Slider

ദേശാടനം

0


"മോനെ കാണാൻ അച്ഛനെപ്പോഴാ വരിക."!!!
അല്പം സങ്കടത്തോടെയാണെങ്കിലും മക്കളുടെ കുഞ്ഞുപരിഭവങ്ങളോടെയുള്ള വർത്തമാനങ്ങൾ കേൾക്കാൻ
ഏതൊരു അച്ഛനും ആഗ്രഹിക്കുന്നുണ്ട്
കടലിനക്കരെ നിന്നും...
മകനെ തോളിലിരുത്തി തൊടിയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചു നടന്നകന്നതും.
ഇരുചക്ര വാഹനത്തിനു മുന്നിലിരുന്നു വിശാലമായ ലോകത്തെ ആദ്യമായി
വീക്ഷിക്കുന്ന മകൻ കൗതുകമായി അച്ഛന്റെ മുഖത്തുനോക്കുന്നതും സ്നേഹപ്പരപ്പിന്റെ ആഴങ്ങളിൽ പതിഞ്ഞുകിടക്കുന്നുണ്ട്
ഹൃദയസ്പർശിയായ ഓർമ്മകളുമായി....
"പ്രവാസിയായ അച്ഛനെന്നുപറയുവാൻ കുഞ്ഞുനാളിൽ മക്കൾക്ക് എന്ത് ഉത്സാഹമായിരുന്നു...
മുതിർന്നപ്പോൾ പ്രവാസത്തിൽ പ്രയാസപ്പെടുന്ന അച്ഛനെന്നു മക്കൾക്ക് അറിയാമെങ്കിലും പുറത്തുകാട്ടാറില്ല .
അല്ലെ ദാമു..."
"എന്താ ആശാനെ ഇപ്പോൾ
ഇങ്ങനെയൊക്കെ തോന്നാൻ."
"മക്കളെ തണൽമരമായി ആഗ്രഹിക്കുന്ന മനസ്സാണ് നമ്മളിൽ പലരുടെയും.
ആരെയും കുറ്റംപറയുവാൻ കഴിയില്ല.
ശിഖരങ്ങൾക്ക് എന്നുവരെ ബലമുണ്ടോ അന്നുവരെ ബന്ധങ്ങൾക്ക്‌ തണലും ബലവുമായി പ്രയത്നിക്കുന്ന പ്രവാസികൾ ആഗ്രഹിച്ചു പോകുന്നുണ്ട്‌ തളരുമ്പോൾ താങ്ങാവുന്ന മക്കളെ."...
"വളരെ ശരിയാണ് ആശാനെ,
നമ്മൾ കൊണ്ട വെയിലും മഴയുമാണല്ലോ വിത്തുകൾ മുളപൊട്ടി വളരാൻ പ്രാപ്തരാക്കുന്നത്.നാളെ അവരും വന്മരമായിമാറിയേക്കാം നമുക്ക്
തണലായി."
"അപ്പോഴേയ്‌ക്കും കാതലില്ലാത്ത
മരമായി മാറിയിരിക്കും
പ്രവാസികളായ നമ്മൾ.
ബന്ധങ്ങളിൽ നിന്നും അറുത്തു
മാറ്റപ്പെട്ട പാഴ്‌മരമായി".
...മനസ്സിന് മുറിവേൽപ്പിക്കാൻ പ്രവാസികൾക്ക്‌ നൂറുകാരണങ്ങൾ
ഉണ്ടാറാകുണ്ട്.മക്കൾ തന്നെ വേദനയായിമാറുമ്പോഴോ...?
"ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചാണ്
മക്കളെ എല്ലാവരും വളത്താറ്.എന്റെ മകനിലും ഒരുപാട് സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നു.അവന്റെ ഓരോ വളർച്ചയിലും അഭിമാനം കൊണ്ടു.ഓരോ ആവശ്യങ്ങൾ പറയുമ്പോഴും അനാവശ്യമായി എനിക്ക് തോന്നിയിരുന്നില്ല...
പത്താം തരം നല്ല മാർക്കോടെ പാസായപ്പോൾ മകൻ ആവശ്യപ്പെട്ടത് സൈക്കിളായിരുന്നു.മോന്റെ
ആവശ്യം സന്തോഷത്തോടെ നിറവേറ്റി...
പന്ത്രണ്ടാം തരം പാസ്സായപ്പോൾ
മൊബൈൽ ഫോൺ വേണമെന്നായിരുന്നു.
പണ്ടത്തെ കാലമല്ല മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റി പ്രോത്സാഹിപ്പിക്കുമ്പോഴേ ഉയരങ്ങളിലേക്ക്‌ എത്തുകയുള്ളു.
സന്തോഷത്തോടെ അതും സാധിച്ചുകൊടുത്തു.
മക്കൾ അച്ഛനേക്കാളും ഉയരങ്ങളിൽ എത്തണം എന്നതാണ് ഏതൊരു അച്ഛന്റെയും ആഗ്രഹം, എത്രവേണോ കഷ്ടപ്പെടാനും തയ്യാറായിരുന്നു.
എഞ്ചിനീയർ പഠനം അവൻതന്നെ തിരഞ്ഞെടുത്തു.അതിനുള്ള കഴിവ് മകനുണ്ട്...
മക്കളിൽ രക്ഷകർത്താക്കളായി അടിച്ചൊന്നും ഏൽപ്പിക്കരുതെന്നു ആഗ്രഹിക്കുന്ന അച്ഛന്മാരിൽ ഒരാളായിരുന്നു ഞാൻ.
മകന്റെ ഇഷ്ടം എന്താണോ അതായിരുന്നു
നമ്മുടെ ഇഷ്ടവും...
ജീവിതത്തിൽ തോറ്റുപോയൊരു
അച്ഛന്റെ അവസ്ഥ എങ്ങനെയാകുമെന്നു
ദാമുവിനറിയുമോ.അതെന്റെ ജീവിതമാണ്...
എന്റെ അച്ഛൻ നടന്ന വഴിയിലൂടെയാണ്
ഞാൻ നടന്നത്.കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ. അച്ഛന്റെ പാദം നഗ്നമായിരുന്നു.എന്റെ കുഞ്ഞുപാദങ്ങൾ അച്ഛന്റെ പാദത്തിനു മുകളിലും..
അച്ഛന് വേദനിച്ചിരുന്നില്ല.
വേദനമുഴുവൻ എന്റെ
മനസ്സിനായിരുന്നു...
എന്റെ മകനും ഞാൻ നടന്നകന്ന
പാതയാണ് കാട്ടികൊടുത്തത്.സഞ്ചാരം സുഗമമായിരുന്നതുകൊണ്ടാകാം.
ആ പാതയിലെ രക്തക്കറകൾ അവൻ കാണാൻ ശ്രമിച്ചിരുന്നില്ല...
ആവശ്യങ്ങൾക്കുമാത്രം അച്ഛനെ സമീപിച്ചിരുന്ന മകൻ.എടി എം
പോലെ ഉപയോഗിച്ചു...
ഇന്നവൻ എഞ്ചിനീയറാണ്‌.
എങ്ങനെയായി എന്ന് ഒരിക്കലും ചിന്തിക്കുന്നുണ്ടാകില്ല..."
"അതെ ആശാനെ,വന്നവഴി
മറക്കുന്ന മക്കളാണിപ്പോഴുള്ളത്."
"മക്കളുടെ ആവശ്യങ്ങൾക്കു
വേണ്ടി ജീവിതം ഉഴുതുവെച്ച പ്രവാസിയായൊരു അച്ഛൻ...
ആവശ്യങ്ങളെല്ലാം ഒരു മൂളലിലൂടെ
സാധിച്ചു കൊടുത്ത അച്ഛന്റെ
അവസ്ഥ എങ്ങനെയായി തീരും...
അച്ഛാ ലാപ്ടോപ് അത്യാവശ്യമാണ്‌...
അച്ഛാ എനിക്ക് ബൈക്ക് വേണം...‌
അച്ഛാ ഫീസ്സ്‌ അടയ്‌ക്കാൻ സമയമായി...
അച്ഛാ ഷൂ വേണം,പൈസ അയച്ചു
തന്നാൽ മതി.സെലക്ഷനൊന്നും
അച്ഛനറിയില്ല ഇവിടെനിന്നു വാങ്ങിക്കൊള്ളാം...
അച്ഛാ ആദ്യവർഷ സ്റ്റഡി ടൂർപോകുന്നു.ബാംഗ്ളൂർ ഗോവ
പോയില്ലെങ്കിൽ ഇന്റേർണൽ മാർക്കുകുറയ്ക്കും...
അച്ഛാ എന്റെ കൈയിലെ ഫോൺ
ഓൾഡ് മോഡലാണ്.പുതിയ
മോഡൽ വാങ്ങണം..
അച്ഛാ ഇനി അമ്മയുടെ അക്കൗണ്ടിൽ
എന്റെ ക്യാഷ് ഇടണ്ട.ഞാൻ പുതിയ അക്കൗണ്ട്തുടങ്ങിയിട്ടുണ്ട് അതിലുമതി...
മകന്റെ മനസ്സ് വളരുന്നില്ലെങ്കിലും
സാങ്കേതികവിദ്യ വളരുന്നതിനോടൊപ്പം ആവശ്യങ്ങളും കൂടിവന്നു...
എപ്പോഴെങ്കിലും രണ്ടുനല്ല വാക്ക് മക്കളിൽനിന്നും കേൾക്കാൻ
ആഗ്രഹിക്കാത്ത അച്ഛന്മാരുണ്ടാകില്ല...
"അച്ഛന് അവിടെ സുഖമാണോ.
എന്റെ പഠിത്തം കഴിയട്ടെ അച്ഛൻ പ്രവാസജീവിതം അവസാനിപ്പിക്കണം."
ഈ ചെറിയ വാക്കുകൾ
മതിയാകുംഇത്രയുംനാൾ
കഷ്ടപ്പെട്ടതിൽ ഒരു അർത്ഥമുള്ളപോലെ ഏതൊരു അച്ഛനും തോന്നാൻ...
മകന്റെ മനസ്സറിയുന്ന അച്ഛൻ
അവസാനആഗ്രഹവും
കേൾക്കുമെന്നറിയാം ...
അവസാനമായി അയച്ചു തന്ന
സന്ദേശം ഇങ്ങനെയായിരുന്നു.
"ഇപ്പോൾ പഴയ കാലമൊന്നുമല്ല അച്ഛാ.
നമ്മുടെ കാര്യങ്ങൾ ഇപ്പോഴേ നമ്മൾ ശ്രദ്ധിക്കണം.എന്റെ ജീവിതം ഞാൻ തന്നെ തിരഞ്ഞെടുക്കുന്നു ഇഷ്ടപ്പെട്ട പെണ്ണിനോടൊപ്പം.എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന അച്ഛന് എതിർപ്പൊന്നും കാണില്ലാന്നറിയാം.
നമ്മളെ അനുഗ്രഹിക്കണം..."
"മോൻ അച്ഛനെക്കാളും വളർന്നു.
അല്ലെ ദാമു."
"ആശാൻ സങ്കടപ്പെടാതെ."
"എനിക്ക് സങ്കടമൊന്നുമില്ലടാ.
മോൻ നന്നായി കണ്ടാൽ മതി.
ഇനിയും നാളുകൾ തള്ളേണ്ടിവരും കടങ്ങളൊക്കെ തീർക്കാൻ.സാരമില്ല,
പ്രവാസവണ്ടി ഇനിയുംഓടും തളർന്നു വീഴുന്നവരെ.നാളെ എനിക്കെന്തങ്കിലും സംഭവിച്ചാലും എന്റെ ഭാര്യ വഴിയോരത്തു കിടക്കാൻ പാടില്ലല്ലൊ.അവൾക്കുവേണ്ടി എന്തെങ്കിലുമൊക്കെ കരുതണം..."
"മരണംവരെയും വിശ്രമമില്ലാതെ പ്രാരാബ്ദ്ധങ്ങളുടെ ഭാണ്ഡക്കെട്ടു ചുമക്കാൻ നിയോഗിക്കപ്പെട്ട ജീവിതമാണ് പ്രവാസിയുടേത്.അല്ലെ ആശാനെ".
"അതേ ദാമു,
എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്നുമാത്രമേ നിങ്ങളോട് പറയാനുള്ളു.
നമ്മുടെ സങ്കടങ്ങൾ അറിയിച്ചു വേണം മക്കളെവളർത്താൻ.അങ്ങനെ വളരുന്ന മക്കൾ
നമ്മളെ സങ്കപ്പെടുത്തില്ല.
തണലായി നിഴലായി നമ്മളോടൊപ്പം എന്നുമുണ്ടാകും"....
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo