടം പറയാൻ)
പിന്നെയും എന്തൊക്കെയോ ആ വിദ്വാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു '"ചേട്ടൻ വിചാരിക്കുന്ന പോലെ പെണ്ണ് അല്ല ഞാൻ ആണാണ്. അല്ലെങ്കിൽ ഈ നേരത്ത് ഇവിടെ വന്ന് കുത്തിയിരിക്കുമോ?വെറുതെ ചേട്ടനെ പറ്റിക്കാൻ പറ്റില്ല.. പിന്നെ പരിചയപ്പെട്ടിട്ടും കാര്യമില്ല "എന്ന് ഞാൻ പറഞ്ഞു.. "(ഇങ്ങനെ പറ്റിക്കാൻ നല്ല രസാണ് )
"നിനക്കൊന്നും നാണമില്ലേടാ പെണ്ണുങ്ങളുടെ പേരിൽ ഐഡിയും വച്ച് നടക്കാൻ .. ആണുങ്ങൾടെ പേര് ചീത്തയാക്കാൻ ഇങ്ങനെ ഓരോന്ന് ഇറങ്ങിക്കോളും " എന്നും എന്നെ നാലു ചീത്ത വേറെയും വിളിച്ചിട്ട് ആ വിദ്വാൻ എന്നെ ബ്ലോക്ക് ചെയ്ത് പോയി .. ഈ പുരുഷ കേസരിയുടെ ആൺ വർഗ്ഗത്തോടുള്ള സ്നേഹം കണ്ട് ഞാൻ അന്തം വിട്ടു..
പിന്നെ കണ്ടു പലരുടെയും കോമഡി കഥകൾ പ്രണയ കഥകൾ.. അതിനൊക്കെ തന്നെയാണ് കൂടുതലും വായനക്കാർ. ചിരിക്കാനും പ്രണയിക്കാനും ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം. പല കഥകളും കവിതകളും അനുഭങ്ങളിൽ നിന്നും നിരീക്ഷണങ്ങളിലും നിന്നും പിറവിയെടുത്തതു കൊണ്ട് അതൊക്കെ ഒരിക്കലും മറക്കാനാവാത്ത വിധം മനസിൽ തങ്ങി നിന്നു. എന്നാൽ അതിനൊന്നും അർഹിക്കാത്ത അംഗീകാരം കിട്ടാത്തത് എന്നെ ഏറെ വിഷമിപ്പിച്ചു ..
അപ്പോഴാണ് എന്റെ കഥകളെ കുറിച്ച് അഭിപ്രായം കൂട്ടുകാരനെ ഞാൻ ഓർത്തത്. "എന്റെ കഥകൾ എങ്ങിനെ കൊള്ളാമോ?" എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയാണ്.
" ചിത്രദീപ എന്ന ബ്രാന്റഡ്‌ പേരും, സുന്ദരിയായ ഒരു പെണ്ണിന്റെ ഫോട്ടോയും വച്ച് എന്തേലും വാരി വലിച്ച് എഴുതിയാൽ ആയിരം ലൈക്കും കിട്ടും "എന്ന്.
ആ പറഞ്ഞതിൽ ഒരു സത്യമുണ്ടെന്ന് എനിക്ക് മനസിലായി...എന്നോട് തന്നെ എനിക്ക് ഒരു ലോഡ് പുച്ഛം തോന്നി..
എന്തായാലും വേണ്ടിയില്ല.. പിന്നെ എല്ലാ കഥയും കവിതയും വായിച്ച് എന്നാലാവുന്ന വിധം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു .. വീണ്ടും ദേ .എന്തെക്കെയോ തലയിൽ വന്നു വീഴുന്നു .. കഥയോ കവിതയോ അതറിയില്ല .. ബോധം പോവുന്നതിന് മുമ്പ് അവിടെ നിന്ന് ഞാൻ സ്ഥലം കാലിയാക്കി..
എഴുതുന്നതിനെക്കാൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. നാളെ എഴുത്ത് നിർത്തേണ്ടി വന്നാലും ഒരു വായനക്കാരിയായി ഞാൻ എന്നും നിങ്ങളുടെ ഒപ്പമുണ്ടാകും.. എഴുതുന്നതിനോടൊപ്പം തന്നെ നിങ്ങളും നല്ല വായനക്കാരാവുക.. മറ്റുള്ളവർ എഴുതുന്നത് കഥയോ കവിതയോ ആവട്ടെ.. വായിച്ച് ആത്മാർത്ഥമായി അഭിപ്രായം പറയുക.. നിങ്ങളുടെ ഒരു വാക്ക്... അതൊരു വലിയ പ്രചോദനമാണ് എല്ലാ എഴുത്തുകാർക്കും .. നൂറ് ലൈക്ക് കിട്ടുന്നതിനേക്കാൾ പത്ത് പേർ വായിച്ച് നല്ല അഭിപ്രായം പറഞ്ഞാൽ അതാണ് ഒരു എഴുത്തുകാരൻ / എഴുത്തുകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.
ചിത്രദീപ ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot